വിരുന്ന് പൂത്തകാലത്ത് കടുത്ത വേനലായിരുന്നു
എന്നിട്ടും മനസ്സില്‍ തോരാത്ത മഴയുണ്ടായിരുന്നു
അവധിക്കാലം വരുന്നത് എന്നും വലിയ ഊറ്റമായിരുന്നു. മുതിര്‍ന്നപ്പോഴുണ്ടായ വലിയ നഷ്‌ടങ്ങളിലൊന്ന് അവധിക്കാലങ്ങളില്ലാതായി എന്നതാണ്. അവധിക്കാലത്തെ അര്‍മാദങ്ങള്‍ മനസ്സിലിപ്പോഴും ആലിപ്പഴമാണ്. കളിച്ച് കളിച്ച് മതിവരാത്ത അവധിക്കാലങ്ങള്‍. മുറ്റത്തും പറമ്പിലും റോട്ടിലും നിറയെ കുട്ടികളാവും. ആര്‍പ്പുവിളിച്ച്, കലക്കിമറിച്ച്…അവധിക്കാലങ്ങളിലാണല്ലോ വിരുന്നുകള്‍ പൂക്കുക. കടുത്ത വേനലിലും മനസ്സില്‍ നിലക്കാത്ത മഴ ചാറുന്നുണ്ടാവും അപ്പോള്‍. കുടുംബ വീടുകളിലേക്ക് വിരുന്നു പോവും. കുടുംബവീടുകളില്‍ നിന്ന് വിരുന്നു വരും. ഒന്നും രണ്ടും ദിവസമൊന്നുമല്ല, ആഴ്‌ചകളും മാസങ്ങളും നീണ്ടു നില്‍ക്കുന്ന വിരുന്നു പോക്കുകളും വരവുകളും. ഉമ്മയുടെ വീട്ടിലേക്കാണ് വലിയ വിരുന്നുപോക്കുകള്‍. സ്‌കൂളടച്ച് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ ഉമ്മ കുട്ടികളെയും കൂട്ടി സീയെന്നക്കോ മങ്കരക്കോ കാത്തുനില്‍ക്കും, പൊടിപാറുന്ന റോട്ടുവക്കത്ത്. രണ്ടു ബസ്സുകളേ അന്ന് മാളിയേക്കലേക്ക് ഉണ്ടായിരുന്നുള്ളു. അവിടെയാണ് ഉമ്മയുടെ വീട്. മഴക്കാലത്ത് ചെളിപിളിയായി കിടക്കുന്ന റോഡാണ്. കടുത്ത വേനലില്‍ ചുവന്ന പൊടിക്കാറ്റാവും റോഡ്.ഉമ്മയുടെ വീട്ടിലേക്ക് പോകുന്നതിന്റെ രസം വല്ല്യുമ്മ ഹോട്ടലില്‍ നിന്നും വാങ്ങി കൊണ്ടുവന്നു തരുന്ന മുട്ടപ്പമാണ്. പിന്നെ മൂത്തമ്മമാരുടെ കുട്ടികളുടെ കൂടെയുള്ള കളികളും.
ഒരു പാട് പാടവും പറമ്പുമുണ്ടായിരുന്നു ഉമ്മയുടെ ബാപ്പാക്ക്. പാടത്തും പറമ്പിലും പണിക്കാരെ തെളിച്ച് നടക്കുന്ന ബാപ്പാക്ക് അപ്പോള്‍ ചേറിന്റെ മണമാവും. പാടത്ത് പണി നടക്കുമ്പോള്‍ പണിക്കാര്‍ക്ക് കഞ്ഞിയും കൊണ്ട് പോകുന്നവരുടെ കൂടെ ഞങ്ങള്‍ കുട്ടികളും കൂടും. നെല്ല് വിളഞ്ഞാല്‍ കിളികളെ ആട്ടാന്‍ പോകും. തപ്പുകൊട്ടി ഒച്ചയുണ്ടാക്കിയാണ് കതിരു കൊത്താനെത്തുന്ന തത്തകളെ ആട്ടിപ്പായിക്കേണ്ടത്. പറമ്പിലും പാടത്തും അങ്ങനെ നടക്കാന്‍ നല്ല രസമാണ്. കൊയ്യുന്ന കാലത്ത് ചേറില്‍ മീന്‍ പുളക്കും.പറമ്പിലെ കുളത്തിലിറങ്ങി ബാപ്പ മീന്‍ പിടിക്കും. അട്ടക്കുളമാണത്. മീനുകളേക്കാള്‍ കൂടുതല്‍ അട്ടകളുള്ള കുളം. കാലില്‍ പറ്റിക്കിടക്കുന്ന അട്ടകളെ ബാപ്പ പറിച്ചിടുന്നതു കാണാം.
പണിക്കിടയിലും ബാങ്ക് കൊടുക്കുന്നത് കേട്ടാല്‍ തോട്ടില്‍ നിന്ന് വുളുവെടുത്ത് പാറയില്‍ മുണ്ട് വിരിച്ച് നിസ്‌ക്കരിക്കും ബാപ്പ.
കൊയ്‌ത്തു കഴിഞ്ഞാല്‍ വീട്ടുമുറ്റത്തിട്ടാണ് കറ്റതല്ലുക. പണിക്കാരത്തികളുടെ തിരക്കാവും അന്ന്. വീട്ടുമുറ്റത്ത് കറ്റകള്‍ കൂട്ടിയിടും. പിന്നെ ആ വൈക്കോല്‍ കൂനയിലാവും ഞങ്ങളുടെ ഒളിച്ചുകളികള്‍.
ധാരാളം കന്നുകാലികളുണ്ടായിരുന്നു വീട്ടില്‍. പൈക്കളെ തീറ്റാന്‍ പോവുമ്പോള്‍ കുട്ടികളും അവരുടെ കൂടെ പോവും. തൊടിയില്‍ പഴുത്തു നില്‍ക്കുന്ന പാണല്‍പഴം പറിച്ച് തിന്ന് പള്ളനിറക്കും. ചോരക്കട്ടപ്പഴം തിന്ന് തൊള്ള ചോക്കും. മീന്‍കൊല്ലിക്കായ പറിച്ച് അരച്ച് തോട്ടില്‍ കലക്കി മീന്‍പിടിക്കും.
പൈക്കളെ കുളിപ്പിക്കാന്‍ കൊണ്ടുപോവുന്നത് ബാപ്പയാണ്. പള്ളിയും കഴിഞ്ഞാണ് പുഴ. പുഴയില്‍ മൂക്കുമാത്രം പുറത്തേക്കിട്ട് പൈക്കള്‍ കിടക്കും. വള്ളി പറിച്ച് ബാപ്പ പൈക്കളെ ഉരച്ച് കുളിപ്പിക്കും. ഞങ്ങളും കൂടും കുളിപ്പിക്കാന്‍. വള്ളി പറിച്ച് ഉരക്കും. പൈക്കളുടെ പുറത്ത് കടിച്ചു കിടക്കുന്ന ഉണ്ണികളെ പറിച്ചുകളയും.
മൂത്തമ്മയുടെ വീട് ഏറെ ദൂരെയല്ല. മൂത്തമ്മയുടെ വീട്ടില്‍ പോയി നില്‍ക്കുന്നതായിരുന്നു ഞങ്ങള്‍ക്കിഷ്ടം. അവിടെയാണ് കളിക്കാന്‍ കുട്ടികള്‍ ഏറെയുള്ളത്. മൂത്തമ്മയുടെ മക്കളും അവരുടെ അയലോക്കത്തെ കുട്ടികളും. എന്തു രസമായിരുന്നു.
ഞാന്‍ അന്നേ ഭയങ്കര നുണയനായിരുന്നു. വലിയ വലിയ നുണക്കഥകള്‍ മെനഞ്ഞുണ്ടാക്കി കുട്ടികളെ പൊട്ടീസാക്കും. അവരൊക്കെ വിശ്വസിക്കും. അവസാനം ഉമ്മ ഞങ്ങളെ കൊണ്ടുപോകാന്‍ വരുമ്പോഴാവും ഒക്കെ പൊളിയുക. പിന്നെ ഞാന്‍ സത്യം പറഞ്ഞാലും അവര്‍ വിശ്വസിക്കാതായി.
ഇജ്ജ് പൊയ്‌ക്കാ നൊണ പറയാതെ.. അന്റെരു ബഡായി. വിടല്‍ മൊയ്‌തു..!
ഒരു വിരുന്നുകാലത്താണ് ഞങ്ങള്‍ അമ്മായി എന്നു വിളിക്കുന്ന മൂത്തമ്മയുടെ മകള്‍ മരിച്ചത്. വയറിനുള്ളില്‍ മുഴയായിരുന്നു. വീര്‍ത്ത വയറുമായി അവള്‍ ഞങ്ങളുടെ കൂടെ കളിക്കാറുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം വേദനയേറി ആസ്‌പത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ഞങ്ങള്‍ അപ്പോഴും നല്ല കളിയിലായിരുന്നു. ഒരു കെട്ട് മരുന്നുകളുമായി അവളിപ്പോള്‍ തിരിച്ചുവരുമെന്നും പ്രതീക്ഷിച്ച് നില്‍ക്കെയാണ് ഒരു ജീപ്പില്‍ വെളുത്ത തുണി പൊതിഞ്ഞ് അവള്‍ വന്നിറങ്ങിയത്. കൊലായില്‍ ഒരു കട്ടിലില്‍ ഒന്നും മിണ്ടാതെ അവള്‍ കിടന്നു.
***
പിന്നെയുള്ള വിരുന്നുപോക്കുകള്‍ ഉപ്പയുടെ കുടുംബത്തിലേക്കാണ്. മൂത്താപ്പ പുല്ലങ്കോട് എസ്റ്റേറ്റില്‍ പണിയെടുക്കുന്ന കാലത്ത് അവരവിടെ പാടിയിലായിരുന്നു പാര്‍ത്തിരുന്നത്. അങ്ങോട്ടുപോകും. എസ്റ്റേറ്റിലേക്കു കയറിപ്പോവും അവിടെച്ചെന്നാല്‍.എസ്റ്റേറ്റില്‍ മരുന്നടിക്കാന്‍ വരുന്ന ഹെലികോപ്‌റ്റര്‍ കാണാന്‍ പോകും. ആനത്തുമ്പിയെപ്പോലെ ഹെലിക്കോപ്‌റ്റര്‍ പൊങ്ങിപ്പറക്കുന്നതും താഴ്‌ന്നിറങ്ങുന്നതും അടുത്തു നിന്നും കാണും. മഴ പെയ്യുംപോലെ ഹെലിക്കോപ്‌റ്റര്‍ മരുന്നു തെളിക്കും.
പാടിയില്‍ അടുത്ത റൂമില്‍ താമസിക്കുന്ന ഒരു കുട്ടി ആ സമയത്ത് ബള്‍ബും കുടക്കമ്പികളും ഉപയോഗിച്ച് ഒരു കൊച്ചു ഹെലിക്കോപ്‌റ്റര്‍ ഉണ്ടാക്കിയിരുന്നു. മരുന്നടിക്കാനെത്തിയ ഹെലിക്കോപ്‌റ്റര്‍ പ്രസവിച്ചപോലെ ഒരു കൊച്ചു ഹെലിക്കോപ്‌റ്റര്‍ കുട്ടി.
വല്ല്യുപ്പയും വല്ല്യുമ്മയും എങ്ങോട്ടുപോവുമ്പോഴും കൂടെ ഏതെങ്കിലും ഒരു പേരക്കുട്ടിയുണ്ടാവും. മിക്ക യാത്രയിലും വല്ല്യുമ്മയുടെ കോന്തല തൂങ്ങി ഞാനാണുണ്ടാവുക. വല്ല്യുമ്മയുടെയും വല്ല്യുപ്പയുടെയും കുടുംബവീടുകളിലേക്കാവും യാത്ര. ഒന്നോ രണ്ടോ ദിവസത്തെ വിരുന്നുകള്‍.
കോഴിയെ അറുത്ത് നെയ്‌ച്ചോറുണ്ടാക്കും. രാവിലെ പത്തിരിയും ഇറച്ചിച്ചാറുമുണ്ടാക്കും. വൈകുന്നേരം ചായക്ക് എന്തേലും പലഹാരമുണ്ടാവും.
തിരിച്ചു പോരാന്‍ നേരം അവര്‍ പറയും.
ഓനിവിടെ നിന്നോട്ടെ. രണ്ടീസം കഴിഞ്ഞിട്ട് ഓനെ അങ്ങട്ടെത്തിക്കാം.
വല്ല്യുപ്പയും വല്ല്യുമ്മയും എതിരു പറയാറില്ല.
എന്നെ പറഞ്ഞയക്കുമ്പോള്‍ മുട്ടായിക്ക് കായി തരും.
അതുകൊണ്ടെക്കെ ആവാം ഉമ്മയുടെയും ഉപ്പയുടെയും കുടുംബത്തില്‍ നിന്ന് ആരു വന്നാലും ഇപ്പോഴും എന്നെ അന്വേഷിക്കുന്നത്.
ഓനും പ്പൊ അങ്ങട്ടൊന്നും വരാണ്ടായി എന്ന് പരിഭവം പറയുന്നത്.
***
വിരുന്നു പോകുന്നതുപോലെത്തന്നെ സന്തോഷമായിരുന്നു വീട്ടിലേക്കു വിരുന്നുകാര്‍ വരുന്നതും. വിരുന്നുവരുന്ന കുട്ടികളെ കളിക്കാന്‍ ഒപ്പം കൂട്ടും. പാടത്തും പറമ്പിലും നടന്ന് എല്ലാം കാട്ടിക്കൊടുക്കും. ഞാന്‍ വരച്ചുകൂട്ടിയ ചിത്രങ്ങള്‍ കാണിക്കും. അവര്‍ക്കിഷ്ടപ്പെട്ട ചിത്രം അവര്‍ക്കു കൊടുക്കും.മാങ്ങ പറിച്ച് ഉപ്പുരുമ്മും. പറങ്കിമാങ്ങ പറിച്ച് നീരെടുത്ത് കടിച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കും.
കൂട്ടില്‍ നിന്നും വിട്ട ചെമ്പക്കന്‍ കോഴിയെ അറുക്കാന്‍ ആട്ടിപ്പിടിക്കും. അറുക്കാന്‍ പിടിച്ചു കൊടുക്കും. എല്ലാം വിരുന്നുവന്ന കുട്ടികള്‍ കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തും. നുണക്കഥകള്‍ പറഞ്ഞ് അവരെയും പൊട്ടീസാക്കും. എനിക്ക് ഭയങ്കര ബുദ്ധിയാണെന്ന് തെളിയിക്കാന്‍ കടങ്കഥകളും കുസൃതിച്ചോദ്യങ്ങളും ചോദിക്കും.
കളിച്ച് കളിച്ച് ചിരിച്ച് ചിരിച്ച്…
ഒപ്പം ചോറു തിന്നും. കോലായില്‍ നെരക്കനെ പായയിട്ടാവും കിടത്തം. എല്ലാവരും ഉറങ്ങിയാലും തീരാതെ ബഡായി പറയും.
വിരുന്നുദിനങ്ങള്‍ അവസാനിക്കുമ്പോഴേക്കും ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം കടിഞ്ഞീരിയം മലയോളം വലുതായിട്ടുണ്ടാവും. യാത്ര പറയുമ്പോള്‍ കരച്ചില്‍ വരും.
പിന്നെ കുറച്ചു ദിവസം വല്ലാത്ത മൂഡ്‌ഔട്ടാവും. കളിക്കാനും ചിരിക്കാനുമൊന്നും തോന്നില്ല.
ഫോണും ഇന്റര്‍നെറ്റുമൊന്നുമില്ലാത്ത കാലമല്ലേ.. കത്തെഴുതാനും അറിയില്ല. അടുത്ത അവധിക്കാലം വരെ കാത്തിരിക്കും. പറയാനുള്ളതെല്ലാം മനസ്സില്‍ നിറച്ചുവെച്ച്.
***
വിരുന്നു പോക്കുകളും വരവുകളും മാനുഷിക ബന്ധങ്ങളിലുണ്ടാക്കിയിരുന്ന ഊഷ്‌മളതകള്‍ എത്ര വലുതായിരുന്നു. പരസ്‌പരം അറിയാനും ഉള്‍ക്കൊള്ളാനും കുടുംബ ബന്ധങ്ങളുടെ ആഴവും അളവുമറിയാനും വിരുന്നുകള്‍ കൊണ്ട് കഴിഞ്ഞിരുന്നു. ബന്ധങ്ങളുടെ ഇഴയടുപ്പിക്കാനും വിലയറിയാനും വിരുന്നുകള്‍ സഹായിച്ചിരുന്നു. ഉള്ളതുകൊണ്ട് തൃപ്‌തിപ്പെടാനും ഉള്ളതില്‍ നിന്ന് പങ്കുവെക്കുവാനും വിരുന്നുകള്‍ പരിശീലിപ്പിച്ചിരുന്നു.പരസ്‌പരം അംഗീകരിക്കാനും ആദരിക്കാനും വിരുന്നുകള്‍ പഠിപ്പിച്ചിരുന്നു.
ഇന്ന് വിരുന്നുപോക്കുകള്‍ ഇല്ലാതായിരിക്കുന്നു. ബന്ധങ്ങളെ അറിയാനും മാനിക്കാനും നാം മറന്നിരിക്കുന്നു. കൂടിയിരിക്കാനും കൂട്ടായിത്തീരാനും ആര്‍ക്കും താല്‌പര്യമില്ല. ഒറ്റക്കിരിക്കാനും ഒറ്റക്കാവാനുമാണ് നാമിപ്പോള്‍ കൊതിക്കുന്നത്. മറ്റുള്ളവരെ ഉള്‍ക്കൊള്ളാനാവാത്ത വിധം നമ്മുടെ മനസ്സുകള്‍ ചെറുതാവുകയും വയറുകള്‍ വലുതാവുകയും ചെയ്‌തിരിക്കുന്നു. വിരുന്നു പോകുന്നതു മാത്രമല്ല ആരെങ്കിലും വിരുന്നു വരുന്നതും നമുക്കിഷ്‌ടമല്ല. വീട്ടിലേക്ക് കയറി വന്നവര്‍ തിരിച്ചു പോകും വരെ വല്ലാത്ത അസ്വസ്ഥതയാണ്. വിരുന്നുകള്‍ നമ്മിലെ സദ്‌ഗുണങ്ങളെ പുറത്തെടുക്കുകയും മാനുഷിക വികാരവിചാരങ്ങളെ ധാര്‍മികമാക്കിത്തീര്‍ക്കുകയും ചെയ്‌തിരുന്നു. ആ നന്മയുള്ള കാലം ഇനി തിരിച്ചു വരുമോ..
***
വീട്ടിലേക്ക് വിടും. അടുത്ത ബന്ധുക്കളില്‍ നിന്നാണ് കുട്ടികള്‍ ഏറെയും പീഡനത്തിനിരയാവുന്നതെന്ന തിരിച്ചറിയും നമ്മില്‍ ഭീതി പരത്തുന്നുണ്ട്. ദിനേന പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ലൈംഗികപീഡനത്തിനിരയായിക്കൊണ്ടിരിക്കുന്നുവെന്നത് രക്ഷിതാക്കള്‍ മറക്കാനും പാടില്ല. പക്ഷേ, കുട്ടികളുടെ മാനസിക വളര്‍ച്ചയെയും സര്‍ഗാത്മക ചിന്തകളെയും ഹനിക്കുന്ന വിധത്തില്‍ ഇടപെടാതിക്കാനും കഴിയേണ്ടതുണ്ട്. കുടുംബബന്ധങ്ങളുടെ വിലയും നിലയും മനസ്സിലാക്കാന്‍ കുട്ടികളെയും കൂട്ടി കുംടുംബ വീടുകള്‍ സന്ദര്‍ശിക്കാനുള്ള സമയമെങ്കിലും നാം കണ്ടെത്തേണ്ടതുണ്ട്. നിറഞ്ഞൊഴുകിയിരുന്ന പുഴയും കവിഞ്ഞു കിടന്നിരുന്ന കുളവും വറ്റിയാലും വീട്ടുമുറ്റത്ത് കടുത്ത വേനലിലും നനവു ബാക്കിയുള്ള ഒരു കിണറെങ്കിലും ഉണ്ടായിരിക്കുന്നത് വലിയ ആശ്വാസമല്ലേ..
.
പുടവ മാസിക- 2013 മെയ്
ഉള്ളം കുളിരുന്ന ഓര്‍മ്മകള്‍ .. നന്നായി മുഖ്താര്‍ജീ
ReplyDeleteനിറഞ്ഞൊഴുകിയിരുന്ന പുഴയും കവിഞ്ഞു കിടന്നിരുന്ന കുളവും വറ്റിയാലും വീട്ടുമുറ്റത്ത് കടുത്ത വേനലിലും നനവു ബാക്കിയുള്ള ഒരു കിണറെങ്കിലും ഉണ്ടായിരിക്കുന്നത് വലിയ ആശ്വാസമല്ലേ..
ReplyDeleteഓർമകളങ്ങനെയാണ് നമ്മെ ജീവിപ്പിക്കുനത് പോലും ചിലപ്പൊ അവയാണ്............
ReplyDeleteആ തോടും കാടും
ഇല്ലിക്കൂട്ടവും മാവു
വള്ളിമുല്ലപ്പൂവും മുക്കുറ്റിയും
മുറ്റത്തെ കണിക്കൊന്നയും
ഇന്നുമാപൂക്കാല ഓർമ്മയും
എന്തുനല്ല ഓര്‍മ്മകള്‍
ReplyDeleteഹൃദ്യമായ എഴുത്ത്. ഓര്‍മകളില്‍ ഒഴുകിയൊഴുകി പോവാന്‍ മനംതുടിക്കുന്നു.
ReplyDeleteഇനി ഒരിക്കൽകൂടെ കിട്ടാത്ത കുട്ടിക്കാലത്തേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയ മുഖ്താർജിക്ക് നന്ദി .
ReplyDeleteഎന്നെയും കൊണ്ട്പോയി ആ കാലഘട്ടത്തിലേക്ക് വളരെ നന്ദി
ReplyDelete