രോഗബാധിതനായി കിടപ്പിലായിരുന്ന ഭാസ്‌കരന്‍ മാഷിനെ കാണാന്‍ എസ്.ജാനകിക്കൊപ്പം പോയ അനുഭവം ഗാനനിരൂപകനായ രവി മേനോന്‍ എഴുതിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ഗാനമേളയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് തനിക്ക് ഏറ്റവും മികച്ച പാട്ടുകളെഴുതിത്തന്ന ഭാസ്‌കരന്‍ മാഷിനെ കാണണമെന്ന് ജാനകിയമ്മ ആഗ്രഹം പ്രകടിപ്പിച്ചത്. ജവഹര്‍ നഗറിലെ വീട്ടിലെത്തുമ്പോള്‍ മാഷ് ഉറങ്ങുകയാണ്. എസ്.ജാനകി കാണാന്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞ് ഭാര്യ വിളിച്ചുണര്‍ത്തിയപ്പോള്‍ മാഷിന്റെ മുഖത്തുണ്ടായിരുന്ന വിഷാദം നിറഞ്ഞ നിസ്സംഗഭാവം മറക്കാനാവില്ല ഈ ജന്മത്തില്‍. ഏതോ ഒരു സ്ത്രീ എന്ന കൗതുകം പോലുമില്ലാതെ മാഷ് ജാനകിയമ്മയെ നോക്കി കിടന്നു. പിന്നെ പതുക്കെ ചോദിച്ചു, ആരാ മനസ്സിലായില്ലല്ലോ! വിതുമ്പല്‍ അടക്കി നിര്‍ത്താനായില്ല എസ്.ജാനകിക്ക്. മാസ്റ്ററുടെ കൈകള്‍ രണ്ടും ചേര്‍ത്തു പിടിച്ച് വിതുമ്പലോടെ അവര്‍ പതുക്കെ ഉരുവിട്ടു മാസ്റ്ററേ ഇത് ഞാനാണ്... ജാനകി. മാഷുടെ നിസ്സംഗഭാവത്തിനു മാറ്റമില്ല. അദ്ദേഹം പതുക്കെ പറഞ്ഞു, ഇല്ല, മുമ്പ് കണ്ടിട്ടേയില്ല. ഗദ്ഗദമടക്കി വാതിലില്‍ ചാരിയിരുന്ന് ജാനകി പാടാന്‍ തുടങ്ങി, ഭാസ്‌കരന്‍ മാഷുടെ മനോഹരമായ ഗാനം ...