എട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം. അഞ്ചാമത്തെ നോമ്പ്. മഗ്‌രിബ് നമസ്‌കരിച്ച് ഫ്രാന്‍സിസ് റോഡിലെ ഉമര്‍ മസ്ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയതായിരുന്നു അയാള്‍. ഭക്ഷണം ഹോട്ടലിലാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. ഇങ്ങട്ട് ബരീന്നും.... ഞമ്മക്കിന്ന് പൊരീല് കൂടാം. അയാളെന്റെ കയ്യുംപിടിച്ചു നടന്നു. ഹോട്ടലീന്നാണോ എന്നും..? ങ്ഹാ...! ഇങ്ങക്ക് എന്നും പൊരീല് പോരാല്ലോ... മഗ്‌രിബിനിവ്‌ടെ വന്നാമതി. ഞാന്ണ്ടാവും... നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന് സ്തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. റമദാന്‍ തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല. കുറ്റിച്ചിറ മദ്‌റസയിലാണു ജോലി. അവിടെയാണ് താമസം. നാനൂറു രൂപയാണ് മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!? ചിത്രകലാ പഠനം, ഫീസ്, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. ദൈവം വെള്ളം സൃഷ്ടിച്ചില്ലായിരുന്നുവെങ്കില്‍...! വല്ലപ്പോഴും കിട്ടുന...
mukthar udarampoyil's blog