Oct 6, 2014

മക്കം കാണാവോ ചെറ്ക്കാ?

വീടിനടുത്തുള്ള വൃക്ഷത്തിന്റെ ഉച്ചിയില്‍ നിന്ന് ഭാവനയില്‍ മുഴുകി നില്ക്കുമ്പോള്‍ അടിയില്‍നിന്ന് സുഹ്‌റ വിളിച്ചു ചോദിക്കും: 'മക്കം കാണാവോ ചെറ്ക്കാ?' 
മജീദ് അതിനുത്തരമായി, ഉയരെ മേഘങ്ങളോടു പറ്റിച്ചേര്‍ന്നു പറക്കുന്ന പരുന്തുകളുടെ പാട്ട് എന്നു വിശ്വസിക്കുന്ന വരികള്‍ സ്വര മാധുര്യത്തോടെ ഉരുവിടും: 'മക്കം കാണാം, മദീനത്തേ പള്ളീം കാണാം'
(ബാല്യകാല സഖി/ വൈക്കം മുഹമ്മദ് ബഷീര്‍) 

ഓര്‍മ വെച്ചനാള്‍ മുതലേ മനസ്സിലുണ്ട് ആ വലിയ പെട്ടി. വല്യുപ്പ ഹജ്ജിന് പോയപ്പോള്‍ സാധനങ്ങള്‍ കൊണ്ടുപോയ പെട്ടിയാണത്രെ. പത്തായം പൊലൊന്ന്. എന്താണ് ഇത്രയധികം കൊണ്ടുപോകാനുണ്ടായിരുന്നത്. എല്ലാ കഥകളും പറഞ്ഞു തന്നിരുന്ന വല്യുപ്പ തന്റെ ഹജ്ജ് യാത്രക്കഥ മാത്രം പറഞ്ഞുതന്നില്ല. കപ്പലിലായിരുന്ന യാത്ര എന്ന് കേട്ടിട്ടുണ്ട്. ഹജ്ജിന് പോവാണെങ്കില്‍ കപ്പലില്‍ തന്നെ പോവണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. കൂട്ടുകാരോടൊപ്പം കളിക്കുമ്പോള്‍ ഞാന്‍ ഇടക്ക് കപ്പലില്‍ ഹജ്ജിന് പോവാറുണ്ടായിരുന്നു. 
കുട്ടിക്കാലത്ത് കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം ആരോ ഹജ്ജിന് പോയി വന്നപ്പോള്‍ കൊണ്ടുവന്ന 'മക്കംനോക്കി'യാണ്. ചെറിയ ക്യാമറയില്‍ നിറയെ മക്കയുടെ ചിത്രങ്ങള്‍. ക്ടും ക്ടുംന്ന് ഞെക്കിയാല്‍ മാറിമാറി വരുന്ന വിസ്മയലോകം.
തുണിയുടെ തലപ്പ് ചുരുട്ടിപ്പിടിച്ച് ഇത്തിരി തുപ്പലം തേച്ച,് കണ്ണടച്ചുപിടിച്ച് നെറ്റിയില്‍ അമര്‍ത്തിയുരസിയാല്‍ മക്കം കാണാമെന്ന് പറഞ്ഞത് മൂന്നാംക്ലാസില്‍ വെച്ച് അടുത്തിരിക്കുന്ന നിസാറാണ്. മേഘങ്ങള്‍ക്കിടയില്‍ അന്ന് മക്ക കണ്ടു, നെറ്റിയിലെ നിസ്‌കാരത്തഴമ്പോളം വലുപ്പമുള്ള ചുവപ്പടയാളത്തോളം.
മക്ക വലിയൊരു മോഹമായി മനസ്സില്‍ നിറഞ്ഞത് മദ്രസയിലെ ക്ലാസില്‍ നിന്ന് മാത്രമായിരുന്നില്ല. പുസ്തങ്ങളിലൂടെ മക്ക വീണ്ടുംവീണ്ടും വിളിച്ചു. 'മക്കയിലേക്കുള്ള പാത' വായന തുടങ്ങിയ അന്നു മുതല്‍ തീരും വരെ പലവട്ടം ഞാന്‍ മക്കത്തുപോയി, കൂടെ മുഹമ്മദ് അസദുമുണ്ടായിരുന്നു.


സഊദിയിലെ ജോലിക്കാലത്ത് റിയാദിലെ
 ഖുര്‍ത്തുബ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ വരച്ച ചിത്രം
സഊദി അറേബ്യയിലേക്കൊരു അവസരമുണ്ടെന്ന് കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ നിറഞ്ഞത് 'മക്കംനോക്കി'യിലെ ചിത്രങ്ങളാണ്. 
ഒരു റമസാനിലായിരുന്നു സഊദിയിലേക്കുള്ള യാത്ര. റമസാന്‍ പത്തിന്. റിയാദിലെ ഒരു സഊദി സ്‌കൂളിലാണ് ജോലി. ചിത്രം വര തന്നെ. ക്ലാസ് മുറിയിലും ക്ലാസിനു പുറത്തും ചുമരുമുഴുവന്‍ വരയോടുവര.
നോമ്പുകാലം കഴിയാന്‍ പോവുകയാണ്. സഊദിയിലെ ആദ്യത്തെ പെരുന്നാളാണ് വരുന്നത്. രാത്രി, പണി സമയത്താണ് മുദീറുല്‍ മക്തബ് (ഓഫീസ് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന വ്യക്തി) വന്നുപറഞ്ഞത്,  നിങ്ങള്‍ക്ക് ഇപ്രാവശ്യം ഹജ്ജ് ചെയ്യാനുള്ള സൗഭാഗ്യം ഒത്തുവന്നിട്ടുണ്ടെന്ന്. 
വല്ലാത്ത ആഹ്ലാദത്തോടെയാണ് ഞങ്ങളത് കേട്ടത്. ഉറപ്പില്ല. എന്നാലും പ്രതീക്ഷയുണ്ട്. 
നോമ്പും പെരുന്നാളും കഴിഞ്ഞു. പിന്നെ ഒരനക്കവുമില്ല. ഹജ്ജ് നടക്കുമോ.
ഒരു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും മുദീറുല്‍ മക്തബ് പറഞ്ഞു. 
കുല്ലു ഹിന്ദി റൂഹ് മക്ക..!
ഇന്ത്യക്കാരെല്ലാം ഹജ്ജിനു പോകുന്നു. 
അല്‍ഹംദുലില്ലാ.!
ഇന്ത്യക്കാരായി ഞങ്ങള്‍ അഞ്ചുപേരാണുള്ളത്. നാലുപേര്‍ കോഴിക്കോട്ടുകാരാണ്. ഞങ്ങളെ കൂടാതെ മൂന്ന് ബംഗാളികളാണ് (ബംഗ്ലാദേശുകാര്‍) അവിടെ ഉണ്ടായിരുന്നത്. അവര്‍ സ്‌കൂളിലെ ഹാരിസുമാരാണ് (കാവല്‍പണി). അവര്‍ക്ക് വല്ലാത്ത മനപ്രയാസമായി, ഞങ്ങളുടെ ഹജ്ജ് യാത്ര. വര്‍ഷങ്ങളായി അവിടെ ജോലി ചെയ്യുന്നവരാണവര്‍. അവര്‍ പരിഭവം പറഞ്ഞു. 
എന്തുചെയ്യാം. ഒന്നും നമ്മള്‍ തീരുമാനിക്കുന്നതല്ലല്ലോ. 
ഹജ്ജിനു പുറപ്പെടേണ്ട ദിവസം അടുത്തുവരികയാണ്. ഇനിയും ഒരു രൂപം വന്നിട്ടില്ല. 
ഹജ്ജിനുള്ള രേഖകളൊന്നും കയ്യില്‍ കിട്ടിയിട്ടില്ല, ഇഖാമ പോലും കിട്ടിയിട്ടില്ല. പാസ്‌പോര്‍ട്ടിന്റെ കോപ്പിയില്‍ ഒപ്പും സീലും വെച്ചുതന്നിട്ടുണ്ട്, വന്നതിന്റെ പിറ്റേ ആഴ്ച. അതും കയ്യില്‍ വെച്ചാണ് സര്‍ക്കീട്ടു മുഴുവനും. ഇതിപ്പോ പോക്ക് എങ്ങനാവുമെന്നൊരു പിടുത്തവും ഇല്ല. 
മുദീര്‍ ബഷീര്‍ യമനിയും പറയുന്നു; നിങ്ങള്‍ പോകുന്നുണ്ട്.
എങ്കില്‍ ഇനിയും ഒരുങ്ങാനുണ്ട്. ഹജ്ജിനു മാനസികമായും ശാരീരികമായും മുന്നൊരുക്കം ആവശ്യമാണ്. യാത്രക്കാവശ്യമായ സാധനങ്ങള്‍ വാങ്ങണം. ഇഹ്‌റാം വസ്ത്രം വേണം. പ്രതിരോധ കുത്തിവെപ്പെടുക്കണം.
അടുത്തുള്ള ഒരു സ്വകാര്യ ആസ്പത്രിയില്‍ പോയി കുത്തിവെപ്പെടുത്തു. കുത്തിവെപ്പെടുത്ത കാര്‍ഡും കീശയിലിട്ട് ഞങ്ങള്‍ ബത്ത്ഹയിലേക്കു പോയി. ആവശ്യമായ സാധനങ്ങള്‍ വാങ്ങി.
പിറ്റേന്ന് രാവിലെ പുറപ്പെടണം. വീട്ടിലേക്കു വിളിച്ചു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വിളിച്ചു. എല്ലാവര്‍ക്കും സന്തോഷം. ഭാഗ്യമുള്ളവന്‍, എല്ലാവരും ആശംസിച്ചു. പ്രാര്‍ഥിക്കണം, എല്ലാവരും ആവശ്യപ്പെട്ടു. 
മനസ്സില്‍ മക്ക നിറയുകയാണ്. നിറഞ്ഞൊഴുകുന്ന ജനലക്ഷങ്ങള്‍ക്കിടയില്‍ ഒരു തുള്ളിയായി ഞാനും. 
വിശാലമായ ഹറം പള്ളി. നടുക്ക് കറുത്ത കഅ്ബ. കഅ്ബക്കു ചുറ്റും ഒഴുകുന്ന പുഴ പോലെ മനുഷ്യര്‍. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്..
മുദീര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 
വേഗം ബസ്സുകള്‍ പള്ളിക്കു മുന്നിലെത്തിക്കണം. രാവിലെ സുബ്ഹി നമസ്‌കരിക്കാന്‍ ആ പള്ളിയിലെത്തണം. അവിടെ നിന്നാണ് പുറപ്പെടേണ്ടത്. 
കാര്യം പിടുത്തം കിട്ടിയത് അപ്പോഴാണ്. 
സ്‌കൂള്‍ ബസ്സിലാണ് യാത്ര. പുറത്തുനിന്നുള്ള ഒരു തട്ടിക്കൂട്ട് ഹജ്ജ് ഗ്രൂപ്പിനായുള്ള യാത്രയാണ്. പേപ്പറും രേഖകളൊന്നുമില്ലാത്ത പോക്കാണ്. 
മുദീര്‍ പറഞ്ഞ സ്ഥലത്ത് ബസ്സുകള്‍ കൊണ്ടുനിര്‍ത്തി. ഒരു ടാക്‌സി വിളിച്ച് തിരിച്ചു പോന്നു. 
രേഖകളൊന്നുമില്ലാത്ത യാത്ര നിയമവിരുദ്ധമാണ്. പോലിസ് പിടിച്ചാല്‍ ഗുലുമാലാകും. പേടിയുണ്ട്. എന്നാലും പോകുകതന്നെ. ഒറ്റക്കല്ലല്ലോ..
രാത്രി മുദീറുല്‍ മക്തബും മുദീറും വന്നു. അവര്‍ എന്നെ വിളിച്ചു. മുദീറുല്‍ മക്തബ് എന്നെ ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തി. എന്റെ തോളിലൂടെ കയ്യിട്ട് എന്നെ ചേര്‍ത്തുനിര്‍ത്തി. വളരെ വിഷമത്തോടെ അയാള്‍ പറഞ്ഞു. മുഖ്താര്‍.. മാലീസ്..
എനിക്കൊന്നും മനസ്സിലായില്ല, എന്തിനാണിയാള്‍ എന്നോട് ക്ഷമിക്കണമെന്ന് പറയുന്നത്.
അന്‍ത മാഫീ റൂഹ് മക്ക!
ഞാന്‍ തളര്‍ന്നു പോയി. കാലുകള്‍ തളരുന്നു. മനസ്സ് ഇടറുന്നു.. കണ്ണ് നിറയുന്നു. എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല..
എനിക്ക് പോകാന്‍ കഴിയില്ല. ഡ്രൈവര്‍മാര്‍ മാത്രമാണ് പോകുന്നത്. അവര്‍ക്ക് സമയവും സന്ദര്‍ഭവും ഭാഗ്യവുമൊത്തു കിട്ടിയാല്‍ ഹജ്ജു ചെയ്യാം. 
ഞാന്‍ റൂമിലേക്കു നടന്നു. കരച്ചില്‍ വരുന്നു.
ഖഫീലിനെ ഒന്നു വിളിച്ചുനോക്കിയാലോ. ഫോണില്‍ കാര്യങ്ങള്‍ എങ്ങനെ അവതരിപ്പിക്കും. ഭാഷ ഒരു പ്രശ്‌നം തന്നെയാണ്. ഞാന്‍ റിയാസ്‌ക്കയെ വിളിച്ചു. റിയാസ്‌ക്കയാണ് ഞങ്ങള്‍ക്ക് വിസയൊപ്പിച്ചു തന്നത്. റിയാസ്‌ക്കയോട് കാര്യം പറഞ്ഞു. 
റിയാസ്‌ക്ക കഫീലിനെ വിളിച്ച ശേഷം എന്നെ തിരിച്ചുവിളിച്ചു.
കഫീല്‍ പറയുന്നത്, ഡ്രൈവര്‍മാര്‍ക്ക് മാത്രമാണ് പോകാന്‍ കഴിയൂ എന്നാണ്. രേഖകളൊന്നുമില്ലാത്ത യാത്രയാണ്. മുഖ്താര്‍ വിഷമിക്കണ്ട. അടുത്ത വര്‍ഷം ഹജ്ജിനുള്ള കാര്യങ്ങള്‍ കഫീല്‍ ശരിയാക്കിത്തരും.
എന്റെ സങ്കടം തീരുന്നില്ല. 


സഊദിയിലെ ജോലിക്കാലത്ത് റിയാദിലെ
ഖുര്‍ത്തുബ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ വരച്ച ചിത്രം

ബഷീര്‍ യമനി റൂമില്‍ വന്നു. അയാള്‍ക്ക് വലിയ വിഷമമുണ്ട്. എന്നെ പറഞ്ഞ് കൊതിപ്പിച്ചത് അയാളാണ്.  
രണ്ടുമാസം കഴിഞ്ഞൊരു ഉംറക്ക് അവസരം കിട്ടി. പുണ്യനഗരിയില്‍ ആഹ്ലാദത്തിന്റെ വലിയ ആകാശം. രാത്രിയും പകലും ഹറമില്‍ ആത്മീയ ലഹരിയില്‍...
അടുത്ത ഹജ്ജിന് പോകണമെന്ന് ഉറപ്പിച്ചതായിരുന്നു. ഒരു വര്‍ഷം എത്രപെട്ടെന്നാണ് പാഞ്ഞുപോയത്. ഒരു മലയാളി ഗ്രൂപ്പില്‍ അന്വേഷിച്ചു. നാലായിരത്തഞ്ഞൂറു റിയാലു വേണം. മാസം ആയിരത്തി ഇരുന്നൂറ് റിയാലാണ് ശമ്പളം. ആഗ്രഹം മനസ്സില്‍ വെക്കുകയല്ലാതെ നിവൃത്തിയില്ല. 
ഹജ്ജിനൊരുങ്ങിയവരെല്ലാം യാത്ര തുടങ്ങിയിരിക്കുന്നു. 
പെണ്‍കുട്ടികളുടെ സ്‌കൂളില്‍ ചിത്രം വരച്ചുകൊണ്ടിരുന്നപ്പോഴാണ് മുദീര്‍ ഉസാമ വന്നത്. 
മുഖ്താര്‍, അന്‍ത മാഫീ റൂഹ് മക്ക... മുദീര്‍ ചോദിക്കുന്നു.
പോവണമെന്നുണ്ടായിരുന്നു. നടന്നില്ല.
പോവാന്‍ ആഗ്രഹമുണ്ടോ... അയാള്‍ ചോദിച്ചു
അതെന്ത് ചോദ്യമാണ്.. ഇല്ലാതെ പിന്നെ...
ഖഫീല്‍ അടുത്തുള്ള മക്തബില്‍ വിളിച്ചുപറഞ്ഞിട്ടുണ്ട്. വരൂ നമുക്ക് പോയി അന്വേഷിക്കാം. 
സന്തോഷം കുത്തിയെലിച്ചുവരുന്നു. 
1200 റിയാല്‍ അടക്കണം. രണ്ടുദിവസത്തിനുള്ളില്‍ പുറപ്പെടണം.
ഓഫീസില്‍ നിന്ന് ശമ്പളം മുന്‍കൂട്ടി വാങ്ങി പണമടച്ചു. പിന്നെ എല്ലാം സടപുടാന്നായിരുന്നു. 
മക്തബിന് കീഴില്‍ അഞ്ചാറ് ബസുകളുണ്ട്. മലയാളികള്‍ക്കും തമിഴ്‌നാട്ടുകാര്‍ക്കും ബംഗാളികള്‍ക്കും വേറെവേറെ ബസ്സുകള്‍. ഞാന്‍ സഊദികളുടെ വാഹനത്തിലായിരുന്നു. യാതൊരു രേഖയുമില്ലാതെയാണ് എന്റെ യാത്ര. എന്നെപ്പോലെ നാലഞ്ച് പേര്‍ വേറെയുമുണ്ട്. ചെക്ക് പോസ്റ്റുകളിലെത്തുമ്പോള്‍ ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങും. പൊലീസ്, വാഹനത്തില്‍ കയറി പരിശോധന നടത്തും. നടന്നു പോകുന്നവരെ പരിശോധിക്കില്ല.  ചെക്ക് പോസ്റ്റ് കടന്നാല്‍ വണ്ടി നിര്‍ത്തി അതില്‍ കയറും. യാത്ര സാഹസികമായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ...
ഇഹ്‌റാമില്‍ പ്രവേശിച്ച് മക്കയിലേക്ക്. മക്കയിലേക്ക് മൂന്നാമത്തെ യാത്രയാണ്. പക്ഷേ, ഇതിപ്പോള്‍ പരിശുദ്ധ ഹജ്ജിന്. നേരത്തെ കണ്ട മക്കയല്ല, മസ്ജിദുല്‍ ഹറാമല്ല, കഅ്ബയല്ല. എല്ലാം ആദ്യം കാണുന്നപോലെ.  
പൊടിക്കാറ്റു വീശുന്ന മരുഭൂമിയിലൂടെ ഞാന്‍ മക്ക കണ്ടു. ആ പൊടിപടലങ്ങള്‍ക്കിടയിലൂടെ അവ്യക്തമായി ഇബ്രാഹീം നബിയെ കണ്ടു. കൂടെ  ഹാജറയുണ്ട്. അവരുടെ കയ്യില്‍ കൊച്ചുഇസ്മാഈലുണ്ട്. 
സംസം നാവില്‍ വെച്ചപ്പോള്‍ കൊച്ചുഇസ്മാഈലിന്റെ കരച്ചില്‍ കേട്ടു. സഫാ മര്‍വക്കിടയിലെത്തിയപ്പോള്‍ ഹാജറയുടെ കിതപ്പും... 
പൊടിമണ്ണുപരന്ന പഴയ മക്കയിലാണ് ഞാന്‍ നടക്കുന്നതെന്ന് തോന്നി. കഅ്ബയെ തൊട്ടപ്പോള്‍ ഇബ്രാഹീമിന്റെയും ഇസ്മാഈലിന്റെയും കയ്യിലെ മണ്‍നനവ്. ഖില്ലയുടെ മറയില്ലാതെ കഅ്ബ. മിനയിലെത്തിയപ്പോള്‍ ഇസ്മാഈലിന്റെ കയ്യുപിടിച്ച് കുന്ന്കയറുന്ന ഇബ്‌റാഹീമിനെ കണ്ടു. ഒരു ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ കേട്ടു.
.

- ചന്ദ്രിക ബലിപെരുന്നാള്‍ പതിപ്പ്

   (2014 ഒക്‌ടോബര്‍ 05)


Aug 8, 2014

കച്ചവടക്കാരിയായ ഖദീജ


നി ങ്ങള്‍ ഹിറാ ഗുഹ കണ്ടിട്ടുണ്ടോ? 
നൂര്‍ പര്‍വതത്തിന്റെ മുകളിലേക്ക് കുത്തനെ കയറിയിട്ടുണ്ടോ? 
മക്കയില്‍ പോയപ്പോള്‍ നൂര്‍മല കാണാന്‍ പോയി. ഹിറ കാണേണ്ടവര്‍ക്ക് പര്‍വതം കയറാമെന്ന് പറഞ്ഞു. ഞാനും സുഹൃത്ത് അലിയും കയറാന്‍ തന്നെ നിശ്ചയിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സാഹസമായിരുന്നുവത്. മുട്ടുകാല്‍ കഴച്ചു. ശരീരം വിറച്ചു. മുകളിലേക്ക് കല്ലുവെച്ച് നിര്‍മിച്ച വഴിയില്‍ പല തവണ ഇരുന്ന് ക്ഷീണം തീര്‍ത്തു... കരുതിയിരുന്ന വെള്ളം മുഴുവന്‍ കുടിച്ചു വറ്റിച്ചു.
മുകളിലെത്തി ഹിറയിലേക്ക് നൂഴ്ന്നപ്പോള്‍ മനസ്സില്‍ മുഴുവന്‍ ഖദീജയായിരുന്നു. ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ(റ).
പ്രവാചകന്‍ വിവാഹം കഴിക്കുമ്പോള്‍ ബീവി ഖദീജാക്ക് 40 വയസ്സ്. പ്രവാചകര്‍ക്ക് 25. നാല്‍പതാം വയസ്സിലാണ് മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിക്കുന്നത്. ഹിറാ ഗുഹയില്‍ ധ്യാനത്തിലായിരിക്കെ ജിബ്‌രീലിന്റെ വരവ്. ഖുര്‍ആന്‍ അവതരണത്തിന്റെ തുടക്കം. അന്ന് ഖദീജാക്ക് 55 വയസുകാണും. 
ഹിറാ ഗുഹയിലിരിക്കുന്ന പ്രവാചകര്‍ക്ക് വെള്ളവും ഭക്ഷണവുമായി കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വീട്ടില്‍ നിന്ന് ഒട്ടകപ്പുറത്തേറി നൂര്‍ പര്‍വതത്തിന്റെ ചോട്ടിലെത്തുകയും ഒട്ടകത്തെ താഴെ നിര്‍ത്തി പര്‍വത മുകളിലേക്ക് നടന്നു കയറുകയും ചെയ്യുന്ന ഖദീജ(റ)യെ അല്ലാതെ മറ്റാരെ ഓര്‍മ വരും ആ മലകയറ്റത്തിന്റെ ക്ഷീണത്തിനിടക്ക്. 
ബീവി ഖദീജയുടെ ആ മനക്കരുത്തും സ്ഥൈര്യവും എന്നും അത്ഭുതമാണ് മനസ്സില്‍ നിറക്കാറ്. 
പെണ്‍കുട്ടികള്‍ ജനിക്കുന്നത് മാനക്കേടായി കാണുകയും അവരെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തിരുന്ന ജാഹിലിയ്യത്തില്‍ നിന്നാണ് ഖദീജ വരുന്നത്. എന്നിട്ടും അപാരമായ വ്യക്തിവിശേഷണങ്ങള്‍ കൊണ്ട് ധന്യയായിരുന്നു അവര്‍. ജീവിതാനുഭവങ്ങളില്‍ നിന്ന് ആര്‍ജിച്ചെടുത്ത കരുത്താവാമത്.
മക്കയിലെ പ്രമുഖ കച്ചവടക്കാരിയായിരുന്നു ഖുവൈലിദ് ബിന്‍ അസദിന്റെയും ഫാത്തിമ ബിന്‍ത് സായിദിന്റെയും മകളായ ഖദീജ. 
ഇന്നത്തെ സാമൂഹിക ചുറ്റുപാടല്ലല്ലോ അന്നുണ്ടായിരുന്നത്. ഒരു കച്ചവടസ്ഥാപനം തുടങ്ങി അവിടെയിരുന്ന് കച്ചവടം നടത്തുന്ന രീതി അന്നില്ലായിരുന്നു. ആളുകള്‍ കൂടുന്നിടത്തേക്ക് കച്ചവടച്ചരക്കുകളുമായി ചെന്ന് കച്ചവടം ചെയ്യുന്ന രീതിയാണ് നിലനിന്നിരുന്നത്. വലിയ ഖാഫില സംഘങ്ങളായാണ് കച്ചവട സംഘം പുറപ്പെടുക. ദിവസങ്ങള്‍ നീണ്ട യാത്ര. 
യമന്‍, ശാം തുടങ്ങിയ നാടുകളിലേക്ക് വന്‍ ഖാഫില സംഘങ്ങളെയാണ് ഖദീജ ബീവി അയച്ചിരുന്നത്. കച്ചവടത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മേല്‍നോട്ടവും അവര്‍ നേരിട്ടായിരുന്നു നിര്‍വഹിച്ചിരുന്നത്. കച്ചവടച്ചരക്കുകള്‍ ശേഖരിക്കുന്നതിലും കച്ചവട സംഘത്തെ അയക്കുന്നതിലും സംഘത്തിലേക്ക് ആവശ്യമായ ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിലും ഖദീജ നേരിട്ട് ഇടപെട്ടിരുന്നു. 
ഈ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം നന്നേ കുറവായ കാലത്താണ് ഖദീജ അറിയപ്പെടുന്ന വര്‍ത്തക പ്രമുഖയായത്. സ്വന്തമായി കച്ചവടം ചെയ്യുന്നതിന് പുറമേ പണമിറക്കി കൂട്ടുകച്ചവടം ചെയ്യുന്ന പതിവും അവര്‍ക്കുണ്ടായിരുന്നു. ഒരു കച്ചവടസ്ഥാപനം തുടങ്ങി അവിടെയിരുന്ന് കച്ചവടം നടത്തുന്ന പോലെ എളുപ്പമല്ല കച്ചവട സംഘങ്ങളെ അയച്ചുള്ള വാണിഭം. പണമിറക്കാനുള്ള സാമ്പത്തിക സ്ഥിതി മാത്രം പോര. ബുദ്ധിപൂര്‍വമായ ഇടപെടലുകള്‍ വേണം. കച്ചവട സാധ്യതകള്‍ മനസ്സിലാക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടെത്തണം. ചരക്കുകളില്‍ വൈവിധ്യം ഉറപ്പുവരുത്തണം. ഉപഭോക്താക്കളുടെ മനസ്സറിയണം. ചരക്കുമായി പോകുന്ന നാട്ടിലെ സാമൂഹിക സാമ്പത്തിക സ്ഥിതികള്‍ മനസ്സിലാക്കണം. എല്ലാം മുന്‍കൂട്ടി അറിയാനും അതിനനുസരിച്ച് ചരക്കുകള്‍ ശേഖരിക്കാനും സംഘത്തെ രൂപപ്പെടുത്താനും കഴിയണം. 


ഒരു സ്ത്രീക്ക് വിജയകരമായി ഇടപെടാന്‍ പ്രയാസമുള്ള സാമൂഹികാവസ്ഥയിലാണ് ഖദീജയുടെ വിജയ വളര്‍ച്ച.
തികഞ്ഞ സാമൂഹിക ബോധം ആവശ്യമായിരുന്നു. നാട്ടിലും മറുനാട്ടിലും നടക്കുന്ന സംഭവ വികാസങ്ങള്‍ മനസ്സിലാക്കണം. കച്ചവട സംഘത്തിലേക്ക് വിശ്വസ്തരായ തൊഴിലാളികളെ കണ്ടെത്താന്‍ പൊതുജനത്തെക്കുറിച്ചുള്ള അറിവുണ്ടാവണം. 
അല്‍അമീനായ മുഹമ്മദിനെ തന്റെ കച്ചവട സംഘത്തിലേക്ക് ക്ഷണിക്കുന്നത് നാട്ടുകാരെക്കുറിച്ചും അവിടത്തെ സാമൂഹിക ജീവിതത്തെക്കുറിച്ചും അറിവുള്ളതുകൊണ്ടാണല്ലോ...
തന്റെ അടിമയായ മൈസറ മുഖേനയാണ് ഖദീജ ബീവി മുഹമ്മദിനെ തന്റെ കച്ചവട സഹായിയായി ലഭിക്കാനുള്ള താല്‍പര്യം അറിയിക്കുന്നത്. ഖദീജക്ക് മാത്രം സാധ്യമായ ഒരു തെരഞ്ഞെടുപ്പായിരുന്നുവത്. ആ ആവശ്യം വളരെ സന്തോഷത്തോടെയാണ് പ്രവാചകന്‍ സ്വീകരിച്ചത്. ഖദീജ ആരാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നല്ലോ... ആ സമയം തന്നെ ശാമിലേക്കുള്ള കച്ചവട സംഘത്തില്‍ നബി തിരുമേനി അംഗമാവുകയും ചെയ്തു. 
നമുക്ക് അറിയുന്ന കഥയാണ്. ആ കച്ചവടത്തില്‍ ഖദീജക്ക് ഇരട്ടിലാഭമായിരുന്നു. മുഹമ്മദിന്റെ സത്യസന്ധതയും കച്ചവടത്തിലുള്ള മിടുക്കും ലാഭത്തിന്റെ വര്‍ദ്ധനവിന് കാരണമായി. മുഹമ്മദില്‍ ഖജീദാബീവിക്ക് മുഹബ്ബത്ത് വരുന്നത് അതോടെയാണല്ലോ... മൈസറ തന്റെ കച്ചവടയാത്രാനുഭവം യജമാനക്ക് വിവരിച്ചു കൊടുക്കുന്നുണ്ട്. മുഹമ്മദിന്റെ മദ്ഹുകള്‍ ഏറെയുണ്ടായിരുന്നു മൈസറക്ക് പറയാന്‍. ഉത്കൃഷ്ടമായ ഒരാദരവ് നിറഞ്ഞ അനുരാഗമായി അത് വളര്‍ന്നു. ഖദീജ തന്റെ പിതൃസഹോദരനെ വിട്ട് കല്യാണാലോചന നടത്തുകയായിരുന്നു. 
പ്രവാചകനെ വിവാഹം കഴിക്കുന്നതിന് മുമ്പ് രണ്ടു തവണ ഖദീജാ ബീവിയുടെ വിവാഹം കഴിഞ്ഞിരുന്നു. രണ്ടു ഭര്‍ത്താക്കന്‍മാരും മരണപ്പെടുകയായിരുന്നു. വിധവയും തന്നേക്കാള്‍ പ്രായവുമുള്ള ഖദീജയെ വിവാഹം കഴിക്കാന്‍ പ്രവാചകന്‍ തയ്യാറായത് അവരുടെ സമ്പത്ത് കണ്ടുകൊണ്ടായിരുന്നില്ല. അവരുടെ വ്യക്തിത്വ വിശുദ്ധിയും മഹിമയും തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു. 
വിവാഹശേഷവും ഖദീജ തന്റെ കച്ചവടം തുടര്‍ന്നിരുന്നു. അവരുടെ സാന്നിധ്യവും സമ്പത്തും പ്രവാചകനും ഇസ്‌ലാമിനും ഏറെ സഹായകമായിട്ടുണ്ട്. 


മുസ്‌ലിം സ്ത്രീകള്‍ക്ക് എന്നും ഉത്തമ മാതൃകയാണ് ഖദീജ ബീവി. ഖദീജയും പ്രവാചകരും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിന്റെ അതിമധുരം ചരിത്രത്തില്‍ സുന്ദരമായ അധ്യായങ്ങളാണ്. 
സ്വന്തം കഴിവും സമ്പത്തുമുപയോഗിച്ച് കച്ചവടം ചെയ്യാനും സാമൂഹിക ഇടപെടലുകള്‍ നടത്താനും അതു വഴി സമ്പാദിക്കാനും ജാഹിലിയ്യ കാലത്തും ഒരു സ്ത്രീക്ക് കഴിയുമെങ്കില്‍, ആ ജീവിതം സ്ത്രീ സമൂഹത്തിന് നല്‍കുന്ന സന്ദേശം ചെറുതല്ല. കഴിവും പ്രാപ്തിയുമുള്ള സ്ത്രീകള്‍ക്ക് സ്വന്തമായി ജോലി സാധ്യതകള്‍ കണ്ടെത്താനും കുടുംബ- ദാമ്പത്യ ജീവിതത്തിലെ ബാധ്യകള്‍ നിര്‍വഹിക്കുന്നതോടൊപ്പം തന്നെ സാമ്പത്തിക വളര്‍ച്ചക്കാവശ്യമായ വഴികള്‍ കണ്ടെത്താനും പ്രചോദനം പകരുന്നതു കൂടിയാണ് ഖദീജയുടെ ജീവിതം. 
പ്രവാചകന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളായിരുന്നു ഖദീജയുമൊത്തുള്ള ജീവിതമെന്ന് ചരിത്രത്തില്‍ കാണാം. അപാരമായ പക്വതയും ബുദ്ധികൂര്‍മതയുമായിരുന്നു അവരുടെ പ്രത്യേകത. അവസരത്തിനൊത്ത് ഉയരാനും ഇടപെടാനുമുള്ള കഴിവ് ഉജ്വലമായിരുന്നു. പ്രവാചകര്‍ക്ക് താങ്ങും തണലുമായി ഒരു ജീവിതം. 
ഒരു കച്ചവടക്കാരി എന്ന തലത്തിലും തന്റെ സാമൂഹിക ഇടപെടലുകളില്‍ നിന്നും തനിക്കുണ്ടായിട്ടുള്ള അനുഭവങ്ങളും അറിവുകളുമാകാം ഉന്നതമായ വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍ ഖദീജ ബീവിയെ സഹായിച്ചത് എന്ന് നിരീക്ഷിക്കുന്നത് തെറ്റാവുമോ? 
അതല്ലാതെ, അസാധാരണമായ മനക്കരുത്തും തന്റേടവും ഇഛാശക്തിയും എവിടെ നിന്നാണ്, എങ്ങനെയാണ് അവര്‍ ആര്‍ജിച്ചെടുത്തത്?
നൂര്‍ പര്‍വതത്തിന്റെ മുകളില്‍ കയറി ഹിറാ ഗുഹയിലേക്ക് നൂഴ്ന്ന് കയറുമ്പോള്‍, മുകളില്‍ പരന്നു കിടക്കുന്ന ആകാശത്ത് നോക്കി നില്‍ക്കുമ്പോള്‍, താഴെ തീപ്പെട്ടികള്‍ അടുക്കിവെച്ചപോലെ കെട്ടിടങ്ങള്‍ മലര്‍ന്നു കിടക്കുന്ന മക്കയിലേക്ക് നോക്കുമ്പോള്‍... ശാമിലേക്ക് പോകുന്ന ഒരു ഖാഫില സംഘത്തെ നിങ്ങള്‍ക്ക് കാണാനാകുന്നുണ്ടോ. അത് ഖദീജയുടെ കച്ചവടസംഘമാണ്. അതില്‍ മുഹമ്മദ് എന്ന ചെറുപ്പക്കാന്‍ ഒരു കച്ചവടക്കാരനായി ഇരിപ്പുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍  ഖദീജ ഇടം നേടുന്നത് അന്നുമുതലാണ്. പക്ഷേ ഖദീജ അതിനുമുമ്പും മക്കയിലുണ്ടായിരുന്നു; വെറുമൊരു കച്ചവടക്കാരിയായി.        

.........................
pudava monthly - august 2014May 31, 2014

കുന്നിറങ്ങി വരുന്ന കവിതകള്‍മുടിക്കല്‍ പുഴ
കവിതകള്‍
നന്ദനന്‍ മുള്ളമ്പത്ത്
ഡി സി ബുക്‌സ് തൃശൂര്‍
വില: 60 രൂപ


കുന്നിറങ്ങി വരുന്ന കവിതകളാണ് നന്ദനന്‍ മുള്ളമ്പത്തിന്റേത്. കുന്നിന്‍ മുകളിലെ കുട്ടിക്കാലവും കുന്നിന്റെ കവിതയും ഒന്നാവുന്നു. ഗ്രാമീണ ജീവിതത്തിന്റെ തണുപ്പും നിഷ്‌കളങ്കതയും ആ വരികളിലും ഭാഷയിലും കാണാം. നന്മയുള്ള ജീവിതങ്ങളുടെ കഥകളാണ് അദ്ദേഹത്തിന്റെ കവിതകള്‍. പ്രകൃതിയും കുടുംബവും ഗ്രാമവും കവിതയും ഒന്നായിത്തീരുന്നു. മാനുഷിക, സാമൂഹിക ബന്ധങ്ങളുടെ കുളിര്‍മയും ആഴവും ചില കവിതകളാവുന്നു.

മുടിക്കല്‍ പുഴ എന്നാണ് പുസ്തകത്തിന്റെ പേര്. ഒരു പുഴയും അതിനു ചാരിയൊരു കുന്നും കുന്നുനിറയെ കാടും കാട്ടിലും പുറത്തുമായി കുറേ ജീവികളും ജീവിതങ്ങളും..
കുന്നിറങ്ങി ഗ്രാമത്തിന്റെ ഭാഗമായിട്ടും മനസ്സില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ലാത്ത ആ കുട്ടിക്കാലമാണ് നന്ദനന്റെ കവിതകള്‍.

മൂകനും/  മുടന്തനും/ കുന്നുകയറുമ്പോള്‍/ ഇരുട്ടുവീഴും/ കവിതയൊരു/ കൂന്നാകുന്നു/ ഇരുട്ടിനെ/ പറയുന്നില്ല / അവനൊരു/ കൂലിപ്പണിക്കാരന്‍/ പഠിപ്പുമില്ലാത്തവന്‍/ മൂകനും/ മുടന്തനും/ കുന്നുകയറുമ്പോള്‍/ ചിലവെളിച്ചങ്ങള്‍/ കൈപ്പിടിക്കാന്‍ വരും/ വെളിച്ചത്തെ പറയാം/  അവനൊരു കവി/ കണ്ടതുമാത്രമെഴുതുന്നു/ ഇരുട്ടുമൊരിക്കല്‍/ വെളിച്ചമാകുമെന്ന്/  അവന്റെ വെളിച്ചമവനോടു/ പറഞ്ഞിരുന്നതിനാല്‍/ അതിനോടു മാത്രമവന്‍/ ഇരുട്ടു പറയുന്നു (കുന്ന്)

രാത്രി എന്ന കവിത കുന്നിന്‍ നെഞ്ഞില്‍ ഇരുട്ടുകാഴ്ചകളാലും ശബ്ദങ്ങളാലും എഴുതിവെച്ച രാത്രി ചിത്രമാണ്. വെള്ളം, ഊട്ടി, ചിത്രം തുടങ്ങിയ കവിതകളിലെല്ലാം കുന്നുണ്ട്. കാടായിപ്പടര്‍ന്ന കുന്നുപോലെ അമ്മയും. അമ്മയും അച്ഛനും പെങ്ങളും വീടും കുന്നിന്‍ മുകളിലെ നിഴല്‍ തണുപ്പായി കവിതയില്‍ നിറയുന്നു.
ചിതറിപ്പോയ/പുര/കൂടിച്ചേരും/ അവള്‍ വരുമ്പോള്‍
എന്ന് പെങ്ങള്‍ എന്ന കവിത തുടങ്ങുന്നു. കെട്ടിച്ചു വിട്ട പെങ്ങള്‍ വരുമ്പോഴാണ് വീടിന് അടക്കവും ഒതുക്കവുമുണ്ടാവുന്നത്. ആ കുറച്ചുദിവസങ്ങളിലാണ് അതൊരു വീടാകുന്നത്.
കുന്നിറങ്ങി/തിരിഞ്ഞുപോകും/ അവളെ/ ഇടിഞ്ഞമിറ്റത്ത്/ നോക്കിനില്‍ക്കും/ തിരിഞ്ഞു നില്‍ക്കുമ്പോള്‍/ പുര/ ചിതറിപ്പോകും
എന്നാണ് കവിത അവസാനിക്കുന്നത്.

ആദ്യത്തെ/ വണ്ടി/ ഓടിത്തുടങ്ങുന്നു/ അടുക്കളയില്‍/ പാത്രം കലമ്പുന്നു എന്നു തുടങ്ങുന്ന അമ്മ എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്. അവസാനത്തെ വണ്ടിയും/ മടങ്ങിയെത്തുന്നു/ പാത്രം/ കലമ്പലുതന്നെ/ അവള്‍ മാത്രം/ തിന്നുന്നത്/ കണ്ടിട്ടില്ല.
നേരം പുലര്‍ന്നതു മുതല്‍ അന്തി കറുക്കുംവരെ അടുക്കളയില്‍ വെച്ചുവിളമ്പുന്ന അമ്മ.
ഉരുള്‍പൊട്ടല്‍ എന്ന കവിതയിലും അമ്മയുണ്ട്. വന്നവര്‍ക്കെല്ലാം/ ചായകാച്ചിയ/ അമ്മമാത്രം/ ഒന്നും/ കണ്ടില്ല.

വീട് എന്ന കവിതയില്‍ അമ്മ കെടാത്ത ഒരു വിളക്കാവുന്നു. കാത്തിരുന്ന്/ കാത്തിരുന്ന്/ ഞാനുമേട്ടനും/ ഉറങ്ങിപ്പോകും/ കുപ്പിവിളക്ക് / കെട്ടുപോയിട്ടുണ്ടാകും/ കത്തുന്നുണ്ടാകും/ അമ്മ.
അമ്മയുടെ അര്‍ഥമാണ് അര്‍ഥം എന്ന കവിത: മകന്‍ പറഞ്ഞു/ ഞാനാരുമല്ല/ ജീവിതത്തിന് / ഒരര്‍ഥവുമില്ലമ്മേ/ അമ്മ കരഞ്ഞു/ അവരുടെ/ അര്‍ഥം/ അവനായിരുന്നു.
അമ്മയെന്ന/ അടുക്കള/ അച്ഛനെന്ന/ അകല്‍ച്ച/ഏട്ടന്‍മാരെന്ന അലച്ചിലുകള്‍/ പെങ്ങളെന്ന/ പോക്കുവരവ്/ ഏകാന്തത / എന്ന കുട്ടി/ ഇതെല്ലാം/ കാണുന്നു/ കുന്നിന്‍ മോളില്‍ / പൊളിഞ്ഞ/ കോലയില്‍ എന്ന് ഓര്‍മ എന്ന കവിത.
കുന്നിന്‍ മോളില്‍, പൊളിഞ്ഞ കോലായിലിരുന്ന് ഏകാന്തതയെന്ന കുട്ടി കണ്ട കാഴ്ചകളാണ് ഈ പുസ്തകം നിറയെ.

കുടിച്ചു വന്ന് വാതിലില്‍ മാന്തുന്ന കുഞ്ഞിരാമേട്ടനും അയാളുടെ ചവിട്ട് വാങ്ങാന്‍ വിധിക്കപ്പെട്ട മാതുവേടത്തിയും വേനല്‍ക്കാലം വന്നാല്‍ അബ്‌നോര്‍മലാകുന്ന ടെയിലര്‍ കുഞ്ഞിക്കണ്ണേട്ടനും ബലൂണ്‍ ചോദിച്ചെത്തുന്ന അടുത്ത വീട്ടിലെ തക്കുടു എന്ന കുട്ടിയും കടം കൊടുത്തിട്ട് തിരിച്ചുകിട്ടാത്തതില്‍ കരയുന്ന കുഞ്ഞിക്കണ്ണനും 'എനിക്കില്ലാത്തതു കൊണ്ടല്ലേ കുഞ്ഞിക്കണ്ണനോട് മാങ്ങ്യേത്, ഓനുമില്ലെങ്കില്‍ വേറെ ആരോടെങ്കിലും മാങ്ങിക്കോട്ടെ അതല്ലെ അതിന്റെ ന്യായം' എന്ന് ന്യായം പറയുന്ന കുമാരനും കമ്പോണ്ടര്‍ കണാരേട്ടനും ജാഥകഴിഞ്ഞ് മടങ്ങിപ്പോകുന്ന പൊക്കിയമ്മയും പാര്‍ട്ടിയോട് പിണങ്ങി ഒറ്റക്ക് ജാഥ വിളിക്കുന്ന പൊക്കേട്ടനും.. അങ്ങനെ ഗ്രാമീണ കഥാപാത്രങ്ങള്‍ കഥകളായി കവിതകളില്‍ നിറയുന്നു.

ജാഢയില്ലാത്ത ഭാഷയിലും ഗ്രാമത്തിലെ ഇടവഴിയുടെ ഗന്ധമുണ്ട്. പുല്ലും കുറ്റിച്ചെടികളും നിഴല്‍ താഴ്ത്തിയ മണ്ണും ചാണകവും മണക്കുന്ന ഇടവഴികളിലൂടെ നടക്കുന്ന അനുഭവമാണ് നന്ദനന്റെ കവിതകള്‍ വായിക്കുമ്പോഴുണ്ടാവുന്നത്.

വെള്ളം എന്ന കവിത മാത്രം ഉള്ളില്‍ സൂര്യാപതമേറ്റ പോലെ. കട്ടിയുള്ള/കുന്നുറവ്/ ഞങ്ങളുടെ കണ്ടത്തില്‍/ ഒലിക്കുന്നു/ കാടിറങ്ങി/ പന്നിയും പക്ഷികളും/ ആ വെള്ളത്തില്‍/ കിടന്നുരുണ്ടു/ കുന്നിറങ്ങി/ കാട്ടിലൂടെ/ വെള്ളമെടുക്കാന്‍/ പെണ്ണൊരുത്തി/ വന്നുപോയിരുന്നു/ ഓല മെടയാനും/ ചക്ക ചെത്താനും/ അമ്മയോടൊപ്പം കൂടിയിരുന്നു/ എനിക്കു വെച്ച/ ഈന്തിന്‍ പുട്ട്/ അമ്മ/ അവള്‍ക്കും കൊടുത്തു/ നേരം പോയാല്‍/ മിന്നലുപോലൊരു വിളി/ കുന്നിറങ്ങി വീഴും/ പാത്രവും കൊണ്ട്/ പെണ്ണവള്‍ ഓടിപ്പോകും/ വെള്ളം മറിഞ്ഞ്/ അവളുടെ നെഞ്ഞ്/ നനഞ്ഞിരുന്നു/ കാട്ടിലൂടെ/ ഒറ്റക്കു പോകുന്ന/ പെണ്ണൊരുത്തിയെ/ അമ്മ ആലോചിക്കും/ കാടവള്‍ക്ക് പൂക്കള്‍/ തേനെടുക്കാന്‍ വന്ന/ ആണൊരുത്തന്‍/ കാട്ടില്‍ / അവളെ വിളിച്ചിരുന്നു/ പാത്രം/ ഇലകളില്‍ വെച്ച്/ അവള്‍ പോയി/ ഓടിപ്പോയവളുടെ പുരയില്‍/ കുന്നും കയറി/ അമ്മ പോയിരുന്നില്ല/ ഇന്നലെ/ ഇരുട്ടില്‍ / ഉറങ്ങാതെ/ ഒലിച്ചുകൊണ്ടിരുന്ന/ വെള്ളവും നോക്കി/ അമ്മ/ ആലോചിക്കുന്നതു കണ്ടു (വെള്ളം)

42 കവിതകള്‍. ഒരു വരിയോ ഒരു വാക്കോ വെട്ടിമാറ്റാനില്ലാത്ത കവിതകളാണിതെല്ലാം. നന്ദനന് മാത്രമെഴുതാന്‍ കഴിയുന്ന കവിതകള്‍.
Apr 6, 2014

വൈറല്‍ ക്രൈം: ഒരു ന്യൂജനറേഷന്‍ ഹിറ്റ്‌ഇത്‌ എല്ലാം വൈറലാകുന്ന കാലമാണ്‌. വൈറല്‍ ഹിറ്റുകളുടെ കാലം. വളരെ പെട്ടെന്ന്‌ വ്യാപകമാകുന്നത്‌ എന്നേ വൈറല്‍ എന്ന വാക്കിന്‌ അര്‍ത്ഥമുള്ളൂ. വൈറല്‍ ഹിറ്റുകളുടെ വാര്‍ത്തകളാണ്‌ സോഷ്യല്‍ മീഡിയക്ക്‌ പുറത്തും. ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക്‌ ചെയ്യുകയും കമന്റെഴുതുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന പോസ്റ്റാണ്‌ വൈറല്‍ ഹിറ്റ്‌. സോഷ്യല്‍ മീഡിയകളിലെ വൈറല്‍ ഹിറ്റുകള്‍ അതുപയോഗിക്കാത്ത കുട്ടികളുടെ നാവിന്‍തുമ്പിലുമെത്തും. അതാണ്‌ ലോകം. `മാഹീത്തെ പെമ്പിള്ളാരെ കണ്ട്‌ക്കാ' എന്ന്‌ കുട്ടികള്‍ പാടുന്നതും `അടുക്കളയില്‍ പാടിയ' ചന്ദ്രലേഖ പാട്ടുകാരിയായതും സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമക്കാരനായതും വൈറല്‍ ഹിറ്റുകളിലൂടെയാണ്‌.
എന്നാല്‍ സൈബര്‍ ലോകത്ത്‌ വളരെ വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്‌ ഹിറ്റുകളല്ല, ക്രൈം ആണ്‌. സൈബര്‍ ക്രൈം. ഈ വ്യാപനത്തെ `വൈറല്‍ ക്രൈം' എന്ന്‌ പറയാമോ എന്നറിയില്ല. 

സോഷ്യല്‍ മീഡിയ തുറന്നിടുന്ന വലിയ സാധ്യതകളുണ്ട്‌. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്‌ത വാര്‍ത്തകളെയും സംഭവങ്ങളെയും സജീവ ചര്‍ച്ചയാക്കാന്‍ ഈ സാധ്യതകള്‍ ഉപയോഗപ്പെട്ടിട്ടുണ്ട്‌. മാധ്യമ ജാഗ്രത ഏറെയുള്ള കേരളത്തില്‍ ഇതിനൊന്നും പ്രസക്തിയില്ലെന്നായിരുന്നു ധാരണ. എന്നാല്‍ ഏറ്റവും അവസാനം മാതാ അമൃതാനന്ദമയിയുടെ ആശ്രമവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ വാര്‍ത്തയായതും ചര്‍ച്ചയായതും സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളിലൂടെയാണ്‌. 
എന്നാല്‍ ഇത്തരം സാധ്യതകള്‍ക്കിടയിലാണ്‌ അപകട ചുഴികളുടെ ഒളിഞ്ഞിരിപ്പ്‌. കൊതിപ്പിക്കുന്ന ചിത്രങ്ങളാലും ലിങ്കുകളാലും അവ ഉപഭോക്താവിനെ പ്രലോഭിപ്പിച്ചടുപ്പിച്ചുകൊണ്ടിരിക്കും. ഈ ചുഴിയില്‍ പെട്ടവരില്‍ ഭൂരിഭാഗവും തങ്ങള്‍ക്കു പറ്റിയ അമളി പുറംലോകമറിയാതെ ഒളിപ്പിച്ചുവെക്കുന്നതിനാല്‍ ചതിയിടങ്ങളെക്കുറിച്ച്‌ പുറംലോകം അറിയാതെ പോകുന്നു.

കടന്നാ കുടുങ്ങി അഥവാ ഇന്റര്‍`നെറ്റ്‌' റോഡ്‌

മലപ്പുറത്ത്‌ ഒരു റോഡിന്റെ പേര്‌ `കടന്നാ കുടുങ്ങി' എന്നാണ്‌. ആ ഇടുങ്ങിയ റോഡിലേക്ക്‌ കയറിയാല്‍ കുടുങ്ങി എന്നര്‍ത്ഥം. ഇന്റര്‍നെറ്റിന്റെ ലോകം ഒരു `കടന്നാല്‍ കുടുങ്ങി റോഡു'പോലെയാണെന്ന്‌ തോന്നാറുണ്ട്‌. വളരെ വിശാലമായ ഈ റോഡില്‍ പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടവളവുകള്‍ ഏറെയാണ്‌. വേണ്ടത്ര ജാഗ്രതയില്ലാത്ത ഒരു യാത്രക്കാരന്‌ ഏതു സമയവും അപകടം സംഭവിച്ചേക്കാം. ഈ സംവിധാനത്തിന്‌ ആരാണാവോ ഇന്റര്‍`നെറ്റ്‌' എന്ന്‌ പേരിട്ടത്‌. നെറ്റ്‌ എന്ന്‌ പറഞ്ഞാല്‍ വല, കുടുക്ക്‌ എന്നൊക്കെ അര്‍ത്ഥം. ഇതൊരു ലഹരിയാണ്‌ ചിലര്‍ക്ക്‌. ഇരുപത്തിനാലുമണിക്കൂറും മൊബൈല്‍ ഫോണില്‍ വിരലു ചലിപ്പിച്ച്‌ പുതുതലമുറയിലെ വലിയൊരു വിഭാഗം ഈ ഉന്മാദത്തെ കൊണ്ടാടുന്നു, അപകടകരമായ നിലയില്‍ തന്നെ.

ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളുടെ എണ്ണം ദിനം പ്രതി ഏറിക്കൊണ്ടിരിക്കുകയാണ്‌. 35 വയസ്സിനു താഴെയുള്ളവരാണ്‌ ഇന്റര്‍നെറ്റിന്‌ മുന്നില്‍ സമയം കളയുന്നവരിലേറെയും. യുവാക്കളും കൗമാര പ്രായത്തിലുള്ളവരും അവരുടെ ജീവിതത്തിന്റെ വലിയൊരു സമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നുണ്ട്‌. മൊബൈല്‍ ഫോണില്‍ കൂടി ഇന്റര്‍നെറ്റ്‌ സാധ്യമായതോടെ അതിന്റെ അളവും കൂടി. എന്തിനുവേണ്ടിയാണ്‌ ഇവര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത്‌ എന്ന ആലോചനക്ക്‌ പ്രസക്തിയുണ്ട്‌. ക്രിയാത്മകവും രചനാത്മകവുമായി ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ എത്രപേരുണ്ടാവും. 
സോഷ്യല്‍നെറ്റ്‌ വര്‍ക്ക്‌ സൈറ്റുകളിലും മറ്റും അലക്ഷ്യമായി അലഞ്ഞു നടക്കുന്നവരാണേറെയും. ഇന്റര്‍നെറ്റ്‌ മനുഷ്യരെ അലസരും നിഷ്‌ക്രിയരുമാക്കുന്നുണ്ടോ എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്‌. 


അപകടക്കെണിയൊരുക്കി ഓണ്‍ലൈന്‍ വിപണി

ഇന്റര്‍നെറ്റ്‌ ഉപയോഗത്തിലെ മര്യാദകള്‍ എന്തെന്ന്‌ പലര്‍ക്കുമറിയില്ല. അതു പഠിപ്പിക്കുന്ന ക്ലാസുകളും പരിശീലന പരിപാടികളും ആരും സംഘടിപ്പിക്കാറുമില്ല. ഇന്ന്‌ മതപ്രബോധനം എന്ന പേരില്‍ നടക്കുന്നതുപോലും അശ്ലീലതകളായിരിക്കുന്നു. തമ്മില്‍ തല്ലും സഭ്യമല്ലാത്ത വാക്കുകളിലൂടെ ഇതര വിശ്വാസ, ആദര്‍ശക്കാരെ പരിഹസിക്കലുമാണ്‌ `ന്യൂജനറേഷന്‍ മത പ്രബോധനം'. ഇതില്‍ `വിരുതാനന്തര വിരുതുള്ള' കുറേ പണ്ഡിറ്റുകളുമുണ്ട്‌. തെറി, തെറിപ്രസംഗം എന്നൊക്കെ നെറ്റില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടുന്ന റിസള്‍ട്ട്‌ ചില `മഹാപ്രതിഭകളുടെ' ഇസ്‌ലാമിക പ്രഭാഷണങ്ങളാണെന്ന്‌ വന്നിരിക്കുന്നു. ഇത്‌ ചെറിയ അപചയമല്ല. മതപരമായ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ പലപ്പോഴും വിരസമായിത്തീരുന്നുണ്ട്‌. ആഴത്തിലുള്ള അറിവും വ്യക്തമായി പ്രതികരിക്കാന്‍ കഴിവുള്ളവരുടെ അഭാവവുമാണ്‌ മതചര്‍ച്ചകള്‍ അങ്ങാടിവര്‍ത്തമാനങ്ങളാവാന്‍ കാരണം. അറിവും കാഴ്‌ചപ്പാടുമുള്ളവരുടെ അസാന്നിധ്യം മുറിവൈദ്യന്‍മാരുടെ ആളെക്കൊല്ലല്‍ ചികിത്സക്കാണ്‌ വഴിയൊരുക്കുന്നത്‌. 
ഒളിഞ്ഞുനോട്ടക്കാരന്റെ മനോനിലയിലാണ്‌ പലരും ഇന്റര്‍നെറ്റില്‍ മൗസ്‌ ചലിപ്പിക്കുന്നത്‌. കണ്ടതെന്തും മൊബൈല്‍ക്യാമറയില്‍ പകര്‍ത്തുകയും പകര്‍ത്തിയതെല്ലാം യൂടൂബിലോ ഫെയ്‌സ്‌ബുക്കിലോ വാട്‌സ്‌ അപ്പിലോ അപ്‌ലോഡ്‌ ചെയ്‌തും ആത്മരതിയനുഭവിക്കുകയാണ്‌ ചിലര്‍. 

നവമാധ്യമങ്ങള്‍ അനുവദിച്ചു തരുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുകയാണ്‌ നാം. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക്‌ ഒളിഞ്ഞുനോക്കാനും അതു പരസ്യപ്പെടുത്താനും ആരാണ്‌ നമുക്ക്‌ സ്വാതന്ത്ര്യം തന്നത്‌. രതിയും കപടആത്മീയതയുമാണ്‌ ഇന്റര്‍നെറ്റിനകത്തെയും വലിയ വിപണി സാധ്യതകള്‍. സൈബര്‍സെക്‌സ്‌ ഒരു മനോരോഗമായി വളര്‍ന്നിരിക്കുന്നു. ശരിയായ ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവും വികലമായ കാഴ്‌ചപ്പാടുകളും സൈബര്‍ സെക്‌സിനെ സജീവമാക്കുന്നുണ്ട്‌. ഇത്‌ ദാമ്പത്യ- കുടുംബ ജീവിതത്തെ ഗുരുതരമായി ബാധിക്കുകയും അതിന്റെ പരിണത ഫലങ്ങള്‍ സാമൂഹിക ജീവിതത്തില്‍ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്‌. കപട ആത്മീയക്കാരുടെ `ഉല്‍പന്നങ്ങള്‍' വിറ്റഴിക്കാനുള്ള ഇടം കൂടിയാണിന്ന്‌ ഇന്റര്‍നെറ്റ്‌. മനോബലം നഷ്‌ടപ്പെട്ട ജനങ്ങളെയാണ്‌ ആത്മീയ വാണിഭക്കാര്‍ ചൂണ്ടയിട്ടുപിടിക്കുന്നത്‌. 

സൈബര്‍ ക്രൈം

പരമ്പരാഗത സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളായ മോഷണം, വ്യാജരേഖ ചമക്കല്‍, വഞ്ചന, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയവ കമ്പ്യൂട്ടറുമായോ കമ്പ്യൂട്ടര്‍ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കുമ്പോള്‍ അവയെ സൈബര്‍ ക്രൈം അഥവാ സൈബര്‍ കുറ്റകൃത്യം എന്നാണ്‌ വിളിക്കുന്നത്‌. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ്‌ ഈ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്‌ നിയമനടപടികള്‍ സ്വീകരിക്കുക. ഒന്നു മുതല്‍ പത്ത്‌ വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു കോടി രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്‌.

ഒരു കമ്പ്യൂട്ടറിലേക്കോ കമ്പ്യൂട്ടര്‍ ശൃംഖലയിലേക്കോ വൈറസിനെ കടത്തിവിടുക, ഹാക്കിങ്ങ്‌ നടത്തുക മുതലായവ കമ്പ്യൂട്ടറിനെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങളാണ്‌. ക്രെഡിറ്റ്‌കാര്‍ഡ്‌ തട്ടിപ്പുകള്‍, അശ്ലീലചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രചാരണം, സൈബര്‍ തീവ്രവാദം തുടങ്ങിയവയൊക്കെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ പെടുന്നു.
സൈബര്‍ ക്രൈമില്‍ ഇരകളാകുന്നതിന്റെ പ്രധാന കാരണം ഇന്റര്‍നെറ്റ്‌ ഉപയോഗത്തെക്കുറിച്ച്‌ വ്യക്തമായ ധാരണകളില്ലത്തതാണ്‌. ചാറ്റിങ്‌, ഹാക്കിങ്ങ്‌, സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെ പണം തട്ടിയെടുക്കല്‍ തുടങ്ങി സൈബര്‍ ക്രൈം പലതരത്തിലുണ്ട്‌. അറിഞ്ഞും അറിയാതെയും നാം ഇരകളാവുകയോ അക്രമിയെ സഹായിക്കുകയോ ചെയ്യുന്നുണ്ട്‌. 

കേരളത്തിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യ നിരക്കിന്‌ ചെറുതല്ലാത്ത ഒരു കാരണം സൈബര്‍ ക്രൈം ആണ്‌. പത്രങ്ങളില്‍ കാണുന്ന ആത്മഹത്യ വാര്‍ത്തകളുടെ സത്യം തേടിചെന്നാല്‍ സൈബര്‍ ക്രൈമിന്റെ ഇരുട്ടറയിലേക്കാവും നാം എത്തിച്ചേരുക. എറണാകുളത്തും കോഴിക്കോടും അടുത്തിടെ രണ്ടുപെണ്‍കുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ വന്ന വാര്‍ത്തകള്‍ അതിനുദാഹരണമാണ്‌.
ഓണ്‍ലൈനില്‍ സജീവമായ പ്രായപൂര്‍ത്തിയായ വ്യക്തികളില്‍ പത്തില്‍ ഏഴുപേര്‍ സൈബര്‍ക്രൈമിന്‌ ഇരകളായിക്കൊണ്ടിരിക്കുന്നു എന്നാണ്‌ കണക്ക്‌. വളരെ അശ്രദ്ധയോടെയാണ്‌ അധികപേരും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത്‌. സോഷ്യല്‍ മീഡിയകളിലെ ലിങ്കുകള്‍ പരിശോധിക്കാതെയാണ്‌ അധിക പേരും ഷെയര്‍ ചെയ്യുന്നത്‌. അതിന്റെ യഥാര്‍ത്ഥ ഉറവിടമോ ലക്ഷ്യമോ വിശ്വാസ്യതയോ പലരും നോക്കാറില്ല. യാതൊരു പരിചയവുമില്ലാത്തവരെ സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കളാക്കുന്നതിലെ അപകടത്തെക്കുറിച്ച്‌ പലര്‍ക്കും അറിവില്ല. സുന്ദരികളായ യുവതികളുടെ പ്രൊഫൈലില്‍ നിന്ന്‌ വരുന്ന സ്വകാര്യമെസേജുകള്‍ക്ക്‌ പ്രതികരിച്ച്‌ പണവും മാനവും പോയവര്‍ കുറവല്ല. പെണ്‍ചിത്രങ്ങളിലും പെണ്‍പേരിലുമുള്ള പ്രൊഫൈലുകള്‍ക്ക്‌ പിന്നില്‍ ആണ്‍കള്ളന്‍മാരായിരിക്കുമെന്ന കരുതല്‍ നല്ലതാണ്‌. സെറ്റിംഗുകള്‍ പ്രൈവറ്റ്‌? ആക്കുന്നതാണ്‌ സുരക്ഷിതം. പല പ്രൊഫൈലുകളും വ്യാജമാകാം. പോസ്റ്റിടുന്നതും പ്രതികരിക്കുന്നതും ശ്രദ്ധിച്ചുവേണം. അപരിചിതമായ ലിങ്കുകള്‍ ക്ലിക്ക്‌ ചെയ്‌താല്‍ നിങ്ങളുടെ പ്രൊഫൈല്‍ തന്നെ ഹാക്‌ ചെയ്‌തേക്കാന്‍ സാധ്യതയുണ്ട്‌. ഫോട്ടോകളില്‍ മറ്റുള്ളവരെ ടാഗ്‌ ചെയ്യുമ്പോള്‍ അവരുടെ അനുവാദം വാങ്ങണമെന്ന്‌ എത്രപേര്‍ക്കറിയാം.സൈബര്‍ ആക്രമണങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍

അജ്ഞാതമായ ഇടങ്ങളില്‍ നിന്ന്‌ വരുന്ന ഇമെയിലും അവയുടെ കൂടെ വരുന്ന ഫയലുകളും തുറക്കാതിരിക്കുക. ഊഹിച്ചെടുക്കാന്‍ പ്രയാസമുള്ള പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കുക. പാസ്സ്‌വേര്‍ഡ്‌ പങ്കിടാതിരിക്കുകയും ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുക. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും അപരിചിതരുമായി പങ്കിടരുത്‌. സുപ്രധാനമായ വിവരങ്ങള്‍ നെറ്റ്‌ കഫെകളില്‍ നിന്ന്‌ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. അറിയുന്നവരെ മാത്രം സുഹൃദ്‌ വലയത്തില്‍ ചേര്‍ക്കുക. മാന്യമല്ലാത്ത സന്ദേശങ്ങള്‍ മൊബൈലില്‍ നിന്നും മായ്‌ച്ചു കളയുക. ഓണ്‍ലൈനില്‍ എന്ത്‌ എഴുതിയാലും അത്‌ സ്വകാര്യമല്ലെന്നും എല്ലാവര്‍ക്കും കാണാവുന്നതാണെന്നും ഡിലീറ്റു ചെയ്‌താലും ആത്യന്തികമായി മാഞ്ഞുപോകുന്നില്ലെന്നും ഓര്‍ക്കുക. പരിചിതമല്ലാത്ത ഈമെയിലില്‍ വരുന്ന ലിങ്കുകളില്‍ അപകടം ഒളിഞ്ഞിരിപ്പുണ്ടാവുമെന്ന്‌ ഓര്‍ക്കുക. 

മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ മറ്റു വ്യക്തികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ എടുക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌. അപരിചിതമായ നമ്പറിലേക്ക്‌ മിസ്സ്‌ഡ്‌ കാള്‍ നല്‍കരുത്‌. അത്‌ എത്തുന്നത്‌ തെറ്റായ നമ്പറില്‍ ആണെങ്കില്‍ അവര്‍ നിങ്ങള്‍ക്കെതിരെ പരാതി നല്‍കിയേക്കാം. നിങ്ങള്‍ക്ക്‌ ലഭിക്കുന്ന എല്ലാ മെസ്സേജുകളും മറ്റുള്ളവര്‍ക്ക്‌ ഫോര്‍വേഡ്‌ ചെയ്യരുത്‌, അതില്‍ തീവ്രവാദികളുടെ സന്ദേശങ്ങള്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്‌.

മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നത്‌ കുറ്റകരമാണ്‌. ബ്ലുടൂത്ത്‌ ഓഫ്‌ ചെയ്‌തിടാന്‍ മറക്കരുത്‌. അശ്ലീല സന്ദേശങ്ങള്‍ ആര്‍ക്കും അയക്കരുത്‌. പരിചയമില്ലാത്ത നമ്പറില്‍ നിന്ന്‌ മിസ്സ്‌ഡ്‌ കാള്‍ ലഭിച്ചാല്‍ തിരിച്ചു വിളിക്കാതിരിക്കലാണ്‌ നല്ലത്‌. മുതിര്‍ന്നവരുടെ നിയന്ത്രണത്തിലല്ലാതെ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ ശ്രദ്ധിക്കണം. ഡെബിറ്റ്‌ കാര്‍ഡ്‌/ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍, പിന്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കരുത്‌. മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നതിനു മുമ്പായി അതില്‍ സൂക്ഷിച്ചിട്ടുള്ള വ്യക്തിപരമായ വിവരങ്ങള്‍ എല്ലാം മായ്‌ച്ചു കളയണം. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ മോഷണ മുതല്‍ അല്ലെന്ന്‌ ഉറപ്പു വരുത്തണം.

ഒടുക്കം

സാംസ്‌കാരികമായും ധാര്‍മികമായും ജാഗ്രത പുലര്‍ത്തുന്ന ഒരു വ്യക്തിക്കേ ഇന്റര്‍നെറ്റിലെ നന്മകളെ ഉപയോഗപ്പെടുത്താനാവൂ. ഇന്റര്‍നെറ്റിനകത്ത്‌ ചെലവഴിക്കുന്ന സമയം ഫലപ്രദമാണെന്ന്‌ ഉറപ്പുവരുത്താന്‍ കഴിയണം. ഇന്റര്‍നെറ്റും നവ, സാമൂഹിക മാധ്യമങ്ങളും നമ്മെ ഉപയോഗപ്പെടുത്തുന്ന അവസ്ഥയല്ല ഉണ്ടാവേണ്ടത്‌. അവയെ നാം ഉപയോഗപ്പെടുത്തുന്ന സാഹചര്യങ്ങളാണ്‌ സൃഷ്‌ടിക്കപ്പെടേണ്ടത്‌. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അതിന്നാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും ലഭിക്കേണ്ടതുണ്ട്‌. മത- സാംസ്‌കാരിക കൂട്ടായ്‌കള്‍ സൈബര്‍വിംഗുകള്‍ രൂപീകരിക്കുകയും അതിലൂടെ `സൈബര്‍ സാക്ഷരത' (ജാഗ്രത) സാധ്യമാക്കുകയും ചെയ്‌താല്‍ ദുരുപയോഗം തടയാനും ചതിയിടങ്ങളെ പ്രതിരോധിക്കാനും സാധിക്കും.
.

Apr 2, 2014

മേരി പൗലോസിന്റെ മണം

A   new generation story


ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കണമെന്നായിരുന്നു അബ്ബാസ് അലിയുടെ മോഹം. ക്രിസ്ത്യന്‍ പെണ്ണിന് വല്ലാത്തൊരു മണമാണെന്നാണ് അബ്ബാസ് അലിയുടെ നിരീക്ഷണം. ലഹരി പിടിപ്പിക്കുന്ന മണം. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇന്റര്‍ബെല്ലിന്റെ നേരത്ത് കൂട്ടുകാരന്റെ കയ്യിലെ കോല്‍ഐസ് തട്ടിപ്പറിക്കാന്‍ ഓടുമ്പോള്‍ എതിരെ വന്ന മേരി പൗലോസുമായി കൂട്ടിയിടിച്ച സമയത്താണ് അവന് ആദ്യമായി ആ മണമടിച്ചത്. പിന്നീട് പലപ്പോഴും ആ മണം അവനില്‍ ലഹരിയായി വീശിയിട്ടുണ്ട്. ചിലപ്പോള്‍ ഒറ്റക്കിരുന്ന് പലതും ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് അവനെ ആ മണം വന്നുമൂടും. അപ്പോള്‍ അവന് മേരി പൗലോസിനോട് പ്രണയം വരും. അവളെ കാണണമെന്ന് ആഗ്രഹം തോന്നും. പക്ഷേ, എന്തു ചെയ്യാന്‍, നാലാം ക്ലാസ് കഴിഞ്ഞതില്‍ പിന്നെ അവളെ കണ്ടിട്ടില്ല.
ഹൈസ്‌കൂള്‍ കാലത്തും കോളെജു കാലത്തും ഒരു ക്രിസ്ത്യന്‍ പെണ്ണിനെ പ്രണയിക്കാനുള്ള ആശ നിറവേറിയില്ല.
ഫെയ്‌സ്ബുക്കില്‍ അവന്‍ ഫെയ്ക് ഐഡിയുണ്ടാക്കി ഇറങ്ങിയതു തന്നെ ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ വളച്ചെടുക്കാനായിരുന്നു. പക്ഷേ, ഒരു ക്രിസ്ത്യന്‍ സുന്ദരിയും അവന്റെ വലയില്‍ വീണില്ല.
വിവാഹപ്രായമെത്തിയവരും വിവാഹം കഴിഞ്ഞവരും ഭര്‍ത്താവ് കൂടെയില്ലാത്തവരുമായ നാലഞ്ച് പെണ്ണുങ്ങളുമായി ചില തുറന്ന ബന്ധങ്ങള്‍ അവനുണ്ടായിരുന്നു. പക്ഷേ, അവരൊന്നും ക്രിസ്ത്യാനായിരുന്നില്ല.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം തീരെ പ്രതീക്ഷിക്കാതെ അവന്റെ ഫെയ്‌സ്ബുക്ക് ഇന്‍ബോക്‌സില്‍ ഒരു മെസ്സേജ് വന്നു ചാടിയത്. ഒരു മേരി പൗലോസ്. ഹായ്!
 ഇന്‍ ബോക്‌സില്‍ നിന്ന് ഒരു മണം വന്ന് അവനെ ലഹരി പിടിപ്പിച്ചു.
ഇത് ആ മേരിക്കുട്ടിയാണോ...
അവന്‍ അവളുടെ പ്രൊഫൈലില്‍ ചെന്നു നോക്കി.  ഇതൊരു കോഴിക്കോട്ടുകാരി അച്ചായത്തിയാണ്. 35 വയസ്സെന്നാണ് ചേര്‍ത്തിരിക്കുന്നത്. അവള്‍ക്കിപ്പോള്‍ ഇരുപത്തഞ്ചായിട്ടേ ഉണ്ടാവൂ...
അവന്‍ മേരി പൗലോസിനൊരു ഇന്‍ക്വസ്റ്റ് അയച്ചു. അഞ്ചുമിനിറ്റിനുള്ളില്‍ ചാറ്റ് ബോക്‌സില്‍ ഒരു ഹായ് വന്നു വീണു.
മേരി പൗലോസ് പച്ചയില്‍ ചിരിക്കുന്നു.
അവന്‍ തിരിച്ചും ഹായ് പറഞ്ഞു.
വിവാഹിതയാണെങ്കിലും കുഞ്ഞുങ്ങളില്ല. ഭര്‍ത്താവ് ബിസിനസ് മാന്‍. കൂടുതല്‍ ദിവസവും പുറത്ത്. ബോറടിക്കു കുറവില്ല. സംസാരിച്ചിരിക്കാന്‍ ഒരാളെ കിട്ടിയതു വലിയ ആശ്വാസമായെന്നും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞാണ് അവള്‍ മാഞ്ഞത്.
അവന് അന്നും മേരി പൗലോസിനെ മണത്തു. വല്ലാത്ത ലഹരിയില്‍ തന്നെ.
പിറ്റേന്നും അവന്‍ അവളുടെ തലയില്‍ പച്ച കത്തുന്നതും കാത്ത് ഫെയ്‌സ്ബുക്കിന്റെ വക്കത്തിരുന്നു.
ഒരു മുസ്‌ലിം ചെക്കനെ പ്രണയിച്ച് വിവാഹം കഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.
അവള്‍ പറഞ്ഞു.
എനിക്കും.. ഒരു ക്രിസ്ത്യന്‍ പെണ്ണിനെ...
അവന്റെ വാക്കുകള്‍ കേട്ട് അവള്‍ പൊട്ടിച്ചിരിച്ചു.
എന്നിട്ട് നീയെന്തേ ഇതുവരെ എന്റെ മുന്നില്‍ വരാതിരുന്നത്.
അപ്പോള്‍ അവന് മേരി പൗലോസിനെ മണത്തു.
അവന്‍ പറഞ്ഞു.
നിന്റെ മണം എന്നെ ലഹരി പിടിപ്പിക്കുന്നു.
അതിന് നിനക്ക് എവിടെ നിന്നു കിട്ടി എന്റെ മണം.
ഇതാ.. എന്റെ കയ്യിലെ മൗസ് നിന്റെ വിരലുകളാണ്.. ഈ മോണിറ്റര്‍ നീയാണ്..
വീഡിയോ ചാറ്റിങാണ് അബ്ബാസ് അലിയുടെ ഹരം. അവന്‍ വെബ് ക്യാമറ നേരെയാക്കി.
അവള്‍ കാണാന്‍ സുന്ദരിയായിരുന്നു. വെളുത്ത് തടിച്ച്...
അവന് അവളെ ഒന്നു മണക്കണമെന്ന് തോന്നി. ഒന്ന് തൊടണമെന്നും..
എന്നാലിങ്ങ് പോര്..
അവള്‍ പറഞ്ഞു.
ദാ വന്നു..
അവന്‍ പറഞ്ഞു.
അയ്യോ, ഇപ്പോ വരണ്ട. തിങ്കളാഴ്ച വാ. അന്നു ഞാന്‍ തനിച്ചായിരിക്കും.
വരാം..
പറ്റിക്കുമോ..
തിങ്കളാഴ്ച രാവിലെ കുളിച്ചൊരുങ്ങി അവന്‍ അവളുടെ വീട്ടിലെത്തുമ്പോള്‍ അവളവനെ കാത്തിരിക്കുകയായിരുന്നു.
അവന് മേരി പൗലോസിനെ മണത്തു.
നീ അവളു തന്നെ...
അവന്‍ പറഞ്ഞു.
എവളെന്ന് അവള്‍ ചോദിച്ചില്ല.
അവള്‍ ചായയും പലഹാരങ്ങളും എടുത്തുവെച്ചു.
അവന്‍ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
ചായ കുടിച്ചെന്നു വരുത്തി അവന്‍ അവളെയും കൂട്ടി ബെഡ്‌റൂമിലേക്ക് പോയി. അവന് കാത്തിരിക്കാന്‍ വയ്യായിരുന്നു.
ചാറ്റിലും ഫോണിലും കാണുന്ന ഉശിരൊക്കെ എവ്‌ടെപ്പോയി..
അവന്‍ തലതാഴ്ത്തി നിന്നു..
അത് പിന്നെ...
ന്നാലും നിന്റെ തലേക്കെട്ട് എന്നെ രസിപ്പിച്ചൂട്ടോ...
അവള്‍ അവന്റെ ചെവിയില്‍ മൂളി. അവന് ഉണര്‍വുണ്ടായി. പക്ഷേ, അതിനു മുമ്പേ അവളുടെ ഫോണ്‍ ബെല്ലടിച്ചു.
അച്ചായനാ... യാത്ര മുടങ്ങി.. തിരിച്ചു വരുന്നെന്ന്... നീ പൊയ്‌ക്കോ...
അവന്‍ പിന്നെ സമയം കളഞ്ഞില്ല.
അന്ന് രാത്രി അവന്‍ അവള്‍ക്കൊരു മെസേജ് വിട്ടു.
ഇനിയെന്നാ...
ഒരു മള്‍ട്ടിമീഡിയ മെസ്സേജാണ് മറുപടിയായി വന്നത്. ഒരു വീഡിയോ ക്ലിപ്പായിരുന്നുവത്. അവനും അവളും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ വിദഗ്ധമായി ആരോ പകര്‍ത്തിയിരിക്കുന്നു..
അവന്റെ മുഖം വ്യക്തമാണ്. അവളുടെ മുഖം മാത്രം എവിടെയും പതിഞ്ഞിട്ടില്ല.
അവന്‍ അവളെ തിരിച്ചു വിളിച്ചു.
എങ്ങനെണ്ട്...
അവള്‍ ചോദിച്ചു..
എന്താദ്.. ആരാദ് പകര്‍ത്തീത്..
ഞാന്‍ തന്നെ...
അതൊരു ആണിന്റെ ശബ്ദമായിരുന്നു.
നിങ്ങളാരാ...
അവന്റെ കൈ വിറച്ചു. ഫോണ്‍ നിലത്തുവീഴുമോ എന്നുപോലും തോന്നിപ്പോയി.
ഞാനിവളുടെ ഇച്ചായനാ... നിന്റെ പെര്‍ഫോമന്‍സ് തീരെ പോരല്ലോടാ...
അത്..
ഞാനിത് യൂടൂബില്‍ അപ്‌ലോഡ് ചെയ്‌തോണ്ടിരിക്കാ.. ലിങ്ക് ഇപ്പൊ എസ്.എം.എസ് അയക്കാട്ടോ..
അയ്യോ.. ചതിക്കല്ലേ... അതില് എന്നെ വ്യക്തമായി കാണുന്നുണ്ട്... അതു വന്നാല്.. പിന്നെ ആത്മഹത്യ ചെയ്താ മതി..
അപ്‌ലോഡ് ചെയ്യുന്നില്ല, പക്ഷേ എനിക്കതുകൊണ്ടെന്ത് ഗുണം..
വീട് തകര്‍ന്ന് തന്റെ തലയിലേക്ക് വീഴുകയാണോ എന്ന് അബ്ബാസ് അലിക്ക് തോന്നി. അവന്‍ തലക്കുമുകളില്‍ കൈ വെച്ചുപോയി.
നീ ഒന്നും പറഞ്ഞില്ല...
അയാളുടെ ശബ്ദത്തിന് കനം കൂടി..
ഞാനെന്താ ചെയ്യേണ്ടത്.
എനിക്ക് ഒരു ലക്ഷം രൂപ തരാനൊക്കുമോ..
ഒരു ലക്ഷമോ..
അവന് തല കറങ്ങി...
ഒരു ലക്ഷം... പെട്ടെന്നു വേണ്ട, ഒരു മാസത്തെ സമയം തരാം. ഇന്ന് ഒക്‌ടോബര്‍ 10. നവംബര്‍ 10വരെ സമയമുണ്ട്. പത്തിന് പണം കിട്ടിയില്ലെങ്കില്‍ 11ന് യൂടൂബില്‍ നിന്റെ ഹിറ്റ്...
വല്ലാത്തൊരു ചിരിയോടെ ഫോണ്‍ കട്ടായി.
ആ ചിരി തന്റെ നെഞ്ചിനുള്ളില്‍ മിന്നലായി പടരുന്നുണ്ടെന്ന് അവന് തോന്നി. ഹൃദയം വല്ലാതെ പിടക്കുന്നു. അവന്‍ എഴുന്നേറ്റ് കുറച്ചുവെള്ളം കുടിച്ചു. വെള്ളം ചങ്കില്‍കെട്ടി. കുരച്ചു. തലച്ചോറിനകത്തേക്ക് വെള്ളം കയറി.. അവന്‍ പിടഞ്ഞ് കട്ടിലിലേക്ക് വീണു.
വല്ലാത്തൊരു വലയിലാണല്ലോ ചെന്നു ചാടിയതെന്നാലോചിച്ച് അവന്റെ ഉറക്കം പോയി.
പണമുണ്ടാക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുന്നതിനിടയില്‍ ഇടക്കിടെ ഞെട്ടിയെണീറ്റ് അവന്‍ യൂടൂബില്‍ എന്തോ തിരഞ്ഞു.
ഒരാഴ്ചയോളം അവന് തലതെളിഞ്ഞില്ല. പണമൊപ്പിക്കാനുള്ള വഴികളൊന്നും തെളിഞ്ഞു വന്നില്ല. ഒരു മാസം കൊണ്ട് ഒരു ലക്ഷം പോയിട്ട് പതിനയ്യായിരം ഉണ്ടാക്കാന്‍ കഴിയോ.
നഗരത്തിലെ ഒരു മൊബൈല്‍ഷോപ്പില്‍ സെയില്‍സ്മാനായിരുന്നു അബ്ബാസ് അലി. ദിവസം മുന്നൂറു രൂപയാണ് കൂലി. അതവന്റെ ഫോണും നെറ്റും റീചാര്‍ജ് ചെയ്യാന്‍ തികയില്ലായിരുന്നു.
പത്താം ദിവസം അര്‍ദ്ധ രാത്രി ഫെയ്‌സ്ബുക്കില്‍ അലയുന്നതിനിടെ അവന്‍ പണത്തിനുള്ള ഒരു ഉപായം കണ്ടെത്തി.
മേരി പൗലോസിന്റെ തന്ത്രം തിരിച്ചു പയറ്റുക. പണമുള്ള ഒരു പെണ്ണിനെ വളക്കണം. ഗള്‍ഫില്‍ ഭര്‍ത്താവുള്ള ഒരു പെണ്ണാണെങ്കില്‍ സംഗതി എളുപ്പം, വളക്കാനും പണം കിട്ടാനും. മുസ്‌ലിം പെണ്ണിനെയാണ് വളക്കാന്‍ എളുപ്പമെന്നാണ് അവന്റെ വിശ്വാസം. രണ്ടു മൂന്നു പെണ്‍പ്രൊഫൈലില്‍ ചൂണ്ടയിട്ടു നോക്കിയെങ്കിലും ഒന്നും കൊത്തുന്ന ലക്ഷണമില്ല. തല്‍ക്കാലം മതിയാക്കി എഴുന്നേല്‍ക്കാന്‍ നേരത്താണ് ഒരു സല്‍മ ഫാത്തിമയുടെ തലയില്‍ പച്ച കത്തിയത്.
ഹായ്..
ഏറെ കാത്തിരിക്കേണ്ടി വന്നില്ല. മറുപടി വന്നു..
ഹായ്...
ഉറങ്ങുന്നില്ലേ..
ഉറക്കം വരുന്നില്ല..
എന്തു പറ്റി..
ഒന്നൂല...
വീട്ടിലാണോ..
അതെ..
വീട്ടിലാരൊക്കെയുണ്ട്...
ഒരു മോളുണ്ട്.. ഉറങ്ങി...
ഹസ്ബന്റ്...
ഖത്തറിലാ...
ഉറക്കാന്‍ ഞാന്‍ വരണോ...
അയ്യട.. വേണ്ട...
ചോദിച്ചെന്നേയുള്ളു...
മാരീടാണോ..
അല്ല..
എന്താ അവിടെ ഉറക്കമൊന്നുല്ലേ...
ഉറക്കം വരുന്നില്ല...
ഉറക്കാന്‍ ഞാന്‍ വരണോ എന്ന് ചോദിക്കുമെന്ന് കരുതി അല്ലേ...
ഹ..ഹ ഏയ്..
ഏറെ സമയം വേണ്ടി വന്നില്ല, അവളാണ് ആദ്യം അവന് കോള്‍ ചെയ്തത്. വീഡിയോ കോള്‍. വെബ് ക്യാമറ നേരെയാക്കി ഹെഡ് ഫോണ്‍ തലയില്‍ വെച്ച്  അവന്‍ കോള്‍ കണക്ട് ചെയ്തു.
വെബ് ക്യാമറ ആദ്യം ഫോക്കസ് ചെയ്തത് അവളുടെ നിറഞ്ഞ മാറിടമായിരുന്നു. പക്ഷേ, അവന്‍ കണ്ടത് അവിടെ കിടക്കുന്ന കട്ടിയുള്ള സ്വര്‍ണമാലയാണ്.
അവള്‍ സുന്ദരിയായിരുന്നു. തട്ടമിട്ട സുന്ദരി. ശബ്ദവും മനോഹരമായിരുന്നു.
അവരന്ന് ഉറങ്ങിയതേയില്ല.
പിറ്റേന്ന് രാവിലെ അവള്‍ അവനോടു പറഞ്ഞു.
നിന്റെ ആ വലിയ കണ്ണുകള്‍ എന്നെ കീഴടക്കീട്ടോ...
അവന് അഭിമാനം തോന്നി.
ആ കണ്ണുകള്‍ എനിക്കു തരോ എന്ന് ചോദിച്ചത് ഉച്ചക്കാണ്. വൈകുന്നേരം, നീയിങ്ങോട്ട് വരുന്നോ എന്നാണ് ചോദിച്ചത്.
അന്നു രാത്രിയും അവരുറങ്ങിയില്ല. അവന്‍ ചുളുവില്‍ അവളുടെ സാമ്പത്തികനില ചുഴിഞ്ഞറിയുന്നുണ്ടായിരുന്നു.
ലക്ഷങ്ങളാണ് ബാങ്കില്‍. കയ്യിലും കഴുത്തിലും കാതിലും കിടക്കുന്നത് പത്തമ്പത് പവന്‍ വരും. എഴുപത് പവനോളം ലോക്കറിലാണ്. ടൗണില്‍ രണ്ടു ടെക്‌സ്റ്റയില്‍സുകളുണ്ട്. നോക്കി നടത്തുന്നത് ഭര്‍ത്താവിന്റെ അനിയന്‍മാരാണ്. ഭര്‍ത്താവ് ഖത്തറില്‍ നിന്ന് അഞ്ചോ ആറോ മാസം കൂടുമ്പോഴാണ് വരവ്. അയാള്‍ക്കവിടെ ഒരു സെറ്റപ്പുണ്ടെന്നും അവള്‍ പറഞ്ഞു.
പിറ്റേന്ന് രാവിലെ അവള്‍ വിളിച്ചു.
എടാ.. നീയൊരു ഉപകാരം ചെയ്യോ..
എന്തേ.. എന്തു പറ്റി..
എന്റെയൊരു കൂട്ടുകാരി ഇപ്പോള്‍ ടൗണിലുണ്ട്. അവള്‍ക്ക് കുറച്ച് പണത്തിന്റെ അത്യാവശ്യം. ഞാനാണേല്‍ രാവിലെ പെട്ടെന്ന് എറണാംകുളത്തേക്ക് പോരേണ്ടി വന്നു. കെട്ടിയവന്റെ അമ്മായി മരിച്ചു. ഇരുപത്തയ്യായിരം രൂപ നീ ഒന്നു സംഘടിപ്പിച്ചു കൊടുക്കോ... നാളെ രാവിലെ ഞാന്‍ തിരിച്ചെത്തും.. തിരിച്ചെത്തിയാലുടനെ തിരിച്ചു തരാം...
അതിനെന്താ ഞാന്‍ സംഘടിപ്പിച്ചു കൊടുത്തോളാം.. ഇരുപത്തയ്യായിരത്തിന്റെ പ്രശ്‌നല്ലേയുള്ളു...
എന്നാ ഞാനവള്‍ക്ക് നിന്റെ നമ്പര്‍ കൊടുക്കാം.
അവള്‍ വിളിക്കും മുന്‍പ് രണ്ടു മൂന്നു കൂട്ടുകാര്‍ക്ക് വിളിച്ച് പണം സംഘടിപ്പിക്കാനൊരു ശ്രമം നടത്തി. അതു നടക്കാതെ വന്നപ്പോഴാണ് വീടിനടുത്തു തന്നെയുള്ള വട്ടിക്കാരന്‍ പിള്ളേച്ചനെ വിളിച്ചത്.
ഇരുപത്തഞ്ചോ അന്‍പതോ വേണോല്‍ തരാം.. പലിശ മൊടക്കിയാ വിവരമറിയുംട്ടോ..
ഏയ് രണ്ടു ദിവസത്തെ പ്രശ്‌നേള്ളൂ...
രണ്ടു ദിവസായാലും ഒരാഴ്ചായാലും പത്ത് ശതമാനാ ഇന്‍ട്രന്‍സ്...
അതൊന്നും സാരല്ലാ...
ന്നാ വീട്ടിക്ക് വന്നോ...
പിള്ളേച്ചനെ വിളിച്ചുവെച്ചതും അവള്‍ വിളിച്ചു. അരമണിക്കൂറിനുള്ളില്‍ നഗരത്തിലെ കെ.ആര്‍ ബേക്കറിയില്‍ കാണാമെന്നു പറഞ്ഞു.
പണവുമായി അബ്ബാസ് അലി ബേക്കറിയില്‍ എത്തുമ്പോഴേക്കും അവള്‍ അവിടെ എത്തിയിരുന്നു.
ചുവന്ന ചുരിദാറിട്ട ഒരു മെലിഞ്ഞ സുന്ദരി. രമ്യ. സല്‍മയുടെ കൂട്ടുകാരിയാണ്. അമ്മയുടെ ചികിത്സക്കാണ് പണം. കാല്‍മുട്ടിന് ഒരു ഓപ്പറേഷന്‍ വേണ്ടി വന്നു.
സല്‍മയെക്കുറിച്ച് അവള്‍ക്ക് നൂറ് നാവായിരുന്നു. പരോപകാരി. സത്‌സ്വഭാവി.. പണത്തോട് ആര്‍ത്തിയില്ല. അമ്മയുടെ ചികിത്സാ ചെലവു മുഴുവന്‍ അവളാ വഹിക്കുന്നത്.
രമ്യ അപ്പോള്‍ തന്നെ സല്‍മയെ വിളിച്ചു.
പണം കിട്ടിയെന്നും വലിയ ഉപകാരമായെന്നും പറഞ്ഞു.
അന്ന് രാത്രി രമ്യയുടെ വിളി വന്നു. ഫോണ്‍ എടുത്തതും ഒരു കരച്ചിലാണ് ആദ്യം കേട്ടത്.
എന്താ എന്തു പറ്റി.
കുറച്ച് പണം കൂടെ വേണം.. സല്‍മയെ വിളിച്ചിട്ട് കിട്ടുന്നില്ല.. ഫോണ്‍ സിച്ച്ഓഫ് ആണ്... അവിടെ മരണവീടല്ലേ... രാവിലെ പൈസ കിട്ടിയില്ലെങ്കില്‍ ഓപ്പറേഷന്‍ നടക്കില്ല...
ഞാന്‍ നോക്കട്ടെ...
അപ്പോള്‍ തന്നെ അവന്‍ പിള്ളേച്ചനെ വിളിച്ചു. പണം വാങ്ങി രമ്യക്ക് വിളിച്ചു.
മെഡിക്കല്‍ കോളെജിലേക്ക് വരാന്‍ കഴിയോ എന്നവള്‍ ചോദിച്ചു.
അത്രയും ദൂരം.. ആ രാവിലെ വരാം...
അതിരാവിലെ എഴുന്നേറ്റ് അവന്‍ പോകാനൊരുങ്ങുമ്പോള്‍ ഫോണിലേക്ക് രമ്യയുടെ വിളി.
ദാ ഞാനിറങ്ങി
അവന്‍ പറഞ്ഞു.
എന്റെ ഒരു അമ്മായിയുടെ മകള്‍ ഇങ്ങോട്ട് വരുന്നുണ്ട്. അവളുടെ അടുക്കല്‍ കൊടുത്തയച്ചാല്‍ മതി. വെറുതെ ഇത്രയും ദൂരം...
ആയ്‌ക്കോട്ടെ..
അവള്‍ നിന്നെ വിളിക്കും.
അഞ്ചു മിനിറ്റിനുള്ളില്‍ വിളി വന്നു.
രമ്യ പറഞ്ഞയാളാ.. ബസ്റ്റാന്റിലുണ്ട്.
അവന്‍ ബസ്റ്റാന്റിലെത്തി.
വിനയ. ഒരു കറുത്ത സുന്ദരി.
സംസാരിച്ച് കൊതിതീര്‍ന്നില്ല അവന്...
ഫോണ്‍ നമ്പറുണ്ടല്ലോ.. വിളിക്കണം..
എന്നു പറഞ്ഞാണവള്‍ ബസ് കയറിയത്.
ബസ്സ്റ്റാന്റില്‍ നിന്ന് തിരിക്കും മുന്‍പ് സല്‍മയുടെ വിളി വന്നു.
രമ്യ അവളെ വിളിച്ചിരുന്നു.
ഒരുപാട് നന്ദി പറഞ്ഞു അവള്‍..
രാത്രി വിളിക്കാമെന്നും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും പറഞ്ഞാണ് സല്‍മ ഫോണ്‍വെച്ചത്.
എന്നാല്‍ രാത്രി അവര്‍ക്ക് കൂടുതലൊന്നും സംസാരിക്കാനായില്ല.
രാവിലെ നാട്ടിലേക്ക് തിരിക്കുമെന്നും നാട്ടിലെത്തിയാല്‍ വിളിക്കാമെന്നും പറഞ്ഞു.
രാത്രി അവന്‍ വിനയക്ക് വിളിച്ചു. വിനയ ആശുപത്രിയില്‍ ബോറടിച്ചിരിക്കുകയായിരുന്നു.
കുറേ നേരം സംസാരിച്ചങ്ങനെ ഇരുന്നു...
നിന്റെ കണ്ണുകളുടെ തിളിക്കം എന്റെ കണ്ണില്‍ നിന്നും മായുന്നില്ലല്ലോ കുട്ടാ..
അവളുടെ വാക്കുകള്‍ അവനെ പുളകിതനാക്കി.
നിന്റെയും..
അവന്‍ പറഞ്ഞു..
എന്ത്...
കണ്ണിന്റെ തിളക്കവും.. പിന്നെ....
പിന്നെ....
ഉം...
ഫോണില്‍ പൈസ തീര്‍ന്നു.
ആ നേരത്താണ് മേരി പൗലോസിന്റെ നമ്പറില്‍ നിന്ന് കോള്‍ വന്നത്.
കുട്ടാ.. എവിടെ.. ഒരു വിവരവും ഇല്ലല്ലോ..
അത്..
അവന് നാവു വിറച്ചു.
ഒന്നൂല, ദിവസങ്ങള്‍ കഴിഞ്ഞു കൊണ്ടിരിക്കാന്ന് ഓര്‍മിപ്പിക്കാന്‍ വിളിച്ചതാ...
അത്...
അപ്പോഴേക്കും ഫോണില്‍ ആണ്‍ ശബ്ദം കേറി വന്നു.
ഇനി പതിനഞ്ച് ദിവസം കൂടിയേയുള്ളു.. മറക്കണ്ട...
ഫോണ്‍ കട്ടായി.
പതിനഞ്ച് ദിവസം....
അവന് വല്ലാതെ ദാഹിച്ചു. എത്ര വെള്ളം കുടിച്ചിട്ടും മാറാത്ത ദാഹം. ശരീരമാകെ പൊള്ളുന്ന പോലെ. അവന്‍ കുളിമുറിയില്‍ കയറി ഷവര്‍ തുറന്നു. ശരീരം വിറക്കുവേളം വെള്ളംകൊണ്ടു. എന്നിട്ടും ഉള്ളിലെ ചൂട് മായുന്നില്ല.
അവന്‍ മൊബൈല്‍ റീചാര്‍ജ് ചെയ്ത് സല്‍മക്ക് വിളിച്ചു..
രാവിലെ വീട്ടിലേക്ക് വാ... നിന്റെ പണം തരാം...
എനിക്കൊരു സഹായം കൂടി വേണം.
അവന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു.
എന്താ..
ഒരു ലക്ഷം രൂപ കൂടി തരണം... ഒരു മാസത്തിനുള്ളില്‍ മടക്കിത്തരാം...
ഏയ്.. വണ്‍ലാക്കിന്റെ പ്രശ്‌നല്ലേള്ളൂ... നീ രാവിലെ വാ.. നമുക്ക് ശരിയാക്കാം...
അവള്‍ പറഞ്ഞു.
അവന് വലിയ ആശ്വാസമായി. കുറെ ദിവസമായി അവന്റെ ഉള്ളില്‍ ഒരു കനല്‍കട്ട എരിഞ്ഞുകിടക്കുന്നു. ഇടക്ക് നെഞ്ചെരിച്ചില്‍ പോലെ അതൊന്നാളും. അപ്പോള്‍ അവന്‍ വല്ലാതെ ചിന്താകുലനാവും. കയ്യും കാലും വിറക്കും. തല കറങ്ങും.
ആ കത്തലിനാണ് ഇപ്പോള്‍ ആശ്വാസമായിരിക്കുന്നത്. സല്‍മയോട് അവന് സത്യത്തില്‍ പ്രണയം വന്നു.
പുലരാന്‍ കാലത്താണ് അവനൊന്ന് ഉറങ്ങിയത്. രാവിലെ സല്‍മയുടെ ഫോണാണ് അബ്ബാസ് അലിയെ ഉണര്‍ത്തിയത്.
സോറി. കുട്ടാ.. നമ്മുടെ പ്ലാനുകളെല്ലാം തെറ്റി. ഇക്ക വരുന്നു. ഇന്നുച്ചക്ക് ഇക്ക എത്തും. പത്തു ദിവസം ഇവിടെ കാണും. ഇനി ഇക്ക പോയിക്കഴിഞ്ഞേ ഞാന്‍ നാട്ടിലേക്കു വരൂ...
അവന്റെ കണ്ണില്‍ ഇരുട്ടു കയറുന്നുണ്ടായിരുന്നു...
പന്ത്രണ്ട് ദിവസം കഴിഞ്ഞാണ് സല്‍മയുടെ ഇക്ക പോയത്. അത്രയും ദിവസം അവനൊന്നു കണ്ണടക്കാന്‍ പോലും കഴിഞ്ഞില്ല. ദുസ്വപ്നങ്ങള്‍ മാത്രമാണ് മനസ്സു നിറയെ.
അന്നു തന്നെ സല്‍മ നാട്ടില്‍ തിരിച്ചെത്തി. പിറ്റേന്ന് അവള്‍ വിളിച്ചു.
നാളെ വാ... നേരത്തെ വരണം.. ഞാന്‍ കാത്തിരിക്കും...
നേരം പുലരും മുന്‍പ് അവന്‍ അവളുടെ വീട്ടിലെത്തിയിരുന്നു. പതിനഞ്ച് കിലോമീറ്റര്‍ അകലെയായിരുന്നു അവള്‍ പറഞ്ഞ വീട്.
അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു ചെറിയ വീടായിരുന്നു അത്.
ഇത് ഒരു കൂട്ടുകാരിയുടെ വീടാ... ഇവിടാവുമ്പോ ആരും അറിയില്ല. എന്റെ വീട്ടില്‍ എപ്പോഴും ആരേലും വന്നോണ്ടിരിക്കും... അയല്‍വാസികളുടെ നിരീക്ഷണമാണ് സഹിക്കാനാവാത്തത്. ഒക്കെ അസൂയക്കാരാ.. സദാചാരപ്പോലീസിന്റെ ശല്യവും ചിലപ്പോള്‍ ഉണ്ടായിക്കൂടെന്നില്ല.
വിലകൂടിയ സ്‌പ്രേയുടെ മണം നിറഞ്ഞിരുന്നു അവിടമാകെ. അവളെ കടിച്ചു തിന്നാനാണ് അവന് തോന്നിയത്.
ആദ്യം നീ ഒന്ന് ഫ്രഷാവ്. മുഖത്ത് യാത്രാ ക്ഷീണമുണ്ട്.. ഞാനെന്തേലും കുടിക്കാനെടുക്കാം..
അവന്‍ ബാത്ത് റൂമിലേക്ക് കയറി.
അവള്‍ ക്ലാസില്‍ തണുത്ത ലഹരിയെഴിച്ചു. അവന് പരിചയമില്ലാത്ത രുചിയായിരുന്നുവത്. വളരെ പെട്ടെന്നാണ് ലഹരി തലയിലേക്ക് കയറിയത്.
ശരീരങ്ങള്‍ ഒന്നായിത്തുടങ്ങുമ്പോഴാണ് കാളിംങ് ബെല്ല് ശബ്ദിച്ചത്.
ച്ചെ, ആരാണിത്.. വല്ല യാചകരുമായിരിക്കും...
പക്ഷേ, ബെല്ല് നില്‍ക്കാതെ ശബ്ദിച്ചപ്പോള്‍ അവള്‍ സാരി നേരെയാക്കി എഴുന്നേറ്റു. അവന്‍ ഒരു വിരിപ്പ് വാരിച്ചുറ്റി കട്ടിലില്‍ തന്നെ കിടന്നു.
ഹേ നിങ്ങളായിരുന്നോ...
രമ്യയും വിനയയുമായിരുന്നു അത്.
അവന്‍ വല്ലാതായി..
ഹാ.. നല്ല സമയത്താണല്ലോ വന്നുകേറിയത്..
അവര്‍ രണ്ടാളും അവന്റെ സമീപത്തിരുന്നു.
നിങ്ങള്‍ സംസാരിച്ചിരിക്കിം ഞാനിപ്പൊ വരാം.
സല്‍മ അകത്തേക്കു കയറി.
എന്താ മുഖമാകെ ചുകന്നിട്ടുണ്ടല്ലോ..
രമ്യ അവന്റെ മുഖത്ത് തൊട്ടു..
ഏയ്..
ആളൊരു ചുള്ളനാണല്ലോ.. ഫോണിലൂടെ എന്തൊക്കെയാണ് പറഞ്ഞിരുന്നത്.. കയ്യില്‍ കിട്ടിയാല്‍ കടിച്ചു തിന്നുമെന്ന് പറഞ്ഞിട്ട്...
വിനയ അവന്റെ അടുത്തേക്കിരുന്നു. അവന്റെ തോളിലൂടെ കയ്യിട്ട് മുഖം മുഖത്തോട് ചേര്‍ത്തു.
ഞങ്ങള്‍ രണ്ടാളും കൂടി നിന്നെ ബലാത്സംഗം ചെയ്യാന്‍ പോകാ...
രമ്യ അവനെ പുണര്‍ന്നു. വിനയ അവനെ വിവസ്ത്രയാക്കി. അവര്‍ രണ്ടാളും അവന്റെ ശരീരത്തിലേക്ക് പടര്‍ന്നു. അവന് ശ്വാസം മുട്ടി.
അവനെ പെട്ടെന്ന് ഒരു ഭയം വന്ന് മൂടി. അതിനേക്കാള്‍ വേഗത്തില്‍ ആ ഭയം അകലുകയും അവന് ഉണര്‍ച്ചയുണ്ടാവുകയും ചെയ്തു. അവന്‍ അവരെ ചേര്‍ത്തുപിടിച്ചു.
ഞങ്ങളെ കൊല്ലല്ലേട്ടോ..
അപ്പോഴേക്കും സല്‍മ വന്നു.
ആ പാവത്തിനെ വെറുതെ വിടിം...
അവള്‍ അവനെ അവര്‍ക്കിടയില്‍ നിന്നും ഊര്‍ന്നിറക്കി അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. അവിടെ രണ്ടു മൂന്നു കമ്പ്യൂട്ടറുകളും ഒരു ടി.വിയുമുണ്ടായിരുന്നു.
ഇതാ ഇവിടെ ഇരി..
അവള്‍ അവനെ ഒരു കസേരയില്‍ ഇരുത്തി..
നോക്ക് നിനക്ക് ഞാന്‍ ഒരു രസം കാണിച്ചുതരാം...
അടുത്തുള്ള കമ്പ്യൂട്ടറിനു മുന്നിലേക്ക് അവന്‍ ഇരുന്നു.
ഒരു വീഡിയോ ദൃശ്യമാണ് സ്‌ക്രീനില്‍ തെളിഞ്ഞത്. അത് അവന്‍ അവളുമായി നടത്തിയ വീഡിയോ ചാറ്റിംഗ് ദൃശ്യമായിരുന്നു. അവന് നാണം വന്നു..
കള്ളന്‍.. എന്തൊക്കെയാ കാണിക്കണത്...
ഇതൊക്കെ നീ റെക്കോര്‍ഡ് ചെയ്തിരുന്നോ...
പെട്ടെന്ന് അവന് മേരിപൗലോസിനെ മണത്തു. ആ മണം ഒരു മള്‍ട്ടിമീഡിയ മെസേജായി അവന്റെ നെഞ്ചില്‍ വന്നുവീണു. അവന്‍ ചാടി എഴുന്നേറ്റു.
ഏയ്, കഴിഞ്ഞിട്ടില്ല.. നോക്ക്.. ഇതാ മറ്റൊരു രസം..
അവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി. മോണിറ്ററിലെ ദൃശ്യങ്ങള്‍ അവളുടെ കണ്ണിലാണ് അവന്‍ കണ്ടത്.
അതും ഒരു വീഡിയോ ക്ലിപ്പ് ആയിരുന്നു.
സല്‍മയും അവനും തമ്മിലുള്ള കിടക്ക രംഗമായിരുന്നു അത്..
ചൂടാറാത്ത സാധനാ... എന്താ ചെക്കന്റെ ആവേശം..
ഇത്...
ഹ ഹ ഹ...
ഇത് നേക്ക്..
മറ്റൊരു വീഡിയോ ക്ലിപ്പില്‍ മൗസ് അമര്‍ന്നു.
അതില്‍ വിനയയും രമ്യയും താനും.... അവന്‍ പൂര്‍ണ നഗ്‌നനായി നില്‍ക്കുന്നു... എല്ലാത്തിലും തന്റെ മുഖം വ്യക്തമാണെന്നും പെണ്‍രൂപങ്ങളൊക്കെ മുഖം തിരിഞ്ഞാണെന്നും അവന്‍ കണ്ടുപിടിച്ചു.
നോക്കണ്ട, സ്ത്രീകള്‍ക്കൊന്നും മുഖമില്ല. ശരീരമേയുള്ളു... പുരുഷന്‍മാര്‍ക്ക് ആകെയുള്ളതീ മുഖമാണല്ലോ...
വിനയ പൊട്ടിച്ചിരിക്കുന്നു.
എന്തൊക്കെയാണിത്..
അവന്‍ നിന്ന് വിറക്കുകയായിരുന്നു. താന്‍ അവിടെ കുഴഞ്ഞുവീഴുമെന്ന് അവന് തോന്നി.
മറുപടി പറഞ്ഞത് രമ്യയാണ്.
ഇവിടെ ചുമരുനിറച്ചും ക്യാമറകളാ...
എന്താ.. എന്താ നിങ്ങളെ ഉദ്ദേശ്യം...
തലയില്‍ നിന്നും ലഹരി പാഞ്ഞിറങ്ങിയെങ്കിലും അവന്റെ നാവു കുഴഞ്ഞിരുന്നു.
ഞങ്ങള്‍ക്കൊരുദ്ദേശോല്ല.. എന്താ നിന്റെ ഉദ്ദേശ്യം...
അത്.. എനിക്കെന്റെ പണം...
എന്ത് പണം... ഇത്രയൊക്കെ തോന്ന്യാസങ്ങള്‍ കാണിച്ചിട്ട് പണം വേണംന്നോ...
നിങ്ങളെന്നെ പറ്റിക്കുകയായിരുന്നോ.. നിങ്ങളെ ഞാന്‍.. എടീ..
അവന്‍ അവരുടെ നേര്‍ക്ക് ചാടിയെണീറ്റു. പക്ഷേ, അതിനുള്ള കരുത്ത് അവനുണ്ടായിരുന്നില്ല. അവന്‍ തളര്‍ന്ന് നിലത്തേക്ക് വീണു.
അപ്പോള്‍ അടുത്ത റൂമില്‍ നിന്നും തടിമിടുക്കുള്ള ഒരു ചെറുപ്പക്കാരന്‍ അങ്ങോട്ടു വന്നു.
എന്താണിവിടെ...
ഒന്നൂല്ല, ഒരു പാവം.. ഇവനെ ഒന്നു ടൗണില്‍കൊണ്ടുപോയി വിട്ടേക്ക്...
അവന്‍ അര്‍ധ നഗ്നനായിരുന്നു. ആ മല്ലന്‍ അവനെ തൂക്കിയെടുത്തു.
എന്റെ ഡ്രസ്സ്... എന്റെ ഫോണ്...
അവന്‍ കരഞ്ഞു...
പാവം... അവന്‍ അവന്റെ ഡ്രസ് എടുത്തോട്ടെ...
രമ്യ അവന്റെ പാന്റും ഷര്‍ട്ടും എടുത്തു കൊണ്ടു വന്നു. പോക്കറ്റിലുണ്ടായിരുന്ന നാലയ്യായിരം രൂപ അവളെടുത്തു.
കുപ്പായ കീശയില്‍ നിന്ന് അവന്റെ ഫോണെടുത്ത് വിനയ ചിരിച്ചു..
ഹാ ഇത് സ്മാര്‍ട്ട് ഫോണാണല്ലോ.. നിനക്കെന്തിനാ സ്മാര്‍ട്ട് ഫോണ്‍...
അവള്‍ അതിലെ സിം ഊരിയെടുത്ത് അവളുടെ കയ്യിലുണ്ടായിരുന്ന ഒരു പൊട്ടിപ്പൊളിഞ്ഞ ഫോണിലിട്ട് കൊടുത്തു..
ഒരുപാട് സുന്ദരികള്‍ വിളിക്കാനുള്ളതല്ലേ... ദാ ഫോണ്‍...
അവന്‍ ഇറങ്ങും മുന്‍പ് ഈ സുന്ദരമായ ദിവസത്തിന്റെ ഓര്‍മക്ക് എന്ന് പറഞ്ഞ് സല്‍മ അവനൊരു കിസ്സ് കൊടുത്തു.
അവനത് തീക്കൊള്ളികൊണ്ടുള്ള ഒരു കുത്തായാണ് അനുഭവപ്പെട്ടത്. പൊള്ളല്‍സഹിക്കാതെ അവന്‍ ഇമ്മാന്ന് നിലവിളിച്ചു.
അപ്പോ ഇമ്മാനൊക്കെ ഓര്‍മണ്ട്‌ലേ..
എന്നും പറഞ്ഞ് മല്ലന്‍ അവനെ ഒരു ജീപ്പിലേക്ക് വലിച്ചിട്ടു.
ആളൊഴിഞ്ഞ ഒരു റോഡില്‍ അയാള്‍ അവനെതള്ളി.
ഒരു വാഹനം വന്ന് തന്നെ ചതച്ചരച്ച് കളഞ്ഞെങ്ങിലെന്ന് അവന്‍ ആഗ്രഹിച്ചുപോയി. പക്ഷേ ആ വഴിയിലൂടെ ഒരു വാഹനവും വന്നില്ല. വീട്ടിലേക്ക് പോവണോ ആത്മഹത്യ ചെയ്യണോ എന്ന് ചിന്തിച്ച് നടുറോട്ടില്‍ തന്നെ കിടക്കുമ്പോഴാണ് അവന്റെ ഫോണ്‍ ശബ്ദിച്ചത്.
മേരി പൗലോസിന്റെ നമ്പര്‍..
ഹായ്.. ഇനി ഒരു ദിവസമേ ബാക്കിയുള്ളു.. നാളെ നമുക്ക് കാണണം.. കാണുമല്ലോ അല്ലേ...
അവനൊന്നും മിണ്ടിയില്ല..
നെറ്റില്‍ ഇപ്പോഴും സജീവമല്ലേ... ഫെയ്‌സ്ബുക്കിലും യൂടൂബിലുമൊക്കെ എന്തൊക്കെ പുതിയ പോസ്റ്റുകളാ ദിവസവും അല്ലേ... വീട്ടുകാരോട് അന്വേഷണം പറയണംട്ടോ...
വല്ലാത്തൊരു ചിരിയോടെ ആ കോള്‍ കട്ടായി.
ഫോണ്‍ നിലത്തെറിഞ്ഞ് ചവിട്ടിയരക്കണമെന്ന് അബ്ബാസ് അലിക്ക് അപ്പോള്‍ തോന്നി..
പക്ഷേ, അപ്പോള്‍ വീണ്ടും ഫോണ്‍ ബെല്ലടിച്ചു.
വട്ടിക്കാരന്‍ പിള്ളേച്ചനായിരിക്കുമെന്ന് പ്രതീക്ഷിച്ചാണ് അവന്‍ ഫോണ്‍ എടുത്തത്.
എന്നാല്‍ അത് അവന്റെ ഒരു കൂട്ടുകാരനായിരുന്നു.
നോക്കെടാ യൂടൂബില് പുതിയൊര് വീഡിയോ. എന്താ സാധനം. രണ്ടു പെണ്ണുങ്ങളും ഒരു ചെക്കനും.. മല്ലു ആന്റി ഹോട്ട് ന്യൂ എന്നടിച്ചാക്കിട്ടും.. അല്ലെങ്കി വാണ്ട.. ഞാനനക്ക് അതിന്റെ ലിങ് എസ്.എം.എസ് വിടാ... മിസ്സാക്കണ്ടട്ടാ... നീ നിര്‍ബന്ധായും കാണേണ്ട സാധനാ.. ഹ..
നിര്‍ത്താതെ ചിരിച്ചാണ് അവന്‍ ഫോണ്‍ കട്ടാക്കിയത്.
കോള്‍ കട്ടായ ഉടനെത്തന്നെ അവനൊരു മെസ്സേജ് വന്നു. കറുത്ത ആകാശം നോക്കി നടുറോട്ടില്‍ മലര്‍ന്ന് കിടക്കുകയായിരുന്നു അവന്‍. പെട്ടെന്ന് ചാടിയെഴുന്നേറ്റ് അവന്‍ ഇന്‍ബോക്‌സ് തുറന്നു. വിറക്കുന്ന വിരലുകൊണ്ട് അവനാ ലിങ്കില്‍ ഞെക്കി.
പക്ഷേ, ആ ലിങ്ക് തുറക്കാന്‍ ആ പൊട്ടഫോണില്‍ നെറ്റ് സൗകര്യമില്ലായിരുന്നു.
.

Dec 29, 2013

charlie chaplin out of pencil strokes (illustrated feature by mukthar udarampoyil)


. i l l u s t r a t e d  f e a t u r e . b y . m u k t h a r  u d a r a m p o y i l .

ചാപ്ലിന്‍ സിനിമകള്‍ നമ്മെ ഒരുപാട് ചിരിപ്പിച്ചു, അതിലേറെ കരയിപ്പിക്കുകയും ചെയ്തു. നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി വാദിക്കുന്ന ചിത്രങ്ങളായിരുന്നു ചാപ്ലിന്റേത്. കൃത്യമായ രാഷ്ട്രീയം ചാപ്ലിന്‍ സിനിമകളിലുണ്ടായിരുന്നു. ഫാസിസത്തിനും യുദ്ധത്തിനുമെതിരെ ശക്തമായ പ്രതികരണങ്ങള്‍ അതിലടങ്ങിയിരുന്നു. വെറുമൊരു തമാശപ്പടമായിരുന്നില്ല ചാപ്ലിന്‍ ചിത്രങ്ങളൊന്നും.

ചാര്‍ളി ചാപ്ലിന്‍ ഓര്‍മയായിട്ട് ഡിസംബര്‍ 25ന് 36 വര്‍ഷം


കരഞ്ഞു ചിരിച്ച ദിനങ്ങള്‍
കറുപ്പിലും വെളുപ്പിലും

വരയും എഴുത്തും
മുഖ്താര്‍ ഉദരംപൊയില്‍


മറ്റു ജീവികളെ അപേക്ഷിച്ച് ഏറ്റവുമധികം ക്ലേശവും ദു:ഖവും അനുഭവിക്കുന്നതുകൊണ്ടാവാം മനുഷ്യന്‍ ചിരി കണ്ടുപിടിച്ചത്.
- ഫ്രെഡറിക് വില്‍ഹെം നീത്‌ഷേ

ചാര്‍ളി ചാപ്ലിന് ഇങ്ങനെ മനസ്സുതുറന്നു ചിരിപ്പിക്കാനായാത് ചെറുപ്പകാലത്ത് അനുഭവിച്ചു തീര്‍ത്ത ദുരിതങ്ങളുടെ കയ്പ്പ് ഉള്ളില്‍ വേവാതെ കിടക്കുന്നതുകൊണ്ടാവാം. ഓരോ ചിരിക്ക് പിന്നിലും വലിയ ദു:ഖങ്ങളുടെ വേദന ഒളിഞ്ഞിരിപ്പുണ്ടെന്ന് പഠിപ്പിച്ചതും ചാര്‍ളി ചാപ്ലിനാവുമോ. 
കുട്ടിക്കാലത്തെ ഒരനുഭവം ചാപ്ലിന്‍ ഓര്‍ക്കുന്നുണ്ട്.
''ആയിടക്ക് വല്ലാത്തൊരു സംഭവമുണ്ടായി. തെരുവിന്റെ അങ്ങേയറ്റത്ത് ഒരു അറവുശാലയുണ്ടായിരുന്നു. കശാപ്പു ചെയ്യാനുള്ള ആടിനെ ഞങ്ങളുടെ വീടിന് മുന്നിലൂടെ കൂട്ടത്തോടെ കൊണ്ടുപോകും. ഒരിക്കല്‍ ഒരാട് ഈ കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട് തെരുവിലൂടെ ഓടിപ്പോയി. ആളുകള്‍ക്ക് വലിയ തമാശ തോന്നി. ചിലരതിനെ പിടിക്കാന്‍ നോക്കി. മറ്റു ചിലര്‍ ഓട്ടത്തിനിടയില്‍ മറിഞ്ഞുവീണു. ആടിന്റെ ഓട്ടവും വെപ്രാളവും എല്ലാം കണ്ട് ഞാനും ആര്‍ത്ത്ചിരിച്ചു. ആകപ്പാടെ നല്ല രസം.
ഓടുവിലവര്‍ ആടിനെ പിടികൂടി കശാപ്പുശാലയിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് ആ രംഗത്തിലെ ദുരന്തം എനിക്ക് ബോധ്യപ്പെട്ടത്. എനിക്ക് സങ്കടം വന്നു. ഞാന്‍ വീട്ടിനുള്ളിലേക്ക് ഓടിപ്പോയി. 'അവരതിനെ പിടിച്ചു. ഇപ്പോ അവരതിനെ കൊല്ലും.' പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ അമ്മയോട് പറഞ്ഞു.''
ആടിനെ പിന്തുടര്‍ന്നോടിക്കുന്ന ദുരന്ത ഹാസ്യരംഗം ചാപ്ലിന്റെ മനസ്സിനെ അലോസരപ്പെടുത്തിയിരുന്നു. ചാപ്ലിന്റെ സിനിമകളിലെല്ലാം ഈ ഹാസ്യത്തിന്റെ തുടര്‍ച്ചകള്‍ കാണാം.


Dec 19, 2013

മഞ്ഞുകാലം
മഞ്ഞുകാലം
മുകളില്‍ നിഴല്‍ വിരിച്ച്
മഞ്ഞിനെ വരയന്‍ കുതിരകളാക്കുന്ന
പൈന്‍ മരങ്ങള്‍!
- ഡോണ മയൂര

.
ഇറച്ചിക്കറിയില്‍ ചതച്ചിടാതെ പോകുന്ന ഇഞ്ചിക്കഷ്ണങ്ങളും ഡിസംബര്‍ കാലത്തെ മഞ്ഞിന്‍പുലര്‍ച്ചകളും കാണുമ്പോള്‍ അസൈനാര്‍ക്കയെ ഓര്‍മവരും, എനിക്കും. മൂന്നുമാസം ഭ്രാന്തിലും ഒമ്പതുമാസം സമനിലയിലും ജീവിച്ച അസൈനാര്‍ക്കയെ.
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ മഞ്ഞുകാലം എന്ന കഥയിലെ അസൈനാര്‍ക്കയെ. മഞ്ഞിന്റെ തണുപ്പ് എന്നെ അസ്വസ്ഥപ്പെടുത്തിത്തുടങ്ങിയത് ആ കഥ വായിച്ചതില്‍ പിന്നെയാണ്.
'മഞ്ഞുകാലം വരുന്നതോടെ സ്ഥിതിയാകെ മാറും. അസൈനാര്‍ക്കക്ക് ഭ്രാന്തിളകുന്ന കാലമാണിത്. പലര്‍ക്കും ആശ്വാസമോ, നഷ്ടബോധമോ അങ്ങനെ എന്തൊക്കെയോ തോന്നും.
മഞ്ഞുകാലം ആരംഭിക്കുന്ന ഒരു പാതിരാവിലാണ് അയാള്‍ തന്റെ കൂര വിട്ടിറങ്ങുക. ആര്‍ക്കും തടയാനോ തടുക്കാനോ ആവാത്ത ഒരു യാത്രക്കെന്നപോലെ അസൈനാര്‍ക്ക പഴമയുടെ നാറ്റം വമിക്കുന്ന തന്റെ പെട്ടിയില്‍നിന്ന് ഒരു കോട്ടും തൊപ്പിയുമണിഞ്ഞു പുറത്തിറങ്ങും. അയാള്‍ ഊന്നുവടിയുപേക്ഷിക്കും. സ്വതേ നിവര്‍ന്ന ആ നെഞ്ച് കുറച്ചുകൂടി നിവര്‍ന്നു പരക്കും. പാതിരാവിന്റെ മഞ്ഞാര്‍ന്ന വയല്‍വരമ്പിന്റെ കണ്ണെത്താഭൂമി. അതിനു നടുവില്‍നിന്ന് അയാള്‍ കൈകൊട്ടിയുണര്‍ത്തും.
ബാ, ബാ, ബാ....
ബാ, ബാ, ബാ.....
അപ്പോള്‍ എങ്ങുനിന്നെന്നില്ലാതെ അയാളുടെ ചുറ്റും നിരവധി പട്ടിക്കുഞ്ഞുങ്ങള്‍ വന്നെത്തും. ഓരോ പട്ടിക്കുഞ്ഞിന്റെ കഴുത്തിലും ഭാണ്ഡത്തില്‍ നിന്നെടുത്ത തുകലിന്റെ പട്ടയണിയിക്കും. അയാള്‍ വയല്‍ക്കൂട്ടത്തിന്റെ നടുവില്‍ തീ പൂട്ടും.
കൊച്ചുമക്കളെപ്പോലെ തീകായാന്‍ പട്ടിക്കൂട്ടങ്ങള്‍ അയാളോട് പറ്റിച്ചേര്‍ന്നിരിക്കും.
അയാള്‍ പട്ടിക്കുഞ്ഞുങ്ങള്‍ക്ക് പാട്ടു പാടിക്കൊടുക്കും.
ബാ, ബാ, ബാ...
ബാ, ബാ, ബാ....
ഇടക്ക് നിവര്‍ന്നെഴുന്നേറ്റ് തനിയെ വട്ടം കറങ്ങി കൈകൊട്ടിവിളിക്കും.
ഈ ഒച്ചകേട്ട് ഞങ്ങള്‍ ഞങ്ങളുടെ കുടിലുകളില്‍നിന്ന് പരസ്പരം പറയും. അസൈനാര്‍ക്കക്ക് സൂക്കേടായി. അപൂര്‍വം ചിലര്‍ പറയുക  മഞ്ഞുകാലം വന്നല്ലോ എന്നാവും.'
.
കുട്ടിക്കാലത്താണ് മഞ്ഞുകാലം തണുപ്പായി ആസ്വദിച്ചിരുന്നത്. മദ്രസയിലേക്ക് പോവുന്ന നേരത്ത് മഴച്ചാറ്റല്‍പോലെ മഞ്ഞുപെയ്യുന്നുണ്ടാവും. മഞ്ഞ് കൊള്ളരുതെന്ന് പറഞ്ഞ് ഉമ്മ തലയില്‍ ടവ്വല്‍ കെട്ടിത്തരും. ഉമ്മയുടെ കണ്‍മുന്നില്‍ നിന്ന് മാഞ്ഞാല്‍ ടവ്വലെടുത്ത് കയ്യില്‍ ചുരുട്ടും. തണുപ്പ് തലയിലേക്കുറ്റി അരിച്ചിറങ്ങുന്നത് അറിയും. അതൊരു വല്ലാത്ത സുഖമാണ്. കൂടെ മദ്രസയിലേക്ക് പോരുന്ന അയല്‍വാസിക്കുട്ടികള്‍ പറയും. ഓന് പിരാന്താ...
പിന്നെ മൂക്കില്‍ മഞ്ഞുരുക്കം തുടങ്ങും. മൂക്ക് നീട്ടിത്തുടച്ച് പിന്നെയും മഞ്ഞുകൊള്ളും.
വഴിയരികില്‍ വേലിപ്പടര്‍പ്പുകള്‍ക്കുമേലെ തുളുമ്പിയുറ്റാന്‍ നില്‍ക്കുന്ന, പുല്‍നാമ്പുകളിലെ കൊഴുത്ത വെള്ളത്തുള്ളി പറിച്ച് കണ്ണില്‍ തണുപ്പുറ്റിക്കും. സ്ലൈറ്റ് മായ്ക്കാന്‍ വെള്ളത്തണ്ട് പറിക്കുമ്പോള്‍ മരം മഞ്ഞ് പെയ്യുന്നുണ്ടാവും.
തണുപ്പില്‍ മൂടിപ്പുതച്ച് കിടന്നുറങ്ങാന്‍ ഇഷ്ടം തോന്നാത്തവരുണ്ടാവുമോ.. അരിമണി വറുത്തതും കട്ടന്‍ചായയും കുടിച്ച് ജനല്‍പഴുതിലൂടെ ഒളിച്ചുകയറുന്ന തണുപ്പിനെ പ്രണയിച്ച്.. ആദ്യത്തെ പ്രണയം മഴയോടായിരുന്നോ മഞ്ഞിനോടായിരുന്നോ എന്നറിഞ്ഞുകൂട. പക്ഷേ മനസ്സില്‍ ഇപ്പോഴും മഞ്ഞ് പെയ്യുന്നുണ്ട്, കുട്ടിക്കാലത്തെ ആ മഞ്ഞുകാലക്കുളിര് വീശുമ്പോള്‍.
കൗമാരത്തില്‍, പ്രണയത്തിന്റെ നിറവും രുചിയും മണവുമാണ് മഞ്ഞുകാലം. കരഞ്ഞുകലങ്ങിയ വര്‍ഷത്തിനും വിയര്‍ത്തുകുഴഞ്ഞ വേനലിനും നടുക്ക് ഉന്‍മാദത്തിന്റെ ലഹരി നിറക്കാറുണ്ട് പലപ്പോഴും മഞ്ഞിന്‍ തണുപ്പ്. (ആനകള്‍ക്ക് മദപ്പാടിളകുന്ന കാലവും മഞ്ഞുകാലത്തോടു ചേര്‍ന്നാണത്രെ.) അതുകൊണ്ടാവുമോ മഞ്ഞുകാലത്തെ പുലര്‍ച്ചകളിലിപ്പോഴും അസൈനാര്‍ക്കയുടെ ഊന്നുവടിയുടെ ശബ്ദവും കേട്ട് ഉറക്കമുണരുന്നത്.
മഞ്ഞുകാലാനുഭവങ്ങള്‍ ദേശത്തിന്റെ അതിരുകള്‍ക്കനുസരിച്ച് വ്യത്യസ്തമാണ്. ഗ്രാമത്തിലെയും നഗരത്തിലെയും മഞ്ഞുകാലമല്ല കാട്ടിനകത്ത്. മഞ്ഞുപെയ്യുന്ന കാട്ടില്‍ പകലുണ്ടാവില്ല. ഗ്രാമത്തിന്റെ മഞ്ഞുകാലത്തിന് മറച്ചുകെട്ടിയുണ്ടാക്കിയ മക്കാനിയിലെ ചൂടുള്ള കട്ടന്‍ചായയുടെ മണമാവും. നഗരത്തിലെ മഞ്ഞിന്റെ കാഠിന്യമറിയണമെങ്കില്‍ തെരുവില്‍ കിടക്കുന്നവരോട് ചോദിക്കണം. സ്വന്തമായി വീടില്ലാത്ത, ശരീരം മുഴുവന്‍ പുതക്കാന്‍ ഒരു തുണിപോലുമില്ലാത്തവന്റെ മഞ്ഞുകാല തെരുവുജീവിതം വലിയ ഗതികേടുതന്നെയാവും. ചട്ടപ്പെട്ടികള്‍ പൊളിച്ച് പുതപ്പുണ്ടാക്കുന്ന വിദ്യ അവര്‍ അപ്പോഴാണ് പഠിക്കുക.
.
കുട്ടിക്കാലത്ത് മുന്നില്‍ പരന്ന വയലും പിന്നില്‍ കടുത്ത റബര്‍ മരങ്ങളുമുള്ള ചെലമ്പില്‍ കുന്നിലാണ് ഏറ്റവും ആസ്വാദ്യകരമായ മഞ്ഞുകാലം ഞാനനുഭവിച്ചിട്ടുള്ളത്. മണ്ണുതേച്ച വീട്ടില്‍ പുല്‍പ്പായയിലേക്ക് താഴെനിന്ന് തണുപ്പ് അരിച്ച് ഉള്ളിലേക്ക് നൂഴ്ന്നുകയറും. തുടകള്‍ക്കിടയില്‍ കൈകള്‍ തിരുകി തലയടക്കം പുതപ്പിനുള്ളില്‍ പൂഴ്ത്തി അങ്ങനെ കിടക്കും. പിന്നിലെ റബര്‍ക്കാട് തണുത്തുറച്ച മഞ്ഞുകട്ടയാണെന്ന് തോന്നും. മുന്നിലെ വയലില്‍ മഞ്ഞൊലിച്ചിറങ്ങുന്നത് കുളിരുള്ള കാഴ്ചയാണ്. രാവിലെ എഴുന്നേറ്റ് കരിയിലകള്‍ കൂട്ടിയിട്ട് തീകായാന്‍ അയല്‍വാസികളെല്ലാവരുമുണ്ടാവും. ചക്കക്കുരുവോ, പറങ്കിമാങ്ങയില്‍ നിന്ന് പിരിച്ചെടുത്ത അണ്ടിയോ ആ തീയിലിട്ട് ചുട്ട് തിന്നുന്നുണ്ടാവും ചുറ്റുമിരിക്കുന്നവര്‍.
മരുഭൂമിയിലെ മഞ്ഞുകാലത്തിന് ഉപ്പിലിട്ട ശരീരത്തിന്റെ ഗന്ധമാവും.
സൗദി അറേബ്യയിലെ ഒരു മഞ്ഞുകാലം ഇപ്പോഴും മനസ്സില്‍ തണുത്തുപെയ്യുന്നുണ്ട്. അതിരാവിലെ എഴുന്നേറ്റ് റിയാദിലെ ശിഫയില്‍ ദിറാബ് റോഡിനോട് ചാരി ഖുര്‍ത്തുബ മദ്രസ. കൊടുംതണുപ്പില്‍ കുറച്ചുനാള്‍ അവിടെ ഹാരിസ് (സെക്യൂരിറ്റി) ആയിരുന്നു ഞാന്‍. ഏഴുമണിക്കാണ് ക്ലാസ് തുടങ്ങുക. അതിനും മുന്‍പ് അവിടെയെത്തി ഗേറ്റ് തുറക്കണം. കോടമൂടി വഴികാണില്ല. കാറില്‍ കൊണ്ടിറക്കുന്ന കുട്ടികളെ കൈപിടിച്ച് ഗേറ്റിനുള്ളിലേക്ക് കയറ്റിവിടണം. മദ്രസ വിടുന്നതുവരെ ഗേറ്റിനുപുറത്തുണ്ടാവണം. അധ്യാപകരുടെ പുറത്തെ ആവശ്യങ്ങള്‍ക്ക് ചെവിയോര്‍ത്തിരിക്കണം. രണ്ടു കുപ്പായവും പാന്റും അതിനു മുകളില്‍ നീളന്‍ കോട്ടുമിട്ടിട്ടുണ്ടാവും. കാലുമുഴുവന്‍ മറയുന്ന മട്ടില്‍ ഷൂ. ഒരു തരി തണുപ്പ് ശരീരത്തില്‍ തട്ടാതെ. എന്നിട്ടും ശരീരം വിറക്കുന്നുണ്ടാവും. പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ടാവും. ഹാരിസിന് ഇരിക്കാനുള്ള ഇടുങ്ങിയ മുറിയില്‍ ഹീറ്റര്‍ ചുവന്നു കത്തുന്നുണ്ടാവും. പുറത്ത് അപ്പോഴും സൂര്യനസ്തമിച്ചാലെന്ന പോലെ കോടമൂടിയിട്ടുണ്ടാവും. എത്രവലിയ ചൂടും സഹിക്കാം, പക്ഷേ ഈ തണുപ്പ്.. തണുപ്പിനിത്ര തണുപ്പോ..!
.
അനുഭവിക്കുന്നവന്റെ മാനസിക വികാസത്തിന്റെയും ചിന്താവളര്‍ച്ചയുടെയും കാഴ്ചാവ്യാപ്തിയുടെയും വായനാവലുപ്പത്തിന്റെയും അടിസ്ഥാനത്തില്‍ മഞ്ഞുകാലത്തിന് വിവിധ ഭാവങ്ങള്‍ വരാം. മനസ്സു തണുപ്പിക്കുന്ന ഒരു കുളിര്‍തെന്നലാവാം ചിലര്‍ക്ക് മഞ്ഞുകാലം. നിഗൂഢതകളുടെ കോടമൂടലാവാം ചിലര്‍ക്ക്. പ്രണയത്തിന്റെയും വിരഹത്തിന്റെയും കാത്തിരിപ്പിന്റെയും സുഖവും വേദനയുമാകാം.
കഥയിലും നോവലിലും കവിതയിലും സിനിമയിലും പലഭാവത്തില്‍ മഞ്ഞുകാലം കടന്നു വന്നിട്ടുണ്ട്. അര്‍ത്ഥഗംഭീരമായ ഒരു കവിതയാണ് എനിക്കെന്നും മഞ്ഞുകാലം.
എം.ടിയുടെ മഞ്ഞില്‍ കനത്ത മൗനവും നിശ്ശബ്ദതയുമാണുള്ളത്. മഞ്ഞുകാലം മൗനത്തിന്റെ ആനന്ദമാണെന്ന് തോന്നിയിട്ടുണ്ട് ആ പുസ്തകം വായിക്കുന്നതിന് മുമ്പും ശേഷവും. കാത്തിരിപ്പിന്റെ തീവ്രതയും പ്രണയത്തിന്റെ തണുപ്പും എം.ടിയുടെ മഞ്ഞില്‍ കാണാം. കാത്തിരിപ്പിന്റെ സുഖമാണ് എംടിയുടെ മഞ്ഞ്.
എനിക്കിഷ്ടം ഓര്‍ഹന്‍ പാമുക്കിന്റെ മഞ്ഞ് ആണ്.
നീണ്ട ജര്‍മന്‍ പ്രവാസത്തിനു ശേഷം കാ എന്ന കവി കാര്‍സിലേക്ക് നീങ്ങുന്നത് ഇസ്തന്‍ബൂളിലെ സ്‌നേഹിതന്റെ ആവശ്യപ്രകാരമാണ്. കായുടെ പ്രചോദനം പഴയ കാമുകി വിധവയായി കാര്‍സിലുണ്ടെന്ന അറിവാണ്. എന്നാല്‍, തലമറക്കാന്‍ അനുവദിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യപ്പെട്ട പെണ്‍കുട്ടികളെക്കുറിച്ചുള്ള അന്വേഷണമായിരുന്നു കാ എന്ന പത്രപ്രവര്‍ത്തകന്റെ ലക്ഷ്യം.
കാര്‍സ് എന്ന പട്ടണത്തിലേക്കുള്ള മഞ്ഞുകാലത്തെ യാത്രയോടെയാണ് പാമുക്കിന്റെ മഞ്ഞ് തുടങ്ങുന്നത്. വായനയുടെ തുടക്കം മുതല്‍ മനസ്സില്‍ മഞ്ഞ് പെയ്ത് തുടങ്ങും.
തുര്‍ക്കിയിലെ രാഷ്ട്രീയമാണ് നോവലിന്റെ പ്രമേയം.
മലയാളസാഹിത്യത്തിലെ ആധുനിക കഥാകൃത്തുക്കളില്‍ പ്രമുഖനായ യു.പി. ജയരാജിന്റെ അടിയന്തരാവസ്ഥയോടുള്ള ഏറ്റവും രൂക്ഷമായ പ്രതികരണം എന്ന് വിശേഷിപ്പിക്കാവുന്ന കഥക്കും 'മഞ്ഞ്'  എന്നാണ് തലക്കെട്ട്.
'പുറത്തു കൊടും ശൈത്യമുണ്ട്. മഞ്ഞുണ്ട്. ശവംതീനികളായ  ഡിറ്റന്റ്റസ് പക്ഷികളുണ്ട്. എങ്കിലും വെല്ലുവിളികളെ ഒരു നായാട്ടുകാരന്റെ ധൈര്യത്തോടെ നേരിടുകയും പരാജയങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാന്തിയാഗോ എന്ന മുക്കുവന്റെ പൗരുഷവും കൂസലില്ലായ്മയും നിറഞ്ഞ ധീരമായ പുഞ്ചിരി ഞങ്ങളുടെ ഉള്ളില്‍ പിന്നെയും പൊട്ടിച്ചിതറുകയാണ്.'
.
കാലം തെറ്റിയ കാലമാണിതെന്ന് ആളുകള്‍ പറയുന്നു. വര്‍ഷവും വേനലും മഞ്ഞുകാലവും ഇന്നുമുണ്ടോ? അതോ, തിരക്കുപിടിച്ച കാലത്ത് നമ്മള്‍ക്കിതൊന്നും അനുഭവപ്പെടാതെ പോവുകയാണോ..
(പുതിയ എഴുത്തില്‍ കാലത്തിനും കാലാവസ്ഥക്കുമൊന്നും പ്രസക്തിയില്ല. ഭാഷകൊണ്ട് വേനലും വര്‍ഷവും മഞ്ഞുകാലവും തീര്‍ക്കുന്നവരാണ് സമകാലിക എഴുത്തുകാര്‍ എന്ന് അവര്‍ അഹങ്കാരം പറയുന്നതാണോ?) 
മഞ്ഞുകാലം വരുന്നതും പോവുന്നതും കാണിച്ചുതരാന്‍ നമ്മോടൊപ്പം ഒരു അസൈനാര്‍ക്കയില്ലാത്തതുകൊണ്ടാണോ.. കാലത്തെയും ഋതുഭേദങ്ങളെയും ഓര്‍മ്മപ്പെടുത്തി ഒരു ഭ്രാന്തന്‍ നമുക്കിടയില്‍ എന്നും ഉണ്ടായിരുന്നെങ്കില്‍..
'മഞ്ഞുകാലം തീരുന്നത് ഞങ്ങളറിയുക പുലര്‍ച്ചയിലെ ആ ഊന്നുവടിയൊച്ച കേട്ടാണ്. ഭ്രാന്ത് മാറുന്നതോടെ അയാള്‍ പട്ടിക്കുഞ്ഞുങ്ങളെ പാടെ ഉപേക്ഷിക്കും (അപ്പോഴേക്കും അവ ഏറെക്കുറെ വളര്‍ന്നിരിക്കും). കാക്കകള്‍ പിന്നെ അസൈനാറുപ്പാപ്പയുടെ നാലയലത്തു വരില്ല.
വടിയൊച്ച കേട്ടു പുലര്‍ച്ചെ ഞങ്ങള്‍ പരസ്പരം പറയും.
അസൈനാര്‍ക്കക്ക് സൂക്കേട് മാറി.
ചിലര്‍ പറയും.
മഞ്ഞുകാലം കഴിഞ്ഞു.'
.
ചന്ദ്രിക വാരാന്തപ്പതിപ്പ്
sunday 2013 december 15

Sep 22, 2013

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറക്കണോ?
പതിനെട്ട് അത്ര വലിയ പ്രായമാണോ 
മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് 

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്ന് കുറക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംസംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അതിന്നായി കോഴിക്കോട്ട് യോഗം ചേര്‍ന്നെന്നും പ്രത്യേക സമിതി രൂപവത്ക്കരിച്ചെന്നുമാണ് പുതിയ വാര്‍ത്ത. ഇത്തരമൊരു വാര്‍ത്ത ഏറെ ആശങ്ക വളര്‍ത്തിയിരിക്കുക സമുദായത്തിനകത്തെ പെണ്‍കുട്ടികളുടെ മനസ്സില്‍ തന്നെയാവും. 
മുസ്‌ലിം പെണ്‍കുട്ടികളുടെ മാത്രമല്ല, മുസ്‌ലിം സമുദായത്തിന്റെ തന്നെ മാനസിക ഉന്നമനത്തിന് തടയിടുന്ന തീരുമാനമാണിത്. വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ ഉന്നതിയിലേക്ക് കുതിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ മനസ്സും വിചാരവും മനസ്സിലാക്കാനാവാത്ത നേതൃത്വം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകുമെന്നത് മറക്കരുത്. മുസ്‌ലിം സമുദായത്തിന്റെ പൊതുധാരണകള്‍ പോലും വകവെക്കാതെ നേതൃത്വം കാണിക്കുന്ന അവിവേകങ്ങള്‍ ഈയിടെയായി പലനിലക്കും സമുദായത്തിന് ദോശം വരുത്തുന്നുണ്ട്. വ്യത്കിപരമായ ഗുണങ്ങള്‍ക്കും സംഘടനാ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഒരു മതത്തിന്റെ മഹനീയ ദര്‍ശനങ്ങളെ അപകീര്‍ത്തിപ്പെടുത്തരുത്. സാമൂഹികമായി ഉണര്‍വുള്ള ഒരു ബഹുമത സമൂഹത്തില്‍ ലയിച്ചാണ് മുസ്‌ലിം സമുദായം ജീവിക്കുന്നതെന്ന കാര്യമെങ്കിലും മുസ്‌ലിം സംഘടനകള്‍ മനസ്സിലാക്കേണ്ടിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറച്ചാല്‍ മുസ്‌ലിംസമുദായത്തിലെ എല്ലാ പ്രതിസന്ധികളും അവസാനിച്ചെന്ന മട്ടിലാണ് ചിലരുടെ ആവേശം.
വിവാഹപ്രായം ആപേക്ഷികമാണെന്ന നിലപാടാണ് സത്യസന്ധം. കേരളത്തിലെ സാമൂഹിക ജീവിത ചുറ്റുപാടനുസരിച്ച് ഇന്ന് പതിനെട്ടിലും മാനസിക ശാരീരിക പക്വത കൈവരിക്കുന്നില്ല, പെണ്‍കുട്ടികള്‍. ജീവിതത്തിന്റെ തീക്ഷ്ണഭാവങ്ങളെ ഉള്‍ക്കൊള്ളാനും കുടുംബ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെ സമചിത്തതയോടെ സമീപിക്കാനും അതുവഴി ദാമ്പത്യ ജീവിതം ആനന്ദകരമാക്കിത്തീര്‍ക്കാനുമുള്ള തിരിച്ചറിവ് നേടാത്ത പ്രായത്തിലുള്ള വിവാഹങ്ങള്‍ സമൂഹത്തിലുണ്ടാക്കിയിട്ടുള്ള സംഘര്‍ഷങ്ങളെക്കുറിച്ച് പഠിക്കാനാണ് മുസ്‌ലിംസംഘടനകള്‍ ആദ്യമൊരു സമിതിയെ നിശ്ചയിക്കേണ്ടിയിരുന്നത്. 
വിവാഹത്തെക്കുറിച്ച് ഉന്നതവും മഹിതവുമായ കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്ന മതമാണ് ഇസ്‌ലാം. മാനസികവും ശാരീരികവുമായ പക്വതയാണ് വിവാഹപ്രായമായി ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ദാമ്പത്യജീവിതത്തിന്റെ ആനന്ദവും കുടുംബ ജീവിതത്തിന്റെ ഊഷ്മളതയും കണ്ടെത്താനും കൊള്ളക്കൊടുക്കലുകളിലൂടെ അതിന് മധുരം പകരാനും കഴിയുന്ന പക്വത കൈവരിക്കുമ്പോഴാണ് ആണും പെണ്ണും വിവാഹത്തിനു പാകപ്പെടുന്നത്. ഈ പാകപ്പെടലിനു മുമ്പുള്ള ആവേശങ്ങളൊക്കെ അപകടകരമാണ്. ദാമ്പത്യ ജീവിത്തിലെ സംഘര്‍ഷങ്ങളും അസ്വാരസ്യങ്ങളും സര്‍വസാധാരണമായിരിക്കുന്നത് ഈ പാകപ്പെടലിന്റെ അപാകതയാണ്. 
പെണ്‍കുട്ടികളുടെ നേരത്തെയുള്ള വിവാഹം അവരുടെ മനസ്സിലും ശരീരത്തിലുമുണ്ടാക്കുന്ന പരിക്കുകളെക്കുറിച്ചെങ്കിലും ഈ നേതാക്കള്‍ക്ക് ബോധമുണ്ടാവണം. പെണ്‍കുട്ടികളില്‍ ജീവിത- ലൈംഗിക വിരക്തിക്കു വരെ നേരത്തെയുള്ള വിവാഹങ്ങള്‍ കാരണമാകുന്നുണ്ട്. വിവാഹം കുട്ടിക്കളിയല്ലെന്നും അതിന്റെ കാര്യഗൗരവം ഏറെ വ്യാപ്തമാണെന്നും തിരിച്ചറിവില്ലാത്തവര്‍ ഇന്ന് മുസ്‌ലിം നേതൃത്വത്തിലുണ്ടെന്ന് തോന്നുന്നില്ല.
വിവാഹമോചനങ്ങളും കുടുംബ പ്രശ്‌നങ്ങളും മുസ്‌ലിംകുടുംബ ജീവിതത്തിലും ഭീകരമായി ഏറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുസ്‌ലിം സംഘടനാ നേതാക്കള്‍ ഇങ്ങനെയൊരു ആവശ്യത്തിന് കൂടിയിരിക്കാന്‍ അവസരം കണ്ടെത്തിയതെന്ന കാര്യം ഒരു മുസ്‌ലിമെന്ന നിലയില്‍ എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. 
പതിനെട്ടു വയസ്സിനു മുമ്പേ പെണ്‍കുട്ടികളെ കെട്ടിച്ചു വിടാനുള്ള രക്ഷിതാക്കളുടെ തിടുക്കത്തെ നിരുല്‍സാഹപ്പെടുത്തുന്ന ബോധവത്ക്കരണങ്ങളായിരുന്നു സംഘടനകള്‍ ഏറ്റെടുക്കേണ്ടിയിരുന്നത്. വിവാഹപ്രായമെത്തിയ ആണിനും പെണ്ണിനും ഭാവി ജീവിതത്തിനാവശ്യമായ ഉള്‍ക്കരുത്തും തിരിച്ചറിവുകളും പകരാനും അതുവഴി മുസ്‌ലിം വീടകങ്ങളില്‍ സമാധാനജീവിതം കൊണ്ടുവരാനും വേണ്ട പ്രായോഗിക പദ്ധതികളെക്കുറിച്ചായിരുന്നു നേതാക്കള്‍ കൂടിയിരുന്ന് ചിന്തിക്കേണ്ടിയിരുന്നത്. സ്ത്രീധനമെന്ന പിശാച് പാവപ്പെട്ട മുസ്‌ലിം പെണ്‍കുട്ടികളുടെ സ്വപ്നത്തിലും ജീവിതത്തിലും നിറക്കുന്ന കൂരിരുള്‍ മായ്ക്കാന്‍ എന്തുചെയ്യാനാവുമെന്നായിരുന്നു അവര്‍ ആലോചിക്കേണ്ടിയിരുന്നത്. 
മുസ്‌ലിം പുരോഗമന പ്രസ്ഥാനങ്ങളെന്ന് മേനി നടിക്കുന്നവരും ഈ യോഗത്തില്‍ പങ്കാളികളായിരുന്നുവെന്നത് ഖേദകരമാണ്. മുസ്‌ലിം സംഘടനകള്‍ കൂടുതല്‍ യാഥാസ്ഥിതികമായിക്കൊണ്ടിരിക്കുകയാണോ?
കാലത്തെയും ചുറ്റുപാടിനെയും തിരിച്ചറിയാത്ത നേതൃത്വത്തിന് വിജയമുണ്ടാവില്ലെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്. നേതൃത്വത്തിനും സംഘടനകള്‍ക്കും വരുന്ന പിഴവുകള്‍ക്ക് മറുപടി പറയേണ്ടി വരുക ഒരു സമുദായമാണെന്ന് മറക്കരുത്.
പെണ്‍കുട്ടികളെ പഠിക്കാന്‍ പ്രേരിപ്പിക്കുകയും സ്വത്വം കണ്ടെത്താന്‍ പ്രചോദിപ്പിക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്. മുസ്‌ലിം ചരിത്രത്തിലെ ധീരവനിതകളുടെ ചരിത്രം അവരെ പഠിപ്പിക്കേണ്ടതുണ്ട്. ഉണര്‍വും ഉശിരുമുള്ള പെണ്‍കുട്ടികളായി അവര്‍ വളരട്ടെ.
വിവാഹക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് സ്വയം തീരുമാനിക്കാനുള്ള അവകാശം ഇസ്‌ലാം വകവെച്ചു കൊടുത്തിട്ടുണ്ട്. അവളുടെ ഇഷ്ടമില്ലാതെ നടത്തുന്ന വിവാഹം സാധുവാകില്ലെന്നു പഠിപ്പിച്ച മതമാണ് ഇസ്‌ലാം. അതുകൊണ്ടു തന്നെ സംഘടനകളുടെ ആവശ്യത്തെ മുസ്‌ലിം പെണ്‍കുട്ടികള്‍ അംഗീകരിക്കുമെന്നു തോന്നുന്നില്ല. 
കോഴിക്കോട്ട് നടന്ന വിവാദ വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായതെന്നാണ് പറയുന്നത്. 
ആര്‍ക്ക് തെറ്റ് സംഭവിച്ചാലും അവര്‍ ശിക്ഷക്ക് അര്‍ഹരാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും, പിന്നീട് തെറ്റ് കണ്ടെത്തുമ്പോള്‍ നിയമത്തെ പഴിക്കുകയും ചെയ്യുന്നത് മുസ്‌ലിമിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല. രാജ്യത്തിന്റെ നിയമങ്ങളെ മാനിക്കലാണ് മതം. നിശ്ചിത പ്രായമെത്തും മുന്‍പുള്ള വിവാഹത്തിന് നേതൃത്വം നല്‍കുന്നവരെ മാത്രമല്ല സ്ത്രീധനം വാങ്ങിയും കൊടുത്തുമുള്ള വിവാഹത്തിന് കാര്‍മികത്വം നല്‍കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 20ഉം ആണ്‍കുട്ടികളുടെത് 25ഉം ആക്കി ഉയര്‍ത്തണമെന്നാണ് കാലത്തെ തിരിച്ചറിയുന്ന മുസ്‌ലിം സംഘടനകള്‍ വാദിക്കേണ്ടിയിരുന്നത്. അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ മുസ്‌ലിം സംഘടനകള്‍ക്കും ബാധകമാണ്. 
പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി നിജപ്പെടുത്തിയ സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ മുസ്‌ലിം സമുദായത്തിനകത്ത് നിലനില്‍ക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാരം കണ്ടെത്താനുമാണ് യോഗം ചേര്‍ന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത ചില സംഘടനാ പ്രതിനിധികള്‍ പറയുന്നുണ്ട്. നിശ്ചിത പ്രായമെത്തും മുന്‍പ് വിവാഹം നടത്തുന്നതിനെ നിരുത്സാഹപ്പെടുത്താനും സമുദായത്തെ ബോധവത്ക്കരിക്കാനുമാണ് യോഗത്തിലുണ്ടായ പൊതുധാരണയെന്നും അവര്‍ പറയുന്നു. 
ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുറച്ചൂടെ ആലോചനയും സൂക്ഷ്മതയും ആവശ്യമായിരുന്നു. വഴിവിട്ടജീവിതവും അവിഹിതലൈംഗിക അധിക്രമങ്ങളും യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ആണ്‍കുട്ടികളുടെ വിവാഹപ്രായം 18ആക്കണമെന്ന് 2008ല്‍ ലോ കമ്മീഷന്റെ ശുപാര്‍ശ വന്നിരുന്നു. അന്നതിനെ ചിരിച്ചുതള്ളിയവരാണ് മലയാളികള്‍. ഇന്ന് മുസ്‌ലിംസംഘടനകളുടെ ഈ ആവേശത്തെയും മലയാളികള്‍ ചിരിച്ചുതള്ളും, കേരളത്തിലെ ഉത്ബുദ്ധരായ മുസ്‌ലിം മനസ്സും.Sep 13, 2013

ഓര്‍മകളുണ്ടായിരിക്കണം മറക്കാതിരിക്കാന്‍

രോഗബാധിതനായി കിടപ്പിലായിരുന്ന ഭാസ്‌കരന്‍ മാഷിനെ കാണാന്‍ എസ്.ജാനകിക്കൊപ്പം പോയ അനുഭവം ഗാനനിരൂപകനായ രവി മേനോന്‍ എഴുതിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഒരു ഗാനമേളയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് തനിക്ക് ഏറ്റവും മികച്ച പാട്ടുകളെഴുതിത്തന്ന ഭാസ്‌കരന്‍ മാഷിനെ കാണണമെന്ന് ജാനകിയമ്മ ആഗ്രഹം പ്രകടിപ്പിച്ചത്. ജവഹര്‍ നഗറിലെ വീട്ടിലെത്തുമ്പോള്‍ മാഷ് ഉറങ്ങുകയാണ്. എസ്.ജാനകി കാണാന്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞ് ഭാര്യ വിളിച്ചുണര്‍ത്തിയപ്പോള്‍ മാഷിന്റെ മുഖത്തുണ്ടായിരുന്ന വിഷാദം നിറഞ്ഞ നിസ്സംഗഭാവം മറക്കാനാവില്ല ഈ ജന്മത്തില്‍. ഏതോ ഒരു സ്ത്രീ എന്ന കൗതുകം പോലുമില്ലാതെ മാഷ് ജാനകിയമ്മയെ നോക്കി കിടന്നു. പിന്നെ പതുക്കെ ചോദിച്ചു, ആരാ മനസ്സിലായില്ലല്ലോ!

വിതുമ്പല്‍ അടക്കി നിര്‍ത്താനായില്ല എസ്.ജാനകിക്ക്. മാസ്റ്ററുടെ കൈകള്‍ രണ്ടും ചേര്‍ത്തു പിടിച്ച് വിതുമ്പലോടെ അവര്‍ പതുക്കെ ഉരുവിട്ടു മാസ്റ്ററേ ഇത് ഞാനാണ്... ജാനകി. മാഷുടെ നിസ്സംഗഭാവത്തിനു മാറ്റമില്ല. അദ്ദേഹം പതുക്കെ പറഞ്ഞു, ഇല്ല, മുമ്പ് കണ്ടിട്ടേയില്ല.

ഗദ്ഗദമടക്കി വാതിലില്‍ ചാരിയിരുന്ന് ജാനകി പാടാന്‍ തുടങ്ങി, ഭാസ്‌കരന്‍ മാഷുടെ മനോഹരമായ ഗാനം 'തളിരിട്ട കിനാക്കള്‍ തന്‍ താമര മാല വാങ്ങാന്‍....' പാട്ട് ഭാസ്‌കരന്‍ മാഷുടെ ഉള്ളിലെവിടെയോ തൊട്ടു. അദ്ദേഹം പതുക്കെ കട്ടിലില്‍ എഴുന്നേറ്റിരുന്നു. പതുക്കെ അദ്ദേഹം പാട്ട് ആസ്വദിച്ചു തുടങ്ങി. മാസ്റ്ററുടെ ഭാര്യ അടുത്തിരുന്ന് കണ്ണീരൊപ്പി.
ജാനകി പിന്നെയും പാടി. 'ഒരു കൊച്ചു സ്വപ്‌നത്തിന്‍..., ആരാധികയുടെ പൂജാ കുസുമം..., കേശാതിപാദം തൊഴുന്നേന്‍...., നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍...' ഓരോ ഗാനവും ചരണത്തിലേക്കു കടക്കുമ്പോള്‍ സ്വയമറിയാതെ മാസ്റ്റര്‍ അതില്‍ പങ്കുചേരുന്നുണ്ടായിരുന്നു.

മടങ്ങാന്‍ നേരം, സ്വന്തം ഗാനങ്ങളെയെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞല്ലോ എന്ന ആശ്വാസത്തില്‍ എസ്.ജാനകി എഴുന്നേറ്റപ്പോള്‍ അവരുടെ നേരെ കൈകൂപ്പി നിഷ്‌ക്കളങ്കമായ ചിരിയോടെ മാസ്റ്റര്‍ ചോദിച്ചു, ഇതൊക്കെ ആരുടെ പാട്ടുകളാ.. നന്നായി പാടിയല്ലോ.. ഇനിയും വന്ന് പാടിത്തരണം... എസ്.ജാനകിയുടെ വിതുമ്പല്‍ തൊണ്ടയില്‍ തടഞ്ഞുപോയി..

'മറക്കാന്‍ പറയാന്‍ എന്തെളുപ്പം, മണ്ണില്‍ പിറക്കാതിരിക്കലാണ് അതിലെളുപ്പം' എന്ന് എഴുതിയ പാട്ടുകാരനാണ് പി.ഭാസ്‌കരന്‍. മുറപ്പെണ്ണിലെ 'കരയുന്നോ പുഴ ചിരിക്കുന്നോ' എന്ന ഗാനത്തില്‍. പക്ഷേ, മലയാളികളുടെ ആ പ്രിയ പാട്ടെഴുത്തുകാരനും കുറച്ചുനാള്‍ മറവിയുടെ ലോകത്തായിരുന്നു.

മനുഷ്യന്‍ ജീവിക്കുന്നത് അവന്റെ ഭൂത, വര്‍ത്തമാന, ഭാവികാലങ്ങളിലാണെന്ന് എം.എന്‍ വിജയന്‍ എഴുതിയിട്ടുണ്ട്. ചിന്ത, പ്രവൃത്തി, പ്രതീക്ഷ എന്നിങ്ങനെയാണ് അദ്ദേഹം ആ കാലങ്ങളെ വിശദീകരിച്ചത്. ഭൂതമാണ് ഓര്‍മകള്‍. ഓര്‍മകളില്ലെങ്കില്‍ പ്രവര്‍ത്തനങ്ങളും പ്രതീക്ഷകളും സമ്പൂര്‍ണമായെന്നുവരില്ല.
ഓര്‍മ എന്ന പേരില്‍ ഒരു ശലഭമുണ്ട്. ആരാണ് ഒരു ശലഭത്തിന് ഓര്‍മ എന്ന് പേരിട്ടതാവോ. ഓര്‍മ എന്ന പേരിനേക്കാള്‍ നല്ല മറ്റെന്ത് പേരുണ്ട് ഒരു ശലഭത്തിനിടാന്‍. ഓര്‍മകള്‍ മനസ്സില്‍ പെയ്യുന്നത് ഒരു കൂട്ടം ശലഭങ്ങളായാണല്ലേ.. നല്ല ഓര്‍കളെല്ലാം അങ്ങനെത്തന്നെയാണ്. നല്ല അനുഭവങ്ങളാണല്ലോ നാമെപ്പോഴും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതും.
ഓര്‍മ തിരിച്ചറിവാണ്. ഓര്‍മ നഷ്ടപ്പെട്ടവന് തിരിച്ചറിവാണ് നഷ്ടപ്പെടുന്നത്.

ആളെ തിരിച്ചറിയാതാവുക. സമയവും കാലവും തിരിച്ചറിയാതാവുക. തന്നെത്തന്നെ തിരിച്ചറിയാതാവുക.

മറവികള്‍ പലതരത്തിലും ഭാവത്തിലുമുണ്ട്, ഓര്‍മകളും. മറവികള്‍ രോഗാവസ്ഥയുടെ ഭാഗമാവും. ചില മാനസികാവസ്ഥയുടെ ഭാഗമായും വരാം. പേരും തിയ്യതിയും പോലുള്ളവ ഓര്‍ത്തുവെക്കുന്നവര്‍ക്കെല്ലാം ജീവിതത്തില്‍ നടന്ന ചില സംഭവങ്ങളെ ഓര്‍ത്തെടുക്കാനായി എന്നു വരില്ല. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പോലും കൃത്യമായി ഓര്‍ത്തുവെക്കുന്ന പലര്‍ക്കും ഇന്നും ഇന്നലെയും നടന്ന സംഭവങ്ങള്‍ ഓര്‍മയുണ്ടായിക്കൊള്ളണമെന്നില്ല. സംഭവങ്ങള്‍ ഓര്‍ത്തുവെക്കുന്ന ചിലര്‍ക്ക് പേരും തിയ്യതിയുമൊന്നും ഓര്‍ത്തുവെക്കാനായിക്കൊള്ളണമെന്നില്ല. ഇത്തരം മറവികളിലേറെയും അപകടകരമല്ല, ചിലതെല്ലാം സ്വാഭാവികവുമാണ്. എന്നാല്‍ വിചിത്രമായ മറവിയവസ്ഥയുമായി ജീവിക്കുന്ന ചിലരെ കണ്ടുമുട്ടേണ്ടി വരാറുണ്ട്, ചിലരുടെ ജീവിതങ്ങളില്‍. താനാരാണെന്നു പോലും അറിയാത്ത അവസ്ഥ.
മറവി തന്നെയല്ലെ ഭ്രാന്തിന്റെ തുടക്കം. ഉന്‍മാദാവസ്ഥ ഓര്‍മകള്‍ നഷ്ടപ്പെടുന്നതിന്റെ സുഖമാണെന്ന് തോന്നാറുണ്ട്. സുഖ സുന്ദരമായ ഭ്രാന്തെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതും ഓര്‍മകള്‍ മറയ്ക്കപ്പെടുകയും പകരം ഭാവനകളും ഭാവുകത്വവും നിറയുകയും ചെയ്യുന്ന സമയത്തെക്കുറിച്ചാവാം. ഓര്‍മകള്‍ നഷ്ടപ്പെട്ടവന്റെ ജീവിതം മറ്റൊരു ലോകത്താവും. ഓര്‍മയുള്ളവന് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാവാം, ഓര്‍മയുള്ളവന് കൈപിടിച്ചുയര്‍ത്തി കൊണ്ടുവരാനാവാത്തത്ര താഴ്ചയിലുമാവാം ആ ലോകം.

അല്‍ഷിമേഴ്‌സ് പിടിപെട്ട തന്റെ അമ്മായിയുടെ നിത്യജീവിതത്തെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട് അമേരിക്കക്കാരിയായ സൂസന്‍ ഫല്‍സോണ്‍. മറവി രോഗം ഒരാളുടെ ജീവിതത്തില്‍ എങ്ങനെ ഇടപെടുന്നു എന്നു കാണിക്കുന്ന ചിത്രങ്ങളാണവ. ഗ്രേസ് എന്ന് പേരുള്ള അമ്മായിയെ മറവിയുടെ ലോകത്തു നിന്നും തിരിച്ചുകൊണ്ടുവരാന്‍ അവരെടുത്ത കരുതലുകളെക്കൂടി ചിത്രങ്ങള്‍ കാണിച്ചു തരുന്നുണ്ട്.

മറവിയിലേക്ക് ആണ്ടുപോകാതെ മുഖത്തെ പ്രസരിപ്പ് കാത്തുവെക്കാന്‍ ഇതിലൂടെ അവര്‍ക്കായി. മരുന്നുകഴിച്ച് വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ട ജീവിതത്തില്‍ നിന്ന് അമ്മായിയെ മോചിപ്പിക്കാനുള്ള ശ്രമമായിരുന്നു സൂസന്റേത്. തനിക്ക് നഷ്ടപ്പെട്ടുവെന്ന് കരുതിയ കാഴ്ചകള്‍ക്കുമുന്നില്‍ അമ്മായി സന്തോഷത്തോടെ നില്‍ക്കുന്ന രംഗം സൂസന്‍ ക്യാമറയില്‍ പകര്‍ത്തി. തന്റെ വെബ്‌സൈറ്റില്‍ ആ ചിത്രങ്ങളില്‍ ചിലത് സൂസന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറവിരോഗത്തെക്കുറിച്ച് വന്ന ഏറ്റവും നല്ല ഫോട്ടോഫീച്ചറാണത്.

ഓര്‍മകള്‍ക്കും പല ഭാവങ്ങളാണുണ്ടാവുക. കുട്ടിക്കാലത്തെ മഴയെ എല്ലാവരും ഓര്‍ക്കുന്നത് ഒരേ ജാലകപ്പഴുതിലൂടെയാവില്ലല്ലോ. ചിലര്‍ക്ക് മഴ പുറത്താണ് പെയ്യുക. മറ്റു ചിലര്‍ക്കത് വീട്ടിനകത്ത്, വേറെ ചിലര്‍ക്കത് മനസ്സിനകത്താവും.. ചിലര്‍ക്ക് മഴ നനഞ്ഞ ഓര്‍മ മതിയാവും ശരീരം നനയാന്‍. കുട്ടിക്കാലത്തെയും കൗമാരത്തെയും യുവത്വത്തെയും മാതാപിതാക്കളെയും കളിക്കൂട്ടുകാരെയും വിദ്യാലയത്തെയും കുറിച്ചുള്ള ഓര്‍മകളിലും ഈ വ്യത്യസ്ത ഭാവങ്ങള്‍ കാണാം.

ഓര്‍മകളും അനുഭവങ്ങളുമാണ് ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നത്. കുട്ടിക്കാലത്തുണ്ടായ ദുരനുഭങ്ങള്‍ മറക്കാനാവാത്തതിനാലാണല്ലോ ഹിറ്റ്‌ലര്‍ ഉണ്ടായത്. മറന്നിരിക്കേണ്ട അനുഭവങ്ങളും ഓര്‍ത്തിരിക്കേണ്ട അനുഭവങ്ങളുമുണ്ട്. മറക്കേണ്ടതെല്ലാം ഓര്‍മപ്പെടുത്താതിരിക്കുകയും ഓര്‍ത്തിരിക്കേണ്ടതെല്ലാം മറന്നുപോവാതിരിക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ മാനസികാരോഗ്യം സമ്പൂര്‍ണമാവുന്നത്.

വാര്‍ദ്ധക്യവുമായി ബന്ധപ്പെടുത്തിയാണ് നാം മറവി ചര്‍ച്ച ചെയ്യാറുള്ളത്. പ്രായമാവുമ്പോള്‍ കാഴ്ചയും കേള്‍വിയും മങ്ങുന്നതുപോലെ നമ്മുടെ ഓര്‍മകളും മാഞ്ഞുതുടങ്ങുമെന്നാണ് പറയാറ്. പ്രായമേറുന്തോറും ഓര്‍മകള്‍ ആവശ്യമില്ലാതാവുന്നു എന്നാണ് അതിന്റെ ലളിതമായ കാരണം. സജീവമായ പ്രവര്‍ത്തനവും വലിയ പ്രതീക്ഷകളുമുള്ളവര്‍ക്കാണല്ലോ ഓര്‍മയുടെ തെളിച്ചവും അനുഭവത്തിന്റെ വെളിച്ചവും ആവശ്യമായി വരിക. പ്രായമാകുമ്പോഴുള്ള മറവികള്‍ പലപ്പോഴും അവര്‍ക്ക് വലിയ അനുഗ്രഹമായിത്തീരാറുമുണ്ട്. തന്നെ പരിഗണിക്കാത്ത, അവഗണിക്കുന്ന മക്കളുടെ ചെയ്തികളില്‍ നിരാശപ്പെടാതിരിക്കാനെങ്കിലും ഈ മറവികള്‍ അവരെ തുണക്കുമല്ലോ. വലിയ മറവിയിലേക്കുള്ള ഘട്ടംഘട്ടമായുള്ള നടന്നടുക്കലാവാം ഈ ചെറിയ മറവികള്‍.

തലച്ചോറിലുള്ള 100ബില്ല്യനോളം വരുന്ന ന്യൂറോണുകളാണ് നമുക്ക് സംവേദനക്ഷമത തരുന്നത്. ഇവയിലൂടെയാണ് നാം ഓര്‍ത്തെടുക്കുന്നതും ഓര്‍മകള്‍ സൂക്ഷിക്കുന്നതും. ന്യൂറോണുകളുടെ ഫലപ്രദമായ ഉദ്ദീപനമാണ് ഓര്‍മകളെ വീണ്ടെടുക്കുന്നത് എന്നാണ് ആരോഗ്യ ശാസ്ത്രം. ഇവയുടെ തളര്‍ച്ചയാണ് മറവി വളര്‍ത്തുന്നത് എന്നാണ് പഠനഫലങ്ങള്‍.

ആധുനിക, ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ അമിതമായ ഉപയോഗവും അന്തരീക്ഷ മലിനീകരണവും ഭക്ഷണത്തിലെ രാസപദാര്‍ത്ഥങ്ങളുടെ ആധിക്യവുമെല്ലാം ന്യൂറോണുകളെ തളര്‍ത്തുകയും അതുവഴി ഓര്‍മകളെ മറയ്ക്കുകയും ചെയ്യുന്നുണ്ട്. ജീവിതക്രമത്തിലുണ്ടായ മാറ്റങ്ങളും തിരക്കുപിടിച്ച ജീവിതവും മനുഷ്യന്റെ ഓര്‍മകളെ മായ്ച്ചുകൊണ്ടിരിക്കുകയാണ്.

വെറുതെ ഒന്ന് ഓര്‍ത്തിരിക്കാന്‍ പോലും സമയമില്ലാതായല്ലോ നമുക്ക്. ആദമിനെ സൃഷ്ടിച്ച ശേഷം, അല്ലാഹു ആദ്യം പഠിപ്പിച്ചു കൊടുത്തത് നാമങ്ങളാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ഒരു മനുഷ്യന്‍ ആദ്യം കേട്ടു തുടങ്ങുന്നതും പറഞ്ഞു തുടങ്ങുന്നതും വസ്തുക്കളുടെയും ആളുകളുടെയും സ്ഥലങ്ങളുടെയും ജീവജാലങ്ങളുടെയും പേരുകളാണ്. മനുഷ്യന്‍ ആദ്യം മറന്നു തുടങ്ങുന്നതും പേരുകളാണെന്ന് ശാസ്ത്രം പറയുന്നു, പിന്നെ സ്വന്തം വേരുകളും.

മറവികള്‍ പല വിധമുണ്ട്. വ്യക്തിപരവും സാമൂഹികവുമായ മറവികള്‍. എല്ലാ മറവികളും രോഗാവസ്ഥയല്ല. ചില മറവികള്‍ കരുതിക്കൂട്ടിയുള്ളവയാണ്. കരുതിക്കൂട്ടിയുള്ള മറവികള്‍ ജീര്‍ണമായ മനസ്സിന്റെ പ്രതിഫലനമാണ്. താന്‍ വന്ന വഴിയെക്കുറിച്ചും തന്റെ സ്വത്വത്തെക്കുറിച്ചുമുള്ള മറവികള്‍ നമ്മുടെ വ്യക്തി ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്നുണ്ട്.

നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ഓര്‍മകളുടെ തെളിച്ചത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. നിറഞ്ഞ വയറിന് ഓര്‍മകളെ പുറത്തെടുക്കാനായിക്കൊള്ളണമെന്നില്ല. ജീവിതത്തിലുണ്ടായ വളര്‍ച്ചയും ഉയര്‍ച്ചയും ചിലരെ അന്ധന്‍മാരാക്കിത്തീര്‍ക്കാറുണ്ട്. മാനസികമായ അന്ധതയാണ് മറവികള്‍. മാതാപിതാക്കളോടും കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകളും കടപ്പാടുകളും നിര്‍വഹിക്കാന്‍ തടസ്സമാവുന്ന തരത്തിലുള്ള കപടമറവികള്‍.

ജീവിതത്തിലുണ്ടാവുന്ന തളര്‍ച്ചയും തകര്‍ച്ചയും പരീക്ഷണങ്ങളുമാവും പിന്നീട് അത്തരം ഓര്‍മകളെ ചിലപ്പോള്‍ വീണ്ടെടുത്തുതരിക. വൃദ്ധസദനങ്ങള്‍ കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതും തെരുവിലുപേക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ദ്ധനവും ഈ മറവികളുടെ പ്രതിഫലനമാണ്.

രാഷ്ട്രീയമായ മറവികളും സാമൂഹികമായ മറവികളുമുണ്ട്. ചരിത്രപരമായ മറവികളാണ് ഏറ്റവും അപകടകരം. അത് സാമൂഹിക സുരക്ഷിതത്വത്തെ ബാധിക്കുന്നതാണ്. നാം നാമായിത്തീര്‍ന്നതെങ്ങനെ എന്നത് മറന്നുപോയാല്‍ പിന്നെ എങ്ങനെയാണ് മുന്നോട്ടു നടന്ന് മുന്നേറുക. വ്യക്തിതാല്‍പര്യങ്ങളുടെ സംരക്ഷണത്തിനും രാഷ്ട്രീയ ലാഭത്തിനുമായി സമൂഹത്തിനുമേല്‍ രാഷ്ട്രീയ പാര്‍ട്ടികളും ആധുനിക മാധ്യമങ്ങളും കച്ചവട കുത്തകകളും അടിച്ചേല്‍പ്പിക്കുന്ന ചില മറവികളുണ്ട്. അവര്‍ അനുഭവങ്ങളില്‍ കൃത്രിമം നടത്തുകയും ഓര്‍മകളില്‍ മായം ചേര്‍ക്കുകയും ചെയ്യും. യുവസമൂഹത്തിലെ അരാഷ്ട്രീയവല്‍ക്കരണം ഇത്തരം മറവികളിലൂടെ രൂപപ്പെട്ടതാണ്.

കപട അല്‍ഷിമേഴ്‌സ് പിടിപെട്ട വലിയൊരു ജനവിഭാഗത്തിന്റെ ഓര്‍മകളെ തിരിച്ചെടുക്കാന്‍ അവരുടെ ജീവിത്തില്‍ തന്നെ ചില തിരിച്ചറിവിന്റെ നിമിഷങ്ങള്‍ ഉണ്ടാവേണ്ടിവരും. ചിലപ്പോള്‍ ഓര്‍മകളെ തിരിച്ചെടുക്കുന്നത് അതിനു പ്രചോദനമാവുന്ന ചില സാഹചര്യങ്ങളാണല്ലോ. ജീവിതത്തില്‍ ഒരു ഫഌഷ്ബാക്ക് ആവശ്യമായി വരാതിരിക്കില്ല ആര്‍ക്കും.

74-ലെത്തിയ പുനത്തില്‍ കുഞ്ഞബ്ദുല്ല തന്റെ ഓര്‍മകളില്‍ മങ്ങലേറ്റിട്ടില്ലെന്ന് എഴുതിയത് കഴിഞ്ഞ ആഴ്ചയാണ്. കുട്ടിക്കാലത്തെക്കുറിച്ച് സുന്ദരമായി ഓര്‍ത്തെഴുതാന്‍ അദ്ദേഹത്തിനിപ്പോഴും ആവുന്നുണ്ട്. എന്തുകൊണ്ടാണ് പ്രായമേറും തോറും മനുഷ്യരെല്ലാം കുട്ടിക്കാലത്തെക്കുറിച്ചുള്ള നല്ല ഓര്‍മകള്‍ വല്ലാതെ സ്വപ്‌നം കണ്ടുതുടങ്ങുന്നത്.

ഒരു മരം, അതിന്റെ തടിക്കും ചില്ലകള്‍ക്കും തളര്‍ച്ചയനുഭവപ്പെട്ടുതുടങ്ങുമ്പോഴാവും, തന്റെ വേരുകളുടെ കരുത്തിനെക്കുറിച്ച് ആലോചിച്ചു തുടങ്ങുക. ചെറിയ ഒരു കാറ്റിലും മഴയിലും തളര്‍ന്നുവീഴാതെ തനിക്ക് പിടിച്ചുനില്‍ക്കാനാവുമോ എന്ന ഭീതി നിറയുമ്പോഴാണ് തന്നെ ഇത്രയും നാളും മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തിയ വേരുകളെക്കുറിച്ച് ഓര്‍ക്കുക. ~
ആ ഓര്‍മകളാണ് പിന്നീട് കാറ്റിനെയും മഴയെയും പ്രതിരോധിക്കാന്‍ ആ മരത്തിന് കരുത്തു നല്‍കുന്നത്.

നല്ല അനുഭവങ്ങളും ഓര്‍മകളുമാണ് മനുഷ്യനെ ജീവിക്കാന്‍ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നത് പരീക്ഷണങ്ങളിലൂടെ കണ്ടെത്തേണ്ട വസ്തുതയല്ലല്ലോ.http://www.chandrikadaily.com/contentspage.aspx?id=39594