സ്‌കൂളടച്ച് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ ഉമ്മ കുട്ടികളെയും കൂട്ടി സീയെന്നക്കോ മങ്കരക്കോ കാത്തുനില്‍ക്കും, പൊടിപാറുന്ന റോട്ടുവക്കത്ത്. രണ്ടു ബസ്സുകളേ അന്ന് മാളിയേക്കലേക്ക് ഉണ്ടായിരുന്നുള്ളു. അവിടെയാണ് ഉമ്മയുടെ വീട്. മഴക്കാലത്ത് ചെളിപിളിയായി കിടക്കുന്ന റോഡാണ്. കടുത്ത വേനലില്‍ ചുവന്ന പൊടിക്കാറ്റാവും റോഡ്. ഉമ്മയുടെ വീട്ടിലേക്ക് പോകാനിറങ്ങുമ്പോള്‍ തന്നെ മൂക്കില്‍ കൊട്ടന്‍ചുക്കാദി തൈലത്തിന്റെ മണമടിക്കും. ഉമ്മയുടെ ബാപ്പാക്ക് കൊട്ടന്‍ചുക്കാദിയുടെ മണമാണ്. ഞങ്ങള്‍ വന്നെന്നറിഞ്ഞാല്‍ മാളിയേക്കലങ്ങാടിയിലെ ചായപ്പീടികയില്‍ നിന്ന് മുട്ടപ്പവും വാങ്ങി കോന്തലയില്‍ കെട്ടിയാവും വല്ല്യുമ്മ വരിക. പൈക്കളെ തീറ്റാനോ പുല്ലരിയാനോ പോയതായിരിക്കും. മൂത്തമ്മയുടെ മക്കളാരെങ്കിലും ചെന്നു പറയും. ഇമ്മും കുട്ട്യാളും വന്ന്ക്ക്ണ്.. മുട്ടപ്പവും പാല്‍ച്ചായയും കുടിച്ചിട്ടാണ് കളിക്കാനിറങ്ങുക. ബാപ്പയുടെ ലോകം കോലായയാണ്. കോലായയിലാണ് ബാപ്പയുടെ ഇരിപ്പും കിടപ്പുമെല്ലാം. കട്ടിലിനു ചാരിയുള്ള ജനല്‍പ്പടിയില്‍ കുഴമ്പും അരിഷ്ടവും കഷായവുമൊക്കെയാണ്. വീട്ടിലെത്തിയാല്‍ ബാപ്പ കയ്യിലും കാലിലും കുഴമ്പു പുരട്ടുന്നത് കാണാം...
mukthar udarampoyil's blog