ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച് സ്ഥലവും അതിലൊരു തറയും ഉപ്പക്ക് സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത് വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച് മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ് ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട് മദ്‌റസയിലേക്ക് മാറിയത്. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്. മുമ്പ് വാടകക്ക് കൊടുത്തിരുന്നതാണ്. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന് പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്. അവന്‍ കിള്ളക്കുട്ടിയാണ്.
mukthaRionism
mukthar udarampoyil's blog