Skip to main content

കുന്നിറങ്ങി വരുന്ന കവിതകള്‍



മുടിക്കല്‍ പുഴ
കവിതകള്‍
നന്ദനന്‍ മുള്ളമ്പത്ത്
ഡി സി ബുക്‌സ് തൃശൂര്‍
വില: 60 രൂപ


കുന്നിറങ്ങി വരുന്ന കവിതകളാണ് നന്ദനന്‍ മുള്ളമ്പത്തിന്റേത്. കുന്നിന്‍ മുകളിലെ കുട്ടിക്കാലവും കുന്നിന്റെ കവിതയും ഒന്നാവുന്നു. ഗ്രാമീണ ജീവിതത്തിന്റെ തണുപ്പും നിഷ്‌കളങ്കതയും ആ വരികളിലും ഭാഷയിലും കാണാം. നന്മയുള്ള ജീവിതങ്ങളുടെ കഥകളാണ് അദ്ദേഹത്തിന്റെ കവിതകള്‍. പ്രകൃതിയും കുടുംബവും ഗ്രാമവും കവിതയും ഒന്നായിത്തീരുന്നു. മാനുഷിക, സാമൂഹിക ബന്ധങ്ങളുടെ കുളിര്‍മയും ആഴവും ചില കവിതകളാവുന്നു.

മുടിക്കല്‍ പുഴ എന്നാണ് പുസ്തകത്തിന്റെ പേര്. ഒരു പുഴയും അതിനു ചാരിയൊരു കുന്നും കുന്നുനിറയെ കാടും കാട്ടിലും പുറത്തുമായി കുറേ ജീവികളും ജീവിതങ്ങളും..
കുന്നിറങ്ങി ഗ്രാമത്തിന്റെ ഭാഗമായിട്ടും മനസ്സില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ലാത്ത ആ കുട്ടിക്കാലമാണ് നന്ദനന്റെ കവിതകള്‍.

മൂകനും/  മുടന്തനും/ കുന്നുകയറുമ്പോള്‍/ ഇരുട്ടുവീഴും/ കവിതയൊരു/ കൂന്നാകുന്നു/ ഇരുട്ടിനെ/ പറയുന്നില്ല / അവനൊരു/ കൂലിപ്പണിക്കാരന്‍/ പഠിപ്പുമില്ലാത്തവന്‍/ മൂകനും/ മുടന്തനും/ കുന്നുകയറുമ്പോള്‍/ ചിലവെളിച്ചങ്ങള്‍/ കൈപ്പിടിക്കാന്‍ വരും/ വെളിച്ചത്തെ പറയാം/  അവനൊരു കവി/ കണ്ടതുമാത്രമെഴുതുന്നു/ ഇരുട്ടുമൊരിക്കല്‍/ വെളിച്ചമാകുമെന്ന്/  അവന്റെ വെളിച്ചമവനോടു/ പറഞ്ഞിരുന്നതിനാല്‍/ അതിനോടു മാത്രമവന്‍/ ഇരുട്ടു പറയുന്നു (കുന്ന്)

രാത്രി എന്ന കവിത കുന്നിന്‍ നെഞ്ഞില്‍ ഇരുട്ടുകാഴ്ചകളാലും ശബ്ദങ്ങളാലും എഴുതിവെച്ച രാത്രി ചിത്രമാണ്. വെള്ളം, ഊട്ടി, ചിത്രം തുടങ്ങിയ കവിതകളിലെല്ലാം കുന്നുണ്ട്. കാടായിപ്പടര്‍ന്ന കുന്നുപോലെ അമ്മയും. അമ്മയും അച്ഛനും പെങ്ങളും വീടും കുന്നിന്‍ മുകളിലെ നിഴല്‍ തണുപ്പായി കവിതയില്‍ നിറയുന്നു.
ചിതറിപ്പോയ/പുര/കൂടിച്ചേരും/ അവള്‍ വരുമ്പോള്‍
എന്ന് പെങ്ങള്‍ എന്ന കവിത തുടങ്ങുന്നു. കെട്ടിച്ചു വിട്ട പെങ്ങള്‍ വരുമ്പോഴാണ് വീടിന് അടക്കവും ഒതുക്കവുമുണ്ടാവുന്നത്. ആ കുറച്ചുദിവസങ്ങളിലാണ് അതൊരു വീടാകുന്നത്.
കുന്നിറങ്ങി/തിരിഞ്ഞുപോകും/ അവളെ/ ഇടിഞ്ഞമിറ്റത്ത്/ നോക്കിനില്‍ക്കും/ തിരിഞ്ഞു നില്‍ക്കുമ്പോള്‍/ പുര/ ചിതറിപ്പോകും
എന്നാണ് കവിത അവസാനിക്കുന്നത്.

ആദ്യത്തെ/ വണ്ടി/ ഓടിത്തുടങ്ങുന്നു/ അടുക്കളയില്‍/ പാത്രം കലമ്പുന്നു എന്നു തുടങ്ങുന്ന അമ്മ എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്. അവസാനത്തെ വണ്ടിയും/ മടങ്ങിയെത്തുന്നു/ പാത്രം/ കലമ്പലുതന്നെ/ അവള്‍ മാത്രം/ തിന്നുന്നത്/ കണ്ടിട്ടില്ല.
നേരം പുലര്‍ന്നതു മുതല്‍ അന്തി കറുക്കുംവരെ അടുക്കളയില്‍ വെച്ചുവിളമ്പുന്ന അമ്മ.
ഉരുള്‍പൊട്ടല്‍ എന്ന കവിതയിലും അമ്മയുണ്ട്. വന്നവര്‍ക്കെല്ലാം/ ചായകാച്ചിയ/ അമ്മമാത്രം/ ഒന്നും/ കണ്ടില്ല.

വീട് എന്ന കവിതയില്‍ അമ്മ കെടാത്ത ഒരു വിളക്കാവുന്നു. കാത്തിരുന്ന്/ കാത്തിരുന്ന്/ ഞാനുമേട്ടനും/ ഉറങ്ങിപ്പോകും/ കുപ്പിവിളക്ക് / കെട്ടുപോയിട്ടുണ്ടാകും/ കത്തുന്നുണ്ടാകും/ അമ്മ.
അമ്മയുടെ അര്‍ഥമാണ് അര്‍ഥം എന്ന കവിത: മകന്‍ പറഞ്ഞു/ ഞാനാരുമല്ല/ ജീവിതത്തിന് / ഒരര്‍ഥവുമില്ലമ്മേ/ അമ്മ കരഞ്ഞു/ അവരുടെ/ അര്‍ഥം/ അവനായിരുന്നു.
അമ്മയെന്ന/ അടുക്കള/ അച്ഛനെന്ന/ അകല്‍ച്ച/ഏട്ടന്‍മാരെന്ന അലച്ചിലുകള്‍/ പെങ്ങളെന്ന/ പോക്കുവരവ്/ ഏകാന്തത / എന്ന കുട്ടി/ ഇതെല്ലാം/ കാണുന്നു/ കുന്നിന്‍ മോളില്‍ / പൊളിഞ്ഞ/ കോലയില്‍ എന്ന് ഓര്‍മ എന്ന കവിത.
കുന്നിന്‍ മോളില്‍, പൊളിഞ്ഞ കോലായിലിരുന്ന് ഏകാന്തതയെന്ന കുട്ടി കണ്ട കാഴ്ചകളാണ് ഈ പുസ്തകം നിറയെ.

കുടിച്ചു വന്ന് വാതിലില്‍ മാന്തുന്ന കുഞ്ഞിരാമേട്ടനും അയാളുടെ ചവിട്ട് വാങ്ങാന്‍ വിധിക്കപ്പെട്ട മാതുവേടത്തിയും വേനല്‍ക്കാലം വന്നാല്‍ അബ്‌നോര്‍മലാകുന്ന ടെയിലര്‍ കുഞ്ഞിക്കണ്ണേട്ടനും ബലൂണ്‍ ചോദിച്ചെത്തുന്ന അടുത്ത വീട്ടിലെ തക്കുടു എന്ന കുട്ടിയും കടം കൊടുത്തിട്ട് തിരിച്ചുകിട്ടാത്തതില്‍ കരയുന്ന കുഞ്ഞിക്കണ്ണനും 'എനിക്കില്ലാത്തതു കൊണ്ടല്ലേ കുഞ്ഞിക്കണ്ണനോട് മാങ്ങ്യേത്, ഓനുമില്ലെങ്കില്‍ വേറെ ആരോടെങ്കിലും മാങ്ങിക്കോട്ടെ അതല്ലെ അതിന്റെ ന്യായം' എന്ന് ന്യായം പറയുന്ന കുമാരനും കമ്പോണ്ടര്‍ കണാരേട്ടനും ജാഥകഴിഞ്ഞ് മടങ്ങിപ്പോകുന്ന പൊക്കിയമ്മയും പാര്‍ട്ടിയോട് പിണങ്ങി ഒറ്റക്ക് ജാഥ വിളിക്കുന്ന പൊക്കേട്ടനും.. അങ്ങനെ ഗ്രാമീണ കഥാപാത്രങ്ങള്‍ കഥകളായി കവിതകളില്‍ നിറയുന്നു.

ജാഢയില്ലാത്ത ഭാഷയിലും ഗ്രാമത്തിലെ ഇടവഴിയുടെ ഗന്ധമുണ്ട്. പുല്ലും കുറ്റിച്ചെടികളും നിഴല്‍ താഴ്ത്തിയ മണ്ണും ചാണകവും മണക്കുന്ന ഇടവഴികളിലൂടെ നടക്കുന്ന അനുഭവമാണ് നന്ദനന്റെ കവിതകള്‍ വായിക്കുമ്പോഴുണ്ടാവുന്നത്.

വെള്ളം എന്ന കവിത മാത്രം ഉള്ളില്‍ സൂര്യാപതമേറ്റ പോലെ. കട്ടിയുള്ള/കുന്നുറവ്/ ഞങ്ങളുടെ കണ്ടത്തില്‍/ ഒലിക്കുന്നു/ കാടിറങ്ങി/ പന്നിയും പക്ഷികളും/ ആ വെള്ളത്തില്‍/ കിടന്നുരുണ്ടു/ കുന്നിറങ്ങി/ കാട്ടിലൂടെ/ വെള്ളമെടുക്കാന്‍/ പെണ്ണൊരുത്തി/ വന്നുപോയിരുന്നു/ ഓല മെടയാനും/ ചക്ക ചെത്താനും/ അമ്മയോടൊപ്പം കൂടിയിരുന്നു/ എനിക്കു വെച്ച/ ഈന്തിന്‍ പുട്ട്/ അമ്മ/ അവള്‍ക്കും കൊടുത്തു/ നേരം പോയാല്‍/ മിന്നലുപോലൊരു വിളി/ കുന്നിറങ്ങി വീഴും/ പാത്രവും കൊണ്ട്/ പെണ്ണവള്‍ ഓടിപ്പോകും/ വെള്ളം മറിഞ്ഞ്/ അവളുടെ നെഞ്ഞ്/ നനഞ്ഞിരുന്നു/ കാട്ടിലൂടെ/ ഒറ്റക്കു പോകുന്ന/ പെണ്ണൊരുത്തിയെ/ അമ്മ ആലോചിക്കും/ കാടവള്‍ക്ക് പൂക്കള്‍/ തേനെടുക്കാന്‍ വന്ന/ ആണൊരുത്തന്‍/ കാട്ടില്‍ / അവളെ വിളിച്ചിരുന്നു/ പാത്രം/ ഇലകളില്‍ വെച്ച്/ അവള്‍ പോയി/ ഓടിപ്പോയവളുടെ പുരയില്‍/ കുന്നും കയറി/ അമ്മ പോയിരുന്നില്ല/ ഇന്നലെ/ ഇരുട്ടില്‍ / ഉറങ്ങാതെ/ ഒലിച്ചുകൊണ്ടിരുന്ന/ വെള്ളവും നോക്കി/ അമ്മ/ ആലോചിക്കുന്നതു കണ്ടു (വെള്ളം)

42 കവിതകള്‍. ഒരു വരിയോ ഒരു വാക്കോ വെട്ടിമാറ്റാനില്ലാത്ത കവിതകളാണിതെല്ലാം. നന്ദനന് മാത്രമെഴുതാന്‍ കഴിയുന്ന കവിതകള്‍.




Comments

  1. This comment has been removed by the author.

    ReplyDelete
  2. നന്ദൻ എഴുതാൻ വേണ്ടി എഴുതാറില്ല !

    ReplyDelete
  3. നല്ല ഒരു പരിചയപ്പെടുത്തല്‍
    കാമ്പുള്ള കവിതകളാണെന്ന് കാണുന്നു

    ReplyDelete

Post a Comment

Popular posts from this blog

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച...

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌....

പോ... പോ... ബൃര്‍ര്‍ര്‍...!

ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത്‌ വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച്‌ മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ്‌ ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട്‌ മദ്‌റസയിലേക്ക്‌ മാറിയത്‌. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്‌. മുമ്പ്‌ വാടകക്ക്‌ കൊടുത്തിരുന്നതാണ്‌. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന്‌ പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്‌. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്‌. അവന്‍ കിള്ളക്കുട്ടിയാണ്‌. ...