വീടിനടുത്തുള്ള വൃക്ഷത്തിന്റെ ഉച്ചിയില്‍ നിന്ന് ഭാവനയില്‍ മുഴുകി നില്ക്കുമ്പോള്‍ അടിയില്‍നിന്ന് സുഹ്‌റ വിളിച്ചു ചോദിക്കും: 'മക്കം കാണാവോ ചെറ്ക്കാ?'
മജീദ് അതിനുത്തരമായി, ഉയരെ മേഘങ്ങളോടു പറ്റിച്ചേര്‍ന്നു പറക്കുന്ന പരുന്തുകളുടെ പാട്ട് എന്നു വിശ്വസിക്കുന്ന വരികള്‍ സ്വര മാധുര്യത്തോടെ ഉരുവിടും: 'മക്കം കാണാം, മദീനത്തേ പള്ളീം കാണാം'
(ബാല്യകാല സഖി/ വൈക്കം മുഹമ്മദ് ബഷീര്‍)
ഓര്‍മ വെച്ചനാള്‍ മുതലേ മനസ്സിലുണ്ട് ആ വലിയ പെട്ടി. വല്യുപ്പ ഹജ്ജിന് പോയപ്പോള്‍ സാധനങ്ങള്‍ കൊണ്ടുപോയ പെട്ടിയാണത്രെ. പത്തായം പൊലൊന്ന്. എന്താണ് ഇത്രയധികം കൊണ്ടുപോകാനുണ്ടായിരുന്നത്. എല്ലാ കഥകളും പറഞ്ഞു തന്നിരുന്ന വല്യുപ്പ തന്റെ ഹജ്ജ് യാത്രക്കഥ മാത്രം പറഞ്ഞുതന്നില്ല. കപ്പലിലായിരുന്ന യാത്ര എന്ന് കേട്ടിട്ടുണ്ട്. ഹജ്ജിന് പോവാണെങ്കില്‍ കപ്പലില്‍ തന്നെ പോവണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. കൂട്ടുകാരോടൊപ്പം കളിക്കുമ്പോള്‍ ഞാന്‍ ഇടക്ക് കപ്പലില്‍ ഹജ്ജിന് പോവാറുണ്ടായിരുന്നു.
കുട്ടിക്കാലത്ത് കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം ആരോ ഹജ്ജിന് പോയി വന്നപ്പോള്‍ കൊണ്ടുവന്ന 'മക്കംനോക്കി'യാണ്. ചെറിയ ക്യാമറയില്‍ നിറയെ മക്കയുടെ ചിത്രങ്ങള്‍. ക്ടും ക്ടുംന്ന് ഞെക്കിയാല്‍ മാറിമാറി വരുന്ന വിസ്മയലോകം.
തുണിയുടെ തലപ്പ് ചുരുട്ടിപ്പിടിച്ച് ഇത്തിരി തുപ്പലം തേച്ച,് കണ്ണടച്ചുപിടിച്ച് നെറ്റിയില്‍ അമര്‍ത്തിയുരസിയാല്‍ മക്കം കാണാമെന്ന് പറഞ്ഞത് മൂന്നാംക്ലാസില്‍ വെച്ച് അടുത്തിരിക്കുന്ന നിസാറാണ്. മേഘങ്ങള്‍ക്കിടയില്‍ അന്ന് മക്ക കണ്ടു, നെറ്റിയിലെ നിസ്‌കാരത്തഴമ്പോളം വലുപ്പമുള്ള ചുവപ്പടയാളത്തോളം.
മക്ക വലിയൊരു മോഹമായി മനസ്സില്‍ നിറഞ്ഞത് മദ്രസയിലെ ക്ലാസില്‍ നിന്ന് മാത്രമായിരുന്നില്ല. പുസ്തങ്ങളിലൂടെ മക്ക വീണ്ടുംവീണ്ടും വിളിച്ചു. 'മക്കയിലേക്കുള്ള പാത' വായന തുടങ്ങിയ അന്നു മുതല്‍ തീരും വരെ പലവട്ടം ഞാന്‍ മക്കത്തുപോയി, കൂടെ മുഹമ്മദ് അസദുമുണ്ടായിരുന്നു.
![]() |
സഊദിയിലെ ജോലിക്കാലത്ത് റിയാദിലെ ഖുര്‍ത്തുബ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ വരച്ച ചിത്രം |
ഒരു റമസാനിലായിരുന്നു സഊദിയിലേക്കുള്ള യാത്ര. റമസാന്‍ പത്തിന്. റിയാദിലെ ഒരു സഊദി സ്‌കൂളിലാണ് ജോലി. ചിത്രം വര തന്നെ. ക്ലാസ് മുറിയിലും ക്ലാസിനു പുറത്തും ചുമരുമുഴുവന്‍ വരയോടുവര.
നോമ്പുകാലം കഴിയാന്‍ പോവുകയാണ്. സഊദിയിലെ ആദ്യത്തെ പെരുന്നാളാണ് വരുന്നത്. രാത്രി, പണി സമയത്താണ് മുദീറുല്‍ മക്തബ് (ഓഫീസ് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന വ്യക്തി) വന്നുപറഞ്ഞത്, നിങ്ങള്‍ക്ക് ഇപ്രാവശ്യം ഹജ്ജ് ചെയ്യാനുള്ള സൗഭാഗ്യം ഒത്തുവന്നിട്ടുണ്ടെന്ന്.
വല്ലാത്ത ആഹ്ലാദത്തോടെയാണ് ഞങ്ങളത് കേട്ടത്. ഉറപ്പില്ല. എന്നാലും പ്രതീക്ഷയുണ്ട്.
നോമ്പും പെരുന്നാളും കഴിഞ്ഞു. പിന്നെ ഒരനക്കവുമില്ല. ഹജ്ജ് നടക്കുമോ.
ഒരു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും മുദീറുല്‍ മക്തബ് പറഞ്ഞു.
കുല്ലു ഹിന്ദി റൂഹ് മക്ക..!
ഇന്ത്യക്കാരെല്ലാം ഹജ്ജിനു പോകുന്നു.
അല്‍ഹംദുലില്ലാ.!
ഇന്ത്യക്കാരായി ഞങ്ങള്‍ അഞ്ചുപേരാണുള്ളത്. നാലുപേര്‍ കോഴിക്കോട്ടുകാരാണ്. ഞങ്ങളെ കൂടാതെ മൂന്ന് ബംഗാളികളാണ് (ബംഗ്ലാദേശുകാര്‍) അവിടെ ഉണ്ടായിരുന്നത്. അവര്‍ സ്‌കൂളിലെ ഹാരിസുമാരാണ് (കാവല്‍പണി). അവര്‍ക്ക് വല്ലാത്ത മനപ്രയാസമായി, ഞങ്ങളുടെ ഹജ്ജ് യാത്ര. വര്‍ഷങ്ങളായി അവിടെ ജോലി ചെയ്യുന്നവരാണവര്‍. അവര്‍ പരിഭവം പറഞ്ഞു.
എന്തുചെയ്യാം. ഒന്നും നമ്മള്‍ തീരുമാനിക്കുന്നതല്ലല്ലോ.
ഹജ്ജിനു പുറപ്പെടേണ്ട ദിവസം അടുത്തുവരികയാണ്. ഇനിയും ഒരു രൂപം വന്നിട്ടില്ല.
ഹജ്ജിനുള്ള രേഖകളൊന്നും കയ്യില്‍ കിട്ടിയിട്ടില്ല, ഇഖാമ പോലും കിട്ടിയിട്ടില്ല. പാസ്‌പോര്‍ട്ടിന്റെ കോപ്പിയില്‍ ഒപ്പും സീലും വെച്ചുതന്നിട്ടുണ്ട്, വന്നതിന്റെ പിറ്റേ ആഴ്ച. അതും കയ്യില്‍ വെച്ചാണ് സര്‍ക്കീട്ടു മുഴുവനും. ഇതിപ്പോ പോക്ക് എങ്ങനാവുമെന്നൊരു പിടുത്തവും ഇല്ല.
മുദീര്‍ ബഷീര്‍ യമനിയും പറയുന്നു; നിങ്ങള്‍ പോകുന്നുണ്ട്.
എങ്കില്‍ ഇനിയും ഒരുങ്ങാനുണ്ട്. ഹജ്ജിനു മാനസികമായും ശാരീരികമായും മുന്നൊരുക്കം ആവശ്യമാണ്. യാത്രക്കാവശ്യമായ സാധനങ്ങള്‍ വാങ്ങണം. ഇഹ്‌റാം വസ്ത്രം വേണം. പ്രതിരോധ കുത്തിവെപ്പെടുക്കണം.
അടുത്തുള്ള ഒരു സ്വകാര്യ ആസ്പത്രിയില്‍ പോയി കുത്തിവെപ്പെടുത്തു. കുത്തിവെപ്പെടുത്ത കാര്‍ഡും കീശയിലിട്ട് ഞങ്ങള്‍ ബത്ത്ഹയിലേക്കു പോയി. ആവശ്യമായ സാധനങ്ങള്‍ വാങ്ങി.
പിറ്റേന്ന് രാവിലെ പുറപ്പെടണം. വീട്ടിലേക്കു വിളിച്ചു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വിളിച്ചു. എല്ലാവര്‍ക്കും സന്തോഷം. ഭാഗ്യമുള്ളവന്‍, എല്ലാവരും ആശംസിച്ചു. പ്രാര്‍ഥിക്കണം, എല്ലാവരും ആവശ്യപ്പെട്ടു.
മനസ്സില്‍ മക്ക നിറയുകയാണ്. നിറഞ്ഞൊഴുകുന്ന ജനലക്ഷങ്ങള്‍ക്കിടയില്‍ ഒരു തുള്ളിയായി ഞാനും.
വിശാലമായ ഹറം പള്ളി. നടുക്ക് കറുത്ത കഅ്ബ. കഅ്ബക്കു ചുറ്റും ഒഴുകുന്ന പുഴ പോലെ മനുഷ്യര്‍. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്..
മുദീര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
വേഗം ബസ്സുകള്‍ പള്ളിക്കു മുന്നിലെത്തിക്കണം. രാവിലെ സുബ്ഹി നമസ്‌കരിക്കാന്‍ ആ പള്ളിയിലെത്തണം. അവിടെ നിന്നാണ് പുറപ്പെടേണ്ടത്.
കാര്യം പിടുത്തം കിട്ടിയത് അപ്പോഴാണ്.
സ്‌കൂള്‍ ബസ്സിലാണ് യാത്ര. പുറത്തുനിന്നുള്ള ഒരു തട്ടിക്കൂട്ട് ഹജ്ജ് ഗ്രൂപ്പിനായുള്ള യാത്രയാണ്. പേപ്പറും രേഖകളൊന്നുമില്ലാത്ത പോക്കാണ്.
മുദീര്‍ പറഞ്ഞ സ്ഥലത്ത് ബസ്സുകള്‍ കൊണ്ടുനിര്‍ത്തി. ഒരു ടാക്‌സി വിളിച്ച് തിരിച്ചു പോന്നു.
രേഖകളൊന്നുമില്ലാത്ത യാത്ര നിയമവിരുദ്ധമാണ്. പോലിസ് പിടിച്ചാല്‍ ഗുലുമാലാകും. പേടിയുണ്ട്. എന്നാലും പോകുകതന്നെ. ഒറ്റക്കല്ലല്ലോ..
രാത്രി മുദീറുല്‍ മക്തബും മുദീറും വന്നു. അവര്‍ എന്നെ വിളിച്ചു. മുദീറുല്‍ മക്തബ് എന്നെ ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തി. എന്റെ തോളിലൂടെ കയ്യിട്ട് എന്നെ ചേര്‍ത്തുനിര്‍ത്തി. വളരെ വിഷമത്തോടെ അയാള്‍ പറഞ്ഞു. മുഖ്താര്‍.. മാലീസ്..
എനിക്കൊന്നും മനസ്സിലായില്ല, എന്തിനാണിയാള്‍ എന്നോട് ക്ഷമിക്കണമെന്ന് പറയുന്നത്.
അന്‍ത മാഫീ റൂഹ് മക്ക!
ഞാന്‍ തളര്‍ന്നു പോയി. കാലുകള്‍ തളരുന്നു. മനസ്സ് ഇടറുന്നു.. കണ്ണ് നിറയുന്നു. എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല..
എനിക്ക് പോകാന്‍ കഴിയില്ല. ഡ്രൈവര്‍മാര്‍ മാത്രമാണ് പോകുന്നത്. അവര്‍ക്ക് സമയവും സന്ദര്‍ഭവും ഭാഗ്യവുമൊത്തു കിട്ടിയാല്‍ ഹജ്ജു ചെയ്യാം.
ഞാന്‍ റൂമിലേക്കു നടന്നു. കരച്ചില്‍ വരുന്നു.
ഖഫീലിനെ ഒന്നു വിളിച്ചുനോക്കിയാലോ. ഫോണില്‍ കാര്യങ്ങള്‍ എങ്ങനെ അവതരിപ്പിക്കും. ഭാഷ ഒരു പ്രശ്‌നം തന്നെയാണ്. ഞാന്‍ റിയാസ്‌ക്കയെ വിളിച്ചു. റിയാസ്‌ക്കയാണ് ഞങ്ങള്‍ക്ക് വിസയൊപ്പിച്ചു തന്നത്. റിയാസ്‌ക്കയോട് കാര്യം പറഞ്ഞു.
റിയാസ്‌ക്ക കഫീലിനെ വിളിച്ച ശേഷം എന്നെ തിരിച്ചുവിളിച്ചു.
കഫീല്‍ പറയുന്നത്, ഡ്രൈവര്‍മാര്‍ക്ക് മാത്രമാണ് പോകാന്‍ കഴിയൂ എന്നാണ്. രേഖകളൊന്നുമില്ലാത്ത യാത്രയാണ്. മുഖ്താര്‍ വിഷമിക്കണ്ട. അടുത്ത വര്‍ഷം ഹജ്ജിനുള്ള കാര്യങ്ങള്‍ കഫീല്‍ ശരിയാക്കിത്തരും.
എന്റെ സങ്കടം തീരുന്നില്ല.
![]() |
സഊദിയിലെ ജോലിക്കാലത്ത് റിയാദിലെ ഖുര്‍ത്തുബ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ വരച്ച ചിത്രം |
ബഷീര്‍ യമനി റൂമില്‍ വന്നു. അയാള്‍ക്ക് വലിയ വിഷമമുണ്ട്. എന്നെ പറഞ്ഞ് കൊതിപ്പിച്ചത് അയാളാണ്.
രണ്ടുമാസം കഴിഞ്ഞൊരു ഉംറക്ക് അവസരം കിട്ടി. പുണ്യനഗരിയില്‍ ആഹ്ലാദത്തിന്റെ വലിയ ആകാശം. രാത്രിയും പകലും ഹറമില്‍ ആത്മീയ ലഹരിയില്‍...
അടുത്ത ഹജ്ജിന് പോകണമെന്ന് ഉറപ്പിച്ചതായിരുന്നു. ഒരു വര്‍ഷം എത്രപെട്ടെന്നാണ് പാഞ്ഞുപോയത്. ഒരു മലയാളി ഗ്രൂപ്പില്‍ അന്വേഷിച്ചു. നാലായിരത്തഞ്ഞൂറു റിയാലു വേണം. മാസം ആയിരത്തി ഇരുന്നൂറ് റിയാലാണ് ശമ്പളം. ആഗ്രഹം മനസ്സില്‍ വെക്കുകയല്ലാതെ നിവൃത്തിയില്ല.
ഹജ്ജിനൊരുങ്ങിയവരെല്ലാം യാത്ര തുടങ്ങിയിരിക്കുന്നു.
പെണ്‍കുട്ടികളുടെ സ്‌കൂളില്‍ ചിത്രം വരച്ചുകൊണ്ടിരുന്നപ്പോഴാണ് മുദീര്‍ ഉസാമ വന്നത്.
മുഖ്താര്‍, അന്‍ത മാഫീ റൂഹ് മക്ക... മുദീര്‍ ചോദിക്കുന്നു.
പോവണമെന്നുണ്ടായിരുന്നു. നടന്നില്ല.
പോവാന്‍ ആഗ്രഹമുണ്ടോ... അയാള്‍ ചോദിച്ചു
അതെന്ത് ചോദ്യമാണ്.. ഇല്ലാതെ പിന്നെ...
ഖഫീല്‍ അടുത്തുള്ള മക്തബില്‍ വിളിച്ചുപറഞ്ഞിട്ടുണ്ട്. വരൂ നമുക്ക് പോയി അന്വേഷിക്കാം.
സന്തോഷം കുത്തിയെലിച്ചുവരുന്നു.
1200 റിയാല്‍ അടക്കണം. രണ്ടുദിവസത്തിനുള്ളില്‍ പുറപ്പെടണം.
ഓഫീസില്‍ നിന്ന് ശമ്പളം മുന്‍കൂട്ടി വാങ്ങി പണമടച്ചു. പിന്നെ എല്ലാം സടപുടാന്നായിരുന്നു.
മക്തബിന് കീഴില്‍ അഞ്ചാറ് ബസുകളുണ്ട്. മലയാളികള്‍ക്കും തമിഴ്‌നാട്ടുകാര്‍ക്കും ബംഗാളികള്‍ക്കും വേറെവേറെ ബസ്സുകള്‍. ഞാന്‍ സഊദികളുടെ വാഹനത്തിലായിരുന്നു. യാതൊരു രേഖയുമില്ലാതെയാണ് എന്റെ യാത്ര. എന്നെപ്പോലെ നാലഞ്ച് പേര്‍ വേറെയുമുണ്ട്. ചെക്ക് പോസ്റ്റുകളിലെത്തുമ്പോള്‍ ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങും. പൊലീസ്, വാഹനത്തില്‍ കയറി പരിശോധന നടത്തും. നടന്നു പോകുന്നവരെ പരിശോധിക്കില്ല. ചെക്ക് പോസ്റ്റ് കടന്നാല്‍ വണ്ടി നിര്‍ത്തി അതില്‍ കയറും. യാത്ര സാഹസികമായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ...
ഇഹ്‌റാമില്‍ പ്രവേശിച്ച് മക്കയിലേക്ക്. മക്കയിലേക്ക് മൂന്നാമത്തെ യാത്രയാണ്. പക്ഷേ, ഇതിപ്പോള്‍ പരിശുദ്ധ ഹജ്ജിന്. നേരത്തെ കണ്ട മക്കയല്ല, മസ്ജിദുല്‍ ഹറാമല്ല, കഅ്ബയല്ല. എല്ലാം ആദ്യം കാണുന്നപോലെ.
പൊടിക്കാറ്റു വീശുന്ന മരുഭൂമിയിലൂടെ ഞാന്‍ മക്ക കണ്ടു. ആ പൊടിപടലങ്ങള്‍ക്കിടയിലൂടെ അവ്യക്തമായി ഇബ്രാഹീം നബിയെ കണ്ടു. കൂടെ ഹാജറയുണ്ട്. അവരുടെ കയ്യില്‍ കൊച്ചുഇസ്മാഈലുണ്ട്.
സംസം നാവില്‍ വെച്ചപ്പോള്‍ കൊച്ചുഇസ്മാഈലിന്റെ കരച്ചില്‍ കേട്ടു. സഫാ മര്‍വക്കിടയിലെത്തിയപ്പോള്‍ ഹാജറയുടെ കിതപ്പും...
പൊടിമണ്ണുപരന്ന പഴയ മക്കയിലാണ് ഞാന്‍ നടക്കുന്നതെന്ന് തോന്നി. കഅ്ബയെ തൊട്ടപ്പോള്‍ ഇബ്രാഹീമിന്റെയും ഇസ്മാഈലിന്റെയും കയ്യിലെ മണ്‍നനവ്. ഖില്ലയുടെ മറയില്ലാതെ കഅ്ബ. മിനയിലെത്തിയപ്പോള്‍ ഇസ്മാഈലിന്റെ കയ്യുപിടിച്ച് കുന്ന്കയറുന്ന ഇബ്‌റാഹീമിനെ കണ്ടു. ഒരു ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ കേട്ടു.
.
- ചന്ദ്രിക ബലിപെരുന്നാള്‍ പതിപ്പ്
(2014 ഒക്‌ടോബര്‍ 05)
പൊടിക്കാറ്റു വീശുന്ന മരുഭൂമിയിലൂടെ ഞാന്‍ മക്ക കണ്ടു. ആ പൊടിപടലങ്ങള്‍ക്കിടയിലൂടെ അവ്യക്തമായി ഇബ്രാഹീം നബിയെ കണ്ടു. കൂടെ ഹാജറയുണ്ട്. അവരുടെ കയ്യില്‍ കൊച്ചുഇസ്മാഈലുണ്ട്.
ReplyDeleteസംസം നാവില്‍ വെച്ചപ്പോള്‍ കൊച്ചുഇസ്മാഈലിന്റെ കരച്ചില്‍ കേട്ടു. സഫാ മര്‍വക്കിടയിലെത്തിയപ്പോള്‍ ഹാജറയുടെ കിതപ്പും...
പൊടിമണ്ണുപരന്ന പഴയ മക്കയിലാണ് ഞാന്‍ നടക്കുന്നതെന്ന് തോന്നി. കഅ്ബയെ തൊട്ടപ്പോള്‍ ഇബ്രാഹീമിന്റെയും ഇസ്മാഈലിന്റെയും കയ്യിലെ മണ്‍നനവ്. ഖില്ലയുടെ മറയില്ലാതെ കഅ്ബ. മിനയിലെത്തിയപ്പോള്‍ ഇസ്മാഈലിന്റെ കയ്യുപിടിച്ച് കുന്ന്കയറുന്ന ഇബ്‌റാഹീമിനെ കണ്ടു. ഒരു ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ കേട്ടു.
.
നല്ല എഴുത്ത്
ReplyDeleteകൂടെ ഞാനും ഹജ്ജിനു പോന്നു.
ReplyDeleteനല്ല എഴുത്ത്, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു
ReplyDeleteവായിച്ചപ്പോള്‍ മക്കത്ത് പോയി ഹജ്ജ് ചെയ്ത അനുപൂതി.
ReplyDelete