Skip to main content

അറേബ്യൻ നോമ്പ്



നോമ്പും പെരുന്നാളും കഴിഞ്ഞു. ഇക്കഴിഞ്ഞത്‌ സഊദി അറേബ്യയിലെ രണ്ടാമത്തെനോമ്പുകാലം. ഒരു ഓര്‍മക്കുറിപ്പ്‌.


നനവൂറുന്ന നോമ്പുകാലത്തേക്കുള്ള തിരിച്ചുപോക്കിനായി മനസ്സ്‌പ്രാര്‍ഥിച്ചു തുടങ്ങുന്നു....

കഴിഞ്ഞ റമദാന്‍ പത്തിനാണ്‌ വിമാനം കയറിയത്‌.
എയര്‍പോര്‍ട്ടില്‍ റിയാസ്‌ക കാത്തു നില്‍പ്പുണ്ടായിരുന്നു.
ഒരുമണി കഴിഞ്ഞിട്ടുണ്ട്‌ റൂമിലെത്തുമ്പോള്‍. മൂന്നു മണിക്കു മുന്‍പ്‌ ബഷീര്‍ അത്താഴത്തിനുള്ള വകയുമായി വന്നു. ഏതോ കേരള ഹോട്ടലില്‍ നിന്നും വാങ്ങിയ ചോറും കോഴിക്കറിയും.
സുബ്‌ഹി കഴിഞ്ഞാണ്‌ കിടന്നത്‌. ഉറക്കം വരുന്നില്ല. ഭാര്യയുടെ നിറഞ്ഞ കണ്ണുകള്‍... നാശി മോളുടെ വിതുമ്പുന്ന ചുണ്ടുകള്‍... നിച്ചുമോന്‍, പാവം. അവന്‍ നല്ല ഉറക്കമായിരുന്നു. ഇറങ്ങാന്‍നേരം ഒരു മുത്തം കൊടുക്കാന്‍ പോലും മറന്നു പോയോ...
ഉച്ച കഴിഞ്ഞപ്പോള്‍ കൂടെ വന്നവരുടെ ജേഷ്ടന്‍മാരും നാട്ടുകാരുമായ ചിലര്‍
വന്നു. അവര്‍ ഫ്രൂട്‌സും സമൂസയും ജ്യൂസുമൊക്കെ വാങ്ങി വന്ന്‌, എല്ലാവരും കൂടി റൂമില്‍ വെച്ച്‌ നോമ്പ്‌ തുറന്നു. സഊദിയിലെ ആദ്യത്തെ നോമ്പുതുറ.
അന്നും അത്താഴത്തിനുള്ള വക ബഷീര്‍ കൊണ്ടു വന്നു.
നോമ്പു തുറക്കാന്‌ അടുത്തുള്ള പള്ളിയില്‍ പോയി. കാരക്ക, വെള്ളം, ലബന്‍, അസീര്‍... പിന്നെ ?
ബഹുമാനപ്പെട്ട കബ്‌സയും.
മസാല പുരട്ടാതെ പുഴുങ്ങിയ കോഴി ചോറിന്‌ മുകളില്‍ കിടക്കുന്നതു കണ്ടപ്പോള്‍ മനംപുരട്ടി. കരമ്പത്തോടിന്റെ വക്കില്‍ പതുങ്ങിക്കിടക്കുന്ന പോക്കാച്ചിത്തവളയെപ്പോലെ. വല്ലാത്തൊരേനക്കേട്‌.

വെള്ളത്തില്‍ തുറയൊതുക്കി എഴുന്നേല്‍ക്കുമ്പോള്‍ അപ്പുറവും ഇപ്പുറവുമിരുന്ന്‌ കോഴിയില്‍ കടിപിടികൂടുന്ന ബംഗാളികളും മിസ്‌രികളും കൗതുകമായി....
വെട്ടിപ്പിടിച്ച അസീറും ലബനും വെള്ളവും കബ്‌സപ്പൊതിയും വലിയ കവറുകളില്‍ കെട്ടിവെച്ചിരിക്കുന്നു ചിലര്‍.
പിറ്റേന്നു മുതല്‍ പണി തുടങ്ങി.
രാവിലെ 8 മുതല്‍ അസര്‍ വരെ. ഇശാ കഴിഞ്ഞ്‌ തുടങ്ങി പുലര്‍ച്ച വരെ. എത്ര മണിക്കൂറാണ്‌ പണിയെന്ന്‌ ചോദിക്കരുത്‌. എട്ടുമണിക്കൂറെന്നാണ്‌ പറഞ്ഞത്‌. ഓവര്‍ടൈമാണത്രെ. ഇത്‌ കുറച്ച്‌ ഓവറല്ലെയെന്ന്‌ രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും തോന്നിത്തുടങ്ങി.. എന്തുചെയ്യാം.. സഊദിയാണ്‌ നാട്‌... ശരീഅത്താണ്‌ കോടതി.......! (നോമ്പുകള്‍ വെള്ളത്തിലായെന്ന്‌ പറഞ്ഞാല്‌ മതിയല്ലോ).
അത്താഴം റൂമില്‍ വച്ചുണ്ടാക്കാന്‍ തുടങ്ങി. നോമ്പുതുറ കമ്പനി വക. പുഴുങ്ങിയ കോഴിയുടെ ഏനക്കേടില്‍ നിന്നും ഇടക്കാലാശ്വാസം.
പണിയില്ലാത്ത ദിനങ്ങളിലും, പണി നേരത്തെ തീരുന്ന ദിനങ്ങളിലും പള്ളി തന്നെ ശരണം. കബ്‌സയും പുഴുങ്ങിയ കോഴിയും തിന്നാന്‍ ശീലിച്ചു. ഏനക്കേട്‌ കുറേശ്ശെയായി മാറി. ബംഗാളികള്‍ക്കും മിസ്‌രികള്‍ക്കും പാക്കിസ്‌താനികള്‍ക്കുമിടയില്‍ ഞങ്ങളാല്‍ കഴിയും വിധം ഞങ്ങളും....

പുഴുങ്ങിയ കോഴിയുടെ മണമാണ്‌ സഊദിയിലെ നോമ്പുകള്‍ക്ക്‌.
നാട്ടില്‍, പത്തിരിയുടെ നറുമണമാണ്‌ നോമ്പുകാലത്തിന്‌. പ്രാര്‍ഥനകളില്‍ ശാന്തിതേടുന്ന ഹൃദയങ്ങള്‍.. ഖുര്‍ആന്‍ ക്‌ളാസുകളാല്‍ നിറയുന്ന പള്ളിയകങ്ങള്‍... ദാനധര്‍മങ്ങളുടെ ആത്മസംതൃപ്‌തികള്‍... സുഹൃത്‌ബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും ഇഴയടുപ്പിക്കുന്ന നോമ്പു സത്‌ക്കാരങ്ങള്‍... മനസ്സും ഹൃദയവും വിശാലമാകുന്ന, പൂത്തുതളിര്‍ക്കുന്ന സൗരഭ്യം....
നാട്ടിലെ നോമ്പുകള്‍ക്ക്‌ ഒരു നനവുണ്ട്‌. നോമ്പുതുറകള്‍ക്ക്‌ ഒരു ചന്തമുണ്ട്‌, കുളിര്‍മയുണ്ട്‌, ഹൃദ്യതയുണ്ട്‌.
മനസ്സും ആത്മാവും ശരീരവും തണുത്തു നിറയുന്നത്‌ അനുഭവിച്ചിട്ടുണ്ട്‌,ഒരുപാട്‌.
മണ്‍ചട്ടിയില്‍ ചുട്ടെടുക്കുന്ന പത്തിരികള്‍ക്ക്‌ പുതുമഴയുടെ മണമാണ്‌. ആ മണം മതി നോമ്പു തുറക്കാന്‍. ആവിപൊന്തുന്ന ഇറച്ചിക്കറിയില്‍ പൊതിര്‍ന്നു കിടക്കുന്ന പത്തിരിയാണ്‌ എന്നും എനിക്ക്‌ നോമ്പ്‌.
നാരങ്ങവെള്ളം, കാരക്ക, ബത്തക്ക, തരിക്കഞ്ഞി... ഉമ്മയുടെയും ഭാര്യയുടെയും ചില കരിക്കല്‍ പൊരിക്കല്‍ പരീക്ഷണങ്ങള്‍.... ഉമ്മയും ഉപ്പയും ഭാര്യയും മോളും അനിയന്‍മാരും ബാങ്കുവിളിയും കാത്ത്‌ കോലായില്‍ നിരത്തിയ വിഭവങ്ങള്‍ക്കുമുമ്പില്‍....
താളിപ്പ്‌ തൂമിക്കുന്ന മണമാണ്‌ നാട്ടിലെ പെലച്ചകള്‍ക്ക്‌. അത്താഴനേരത്ത്‌ ഉമ്മയുടെയും ഭാര്യയുടെയും വിളികള്‍ കേട്ടാലും, പുതപ്പിനുള്ളിലേക്ക്‌ നൂഴ്‌ന്നു കയറുമ്പോള്‍ പുതപ്പ്‌ വലിച്ചുമാറ്റി പൊട്ടിച്ചിരിക്കുന്ന നാശിമോള്‍...

ഈ വരണ്ട ദിനങ്ങളിലും ആ ഓര്‍മകള്‍ ചാറ്റല്‍മഴയായി... ആ മഴനനച്ചിലുകളാണ്‌ ഇന്ന്‌ സ്വപ്‌നവും പ്രതീക്ഷയുമായി ബാക്കി നില്‍ക്കുന്നത്‌. മറ്റെല്ലാ പ്രതീക്ഷകളും ഇവിടെ നനഞ്ഞൊലിച്ചു പോകുന്നു.

ഇക്കഴിഞ്ഞത്‌ സഊദിയിലെ രണ്ടാമത്തെ നോമ്പുകാലം. രാത്രിയാണ്‌ ജോലി. ഇശാക്ക്‌ശേഷം തുടങ്ങി പുലര്‍ച്ച വരെ. പകല്‍ ഉറക്കം. ഉറങ്ങി നോല്‍ക്കുന്ന നോമ്പുകള്‍. അത്താഴംറൂമില്‍. എന്റെയും സുഹൃത്തുക്കളുടെയും പാചക വിരുതുകള്‍.... തുറ പള്ളികളില്‍... കബ്‌സയും പുഴുങ്ങിയ കോഴിയുമില്ലാതെ എന്ത്‌ നോമ്പുതുറ!
ബംഗാളികളുടെയും മിസ്‌്‌രികളുടെയും പാക്കിസ്‌താനികളുടെയും ആക്രാന്തങ്ങള്‍ നമ്മുടെനാട്ടുകാരായ ചിലരുടെ അതിക്രമങ്ങള്‍ക്കു മുന്‍പില്‍ വളരെ നിസ്സാരമെന്ന പുതിയഅറിവുകളാണ്‌ ഓരെ നോമ്പുതുറയും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

പ്രവാസം എനിക്ക്‌ വിരസതയുടെ നാളുകളാണ്‌. ആ വിരസതയകറ്റാനാണ്‌വെള്ളിയാഴ്‌ചകളിലെ അസീസിയയിലേക്കുള്ള പാച്ചില്‍.
അവിടെ മലയാളിക്കുട്ടികള്‍ക്കായി ഇസ്‌്‌ലാഹി സെന്റര്‍ നടത്തുന്ന മദ്‌റസയുണ്ട്‌. മദ്‌റസയുടെ പ്രവര്‍ത്തനങ്ങളുമായി റഹീം പന്നൂര്‍ , ശിഹാബ്‌ അരീക്കോട്‌, സാജിദ്‌ കൊച്ചി, റസാഖ്‌ മദനി, സിറാജ്‌ മൗലവി, പുത്തൂര്‍ മുഹമ്മദ്‌ക്ക, ശറഫ്‌ക്ക.... റമദാനിലും ഈകൂടിച്ചേരലുകളാണ്‌ തണുപ്പാകുന്നത്‌.
സിറാജ്‌ മൗലവിയുടെയും ശിഹാബ്‌ക്കയുടെയും വീടുകളില്‍ നോമ്പുതുറയുണ്ടായിരുന്നു. ഹൃദ്യമായ നോമ്പുതുറകള്‍. ശിഹാബ്‌ക്കയുടെ ഭാര്യക്ക്‌ പാചകത്തിന്‌ നൂറില്‍ നൂറ്‌ മാര്‍ക്ക്‌.
കഴിഞ്ഞ ശനിയാഴ്‌ച മുഹമ്മദ്‌ക്കയുടെ നേതൃത്വത്തില്‍ റഹീംക്കയുടെ വീട്ടില്‍ ഒരുനോമ്പുതുറയുണ്ടായിരുന്നു. നെയ്‌ച്ചോറും കോഴിക്കറിയും, സമൂസ, ജ്യൂസ്‌... എല്ലാവരുംഒത്തുപിടിച്ച്‌ പാചകവും തീറ്റയും... സഊദിയിലെ ഏറ്റവും ഹൃദ്യമായ നോമ്പുതുറ.

ഇവിടുത്തെ നോമ്പുകള്‍ക്ക്‌ പ്രലോഭനങ്ങളെ പേടിക്കേണ്ട. അശ്ലീല കാഴ്‌ചകളും മറച്ചുകെട്ടിയ ഹോട്ടലുകളും മറ്റു പ്രലോഭനക്കാഴ്‌ചകളും ഇവിടില്ല. പക്ഷെ, നാട്ടിലെ ആ പ്രലോഭനങ്ങളുടെ നടുവില്‍ മനസ്സിനെ കാത്തു പിടിക്കാന്‍ കഴിയുന്നതില്‍ ഒരു സുഖമില്ലെ... ഈമാനിന്റെ സാന്നിധ്യം നല്‍കുന്ന ആത്മീയ സുഖം....

പ്രവാസിയുടെ നോമ്പും പെരുന്നാളും ഗൃഹാതുരമായ ഓര്‍മകള്‍ മാത്രമാണ്‌. പ്രവാസിയുടെ നോമ്പുകാലത്തിനുമുണ്ട്‌ പ്രവാസത്തിന്റെ നീറ്റല്‍.
നനവും കുളിരുമില്ലാത്ത നോമ്പുകാലമാണിതെനിക്ക്‌. മണല്‍ കാറ്റിന്റെ വെന്തമണവും ചൂടും. ചത്തുകിടക്കുന്ന പകലുകള്‍... ഉറക്കമില്ലാത്ത രാത്രികള്‍... അതിനപ്പുറം ആത്മാവില്ലാത്ത നോമ്പുകള്‍... ഉറങ്ങിത്തീര്‍ക്കുന്ന നോമ്പുകാലം...

നാട്ടിലെ നനവൂറുന്ന നോമ്പുകാലത്തേക്കുള്ള തിരിച്ചുപോക്കിനായി മനസ്സ്‌ പ്രാര്‍ഥിച്ചു തുടങ്ങിയിരിക്കുന്നു....
.
സൗദി ടൈംസ് ,നവംബര്‍ 2009




Comments

  1. നാട്ടിലെ നനവൂറുന്ന നോമ്പുകാലത്തേക്കുള്ള തിരിച്ചുപോക്കിനായി മനസ്സ്‌ പ്രാര്‍ഥിച്ചു തുടങ്ങിയിരിക്കുന്നു....

    ReplyDelete
  2. അടുത്ത നോമ്പ് കാലത്ത് നാട്ടിലെത്താന്‍ സാധിക്കട്ടേ. നാടിന്റേയും വീടിന്റേയും അവിടത്തെ ബന്ധങ്ങളുടേയും വിലയറിയുന്നത് ഇങ്ങനെ അകന്നു
    പോകേണ്ടി വരുമ്പോഴാണല്ലേ?

    പിന്നെ ലബന്‍, അസീര്‍, കബ്‌സ ഇതൊക്കെ എന്താണെന്ന് ഒന്നു പറഞ്ഞുതരൂ. വടക്കന്‍ വിഭവങ്ങള്‍ ആണോ?

    ReplyDelete
  3. തീര്‍ച്ചയായും പ്രവാസത്തിന്റെ ഈ നൊമ്പരവും വരാനിരിക്കുന്ന നന്മയുടെ മുന്നോടിയാണു.അടുത്ത നൊയമ്പു കുടുമ്പത്തോ ടു ഒപ്പം ആവാന്‍ ഈശ്വരന്‍ അനുവദിക്കട്ടെ !

    ReplyDelete
  4. നനവൂറുന്ന നോന്വു കാലം...ശൈലി മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

    ReplyDelete
  5. നാട്ടില്‍ നില്‍ക്കുമ്പോള്‍ ഗള്‍ഫിലേക്കും
    ഗള്‍ഫില്‍ നില്‍ക്കുമ്പോള്‍ നാട്ടിലേക്കും
    പോകാന്‍ ആഗ്രഹിക്കുന്ന മനുഷ്യനെ
    നാം എന്ത് പേരു വിളിക്കും...??

    ReplyDelete
  6. mukthar ka eppol evidayanu njan book stalila siraj anu

    ReplyDelete
  7. @ ഗീത,
    ലബന്‍- മോര് (കുടിക്കാന്‍ പാകത്തിന് കുപ്പിയിലാക്കി വരും)
    അസീര്‍‌- ജ്യൂസ്
    കബ്‌സ- ബിരിയാണി പോലുള്ള അറേബ്യന്‍ ചോറ്, കോഴിയോ ആടോ കൂട്ടി അടിച്ചു കേറ്റാം.


    @ Anonymous
    ഞാന്‍ സഊദിയില്‍, റിയാദ്-ശിഫ, മദാരിസു ഖുര്‍ത്തുബത്തുല്‍ അഹ്‌ലിയയില്‍...

    ReplyDelete
  8. ഇത് മുമ്പ് പോസ്റ്റ് ചെയ്തിരുന്നില്ലെ

    ReplyDelete
  9. നന്ദി,
    എലാവര്‍ക്കും..
    ഇവിടെ വന്നതിനും..
    അഭിപ്രായം പറഞ്ഞതിനും...

    കാട്ടിപ്പരുത്തി,
    ഇല്ല...
    സൗദി ടൈംസില്‍ വന്നിരുന്നു..

    ReplyDelete
  10. "പുഴുങ്ങിയ കോഴിയുടെ മണമാണ്‌ സഊദിയിലെ നോമ്പുകള്‍ക്ക്‌.
    നാട്ടില്‍, പത്തിരിയുടെ നറുമണമാണ്‌ നോമ്പുകാലത്തിന്‌. പ്രാര്‍ഥനകളില്‍ ശാന്തിതേടുന്ന ഹൃദയങ്ങള്‍.. ഖുര്‍ആന്‍ ക്‌ളാസുകളാല്‍ നിറയുന്ന പള്ളിയകങ്ങള്‍... ദാനധര്‍മങ്ങളുടെ ആത്മസംതൃപ്‌തികള്‍... സുഹൃത്‌ബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും ഇഴയടുപ്പിക്കുന്ന നോമ്പു സത്‌ക്കാരങ്ങള്‍... മനസ്സും ഹൃദയവും വിശാലമാകുന്ന, പൂത്തുതളിര്‍ക്കുന്ന സൗരഭ്യം....
    നാട്ടിലെ നോമ്പുകള്‍ക്ക്‌ ഒരു നനവുണ്ട്‌. നോമ്പുതുറകള്‍ക്ക്‌ ഒരു ചന്തമുണ്ട്‌, കുളിര്‍മയുണ്ട്‌, ഹൃദ്യതയുണ്ട്‌""
    നൂറില്‍ നൂറ്‌ മാര്‍ക്ക്! കോഴിക്കൊട്ട് റമദാന്‍ മാസം ചിലവഴിച്ച ഒരു ഇസ്ലാഹി പ്രവര്‍ത്തകന്‌ ഇതല്ലാതെ മറ്റെന്താണ്‌ പറയാനുണ്ടാവുക. പട്ടാളപ്പള്ളിയിലേയും, മൊയ്തീന്‍ പള്ളിയിലേയും പ്രസംഗങ്ങളും, തറാവീഹും, പിരിവും.....ഇനിയെന്നാണവോ അതിനൊക്കെ കഴിയുക?
    ഇടക്കാലത്തുണ്ടായ സംഘടനാ പ്രശ്നങ്ങളെപ്പറ്റി ആലോചിക്കുമ്പോള്‍ തോന്നും നല്ലത് ഇവിടുത്തെ പ്രവാസം തന്നെയാണെന്ന്.

    ReplyDelete
  11. mukthar bay,riyadh airport roadinaduthulla palliyil nomb thurakkan nadan vathakka vellavum nalla onnam tharam neychorum beef kariyum kodukkunnund.1000 thiladhikam alukal divasavum avide nomb thurakkan etharund.vishala hridayanaya ameerinde chilavil malappuram,kozhikkode pradheshathulla alukalan muzhuvan karyangalum cheyyunnath.ningalk adutha varshathe nombine kurich oru adi poli lekhanathinulla kolund,enda nokkunno? ha ha ha...............

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.