Dec 4, 2009

സിലബസ്സിലില്ലാത്തത്റിയാദ് ഖുര്‍തുബ ഇന്റര്‍‌നാഷണല്‍ സ്കൂള്‍സില്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയാണ് ഞാനിപ്പോള്‍. അഞ്ച് സ്കൂളുകളുണ്ട്, മൂന്നെണ്ണം പെണ്‍കുട്ടികളുടെതും രണ്ടെണ്ണം ആണ്‍കുട്ടികളുടെതും. മൂന്നു മാസം പ്രായമായ കുട്ടികള്‍ മുതല്‍ പതിനാറ് - പതിനേഴ് വയസ്സ് വരെയുള്ള കുട്ടികള്‍ 'പഠിക്കുന്ന'.... ഹദാന, തമീദി, ഇബ്തിദാഇ, മുതവസ്സിത്, താനവി...

ക്ലാസ് മുറിക്കകവും പുറവും ചുറ്റുമതിലിലും ചിത്രങ്ങള്‍ വരക്കുകയും അല്ലറ ചില്ലറ എഴുത്തു കുത്തുകളുമൊക്കെയാണ് പണി. പ്രക്യതി ദ്യശ്യങ്ങളും പഠനത്തിനുപകരിക്കുന്നതും പഠനവുമായി ബന്ധപ്പെട്ടതും പഠനസാഹചര്യമൊരുക്കുന്നതുമായ ചിത്രങ്ങളാണ് വരക്കേണ്ടത്. ഓരോ മദ്റസയും ഒരോ ആര്‍ട്ട് ഗാലറിയുടെ പ്രതീതി... തലങ്ങും വിലങ്ങും ചിത്രങ്ങള്‍....

'തമീതി'യില്‍ കുട്ടികള്‍ക്ക് മണ്ണില്‍ കളിക്കാനുള്ള ഒരിടമുണ്ട് ( മണ്ണില്‍ തൊടരുത്.. രോഗം വരും എന്നത് നമ്മുടെ നിലപാട്). ചെറിയ മതിലു കെട്ടി,മണ്ണു നിറച്ച് സജ്ജീകരിച്ചിരിക്കുന്ന കളിസ്ഥലം. അതിന്നടുത്ത് കുട്ടികള്‍ മണ്ണില്‍ കളിക്കുന്ന ചിത്രമാണ് വരക്കേണ്ടത്. കാറും സൈക്കിളും ഓട്ടിക്കളിക്കാനുള്ള സ്ഥലമുണ്ട്. ചതുരത്തില്‍ ഇഷ്‌ടിക കെട്ടി നിര്‍‌മിച്ചിരിക്കുന്ന റോഡ്. രണ്ടുവരിപ്പാതയാണ്. റോഡിനെ മുറിക്കുന്ന വരയും സീബ്രലെയ്‌നും വരച്ചത് ഞാന്‍ തന്നെയാണ്. അതിന്നടുത്ത് പെട്രോള്‍പമ്പും വര്‍ക്ക്‌ഷോപ്പുമാണ് വരക്കേണ്ടത്...

ഓരോ സ്കൂളിലും പഠിക്കുന്ന കുട്ടികളുടെ പ്രായത്തിനനുസരിച്ച് ചിത്രങ്ങളുടെ സ്വഭാവവും രീതിയും മാറും...

ഓരോ സ്‌കൂളിലും പ്രത്യേകം ഡ്രോയിങ് അധ്യാപകരുണ്ട്. അതിന്നു പുറമെയാണ് ബഹുമാനപ്പെട്ട എന്റെ നിയമനം!
ഓരോ സ്കൂളിലും ചിത്രകലാപഠനത്തിന് പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയുണ്ട്. ചിത്രകലാപഠനത്തിന് അനുവദിച്ച സമയത്ത് വിദ്യാര്‍‌ഥികള്‍ ആ ക്ലാസ് മുറിയില്‍ വന്നിരുന്നാണ് പരിശീലനം നേടേണ്ടത്. ഇരുന്ന് വരക്കാനും കളറുകള്‍ വെക്കാനും വിപുലമായ സൗകര്യങ്ങളാണ് ആര്‍ട്ട് ക്ലാസിലുള്ളത്. കുട്ടികളുടെ സ്യഷ്ടികള്‍ പ്രദര്‍‌ശിപ്പിക്കാനുള്ള ഇടവുമുണ്ട് അവിടെ. പ്രക്യതി ദ്യശ്യങ്ങളും അറബിക് കാലിഗ്രഫിയും മോഡേണ്‍ ആര്‍ട്ടും കരകൗശലവസ്തുക്കളുടെ നിര്‍മാണവുമൊക്കെയാണ് ചിത്രകലാപഠനം. ജീവികളുടെ ചിത്രം വരക്കുന്നത് നിരുല്‍സാഹപ്പെടുത്തപ്പെടുന്നു. ജീവികളുടെ ചിത്രം വരക്കേണ്ടിടത്ത് അപൂര്‍‌ണമായി വരക്കുക എന്നതാണ് 'സൗദി നിലപാട്'. ജീവികളുടെ ചിത്രങ്ങള്‍ക്ക് കണ്ണും മൂക്കും വായുമൊന്നും കാണില്ല.
പെണ്‍കുട്ടികളുടെ സ്കൂളിലാണ് ചിത്രകലാപഠനം കാര്യക്ഷമമായി നടക്കുന്നത്. ക്ലാസ് മുറികള്‍ ഡക്കറേറ്റു ചെയ്തിരിക്കുന്നത് കണ്ടാല്‍ അന്തം വിട്ടുപോവും. ചില കരകൗശല വസ്തുക്കള്‍ കണ്ടാല്‍ കൗതുകവും ആശ്ചര്യവും കൊണ്ട് കണ്ണെടുക്കാനാവില്ല. പാഴ്‌വസ്തുക്കള്‍ കൊണ്ടുണ്ടാക്കുന്നവക്കാണ് ചന്തമേറെ. എല്ലാം ഏറെ ലളിതം.. ചില നിര്‍‌മിതികള്‍ക്കു മുന്‍പില്‍ ഏറെ നേരം അന്തം വിട്ടു നിന്നിട്ടുണ്ട് ഞാന്‍.

സൗദിയിലെ ആണുങ്ങള്‍ പൊതുവെ സര്‍ഗശേഷികളൊന്നും ഇല്ലാത്തവരാണ്. അവര്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള എഴുത്തും വരയുമൊക്കെ പുറത്ത് നിന്നും പൈസ കൊടുത്ത് ചെയ്യിക്കാറാണ് പതിവ്. സ്വന്തമായി ഒന്നും ചെയ്യില്ല. ആകെ അറിയുന്ന ഏര്‍പ്പാട് പന്തുകളിയാണ്. നടുറോട്ടില്‍ പാതിരാത്രിക്കും കളി തന്നെ.. പന്തുകളിയില്‍ ആരാണാവോ സൗദി മക്കള്‍ക്ക് കൈവിഷം കൊടുത്തത്! ആണ്‍ കുട്ടികളുടെ സ്കൂളിലും കാര്യക്ഷമമായി നടക്കുന്നതും ഈ പന്തു കളി തന്നെ...

എന്നാല്‍ സൗദി പെണ്ണുങ്ങള്‍ പൊതുവെ വിവിധ സര്‍ഗശേഷിയുള്ളവരാണ്. കലാബോധവും കൂടുതല്‍ സ്ത്രീകള്‍ക്കു തന്നെ... (ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്കൂളുകള്‍ സന്ദര്‍‌ശിച്ചാല്‍ മാത്രം മതി,അതു മനസ്സിലാകാന്‍). പക്ഷേ, അവ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള അവസരങ്ങള്‍ സൗദിയില്‍ തീരെ ഇല്ലെന്നു തന്നെ പറയാം..( ആ വീര്‍പ്പു മുട്ടലില്‍ നിന്നും രക്ഷപ്പെടാനാവാം പാവം സൗദിപ്പെണ്ണുങ്ങള്‍ മേയ്ക്കപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്...) . ആണ്‍ കുട്ടികളുടെസ്കൂളില്‍ ചിത്രകലാ അധ്യാപകരായെത്തുന്നത് വിദേശികളാണെങ്കില്‍ പെണ്‍കുട്ടികളുടെ സ്കൂളില്‍ ചിത്രകലാ അധ്യാപികമാരായെത്തുന്നത് സൗദിപ്പെണ്ണുങ്ങള്‍ തന്നെയാണ്.

എന്തൊക്കെയായാലും ചിത്രരചനയില്‍ ഹറാം കാണുന്ന സൗദികള്‍ പോലും വിദ്യാഭ്യാസത്തില്‍ ചിത്രകലാ പഠനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ് നാം ശ്രദ്ധിക്കേണ്ട പോയന്റ്. പണ്ഡിത വിലക്കുകളും വിശ്വാസപരമായ അതിരുകളുമെല്ലാം ഉണ്ടായിട്ടും സൗദി സ്കൂളുകളില്‍ ചിത്രകലാപഠനത്തിനുള്ള അവസരങ്ങളും സാഹചര്യങ്ങളും മറ്റു നാടുകളെക്കാള്‍ കൂടുതലാണെന്നാണ് എനിക്കു തോന്നുന്നത്. കേരളത്തെ അപേക്ഷിച്ച് ഇത് വലിയ സത്യമാണ് താനും...

ചിത്രകലാ പഠനത്തിലൂടെ കുട്ടികളിലുണ്ടാകുന്ന നിരീക്ഷണ താല്പര്യവും, സര്‍ഗാത്മകമായ സല്‍ഭാവങ്ങളുടെ പരിപോഷണവും, നല്ല കാഴ്ചകളോടുള്ള അഭിനിവേഷവും തുടങ്ങി മനസ്സിനെ രചനാത്മകമാക്കിത്തീര്‍‌ക്കുന്നതും, പഠന പഠനേതര പ്രവര്‍ത്തനങ്ങള്‍ രസകരവും സര്‍ഗാത്മകവുമാക്കിത്തീര്‍ക്കുന്നതുമായ ഇടപെടലുകളാണ് ചിത്രകലാപഠനത്തിലൂടെ സാധ്യമാവുന്നത്, സാധ്യമാവേണ്ടത്....

വിദ്യാഭ്യാസ രം‌ഗത്ത് പുതിയ പരീക്ഷണങ്ങളും പുതിയ രീതികളും നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോളും കുട്ടികളുടെ മനസ്സിനെ പ്രചോദിപ്പിക്കുകയും സര്‍ഗാത്മകമാക്കിത്തീര്‍‌ക്കുകയും ചെയ്യുന്നതിലൂടെ നടത്തേണ്ട വിദ്യാഭ്യാസത്തിന്റെ മുഖ്യമായ ഒരു വശം തിരസ്കരിച്ചു കൊണ്ടിരിക്കുകയാണ് വര്‍ഷങ്ങളായി നാം. വിദ്യാഭ്യാസത്തില്‍ ചിത്രകലാപഠനത്തിന്റെ പ്രാധാന്യവും അതെങ്ങനെ നടത്തപ്പെടണമെന്നും നമ്മുടെ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താക്കള്‍ക്ക് ഇനിയും പിടികിട്ടിയിട്ടില്ല.

പുതിയ പാഠ്യപദ്ധതിയും പഠനരീതിയുമനുസരിച്ച് പ്രഥമവും പ്രധാനവുമായി വേണ്ട ഒന്നാണ് ചിത്രകലാപഠനം. എന്നാല്‍ ഇന്ന് മിക്ക സ്കൂളുകളിലും ചിത്രകലാ അധ്യാപകരില്ല. ഉള്ളിടത്തു തന്നെ കാര്യക്ഷമമായി ഒന്നും നടക്കുന്നുമില്ല.

പണ്ട് സ്കൂളുകളിലൊക്കെ ചിത്രകലാപഠനം, പ്രവ്യത്തിപരിചയം, തയ്യല്‍, സംഗീതം തുടങ്ങി 'സിലബസ്സിലില്ലാത്ത വിഷയങ്ങള്‍ക്ക് ' പ്രത്യേകം അധ്യാപകരും പിരീഡുകളുമുണ്ടായിരുന്നു. എന്നാല്‍ 'പുതിയ നിയമപ്രകാരം' ഇന്ന് ഇവയെല്ലാത്തിനും പ്രത്യേകം അധ്യാപകരോ പിരീഡുകളൊ ഇല്ല (പക്ഷേ ഇവയൊക്കെ സിലബസിലുള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. വിരോധാഭാസത്തിന് കയ്യും കാലും...). ഡ്രോയിങ് ഉള്ളിടത്ത് മ്യൂസിക് ഇല്ല, മ്യൂസിക് ഉള്ളിടത്ത് ഡ്രോയിങും... (പ്രവര്‍ത്തിപരിചയവും തയ്യലുമൊക്കെ സ്വാഹ!). പരിഷ്‌കരണമാവുമ്പോള്‍ ഇങ്ങനെ വേണം! ചിത്രകലാപഠനം, പ്രവ്യത്തിപരിചയം, തയ്യല്‍, സംഗീതം... എന്തായിക്കോട്ടെ, ഒരു സ്കൂളില്‍ ഒരു അധ്യാപകന്‍... അവനെന്താണോ അറിയുന്നത് അതു പഠിച്ചാല്‍ മതിയെന്ന്...

ഏതു എരണം കെട്ട മന്ത്രിയാണ് ഈ വിവരം കെട്ട നിയമം കൊണ്ടുവന്നതെന്നറിയില്ല. അതാരായിക്കോട്ടെ, പിന്നീടൊരു പുനരാലോചനക്ക് ആരും തയ്യാറായി കാണാത്തതിലാണ് വിഷമം. നമ്മുടെ പ്രിയപ്പെട്ട പരിഷത്തുകാര്‍‌ക്കുപോലും ഇവ്വിഷയത്തിലൊന്നും പറയാനില്ലേ...( അവര്‍ ഇതു വല്ലതും അറിഞ്ഞിട്ടുണ്ടോ ആവോ..)

കഴിഞ്ഞ പന്ത്രണ്ടു വര്‍‌ഷത്തിനിടക്ക് ചിത്രകലാഅധ്യാപകന്റെ പോസ്റ്റിലേക്ക് ആകെ നടന്നത് ഒരു പി എസ് സി യാണ്. അതു തന്നെ ടെസ്റ്റ് കഴിഞ്ഞിട്ട് പിന്നെ ഒരനക്കവും കേട്ടിട്ടില്ല. വര്‍ഷാവര്‍ഷം ചിത്രകലാ അധ്യാപകനാവാനുള്ള യോഗ്യതയും നേടി കേരളത്തില്‍ പുറത്തിറങ്ങുന്നവര്‍ ആയിരങ്ങളാണ്. ഈയുള്ളവനും അങ്ങനെ ഒരു കോഴ്‌സ് പൂര്‍‌ത്തിയാക്കിയവനാണ്. നല്ല മൊഞ്ചുള്ള ഒരു സര്‍ട്ടിഫിക്കറ്റ് എന്റെ കയ്യിലുമുണ്ട്. പറഞ്ഞിട്ടെന്ത്?

ലക്ഷങ്ങള്‍ കൊടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് പോലും കയറിയൊന്നിരിക്കാന്‍ ഒരു പോസ്റ്റു പോലുമില്ല. പിന്നെ ശരണം ഇംഗ്‌ളീഷ് മീഡിയം സ്കൂളുകളാണ്. 1500 ഓ 2000 മോ ഏറിയാല്‍ കിട്ടും. അതിലും നല്ലത്.....!

വിദ്യാഭ്യാസ രംഗത്തെ പുതിയ ചിന്തകളൊ കാഴ്ചപ്പാടുകളൊ മനസ്സിലാക്കിയിട്ടില്ലാത്ത, കുട്ടികളുടെ മനശ്ശാസ്ത്രം പോലും അറിയാത്ത ഗൈഡ് വില്പനക്കാരുടെ തരംതാണ പാഠ്യപദ്ധതിയും പഠനരീതിയും സ്വീകരിക്കുകയും കുട്ടികളുടെ മാനസികവും ശാരീരികവുമായ എല്ലാ ഉദ്ദീപനങ്ങളെയും തളര്‍ത്തുകയും അതു വഴി സാമ്രാജ്യത്വത്തിനനുകൂലമായ, മനുഷ്യത്വവും മാനുഷിക മൂല്യങ്ങളുമില്ലാത്ത, പ്രതിബദ്ധതയും പ്രതികരണശേഷിയുമില്ലാത്ത... ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്നായി പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന നമ്മുടെ ഇംഗ്‌ളീഷ് മീഡിയക്കാര്‍ ചിത്രകലാപഠനത്തിനു നല്‍കുന്ന പ്രാധാന്യം പോലും നമ്മള്‍, 'വിദ്യാഭ്യാസവിപ്ലവത്തിന്റെ വക്താക്കള്‍ക്ക്' കൊടുക്കാന്‍ കഴിയാത്തതെന്താണെന്നാണ് എനിക്കു മനസ്സിലാവാത്തത്...!
.

6 comments:

 1. പഴയ പോസ്റ്റ് ഒന്ന് റീപോസ്റ്റിയതാ...

  ReplyDelete
 2. മുകതാര്‍ഭായി,പോസ്റ്റ്പഴയതെങ്കിലും വിഷയം പഴകിട്ടില്ല,ചിത്രകലക്ക്
  അതിന്‍റെ ഇടങ്ങളില്‍ എന്നും പ്രസക്തിയേറെ!

  ReplyDelete
 3. നല്ല പോസ്റ്റ് മുക്താര്‍. "പരിഷത്തുകാര്‍ക്ക് പോലും" എന്ന് വിഷാദിക്കേണ്ട മാഷെ. അവര്‍ക്കിപ്പോള്‍ ഇതിലൊന്നുമല്ല താത്പര്യം.
  ആശംസകള്‍ :)

  ReplyDelete
 4. ee veediyabhsaa chidagal maranam... ee sushma neerishnathinu nanni.avaril enthgil kolilakan udakan kayiyum anna pradeeshyouday

  ReplyDelete
 5. പ്രിയ മുഖ്താർ,
  വരയും കുറിയും കണ്ടു, ഇഷ്ടപ്പെട്ടു.
  തിരുത്തപ്പെടേണ്ട ഒട്ടനവധിയുണ്ട്‌ സമൂഹത്തിൽ,
  യതീം ഖാന യതീമുകളുടെ സംരക്ഷണത്തിനായിരുന്നല്ലോ?
  ഇന്ന് നടത്തുന്നവരുടെ മെച്ചത്തിനായിരിക്കുന്നു.
  ഇന്നു യതീം ഖാനകളിൽ പട്ടിണി ഇല്ല.അന്നും ഇന്നും ഇല്ലാത്തതും കിട്ടാത്തതും സ്നേഹം ...അതു മാത്രം.
  എം .കെ .ഹാജിക്ക്‌ ഒരു പിൻ ഗാമി പിറക്കൻ എത്ര പേട്ടു നോവ്‌ അനുഭവിക്കണം ഈസമുദായം ???

  ReplyDelete
 6. ഒരു നുറുങ്ങ് ,
  ബിനോയ്//HariNav ,
  kodokodan ,
  എല്ലാവര്‍ക്കും നന്ദി.
  ക്രിയാത്മകമായി ഇടപെട്ടതിന്.

  abdu,
  നന്ദി.
  അതെ, ഇന്നു യതീം ഖാനകളിൽ പട്ടിണി ഇല്ല.അന്നും ഇന്നും ഇല്ലാത്തതും കിട്ടാത്തതും സ്നേഹം ...അതു മാത്രം.
  എം .കെ .ഹാജിക്ക്‌ ഒരു പിൻഗാമി ... അതാണ് എന്റെയും പ്രാര്‍ഥന.

  ReplyDelete