ക്രാ ... ക്രീ ... ക്രൂ ... ക്രൃ ...! കൊത്തക്കല്ല്, കക്ക് കളി, കണ്ണ് പൊത്തിക്കളി, അണ്ടിക്കളി, കോട്ടി, ഒളിച്ചുകളി, തൊട്ടുകളി, മണ്ടിക്കളി, ചാടിക്കളി, കൂത്തക്കം മറിഞ്ഞുകളി, തല്ല്, തോണ്ട്, പിച്ചല്‍, മാന്തല്‍... ഹാ... എന്തോരം കളികള്‍... കളിതമാശകള്‍ക്കിടയിലെ പല രസങ്ങള്‍... തോരാതെ പെയ്യുന്ന മഴയത്ത് ഉമ്മറപ്പടിയില്‍ നിന്ന് ഇറയത്ത് ഉറ്റിവീഴുന്ന വെള്ളത്തുള്ളികള്‍ കൈക്കുമ്പിളിലൊതുക്കാന്‍ ശ്രമിക്കും. കാലുകൊണ്ട് അടിച്ചു തെറുപ്പിക്കാന്‍ നോക്കും. റോഡില്‍ നിറയെ കുണ്ടും കുഴിയുമാണ്. മണ്ണുകലങ്ങിയ ചുവന്ന വെള്ളം കുഴിയാകെ നിറയും. മുറ്റത്ത് ചെറിയ കുഴികളുണ്ടാക്കും. അതിന് ചുറ്റും മണ്ണുനനച്ച് പടവുണ്ടാക്കി കിണറുകളാക്കും ചാലുകീറി തോടുകളും പുഴകളും തീര്‍ക്കും. കടലാസുതോണികള്‍ ഇറക്കും. റോഡിലെ കുഴികളില്‍ നിറഞ്ഞു കിടക്കുന്ന വെള്ളം കൂട്ടുകാരുടെ മേലേക്ക് തട്ടിത്തെറുപ്പിച്ച് സ്‌കൂളിലും മദ്‌റസയിലും പോകും. രാവിലെ മദ്‌റസ, മദ്‌റസ വിട്ടാല്‍ സ്‌കൂള്‍, സ്‌കൂള്‍ വിട്ടാല്‍ ചായയും മോന്തി പറമ്പിലോട്ടൊരിറക്കമുണ്ട്! അവിടെയാണ് കുറ്റിപ്പുരകള്‍... ഓലയും മെടലും തടുക്കും അലകുമൊക്കെ വെച്ചു കെട്ടി... താഴെ പേപ്പറു...