Apr 14, 2010

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും

കുട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌.
കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍...
തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി..
ഹായ്‌ കൂയ്‌ പൂയ്‌!
എന്നും കുട്ടിയായിരുന്നെങ്കില്‍....

എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം.
മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌....


നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..!
പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌. അതാണു മോനെ അവധിക്കാലം. അടിച്ചു തകര്‍ക്കും..
വീട്ടിലും മുറ്റത്തും പറമ്പിലും..
അയലോക്കത്തെ പെണ്‍കുട്ടികളുടെ കൂടെ പറമ്പില്‍ കുറ്റിപ്പുര കെട്ടി, ചോറും കൂട്ടാനും വെച്ച്‌ കളിക്കും. പുതിയെണ്ണും പുതിയാപ്പിളയുമായി, ബാപ്പയും ഉമ്മയുമായി.. അയലേക്കത്തെ മുത്തുവാണ്‌ എന്നും എന്റെ പുതിയെണ്ണ്‌്‌.
കുഞ്ഞിമ്മുവും മാളൂവിയും എന്നും കച്ചറയാണ്‌. ചെറിയാപ്പു അലമ്പു കാട്ടും. മഹാകച്ചറയാണവന്‍.
ഒന്നില്‍ നിന്നും രണ്ടിലേക്കും രണ്ടില്‍ നിന്നും മൂന്നിലേക്കും മൂന്നില്‍ നിന്നും നാലിലേക്കും ജയിച്ചു ജയിച്ചു കേറി. മലയാളത്തിന്‌ അഞ്ച്‌ മാര്‍ക്കു കിട്ടിയിട്ടും, ഒരു ക്ലാസിലും ഞാന്‍തോറ്റില്ല. ക്ലാസു വലുതാകും തോറും കളികളും വലുതായിക്കൊണ്ടിരുന്നു. തൊട്ടു കളി, ഒളിച്ചു കളി, കക്ക്‌, കുട്ടീം കോലും, കോട്ടി, കെട്ടുപന്ത്‌. കല്ലുമ്മെത്തോണ്ടി, കബടി.....
മീന്‍പിടുത്തം, മാങ്ങക്കേറ്‌, പുളിപറി, അടിപിടി, കച്ചറ...
ഹായ്‌ കൂയ്‌ പൂയ്‌..
അര്‍മാദിച്ച്‌, അടിച്ചുപൊളിച്ച്‌, കലക്കി മറിച്ച്‌.....

യു പി ക്കാലത്തെ അവധിക്കാലങ്ങള്‍ക്ക്‌ തേന്‍ മുട്ടായിയുടെ മണം.
റോഡുവക്കില്‍ മുട്ടായിക്കച്ചോടം നടത്തി.. തക്കാളിപ്പെട്ടിക്കു മുകളില്‍ ഹോര്‍ലിക്‌സ്‌ കുപ്പികളില്‍ മുട്ടായികള്‍ നിറച്ച്‌ വെച്ച്‌...
തേന്‍മുട്ടായി, കടച്ചാപ്പറച്ചി, നൂലു മുട്ടായി, പഞ്ഞി മുട്ടായി, പുളിയച്ചാറ്‌, കടല മുട്ടായി, ഓറഞ്ച്‌ മുറിച്ച്‌ മുളകും ഉപ്പും തേച്ചത്‌, മോരുംവെള്ളം...
കച്ചോടം പൊടിപൊടിക്കും.. ഇന്ന്‌ റൊക്കം നാളെ കടം..
കാളികാവില്‍ ഒരു കടയുണ്ട്‌്‌. അവിടെ നിന്നാണ്‌ 'ചരക്കെടുക്കുക'. ഉദരംപൊയിലില്‍ നിന്നും ഒന്ന്‌ ഒന്നര കിലോമീറ്ററുണ്ട്‌ കാളികാവിലേക്ക്‌. നടന്നാണു പോവുക. നാലഞ്ചാളുകളുണ്ടാവും.. ജാഥയായി..

സ്‌കൂളടക്കും മുന്‍പ്‌ കുറ്റിയില്‍ പൈസ ഒരുക്കൂട്ടി തുടങ്ങും..
ഒരു പത്തു രൂപയെങ്കിലും ആദ്യമിറക്കിയാല്‍ തെറ്റില്ലാത്തൊരു കച്ചോടം നടത്താം. ഒരു ദിവസം ഒന്നോ രണ്ടോ ഉറുപ്പ്യന്റെ കച്ചോടം നടക്കും. അടുത്തടുത്തായി നാലഞ്ച്‌ കച്ചോടങ്ങളുണ്ടാവും..


ഒക്കെ തക്കാളിപ്പെട്ടിക്കു മോളിലാണ്‌. പറമ്പത്താരെ മുന്നില്‍ ഓല കൊണ്ട്‌ മറച്ചുകെട്ടിയൊരു കച്ചോടമുണ്ടാവും.. സലാമിന്റെ കച്ചോടം. 'ബയങ്കര' അസൂയയായിരുന്നു അവനോട്‌. എല്ലാരും അവിടുന്നേ മുട്ടായി വാങ്ങൂ... 


ഈ കച്ചോടത്തിലെ ലാഭം കൊണ്ട്‌ വേണം പുസ്‌തകം വാങ്ങാന്‍. ഒരു ചോറ്റു പാത്രം വാങ്ങാന്‌. ഉണ്ടായിരുന്ന ചോറ്റുപാത്രം തോട്ടില്‍ ഒഴുക്കിക്കളിച്ച്‌ ഒലിച്ചുപോയി.

അഞ്ചില്‍ നിന്നും ജയിച്ചപ്പോഴാണ്‌ ഞാനും ചെറിയാപ്പുവും എടവണ്ണ ഓര്‍ഫനേജില്‍ ചേര്‍ന്നത്‌. ഞങ്ങള്‍ക്ക്‌ ഇഷ്ടമായിരുന്നു പോവാന്‍. അവിടെച്ചെന്ന്‌ രണ്ടാഴ്‌ച കഴിഞ്ഞപ്പോഴല്ലേ, സംഗതി ഗുലുമാലായിപ്പോയെന്ന്‌ മനസ്സിലായത്‌. തിരിയാനും മറിയാനും വയ്യ. കാരാക്കൂസ്‌ വിക്രസുകളൊന്നും നടക്കൂല. ചുറ്റും നിയമങ്ങളുടെ മതിലുകളാണ്‌. കളിയും ചിരിയും വര്‍ത്താനവുമൊക്കെ അളന്നു തൂക്കി മാത്രം. ആകെയുള്ള ആശ്വാസം ആഴ്‌ചയില്‍ ഒന്നോ രണ്ടോ തവണ കിട്ടുന്ന ബിരിയാണിയാണ്‌. രണ്ടു വര്‍ഷം. ഇരുപത്‌ വര്‍ഷത്തിനു തുല്യം!
ഹാവൂ, ജയിലു തന്നെ.

അന്നത്തെ അവധിക്കാലങ്ങള്‍ സ്വാതന്ത്രത്തിന്റെ ആശ്വാസമായിരുന്നു.
മനസ്സ്‌ നിറയും പുരയിലെത്തുമ്പോള്‍.
നിവര്‍ന്നു നിന്നൊന്ന്‌ ശ്വാസം വിടാം.. ഉറക്കെ ചിരിക്കാം, പറയാം.. അനിയന്‍മാരുമായി കച്ചറ കൂടാം. ഉമ്മയുടെ അടുത്തുനിന്നും അടി മേടിക്കാം. ഉപ്പയുടെ ചീത്ത കേള്‍ക്കാം. കുത്തിമറിയാം. ഉച്ചത്തില്‍ കൂവാം.. ഹായ്‌ കൂയ്‌ പൂയ്‌.. !

ഒത്തിരി വിക്രസുകള്‍ക്കു ശേഷം രണ്ടു വര്‍ഷത്തെ ജയില്‍ ജീവിതത്തില്‍ നിന്നും മോചനം. ഹാവൂ..

ഒന്‍പതിലേക്ക്‌ വീണ്ടും..
നാട്ടില്‍..

അഞ്ചാം ക്ലാസില്‍ കൂടെപ്പഠിച്ചിരുന്ന സറീനയുടെ അതേ ക്ലാസില്‍. അഞ്ചില്‍ അവള്‍ ഒരു പാവം മിണ്ടാപ്പൂച്ചയായിരുന്നു. ഇപ്പോ ആളിച്ചിരി പൊട്ടിത്തെറിച്ച കൂട്ടത്തിലാണ്‌. അഞ്ചില്‍ ഞാന്‍ ലീഡറായിരുന്നു. ക്ലാസില്‍ അധ്യാപകരില്ലാത്ത നേരത്ത്‌ സംസാരിക്കുന്ന കുട്ടികളുടെ പേരെഴുതാന്‍ നില്‍ക്കുന്ന നേരത്ത്‌ അവളുടെ കണ്ണുകളിലേക്കു നോക്കി...

അവളുടെ പേരു മാത്രം ഞാന്‍ ഒരു വട്ടം പോലും എഴുതിയിട്ടില്ല. എന്നിട്ടും..
അവളോട്‌ എനിക്കുണ്ടായിരുന്ന എന്തോ ഒരിത്‌ അവള്‍ക്കിന്നും മനസ്സിലായിക്കാണില്ല.
അവളെ കണ്ടുകൊണ്ടിരിക്കാന്‍ പറ്റുന്ന ഒരിരിപ്പിടം ഒപ്പിച്ചെടുക്കാന്‍ ഒത്തിരി മെനക്കെട്ടു. പക്ഷേ, ക്ലാസധ്യാപകന്‍ എന്നെപ്പിടിച്ച്‌ മുമ്പിലെ ബെഞ്ചിലിരുത്തി. ബേക്കിലേക്ക്‌ നോക്കി നോക്കി പെരടിയുളുക്കി.

ഒത്തിരി മെനക്കെട്ടു, അവളൊന്നു പുഞ്ചിരിച്ചു കാണാന്‍..
രാത്രി ഉറക്കൊഴിച്ചിരുന്ന്‌ അവള്‍ക്ക്‌ കത്തുകളെഴുതി. വൈകിയിട്ടും, വിളക്കു കത്തിച്ചുവെച്ച്‌ ഉറക്കൊഴിച്ചിരിക്കുന്നതു കണ്ട്‌ വീട്ടുകാര്‍ക്കും സന്തോഷം. മോന്‍ ഭയങ്കര പഠിത്തല്ലേ...

ഒരു ചെറിയ പിണക്കം.

പിറ്റേ മാസം പരീക്ഷയായിരുന്നു. പരീക്ഷ കഴിഞ്ഞ്‌ നാലാം ദിവസം അവളുടെ കല്ല്യാണം.
ക്ഷണിക്കുക പോലും ചെയ്‌തില്ല, അവള്‍...

വിരഹത്തിന്റെ പൊള്ളലായിരുന്നു ആ അവധിക്കാലം.
ക്ഷണിക്കുകയെങ്കിലും ചെയ്യാമായിരുന്നു അവള്‍ക്ക്‌...
ഒരു യാത്ര പോലും പറയാതെ..
ഒരു മഴ പെയ്‌തിരുന്നെങ്കില്‍...

പിന്നെ എഴുത്തിന്റെയും വരയുടെയും നാളുകളായിരുന്നു.

അഞ്ചാം ക്ലാസു മുതലെ ബാല പ്രസിദ്ധീകരണങ്ങളോട്‌ കമ്പം കേറിയിരുന്നു. ബാലരമയിലെ മായാവിയെയും കപീഷിനെയുമായിരുന്നില്ല, ബാലമംഗളത്തിലെ ഡിങ്കനെയും നമ്പോലനെയുമായിരുന്നു എനിക്കിഷ്ടം. ചിത്രകാരന്‍ ബേബിയുടെ വരയോടുള്ള ഇഷ്ടം കൂടി ആവാമത്‌.

പുസ്‌തകങ്ങള്‍ വായിക്കുന്നതിനേക്കാളും ഇഷ്ടം അതിലെ ചിത്രങ്ങള്‍ നോക്കി വരക്കുന്നതിലായിരുന്നു. ചെറുപ്പത്തിലേ വര ഇഷ്ടമായിരുന്നു. ഓര്‍ഫനേജില്‍ പഠിക്കുന്ന കാലത്താണ്‌ വര മൂത്തത്‌. അവിടെ സ്‌കൂളില്‍ നല്ലൊരു ചിത്രകലാ അധ്യാപകനുണ്ടായിരുന്നു. ചിത്രം വരച്ച്‌ കളറിടണം. നല്ല ചിത്രങ്ങള്‍ക്ക്‌ വെരിഗുഡ്‌ തരും. എന്റെ ഡ്രോയിംഗ്‌ ബുക്കു നിറച്ചും വി ഗുഡായിരുന്നു. അദ്ദേഹം നല്ല കഥകള്‍ പറഞ്ഞു തരും. ആ കഥ പറച്ചില്‍ വായനക്കുള്ള പ്രചോദനവുമായിരുന്നു.

ബാല പ്രസിദ്ധീകരണങ്ങളുടെ ഇത്തിരി വട്ടത്തില്‍ നിന്നും വായനയുടെ വലിയ ലോകത്തേക്ക്‌ ഇറങ്ങി നടക്കാനുള്ള ഒരു ഉന്ത്‌. കിട്ടുന്നതൊക്കെ കുത്തിയിരുന്ന്‌ വായിച്ചു.

എഴുത്തു തുടങ്ങിയത്‌ ഒന്‍പതില്‍ പഠിക്കുമ്പോഴാണ്‌. ക്ലാസില്‍ ഒരു കയ്യെഴുത്തു മാസിക തുടങ്ങിയായിരുന്നു തുടക്കം.
റൂമടച്ചിരുന്ന്‌്‌ വായനയും എഴുത്തും വരയും...
പുറത്തിറങ്ങുന്നതു കുറച്ച്‌, കളിയും കുറഞ്ഞു..
(അതു കാരണമാവാം, കൂട്ടുകാരും കുറഞ്ഞു.)
അങ്ങനെ ഞാനൊരു 'ബു ജി' ആയി, ആ അവധിക്കാലത്ത്‌.

ഒന്‍പതിലെ അവധിക്കാലം ഒരു മാസമാണ്‌. ഇനി പത്തിലേക്കല്ലെ, ഒരു മാസം മുമ്പേ ക്ലാസു തുടങ്ങും.
തുടങ്ങട്ടെ..

പത്തില്‍ നിന്നും ജയിച്ച കൂട്ടുകാരന്റെ ബുക്ക്‌ പകുതി വിലക്കു വാങ്ങി. നോട്ടുബുക്ക്‌ പഴയതൊക്കെ തുന്നിക്കെട്ടി, ബാക്കി മൂന്നാലെണ്ണം പുതിയത്‌ വാങ്ങി.
`ഓനെന്തിനാ നോട്ട്‌ബുക്ക്‌ കുത്തിവരച്ച്‌ കളയാനല്ലെ..`
ഉമ്മ പറയും..
എന്റെ എഴുത്തും വരയുമൊന്നും ആര്‍ക്കുമത്ര പിടിച്ചിരുന്നില്ല. ബുക്കുകള്‍ കുത്തിവരച്ച്‌ കേടുവരുത്തുക. നല്ല അടി കിട്ടാത്ത കുഴപ്പമാണ്‌.

പത്തില്‍ ക്ലാസു തുടങ്ങി..
അവധിക്കാലങ്ങളുടെ രസങ്ങളും കഴിഞ്ഞു.
ഇനി പഠിപ്പ്‌. ഒടുക്കത്തെ പഠി
പ്പ്‌.. !
 • ചിത്രങ്ങള്‍(1,2) ഗൂഗിളില്‍ നിന്ന്.
.

47 comments:

 1. കുട്ടിക്കാലവും
  അവധിക്കാലവുമില്ലാത്ത
  പുതിയ തലമുറക്ക്...

  നമ്മുടെ കുട്ടികളുടെ
  കുട്ടിക്കാലം അവര്‍ക്ക് തിരിച്ചു കൊടുക്കാനാവുമോ..

  ReplyDelete
 2. (((((((((((((((((ഠോ)))))))))))))))))))))

  എന്താത്. മുക്താറിന്റെ ചെവിക്കിട്ട് ഒന്ന് കൊടുത്തതാണെന്ന് കരുതുക.

  എന്തിനാ?

  ഞാൻ പറയാൻ വന്ന കാര്യങ്ങൾ അപ്പടി അക്ഷരത്തെറ്റില്ലാതെ, വിവരിച്ചതിന്‌.

  അപ്പോ ആശംസകളോ?

  എന്നാപ്പിനെ, ഇത് തേങ്ങായുടച്ചത്.

  ബാല്യം, ജീവിതത്തിന്റെ വസന്തകാലം.

  ആശംസകൾ മുക്തർ.

  ReplyDelete
 3. @ Sulthan | സുൽത്താൻ,

  നന്ദി സുല്‍ത്താന്‍..
  ആദ്യ അടിക്ക്..

  വന്നതിന്..
  വായനക്ക്..
  വാക്കുകള്‍ക്ക്..


  മുട്ടായിക്കച്ചോടം ഞാനും ബായിച്ച്..
  സുല്‍ത്താന്‍ കഥകള്‍ അസ്സലാവുന്നുണ്ട്‌ട്ടോ..

  ReplyDelete
 4. ഓറഞ്ച്‌ മുറിച്ച്‌ മുളകും ഉപ്പും തേച്ചത്‌, മോരുംവെള്ളം..

  എടാ പഹയാ നാവില്‍ വെള്ളമൂറുന്നു..!! പണ്ടാരടക്കാന്‍ അന്‍റെ ഈ ഒലക്കമ്മലെ ഓര്‍മ്മപെടുത്തല്‍ മനുഷ്യനെ ഭ്രാന്താക്കാനാ…..! മൂക്കിള ഒലിപ്പിച്ച് കീറ ട്രൌസറും ഇട്ട് നടന്നിരുന്നു ആ ഉണ്ടം പൊരി മുക്താര്‍ തന്നെയല്ലെ ഇജ്ജ് ..! ജ്ജ്പ്പാരായി വല്ല്യാ ബ്ലോഗര്‍. !! ബ്ലൊഗര്‍ മുക്താര്‍…!

  സറീന കല്ല്യാണം അന്നോട് പറയാതിരുന്നത് ഓളെ സങ്കടം കൊണ്ടാടാ സാരല്ല. !!ഇപ്പോ അന്‍റെ ബ്ലോഗ് വായിച്ച് ഓള് നെടുവീര്‍പ്പിടുന്നുണ്ടാവും.!! രക്ഷപ്പെട്ടല്ലോ ഈ പഹയന്‍റെ കയ്യീന്ന് എന്നും കരുതി അല്ലാതെ അന്നെ കിട്ടീലല്ലോ എന്ന സങ്കടത്തിലല്ല.. ..ഹായ് ….കൂയ് ,… പൂയ്…!! ഞമ്മക്ക് പെരുത്തങ്ങട്ട് പുടിച്ചു അന്‍റെ ഈ ….ന്താ പറയാ…. ആ പുളിയച്ചാറും തേന്മുട്ടായിയും..!! ഹായ് കൂയ്.. പൂയ്..!!

  ReplyDelete
 5. ബാല്യകാലം മനോഹരമായി വിവരിച്ചിരിക്കുന്നു.

  ReplyDelete
 6. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌..!
  ഹ ഹ ഹാ നന്നായി വായിച്ചു, ഇഷ്ട്ടായി, ഹായ് കൂയ് പൂയ്... :)

  ReplyDelete
 7. ബാല്യകാലസ്മരണകള്‍ അസ്സലായി. വായില്‍ വെള്ളമൂറിക്കുന്ന വിഭവങ്ങള്‍. ഓറഞ്ച് ഇങ്ങനേയും കഴിക്കാം അല്ലേ?
  പിന്നെ ആ പെരടിഉളുക്കിയത് വായിച്ചു ചിരിച്ചു പോയി. അത്രേം കഷ്ടപ്പെട്ടത് മിച്ചം.

  ReplyDelete
 8. അടുത്ത കാലത്ത് തേന്‍ നിലാവ് എന്ന് വിളിച്ചിരുന്ന തേന്‍ മിഠായി ഒരു കടയില്‍ കണ്ടു. എങ്ങിനെ ഈ പ്രായത്തില്‍ അത് ചോദിച്ചു വാങ്ങും. മന്സ്സ് കുട്ടിക്കാലത്ത് എത്തി കഴിഞ്ഞിരുന്നു. വാങ്ങാതിരിക്കാനായില്ല. കാര്‍ മിഠായികള്‍ മൊത്തമായി വില്‍ക്കുന്ന കടയ്ക്ക് മുമ്പില്‍ നിര്‍ത്തി. തേന്‍ നിലാവ് 5 പാക്കറ്റ് വാങ്ങി. കാറ്- നീങ്ങിയതും പാക്കറ്റ് ഒരെണ്ണം പൊട്ടിച്ചു. ബാല്യം ആരേയും വിട്ട് അകന്ന് പോവുമെന്ന് തോന്നുന്നില്ല. നല്ല രചന.

  ReplyDelete
 9. @ ഹംസ,
  ഹ ഹ
  അതെ, മൂക്കിള ഒലിപ്പിച്ച് കീറ ട്രൌസറും ഇട്ട് നടന്നിരുന്നു ആ ഉണ്ടം പൊരി മുക്താര്‍ തന്നെ ..!
  ഹ ഹ. പാവം സറീന..
  പെരുത്ത് നന്ദി..
  വരവിന്.. വായനക്ക്... വാക്കുകള്‍ക്ക്..
  ഹായ് കൂയ്.. പൂയ്..!!

  @കുമാരന്‍ | kumaran,
  നന്ദി, നല്ല വക്കുകള്‍ക്ക്..


  @ കൂതറHashimܓ ,
  നന്നായി വായിച്ചു,എന്നു പറഞ്ഞതിനൊരു നന്ദി.
  ഇഷ്ട്ടായി, എന്നു പറഞ്ഞതിന് മറ്റൊരു നന്ദി...
  ഹായ് കൂയ് പൂയ്...

  ReplyDelete
 10. @ ഗീത ,
  ബാല്യകാലസ്മരണകള്‍ അസ്സലായിയെന്നു പറഞ്ഞതില്‍ സന്തോഷം.
  അതെ, ഓറഞ്ച് ഇങ്ങനേയും കഴിക്കാം അല്ലേ?
  ചിരിച്ചോളിം.. ചിരിച്ചോളീം..

  നന്ദി, വരവിന്- വായനക്ക്- നല്ല വാക്കുകള്‍ക്ക്...

  @ keraladasanunni ,
  തേന്‍ നിലാവ് !
  അതെ, ബാല്യം ആരേയും വിട്ട് അകന്ന് പോവുമെന്ന് തോന്നുന്നില്ല.
  നല്ല രചനയെന്നു പറഞ്ഞതിനു നന്ദി.


  വന്നിട്ട്
  വായിച്ച്
  മിണ്ടാതെ പോയവര്‍ക്കും പെരുത്ത് നന്ദി..

  ReplyDelete
 11. ഓളെ പിന്നെ കണ്ടില്ലെ?

  ReplyDelete
 12. ഉമ്മയുടെ അടുത്തുനിന്നും അടി മേടിക്കാം. ഉപ്പയുടെ ചീത്ത കേള്‍ക്കാം. കുത്തിമറിയാം. ഉച്ചത്തില്‍ കൂവാം.. ഹായ്‌ കൂയ്‌ പൂയ്‌.. !...ഹായ്‌ കൂയ്‌ പൂയ്‌.. അര്‍മാദിച്ച്‌, അടിച്ചുപൊളിച്ച്‌, കലക്കി മറിച്ച്‌......

  ഇതു തന്നെയാണ് നഷ്ടപ്പെടുന്ന ബാല്യം.. പിന്നെ ഒരിക്കലും കിട്ടാത്ത മധുരം ..വയിച്ചപ്പോള്‍ അറിയതെ കണ്ണു നിറഞ്ഞു .. മനസ്സില്‍ ബാല്യത്തിന്റെ ഒരിക്കലും മായാത്ത മറയാത്ത ചിത്രം വരക്കുന്ന വര്‍ണന

  ReplyDelete
 13. കുട്ടിക്കാലം. തിമീപ്പിന്റെ കാലം. ഒന്നുമറിയാതെ എന്തിനോ വേണ്ടിയുള്ള പ്രണയം. നഷ്ടം. അവധിക്കാലതിന്റെ നൊസ്റ്റാള്‍ജിയ. കുട്ടികളാണ് മതെതരവതികള്‍. എല്ല അര്‍ത്ഥതിലും നമ്മള്‍ കുട്ടികളാവ്വേണ്ടതുണ്ട്. ജീവിതത്തിലും സ്നേഹസങ്കല്പത്തിലും. എഴുത്തു കുറചു കൂടി ചെറുതാക്കാമായിരുന്നു. കുറചുകൂടി കാല്പനികവും. വരട്ടെ നന്മകള്‍ എഴുത്തില്‍ ഇനിയുമിനിയും.

  ReplyDelete
 14. @ അന്തംകമ്മി,
  പിന്നെ കണ്ടില്ല. കാണാന്‍ ശ്രമിച്ചില്ല.
  അവളായി അവളുടെ പാടായി..
  പോട്ട്..

  നന്ദി, വരവിന്...


  @ മാണിക്യം ,
  അതെ, ഇതു തന്നെയാണ് നഷ്ടപ്പെടുന്ന ബാല്യം.. പിന്നെ ഒരിക്കലും കിട്ടാത്ത മധുരം

  നന്ദി, വരവിന്- വായനക്ക്- വാക്കുകള്‍ക്ക്.


  @ എന്‍.ബി.സുരേഷ് ,
  നന്ദി.
  വളരെ നന്ദി.
  വായനക്ക്..
  അര്‍ഥവത്തായ പ്രതികരണത്തിന്..

  ReplyDelete
 15. വിജാരിച്ച പോലെയല്ല, ആളു ചെറുപ്പം മുതലേ 'വശപിശക്' ആണ് അല്യോ?
  പിന്നിലേക്ക്‌ നോക്കി നോക്കി പിരടി ഉളുക്കിയെന്നു പറഞ്ഞത് സത്യം! ഫോട്ടോ നോക്കിയാല്‍ അത് വ്യക്തമാണ്.

  ReplyDelete
 16. ഹായ് കൂയ് പൂയ് ഹിറ്റായല്ല്...
  ഈ തേന്‍ മുട്ടായിയും പുളിയച്ചാറുമൊക്കെ വീണ്ടും തിന്നാന്‍ കൊതിയാവുന്നു.. വല്ല പിള്ളെരെയും വിട്ട് വാങ്ങിപ്പിക്കണം, അല്ലാതെ എന്ത് ചെയ്യും?? വലുതായിപ്പോയില്ലെ!
  പിന്നെ ഇസ്മായില്‍ കുറുമ്പടിയോട്.. പുള്ളിയുടെ കഴുത്തിന് ഇപ്പൊ കുഴപ്പമൊന്നുമില്ല.. ഫോട്ടോ പഴയതാണെന്ന് തോന്നുന്നു... സൗദിയില്‍ എങ്നനെ തല തിരിച്ച് നോക്കിയിട്ടും കാര്യമൊന്നുമില്ലാത്തതിനാല്‍ ഇപ്പൊ കഴുത്ത് ശരിയായിട്ടുണ്ട്...
  മുക്താര്‍ ഭായ്, പത്താം ക്ലാസ് തുടങ്ങിയത് പറഞ്ഞു.. അവസാനം എന്തായി ആവോ? അടുത്ത പോസ്റ്റില്‍ പ്രതീക്ഷിക്കാമൊ?
  ഏതായല്ലും നല്ല പോസ്റ്റ്.. പോസ്റ്റിന്റെ നീളം വായനയില്‍ അനുഭവപ്പെട്ടില്ല കേട്ടോ.. ഭാവുകങ്ങള്‍...

  ReplyDelete
 17. ബാല്യത്തിലേക്കൊരു മടക്കം, ആര്‍ക്കാ അതിഷ്ടമില്ലാത്തതു്, ഒരിക്കലും നടക്കാത്തതാണെന്നറിഞ്ഞുകൊണ്ടു തന്നെ.

  ReplyDelete
 18. കയ്യെഴുത്ത് മാസികയും പഴയ കളികളും എല്ലാം എല്ലാം ഇന്ന് അന്യമായിരിക്കുന്ന, അനുഭവിക്കാന്‍ ഭാഗ്യമില്ലാത്ത കുട്ടികളെ കാണുമ്പോള്‍ ചുമ്മാ ഒരു പാവം തോന്നല്‍ അറിയാതെ മനസ്സില്‍ സംഭവിക്കാറുണ്ട്.
  നന്നായ്‌ മുഖ്താര്‍.

  ReplyDelete
 19. @ ഇസ്മായില്‍ കുറുമ്പടി ( തണല്‍) ,
  ഹ ഹ..
  അപ്പോ എന്തൊക്കെയാ വിചാരിച്ചിരുന്നത്..
  ഹ ഹ.. കണ്ടു പിടിച്ചു അല്ലേ.. കൊച്ചു ഗള്ളന്‍!
  (മറുപടി നസീഫ് പറഞ്ഞിരിക്കുന്നു.. ഇനി ആവര്‍ത്തിക്കണ്ടല്ലോ...)
  പോട്ടം മാറ്റണോ..
  നന്ദി. വരവിന്, വായനക്ക്, നല്ല വാക്കുകള്‍ക്ക്..

  @ Naseef U Areacode,
  ഇസ്മായില്‍ കുറുമ്പടിക്ക് മറുപടി കൊടുത്തതു ഞമ്മക്ക് പെരുത്തിഷ്ടായി..
  പത്താം ക്ലാസ് തുടങ്ങിയത് പറഞ്ഞു.. ബാക്കി മട്ടം പോലെ.. സമയം പോലെ.. തോന്നുമ്പോലെ..
  നന്ദി. വരവിന്, വായനക്ക്, നല്ല വാക്കുകള്‍ക്ക്..


  @ Typist | എഴുത്തുകാരി,
  അതെ, ആര്‍ക്കാ അതിഷ്ടമില്ലാത്തതു്..
  നന്ദി. വരവിന്, വായനക്ക്, നല്ല വാക്കുകള്‍ക്ക്..


  @ പട്ടേപ്പാടം റാംജി ,
  കഥാകാരാ..
  നന്ദി. വരവിന്, വായനക്ക്, നല്ല വാക്കുകള്‍ക്ക്..

  ReplyDelete
 20. ബാല്യകാലസഖിയെ പിന്നീട് എപ്പോഴെങ്കിലും കണ്ടുമുട്ടിയോ? ഒരു വേള കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോയി.

  ReplyDelete
 21. ശരീരത്തിന് വയസ്സാകാം.. ശാരീരത്തിനും പ്രായമാകാം..
  പക്ഷെ, മനസ്സ്‌...!

  "ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍" എന്നെയെത്തിച്ച മുഖ്താര്‍, ഒരായിരം നന്ദി.

  ReplyDelete
 22. ഓര്മയില് ജീവിക്കട്ടെ

  ReplyDelete
 23. @ ഏറനാടന്‍ ,
  ഇല്ല.
  നന്ദി. വരവിന്, വായനക്ക്, നല്ല വാക്കുകള്‍ക്ക്..


  @ (റെഫി),
  അതെ, മനസ്സിനു വയസ്സാവാതിരിക്കട്ടെ..
  നന്ദി. വരവിന്, വായനക്ക്, നല്ല വാക്കുകള്‍ക്ക്..


  @ സലാഹ് ,
  നന്ദി. വരവിന്, വായനക്ക്, നല്ല വാക്കുകള്‍ക്ക്..  വന്നിട്ട്
  വായിച്ച്
  മിണ്ടാതെ പോയവര്‍ക്കും..
  നന്ദി...

  ReplyDelete
 24. ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞു കൊണ്ടു തന്നെ,പിന്നെയും പിന്നെയും ഓർത്തിരിക്കാൻ സുഖമുള്ള ഓർമ്മകൾ സമ്മാനിച്ച നിഷ്ക്കളങ്ക ബാല്യം...
  വേണ്ട... ഒന്നും ...ഓർക്കണ്ടാ...!!

  ReplyDelete
 25. വായിച്ചപ്പോൾ ഞാൻ എവിടെയോ എത്തിയതായ തോന്നൽ. അവധിക്കാലത്ത് കളിച്ചുല്ലസിച്ച് നടന്ന ഞാൻ ടീച്ചറായപ്പോൾ വെക്കേഷൻ ക്ലാസ് വെച്ച് കുട്ടികളെ പീഢിപ്പിച്ച കാര്യം ഓർത്തുപോയി.

  ReplyDelete
 26. കയ്യിലിരിപ്പ് വെച്ച് ഉളുക്കിയത് പിരടി മാത്രമാവില്ലല്ലോ? :)

  മുഖ്താര്‍ വീണ്ടും ഇന്നലകളിലെക്ക് കൂട്ടിക്കൊണ്ടു പോയതിനു നന്ദി.

  ReplyDelete
 27. നാവിൽ വെള്ളമൂറുന്ന കഥകൾ കേൾക്കാൻ ഇങ്ങോട്ടു തന്നെ വരണം എന്ന സ്ഥിതിയായിരിക്കുന്നു

  ReplyDelete
 28. കുട്ടിക്കാലത്ത് അവധിക്കാല കച്ചവടങ്ങള്‍ ഞാനും ചെയ്തിരുന്നു. എത്ര സുന്ദരമായ ദിനങ്ങളായിരുന്നു
  ഹായ് പൂയ്‌ കൂയ്...

  സ്കൂള്‍ അവധിക്കാലത്ത് ഞങ്ങള്‍ ടൂര്‍ പോന്നിരുന്നത് എന്റെ അമ്മായിമാരുടെ വീട്ടിലേക്കായിരുന്നു, നിങ്ങളുടെ നാട്ടില്‍ - പുല്ലംകൊടും കാളികാവിലും.
  വീട്ടില്‍ നിന്നും ഏതാണ്ട് മുപ്പതോളം കിലോമീറ്റര്‍ ഞങ്ങള്‍ സമപ്രായക്കാര്‍ ഒറ്റയ്ക്ക് ബസ്സില്‍ യാത്ര!, അതിനുവേണ്ടി വെകേഷന്‍ ഒന്ന് വന്നെങ്കില്‍ എന്നാഷിച്ചിരുന്നു!. ഹോ
  നല്ല കുറേ ഓര്‍മ്മകള്‍ തന്നതിന് നന്ദി, ഈ പോസ്റ്റിനും

  ReplyDelete
 29. ന്നാലും മുക്താരെ ഇത് കലക്കനാട്ടോ ! കഥയല്ല മോനെ അന്റെ template . മോളില് കാണുന്ന slider അനന്ഗുന്നില്ലല്ലോ മോനെ .ചുമ്മാതല്ല . അത് automatic അല്ല .ഓരോ ബ്ലോഗ്‌ പോസ്ടിന്റെയും സമ്മറിയും മെമ്മറിയും നമ്മള് തന്നെ വീണ്ടും html edit ചെയ്തു കൊടുത്താലേ മൂപ്പര് അനന്ഗോഒ .

  ReplyDelete
 30. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ഇഷ്ടമില്ലാത്തവരുണ്ടാകുമോ...

  ReplyDelete
 31. നല്ല രസമുള്ള ഓര്‍മ്മകള്‍..
  ഓറഞ്ച്‌ മസാലയും പുളിയച്ചാറുമൊക്കെ വായിച്ചപ്പോള്‍
  ശരിക്കും കൊതി തോന്നിപ്പോയി..

  ReplyDelete
 32. ബാല്യകാല സ്മരണകള്‍ നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
 33. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌ അയിന്റെ ഒപ്പം പഴം ചോറും മുരിങ്ങാ കറിയും
  എന്താ ടേസ്റ്റ്..

  ആ ടെസ്റ്റ് ചുണ്ടിലുള്ള പോലെ ഈ ഓര്‍മകളും എന്നുമെന്നും മനസ്സിലുള്ളത് ഉണ്ടാവട്ടെ..


  കുട്ടിക്കാലത്ത് ചാക്ക് വിരിച്ച് കച്ചവടം നടത്തി ഞാന്‍ സമ്പാദിച്ചത് 4 രൂപ 35 പൈസ !
  പിന്നെ അത് ചിലവായി കിട്ടാന്‍ ഞാനും അനുജനും കാളികാവിലേക്ക് സിനിമക്ക്.എക്സര്‍വീസ് അഞ്ചച്ചവിടിയില്‍ മൂച്ചിക്കിടിച്ച് വഴിയികുടുങ്ങി ഓരോ മോരും വെള്ളോം വാങ്ങി കുടിച്ച് തിരിച്ച് നടന്നു വീട്ടിലേക്ക്. പിന്നെ ഫസ്റ്റിന്‍ വിട്ടു വണ്ടൂര്‍ക്ക്..

  അതൊക്കെ പഴയ കഥ.

  കളിപ്പുര വെച്ച് കളിക്കാനൊരു കുട്ടിക്കാലം. ഇനിയും വരില്ല എന്ന ദുഖം മനസ്സിലൊതുക്കി....നന്ദിയോടെ ,,,,,

  ReplyDelete
 34. നിഷ്കളങ്കമായ സ്കൂള്‍കാലഘട്ടത്തിലേയ്ക്ക്‌ പിടിച്ചുകൊണ്ടുപോയ ഒരു പോസ്റ്റ്‌... മനോഹരമായ ഓര്‍മ്മ....

  അഭിനന്ദനങ്ങള്‍!!!.
  ഇനിയും ഒരുപാട്‌ എഴുതുക..

  ReplyDelete
 35. വാക്കുകളിലൂടെ നല്ലൊരു ഗൃഹാതുരചിത്രം വരച്ചു കാണിച്ചതിന് നന്ദി മുഖ്താര്‍, നന്നായിട്ടുണ്ട്.. ശരിക്കും..

  ReplyDelete
 36. ഹായ്‌..ആ പുളിയചാരിന്‍റെ ഒരു പുളി, നാവില്‍ കൊതിവെല്ലാം...ഹായ്‌ ഹോയ്‌ ഹേ ഹോ ഹ ഹ

  ReplyDelete
 37. കുട്ടിക്കാലത്തെ മധുരമുള്ള അനുഭവങ്ങൾ; അത് ഇപ്പോഴുള്ള കുട്ടികൾക്ക് ഒരിക്കലും കിട്ടാത്ത അവധിയുടെ ഓർമ്മകൾ; വളരെ നന്നായിരിക്കുന്നു.

  ReplyDelete
 38. മാഷേ, കുട്ടിക്കാലം നന്നായി ആസ്വദിച്ചു, കൊതിപ്പിച്ചു!

  ReplyDelete
 39. nostalgiac..
  ishttappettu..
  with love shajikumaR

  ReplyDelete
 40. ivide vare vannittu pinthirinhu nadakkunnathengane....eranattukarantevikrasukal ere kandittunde...
  anadalayathinte idanazhikalile kurachakalam ethrayo yugangalayi ente manasilum undu... enikkuthonnunnu nhaninnum oru aram class birudhadhariyayirikkan karanam aviduthe nadukkunna ormakalakanam. beeranusthante chuzhattunna vadiyum thuricha kannukalum edakkide ente urakkam keduthiyirunnu..oduvil aathadavarayil ninnu orupathirakk irangiyodukayayirunnu....nanni mukthar...ormakalude padavarambilekke koottikondupoyathine....eranadan bhashayane ea rachanayudu karuth...muktharinu mathram ariyavunna bhasha....

  ReplyDelete
 41. വിരഹത്തിന്റെ പൊള്ളലായിരുന്നു ആ അവധിക്കാലം.
  ക്ഷണിക്കുകയെങ്കിലും ചെയ്യാമായിരുന്നു അവള്‍ക്ക്‌...
  ഒരു യാത്ര പോലും പറയാതെ..
  ഒരു മഴ പെയ്‌തിരുന്നെങ്കില്‍...

  ഇത്തരം വിരഹങ്ങളാണല്ലോ നമ്മുടെ എഴുത്തിനും,വായനക്കും,വരക്കുമൊക്കെ വളമായി തീർന്നത്..അല്ലേ ഭായി

  ReplyDelete
 42. ഒരു നല്ല കുട്ടിക്കാലം

  ReplyDelete
 43. മുഖ്ത്താര്‍ ബായീ...
  ഞാന്‍ ഇബ്ട ബരാന്‍ കുറച്ച് ബൈകിക്ക്‌ണ്...
  ഇങ്ങളുടെ ഈ ഹായ്..കൂയ്...പൂയ്..
  ഞമ്മക്കു പെരുത്തിഷ്ടായിക്ക്‌ണ്..
  ഞാനും ഇങ്ങളെ പോലെ കുറെ മുട്ടായി വിറ്റിട്ടുണ്ട്.....
  ആ നല്ല കാലം ഓര്‍മ്മിപ്പിച്ചതിനു പെരുത്ത് നന്ദി...

  ReplyDelete
 44. ഓരോ തവണയും ഓർത്തെടുക്കുമ്പോഴും മാധുര്യം കൂടി വരുന്ന ചില ഓർമകൾ..ഹ..ഹ..ഹ
  നല്ല രസമുണ്ട് വായിക്കാൻ..
  ഹായ് കൂയ് പൂയ്..

  ReplyDelete