Jul 1, 2010

കാമ്പസില്‍ രാഷ്ട്രീയക്കാര്‍ക്കെന്താണു കാര്യം!


കാമ്പസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയപ്രവര്‍ത്തനം സുഗമമാക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞിരിക്കുന്നു.
എല്ലാ വിഭാഗത്തിലും ജാതിയിലും പെട്ട കുട്ടിരാഷ്ട്രീയക്കാര്‍ വളരെ സന്തോഷത്തോടെയാണ് കോടിയേരിയുടെ വാക്കുകളെ സ്വീകരിച്ചത്. എന്നാല്‍ ചിലര്‍  ഈ വാക്കുകളെ എതിരിടാന്‍ വാളും പരിചയുമായി ഇറങ്ങിയിരിക്കുകയാണ്. കാമ്പസ് രാഷ്ട്രീയമെന്നാല്‍ പഠിപ്പുമുടക്കലും അക്രമവും ഗുണ്ടായിസവുമാണെന്നും, വിദ്യാഭ്യാസ പ്രക്രിയയാണ് സുഗമമായി നടക്കേണ്ടതെന്നും അവര്‍ പറയുന്നു.

രാഷ്ട്രീയം കാമ്പസിനകത്തും ആകാമെന്നല്ല, ആവശ്യമാണ് എന്നിടത്താണു ഞാന്‍. അതു കൊണ്ടു തന്നെ നിയമനിര്‍മാണത്തെ ഞാനും സന്തോഷത്തോടെ കാത്തിരിക്കുന്നു.

അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട, മനുഷ്യരോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഒരു തരം ബ്രോയിലര്‍ പൗരന്മാരെയാണ് ഇന്ന് കാമ്പസുകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം നിര്‍ജീവമായ ഒരഭ്യാസമായിരിക്കുന്നു. ഉയര്‍ന്ന മാര്‍ക്കുകളും ഗ്രേഡുകളും വാങ്ങുക എന്നതിനപ്പുറത്ത് മാനസികവും ബൗദ്ധികവുമായ ഉണര്‍‌വും വളര്‍ച്ചയും സാധ്യമാകുന്നിടത്തേക്ക് വിദ്യാഭ്യാസം ഇന്നു വികസിക്കുന്നില്ല. വിദ്യാഭ്യാസം വെറുമൊരു കച്ചവടവടമായിക്കാണുന്നവരും മക്കളെ വെറുമൊരു പണ സമ്പാദന മാര്‍ഗമായിക്കാണുന്ന രക്ഷിതാക്കളും വിദ്യാര്‍ഥി രാഷ്ട്രീയം എന്നു കേള്‍ക്കുമ്പോള്‍ വിളറി പിടിക്കുക സ്വാഭാവികം.
യാതൊരു സാമൂഹിക ബന്ധങ്ങള്‍ക്കും പ്രാധാന്യം കല്പ്പിക്കേണ്ടെന്നും സിലബിസനകത്തു മാത്രം ഒതുങ്ങി ജീവിച്ചാല്‍ മതിയെന്നുമാണ് കുട്ടികളെ ഇപ്പോള്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ടെക്സ്റ്റ് ബുക്കിലെ ചത്ത അക്ഷരങ്ങള്‍ക്കപ്പുറത്തേക്ക് ചിന്തകള്‍ വികസിക്കരുതെന്നും കണ്ണും കാതും തുറന്നു വെക്കരുതെന്നുമാണ് നാം കുട്ടികളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നത്.

സര്‍ഗാത്മക ചിന്തകളും അനുഭവപാഠങ്ങളും നുണയും പാപവുമാണ് ഇന്ന് നമ്മുടെ കുട്ടികള്‍ക്ക്. കാമ്പസിനകത്ത് ക്രിത്രിമമായി സൃഷ്ടിക്കപ്പെടുന്ന 'അച്ചടക്ക'ത്തിനുള്ളില്‍ വീര്‍പ്പുമുട്ടി, സകല പ്രതികരണ ശേഷികളും മുരടിച്ചു തീരണം.

സാമ്രാജ്യത്വ, കച്ചവട താല്പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യം, അത്തരമൊരു ചത്ത സമൂഹത്തെയാണ്. അവരുടെ താല്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാത്ത, പ്രതികരിക്കാത്ത, ഓച്ചാനിച്ച് നില്‍ക്കുന്ന ഒരു കൂട്ടമാളുകള്‍. ഇന്ന് വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നതും കുട്ടികള്‍ എന്ത് എങ്ങനെ പഠിക്കണമെന്നു തീരുമാനിക്കുന്നതും ഈ കച്ചവട കുത്തകളും, സാമ്രാജ്യത്വ ശക്തികളുമാണ്.

വിദ്യാഭ്യാസമെന്നും പറഞ്ഞ് കൊച്ചു കുട്ടികളുടെ ആഹ്ലാദകരമായ കുട്ടിക്കാലത്തെ അവരില്‍ നിന്നും പിടിച്ചെടുത്ത്, മൂന്നു വയസ്സു തികയും മുന്‍പ് പാശ്ചാത്യന്റെ ബോഡിലാംഗേജും ഭാഷയും കപട അച്ചടക്ക തിയറികളും മനപ്പാഠമാക്കിക്കുകയാണല്ലോ നമ്മുടെ ഉദാത്തമായ വിദ്യാഭ്യാസപ്രക്രിയ.

ചെറുപ്പം മുതലേ കുട്ടികളുടെ സ്വാഭാവിക മാനസിക വളര്‍ച്ചയെ തകര്‍ത്ത് ചിന്തകളെയും അന്വേഷണത്വരകളെയും തല്ലിക്കെടുത്തി, അടിച്ചൊതുക്കി (ആ പ്രക്രിയക്ക് ചിലരിന്ന് 'അച്ചടക്കം' എന്നും പറയാറുണ്ട്) നാളെയുടെ അരാഷ്ട്രീയ കാമ്പസിനു (ജീവിതത്തിന്) പാകപ്പെടുത്തിയെടുക്കുകയാണ്.

ഇന്നിന്റെ കാമ്പസിന്റെ മാനസികനില എത്രത്തോളം ഇടുങ്ങിയതും ചുരുങ്ങിയുണങ്ങിയതുമാണെന്ന് തിരിച്ചറിയാന്‍ നമ്മുടെ മലയാളം ചാനലുകളില്‍ കാണുന്ന കാമ്പസ് പരിപാടികള്‍ ശ്രദ്ധിച്ചാല്‍ മതി. അതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളും,  ഓരോ വിദ്യാര്‍ഥിയുടെയും പ്രതികരണങ്ങളും കേട്ടാല്‍ മനസ്സിലാക്കാം, നാളെയുടെ സമൂഹം എത്രമാത്രം 'ദരിദ്ര'മാണെന്ന്. കോട്ടും ടയ്യും കോപ്പും കുറച്ച് ഇംഗ്‌ളിഷ് വാക്കുകളുടെയും പുറം മോടിക്കുള്ളില്‍ മറച്ചു പിടിക്കപ്പെടുന്ന അറിവില്ലായ്മയും ബോധമില്ലായ്മയും ഒരു തരം വളിപ്പന്‍ കോമഡിയായി നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്നത് വേദനയോടെ നമുക്ക് തിരിച്ചറിയാനാവും.

ഇന്നിന്റെ കാമ്പസിന് സ്വന്തം ചിന്തകളോ ആവിഷ്കാരങ്ങളൊ ഇല്ല. സര്‍ഗാത്മക ഇടപെടലുകളില്ല. കത്തുന്ന യൗവനമില്ല. പുതിയ കാഴ്ചപ്പാടുകളും പ്രതീക്ഷകളും സ്വപ്നങ്ങളുമില്ല.
വളരെയെളുപ്പത്തില്‍ കൂടുതല്‍ പണമെങ്ങിനെ ഉണ്ടാക്കാം എന്നതിനപ്പുറത്തേക്ക് ആശങ്കകളില്ല. വിദ്യാര്‍ഥിരാഷ്ട്രീയവും വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കൂട്ടായ്മകളും പടിയിറങ്ങിയ കാമ്പസ് കൂടുതല്‍ ഇടുങ്ങി ചെറുതാവുകയായിരുന്നു.

കാമ്പസിനകത്തു രാഷ്ട്രീയം 'ഹറാ'മാക്കുന്നവര്‍ വിദ്യാഭ്യാസപ്രവര്‍ത്തനത്തെ തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങള്‍ക്കപ്പുറത്തേക്ക് വികസിക്കാന്‍ വിടുകയില്ല, എന്ന കടും പിടുത്തത്തിലാണുള്ളത്. ജനാധിപത്യപരമായിത്തന്നെ എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും കാമ്പസിനകത്ത് മാന്യമായി ഇടപെടാനുള്ള സാഹചര്യവും അവസരവുമുണ്ടാവണം.

ഇത്തരം വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്ക് ഇടമില്ലാത്ത കാമ്പസുകളില്‍ അരാജകത്വം വര്‍ദ്ധിക്കുമെന്ന കോടിയേരിയുടെ വാക്കുകള്‍ ചിരിച്ചു തള്ളാന്‍ വരട്ടെ, അതിലെ വസ്തുതകളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാന്‍ ആരെങ്കിലും തയ്യാറാകുമോ.

ഇന്നിന്റെ കാമ്പസ് ഇടനാഴികളുടെ നിഴല്‍ചെരുവുകളില്‍ ഇറങ്ങി നടന്നാല്‍ കാണാം, കേള്‍ക്കാം, അറിയാം, അരാജകത്വവും അശ്ലീലവും അധാര്‍മികതയും എത്രമാത്രം കാമ്പസുകളെ മലീമസമാക്കിയിട്ടുണ്ടെന്ന്.  ഇരുളിന്റെ മറപറ്റി നമ്മുടെ കുട്ടികള്‍ എന്താണു ചെയ്തു കൊണ്ടിരിക്കുന്നത്? (ഇരുളിന്റെ മറയൊന്നും ആവശ്യമില്ലാത്തവരും കുറവല്ല). ഇത്തരം അഴുക്കുകള്‍ വ്യാപിക്കാതിരിക്കാനും അഴുകിമണക്കാതിരിക്കാനും പഴുത്ത് പുഴുവരിക്കാതിരിക്കാനും  അധ്യാപകര്‍ക്കും മാനേജ്മെന്റുകള്‍ക്കും ചെയ്യാനാവാത്ത ചിലതൊക്കെ കാമ്പസ് രാഷ്ട്രീയത്തിനു ചെയ്യാനാവും.

ഒട്ടപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍  വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഗുണഫലങ്ങള്‍ കാണാതിരുന്നു കൂട.

കാമ്പസ് രാഷ്ട്രീയം അപകടമാണെന്നു ചിലരെക്കൊണ്ട് പറയിക്കുന്ന വിധമുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുട്ടി രാഷ്ട്രീയക്കാരും മാറി നില്‍ക്കണം. ഒപ്പം, ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചര്‍ച്ചകളും സംസാരങ്ങളും ഓരോ വിദ്യാര്‍ഥി സംഘടനകളും ആത്മവിമര്‍ശനത്തോടെ വിശകലനം ചെയ്യാന്‍ തയ്യാറാവേണ്ടതുണ്ട്.

പുതിയ കാമ്പസിന്റെ മനശ്ശാസ്ത്രം തിരിച്ചറിഞ്ഞ് ക്രിയാത്മകവും രചനാത്മകവുമായ ഇടപെടലുകളാണ് വിദ്യാര്‍ഥി സംഘടനകളില്‍ നിന്നും ഉണ്ടാവേണ്ടത്. അതിന്നാവശ്യമായ വളര്‍ച്ച വിദ്യാര്‍ഥിസംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും നേടേണ്ടതുണ്ട്. തങ്ങളുടെ പാര്‍ട്ടിയില്‍ ആളെക്കൂട്ടുകയെന്ന സങ്കുചിത താല്പര്യങ്ങള്‍ക്കപ്പുറത്തേക്ക് മാനവികമായ ഉണര്‍‌വും  ഉയര്‍ച്ചയും നേടിയെടുത്താണ് ഇത്തരം ആരോപണങ്ങളെ ക്രിയാത്മകമായി നേരിടേണ്ടത്.
.

42 comments:

 1. പ്രസക്തമായത്.
  ലേഖനത്തോട് യോജിക്കുന്നു.

  ReplyDelete
 2. തിന്മകളുടെ ആധ്ക്യം അതിലെ നന്മകളെ പോലും മറച്ചു കളയുന്നു .ക്യാമ്പസില്‍ വേണ്ടത് വിദ്യാര്‍ഥികളുടെ രാഷ്ട്രീയമാണ് .
  മുഖ്യധാരാ രാഷ്ട്രീയക്കാരുടെ അടിമ വേലയല്ല .

  ReplyDelete
 3. താങ്കളുടെ ഈ ലേഖനം വായിച്ചാല്‍ കേരളത്തിലെ (ചില) കോളേജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയപ്രവര്‍ത്തനം നിരോധിച്ചിരിക്കുന്നു എന്നാകും തോന്നുക. എന്നാല്‍ നിരോധിച്ചിരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം ആണ്. കാമ്പസില്‍ വിദ്യാര്‍ഥി രാഷ്ട്രീയപ്രവര്‍ത്തനം എന്നതും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം എന്നതും രണ്ടാണ് എന്ന് മനസ്സിലാക്കുക.

  കോളജ്‌ യൂണിയനിലേക്ക്‌ രണ്ടു തരത്തിലുള്ള തെരഞ്ഞെടുപ്പുരീതിയിൽ ഏതു വേണമെങ്കിലും സ്വീകരിക്കാമെന്നാണ്‌ ഹൈക്കോടതി സ്ഥാപനാധികാരികൾക്കു നൽകിയിരിക്കുന്ന നിർദേശം. ഒന്നാമത്തേതു പാർലമെന്ററി രീതിയിലുള്ള തെരഞ്ഞെടുപ്പാണ്‌. അതായത്‌ ഓരോ കോളജിലും ഓരോ ക്ലാസിലെയും ലീഡർമാർ ചേർന്ന്‌ കോളജ്‌ യൂണിയൻ ചെയർമാനെ തെരഞ്ഞെടുക്കുന്ന രീതി. ഇതു കുട്ടികൾക്ക്‌ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നില്ലെന്നും സംഘടനാ പ്രവർത്തനത്തിനു വേണ്ടവിധസൗകര്യങ്ങളെല്ലാം ചെയ്യുമെന്നും ചില മാനേജ്മെന്റുകൾ കരുതുന്നു. രണ്ടാമത്തേതാണ്‌ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്‌ രീതി. അതനുസരിച്ച്‌ കോളജിലെ ചെയർമാൻ സ്ഥാനത്തേക്ക്‌ സ്ഥാനാർഥികൾ നേരിട്ടു മത്സരിക്കുന്നു. ഈവിധമുള്ള മത്സരമാണ്‌ രാഷ്ട്രീയ അതിപ്രസരമുള്ള പ്രസ്ഥാനങ്ങൾക്കിഷ്ടം.

  മുഖ്താര്‍ കേരളത്തിലെ കോളേജ് കാമ്പസുകളെക്കുറിച്ച് വ്യക്തമായ ധാരണ താങ്കള്‍ക്കുണ്ടോ എന്ന കാര്യം സംശയം ആണ്. കാമ്പസിന്റെ മാനസികനില മനസ്സിലാക്കണം എങ്കില്‍ മലയാളം ചാനലുകളില്‍ കാണുന്ന കാമ്പസ് പരിപാടികള്‍ ശ്രദ്ധിച്ചാല്‍ പോരാ, കാംപസ്സുകളിലേക്ക് നേരിട്ട് കടന്നു ചെല്ലണം. കേരളത്തിലെ ഓരോ കാമ്പസുകളിലും വളരെ സജീവമായ സാമൂഹിക സേവന കൂട്ടായ്മകള്‍ നിലനില്‍ക്കുന്നുണ്ട്. രക്തദാനം മുതല്‍ കാന്‍സര്‍ രോഗികളുടെ പരിചരണം വരെ ഇന്നത്തെ കാമ്പസുകളുടെ പ്രവര്‍ത്തന മേഖലയാണ്. ഇത് മനസ്സിലാകണം എങ്കില്‍ കാമ്പസ് ഇടനാഴികളുടെ നിഴല്‍ചെരുവുകളില്‍ ഇറങ്ങി നടന്നാല്‍ പോരാ കാമ്പസ്സിന്റെ നടുമുറ്റത്തേക്ക് വരണം.

  പല അബദ്ധധാരണകളും താങ്കളുടെ ഈ രചയില്‍ നിലനില്‍ക്കുന്നു എന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്

  ReplyDelete
 4. ക്യാമ്പസ്സിലെ രാഷ്ട്രീയം കൈയൂക്കില്‍ നിന്നും പുറത്ത് വരേണ്ടിയിരിക്കുന്നു.

  ReplyDelete
 5. വസ്തുതകള്‍ ചൂണ്ടിക്കാനിച്ചുള്ള ലേഖനം പ്രസക്തമായി.

  ReplyDelete
 6. ക്യാമ്പസ് രാഷ്ട്രീയം വേണം.
  (കണ്ണൂരാനെ ഈ കോലത്തിലാക്കിയത് അതൊക്കെയാ..)

  ReplyDelete
 7. " പുതിയ കാമ്പസിന്റെ മനശ്ശാസ്ത്രം തിരിച്ചറിഞ്ഞ് ക്രിയാത്മകവും രചനാത്മകവുമായ ഇടപെടലുകളാണ് വിദ്യാര്‍ഥി സംഘടനകളില്‍ നിന്നും ഉണ്ടാവേണ്ടത്. അതിന്നാവശ്യമായ വളര്‍ച്ച വിദ്യാര്‍ഥിസംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും നേടേണ്ടതുണ്ട്. തങ്ങളുടെ പാര്‍ട്ടിയില്‍ ആളെക്കൂട്ടുകയെന്ന സങ്കുചിത താല്പര്യങ്ങള്‍ക്കപ്പുറത്തേക്ക് മാനവികമായ ഉണര്‍‌വും ഉയര്‍ച്ചയും നേടിയെടുത്താണ് ഇത്തരം ആരോപണങ്ങളെ ക്രിയാത്മകമായി നേരിടേണ്ടത്."
  അതെ ഇതാണ് വേണ്ടത് ...നന്നായി അവതരിപ്പിച്ചു ... പ്രത്യാശിക്കാം ...പ്രാര്‍ഥിക്കാം
  പ്രവര്‍ത്തിക്കാം ....

  ReplyDelete
 8. thikachum zariyaya nireekshanamanu Muktharinteth. cambas raashtreeya mukthamennu management avakazappetunna vidyalayangalil pala maphiya stylukalilumulla smkhatanakal pravarththichuvarunnunt. ath eruttilekkanu vidyarthisamuuhaththe nayichukontirikkunnath. rashtra bodhamo samuuhika bodhamo aazayangalo ellaththa kuuttangalaayi avar adhapathichukontirikkunnu. avarkku natinte samskaramo charithramo onnum arinjukuuta. Narayana guru vellappalliyute daivamanennu polum avar paranjukalayum. orukalathth samuuhaththile unnathamaaya rashtreeya charchakal, itapetalukal natannirunna kalalayangal nirjjeevamayirikkunnu. ee avasthhayilekk eththichathinupinnile natakaththil ella rashtreeyakkarkkum pankunt. karanam samuuhaththile ettavum sajeevamaaya oru varggaththinte muna otikkentath bharana varggaththotoppam raashtreeya partykaluteyum aavazyamaayirunnu.

  ReplyDelete
 9. ദേവീന്ദർ ശർമ്മയുടെ ഒരു നിരീക്ഷണം ഈയിടെ വായിച്ചു. വ്യവസായികൾക്ക് വേണ്ടി വ്യവസായികൾ നടത്തുന്ന വ്യവസായമാണ് ജനാധിപത്യം എന്ന്.
  ഇന്നു നമ്മൾ ആചരിക്കുന്ന ജനാധിപത്യം ഏതാണ്ട് ഈ നിർവചനാത്തിനു കീഴിൽ വരും.
  ആ ജനാധിപത്യരീതിക്ക് കീഴടങ്ങി നിൽക്കുന്നതാണല്ലോ നമ്മുടെ ക്യാമ്പസ് രാഷ്ട്രീയവും.

  പ്രായപൂർത്തി വോട്ടവകാശം 18 വയസ്സ് ആണല്ലോ.
  ഇന്ന് നമ്മുടെ കുട്ടികൾ കോളജിലെത്തുന്നത് 18 വയസ്സിലാണ്. ഒരു ഉത്തമ പൌരൻ രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കണം. അത് അവന്റെ സാമൂഹ്യബോധത്തിന്റെ ജീവിതവീക്ഷണത്തിന്റെ ഭാഗമാണ്.

  രാഷ്ട്രീയം ഇന്നു മനുഷ്യനെ മാത്രംബാധിക്കുന്ന ഒന്നല്ലല്ലോ.

  എന്റെ രാഷ്ട്രീയം ഭൌമികമാവുന്നു
  എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും
  ഒരൊറ്റ പുഴുവിന്റെ അവകാശത്തിനു വേണ്ടി
  അത് തുടർന്നുകൊണ്ടിരിക്കും.
  (എന്റെ രാഷ്ട്രീയം-മേതിൽ)

  വിശാലമായ അർഥത്തിൽ രാഷ്ട്രീയം എല്ലാ ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ജൈവവ്യവസ്ഥ ആയി മാറിക്കഴിഞ്ഞു.
  നമ്മുടെ മുഖ്യധാരാ രാഷ്ട്രീയക്കാർ എത്രയൊക്കെ അതി ബ്ലോക്ക് ചെയ്യാൻ തുനിഞ്ഞാലും അത് അങ്ങനെയാവാതെ തരമില്ല.
  എന്തെന്നാൽ, മനുഷ്യന്റെ ഏത് ഇടപെടലും മനുഷ്യസമൂഹത്തെ മാത്രമല്ല ബാധിക്കുന്നത്.
  ഭൂമിയുടെ ജീവധാരയെയാണ്. മനുഷ്യനാകട്ടെ
  അവന്റെ എല്ലാ സങ്കല്പങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത് മനുഷ്യകേന്ദ്രിതമായിട്ടാണ്.

  അതിനാൽ നമ്മുടെ രാഷ്ട്രീയ സങ്കല്പം അടിമുടി മാറേണ്ടതുണ്ട്. ഭാരതീയർ എല്ലാ ഉത്തരവാദിത്വങ്ങളും രാഷ്ട്രീയക്കാരെ ഭരമേൾപിച്ചിരിക്കുന്നിടത്തോളം പ്രത്യേകിച്ചും.

  അപ്പോൾ നമ്മുടെ ക്യാമ്പസ് രാഷ്ട്രീയവും മാറേണ്ടതുണ്ട്.

  ഷഡ്പദങ്ങൾക്ക് വേണ്ടി കലാപം നടത്താൻ ആർക്കും കഴിയില്ലന്ന് മാർക്സ് എഴുതിയിട്ടുണ്ട്. എന്തെന്നാൽ അതുകൊണ്ട് മനുഷ്യനു പ്രയോജനമൊന്നുമില്ലല്ലോ.നമ്മുടെ കുട്ടികൾക്കും.

  ക്യാമ്പസ് രാഷ്ട്രീയവൽക്കരിക്കപ്പെടണമെന്ന മുക്താറിന്റെ വാദത്തോട് ഞാൻ യോജിക്കുന്നു.

  പക്ഷേ ഇന്ന് നിലനിൽക്കുന്ന തരത്തിലല്ല.

  (തുടരും)

  ReplyDelete
 10. നമ്മുടെ പ്ലസ് ടു തലം വരെയുള്ള സ്കൂളുകളിലെ രാഷ്ട്രീയക്കാരെ എടുത്തുനോക്കൂ.

  സമൂഹത്തെക്കുറിച്ച് അവനവൻ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തെ ക്കുറിച്ച് അതിന്റെ ആശയ സംഹിതകളെ ക്കുറിച്ച് അവൻ എന്തറിയാം?

  എന്റെ കുറേ വർഷത്തെ സ്കൂളനുഭവം വച്ച് നോക്കുമ്പോൾ എല്ലാ സമരത്തിനും സ്കൂളു വിടാനായി സമരം ചെയ്യുന്നതെ ഒരേ ആളുകളാണ്.
  അപ്പോൾ അതിന്റെ ഉദ്ദേശ്യ ശുദ്ധി മനസ്സിലാകുമ്മല്ലോ. നിലനിൽക്കുന്ന അവ്യവസ്ഥിതികളെ മാറ്റിമറിക്കാനല്ല എന്ന് വ്യക്തം.

  നമ്മുടെ സ്കൂൾ കോളജ് രാഷ്ട്രീയ നേതാക്കന്മാരെ നോക്കൂ, എല്ലാവർക്കും അവരെ ഭയമാണ്.
  താൽക്കാലികമായ പദവിയുടെ അധികാരം ഉപയോഗിച്ച് അവിഹിതമായ കാര്യങ്ങളിലൂടെ അവർ കടന്നുപോകുന്നു. അപവാദങ്ങളില്ലാതില്ല.

  മോസ്കോ സർവ്വകലാശാല സന്ദർശിക്കുന്ന ലെനിന്റെ മുൻപിൽ വിദ്യാർഥികൾ കുറ്റബോധത്തോടെ പറഞ്ഞു. അങ്ങ് നടത്തുന്ന വിപ്ലവപ്രവർത്തനത്തിൽ മുഴുവൻ സമയ പങ്കാളികൾ ആവാൻ കഴിയാത്തതി ഞങ്ങൾക്ക് ഖേദമുണ്ട്. അപ്പോൾ ലെനിൻ പറഞ്ഞു. ആറു പറഞ്ഞു നിങ്ങൾ ക്ലാസ് മുറികൾ വിട്ടിറങ്ങി തെരുവിലെത്തി രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്ന്. നിങ്ങളുടെ ക്ലാസ്‌റൂം പ്രവർത്തനത്തിൽ വിപ്ലവം നടത്തിയാ‍ൽ മതി. അതാണ് ഇപ്പോൾ വേണ്ടത്.

  അത് വച്ചു നോക്കുമ്പോൾ നമ്മുടെ ഏത് കുട്ടിനേതാക്കളാണ് വിപ്ലവപ്രവർത്തനം നടത്തുന്നത്.?

  എല്ലാവരും ക്ലാസ് മുറികൾക്ക് പുറത്ത്. പോലീസ് സ്റ്റേഷനുകളിൽ, പാർട്ടി ആഫീസുകളിൽ.

  പഠനം എന്നത് വിദ്യാർത്ഥിയുടെ ലേബൽ സമ്പാദിക്കാൻ മാത്രം.

  പോട്ടെ, ചെഗുവേരയുടെ ചിത്രം പതിച്ചു ഫ്ലെക്സ് ബാനറുകൾ തൂക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയക്കാരിൽ എത്ര നേതാക്കൾ ചെഗുവേരയുടെ ഒരു പുസ്തകമെങ്കിലും വായിച്ചിട്ടുണ്ട്.
  എത്ര രാഷ്ട്രീയവിദ്യാർത്ഥികൾ അവരുടെ പ്രസ്ഥാനത്തിന്റെ അടിത്തറയായ പാർട്ടി സാഹിത്യം വായിക്കുന്നു. നമ്മുടെ കുട്ടിനേതക്കളിൽ എത്ര പേർ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ട്. അല്ലങ്കിൽ അവരെ അതൊക്കെ പഠിപ്പിക്കാൻ വല്ല ക്ലാസ്സുകളും നടക്ക്കുന്നുണ്ടോ? രാഷ്ട്രീയ പകപോക്കലുകൾക്ക്കുള്ള കൂടിയാലോചനകളല്ലാതെ?
  ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തെ പേരെടുത്ഥു പറഞ്ഞത് ഇപ്പോഴും നേരിയ പ്രതീക്ഷ അവരിലാണുള്ളത് എന്നതിനാലാണ്. നമ്മുടെ ഓർമ്മയുടെ ഓരങ്ങളിൽ പോലും ജനാധിപത്യപരമായ രീതിയിൽ ഒരു സംഘടനാ തെരഞ്ഞെടുപ്പുപോലും നടത്താൻ കഴിയാത്ത വലതു പക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പേരു പറയാൻ പോലും നാവറയ്ക്കും.

  നമ്മുടെ ക്യാമ്പസ്സുകളിൽ യഥാർത്ഥത്തിൽ വേണ്ടത് വിദ്യാർത്ഥി രാഷ്ട്രീയമല്ല. നാളത്തെ നേതക്കന്മാരെ വാർത്തെടുക്കേണ്ടത് ഇങ്ങനെയല്ല.
  നമുക്ക് വേണ്ടത് രാഷ്സ്ട്രീയ വിദ്യഭ്യാസമാണ്. യഥാർത്ഥ പ്രശ്നങ്ങളെ തിറിച്ചറിഞ്ഞ് ഞാൻ ആരുടെ കൂടെ, എവിടെ, എപ്പോൾ അണിചേരണമെന്ന് ബോധമുള്ള, സാമൂഹ്യപ്രതിബദ്ധതയുള്ള(നേതാക്കന്മാരോടുള്ള പ്രതിബദ്ധതയല്ല)വിദ്യാർത്ഥികളെ നമുക്ക് വേണം.

  നമ്മുടെ വിദ്യാർത്ഥിരാഷ്റ്റ്രീയക്കാർക്ക് കൂട്ടം ചേരുമ്പോഴുള്ള മസിൽ‌പവർ മാത്രം പോരാ.
  ആശയപരമായ ആഴമുള്ള ഒരു നൂറുവർഷത്തെ ഭൂമിയിലെ ജീവിതം എങ്ങനെയാകണമെന്ന് മുൻ‌കൂട്ടിക്കാണാൻ കഴിവുള്ള അതിനു സ്വയം ഉഴിഞ്ഞു വയ്ക്കാൻ കരുത്തുള്ള മാനസികപക്വതയുള്ള നല്ല ആൺകുട്ടികളെ.

  ചോര തുടിക്കുന്ന ആ ചെറുകൈകളാണ് യഥാർത്ഥ രാഷ്ട്രീയത്തിന്റെ പന്തങ്ങൾ പേറേണ്ടത്(വൈലോപ്പിള്ളിയോട് കടപ്പാട്)

  അവരെ നമ്മുടെ സമൂഹത്തെയും വിദ്യഭ്യാസമേഖലയേയും കുളം തോണ്ടുന്ന, യാതൊരു പ്രപഞ്ചബോധവുമില്ലാത്ത, സാമൂഹ്യബോധമില്ലാത്ത, മനുഷ്യത്വവും കാരുണ്യവും, ഇല്ലാത്ത വരും തലമുറയെ പടച്ചുവിടുന്ന ഇന്നത്തെ കച്ചവട വിദ്യഭ്യാസമുതലാളികളെയും ഭൂമി നീക്കം ചെയ്യാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്ന കുത്തകകളെയും ചെറുക്കാൻ കഴിയൂ.

  വന്ധ്യം‌കരിക്കപ്പെട്ട തലമുറയെ ഉണ്ടാക്കുന്ന രീതികൾക്ക് ബദൽ ആശയപരമായ കരുത്തു നമ്മുടെ കുട്ടികളുടെ മനസ്സിലുണ്ടാക്കുകയാണ്. അല്ലങ്കിൽ അവർ വീടിനും കൊള്ളില്ല, നാടിനും കൊള്ളില്ല.

  ReplyDelete
 11. ക്യാമ്പസ് രാഷ്ട്രീയം ഇല്ലങ്കില്‍ പിന്നെ എന്ത് കോളേജ്
  ഇടി നടക്കാത്ത അല്ലെങ്കില്‍ നെരിട്ട് കാണാത്ത/ കൊള്ളാത്ത പിള്ളെരെ പിന്നെ എന്തിന് കൊള്ളാം

  ReplyDelete
 12. അരാജകത്വവും അശ്ലീലവും അധാര്‍മികതയും ഇന്നിന്റെ കാംപസിന്റെ മാത്രം ചിത്രമല്ല. പ്രീഡിഗ്രിയുള്ള സമയത്ത് അതിന്റെ സ്ഥിതി ഇതിലും മോശമായിരുന്നില്ലേ.
  പക്ഷേ, രാഷ്ട്രീയം അക്രമത്തിന്റേതായിത്തീര്ന്നത് ഈയടുത്ത്. സര്ഗ്ഗാത്മകതയും വിദ്യാര്ഥിത്വവും നഷ്ടപ്പെട്ട പ്രേതാത്മാവായി മാറിയ അരാഷ്ട്രീയവാദികളെയാണ് യഥാര്ഥത്തില് കാംപസില് ഇന്നുകാണുന്നത്. അതിനെ തിരിച്ചുകൊണ്ടുവരാന് മാതൃസംഘടനകള്ക്കേ കഴിയൂ.

  ReplyDelete
 13. ലേഖനം പ്രസക്തം. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നല്ലത് തന്നെ. ഗുണ്ടായിസവും തെരുവ് രാഷ്ട്രീയവും കൂട്ടികലര്‍ത്തി വിദ്യാര്‍ത്ഥിനേതാക്കാള്‍ മുഖ്യധാരാ രാഷ്ട്രീയക്കാരുടെ അടിമ വേല മാത്രം ചെയ്യുന്നതാണ് പ്രശ്നം.

  ReplyDelete
 14. പ്രസക്തമായ ലേഖനം. കാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയമാവാം. പക്ഷെ അത് പുറത്തെ രാഷ്ട്രീയ ഭിക്ഷാംദേഹികൾക്ക് വേണ്ടിയുള്ള ഭിക്ഷാടനവും ഗുണ്ടായിസവുമായി മാറുമ്പോളാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്
  പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഞങ്ങളുടെ പോളിടെക്നിൽ ഞങ്ങൾ ഉയർത്തിയ ഒരു മുദ്രാവാക്യമുണ്ട്..
  ‘വേണ്ടേ വേണ്ടായേ അക്രമ രാഷ്ട്രീയം
  അക്രമ രാഷ്ട്രീയം എസ്.ആർ.പിയിൽ...’
  എസ്.ആർ.പി എന്നത് ശ്രീരാമാ പോളിടെക്നികിന്റെ ചുരുക്കപേര്..

  ReplyDelete
 15. രാഷ്ട്രീയ വിദ്യാർഥി
  പ്രസ്ഥാനങ്ങൾക്ക്
  ചരിത്രം മാപ്പുനൽകട്ടെ!
  പരലക്ഷം വിദ്യാർഥികളുടെ
  അവകാശങ്ങൾ
  തകർത്തെറിഞ്ഞ്
  അരങ്ങുതകർക്കുന്ന
  ക്രിമിനലിസത്തിന്
  കൊടിപിടിക്കുന്നത്
  മനോരോഗമാണ്.

  :-)

  ReplyDelete
 16. ‘ഇവിടെ രാഷ്ട്രീയം പറയരുത്’ എന്നെഴുതി വെക്കുന്ന നാടൻ ചായക്കടകളിലെ പോലെ കാമ്പസുകളിലും ആവാം. നമ്മുടെ രാഷ്ട്രത്തിന്റെ ഭാവി നിർണ്ണയിക്കുന്നത് നാം തന്നെയാണെന്ന് തിരിച്ചറിയാതെ രാഷ്ട്രീയമെന്നത് ഒന്നിനും കൊള്ളാത്ത വൃത്തികെട്ട എന്തോ ആണ് എന്ന് പഠിക്കുന്ന പുതുതലമുറയുടെ പോക്ക് എങ്ങോട്ട്?

  വാർത്തകളിൽ കടന്നുവരുന്ന നിയമസഭാ സമ്മേളനമോ രാഷ്ട്രീയ ചർച്ചകളോ വരുമ്പോൾ ഡപ്പാം കുത്ത് കാണാനായി ചാനൽ മാറ്റുന്ന യാതൊരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാത്ത ഹാൻസും തിന്ന് ഫാൻസ് എന്ന പേരിൽ കൂവൽതൊഴിലാളികളായി മാറുന്ന ഇന്നത്തെ തലമുറയോട് സഹതാപം തോന്നും.

  ജനങ്ങളെയും നാടിനെയും മറന്ന അഴിമതിക്കാരായ ഇന്നത്തെ രാഷ്ട്രീയക്കാരുടെ ചെറുപതിപ്പുകൾ ക്യാമ്പസുകളിൽ സൃഷ്ടിക്കാനല്ലാതെ നന്മ നിറഞ്ഞ പുതുതലമുറയെ സൃഷ്ടിക്കാൻ അനുവദിക്കുക. മാതൃസംഘടനകളുടെ ഇടപെടൽ അതിനുമാത്രമാവട്ടെ.

  ReplyDelete
 17. ജീസസ്സ് യൂത്തും മറ്റും മതി ക്യാമ്പസ്സില്‍..

  ReplyDelete
 18. പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് എന്തിനാ രാഷ്ട്രീയം ? അവരെ വെച്ചു രാഷ്ട്രീയ നേതാക്കള്‍ ചൂത് കളിക്കുകയാണ്. അത് തിരിച്ചറിയാന്‍ ഉള്ള വിവേകം ആരും കാണിക്കുന്നില്ല. ബോധംഉള്ളവര്‍ ചിന്തിച്ചാല്‍ മനസ്സിലാകും. എവിടെ യെങ്കിലും വലിയ നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപെട്ടിട്ടുണ്ടോ ഇല്ല കൂടിവന്നാല്‍ ഒരു ബ്രാഞ്ച് സെക്രട്ടറി. പകയുണ്ടെങ്കില്‍ അവര്‍ ആദ്യം തീര്കേണ്ടത് വലിയ നേതാക്കളെ അല്ലെ ? അതാ പറയുന്നത് ഇവരെല്ലാം ഒറ്റകേട്ടാണ്. പണിയെടുകുന്ന നമ്മളെയെല്ലാം ചൂഷണം ചെയ്തു ജീവിക്കുന്ന ഇത്തികണ്ണികള്‍. ഞ ങ്ങളുടെ നാട്ടിലെ ഇടതുപക്ഷ നേതാവ് രാത്രികാലങ്ങളില്‍ വടിവീശാനും, മറ്റും പോകുന്നെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. അണികള്‍ അടികൂടി മരിക്കുന്നു. നേതാക്കള്‍ മണിമാളികള്‍ വെച്ച് സുഗമായി ജീവിക്കുന്നു. ബീഡി തൊഴിലാളി ആയിരുന്ന നേതാക്കള്‍ ഇപ്പോള്‍ കണ്ടിലെ ജീവികുന്നെ .കൂടുതല്‍ എഴുതിയാല്‍ ഇത് തീരുല .

  ReplyDelete
 19. കൂട്ടായ്മ നല്ലത്;
  ഏറെ ശുദധീകരണത്തോടെ!

  ReplyDelete
 20. കാമ്പസ്സുകളില്‍ രാഷ്ട്രീയം വേണം എന്നുതന്നെയാണ് എന്റെ പക്ഷം അത് വിദ്യാര്‍ഥികളുടെ രാഷ്ട്രീയമായിരിക്കണം. നല്ല ചിന്തകള്‍ക്ക്, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് കഴിയും.

  ലേഖനം പ്രസക്തമാണ്, പക്ഷെ ഹെഡിംഗ് ലേഖകന്‍ ഉദ്ദേശിച്ചതിന് വിപരീത അര്‍ഥം ഉണ്ടാകുന്ന പോലെ !

  ReplyDelete
 21. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട, മനുഷ്യരോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഒരു തരം ബ്രോയിലര്‍ പൗരന്മാരെയാണ് ഇന്ന് കാമ്പസുകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്...... വിദ്യാഭ്യാസം വെറുമൊരു കച്ചവടവടമായിക്കാണുന്നവരും മക്കളെ വെറുമൊരു പണ സമ്പാദന മാര്‍ഗമായിക്കാണുന്ന രക്ഷിതാക്കളും വിദ്യാര്‍ഥി രാഷ്ട്രീയം എന്നു കേള്‍ക്കുമ്പോള്‍ വിളറി പിടിക്കുക സ്വാഭാവികം.

  അല്ല കാമ്പസില്‍ ഇപ്പൊ രാഷ്ട്രീയ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ?. എല്ലാ കോളേജ് ലും ബ്രോയിലര്‍ പൌരന്മാരെയാണോ നിര്‍മിക്കുന്നത്. എങ്കില്‍ എല്ലാ വിദ്യാലയങ്ങളിലും എല്‍ കെ ജി മുതല്‍ പാര്‍ട്ടി ഓഫീസുകള്‍ ഉടന്‍ തുറക്കട്ടെ. രാഷ്ട്രീയം പഠിപ്പിക്കാന്‍ അധ്യാപകരെയും നിയമിക്കട്ടെ. അല്ലാത്ത പക്ഷം പഠിപ്പു മുടക്കാനും സമരം ചെയ്യാനും ബന്ത് നടത്താനും ബസ്സിനു കല്ലെറിയാനും ഓഫീസുകള്‍ ചവിട്ടി പൊളിക്കാനും അദ്ധ്യാപകരെ ചീത്ത വിളിക്കാനും പൌര ബോധമുള്ള മനുഷ്യപ്പറ്റുള്ള കുട്ടികള്‍ സോറി മനുഷ്യ കുഞ്ഞുങ്ങള്‍ നമുക്കില്ലാതായിപ്പോകും. ചിന്തിക്കേണ്ട വിഷയമാണത്.

  ReplyDelete
 22. രാഷ്ട്രീയക്കാര്‍ക്ക് കാര്യമില്ല പക്ഷെ രാഷ്ട്രീയം ഇച്ചിരി ഉണ്ടെങ്കില്‍ ഒരു രസമല്ലേ ഇക്ക....പിന്നെ ഈ ബ്ലോഗില്‍ രാഷ്ട്രീയം വേണ്ട

  ReplyDelete
 23. കൊള്ളാം നല്ല ലേഖനം

  ReplyDelete
 24. From Mukthars previous post..
  “””ഇസ്ലാമിക വിശ്വാസ പ്രകാരം മുഹമ്മദ് നബിയുടെ അറഫാ പ്രസംഗത്തോടെ ഇസ്ലാം പൂര്ണമാണ്. ശേഷം കൂട്ടാനോ കുറക്കാനോ ഒന്നുമില്ല. ……ജമാഅത്തെ ഇസ്ലാമി സ്വത്വ രാഷ്ട്രീയപ്പാര്ട്ടിയാണോ. ജമാഅത്തിന്റെ സ്വത്വ രാഷ്ട്രീയം എത്രമാത്രം അപകടകരമാണ്. സോളിഡാരിറ്റി രാഷ്ട്രീയം കേരളസമൂഹത്തിന് എത്രമാത്രം ഗുണകരമാവും…..!

  So, Mukthar, what you are talking about.
  One side your stand is against politics where you now says that politics is inevitable for a striving youth. Where is your religious ideology stands as I read you exercise with words criticizing JI’s politics !

  ReplyDelete
 25. തലക്കെട്ട്‌ വിപരീതചിന്തയുണര്‍ത്തി.

  പഴയ കാല പ്രക്ഷുബ്ധ കാംപസിനെക്കാള്‍ പൊതുവേ ഇപ്പോള്‍ കാമ്പസുകള്‍ ശാന്തമാണെന്നാണ് എനിക്ക് തോന്നുന്നത്. 70കളിലും മറ്റും നടന്നിരുന്ന പോലത്തെ കൊലപാതകങ്ങളൊന്നും ഇപ്പോള്‍ കാമ്പസ്സുകളില്‍ നടക്കുന്നില്ലല്ലോ..? പിന്നെ എല്ലാം ചാനലുകള്‍ ഉണ്ടാക്കുന്ന കോലാഹലങ്ങളല്ലേ.......? എത്ര ചെറിയ സംഭവങ്ങളെയും പെരുപ്പിച്ചു കാണിച്ചു ചര്‍ച്ചാ മഹാമഹങ്ങള്‍ നടത്തുന്നത് കൊണ്ടായിരിക്കാം കാമ്പസ് ഇത്രമാത്രം ബഹളമയമാണെന്നു തോന്നുന്നത്.

  ReplyDelete
 26. ക്യാം‌പസ് രാഷ്ട്രീയത്തെക്കുറിച്ച എനിക്ക അത്രമതിപ്പില്ല. ഒരു പക്ഷേ എന്റെ അദ്ധ്യയനകാലഘട്ടത്തിലെ (1991 - 1996) അനുഭവങ്ങള്‍ ആകാം അതിനു കാരണം. പ്രീഡിഗ്രിയ്ക്കായി എറണാകുളം മഹാരാജാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥികണ്‍സെഷന്റെ പേരില്‍ ഉള്ള സമരം ആയിരുന്നു. കണ്‍സെഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിലല്ല മറിച്ച് കാര്‍ഡ് ഏര്‍പ്പെടുത്തിയതില്‍ ഈ സമരം എത്രയോ ആഴ്ചകളിലെ ക്ലാസുകള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. സമരത്തിന്റെ ഭാഗമായി ക്യാം‌പസ്സിനുള്ളില്‍ റോഡിലേയ്ക്ക് എറിഞ്ഞ കല്ലുകള്‍ ഏറ്റ് പരിക്കേറ്റവരും നിരവധി. കണ്ണിന്റെ കാഴ്ചപോയ ഒന്നോരണ്ടോ ആളുകളും ഉണ്ട്. അന്ന് ആത്മാര്‍ത്ഥമായി സമരത്തിലും ലക്ര് ഹാളുകളിലും എന്തിന് ഞായറാഴ്ചകളില്‍ പോലും ക്ലാസ്സുകള്‍ എടുക്കാന്‍ സന്നദ്ധരായ അവിടുത്തെ ചില അദ്ധ്യാപകരെ നന്ദിപൂര്‍വ്വം സ്മരിക്കാതെ തരമില്ല. ഇവരുടെ ഈ സേവനമനോഭാവം ഇല്ലായിരുന്നെങ്കില്‍ മഹാരാജാസിലെ നിര്‍ധനരായ ഒരു വലിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ തോല്‍ക്കുമായിരുന്നു. ഒപ്പം ഇപ്പോള്‍ എന്‍ ഐ എ തലവനായ ലോക്‍നാഥ് ബഹ്‌റയുടെ (1992-1993-ല്‍ എറണാകുളം സിറ്റിപോലീസ് കമ്മീഷണര്‍) നേതൃത്വത്തിലുള്ള പോലീസിന്റെ ലാത്തിയടിയില്‍ നിന്നും നിരപരാധികളായ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരേയും രക്ഷിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഭരതന്‍ സാറിനേയും സ്മരിക്കുന്നു. അന്ന് എറണാകുളത്ത് ട്രാഫിക്‍പോലീസിനു പോലും ലാത്തിനല്‍കിയിരുന്നു.

  പിന്നീട് ഡിപ്ലോമയ്ക്കുള്ള മൂന്നുവര്‍ഷം കളമശ്ശേരി ഗവണ്മെന്റ് പോളിട്ക്‍നിക്കില്‍. ക്യാരി‌ഓവര്‍, സ്വാശ്രയവിദ്യാഭ്യാസം, കൂത്തുപറമ്പ് വെടിവെയ്പ്പ് എല്ലാം ക്യാമ്പസ്സിനെ ഉലച്ച കാലഘട്ടം. നാലുമാസം പോലും അദ്ധ്യയനം നടന്നിട്ടില്ലാത്ത സമയം. കേവലം 50% മാത്രം സിലബസ്സ് പഠിപ്പിച്ചു. സ്ഥിരം ആവര്‍ത്തിക്കപ്പെടുന്ന ചോദ്യങ്ങള്‍ പരീക്ഷയില്‍ വരുന്നതിനാല്‍ തരക്കേടില്ലതെ പാസ്സായി. ബി എല്‍ & എ കെ തെരാജ മാര്‍ക്കും, എസ് എല്‍ ഉപ്പാലിനും ഇവരുടെ സോള്‍വെഡ് ചോദ്യ ഉത്തരങ്ങള്‍ മാത്രം പരീക്ഷയ്ക്ക് തെരഞ്ഞെടുക്കുന്ന ചോദ്യ കര്‍ത്താക്കള്‍ക്കും നന്ദി. ഈ സമരങ്ങളിലൂടെ എന്തു നേടി? അറിയില്ല. അന്ന് എതിര്‍ത്ത എല്ലാം ഇപ്പോള്‍ നിലവിലുണ്ട്. എന്തിനു വേണ്ടിയായിരുന്നു ആ സമരങ്ങള്‍?

  ReplyDelete
 27. യോജിക്കുന്നു..

  ReplyDelete
 28. കോളേജുകളിലെ രാഷ്ട്രീയം സുഗമമായി മുന്നോട്ട്‌ പോകണം. ജനാധിപത്യ രാജ്യങ്ങളിൽ പൗരനും ജനാധിപത്യബോധമുണ്ടാകണം. ജനാധിപത്യരാഷ്ട്രീയത്തെ കാക്കര അനുകൂലിക്കുന്നു.

  ചില ചോദ്യങ്ങളും?

  ഇംഗ്ലീഷ് മീഡിയത്തിനെതിരെ സമരം ചെയ്യുമ്പോൾ മലയാള മീഡിയം എന്തിന്‌ പുട്ടിക്കണം?

  ഇന്ത്യൻ ജനാധിപത്യം പാർലമെന്റ് തിരഞ്ഞെടുപ്പ്‌ നടത്തുമ്പോൾ എന്തിന്‌ കോളേജുകളിൽ പ്രസിഡൻഷൽ രീതി വേണമെന്ന്‌ ശാഠ്യം പിടിക്കുന്നു?

  കോളേജുകൾ അടിച്ചുതകർക്കുന്നതിലൂടെ എന്ത്‌ രാഷ്ട്രീയബോധമാണ്‌ കുട്ടികൾ പഠിക്കുന്നത്‌?

  ReplyDelete
 29. രാഷ്ട്രീയം കാമ്പസിനകത്തും ആകാമെന്നല്ല, ആവശ്യമാണ് എന്നിടത്താണു ഞാന്‍...

  noushadinte abhiprayathodu yojikkunnu..

  ReplyDelete
 30. suresh mashute vilappetta abhiprayangalkku chuvatil oru kayyoppu kuuti vakkunnu.

  ReplyDelete
 31. മുക്താര്‍ ഭായ്,
  രാഷ്ട്രീയം കാമ്പസില്‍ വേണ്ട എന്നാ അഭിപ്രായക്കാരനാണ് ഞാന്‍. കാരണം അത് വെറുമൊരു രാഷ്ട്രീയത്തില്‍ നിന്നും മാറി പുറമേ നിന്നുള്ള രാഷ്ട്രീയ ഗുണ്ടകള്‍ ഇടപെടുന്ന ഒരു മലീമസ രാഷ്ട്രീയം ആയി മാറുന്നു.. പലപ്പോഴും അംഗസന്ഖ്യ കുറവുള്ള പാര്‍ട്ടി ക്കാര്‍ക്ക് പഠനവും രാഷ്ട്രീയവും അവിടെ ബുദ്ധിമുട്ടാവുന്നു.

  ReplyDelete
 32. ചര്‍ച്ച തുടരേണ്ടത് അത്യാവശ്യമാണ്

  ReplyDelete
 33. വീണ്ടും വന്നു ഇവിടെ എന്തായി എന്നറിയാന്‍

  ReplyDelete
 34. നല്ല ലേഖനം.

  രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനമല്ല ക്യാമ്പസ്സില്‍ വേണ്ടതു, വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ പ്രവര്‍ത്തനമ്മാണു. അതിനു വേണ്ടതു പാര്‍ട്ടി രാഷ്ട്രീയത്തിനപ്പുറം ‘രാഷ്ട്രീയബോധ‘മാണ്. വിദ്യാര്‍ത്ഥിയുടെ മുഖ്യമായ കടമ പഠനം തന്നെയാണ്. അല്ലാതെ പാര്‍ട്ടികളുടെ താളത്തിനൊത്തു തുള്ളുന്ന കുട്ടിക്കുരങ്ങന്മാരാവുകയല്ല വേണ്ടതു.

  ReplyDelete
 35. കാമ്പസ്സില്‍ രാഷ്ട്രീയക്കാര്‍ക്ക് കാര്യമില്ല.
  പക്ഷെ രാഷ്ട്രീയത്തിന് ഉണ്ട് . ഉണ്ടാവണം.

  ReplyDelete
 36. മുഖ്താർ,
  ലേഖനത്തിന്റെ കാഴ്ചപ്പാടുകളോട് പൂർണ്ണമായും യോജിക്കുന്നു.
  രാഷ്ട്രീയം എന്ന പദം തന്നെ ഇന്ന് വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്നതോ വളച്ചൊടിക്കപ്പെട്ടതോ ആകുന്നു. തന്റെ സമൂഹത്തെപ്പറ്റിയുള്ള എല്ലാ ചിന്തകളും അടങ്ങിയതാണ് രാഷ്ട്രീയം എന്ന വിശാലകാഴ്ചപ്പാടിൽ നിന്നും മാറി കേവലമായി അടിപിടികളുയർത്തി രാഷ്ട്രീയത്തിനു അർത്ഥം കാണാൻ ഇന്നും കാണുന്ന എല്ലാ ശ്രമങ്ങളും ഒരു പരിധി വരെ അരാഷ്ട്രീയ വാദത്തിന്റെ രാഷ്ട്രീയമാണ്. പ്രതികരണശേഷിയില്ലാത്ത ഒരു തലമുറയെ, അതിലൂടെ ഒരു ജനതയെ സൃഷ്ടിച്ചെടുക്കുക എന്ന ദീർഘവീക്ഷണത്തോട് നടപ്പാക്കിയ ഒരു അജണ്ടയുടെ ഭാഗമാണ് സ്കൂൾ രാഷ്ട്രീയ നിരോധനം. ചാനൽ പരിപാടികളെപ്പറ്റി താങ്കൾ സൂചിപ്പിച്ച ഒറ്റ സംഭവം മതി ഇന്നത്തെ ചെറുപ്പക്കാരുടെ ബോധനിലവാരത്തിന്റെ അളവറിയാൻ.

  ReplyDelete
 37. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും ഒരേ രീതിയിലല്ല വികസനം കൈവരിക്കുന്നത്‌. പല രീതിയാലാണ്‌. പലര്‍ക്കും പല അളവിലാണ്‌ ബുദ്ധിയും.അതുപോലെയാണ്‌ ക്യാമ്പസുകളുടെ കാര്യവും. അവിടെയെത്തുന്നവരെല്ലാം ശുഭന്‍മാരും ദിശാബോധമില്ലാത്തവരുമാണെന്ന അഭിപ്രായം എനിക്കില്ല.
  ഇതാണോ കാമ്പസ്‌...ഞങ്ങള്‍ പഠിച്ചിരുന്ന കാലത്തല്ലെ എന്നൊക്കെ വീരവാദം മുഴക്കുന്നു ചിലര്‍. എനിക്കുശേഷം പ്രളയം. എന്നതുപോലെ, അതിലും അര്‍ഥമില്ല. എഴുപതുകളിലെ ക്യാമ്പസിലേക്ക്‌ 2010ന്‌ മടങ്ങിപ്പോകാനാവില്ല.എഴുപതുകള്‍ക്ക്‌ തിരികെയെത്താനുമാകില്ല. എല്ലാകാലത്തും ഉണ്ടായിരുന്നു വേറിട്ട വ്യക്തിത്വങ്ങള്‍... ഇന്നുമുണ്ട്‌ അത്തരക്കാര്‍...പക്ഷേ അവരെ കണ്ടില്ലെന്ന്‌ നടിച്ച്‌ എല്ലാവര്‍ക്കും ഒരേ അളവ്‌കോല്‍ നല്‍കുന്നത്‌ വിഢ്‌ഢിത്തമാണ്‌.
  രാഷ്‌ട്രീയത്തില്‍ മാത്രമെ അഴിമതിക്കാരൊള്ളൂ....സ്വാര്‍ഥമോഹികളൊള്ളൂ... സാഹിത്യത്തിലും കലയിലും ഇല്ലേ...എല്ലായിടത്തുമുണ്ട്‌. അപ്പോള്‍ രാഷ്‌ട്രീയത്തിന്റെ കുഴപ്പമല്ല.ജീവിതത്തിന്റെ വസന്തമായി കാണപ്പെടുന്ന കൗമാരം ചിന്താക്കുഴപ്പങ്ങളുടെയും പിരിമുറക്കങ്ങളുടെയും അരക്ഷിതത്വബോധത്തിന്റെയും കാലഘട്ടമാണ്‌. എടുത്തുചാട്ടവും പൊട്ടിത്തെറിയും അതിന്റെ പ്രത്യേകതകളാണ്‌. മനസാണ്‌ പ്രധാനം.മനുഷ്യനാണ്‌ നന്നാവേണ്ടത്‌. മാതൃകകളാണ്‌ രാഷ്‌ട്രീയത്തില്‍വേണ്ടത്‌. എവിടെയായാലും...അതില്ലാത്തതാണ്‌ പ്രശ്‌നവും.

  ReplyDelete
 38. ആദ്യമായാണ് ഇവിടെ വരുന്നത്... ഇങ്ങനെ ഒന്ന് കാണാന്‍ ആയതില്‍ വളരെ സന്തോഷം...
  ഒന്ന് ഓടിച്ചു നോക്കിയതെ ഉള്ളു ... വിശദമായി പിന്നീട് വായിക്കാം.... പിന്നെ ഒരു കാര്യം, എന്നെ ഞാനാക്കിയത് വിദ്ധ്യാര്‍ത്തി രാഷ്ട്രീയമാണ്.... ഇതു പ്രതി സന്ധികളിലും പതറാതെ മുന്നോട്ടു പോകാനും നല്ല നേതൃ പാടവത്തോടെ പുതിയ പുതിയ കാര്യങ്ങള്‍ ഏറ്റെടുക്കാനുള്ള കേല്പ്പും കേരളത്തില്‍ അങ്ങോളമിങ്ങോളം ബന്ധങ്ങളും സമ്മാനിച്ചത്‌ സംഘടന പ്രവര്‍ത്തനമാണ്. ഒരുപാടൊരുപാട് അനുഭവങ്ങള്‍ കയ്പ്പെരിയതായാലും മധുരമുള്ളതായാലും എല്ലാം സമ്മാനിച്ചത്‌ ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന്.... സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനാവുന്നു എന്ന വിശ്വാസമുണ്ട്... പ്രിയ മുക്താരിനു അഭിവാദ്യങ്ങള്‍ .... ചര്‍ച്ചകള്‍ തുടരട്ടെ .........

  ReplyDelete