Skip to main content

ഓട്ടമുണ്ടേല്‍ വിളിക്കാന്‍ മറക്കരുത്‌!


സ്വപ്‌നങ്ങളിലേക്കൊരു ടാക്‌സി യാത്ര


കുറച്ച്‌ നാള്‍ മുന്‍പാണ്‌ തിരുവല്ലക്കാരന്‍ രാജുവിനെ പരിചയപ്പെട്ടത്‌.


അസീസിയയില്‍ നിന്നും ശിഫയിലേക്ക്‌ പോരാന്‍ ഉത്തൈമിനു മുന്‍പിലെ കൊടും ചൂടില്‍ നില്‍ക്കുമ്പോഴാണ്‌ രാജുവിന്റെ ടാക്‌സി മുന്നില്‍ വന്ന്‌ നിന്നത്‌. നിറഞ്ഞ ചിരിയുമായി രാജു ചേദിച്ചു, എങ്ങോട്ടാ?


പതിനഞ്ചു വര്‍ഷമായി രാജു രാജു സൗദിയിലുണ്ട്‌.
ടാക്‌സി മെക്കാനിക്കായി വന്നതാണ്‌. അഞ്ചുവര്‍ഷത്തോളം മെക്കാനിക്കായിരുന്നു. പിന്നെ ഡ്രൈവറായി.
അന്ന്‌ ടാക്‌സി ഡ്രൈവര്‍ക്ക പ്രത്ത്യേക വിസയുണ്ടായിരുന്നു. അന്ന്, ‌ ആ വിസയില്‍ ഒത്തിരി മലയാളികള്‍ വന്നിരുന്നു. താന്‍ ജോലി ചെയ്യുന്നിടത്തു തന്നെ ഒരുപാട്‌ മലയാളികളുണ്ടായിരുന്നു. എല്ലാവരും പോയി. ഇനി ബാക്കിയുള്ളത്‌ താന്‍ മാത്രമാണ്‌, ഇന്ത്യക്കാരനായി.


ഇന്ന്‌ ടാക്‌സി ഡ്രൈവര്‍ വിസ അടിക്കുന്നില്ല. മറ്റു വിസകളിലെത്തുന്നവര്‍ ഇവിടെ എത്തിയ ശേഷം തനാസില്‍ മാറുകയാണ്‌ ചെയ്യുന്നത്‌.


പാക്കിസ്‌താനികളാണ്‌ ടാക്‌സി ഓട്ടുന്നതില്‍ കൂടുതലും, ബംഗ്ലാദേശികളും കുറവല്ല. മലയാളികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. രണ്ടു വര്‍ഷത്തെ പ്രവാസത്തിനിടക്ക്‌ ആകെ കണ്ടിട്ടുള്ളത്‌ മൂന്ന്‌്‌ മലയാളി ഡ്രൈവര്‍മാരെ മാത്രമാണ്‌.


കഴിഞ്ഞ പെരുന്നാളിന്‌ എളാപ്പയുടെ റൂമിലേക്ക്‌ പോയത്‌ ഒരു മലയാളിയുടെ ലീമൂസിലാണ്‌, ഒരു കൊല്ലത്തുകാരന്‍. അഞ്ചുവര്‍ഷമായി ടാക്‌സി ഓട്ടുന്നു. കൂടുതലൊന്നും സംസാരിക്കാത്ത അയാള്‍ പറഞ്ഞതില്‍, അഞ്ചു റിയാല്‍ കൂടുതല്‍ വാങ്ങുകയും ചെയ്‌തു. മലയാളിയല്ലെ, പിന്നെ വര്‍ത്താനത്തിനു നിന്നില്ല.


സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ അഹ്മദ്‌ ഹമൂദയുടെ കൂടെ അസീസിയയില്‍ ഒരു വീ്‌ട്ടില്‍ ചിത്രം വരക്കാന്‍ പോയതും ഒരു മലയാളിയുടെ ടാക്‌സിയില്‍, കണ്ണൂര്‍ക്കാരന്‍ തിലക്‌.


തിലക്‌, ടാക്‌സി ഡ്രൈവറെന്നും പറഞ്ഞാണ്‌ വന്നത്‌. വന്നപ്പോള്‍ ഹൗസ്‌ ഡ്രൈവറാണ്‌. വഴികളൊക്കെ ഒന്ന്‌ എയിമാവട്ടെ, എന്നിട്ടു കേറാം ലീമൂസില്‍ എന്നാണ്‌ കഫീല്‍ ആദ്യം പറഞ്ഞത്‌.


കഫീലിന്‌ രണ്ടു ഭാര്യമാരുണ്ട്‌. ഒരാളുടെ ഓട്ടം കഴിഞ്ഞുവന്ന്‌ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാന്‍ നേരം കിട്ടില്ല. അപ്പോഴേക്കും രണ്ടാമത്തെവളുടെ വിളി വരും.
യാ മുഹമ്മദ്‌, യാ അല്ലാ!


അതു കഴിഞ്ഞു വരും മുന്‍പെ കഫീലിന്റെ വിളി വരും.
മുഹമ്മദ്‌, അന്‍ത ഒയിന്‍?


പിന്നെ കുട്ടികള്‍...


എന്തേലും കഴിക്കാനോ, ഒന്നു ഹമ്മാമില്‍ പോകാന്‍ പേലും സമയം കിട്ടൂല.


ടാക്‌സിയുടെ കാര്യം ഓര്‍മപ്പെടുത്തുമ്പോളൊക്കെ, കഫീല്‍ പറയും, ബുക്ക്‌റ, ബഅ്‌ദ ബുക്ക്‌റ.


കൊല്ലം രണ്ടു കഴിഞ്ഞപ്പോള്‍ നാട്ടിലൊന്നു പോയി. തിരിച്ചു വന്നാലുടനെ ടാക്‌സിയില്‍ കേറാമെന്ന്‌ ഉറപ്പു തന്നപ്പോഴാണ്‌ തിരി്‌ച്ചു വന്നത്‌. പിന്നെയും ആറു മാസം കഴിയേണ്ടി വന്നു, ടാക്‌സിയില്‍ കേറാന്‍. കഫീലിന്റെ തന്നെയാണ്‌ ടാക്‌സി. ഇപ്പൊ നാലു വര്‍ഷമായി ടാക്‌സിയില്‍. അതിനിടക്ക്‌ പലവട്ടം വീട്ടില്‍ ഓടാന്‍ വിളിച്ചിരുന്നു. അങ്ങനെയെങ്കില്‍, എകസിറ്റടിക്കാനാണ്‌ പറഞ്ഞത്‌.


ഓട്ടമുണ്ടേല്‍ വിളിക്കണമെന്നും പറഞ്ഞ്‌ തിലക്‌ നമ്പര്‍ തന്നിരുന്നു. പിന്നീടൊരിക്കല്‍ വിളിച്ചപ്പോള്‍ തിലക്‌ പറഞ്ഞു, ഇപ്പൊ ടാക്‌സിയിലില്ല, വീട്ടിലെ ഓട്ടമാണ്‌.


പിന്നീടൊരിക്കല്‍ മദ്രാസുകാരനായ ഒരു ഡ്രൈവറെയും പരിചയപ്പെട്ടിട്ടുണ്ട്‌.


സ്വദേശികള്‍ക്കു മാത്രമെ ടാക്‌സി പെര്‍മിറ്റ്‌ കിട്ടൂ. വാഹനമൊന്നിന്‌ ഒരു വര്‍ഷത്തേക്ക്‌ നിശ്ചിത സംഖ്യ അടക്കണം. പുതിയ വാഹനത്തിനെ അനുമതി കിട്ടൂ. അഞ്ചുവര്‍ഷമേ ഒരു വാഹനത്തിന്‌ നിരത്തിലോടാന്‍ അനുവാദമുള്ളു.
ഓടിയാലും ഇല്ലെങ്കിലും ഒരു ദിവസത്തിന്‌ 130 റിയാല്‍ കമ്പനിയില്‍ അടക്കണം. 130 റിയാലില്‍ കൂടുതല്‍ എത്ര ഓടിയുണ്ടാക്കാനാവുമോ അതാണ്‌ ടാക്‌സി ഡ്രൈവറുടെ ഒരു ദിവസത്തെ വരുമാനം. രാവും പകലുമില്ലാതെ മെനക്കെട്ട്‌ ഓടിയാല്‍ ഒത്തുപിടിച്ചു പോകാം. ഒന്നോ രണ്ടോ ദിവസം അസുഖമായി കിടക്കേണ്ടി വന്നാല്‍ എടങ്ങേറായതു തന്നെ. പത്തു വര്‍ഷം മുന്‍പ്‌ 170 റിയാലായിരുന്നു പ്രതിദിനം അടക്കേണ്ടിയിരുന്നത്‌. അന്ന്‌ ടാക്‌സികള്‍ കുറവായിരുന്നു. നല്ല ഓട്ടവുമുണ്ടായിരുന്നു, രാജു പറയുന്നു.


ഇന്ന്‌ കണ്ടമാനം ടാക്‌സികളുണ്ട്‌. ആളുകള്‍ക്കൊക്കെ സ്വന്തമായി വാഹനവുമായി. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഓട്ടം വളരെ കുറവാണ്‌. കമ്പനിയില്‍ അടക്കേണ്ട തുകയൊപ്പിക്കാന്‍ തന്നെ പെടാപാട്‌ പെടേണ്ടിവരും.


ടാക്‌സി ഓട്ടുന്നതില്‍ സ്വദേശികളും കുറവല്ല, സ്വദേശികള്‍ക്ക്‌ ഒരു ദിവസത്തേക്ക്‌ 80 റിയാല്‍ അടച്ചാല്‍ മതി.


സ്വന്തമായി ടാക്‌സി പെര്‍മിറ്റെടുത്ത്‌ ഓടുന്നവരാണ്‌ സ്വദേശി ഡ്രൈവര്‍മാരില്‍ ഏറെയും.


മറ്റു ജോലികളുള്ളവര്‍, അവരുടെ ഡ്യൂട്ടി ടൈമിനു ശേഷം ടാക്‌സി ഓട്ടുന്നുണ്ട്‌.


പോലീസിലും മിലിട്ടറിയിലുമുള്ള ചിലര്‍ ഡ്യൂട്ടി ടൈമിനു ശേഷം ടാക്‌സി ഓട്ടുന്നുവെന്നത്‌ കൗതുകമുള്ള അറിവു കൂടിയാണ്‌.


മലയാളി ഡ്രൈവര്‍മാരുടെ സാന്നിധ്യം ഏറെയുള്ളത്‌ കള്ളടാക്‌സിക്കാര്‍ക്കിടയിലാണ്‌. സ്വന്തമായി ഒരു വണ്ടി ഒപ്പിച്ച്‌ പരിചയക്കാരെ ആശ്രയിച്ചാണ്‌ കള്ളടാക്‌സിക്കാരുടെ ഓട്ടങ്ങള്‍.
അവിന്നും ഇവിടന്നും കുറച്ച്‌ പണമൊപ്പിച്ച്‌ ഒരു വണ്ടി വാങ്ങിയാല്‍ പിന്നെ റിസ്‌ക്കില്ല.


ഓട്ടം നിയമവിരുദ്ധമാണെങ്കിലും കാര്യമായ ചൊറകളൊന്നുമില്ല. സ്വതന്ത്രമായ ജോലി. ആര്‍ക്കും കണക്ക്‌ ബോധിപ്പിക്കണ്ട. ഒന്നോ രണ്ടോ ദിവസം അസുഖമോ മറ്റു കാരണങ്ങളാലോ ഓടാന്‍ കഴിഞ്ഞില്ലെങ്കിലും ബേജാറില്ല.


ഒരു സ്‌കൂള്‍ ഓട്ടംകിട്ടിയാല്‍, പിന്നെ അല്ലറ ചില്ലറ ഓട്ടങ്ങള്‍ മതി. സ്‌കൂള്‍ ഓട്ടം മാത്രം ആശ്രയിച്ചു കഴിയുന്നവരും കുറവല്ല. ഇവര്‍ക്ക്‌ സ്ഥിരം ഓട്ടങ്ങളാണ്‌ കൂടുതലും.


രാവും പകലുമില്ലാതെ ഓടിയാലെ പ്രാരാപ്‌ങ്ങള്‍ക്കിത്തിരി ആശ്വാസം കണ്ടെത്താനാവൂ. ചിലര്‍ക്ക്‌ വണ്ടി വാങ്ങിയ കടമിനിയും ബാക്കിയാണ്‌.


ഇങ്ങനെ കള്ള ടാക്‌സിയുമായി ഉപജീവനം നടത്തുന്ന ഒത്തിരി മലയാളികളെ പരിചയപ്പെട്ടിട്ടുണ്ട്‌. സ്ഥിരമായി അസീസിയയിലേക്കു പോവാറുള്ളത്‌, ബക്കര്‍ക്കയുടെ വണ്ടിയിലാണ്‌. മുഹമ്മദ്‌ക്ക, റിയാസ്‌, രാജേട്ടന്‍, ഫൈസല്‍...
മറ്റു തൊഴിലുള്ള ചിലരും ഡ്യൂട്ടി ടൈമിനു ശേഷം കള്ള ടാക്‌സിയുമായി ഇറങ്ങുന്നവരുണ്ട്‌.


ഏതു പാതിരാക്കു വിളിച്ചാലും ഇവര്‍ ഉണര്‍ന്നു വരും.


വണ്ടിക്കെന്തേലും പണി വന്നാലാണ്‌ പ്രയാസപ്പെടുക.


ചെറിയ ഓട്ടങ്ങള്‍ ഒഴിവാക്കി ദീര്‍ഘദൂര യാത്രകള്‍ മാത്രം നടത്തുന്നവരും കുറവല്ല. മക്ക, മദീന, ദമ്മാം, ജിദ്ദ...


മൂന്നോ നാലോ യാത്രക്കാരെ ഒപ്പിച്ചാണ്‌ ഇവരുടെ ഓട്ടങ്ങള്‍. 


ബസ്സ്‌സ്റ്റാന്റിനു സമീപം ചുറ്റിത്തിരിഞ്ഞാണ്‌ ഇവര്‍ യാത്രക്കാരെ ഒപ്പിക്കുന്നത്‌. ബസ്‌ ചാര്‍ജിനെക്കാള്‍ അഞ്ചോ പത്തോ റിയാല്‍ ഒരാള്‍ കൂടുതല്‍ കൊടുക്കേണ്ടി വന്നാലും യാത്രക്കാരെ കിട്ടാറുണ്ടെന്ന്‌ ദമ്മാം- റിയാദ്‌ മാത്രം ഓടാറുള്ള മലപ്പുറത്തുകാരന്‍ സമദ്‌. ഒരിക്കല്‍ യാത്ര ചെയ്‌തിട്ടിള്ളുവര്‍ പിന്നെ ബസ്സിനു ടിക്കറ്റെടുക്കും മുന്‍പ്‌ തന്നെ വിളിക്കാറുണ്ട്‌.


ദീര്‍ഘയാത്രയില്‍ ചെക്കിങ്‌ കൂടുതലാണെന്നതാണ്‌ ഏക പ്രയാസം. പണം വാങ്ങിയാണ്‌ യാത്രക്കാരെ കൊണ്ടുപോകുന്നതെന്നറിയാന്‍ പാടില്ല, കുല്ലു സ്വദീഖാവണം!


ഇഖാമയില്ലാത്തവരെയുമായിട്ട്‌ പിടിയിലായാല്‍ കെണിഞ്ഞതുതന്നെ, അതിനാല്‍ വണ്ടിയില്‍ കേറും മുന്‍പ്‌ ഇഖാമ ഉറപ്പുവരുത്താറുണ്ട്‌. (മതിയായരേഖകളില്ലാത്തവരെ അവര്‍ക്കെത്തേണ്ട കേന്ദ്രങ്ങളില്‍ എത്തിച്ചു കൊടുക്കുന്നവരുമുണ്ടത്രെ. പണച്ചെലവ്‌ കൂടുതലാണെന്ന്‌ മാത്രം.)


ഇപ്പോള്‍ സഊദിയില്‍ കര്‍ശനമാക്കിയ വേഗതാനിയന്ത്രണം ഓട്ടത്തെ ബാധിച്ചിട്ടുണ്ടെന്ന്‌ ഡ്രൈവര്‍മാര്‍ പറയുന്നു.
വേഗത നിശ്ചിത പരിധിക്കപ്പുറം കടന്നാല്‍ കനത്ത പിഴയാണ്‌ ഈടാക്കുന്നത്‌. റോഡില്‍ പലയിടത്തും രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ക്യാമറയുള്ള പ്രത്യേക വാഹനങ്ങള്‍ റോഡുവക്കില്‍ പലയിടത്തും അലസമായി നിര്‍ത്തിയിട്ടിട്ടുണ്ട്‌. നിശ്ചിതപരിധിക്കപ്പുറം സ്‌പീഡില്‍ വരുന്ന വാഹനങ്ങള്‍ക്കുനേരെ ഫ്‌ളാഷ്‌ മിന്നും. 150 റിയാല്‍ മുതല്‍500 റിയാല്‍ വരെയാണ്‌ മിനിമം മുകാലഫ. മാസത്തിലൊരു ഫ്‌ളാഷ്‌ മതി, കണ്ണില്‍ ഇരുട്ടുകേറാന്‍.


ഭാഗ്യക്കേടിന്‌ വല്ല ബ്ലോക്കിലും കുടുങ്ങിയാല്‍ അന്നത്തെ ദിവസം കോഞ്ഞാട്ടയായതു തന്നെ.


വേഗതാ നിയന്ത്രണം അപകടങ്ങള്‍ എറെ കുറച്ചിട്ടുണ്ടെന്ന്‌ എല്ലാവരും സമ്മതിക്കുന്നു. അറബിച്ചെക്കന്‍മാരുടെ വണ്ടി കറക്കിയുള്ള സര്‍ക്കസും, തലയും വാലുമില്ലാത്ത ഡ്രൈവിംഗും ഒരു പരിധിവരെ കുറക്കാന്‍ പുതിയ നിയന്ത്രണം കൊണ്ടായിട്ടുണ്ടെന്ന്‌ രാജേട്ടന്‍ പറയുന്നു.


സ്വദേശികളുടെയും പാക്കിസ്‌താനികളുടെയും ലക്കും ലെവലുമില്ലാത്ത ഓട്ടത്തിനിടക്ക്‌ നൂഴ്‌ന്നുകയറാന്‍ ചില്ലറ പ്രയാസമൊന്നുമല്ല, പാവം ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കുള്ളത്‌.

നേരത്തിനും കാലത്തിനും പ്രാധമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനോ ഭക്ഷണം കഴിക്കാനോ പലപ്പോഴും കഴിയാറില്ല. മിക്ക നേരത്തെയും വയറെരിച്ചില്‍ ഒരു അസീറിലോ കേക്കിലൊ ഒതുക്കേണ്ടി വരാറുണ്ട്‌.


എല്ലാ പ്രവാസികളെയും പോലെ അഞ്ചും പത്തും പതിനഞ്ചും റിയാലുകള്‍ ചേര്‍ത്തു വെച്ച്‌ ഇവരും സ്വപ്‌നങ്ങള്‍ നെയ്യുന്നു.
പ്രാര്‍ഥനകളോടെ, പ്രതീക്ഷകളോടെ ടാക്‌സിയുടെ ആക്‌സിലേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ ജീവിതത്തിന്റെ തണുത്ത വഴികള്‍ വിദൂരമല്ലാതെ അവര്‍ കാണുന്നുണ്ടാവണം. ആ തണുപ്പിലേക്കാവണം അവര്‍ വണ്ടിയോടിച്ചു കൊണ്ടിരിക്കുന്നത്‌.
.
സൗദി ടൈംസ്- 2010 ആഗസ്ത്


Comments

  1. എല്ലാ പ്രവാസികളെയും പോലെ അഞ്ചും പത്തും പതിനഞ്ചും റിയാലുകള്‍ ചേര്‍ത്തു വെച്ച്‌ ഇവരും സ്വപ്‌നങ്ങള്‍ നെയ്യുന്നു.
    പ്രാര്‍ഥനകളോടെ, പ്രതീക്ഷകളോടെ ടാക്‌സിയുടെ ആക്‌സിലേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ ജീവിതത്തിന്റെ തണുത്ത വഴികള്‍ വിദൂരമല്ലാതെ അവര്‍ കാണുന്നുണ്ടാവണം. ആ തണുപ്പിലേക്കാവണം അവര്‍ വണ്ടിയോടിച്ചു കൊണ്ടിരിക്കുന്നത്‌.

    ReplyDelete
  2. ശ്രദ്ധേയമായ രചന..
    അഭിനന്ദനങ്ങൾ

    ReplyDelete
  3. ഗള്‍ഫില്‍ കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലൈസന്‍സ് എടുക്കാത്ത എനിക്കും ഇവരുടെ ജീവിതം അടുത്തറിയാം.
    നല്ല ലേഖനം .

    ReplyDelete
  4. ടാക്സികാരുടെ ജീവിതം ഇത് പോലെ ഒക്കെ ആണ് ഏതു നാട്ടില്‍ ആണ് എങ്കിലും എന്ന് ആണ് എനിക്ക് തോന്നിയത് ....പിന്നെ ഗള്‍ഫ്‌ നാട്ടില്‍ ആണ് എങ്കില്‍ ഇത്തിരി മാന്യത ഉണ്ട് എന്ന് തോനുന്നു .....പിന്നെ ഇവരാന്നു നഗരത്തിന്‍ സ്പന്ദങ്ങള്‍ ശരിക് തൊട്ടു അറിയുനത് എന്ന് തോനിട്ടുണ്ട്...
    ഇവര്‍ അറിയാതെ ഒരു കാര്യവും അവിടെ നടക്കില്ല എന്ന് ഉള്ളത് കൊണ്ട് തന്നെ പോലീസെ ആദ്യം നോട്ടം ഇടുനത് ഇവരെ ആണ്.....

    പിന്നെ ചില അറബി വാക്കുകള്‍ കൂടുതല്‍ ഉപയോഗിച്ചത് കൊണ്ട് എല്ലാ തരത്തില്‍ ഉള്ള വായനകാര്‍ക്കും എത്ര മനസിലാവും എന്ന് അറിയില്ല
    അത് മാത്രം ആണ് എനിക്ക് പോരാഴമായി തോനിയത്
    ആശംസകള്‍ .........

    ReplyDelete
  5. ഏതുസമയവും വണ്ടിയില്‍ കറങ്ങുന്ന, ജീവിതം തന്നെ വണ്ടിയില്‍ ചിലവഴിക്കുന്ന ഡ്രൈവര്‍മാരെ കുറിച്ച് എഴുതിയത് നന്നായി.
    ഇവിടെ വണ്ടിയോടിക്കുന്നതിന്റെ പ്രയാസം അറിയാം, അപ്പോള്‍ അതില്‍ തന്നെ ഇപ്പോഴും ജീവിക്കുന്ന അവരുടെ അവസ്ഥ ഊഹിക്കാവുന്നതിനും അപ്പുരത്തായിരിക്കും.
    ആശംസകള്‍.

    ReplyDelete
  6. ടാക്സിക്കാരുടെ ജീവിതത്തിലൂടെ. ഒന്നോ രണ്ടോ ദിവസം അസുഖമായി കിടന്നാല്‍ പോലും പണം കമ്പനിക്കു അങ്ങോട്ട്‌ കൊടുക്കേണ്ട അവസ്ഥ. യാത്രക്കാരെ തേടിയുള്ള അലച്ചില്‍. പിന്നെ ഓട്ടത്തിന്റെ റിസ്ക്‌. ഓര്‍ത്താല്‍ കഷ്ടമാണ് ഇവരില്‍ പലരുടെയും സ്ഥിതി.

    ഏതാനും പേരുടെ അനുഭവങ്ങള്‍ വെച്ച് മുക്താര്‍ നടത്തിയ വിശകലനം ഏറെക്കുറെ സൌദിയിലെ ടാക്സിക്കാരുടെ ജീവിത ചിത്രം കാട്ടിത്തരുന്നു . ലേഖനം നന്നായി.

    .

    ReplyDelete
  7. നല്ല ലേഖനം.
    പിന്നെ മുക്കാലിഫ ഈ വര്‍ഷം DHS .2300 അടച്ച ഒരു മഹാന്‍ ആണ് ഞാന്‍.

    ReplyDelete
  8. നല്ല പോസ്റ്റ് മുക്താര്‍ ഭായ്..
    സൗദിയിലെ ടാക്സിവാലകള്‍ക്ക് നല്ല സ്വഭാവം ആണെന്ന് തോന്നിയിട്ടുണ്ട്...
    ഇവിടെ നല്ല റോഡുകള്‍ ആയതിനാലും പെട്രോള്‍ വില കുറവായതിനാലും ടാക്സി ഓടിക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുളൊന്നും ഇല്ലെന്നാണ് കരുതിയിരുന്നത്. പോസ്റ്റില്‍ അവരുടെ ബുദ്ധിമുട്ടുകളെ പങ്കുവെച്ചു ...
    (അക്ഷര തെറ്റുകള്‍ പറയട്ടെ? രാജു രാജു,ഡ്രൈവര്‍ക്ക, പ്രത്ത്യേക)

    ആശംസകള്‍...

    ReplyDelete
  9. നന്നായിട്ടുണ്ട്..
    ആശംസകള്‍..
    ഇങ്ങള് ശെരിക്കും അറബിയാണോ ???

    ReplyDelete
  10. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാനോ അവരുടെ വേദനയില്‍ പങ്കുചേര്‍ന്നു ആശ്വസ്സിപ്പിക്കാനോ നേരം കണ്ടെത്താത്ത ഒരു കാലഘട്ടമാണ് ഇത്‌ . ജീവിയ്കാന്‍ വേണ്ടി സ്വന്തം ജീവിതം തന്നെ ഹോമിക്കുന്ന ഇവരെ പോലുള്ള തൊഴിലാളികളെ കുറിച്ച് എഴുതിയത് വളരെ നന്നായി. പടച്ചതമ്പുരാന്‍ അനുഗ്രഹിക്കട്ടെ (ആമീന്‍)
    " പിന്നെ ഒരു സംശയമുണ്ട്‌ "ഇവിടെ ഒരു തവണ രാജു എന്ന് പോരെ പതിനഞ്ചു വര്‍ഷമായി" രാജു രാജു "സൗദിയിലുണ്ട്‌.

    ReplyDelete
  11. abinandanangal.taxikkar adakkam bhooripaksham pravasikaludeyum stithi

    ReplyDelete
  12. ടാക്സി ഓട്ടക്കാര്‍ ജിദ്ദയിലും ഒരു പാടുണ്ട്. എന്‍റെ നാട്ടിലെ ഒട്ടുമുക്കാലും ഫ്രീ വിസക്കാരും ടാക്സി അല്ലെങ്കില്‍ 'ഖുസൂസി' ഓട്ടക്കാരാണ്‌. സ്വന്തമായി വീടും മറ്റും വാങ്ങിച്ച്ചവര്‍ ഉണ്ട്, അലസമായി വണ്ടി ഓടിക്കാതെ ജീവിതം തുലച്ഛവരും ഇല്ലാതില്ല. ഇരുന്നിരുന്നു പല രോഗങ്ങളും വന്നവര്‍ ഏറെ. നേരത്തിനു ഭക്ഷണം കഴിക്കാത്തവര്‍ അള്‍സര്‍ പോലുള്ള രോഗങ്ങളും പേറി ഓടിക്കുന്നു. രഫിക് എന്ന എന്‍റെ നാട്ടുകാരന്റെ ടാക്സി ഒരിക്കല്‍ ഒരു തീവ്രവാദി തട്ടിയെടുത്തു ജിദ്ദയിലെ ബവദിയില്‍ ബോംബ്‌ സ്ഥാപിച്ചത് വര്ത്തയായിരുന്നതും ഓര്മ വരികയാണ്.
    ഏതായാലും ടാക്സിക്കാരെ പറ്റി കുറെയൊക്കെ പഠിച്ചു എഴുതിയ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍ !

    ReplyDelete
  13. ജീവിക്കാൻ പാടുപെടുന്ന സഹജീവികൾ....
    കഴിയാവുന്ന സൌമനസ്യം അവരോട് എല്ലാവരും കാട്ടട്ടെ.
    നല്ല പോസ്റ്റ്.

    ReplyDelete
  14. നല്ല രചന..... തുടരുക....ആശംസകള്‍...

    സസ്നേഹം

    കൊച്ചുരവി

    ReplyDelete
  15. നന്നായിട്ടുണ്ട്....ആശംസകൾ... അഭിനന്ദനങ്ങൾ

    ReplyDelete
  16. എല്ലാവരേയും അവരവരുടെ ലക്ഷ്യത്തിലെത്തിക്കാന്‍ പാടുപെടുമ്പോഴും സ്വന്തം ലക്ഷ്യത്തിലെത്താന്‍ കഴിയാത്തവരെക്കുറിച്ച്‌ എം.മുകുന്ദന്‍ ഒരു കഥയില്‍ പറഞ്ഞത്‌ ഓര്‍മ വന്നു. നല്ല എഴുത്ത്‌, മുക്താര്‍.

    ReplyDelete
  17. കറങ്ങുന്ന ചക്രങ്ങള്‍ക്ക് മുകളില്‍
    തിരിയുന്ന സ്റ്റിയറിങ്ങുമായി
    പൊരിയുന്ന ജീവിതങ്ങള്‍... അല്ലേ
    ടാക്സിക്കുള്ളില്‍ എപ്പോഴും തണുപ്പാണെങ്കിലും
    അവരുടെ ഉള്ളം പതക്കുന്നുണ്ടാകും!

    ReplyDelete
  18. ടാക്സിയില്‍ കയറുമ്പോള്‍ ഡ്രൈവര്‍മാര്‍ ഏത് നാട്ടുകാരാണെങ്കിലും ഞാന്‍ ഒന്ന് പരിചയപ്പെടാം ശ്രമിക്കാറുണ്ട്.. ലിമോസിന്‍ ഡ്രൈവര്‍മാരുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ പലപ്പോഴും സങ്കടം വരും . നേരം വെളുത്ത് പാതിരാ വരെ ബക്കറ്റ് പോലുള്ള സീറ്റില്‍ നടുവളഞ്ഞ് ഇരുന്നു തലങ്ങും വിലങ്ങും ഓടികൊണ്ടിരിക്കുന്നതിന്‍റെ ബുദ്ധിമുട്ട്.

    ഹൌസ് ഡ്രിവര്‍മാരുടെ കാര്യം പറയാതിരിക്കുന്നതാ ഭേതം .. എന്‍റെ ബോസിന്‍റെ വീട്ടിലും രണ്ട് മലയാളി ഡ്രൈവര്‍മാരാ പാവങ്ങള്‍ അവരുടെ കഷ്ടപ്പാടുകള്‍ കാണണം .. എന്തിനാ കൂടുതല്‍ പറയുന്നത് എല്ലാവരും കാണുന്നതല്ലെ...

    ReplyDelete
  19. പ്രാര്‍ഥനകളോടെ, പ്രതീക്ഷകളോടെ ടാക്‌സിയുടെ ആക്‌സിലേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ ജീവിതത്തിന്റെ തണുത്ത വഴികള്‍ വിദൂരമല്ലാതെ അവര്‍ കാണുന്നുണ്ടാവണം. ആ തണുപ്പിലേക്കാവണം അവര്‍ വണ്ടിയോടിച്ചു കൊണ്ടിരിക്കുന്നത്‌. .........congrats...

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.