Skip to main content

അങ്ങനെ ഒരു നോമ്പുകാലത്ത്‌



ട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം.അഞ്ചാമത്തെ നോമ്പ്‌. മഗ്‌രിബ്‌ നമസ്‌കരിച്ച്‌ ഫ്രാന്‍സിസ്‌ റോഡിലെ ഉമര്‍ മസ്‌ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയ മനുഷ്യന്‍.

``ഇങ്ങട്ട്‌ ബരീന്നും.... ഞമ്മക്കിന്ന്‌ പൊരീല്‌ കൂടാം...''
അയാളെന്റെ കയ്യുംപിടിച്ചു നടന്നു.
``ഹോട്ടലീന്നാണോ എന്നും''
``ങ്‌ഹാ...''
``ഇങ്ങക്ക്‌ എന്നും പൊരീല്‌ പോരാല്ലോ... മഗ്‌രിബിനിവ്‌ടെ വന്നാമതി. ഞാന്‌ണ്ടാവും...''


നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന്‌ സ്‌തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. റമദാന്‍ തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല.
കുറ്റിച്ചിറ മദ്‌റസയിലാണു ജോലി. അവിടെയാണ്‌ താമസം. നാനൂറു രൂപയാണ്‌ മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട്‌ യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!?



ചിത്രകലാ പഠനം, ഫീസ്‌, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. അല്ലാഹു വെള്ളം സൃഷ്‌ടിച്ചില്ലായിരുന്നുവെങ്കില്‍...! വല്ലപ്പോഴും കിട്ടുന്ന കൂട്ടുകാരുടെ ഔദാര്യം വയറെരിച്ചിലിന്‌ ഇടക്കാലാശ്വാസം. വീട്ടുകാരുടെ മനസ്സില്‍ എനിക്ക്‌ കോഴിക്കോട്ട്‌ പരമസുഖം. ഞാനങ്ങനെത്തന്നെ പറഞ്ഞുധരിപ്പിച്ചു.


മറ്റുള്ളവരോട്‌ പട്ടിണിയും പയ്യാരവും പറയുന്നതിനോട്‌ മനസ്സ്‌ പാകപ്പെട്ടില്ല. ഇല്ലെങ്കിലും ഉള്ളതുപോലെ നടന്നു. അടുത്തറിയുന്നവരില്‍ നിന്നു മാത്രം പറ്റെ കുടുങ്ങിയ നേരത്ത്‌... അഭിമാനം പണയംവെച്ചു (കൂട്ടുകാര്‍ പറയുന്നു ദുരഭിമാനമെന്ന്‌). വിശപ്പ്‌ അത്‌ വല്ലാത്തൊരു...!


പറ്റു തരാന്‍ തക്ക പരിചയമുള്ള ഹോട്ടലുകാരുണ്ടായിരുന്നില്ല. ആളുകളുമായി പരിചമായി വരുന്നതേയുള്ളൂ. നോമ്പു തുറക്കുന്ന സമയത്ത്‌ പള്ളിയില്‍ നിന്നു കിട്ടുന്ന ചില്ലറ `വിഭവ'ങ്ങളില്‍ സംതൃപ്‌തനായി. ഓരോ ദിവസവും കൂടുതല്‍ വിഭവങ്ങളുള്ള പള്ളികള്‍ തെരഞ്ഞുനടന്നു. നിറയാത്ത വയറില്‍ വെള്ളം നിറച്ചു. അത്താഴവും പൈപ്പിലെ വെള്ളം തന്നെ. കൂട്ടുകാരുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. ചിലര്‍ക്ക്‌ ഹോം ട്യൂഷനുണ്ടായിരുന്നു. നോമ്പുതുറ അവിടെ ഒപ്പിച്ചു. അത്താഴം....!


മദ്‌റസക്കമ്മിറ്റിക്കാര്‍ക്ക്‌ ഞങ്ങള്‍ കൃത്യസമയത്ത്‌ മദ്‌റസയിലെത്തിയാല്‍ മാത്രം മതി. പഠിപ്പിക്കുന്നുണ്ടോ എന്നു നോക്കും. വേറെയൊന്നും അവരറിയില്ല. താമസിക്കാനുള്ള സൗകര്യം തന്നെ ഏറെയാണെന്നാണവരുടെ പക്ഷം. ടൗണില്‍ വാടകക്ക്‌ റൂമെടുത്തു താമസിക്കുകയാണെങ്കില്‍ എത്രവരുമെന്നവര്‍ ഇടയ്‌ക്കിടെ ഞങ്ങളെ ഓര്‍മപ്പെടുത്തും.
ആരും ഞങ്ങളുടെ സ്ഥിതി അന്വേഷിച്ചില്ല. അവര്‍ക്കതിന്റെ ആവശ്യമില്ലായിരുന്നു.


മറച്ചുകെട്ടിയ ഒരൊറ്റ മുറി വീട്‌. വലിയങ്ങാടിയില്‍ പഴയ ചാക്കു തുന്നുന്ന പണിയാണയാള്‍ക്ക്‌. ഊഷ്‌മളമായ സ്വീകരണം. ഭാര്യയും മക്കളും. വീട്ടിലെ ഒരംഗത്തെപ്പോലെ. മേശയും കസേരയുമുണ്ടായിരുന്നില്ല. നിലത്തു പായ വിരിച്ചു വട്ടമിട്ടിരുന്നു. പത്തിരി, ഇറച്ചിക്കറി, സമൂസ, ചായ...
എന്തോരു സ്വാദ്‌..!


എന്തു നല്ല വിഭവങ്ങള്‍! സ്‌നേഹം...! ഇത്ര നല്ലൊരു നോമ്പുതുറ മുമ്പുണ്ടായിട്ടില്ല; ശേഷവും. അല്‍ഹംദുലില്ലാഹ്‌...! തിരിച്ചിറങ്ങുമ്പോള്‍ അയാളുടെ ഭാര്യ പറഞ്ഞു. ``തൊറക്കാനെന്നും ഇങ്ങട്ട്‌ പോന്നോളീ... ഇള്ളത്‌ സന്തോഷായി തിന്നാം... ഹോട്ടല്‍ന്ന്‌ തിന്ന്‌ വയറ്‌...''


എന്റെ ആരുമല്ല അവര്‍. ഒരു ബന്ധവുമില്ലാത്തവര്‍. ഉമര്‍ മസ്‌ജിദില്‍ നിന്ന്‌ ഇടക്കെപ്പോഴോ കണ്ടും ചിരിച്ചും മാത്രം പരിചയമുള്ളയാള്‍..


``പടച്ചവനേ ഈ കുടുംബത്തിന്‌ നീ ഐശ്വര്യം നല്‌കണേ...''


ഓരോ നോമ്പുകാലവും ഓരോ നോമ്പുതുറയും ആ സ്‌നേഹവിരുന്നിന്റെ ഓര്‍മപ്പെടുത്തലാണെനിക്ക്‌. ഇല്ലായ്‌മകള്‍ക്കിടയിലും അന്യനെ ഊട്ടുന്നതില്‍ സംതൃപ്‌തി കണ്ടെത്തുന്ന ഇത്തരം മനുഷ്യര്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാവാം അല്ലാഹു അന്ത്യനാള്‍ നീട്ടിക്കൊണ്ടു പോവുന്നത്‌.


ഒരിക്കലെങ്കിലും പട്ടിണി കിടന്നവനേ വിശപ്പിന്റെ വിലയറിയൂ, അന്നത്തിന്റേയും, ആ സ്‌നേഹവിരുന്നിന്റെയും!


  • അത്താഴം
കുറ്റിച്ചിറ ജീവിതത്തിന്റെ മൂന്നാം വര്‍ഷം. വൈകുന്നേരം കണ്ണഞ്ചേരി മദ്‌റസയില്‍ പോവുന്നുണ്ട്‌. ഒന്നുരണ്ട്‌ ഹോം ട്യൂഷനുണ്ട്‌. അത്യാവശ്യം തട്ടിമുട്ടിയങ്ങനെ നീങ്ങാം. സുഹൃത്ത്‌ സിഹാജ്‌ ഫോട്ടോ ലാമിനേഷന്‍ റപ്പാണ്‌. തെറ്റില്ലാത്ത വരുമാനമുണ്ട്‌. ഉദാരന്‍. ആമാശയം കത്തിയെരിയുന്ന എത്രയെത്ര ദിനങ്ങളിലാണ്‌ സിഹാജ്‌ക്ക ആശ്വാസമായത്‌.
 

ശരീഫ്‌ നന്മണ്ട, മുഹമ്മദ്‌ ചേരിപ്പറമ്പ്‌, ശരീഫ്‌ കിനാലൂര്‍, കെ എം ബഷീര്‍... സൗഹൃദത്തിന്റെ ചൂടും കുളിരുമായി പരസ്‌പരം കൊണ്ടും കൊടുത്തും കഴിഞ്ഞ ദിനങ്ങള്‍... ജേഷ്‌ഠനും സുഹൃത്തും കൂടി നടത്തുന്ന ഹോട്ടലിലാണ്‌ ബശീറിന്‌ പണി. രാത്രി വളരെ വൈകും അവന്‍ വരുമ്പോള്‍. മിക്ക ദിവസവും എന്തെങ്കിലും കൊണ്ടുവരും. പൊറോട്ട, ചപ്പാത്തി, കറി... അവന്‍ വന്ന്‌ ഞങ്ങളെ വിളിച്ചുണര്‍ത്തും. ഞങ്ങള്‍ കൈ കഴുകി വട്ടത്തിലിരിക്കും.

നോമ്പുതുറയൊന്നും വലിയ പ്രശ്‌നമില്ല. അത്താഴക്കാര്യമാണ്‌ പ്രശ്‌നം. കുറ്റിച്ചിറയില്‍ ഹോട്ടല്‍ തുറക്കില്ല. ടൗണിലേക്ക്‌ നടക്കണം. തണുത്ത്‌ മരവിച്ചതാണെങ്കിലും ചോറ്‌ കിട്ടും. ഇടക്കെപ്പോഴെങ്കിലും പുലര്‍ച്ചെ എഴുന്നേറ്റ്‌ ടൗണില്‍ പോവും. മിക്ക ദിവസങ്ങളിലും നേന്ത്രപ്പഴമോ കാരക്കയോ... വെള്ളവും..!


മദ്‌റസിലെ ഒരു വിദ്യാര്‍ഥിയുടെ പിതാവ്‌. പള്ളിയിലും വഴിയിലും വെച്ച്‌ കാണുമ്പോള്‍ ഊഷ്‌മളമായി പുഞ്ചിരിച്ച്‌ ഹൃദയം പങ്കുവെക്കുന്ന മാന്യന്‍. ഒരു റമദാന്‍ മുഴുവനും എനിക്കും സുഹൃത്തുക്കള്‍ക്കും അത്താഴം അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. അത്താഴ സമയമായാല്‍ അദ്ദേഹം വന്ന്‌ ഞങ്ങളെ വിളിച്ചുണര്‍ത്തും. മൂന്നുപേര്‍, ചില ദിനങ്ങളില്‍ നാലുപേര്‍. നിത്യവും വിളിച്ചുണര്‍ത്തി അത്താഴമൂട്ടിയ ആ മഹാമനസ്‌കതയും സ്‌നേഹവും ഓര്‍ക്കാതെ ഒരു നോമ്പുകാലത്തെ എങ്ങനെ വരവേല്‌ക്കാനാവും. ഈ സ്‌നേഹവിരുന്ന്‌ പുറത്താരും അറിയാന്‍ അദ്ദേഹം ഇഷ്‌ടപ്പെട്ടിരുന്നില്ല. 


കണ്ണഞ്ചേരിയിലെ റഹീംക്ക, കുറ്റിച്ചിറയിലെ ബര്‍ജീസിന്റെ കുടുംബം... എത്രയെത്ര സ്‌നേഹവിരുന്നുകള്‍...


  • രണ്ടു സ്‌ത്രീകള്‍
കഴിഞ്ഞ നോമ്പുകാലത്ത്‌ ചന്ദ്രിക വരാന്തപ്പതിപ്പില്‍ ഞാനെഴുതിയ ഓര്‍മക്കുറിപ്പിനോട്‌ പ്രതികരിച്ചുകൊണ്ട്‌ കെ പി കുഞ്ഞിമ്മൂസ എഴുതിയ കുറിപ്പ്‌ തെക്കേപ്പുറത്തെ രണ്ട്‌ സ്‌ത്രീകളെക്കുറിച്ചായിരുന്നു. 

നോമ്പുകാലത്ത്‌ എല്ലാ വീടുകളിലും കയറിയിറങ്ങി വിഭവങ്ങള്‍ ശേഖരിച്ച്‌ അടുത്തുള്ള ആശുപത്രിയിലെ രോഗികള്‍ക്കും അവരുടെ കൂടെ നില്‍ക്കുന്നവര്‍ക്കും എന്നും എത്തിച്ചുകൊടുക്കുന്ന രണ്ട്‌ സ്‌ത്രീകള്‍.

  • വീട്ടിലെ നോമ്പുതുറ
    വീട്ടിലും നാട്ടിലും നോമ്പുതുറ വിഭവ സമൃദ്ധമല്ല. നാരങ്ങ വെള്ളവും കാരക്കയും ചില്ലറ ഫ്രൂട്ട്‌സുകളും. തരിക്കഞ്ഞി, പത്തിരി, ഇറച്ചിക്കറി, ചായ.. കഴിഞ്ഞു. 

    നോമ്പുതുറന്ന ഉടനെ എല്ലാം അടിച്ചുമാറ്റും. പിന്നെ തറാവീഹ്‌ കഴിഞ്ഞ്‌ കഞ്ഞി. അത്താഴത്തിന്‌ ചോറും താളിപ്പും ഇറച്ചിയോ മീനോ പൊരിച്ചതും കട്ടന്‍ ചായയും മൈസൂര്‍ പഴവും. ഇതാണ്‌ വീട്ടിലെയും നാട്ടിലേയും നോമ്പുകാലം. തുറപ്പിക്കലോ സല്‍കാരങ്ങളോ ഉണ്ടെങ്കില്‍ ബിരിയാണിയാണ്‌ സ്‌പെഷ്യല്‍. പൊറോട്ട, പൂരി എന്നിവയുമുണ്ടാവും. നാടന്‍ പലഹാരങ്ങളും കൈതച്ചക്ക, ഇളനീര്‍ ജ്യൂസും..

    • കുറ്റിച്ചിറയിലെ നോമ്പുതുറ
    കുറ്റിച്ചിറയിലെ നോമ്പുതുറ വിഭവസമൃദ്ധമാണ്‌. ചെറിയതുറ, വലിയ തുറ, മുത്താഴം, അത്താഴം. ചട്ടിപ്പത്തിരി, കട്‌ലറ്റ്‌, മുട്ടമാല, മുട്ട സുര്‍ക്ക, മുട്ടപ്പത്തിരി... വൈവിധ്യമാര്‍ന്ന പലഹാരങ്ങളുടെ മഹാ സംഗമമാണ്‌ കുറ്റിച്ചിറയിലെ ചെറിയ തുറ. ചായ, പലഹാരങ്ങള്‍, ഫ്രൂട്ട്‌സ്‌, കാരക്ക, നാരങ്ങാവെള്ളം.. ചെറിയ തുറ ഒരു വമ്പന്‍ തുറതന്നെയാണ്‌. മഗ്‌രിബ്‌ നിസ്‌കാരം കഴിഞ്ഞ ശേഷമാണ്‌ രണ്ടാം തുറ, വലിയതുറ. പല വിധ പത്തിരികള്‍, പൂരി, വിവിധ തരം ഇറച്ചി, കോഴി, മീന്‍ കറികള്‍, പൊരിച്ചതും കരിച്ചതും. തറാവീഹിന്‌ ശേഷമാണ്‌ മുത്താഴം. ജീരക കഞ്ഞിയാണ്‌ പ്രധാന വിഭവം. അത്താഴത്തിന്‌ ചോറ്‌, കറി, ഉപ്പേരി, ഇറച്ചി, മീന്‍, പാലൊഴിച്ച കടുപ്പന്‍ ചായയും.

    കുറ്റിച്ചിറയില്‍ നോമ്പുകാല രാത്രികള്‍ സജീവമാണ്‌. കളിയും ചിരിയുമായി രാത്രി വളരെ വൈകുവോളം കുളത്തിനു ചുറ്റും ആളുകളുണ്ടാവും. ഐസൊരതിയതും കാവയും... തിന്നും കുടിച്ചും... നോമ്പു തുറന്നതു മുതല്‍ അടുത്ത നോമ്പു തുടങ്ങുന്നതുവരെ തീറ്റ തന്നെ!
     

    നോമ്പു തുറപ്പിക്കലും സല്‍ക്കാരവും പറയണ്ട, വിഭവങ്ങളുടെ പൂരം. എങ്ങനെയാണ്‌ തെക്കേപ്പുറത്തെ പെണ്ണുങ്ങള്‍ ഇതൊക്കെ ഉണ്ടാക്കിയെടുക്കുന്നത്‌?!

    • കൊച്ചിക്കോയ
    കണ്ണഞ്ചേരിയിലെ റഹീംക്കയുടെ വീട്ടില്‍ നോമ്പുതുറക്കാന്‍ പോയി. ഖുബ പള്ളിയില്‍ നിന്ന്‌ മഗ്‌രിബ്‌ നിസ്‌കാരം കഴിഞ്ഞ്‌ ഇബ്‌റാഹീമും ഇമാമും ഞാനും. ഒരു പാത്രത്തില്‍ അവിലു വറുത്തത്‌. തേങ്ങാപ്പാലും പഴവും പഞ്ചസാരയും ചേര്‍ത്ത്‌ പാലുപോലുള്ള ഒരു മിശ്രിതം. എല്ലാവരും അവിലുവറുത്തത്‌ പാത്രത്തിലിട്ട്‌ ആ മിശ്രിതവും ചേര്‍ത്ത്‌ കഴിക്കുന്നു. കഴിച്ചുനോക്കുമ്പോള്‍ ഭയങ്കര സ്വാദ്‌. 

    വളരെ വിരളമായി ചില വീടുകളിലെ നോമ്പുതുറ സ്‌പെഷ്യലാണീ വിഭവം. കൊച്ചിക്കോയ എന്നാണീ വിഭവത്തിന്റെ പേര്‌. ആ പേരെങ്ങനെ വന്നു എന്നറിയില്ല. കൊച്ചിയിലെ കോയ ഇതറിയുമോ ആവോ?

    ചില്ലറ പലഹാരങ്ങളും ചായയും ഫ്രൂട്ട്‌സും.... എന്തൊരു സ്വാദ്‌. നല്ലൊരു പാചകവിദഗ്‌ധയാണ്‌ റഹീംക്കയുടെ ഭാര്യ. ഒന്നാന്തരം കൈപ്പുണ്യം! വളരെ ലളിതമായ നോമ്പുതുറ. പത്തിരിയും കറിയുമൊന്നുമില്ല. വെള്ളം, ഫ്രൂട്‌സ്‌, ചായ, ഇത്തിരി പലഹാരങ്ങള്‍, പിന്നെ കൊച്ചിക്കോയയും.


    ഇബ്‌റാഹീമും ഇമാമും പള്ളിയിലേക്കും ഞാന്‍ റൂമിലേക്കും പോന്നു. 


    പിറ്റേന്ന്‌ റഹീംക്ക കണ്ടപ്പോള്‍ ചോദിച്ചു.
    ``എന്താ ഭക്ഷണം കഴിക്കാന്‍ നില്‍ക്കാതെ പോയത്‌?''
    ``ഞാന്‍ കഴിച്ചതാണല്ലോ''
    അപ്പോഴാണറിഞ്ഞത്‌, അവിടെ ഇശാഉം തറാവീഹുമൊക്കെ കഴിഞ്ഞിട്ടാണ്‌ വലിയ തുറ. പത്തിരിയും കറിയും...
    നോമ്പുതുറന്ന ഉടനെ എല്ലാം വലിച്ചുവാരി തിന്നുന്നത്‌ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമത്രെ. 

    .

    Comments

    1. ഓരോ നോമ്പുകാലവും ഓരോ നോമ്പുതുറയും ആ സ്‌നേഹവിരുന്നിന്റെ ഓര്‍മപ്പെടുത്തലാണെനിക്ക്‌. ഇല്ലായ്‌മകള്‍ക്കിടയിലും അന്യനെ ഊട്ടുന്നതില്‍ സംതൃപ്‌തി കണ്ടെത്തുന്ന ഇത്തരം മനുഷ്യര്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാവാം അല്ലാഹു അന്ത്യനാള്‍ നീട്ടിക്കൊണ്ടു പോവുന്നത്‌.

      ReplyDelete
    2. റമദാന്‍ ആശംസകള്‍.

      ReplyDelete
    3. ഒരിക്കലെങ്കിലും പട്ടിണി കിടന്നവനേ വിശപ്പിന്റെ വിലയറിയൂ, അന്നത്തിന്റേയും,

      ReplyDelete
    4. നേമ്പ് തുറ നന്നായിരിക്കുന്നു
      ഇവിടെയും മുണ്ട് ഒരു നേമ്പ്
      http://kinginicom.blogspot.com

      ReplyDelete
    5. നന്മയുടെയും വിശുദ്ധിയുടെയും രാപ്പകലുകൾ....

      ഹൃദയം നിറഞ്ഞ റംസാൻ ആശംസകൾ!

      ReplyDelete
    6. ഗൃഹാതുരത്വം തൊട്ടുണര്‍ത്തുന്ന നോമ്പുകാലം ഓര്‍മ്മയില്‍ കൊണ്ടുവന്ന നല്ലൊരു നോമ്പ്‌ സ്മരണ തന്ന മുഖ്താര്‍ സ്നേഹിതന് റമദാന്‍ ആശംസകള്‍ നേരുന്നു.

      ReplyDelete
    7. ഇല്ലായ്‌മകള്‍ക്കിടയിലും അന്യനെ ഊട്ടുന്നതില്‍ സംതൃപ്‌തി കണ്ടെത്തുന്ന ഇത്തരം മനുഷ്യര്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാവാം അല്ലാഹു അന്ത്യനാള്‍ നീട്ടിക്കൊണ്ടു പോവുന്നത്‌...!

      നോമ്പിന്റെ പുണ്യം..!!

      ReplyDelete
    8. മുക്താർ,

      കണ്ണ്‌ നിറയുന്നു. വിഭവസമൃദ്ധമായ നോമ്പ്‌തുറയുടെ വിഭവങ്ങൾ കട്ടൻ ചായയും കപ്പയുമായിരുന്നു. അയൽപക്കത്ത്‌നിന്നും കിട്ടുന്ന വിഭവങ്ങൾ പങ്ക്‌വെക്കാൻ ഉമ്മ ഒരുപാട്‌ കഷ്ടപ്പെട്ടിട്ടുണ്ടാവണം.

      പട്ടിണിയാണെങ്കിലും, സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഒരുനല്ല കാലം തിരിച്ച്‌വരില്ലൊരിക്കലും. അല്ലെ.

      Sulthan | സുൽത്താൻ

      ReplyDelete
    9. "....എന്റെ ആരുമല്ല അവര്‍. ഒരു ബന്ധവുമില്ലാത്തവര്‍. ഉമര്‍ മസ്‌ജിദില്‍ നിന്ന്‌ ഇടക്കെപ്പോഴോ കണ്ടും ചിരിച്ചും മാത്രം പരിചയമുള്ളയാള്‍..
      ``പടച്ചവനേ ഈ കുടുംബത്തിന്‌ നീ ഐശ്വര്യം നല്‌കണേ...''


      ഹൃദയത്തിന്റെ അഗാധ തലത്തില്‍ നിന്നാണ് ഈ പ്രാര്‍ഥനക്ക് ആമീന്‍ ചൊല്ലിയത്. ഈ പോസ്റ്റിലെ ഏറ്റവും അനുയോജ്യമായ ഇടത്ത് തന്നെയാണ് താങ്കള്‍ ആ പ്രാര്‍ഥനാ വചനം ചേര്‍ത്തിട്ടുള്ളതും.

      കണ്ണുനീരിന്റെ ഉപ്പും, പൈപ്പ് വെള്ളത്തിന്റെ മധുരവും, കരുണ വറ്റാത്ത ഹൃദയങ്ങളുടെ സാന്ത്വന സ്പര്‍ശവും, സ്നേഹം മാത്രം വിനിമയം ചെയ്യപ്പെടുന്ന സൌഹൃദക്കൂട്ടങ്ങളുടെ ഇന്നലെകളും കൂട്ടിച്ചേര്‍ത്തു തയ്യാറാക്കിയ നോമ്പ് വിഭവം ഹൃദ്യമായി.

      പദവിന്യാസങ്ങളുടെ സങ്കീര്‍ണ്ണതകളില്‍ നിന്നും തീര്‍ത്തും മുക്തമായ മുക്താറിന്റെ രചനകള്‍ സംവദിക്കുന്നത് ഹൃദയത്തോടാണ്, ആ ഹൃദയം കഴുകുവാനുള്ള കണ്ണുനീര്‍ ഉല്‍പ്പാദിപ്പിക്കുന്നത് ആ അക്ഷരങ്ങളുടെ ഇഷ്ട വിനോദവുമാണ്!
      അഭിനന്ദനങ്ങള്‍ മുക്താര്‍ ഭായി!

      ക്ലേശ മുക്തമായ അവധി ദിനങ്ങളും, മുക്തി ദായകമായ നോമ്പ് ദിനങ്ങളും മുക്താറിനും കുടുംബത്തിനും നേരുന്നു :)

      ReplyDelete
    10. പ്രിയ മുഖ്‌താര്‍
      എന്റെ സൗഭാഗ്യങ്ങളെല്ലാം ഞാന്‍ തരാം
      എനിക്കെന്റെ പഴയ കുട്ടിക്കാലം മാത്രം തിരികെ
      തരുമോ എന്ന്‌ ചോദിച്ചത്‌ വയലാറാണ്‌. (ആണോ ഒരുസംശയം)
      ഈ വേദനകളും നഷ്‌ടസ്വപ്‌നങ്ങളും ആര്‍ത്തിരമ്പുന്ന ഓര്‍മകളുമൊക്കെതന്നെയാണ്‌
      വായനയുടെ താലത്തില്‍ വെക്കാന്‍ നമുക്ക്‌ പലപ്പോഴുമുണ്ടാകുന്നത്‌.
      മുമ്പ്‌ ചന്ദ്രികയല്‍ വായിച്ചതും നേരിട്ട്‌ പറഞ്ഞതുമൊക്കെയാണെങ്കിലും
      ഇന്നും കൂടെയുണ്ടല്ലോ ആ ഓര്‍മകള്‍...അന്നവും അഭയവും നല്‍കിയവരെ മറന്നില്ലല്ലോ...
      പുനര്‍ വായനയിലും മനസ്‌ നനഞ്ഞു.
      മുമ്പ്‌ കന്നിഗള്‍ഫുകാരനാകാന്‍ വിമാനം കയറാന്‍ പോകുമ്പോള്‍
      പാതിവഴിവരെ യാത്രയാക്കാനെത്തിയ സംഘത്തിലെ ഒരംഗമായിരുന്നു ഞാനും.
      ഉപ്പ കോഴിക്കോട്ടേക്ക്‌ പോകുന്നു എന്നലാഘവത്തോടെ യത്രയാക്കിയ മോള്‍...
      ഉപ്പ എന്നഒരാളെതന്നെ അറിയാത്ത ഇളയമോള്‍...എല്ലാം ഓര്‍ക്കുന്നു.
      മൂന്നുവര്‍ഷം. എത്രപ്പെട്ടന്ന്‌,
      നീ തീര്‍ത്ത ശ്യൂനത അങ്ങനെതന്നെയുണ്ട്‌.
      മടങ്ങിവരവ്‌ ആഹ്ലാദകരമാവട്ടെ

      ReplyDelete
    11. muktharinde thirichu nattilekkulla varavil hamsakakk sandoshamanengil ivide njangalkk oru theera nashtaman.muktharinde aa ozhiv mattarekondum nikathan kazhiyathathanallo ennorkumbozhulla prayasam chillarayonnumalla....

      ReplyDelete
    12. മുക്താറിന്റെ പ്രാര്‍ത്ഥന സഫലമാകട്ടെ! റമദാന്റെ എല്ലാ അനുഗ്രഹങ്ങളും എല്ലാവരിലും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.

      ReplyDelete
    13. നോമ്പുകാലം എന്നും പ്രത്യേകതകളുടെതാണ്. പഠിക്കുന്ന സമയത്തെ നോമ്പും, ജോലിസമയത്തെ നോമ്പും , നാടു വിട്ടുള്ള നോമ്പും..

      നല്ല ആളുകളും എപ്പോഴും എല്ലായിടത്തുമുണ്ട്. പലപ്പോഴും നമ്മള്‍ കണ്ടു മുട്ടുന്നത് വൈകിയായിരിക്കും....

      നല്ല പോസ്റ്റ് മുക്താര്‍ ഭായ്..

      ReplyDelete
    14. റമദാന്‍ ആശംസകള്‍

      ReplyDelete
    15. ഇല്ലയ്മകല്‍ക്കിടയിലും ഊട്ടിയ ആ നോമ്പ് തുറതന്നെയായിരിക്കും മഹാത്തരമായത്.

      നോമ്പ് നോറ്റുകൊണ്ട് വായിക്കാന്‍ പറ്റില്ല മുക്താരിന്റെ രചന, പ്രത്യേകിച്ചും അവസാനഭാഗം, വായില്‍ വെള്ളമൂറുന്നു..!!

      റമദാന്‍ ആശംസകള്‍.

      ReplyDelete
    16. ചങ്ങാതീ, പട്ടിണി കിടക്കുന്നവന്റെ മുൻപിൽ ദൈവം പ്രത്യക്ഷപ്പെടുന്നെങ്കിൽ അത് അപ്പത്തിന്റെ രൂപത്തിലാവണമെന്ന് ഗാന്ധിജി പറഞ്ഞതല്ലാതെ എന്ത് ഓർക്കാ‍ൻ.?

      ReplyDelete
    17. മുഖ്താര്‍ ഭായ്...റംസാന്‍ ആശംസകള്‍...വളരെ നന്നായി എഴുതി..
      ഇല്ലായ്‌മകള്‍ക്കിടയിലും അന്യനെ ഊട്ടുന്നതില്‍ സംതൃപ്‌തി കണ്ടെത്തുന്ന ഇത്തരം മനുഷ്യര്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാവാം അല്ലാഹു അന്ത്യനാള്‍ നീട്ടിക്കൊണ്ടു പോവുന്നത്‌...

      ReplyDelete
    18. @ എന്‍.ബി.സുരേഷ്

      ഞാൻ പട്ടിണി കിടക്കുന്നവന്റെ മുമ്പിൽ അപ്പമായി എത്തുമെങ്കിൽ ദരിദ്രനായ എന്റെ മുമ്പിൽ ഡോളറായാണോ സദാ റൂപിയയായിട്ടാണോ വരിക??

      ദൈവത്തിന്റെ കരുണയെ കുറിച്ച് സംശയമില്ല, പ്രയത്നങ്ങളും പ്രാർത്ഥനകളുമുണ്ടെങ്കിൽ… പിന്നെ പരീക്ഷണങ്ഗ്നളുമായി വേറെയും…

      @മുഖ്താർ ബായി… നാടൻ നോമ്പ് തുറ… തലശേരി മോഡൽ ഗൾഫിൽ നിന്നും കുറച്ച് അറിഞ്ഞതല്ലാതെ കൂടുതലായി അറിയില്ല… അവർ സൽകാര പ്രിയരാണന്നത് സത്യം.

      ReplyDelete
    19. പണ്ടൊരു നോമ്പുകാലത്ത് ഞാന്‍ മലപ്പുറത്ത് കോഴിക്കോട് വിമാനത്താവളത്തിനരികില്‍ ഉള്ള ഒരു നഗരത്തില്‍ ഒരു നട്ടുച്ചക്ക് വിശന്ന വയറുമായി നടന്നത് ഇത് വായിച്ചപ്പോള്‍ ഓര്‍മവന്നു. അന്നെനിക്ക് ഈ നോമ്പിനെ കുറിച്ചൊന്നും അറിഞ്ഞുകൂടായിരുന്നു. ത്രശൂര്‍ നഗരം പോലെയാണ് എല്ലാ നഗരവും എന്നല്ലേ വിശ്വാസം. ഒരൊറ്റ കടയും തുറന്നിട്ടില്ല. ഞാന്‍ വിചാരിച്ചു ഇവിടെ ഹര്‍ത്താലോ മറ്റോ ആണോ എന്നു.
      കുറേ നടന്നു വലഞ്ഞപ്പോള്‍ ഒരു വയസ്സനെ കണ്ടു മുട്ടി. എന്റെ ചോദ്യത്തിനു അയാള് പറഞ്ഞു- " ഇങ്ങക്ക് ഇതൊന്നും അറിയൂല അല്ലെ. ശരി. എന്റെ പൊരേലിക്ക് പോരിന്‍ " ന്ന്. അങ്ങനെ ആ നല്ല മനുഷ്യന്‍ തന്റെ നോമ്പുകാലത്ത് തന്നെ എന്നെ വയര്‍ നിറച്ചും ഊട്ടി.

      ReplyDelete
    20. ഒരിക്കലെങ്കിലും പട്ടിണി കിടന്നവനേ വിശപ്പിന്റെ വിലയറിയൂ, അന്നത്തിന്റേയും..

      റമദാന്‍ ആശംസകള്‍ ഇക്കാ.

      ReplyDelete
    21. വരാന്‍ കുറച്ചു വൈകി..
      എങ്കിലും..ആത്മഹര്‍ഷത്തിന്റെ നിറ സാഫല്യം വഴിഞ്ഞൊഴുകുന്ന
      ഈ പുണ്യ ദിനരാത്രങ്ങളുടെ നിറവില്‍ എന്റെ റമദാന്‍ ആശംസകള്‍...

      (പുതിയ പോസ്റ്റുകളിടുമ്പോള്‍ ഒന്നറിയിച്ചേക്കണേ..)
      mizhineerthully@gmail.com

      ReplyDelete
    22. നോമ്പു തുറയുടെ വിഭിന്ന മുഖങ്ങള്‍ കണ്ടു.ഇന്നും പലയിടത്തും നോമ്പെന്നാല്‍ രാത്രിയിലെ തീറ്റ മത്സരമായിത്തീര്‍ന്നിട്ടുണ്ട്.വളരെ ലളിതമായ ഭക്ഷണ രീതിയാണ് ഞാന്‍ ശീലിച്ചു പോന്നിട്ടുള്ളത്.നോമ്പു തുറക്കുമ്പോള്‍ ചായയും പത്തിരിയും (പരമാവതി 5ഓ 6ഓ നൈസ് പത്തിരി)കറിയും(ഇറച്ചി കഴിക്കാത്തതിനാല്‍ മറ്റെന്തെങ്കിലും കറി).പിന്നെ പുലര്‍ച്ചെ അത്താഴം മാത്രം.യാതൊരു കുഴപ്പവുമില്ല. നോമ്പു കാലത്താണ് ഏറ്റവും സുഖം!മറ്റു സമയങ്ങളില്‍ ഇതേ രീതി തുടരണമെന്നു പലപ്പോഴും കരുതും .പക്ഷെ പറ്റിയിട്ടില്ല!

      ReplyDelete
    23. "ഇല്ലായ്‌മകള്‍ക്കിടയിലും അന്യനെ ഊട്ടുന്നതില്‍ സംതൃപ്‌തി കണ്ടെത്തുന്ന ഇത്തരം മനുഷ്യര്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാവാം അല്ലാഹു അന്ത്യനാള്‍ നീട്ടിക്കൊണ്ടു പോവുന്നത്‌."....

      റമദാന്‍ മുബാറക്ക്....

      ReplyDelete
    24. ഹ്ര്‌ദ്യമായ വായന.. നന്ദി. റമദാൻ മുബാറക്

      ReplyDelete
    25. രംസാന് ആശംസകള്. ഓര്മ്മകള് മനോഹരങ്ങള് തന്നെ.പങ്കുവെച്ചതിനു നന്ദി.

      ReplyDelete
    26. ഓര്‍മ്മകളില്‍ വിശപ്പുള്ളതിനാല്‍ എഴുതിയ ഇക്കക്ക്
      നന്ദി. എഴുത്തിന്‌. അതിലുപരി, കൊടുക്കാനുള്ളതാണ്‌ റംസാന്‍ എന്നു കാട്ടിത്തന്ന
      ആ നല്ലമനുഷ്യര്‍ക്ക്.

      ReplyDelete
    27. ഇങ്ങ്ള് നമ്മളെ വയ്യാമ്പൊറത്തൂടെ നടന്നോയ മാതിരിയുണ്ട്. കൊച്ചികോയ അല്ല. കൊച്ചി കൊയ ആണ്. കൊച്ചിയിലെ കൊഴച്ചത് എന്നത് ലോപിച്ചതാ.അയിലെ കൊച്ചി എങ്ങനെ വന്ന്ന്ന്ള്ളത് വെലിയ പിടില്ല! ലതായത്: അത് വെറും പയോം പഞ്ചാരേം അവിലുമല്ല. ആദ്യമായി നല്ല പൂവമ്പയം ഒരു കുയിപിന്ഞാണത്തിലിട്ട് ഞമണ്ടി ഞമണ്ടി അല്ലെങ്കില് ഒരു വിര്‍ത്തിള്ള കുപ്പിന്റെ ബാക്കോണ്ട് ഇടിച്ചിടിച്ച് നല്ലോണം ഒടക്കണം. എന്നിട്ട് കൊറച്ച് ചെറിയുള്ളി കൊത്തിയരിന്ഞതില് നല്ലോണം പഞ്ചാരട്ട് കയ്യോണ്ട് ഞമണ്ടി അയിന്റെ നീരെറക്കണം. ഇതെന്നിട്ട് പയത്തിലേക്കിട്ട് ഒരു തേങ്ങന്റെ ഒന്നാമ്പാലും ഒയിക്കുക. നന്നായി എളക്കണം. ഒന്നുകൂടി കയ്യിട്ട് വേണമെങ്കില് ആകെക്കൂടി ഞമണ്ടാം. എന്നിട്ട് ബെല്ലത്തിന്റെ പാവ് കാച്ചി ഒയിക്കുക. ഒരു ചെറീയെ കസ്ണം ഇഞ്ചിന്റെ നീര് ഒയിക്കുക. രണ്ട് നുള്ള് ഉപ്പും രണ്ട് മൂന്ന് പൂനാരങ്ങന്റെ നീരും പിന്നെ പസൂമ്പാലും ചേര്‍ത്ത് നന്നായി ഇളക്കിയാല്, കൊച്ചിക്കൊയയായി. അവിലും ഇട്ടു മിണ്ങ്ങാ...
      കൊച്ചികൊയ ഇത്ര സിമ്പിളായി പറയ്‌ന്നത് കണ്ടപ്പോള്, ആക്ചുവലി, ആള് കാണാന്‍ സിമ്പിളാണെങ്കിലും ബമ്പനാണെന്ന് പറന്ഞിട്ട് പൊവ്വാന്ന് വിജായിരിച്ചു!

      ReplyDelete
    28. അങ്ങിനെ ആനോമ്പുകലത്തെ അയവിറക്കി ഈ നോമ്പുകാലം വായനക്കാരെ വിറളി പിടിപ്പിക്കുവാന്‍ തന്നെ തീരുമാനിച്ചു അല്ലെ .നോമ്പ് നോറ്റു കൊണ്ടു പലതരം പലഹാരങ്ങളുടെ പേരുവായിക്കുകയും കൊച്ചിക്കോയയുടെ സ്വാദ് വിവരണം വായിക്കുകയും ചെയ്‌താല്‍ എങ്ങിനെ പിടിച്ചുനില്‍ക്കാന്‍ പറ്റും .എന്തായാലും വിവരണം നന്നായി .റമദാന്‍ ആശംസകള്‍ .

      ReplyDelete
    29. നോമ്പ് കാലത്തിന്‍റെ നനുത്ത സ്മരണകള്‍
      നന്നായി. കാര്യങ്ങള്‍ ഒളിച്ചു കളിയില്ലാതെയുള്ള
      ഈ പറച്ചില്‍ മുക്താറിയന്‍ ശൈലിക്ക് സ്വന്തം!

      പക്ഷെ "അങ്ങനെ ഒരു നോമ്പുകാലത്ത്‌" എന്ന തലക്കെട്ടിനെ വയറിലും
      വിഭവങ്ങളിലും മാത്രം ഒതുക്കിയത് ശരിയായില്ല
      കണ്ണുകള്‍ നനയുകയും ആത്മശുദ്ദി പാരമ്യത പ്രാപിക്കുകയും
      പാപക്കറകള്‍ മറഞ്ഞില്ലാതാവുകയും
      ഖുര്‍ആനുമായുള്ള ബന്ധം പൂര്‍വോപരി ശക്തമാവുകയും
      ചെയ്യുക എന്നതാണല്ലോ രാമദാനിന്‍റെ സത്ത.
      സ്മരണയില്‍ ആ ശകലങ്ങള്‍ കൂടെ വരണമായിരുന്നു എന്നു തോന്നി!

      ReplyDelete
    30. റമദാന്‍ ആശംസകള്‍.

      ReplyDelete
    31. സ്നേഹവിരുന്നിന്റെ ഓർമ്മപ്പെടുത്തലുകൾ....
      നന്നായിരിക്കുന്നൂ
      ഭായ്ക്ക് റമദാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ..

      ReplyDelete
    32. മുഖ്താര്‍ ഭായീ.....

      തീക്ഷ്ണമായ ഓര്‍മ്മകള്‍... മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.....

      ReplyDelete
    33. വ്രതശുദ്ധി പോലെ വിവരണം ഹൃദ്യമായി.
      പങ്കപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിനിടയിലും അന്യന്‍റെ നൊമ്പരം പങ്കിട്ട എത്രയെത്ര നല്ല മനുഷ്യര്‍ കഴിഞ്ഞുപോയി..! വാണിജ്യവല്‍ക്കരിക്കപ്പെട്ട ഇന്നത്തെ ഇഫ്‌ത്താറുകള്‍ക്കിടയില്‍ ഹൃദയവല്‍ക്കരിക്കപ്പെട്ടിരുന്ന പഴയ റംസാന്‍ ഓര്‍മകള്‍ പുണ്യത്തിന്‍റെ നൂറായിരം ശോഭ പരത്തുന്നുണ്ട്.

      ReplyDelete
    34. മുക്താര്‍ ..അവസാനം കണ്ടുകിട്ടി...ആശംസകള്‍

      ReplyDelete
    35. മുഖ്താരെ, ഇത് വായിക്കാന്‍ വൈകി. പല വരികളും ഹൃദയത്തില്‍ കൊണ്ടു.. പ്രത്യേകിച്ച് ആദ്യം സൂചിപ്പിച്ച ആ നോമ്പ് തുറ.

      ReplyDelete
    36. nattile nombum perunalinnu vendiyulla kathirippum....athinu oru prethyeka sugam thanneyanu.e lekhanam valare hridayasparshiyanutto...ithu vayikkumbol nammal ariyathe thanne nattil ethippovum...ramadan kareem

      ReplyDelete
    37. മുഖ്ത്താര്‍ ഭായി ഹൃദ്യമായ ഈ പോസ്റ്റ് ശ്രദ്ധയില്‍ പെടാന്‍ വൈകി.. ആശംസകള്‍

      ReplyDelete

    Post a Comment

    Popular posts from this blog

    കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

    അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

    മൈലാഞ്ചി മണമുള്ള പെരുന്നാള്‍

    കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

    കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

    പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.