Skip to main content

മൈലാഞ്ചി മണമുള്ള പെരുന്നാള്‍



കുട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം...


കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍.


ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം.


വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍.


അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച് വാസന സോപ്പും തേച്ച് കുളിക്കണം, ഒരൊന്നൊന്നര കുളി.
പുതിയ ഡ്രസ്സണിയും. പഞ്ഞി ചെറിയ കുരു പോലെയാക്കി ഉപ്പ അതില്‍ സെന്റ് തേച്ചുതരും. സെന്റ് മണക്കുന്ന പഞ്ഞിക്കുരു ചെവിയിടുക്കില്‍ തിരുകിവെക്കും. ചായയും കുടിച്ച് കുട്ടിപ്പട്ടാളം പള്ളിയിലേക്ക്...

പള്ളിയില്‍ മിഹ്റാബിനടുത്ത് വളഞ്ഞിരുന്ന് തക്ബീര്‍ ചൊല്ലുന്നുണ്ടാവും ആളുകള്‍. അവര്‍ക്കിടയില്‍ നുഴഞ്ഞ്കേറി മൈക്കിനടുത്ത് പോയിരിക്കും. ഉറക്കെ തക്ബീര്‍ ചൊല്ലും.
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍...


നമസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഉമ്മയോട് ചോദിക്കും, ഇമ്മാ ഇങ്ങളിന്റെ ഒച്ച കേട്ടീരുന്നോ. ഞാന് മൈക്കിന്റടുത്താ ഇരുന്നീരുന്നത്...


പണിത്തിരക്കില്‍ ഉമ്മ അതു കേള്‍ക്കാറില്ല.


നിലത്ത് പായ വിരിച്ച് വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കും. കുട്ടികളാണ് ആദ്യം കഴിക്കുക. കഴിച്ച് കഴിഞ്ഞാല്‍ അവിടയങ്ങിനെ ചുറ്റിപ്പറ്റി നില്‍ക്കണം, വലിയവര്‍ ഭക്ഷണം കഴിച്ച് കഴിയുന്നതും കാത്ത്.  പെരുന്നാള്‍പ്പൈസയുണ്ടാവും. ഒന്നോ രണ്ടോ രൂപയാണ് ഓരോരുത്തരും തരിക. മൂത്താപ്പ, എളാപ്പമാര്‍...


മാസങ്ങളായി ഒരുക്കൂട്ടിവെച്ച പൈസത്തൊണ്ട് പൊളിക്കുന്നതന്നാണ്. ചില്ലറപ്പൈസകള്‍ ചിരിക്കും.


എണ്ണിത്തിട്ടപ്പെടുത്തി അങ്ങാടിയിലേക്ക് ഒറ്റപ്പാച്ചിലായിരിക്കും.


പെരുന്നാള്‍ ശരിക്കും അങ്ങാടിയിലാണ്. പീടികകളില്‍ പലജാതി സാധനങ്ങള്‍ തൂക്കിയിട്ടിരിക്കും. ബലൂണ്‍, പാവകള്‍, തോക്ക്, വിരുത്തിപ്പൂവ്, കാര്‍, ജീപ്പ്... കളിപ്പാട്ടങ്ങള്‍ പലതരം.


ബലൂണും വിരുത്തിപ്പൂവും തോക്കും വാങ്ങും. തോക്കിനുള്ളില്‍ പടക്കം വെച്ച് പൊട്ടിക്കും. വെള്ളം പീച്ചുന്ന തോക്കുണ്ട്. വെള്ളം നിറച്ച് ചെങ്ങായിമാരുടെ മേത്ത്ക്ക് പീച്ചിക്കളിക്കാം. കിട്ടിയ പൈസ മുഴുവന്‍ തീര്‍ത്തിട്ടെ വീട്ടിലേക്ക് മടങ്ങൂ.


പിന്നെ മുറ്റത്തും പറമ്പിലുമൊക്കെയാണ് പെരുന്നാള്‍.


വീട്ടിലെയും അയലോക്കത്തെയും കുട്ടികള്‍ പാടത്തും പറമ്പിലും തിമിര്‍ക്കും. തലങ്ങും വിലങ്ങും കിടക്കുന്ന ചാലുകളില്‍ വെള്ളം നിറഞ്ഞു കിടപ്പുണ്ടാവും.
അന്തം വിട്ട് നില്‍ക്കുന്നവരെ വെള്ളത്തിലേക്ക് ഉന്തിയിടും.


അങ്ങാടിയില്‍ നിന്ന് തിരിച്ച് വന്നാലുടനെ പെരുന്നാള്‍ ഡ്രസ്സ് അഴിച്ചുവെക്കണം. പുതുമണം മാറാതെ സൂക്ഷിച്ചുവെക്കണം. പിറ്റേന്ന് സ്കൂളിലേക്ക് പെരുന്നാള്‍ വസ്ത്രമണിഞ്ഞാണ് പോവുക. എല്ലാവരും കുപ്പായവും പാന്റും പരസ്പരം തൊട്ടുനോക്കും. മണത്തുനോക്കും... പുതുമണം മാഞ്ഞിട്ടുണ്ടോ...


ചെവിയിടുക്കിലെ സെന്റ് തേച്ച പഞ്ഞിയെടുത്ത് മണത്തുനോക്കും.
ഹും.. ഫോറിനാ.. എളാപ്പ കൊണ്ടന്നതാ..
ഉം.. നല്ല മണം...
ചിലര്‍ സെന്റ് പഞ്ഞിയെടുത്ത് അവരുടെ കുപ്പായത്തില്‍ തേക്കും. ചിലര്‍ പഞ്ഞിയുമെടുത്ത് പായും.. കൂയ്!


അന്ന് സ്കൂളിന് പുതിയൊരു മണമായിരിക്കും. എല്ലാവര്‍ക്കും ആനന്ദം. അധ്യാപകര്‍ ചിരിക്കും. എല്ലാവരും കുളിച്ച് വൃത്തിയില്‍ വരുന്ന ദിവസം. ആരുടെയും മൂക്കൊലിക്കില്ല. ചീഞ്ഞുമണക്കില്ല.
എന്നും പെരുന്നാളായിരുന്നെങ്കിലെന്ന് ടീച്ചര്‍മാര്‍ പ്രാര്‍ഥിക്കുന്നുണ്ടാവും..


ചെറിയ പെരുന്നാളിന് ഡ്രസ്സ് വാങ്ങിയാല്‍, വലിയപെരുന്നാളിന് വാങ്ങില്ല. പുതുമണം മാറാതെ ഉമ്മ സൂക്ഷിച്ചുവെക്കും. രണ്ട് പെരുന്നാളും കഴിഞ്ഞാല്‍ പിന്നെ ആ വസ്ത്രമണിയാന്‍ വല്ല കല്യാണമോ സല്‍ക്കാരമോ വരണം ‍...


കുട്ടിക്കാലത്തെ പെരുന്നാള്‍ നിഷ്കളങ്കവും ഊഷ്മളവും ആനന്ദം നിറഞ്ഞതുമായിരുന്നു. ആ പെരുന്നാളുകള്‍ക്ക് മൈലാഞ്ചിയുടെ നറുമണവും നിറവുമുണ്ടായിരുന്നു.

ണ്ട് വര്‍ഷം ഒരു ഓര്‍ഫനേജില്‍ കഴിഞ്ഞിരുന്നു.  ആ രണ്ട് വര്‍ഷം കറുത്ത ദിനങ്ങളായി ഹൃദയത്തിനകത്ത് വെന്തുകിടപ്പുണ്ട്. കുട്ടിക്കാലം നഷ്ടമായത് ആ ഇരുണ്ട ഇടനാഴികളിലെവിടെയോ ആണ്.


ജയിലില്‍ ഇതിനേക്കാള്‍ സ്വാതന്ത്ര്യമുണ്ടാവും. ചുറ്റും നിയമങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും  ചങ്ങലകളും പൂട്ടുകളുമാണ്. ടൈംടേബിളനുസരിച്ചുള്ള ദിനചര്യകള്‍. പഞ്ഞമില്ലാത്ത അടി. വാര്‍ഡന്റെ എല്ലില്ലാത്ത നാവിന് ലൈസന്‍സുമുണ്ടായിരുന്നില്ല.


ആ രണ്ട് വര്‍ഷത്തെ പെരുന്നാള്‍ സ്വാതന്ത്ര്യത്തിന്റെ പെരുന്നാളായിരുന്നു.


ഊദിയിലെ പെരുന്നാളിന് നനവില്ല. മരുഭൂമി പോലെ വരണ്ട്...


അതിരാവിലെ എണീറ്റ് പള്ളിയില്‍ പോകും. നമസ്കാരം കഴിഞ്ഞ് വന്ന് ചായ കുടിച്ച് തലേന്നത്തെ ക്ഷീണവുമായി കിടക്കയിലേക്ക്... ഉറക്കം കഴിഞ്ഞുണര്‍ന്ന് കബ്സയോ ബിരിയാണിയോ നെയ്ച്ചോറോ ഉണ്ടാക്കിത്തിന്നും.. കുറച്ച് നേരം ടിവി കണ്ടിരുന്ന് വീണ്ടും ഉറക്കം...


പ്രവാസിയുടെ പെരുന്നാളിന് നിറമോ മണമോ ഇല്ല.


പള്ളിയിറങ്ങി വന്നിട്ട് വീട്ടിലേക്കുള്ള ഫോണ്‍‌വിളി മാത്രമാണ് കുളിരാവുന്നത്.


ഒരു പെരുന്നാളിന് അസീസിയയിലെ കാരാക്കൂസ് കമ്പനിയുടെ കൂടെ ഒരു ദമാം യാത്ര പോയി. പ്രവാസത്തിന്റെ കൊടും ചൂടിലേക്ക് പെയ്തിറങ്ങിയ ഒരു ചെറുമഴ പോലെ ആ യാത്രെ.


അവസാനത്തെ പെരുന്നാളിന് മദീനയാത്രയാണ് പ്ലാന്‍ ചെയ്തിരുന്നത്. അതിലും വലിയൊരു സൗഭാഗ്യം ഒത്തുവന്നു. അല്‍ഹംദുലില്ലാ. ഹജ്ജ്...


പ്രവാസം അര്‍ഥപൂര്‍ണമാവുന്നു. പ്രാര്‍ഥനകള്‍ സഫലമാവുന്നു.


മക്ക, കഅബ, മിന, അറഫ, മുസ്ദലിഫ, ജംറ, സംസം...
ജീവിതത്തില്‍ വലിയ ബലിപെരുന്നാള്‍!


ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.. ലബ്ബൈക ലാ ശരീക ലക ലബ്ബൈക്ക്... ഇന്നല്‍ ഹംദ, വന്നിഅമത, ലകവല്‍ മുല്‍ക്.. ലാ ശരീക ലക്... 


ന്ന് പെരുന്നാള്‍ പ്രതീക്ഷയല്ല, ഉല്‍സവമാണ്.


പുതിയ ഡ്രസ്സെടുക്കാന്‍ പെരുന്നാള്‍ കാത്തുനില്‍ക്കേണ്ടതില്ല. വയറു നിറച്ചും ഇറച്ചിയും ചോറും തിന്നാനും പെരുന്നാള്‍ വരേണ്ടതില്ല. പുതുവസ്ത്രമണിയുന്നതിലോ പെരുന്നാല്‍ ചോറ് തിന്നുന്നതിലോ ഒരാനന്ദവുമില്ലാതായിരിക്കുന്നു.


മൈലാഞ്ചിച്ചെടികള്‍ കുറ്റിയറ്റു പോയി. അങ്ങാടിയില്‍ നിന്നും വാങ്ങിക്കുന്ന ട്യൂബ്മൈലാഞ്ചിക്ക് നറുമണവുമില്ല.  കയ്യും കാലും നിറയെ 'ചോപ്പ് കളറി'ല്‍ ചിത്രം വരച്ചു തരും, ബ്യൂട്ടീ പാര്‍ലറുകളില്‍.


ചെറുക്കന്മാരുടെ അടിപൊളി പെരുന്നാളിന് ലഹരിയുടെ മണം.


രാത്രി ഉറക്കൊഴിച്ച് പെരുന്നാളിനെ കാത്തിരിക്കാറില്ല. നേരത്തെ എഴുന്നേറ്റ് എണ്ണതേച്ച് കുളിക്കാറില്ല. വാച്ചില്‍ നോക്കിയാണ് ജീവിതം. നമസ്കാരം തുടങ്ങും മുന്‍പ് അവിടെ എത്താന്‍ എപ്പോള്‍ എഴുന്നേല്‍ക്കണമെന്ന് വാച്ച് വിളിച്ചുപറയും.


കല്യാണമായാലും ബല്യെരുന്നാളായാലും ബേണ്ടീല, നേരത്തെ കാലത്തെ നീക്കൂല.
ഉമ്മ അടുക്കളയില്‍ നിന്ന് പിറുപിറുക്കും.
ഭാര്യ വന്ന് വിളിക്കും.
ഒന്ന് നീക്കിം മന്‍സാ..
കുട്ടികള്‍ പുറത്ത് കേറി പിച്ചലും മാന്തലും തുടങ്ങും.
ഇപ്പച്ചീ നീക്കിം.
ഈദ് ഗാഹില്‍ നിന്ന് വന്നാല്‍ പ്രത്യേക പരിപാടികളൊന്നുമില്ല. കൂട്ടുകാരുടെ വീടുകളില്‍ ഒന്ന് കയറിയിറങ്ങിയാല്‍ പെരുന്നാള്‍ കഴിഞ്ഞു.


കൂട്ടുകാര്‍ക്കൊക്കെ ആശംസകള്‍ മെയിലയച്ചിട്ടുമുണ്ട്.


കുട്ടിക്കാലത്ത് പെരുന്നാള്‍ ദിനത്തിന് നീളം കൂടുതലായിരുന്നു. എത്ര കളിച്ചാലും സമയം തീരില്ല. ഇന്ന്, എത്ര പെട്ടെന്നാണ് ഒരു ദിവസം തീര്‍ന്നുപോകുന്നത്. ഒന്ന് ഭാര്യ വീട്ടില്‍ പോകാനുള്ള സമയമേ പെരുന്നാളിന് ഇന്നുള്ളൂ...


കുട്ടിക്കാലത്തെ ഊഷ്മളതയും ആനന്ദവുമൊക്കെ എവിടെയാണ് ചോര്‍ന്ന് പോയത്. എങ്കിലും ഹൃദയത്തിനകത്തെവിടെയോ ചെറിയൊരു തിളക്കം ഓരോ പെരുന്നാളും ബാക്കിവെക്കുന്നുണ്ട്.
.

Comments

  1. സഹോദരന്‍ മുഖ്താറിനും കുടുംബത്തിനും നന്മ നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍.

    ബീമാപള്ളി ബ്ലോഗ്

    ReplyDelete
  2. പെരുന്നാള്‍ ആശംസകള്‍...

    ReplyDelete
  3. ഇക്കാ...വളരെ മനോഹരമായ വരികള്‍...
    ശരിക്കും ആ പഴയകാലം ഓര്‍മ്മ വന്നു...ഇന്നത്തെ കുട്ടികള്‍ക്ക്
    അതൊന്നും അറിയില്ല..മൈലാഞ്ചിയും, ഒപ്പനയും, പടക്കം പൊട്ടിക്കലും
    എന്തു രസമായിരുന്നു.അക്കാലം..
    ഇക്കാക്കും കുടുംബത്തിനും എന്റെ പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  4. അതെ, പഴയ പെരുന്നാള്‍ ഓര്‍ക്കുമ്പോള്‍ ഇന്നത്തെ പെരുന്നാളിന് നല്‍കാന്‍ പ്രതീക്ഷകളില്ല , ഉത്സവം മാത്രം. ഇവിടെ ഗള്‍ഫില്‍ പകുതി ഉറങ്ങിയും ഉണര്‍ന്നുമുള്ള ഹാഫ് വെന്ത ബിരിയാണി പെരുന്നാള്‍..!
    മുക്താര്‍ ഭായിക്കും കുടുംബത്തിനും എന്‍റെ പെരുന്നാള്‍ ആശംസകള്‍..!

    ReplyDelete
  5. അന്ന് സ്കൂളിന് പുതിയൊരു മണമായിരിക്കും. എല്ലാവര്‍ക്കും ആനന്ദം. അധ്യാപകര്‍ ചിരിക്കും. എല്ലാവരും കുളിച്ച് വൃത്തിയില്‍ വരുന്ന ദിവസം. ആരുടെയും മൂക്കൊലിക്കില്ല. ചീഞ്ഞുമണക്കില്ല.
    എന്നും പെരുന്നാളായിരുന്നെങ്കിലെന്ന് ടീച്ചര്‍മാര്‍ പ്രാര്‍ഥിക്കുന്നുണ്ടാവും.


    എന്നെ അങ്ങട്ട് കൊല്ല് മുക്താറെ....
    എന്തൊരു സുഖാ അന്‍റെ പെരുന്നാള്‍ ഓര്‍മ വായിക്കാന്‍ എന്‍റീം ഓര്‍മകള്‍ ഇതൊക്കെ തന്നയാ ,, ഇപ്പോ ഒരു രസോല്ലടാ ഇബടെ... 5 ദിവസം അവധി തന്നിട്ടുണ്ട് ബോസ് എന്തിന് ഉറങ്ങനോ.. അതോ ടീ.വി കാണാനോ...ഒരു രസോമില്ല എന്നും കുട്ടിയായിരുന്നാല്‍ മതിയായിരുന്നു എന്നാല്‍ ഇതുപോലെ കളിച്ച് ചിരിച്ച് നടക്കാര്‍ന്നു...

    നിനക്കും കുടുംബത്തിനും കൂട്ടുകാരക്ക് എന്‍റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍ :)

    ReplyDelete
  6. ഇങ്ങള് നീക്കണ്ട മനസാ
    ബലി പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  7. പ്രവാസിയുടെ പെരുന്നാളിന് നിറമോ മണമോ ഇല്ല.

    പള്ളിയിറങ്ങി വന്നിട്ട് വീട്ടിലേക്കുള്ള ഫോണ്‍‌വിളി മാത്രമാണ് കുളിരാവുന്നത്.
    എല്ലാപ്രവാസികളുടെയും ആഘോഷങ്ങൾ ഇങ്ങിനെയൊക്കെതന്നെയാണ് കേട്ടൊ ഭായ്.

    മനോഹരമായി വർണ്ണിച്ചിരിക്കുന്നു
    ഒപ്പം ബക്രീദ് ആശംസകളും നേർന്നുകൊള്ളുന്നു.

    ReplyDelete
  8. "പണിത്തിരക്കില്‍ ഉമ്മ അതു കേള്‍ക്കാറില്ല." പാവം ഉമ്മമാര്‍ക്ക് പണിത്തിരക്കൊഴിഞ്ഞ നേരമെവിടെ...........വളരെ നന്നായി എഴുതിയിരിക്കുന്നു. നാടുവിട്ടപ്പോള്‍ കുട്ടിക്കാലത്തെ ആഘോഷങ്ങള്‍ പലതും നാട്ടില്‍ മറന്നു വെച്ചു പോന്ന പോലെയായി ..........ഇപ്പോള്‍ ആഘോഷിക്കാറുണ്ട് .............ദീപാവലിയും ഹോളിയും മറ്റും.
    പെരുന്നാളാശംസകള്‍.

    ReplyDelete
  9. താങ്കള്‍ക്കും കുടുംബത്തിനും ത്യാഗത്തിന്റെയും സഹനത്തിന്റെയും ഐശ്വര്യത്തിന്‍റെയും ബലി പെരുന്നാള്‍ ആശംസകള്‍.

    നാട്ടില്‍ ഉണ്ടോ? ഞാന്‍ നാട്ടിലാണ്.
    ഇന്ന് നിലമ്പൂര്‍ വഴിയൊക്കെ ഒന്നുപോയി വന്നു.

    ReplyDelete
  10. ശാന്തിക്കും സമാധാനത്തിനും സ്നേഹംനൂറുമടങ്ങ്‌ ഊട്ടിയുറപ്പിക്കനും ഈ ഈദ് ഒരു അനുഗ്രഹമാകട്ടെ

    ReplyDelete
  11. വളരെ നല്ല ഓർമ്മകൾ ഞങ്ങളുടെ ഒക്കെ കുട്ടിക്കാലം തന്നെ.. അന്നത്തെ പെരുന്നാൾ ഓർമ്മകൾ... ഞാനും ഒന്നു ശ്രമിച്ചു നോക്കട്ടെ ഒരു പോസ്റ്റിനു.. എന്റ്റെ ബലിപെരുന്നാൾ ആശംസകൾ..........

    ReplyDelete
  12. മനസ്സുപെരുക്കുന്ന പെരുന്നാളോര്മ്മകള്.
    ഹൃദയത്തില്ത്തൊട്ടൊരു ബലിപെരുന്നാളാശംസ നേരുന്നു

    ReplyDelete
  13. താങ്കള്‍ക്കും കുടുംബത്തിനും ഹാര്‍ദവമായ ബലിപെരുന്നാള്‍ ആശംസകള്‍

    ReplyDelete
  14. താങ്കള്‍ക്കും കുടുംബത്തിനും
    സ്നേഹത്തിന്റേയും,നന്മയുടേയും,കാരുണ്യത്തിന്റേയും
    ഹൃദ്യമായ ബക്രീദ് ആശംസകള്‍ നേരുന്നു.
    "മൈലാഞ്ചി മണമുള്ള പെരുന്നാള്‍"നല്ലൊരു പോസ്റ്റ്!!

    ReplyDelete
  15. പെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  16. പെരുന്നാള്‍ ആശംസകള്‍ :)

    ReplyDelete
  17. സഹോദരന്മാർക്ക് ഹൃദയം നിറഞ്ഞ പെരുനാളാശംസകൾ...

    ReplyDelete
  18. ഹൃദ്യമായ ആശംസകള്‍...

    ReplyDelete
  19. a touching narration..my greetings to you on Bakrid!

    ReplyDelete
  20. ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  21. ഈദ്‌ മുബാറക്‌ ........

    ReplyDelete
  22. ഹാവൂ..എല്ലാം ഓര്‍മ്മകളായി ഉയിര്‍ത്തെഴുന്നേറ്റു വരുന്നു ...സ്വന്തം അനുഭവങ്ങള്‍ പോലെ തന്നെ ..ഒരായിരം ഈദ്‌ ആശംസകള്‍ ..

    ReplyDelete
  23. വായിച്ചു.നന്നായി.
    ആശംസകള്‍...

    ReplyDelete
  24. panithirakkil athu kelkkatha umma,( paavam eppolanu athinokke neram kittuka)
    pinne raNt varsham kazhinja orphanage.....

    manassu chuttu. anaathamaayath ethellam vazhiyiloode ennu njanum ormmichu.

    post valare nannai.

    perunnal aazamsakal.

    ReplyDelete
  25. പെരുന്നാള്‍ കാലത്തിന്ടെ വകഭേദങ്ങളിലൂടെ അവതരിപ്പിച്ചത് വളരെ നന്നായി..
    കുട്ടിക്കാലത്തെ പെരുന്നാള്‍ തന്നെയാണ് എല്ലാവര്‍ക്കും എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത്..
    ദിവസവും പെരുന്നാള്‍ പോലെ ആഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്
    പെരുന്നാള്‍ ദിനം മാത്രമായി ഒന്നും സമ്മാനിക്കുന്നില്ല.
    എല്ലാ പെരുന്നാള്‍ ആശംസകളും നേരുന്നു...

    ReplyDelete
  26. വൈകിയെങ്കിലും പെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  27. പെരുന്നാളിന്‍റെ പഴയ ഓര്‍മകളിലേക്ക് നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു മുഖ്താര്‍ കൂടെ നടത്തി ക്കൊണ്ട് പോയതിനു നന്ദി. പിന്നീട് ഞാന്‍ ഓര്‍ത്തു , ഇവിടെ പെരുന്നാളിനും പെരുന്നാളെല്ലാത്തപ്പോഴും തുടര്ച്ചയായി
    നമ്മള്‍ നാട്ടിലേക്ക് വിളിക്കുന്നു,,എല്ലാ ബന്ധു മിത്രാതികളെയും വിളിയോട് വിളി തന്നെ , ആക്‌ഷന്‍ വിയോപ് വന്നതോടെ നാടുകാര്‍ക്ക് നമ്മുടെ വിളി മടുത്തു തുടങ്ങി.....ഇപ്പൊഴു സൗദിയില്‍ നിന്നു വിളിക്കുകയാണ്‌ എന്ന് പറഞ്ഞാല്‍ ഒന്നുകില്‍ ടോയിലെറ്റില്‍!! അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒരു മറുപടി!!!!.....
    പക്ഷെ ഒന്ന് ഓര്‍ത്ത് നോക്കിയേ , ആരെങ്കിലും നാട്ടില്‍ നിന്നു എപ്പോഴെങ്കിലും ഇങ്ങോട്ട് വിളിച്ചു ഒരാശംസ നേര്‍നിട്ടുണ്ടോ???? മിസ്‌ കോളുകളെല്ലാതെ !!!
    അബ്ദുല്ല മുക്കണ്ണി
    mukkanni@gmail.com

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. വീണ്ടും പഴയ നല്ല രസികന്‍ എഴുത്തു വന്നു തുടങ്ങിയല്ലെ.. ചെറുപ്പ കാലത്തെ നിഷ്കളങ്കതയും രസകരമായ പെരുന്നാളുകളൂം... ഉഗ്രനായി..

    പക്ഷെ അസീസിയയിലെ കാരക്കൂസ് കമ്പനി ഇപ്രാവശ്യം എവിടെയൊക്കെ പോയി എന്ന് കേള്‍ക്കണ്ടേ?
    അഞ്ചു ദിവസം അവധി..
    ഒന്നാം ദിവസം പെരുന്നാള്‍ ഷോപ്പിംഗ്
    രണ്ടാം ദിവസം പെരുന്നാള്‍, അന്ന് "വാദി ഹനീഫ"യിലേക്ക്..
    മുന്നാം ദിവസം പുരാതന കെട്ടിടങ്ങളുടെ നഗരമായ "ദിരയ്യ"യിലേക്കും അവിടെയുള്ള ഡാമിലേക്കും..
    നലാം ദിവസം "ഡോള്‍ഫിന്‍ ഷോ" കാണാന്‍
    അഞ്ചാം ദിവസം അസീസിയ "ഇസ്തരാഹയില്‍" കളികളും ഭക്ഷണവും(കേരള സദ്യ) നീന്തല്‍ കുളവുമൊക്കെയായി....

    ഇനിയെന്തുവേണം?

    ReplyDelete
  30. ഏറെ വൈകി ഞാൻ ഇവിടെയെത്താൻ
    പഴയ കാല സ്മരണകൾ അയവിറക്കിയ ഈ പോസ്റ്റ് വളരെ ഹൃദയഹാരിയായി

    ReplyDelete
  31. ഹായ് കൂയ്, പൂയ്, കുക്കുക്കൂയ്..

    'അന്നത്തെ പെരുന്നാള്
    പെരും നാള്; പെരും കോള്..(സദ്യ)
    ഇന്നത്തെ പെരുന്നാള് വെറും നാള്;
    പെരും കോള്..(മൊബൈലില്‍)'

    ReplyDelete
  32. എല്ലാം ശരി തന്നെ. പക്ഷെ ഓരോ തലമുറയും അവരുടെ ബാല്യ കൌമാര കാലം സുവര്‍ണ കാലം എന്ന് കരുതുന്നു എന്ന ഒരു പരിപ്രേക്ഷ്യത്തിലും ഇത് കാണ്ട്കൂടെ? ഉദാഹരണത്തിന് ഇന്നത്തെ ബാലന്മാര്‍ 20 കൊല്ലങ്ങള്‍ക്ക് ശേഷം നമ്മള്‍ ഈ പറയുന്നത് തന്നെ വേറെ ഒരു രീതിയില്‍ പറയില്ലേ?

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.