Dec 30, 2010

എന്‍ഡോസള്‍ഫാന്‍; ഇരകള്‍ക്ക്‌ നീതി ലഭിക്കണം

കാസര്‍കോട്‌ കശുമാവിന്‍ തോട്ടങ്ങളില്‍ ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചത്‌ കേന്ദ്രം അറിയാതെയെന്ന്‌ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ സത്യവാങ്‌മൂലം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്‌ടപരിഹാരം നിശ്ചയിക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഇന്ത്യന്‍ ലോയേഴ്‌സ്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ടി ആസഫലി സമര്‍മിപ്പിച്ച ഹര്‍ജിയിലാണ്‌്‌ കേന്ദ്രത്തിന്റെ സത്യവാങ്‌മൂലം. 

ദുരിതബാധിതര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ തങ്ങള്‍ക്കു ബാധ്യതയില്ലെന്ന സത്യവാങ്‌മൂലമാണ്‌ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കിയിട്ടുള്ളത്‌. കാസര്‍കോട്ടെ കശുമാവില്‍ തോട്ടങ്ങളില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ 1992 നു ശേഷം ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച്‌ എന്‍ഡോസള്‍ഫാന്‍ തളിച്ചത്‌ അനുമതിയില്ലാതെയെന്നാണ്‌ കേന്ദ്ര കൃഷിമന്ത്രാലയം പറയുന്നത്‌.
എന്നാല്‍ ബന്ധപ്പെട്ട എല്ലാവകുപ്പുകളുടെയും അനുമതിയോടെ നടപടികളെല്ലാം പാലിച്ചാണ്‌ 1983 മുതല്‍ 2000 വരെ കാസര്‍കോടില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതെന്ന കോര്‍പറേഷന്റെ സത്യവാങ്‌മൂലത്തിലെ വാദമാണ്‌ കേന്ദ്രത്തിന്റെ സത്യവാങ്‌മൂലത്തോടെ തകര്‍ന്നിരിക്കുന്നത്‌.

1992ന്‌ ശേഷം കേന്ദ്ര ഇന്‍സെക്‌ടിസൈഡ്‌സ്‌ ബോര്‍ഡ്‌ ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിക്കാനുള്ള അനുമതി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും കേന്ദ്രം നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറയുന്നുണ്ട്‌. ഇതോടെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമായിരുന്നു എന്നു തെളിഞ്ഞിരിക്കുകയാണ്‌.

1968 ലെ കീടനാശിനി നിയമം നാലാം വകുപ്പനുസരിച്ച്‌ രൂപീകരിച്ച കീടനാശിനി ബോര്‍ഡാണ്‌ 1992 ഡിസംബറിനു ശേഷമുള്ള എന്‍ഡോസള്‍ഫാന്‍ പ്രയോഗം നിരോധിച്ചത്‌. 

2000 വരെ എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്‌ ആകാശമാര്‍ഗം തളിച്ചിട്ടുണ്ടെന്ന്‌ കോര്‍പറേഷന്‍ കോടതിയില്‍ സമ്മതിച്ചിട്ടുള്ളതാണ്‌. എന്‍ഡോസള്‍ഫാന്റെ ഉത്‌പാദനവും ഉപയോഗവും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടില്ലെന്നും കാര്‍ഷിക ശാസ്‌ത്രജ്ഞരുടെ നിര്‍ദേശങ്ങള്‍ പാലിച്ചും നിയമാനുസൃതമായുമാണ്‌ എന്‍ഡോസള്‍ഫാന്‍ തളിച്ചിട്ടുള്ളതെന്നുമാണ്‌ കോര്‍പറേഷന്റെ വാദം. 

കേസ്‌ അടുത്താഴ്‌ച വീണ്ടും കോടതി പരിഗണിക്കാനിരിക്കുകയാണ്‌.

കഴിഞ്ഞ പത്തുവര്‍ഷമായി ആകാശമാര്‍ഗമുള്ള എന്‍ഡോസള്‍ഫാന്‍ പ്രയോഗം നിര്‍ത്തിവെച്ചിട്ടും, ഇന്നും ഒടുങ്ങാത്ത ദുരിതമാണ്‌ കാസര്‍കോടും മറ്റ്‌ എന്‍ഡോസള്‍ഫാന്‍ പ്രയോഗിത ഇടങ്ങളിലും കാണാന്‍ കഴിയുന്നത്‌. വിഷമഴ തീര്‍ത്ത ദുരിതങ്ങളുടെ തുടര്‍ച്ചകള്‍ക്കിനിയും അവസാനമായിട്ടില്ല. മനുഷ്യന്റെ ജനിതക ഘടനയെത്തന്നെ തകിടം മറിച്ച്‌ തലമുറകളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു ദുരിതം. വെറും നഷ്‌ടപരിഹാരത്തിലൊതുക്കാവുന്നതല്ല, നഷ്‌ടപ്പെട്ടതൊന്നും. 

പ്രകൃതിയെയും ജീവനെയും തകര്‍ത്ത വിഷമഴയുടെ കെടുതികളില്‍ നിന്ന്‌ പൂര്‍ണമായും മുക്തി നേടാന്‍ ഇനിയെത്രനാള്‍ കാത്തിരിക്കണം. എന്നിട്ടും നിസ്സാരമായ, നഷ്‌ടപരിഹാരം നല്‍കുകയെന്ന താല്‍ക്കാലികാശ്വാസത്തില്‍ നിന്നുപോലും ദുരിതം വിതച്ചവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാഴ്‌ച വേദനയുണ്ടാക്കുന്നതാണ്‌. ഇരകള്‍ക്ക്‌ മാന്യമായ നഷ്‌ടപരിഹാരവും ആവശ്യമായ ചികിത്സാ- ഭൗതിക സൗകര്യങ്ങളും നല്‍കാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷനും സര്‍ക്കാരിനും ബാധ്യതയുണ്ട്‌. 

കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ബാനര്‍ജി കമ്മിഷന്‍ 1991ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെള്ളക്കെട്ടും ജലാശയങ്ങളുമുള്ള പ്രദേശങ്ങളിലെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഇന്ത്യയിലാകെ തടയണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര കൃഷി വകുപ്പ്‌ അതന്ന്‌ വേണ്ടവിധം പരിഗണിച്ചില്ല. പതിമൂന്ന്‌ പുഴകളും നിരവധി ജലാശയങ്ങളും നീര്‍ച്ചാലുകളുമുള്ള കാസര്‍കോട്‌ 2000 വരെ എന്‍ഡോസള്‍ഫാന്‍ തളിക്കല്‍ തുടര്‍ന്നു. 

92 നു ശേഷം ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിന്‌ സെന്‍ട്രല്‍ ഇന്‍സെക്‌ടിസൈഡ്‌സ്‌ ബോര്‍ഡിന്റെ വര്‍ഷം തോറുമുള്ള അനുമതി ആവശ്യമാണ്‌. എന്നാല്‍ 93നു ശേഷം പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അനുമതി വാങ്ങിയിട്ടില്ലെന്ന്‌ മുന്‍പെ മാധ്യമങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും പറഞ്ഞിട്ടുള്ളതാണ്‌. അതു ശരിവെക്കുന്ന വെളിപ്പെടുത്തലാണ്‌ കേന്ദ്രത്തിന്റെ സത്യവാങ്‌മൂലത്തിലുള്ളത്‌.

എന്നാല്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ്‌ എട്ടുവര്‍ഷത്തോളം കാസര്‍കോട്‌ എന്‍ഡോസള്‍ഫാന്‍ തളിച്ചതെന്ന്‌ കേന്ദ്രം പറയുമ്പോള്‍ അതിന്‌, ഒരു കുറ്റസമ്മതത്തിന്റെ ഭാഷകൂടിയുണ്ട്‌. ഈ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ അന്നും ഇന്നും കഴിയാതെ പോയതെന്തുകോണ്ടെന്ന ചേദ്യവും ബാക്കിയാവുന്നു. മാറി മാറി വന്ന കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന്‌ കഴിച്ചിലാവാനാവില്ല. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട്‌ നടന്ന കോലാഹലങ്ങള്‍ ഇവരൊന്നും കേട്ടില്ലായിരുന്നോ? 

കേന്ദ്ര- കേരള സര്‍ക്കാറുകള്‍ക്കില്ലാതെ പോയ ഇച്ഛാശക്തി ഒരു പാവം സ്‌ത്രീക്കെങ്കിലുമുണ്ടായത്‌ നന്നായി. 1998 ല്‍ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മ ഹോസ്‌ദുര്‍ഗ്‌ മുന്‍സിഫ്‌ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയത്‌ ഈ നിയമവിരുദ്ധമായ വിഷമഴക്കെതിരെ ആയിരുന്നു.

70 ലേറെ രാജ്യങ്ങളില്‍ നിരോധിച്ചിട്ടും, ഇത്രയെറെ ദുരിതക്കാഴ്‌ചകള്‍ കണ്‍മുന്‍പിലുണ്ടായിട്ടും ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രം ഇനിയും തയ്യാറായിട്ടില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്‌ വരട്ടെ എന്നാണിപ്പോള്‍ കേന്ദ്രം പറയുന്നത്‌.
കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ ആയിരത്തോളമാളുകളെ കൊലപ്പെടുത്തുകയും ആയിരത്തോളമാളുകളെ നിത്യ ദുരിതത്തിലാക്കുകയും ചെയ്‌ത ദുരന്തത്തെ നിസ്സാരമായി സമീപിക്കരുത്‌.
കേരള സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച വളരെ ചെറിയ ആശ്വാസധനം അര്‍ഹതപ്പെട്ട പലര്‍ക്കും ഇനിയും കിട്ടിയിട്ടില്ലെന്ന പരാതി നിലനില്‍ക്കുന്ന ഈ സമയത്ത്‌ കൂടുതല്‍ പരിഗണന ഇരകള്‍ക്കാവശ്യമാണ്‌. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭാഗത്തു നിന്നു തന്നെ മാന്യമായ ആശ്വാസം ലഭ്യമാക്കുന്നതിന്നാവശ്യമായ നടപടികള്‍ വരും നാളുകളിലെങ്കിലും നമുക്ക്‌ പ്രതീക്ഷിക്കാം. 

ഇരകള്‍ക്ക്‌ നീതി ലഭിക്കാന്‍ ഇനിയും വൈകിക്കൂട.

21 comments:

 1. [im]http://3.bp.blogspot.com/_CSYkzBDuQKQ/TR18zjfIGiI/AAAAAAAABWw/YyOv8w-ZO74/s1600/Endosulfan_Poisoning_On_Kerala.jpg[/im]
  [co="red"]ഇരകള്‍ക്ക്‌ നീതി ലഭിക്കാന്‍ ഇനിയും വൈകിക്കൂട.[/co]
  [co="red"]ഇരകള്‍ക്ക്‌ നീതി ലഭിക്കാന്‍ ഇനിയും വൈകിക്കൂട.[/co]

  ReplyDelete
 2. ഏറെ പ്രസക്തമായ ലേഖനം. എത്ര പേര്‍ എഴുതിയാലും മതിയാവില്ല. എന്റോ സള്‍ഫാന്റെ ഏന്‍ഡ് കാണുവോളം കഴിയുന്ന മാര്‍ഗങ്ങളിലെല്ലാം പ്രതിഷേധിക്കാതെ വയ്യ. ആ വഴിയില്‍ നല്ലൊരു ആദ്യായമയി ഈ ലേഖനം.

  ReplyDelete
 3. രാഷ്ട്രീയപാര്‍ട്ടികളില്‍ ഏതാണ്ടെല്ലാവരും സാമൂഹ്യ-സാംസ്കാരിക സംഘടനകളും ബഹുജനങ്ങളും ഒരുപോലെ ആവശ്യപ്പെട്ടിട്ടും ഈ വിഷം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. രാജ്യത്തിന്റെ, രാജ്യനിവാസികളുടെ താല്‍പര്യങ്ങളെക്കാള്‍ സര്‍ക്കാരിന് പ്രധാനം ഈ വിഷക്കമ്പനിയുടെ താല്പര്യങ്ങളാണെന്ന് വരുമ്പോള്‍ എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ട്.

  പ്രസക്തമായ പോസ്റ്റിനു അഭിവാദ്യങ്ങള്‍.

  ReplyDelete
 4. എന്‍ഡോസല്‍ഫാന്‍ എന്ന മാരകവിഷം കൊണ്ടുണ്ടാകുന്ന കെടുതികളും അതില്‍ ജീവിതം ഹോമിക്കപ്പെട്ടവരും മനുഷ്യരൂപം തന്നെ നഷ്ടപ്പെട്ട്‌ സമൂഹത്തിലെ ചവറുനിലങ്ങളില്‍ തള്ളപ്പെട്ട നിരവധി മനുഷ്യരുടെ രോദനം അറിഞ്ഞിട്ടും ചെവിയോ കണ്ണോ കാണാതെ ബധിരരും അന്ധരുമായി പോയ, പളുപളത്ത വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒരു ദ്രവിച്ച ഹൃദയം പോലുമില്ലാത്ത മനുഷ്യരായി മാറിയിരിക്കുന്നു ഇന്നു നാം.

  ഒരുപക്ഷേ രാഷ്ടങ്ങളും സര്‍ക്കാരുകളും പ്രസ്ഥാനങ്ങളും ഏറ്റവും ആവശ്യമായുള്ളതും അനാഥകള്‍ക്കും അശരണര്‍ക്കുമാണ്‌. പക്ഷെ ഇന്നു മിക്ക രാജ്യങ്ങളിലെയും എല്ലാ സൌഭാഗ്യങ്ങളും ശക്തന്‍മാരാലും രാഷ്ട്രീയ വേട്ടക്കാരാലും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു.

  നാല്‌ കശുവണ്ടിക്കുവേണ്ടി മനുഷ്യനെ കുരുതിക്ക്‌ കൊടുക്കുന്ന രാസവള പ്രയോഗം പോലുള്ള ഈ സാമൂഹ്യവിപത്ത്‌ ഒരു ജനതയുടെ മാത്രം പ്രശ്നമല്ല. അത്‌ ഈ ഭൂമിയുടെ പ്രശ്നമാണ്‌ മാനവികതയുടെ പ്രശ്നമാണ്.

  പ്രസക്തമായ ലേഖനം.

  ആശംസകളോടെ.!

  ReplyDelete
 5. നല്ല ലേഖനം.
  (അടുത്ത നിയമസഭ തെരെഞ്ഞെടുപ്പ് കഴിയും വരെ എല്ലാ രാഷ്ട്രീയക്കാരും ഈ ഇരകൾക്ക് വേണ്ടി ഘോരാഘോരം മുഴക്കും)
  വളരെ ദയനീയമാണു എന്റോസൾഫാൻ ഗ്രാമങ്ങളിലെ ചിത്രം.

  ReplyDelete
 6. പൂര്‍ണമായി യോജിക്കുന്നു.

  ReplyDelete
 7. തെളിവുകളോ സത്യങ്ങളോ അല്ല ഭരണ സിരാ കേന്ദ്രങ്ങളിലെ തീരുമാനത്തെ നിയന്ത്രിക്കുന്നത്‌. അടിയിലൂടെ മള്‍ടിനാഷനലുകള്‍ ഒഴുക്കുന്ന പണമാണ്. ഇത് തിരിച്ചറിയുകയും മുഖം നോകാതെ ഭരണകൂടങ്ങളെ പിഴുതുമാറ്റാന്‍ നമുക്ക് കേല്പുണ്ടാകണം.
  പോസ്റ്റിനു എന്റെ എല്ലാവിധ പിന്തുണയും. അഭിവാദ്യങ്ങളോടെ.

  ReplyDelete
 8. ഇതു വായിച്ചപ്പോൾ കണ്ണു നിറഞ്ഞു കാരണം ഇതുമായി ബന്ധപ്പെട്ട ധാരാളം സി,ഡികളും ചിത്രങ്ങളും കാണാനിടയായിരുന്നു,... ശ്രദ്ധേയൻ പറഞ്ഞപോലെ ഈ മാരക വിഷത്തിനു ഇരയായവർക്ക് വേണ്ടി ഐക്യ ദാർഡ്യവുമായി യുവജനപ്രസ്ഥാനവുമെല്ലാം രംഗത്തുണ്ടെങ്കിലും സർക്കാർ ആരുടെ വാക്കുകളും മുഖവിലക്കെടുക്കുന്നില്ല... അംബികാസുതൻ മങ്ങാടിന്റെ എന്മകജെ എന്ന നോവൽ ആണ് മനസ്സിലേക്ക് ഓടിയെത്തിയത്... എഴുത്തിലൂടെ അദ്ദേഹത്തിന്റെ വികാരം ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.. ചിന്തിപ്പിക്കുന്ന നല്ലൊരു ലേഖനം .. (ചിന്തിക്കേണ്ടവർ ചിന്തിക്കുന്നില്ല എന്നു മാത്രം!!!!!)

  ReplyDelete
 9. നമ്മുടെ ഭരണകൂടങ്ങളെ നിയന്ത്രിയ്ക്കുന്ന ഒരുപാട് അദൃശ്യ കരങ്ങളിൽ ഒന്നാണീ കീടനാശിനി ലോബി. പണം മാത്രമാണ് എല്ലാറ്റിന്റേയും പുറകിൽ........
  ഈ സഹോദരങ്ങളുടെ വേദനകൾക്ക് മുൻപിൽ ഇന്ത്യാക്കാരിയെന്ന് സ്വയം പറഞ്ഞു കൊണ്ട് ഒരു ലജ്ജയുമില്ലാതെ.............

  ReplyDelete
 10. എന്റൊസള്‍ഫാന്‍.......
  കരളലിയിപ്പിക്കുന്ന ഈ കാഴ്ച്ചകള്‍ക്ക് അറുതിയുണ്ടാവില്ലെ? കിടക്കപ്പായയില്‍ നീന്തിയും മുട്ടിലിഴഞ്ഞും ശരീരമാകെ ജീര്‍ണിച്ചും നരകയാതനയനുഭവിക്കുന്ന എന്റൊസള്‍ഫാന്‍ ഇരകള്‍ക്ക് ഇതില്‍നിന്നും മോചനമുണ്ടാവില്ലെ?

  ReplyDelete
 11. പ്രസക്തമായ് പോസ്റ്റ്....

  എന്റൊസല്‍ഫാനെ നിരോധിക്കാന്‍ വേണ്ടി മാസ്സ് പെറ്റീഷന്‍ ഒപ്പു ശേഖരണം നടക്കുന്നുണ്ടല്ലോ... നമുക്കു കഴിയുന്ന രീതിയില്‍ നമുക്കും പ്രതികരിക്കാം...

  ആശംസകള്‍

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. വര്‍ത്തമാന കാലഘടത്തിന്റെ ദുര്യോഗം. കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നില്ല.
  അധികാര കസേരകള്‍ കോര്പരെട്ടുകള്‍ നിയന്ത്രിക്കുമ്പോള്‍ ദുരന്തങ്ങള്‍ ആരറിയാന്‍, ഇരകളെ ആര് കേള്‍ക്കാന്‍ !
  ഇരകള്‍ കരഞ്ഞു തീരും. അധികാര ചക്രങ്ങള്‍ തിരിഞ്ഞു കൊണ്ടേയിരിക്കും. മാറ്റമുണ്ടാക്കേണ്ട ജനങ്ങള്‍ ഷോപ്പിംഗ്‌ മാളുകളില്‍, ധ്യാന കേന്ദ്രങ്ങളില്‍, പ്രാര്‍ത്ഥന സദസ്സുകളില്‍, മത സംവാദ സദസ്സുകളില്‍, രാസ്ത്രീയ ശക്തി പ്രകടനങ്ങളില്‍ ചിതറുമ്പോള്‍, ജമാ അതിന്റെ (സോളിടാരിടി ) യുവ വിഭാഗത്തിന്റെ ഇടപെടല്‍ സമൂഹത്തെ ചിന്തിപ്പിക്കുന്നു.
  എങ്കിലും കേരള യുവത എവിടെയാണ് !
  ലേഖനവും പ്രസക്തം .

  ReplyDelete
 14. എൻഡോസൾഫാനെന്ന മാരക വിപത്തിനെതിരെ മാത്രമല്ല ഇനിയും നാം തിരിച്ചറിയാത്ത ജൈവ രാസ കീടനാശിനികൾക്കെതിരെയും വിഷമാലിന്യങ്ങൾക്കെതിരെയും ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.
  നല്ല പോസ്റ്റ്. ആശംസകൾ!

  ReplyDelete
 15. ബലവാന്മാരുടെ പക്കല്‍നിന്നും നീതി ഇരന്നു വാങ്ങേണ്ടി വരുന്ന ഗതികേട് ..എന്തുപറയാന്‍ ..
  നീതിന്യായ വ്യവസ്ഥിതിയുടെ പുതിയ വഴിത്തിരിവുകള്‍ കണ്ടില്ലേ ..ഇനി എന്ത് പറയാന്‍ ? നമുക്കും കിട്ടണം പണം ..അത്ര തന്നെ ..

  ReplyDelete
 16. demand for national wide complete ban on endosulfan

  ReplyDelete
 17. ഇപ്പോള്‍ തന്നെ ഒരുപാട് വൈകി ഇരിക്കുന്നു ,
  ഈ ഫോട്ടോ കള്‍ മനസ്സിനെ അസ്വസ്ഥമാക്കുന്നു

  ReplyDelete
 18. :( :( :(

  അഭിവാദ്യങ്ങള്‍

  ReplyDelete
 19. മുഖ്താർ, എല്ലാം വനരോദനങ്ങൾ ആയി തീരുകയല്ലേ.. എന്നാലും നമുക്ക് പറയാതിരിക്കാൻ തരമില്ലല്ലോ. ലോകത്ത് ഒരു ഭരണകൂടവും ഇരകളുടെ ഭാഗത്ത് നിന്ന് ചിന്തിക്കില്ലല്ലോ. ഭോപ്പാൽ ദുരന്തം അടക്കമുള്ള തെളിവുകൾ നമുക്കില്ലേ. അമേരിക്ക വിയറ്റ്നാമിൽ തളിച്ച ഏജന്റ് ഓറഞ്ചും എന്മഗജെയിലെ എൻഡോസൾഫാനും തമ്മിൽ എന്തു വ്യത്യാസം. ?

  നമ്മുടെ മനുഷ്യരെ തന്നെയല്ല ഭൂമിയെ അപ്പാടെ കീടനാശിനിയിലും രാസവളത്തിലും മുക്കി എന്നെന്നേക്കുമായി നമ്മുടെ കൃഷിയിടങ്ങളെ വന്ധ്യം‌കരിക്കുക എന്നതാണല്ലോ അജൻഡ.

  പിന്നെ അവർ മറ്റൊരിടത്തേക്ക്.

  അപ്പോഴും നമ്മുടെ ഭരണകൂടങ്ങൾ അവർക്ക് സുരക്ഷിതത്വം നൽകും.

  ദാ ഇപ്പോൾൽ ജനിതകമാറ്റം വരുത്തിയ വിത്തുകൾ മാത്രമേ രക്ഷയുള്ളൂ എന്ന വാദം ഉയരുന്നു.

  അപ്പോഴും നമ്മുടെ ഭൂമിയെയും മനുഷ്യരെയും എങ്ങനെ രക്ഷിക്കാം എന്ന ചിന്ത ഭരണകൂടത്തിനു തോന്നില്ല.

  ഇരകൾ എപ്പോഴും എല്ലായിടങ്ങളിലും ആവശ്യമുണ്ട്. നാം രക്ഷപെടാനുള്ള സാധ്യത തീരെ മങ്ങിയിരിക്കുന്നു.

  ReplyDelete