May 3, 2011

നിരോധനത്തിലൊടുങ്ങാത്ത നിലവിളികള്‍

സുജാത
നീവയില്‍ ഇന്ത്യ നാണംകെട്ട ദിവസമാണ്‌ ഞങ്ങള്‍ കാസര്‍കോട്ടെത്തുന്നത്‌. പുതിയ സ്റ്റാന്റിനടുത്തെ ഒപ്പ്‌ മരച്ചോട്ടില്‍ ചെന്ന്‌ എന്‍ഡോസള്‍ഫാനെതിരെ ഒപ്പു ചാര്‍ത്തി. എന്‍വിസാഗ്‌ (endosulfan victim support aid group) എന്ന കൂട്ടായ്‌മയാണ്‌ ഇങ്ങനെയൊരു സമരമാര്‍ഗവുമായി രംഗത്തുണ്ടായിരുന്നത്‌. ദിവസവും ഒപ്പുകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഐക്യരാഷ്‌ട്രസഭയിലേക്കും എത്തിച്ചിരുന്നു.
കുറച്ചപ്പുറത്ത്‌, പോസ്റ്റോഫീസിനടുത്ത്‌ നിരാഹാരപ്പന്തലിലെത്തി ആശംസകള്‍ നേര്‍ന്ന ശേഷം, തലേ ദിവസം ആശുപത്രിയില്‍ അഡ്‌മിറ്റു ചെയ്‌ത രാമന്‍കുഞ്ഞിയെ കാണാന്‍ പോയി.

രാമന്‍കുഞ്ഞി
രാമന്‍കുഞ്ഞി, പതിനൊന്ന്‌ വര്‍ഷത്തോളം പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍ തൊഴിലാളിയായിരുന്നു. എന്‍ഡോസള്‍ഫാന്‍ തളിച്ചുതുടങ്ങുന്ന കാലത്ത്‌ രാമന്‍കുഞ്ഞി അവിടുത്തെ തൊഴിലാളിയാണ്‌. എന്‍ഡോസള്‍ഫാന്‍ കൈകൊണ്ട്‌ കലക്കിയിട്ടുണ്ട്‌, രാമന്‍കുഞ്ഞി, കയ്യുറ പോലും ധരിക്കാതെ. അതായിരുന്നു ജോലി. പലവട്ടം തലകറങ്ങി വീണിട്ടുണ്ടത്രെ. അന്ന്‌, അറിയില്ലായിരുന്നു മാരക വിഷം കൊണ്ടാണീ കളികളെന്ന്‌.
ഇപ്പോള്‍ ശരീരം മൊത്തം വേദനയാണ്‌. കയ്യും കാലും അനക്കാന്‍ വയ്യ. വര്‍ഷങ്ങളായി വേദനയുമായി മല്ലടിച്ചു കഴിയുന്നു.
ആശുപത്രി മുറിയില്‍ കയറിച്ചെല്ലുമ്പോള്‍ ചുമരില്‍ ചാരിയിരിക്കുകയായിരുന്നു അറുപത്തിയാറുകാരനായ രാമന്‍ കുഞ്ഞി. സഹായത്തിന്‌ ഭാര്യയാണു കൂടെയുള്ളത്‌. പതിനെട്ടും പതിനാറും വയസ്സുള്ള രണ്ട്‌ ആണ്‍കുട്ടികളുണ്ട്‌. അവര്‍ പഠിക്കുകയാണ്‌.
സര്‍ക്കാര്‍ മാസത്തില്‍ നല്‍കുന്ന 500 രൂപയുടെ പെന്‍ഷന്‍ മാത്രമാണ്‌ ഈ കുടുംബത്തിന്റെ ഏക വരുമാനം. ബോബിക്കാനം ചോക്കമൂലയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ആസ്ഥാനത്തിനടുത്താണ്‌ രാമന്‍കുഞ്ഞിയുടെ വീട്‌. വീട്ടിനടുത്തേക്ക്‌ റോഡില്ല, റോഡ്‌ വെട്ടാന്‍ കോര്‍പറേഷന്‍ സമ്മതിച്ചില്ലെന്നു പറയുന്നതാണ്‌ നേര്‌.
വീട്ടിലേക്കുള്ള വഴി ശരിയല്ലാത്തതിനാല്‍ ഇരകളെ കാണാനെത്തുന്നവരാരും രാമന്‍കുഞ്ഞിയുടെ അടുത്തെത്താറില്ല.
സര്‍ക്കാര്‍ തലത്തില്‍ നിരവധി സഹായവാഗ്‌ദാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും പാവം രാമന്‍കുഞ്ഞിക്ക്‌ കിട്ടിയിട്ടില്ല. സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ പോലും ഇതുവരെ കിട്ടിയിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ മുവുവന്‍ ദൈന്യതയും ആ മുഖത്ത്‌ ഒളിപ്പിച്ചുവെച്ചിട്ടുണ്ടായിരുന്നു. ആ വേദന നിറഞ്ഞ മുഖവും മനസ്സില്‍ പേറിയാണ്‌ ഞങ്ങള്‍ പൊവ്വലിലെത്തിയത്‌.
ഗിരീഷ്‌മാരേങ്ങലത്തും കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞിയുമാണ്‌ കൂടെ. ഗിരീഷ്‌മാഷുടെ കൂടെയാണ്‌ കോഴിക്കോട്ടു നിന്നും യാത്ര പുറപ്പെട്ടത്‌. വഴിയില്‍ നീലേശ്വരത്ത്‌ അബൂക്കയുടെ (സുബൈദ) വീട്ടില്‍ കയറി. അബൂക്കയാണ്‌ കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞിയുടെ നമ്പര്‍തന്നത്‌. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടുരിക്കുന്ന ഒരു പത്രപ്രവര്‍ത്തകനാണ്‌ അദ്ദേഹം. മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെയും കാണുകയും അവരുടെ വേദനകള്‍ അനുഭവിച്ചറിയുകയും ചെയ്‌തിട്ടുള്ള ബോബിക്കാനം സ്വദേശി.
മുഹമ്മദ്‌ ഷാഫി
കുത്തനെയുള്ള ചെമ്മണ്‍ പാത കയറിയിറങ്ങി ഞങ്ങള്‍ മുഹമ്മദ്‌ ഷാഫിയുടെ വീട്ടിലെത്തി. അകത്ത്‌ അധികം വെളിച്ചമില്ലാത്ത മുറിയില്‍ നിലത്ത്‌ കിടക്കുകയായിരുന്നു ഇരുപത്തേഴുകാരനായ ഷാഫി. കയ്യും കാലും തളര്‍ന്നു പോയതാണ്‌. സ്വന്തമായി ഒന്നും ചെയ്യാനാവില്ല. സംസാരശേഷിയുമില്ല.
എല്ലാത്തിനും ഉമ്മ തന്നെ വേണം, എല്ലാം കണ്ടറിഞ്ഞ്‌ ചെയ്യണം. വിശന്നാല്‍ പോലും ഷാഫി അറിയില്ല. തീനും കുടിയും, എല്ലാം ആ ഒറ്റ മുറിക്കുള്ളില്‍ത്തന്നെ. ഞങ്ങളെ കണ്ടപ്പോള്‍ തല ഉയര്‍ത്തി നോക്കി. മുഖത്ത്‌ മായാത്ത പുഞ്ചിരി തൂങ്ങിക്കിടപ്പുണ്ടായിരുന്നു.
വേദനകള്‍ മുഴുവന്‍ വൃദ്ധയായ ഉമ്മയുടെ കണ്ണുകളിലായിരുന്നു. നിറഞ്ഞ്‌ തുളുമ്പുമെന്ന്‌ തോന്നിയെങ്കിലും നിസ്സഹായതയുടെ ചില നെടുവീര്‍പ്പുകളില്‍ എല്ലാം ഒതുങ്ങി. കരഞ്ഞു തീര്‍ത്തിട്ടുണ്ടാവും മതിവരുവോളം. കരഞ്ഞിട്ടു കാര്യമില്ലെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ടാവണം ആ ഉമ്മ.
ഇരുട്ടു പെന്തിയ മുറിയില്‍ കെട്ടിക്കിടക്കുന്ന മരവിപ്പ്‌.
എട്ടുമക്കളില്‍ രണ്ടാമത്തേതാണ്‌ ഷാഫി. ഷാഫിക്കും വൃദ്ധയായ മാതാവിനും ആറു പെങ്ങന്‍മാര്‍ക്കുമായി മൂത്ത മകന്റെ മീന്‍ മണക്കുന്ന ജീവിതം മാത്രം ആശ്വാസം. പുരനിറഞ്ഞു നില്‍ക്കുന്ന മൂന്ന്‌ പെണ്‍മക്കളുടെ മുഖവും ആ ഉമ്മയുടെ നെഞ്ചിനുള്ളില്‍ വെന്തുകിടപ്പുണ്ട്‌. ഷാഫിയാണ്‌ അവരുടെ വിവാഹത്തിന്‌ തടസ്സമായി നില്‍ക്കുന്നത്‌.
സര്‍ക്കാറിന്റെ സഹായവാഗ്‌ദാനങ്ങളെല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണ്‌ ഇവിടെയും. മാസത്തില്‍ 300 രൂപ തോതിലാണ്‌ പെന്‍ഷന്‍. ചികില്‍സാസഹായം പോലും ഇല്ല. മങ്ങിയ വെളിച്ചമുള്ള മുറിക്കകത്തു നിന്ന്‌ ഷാഫിയുടെ ഞരക്കം കേള്‍ക്കുന്നുണ്ടായിരുന്നു, ഞങ്ങള്‍ ഇറങ്ങിപ്പോരുമ്പോഴും. 

ഫര്‍സീന
അതികം ദൂരമില്ല, ഫര്‍സീനയുടെ വീട്ടിലേക്ക്‌.
പതിനൊന്ന്‌ വയസ്സുള്ള ഫര്‍സീന സുന്ദരിക്കുട്ടിയാണ്‌. നല്ല ചൈതന്യമുള്ള മുഖം. എനിക്കെന്റെ മോളെയാണ്‌ ഓര്‍മ വന്നത്‌.
പാവം, ഫര്‍സീനയുടെ രണ്ടു കണ്ണിനും കാഴ്‌ചയില്ല. തലച്ചോറിന്റെ വളര്‍ച്ചക്കുറവാണത്രെ കാഴ്‌ച നഷ്‌ടപ്പെടാനുള്ള കാരണം. ഇടക്കിടെ വിട്ടുമാറാത്ത പനിയും തലവേദനയുമുണ്ട്‌.
പോവാത്ത പ്രതീക്ഷാകേന്ദ്രങ്ങളും ചെയ്യാത്ത ചികില്‍സയുമില്ല. മകളുടെ ചികില്‍സക്കായി വന്ന കടം വീട്ടാന്‍ സ്വന്തം വീട്‌ വില്‍ക്കേണ്ടി വന്നു.
കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ബ്ലൈന്റ്‌ സ്‌കൂളില്‍ പഠിക്കുന്ന ഫര്‍സീനയെ സ്‌കൂളില്‍ കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരാനും പ്രയാസപ്പെടുകയാണ്‌ രക്ഷിതാക്കള്‍. ബസ്സു കയറാന്‍ അരകിലോമീറ്ററോളം കയറ്റവും ഇറക്കവമുള്ള ചെമ്മണ്‍പാതയിലൂടെ നടക്കണം.
കൊച്ചനിയത്തിയെ ഒക്കത്തുവെച്ച്‌ ഉമ്മ നല്‍കുന്നുണ്ടായിരുന്നു ഫര്‍സീന. ക്യാമറക്കു മുന്‍പില്‍ നിറഞ്ഞു ചിരിക്കുമ്പോഴും അവളുടെ ഉമ്മ വാതില്‍പടിയോടു ചാരി നിന്ന്‌ ഉള്ളു പിടക്കുന്നുണ്ടായിരുന്നു. ഫര്‍സീനക്കും മാസം തോറും 300 രൂപ തോതില്‍ കിട്ടുന്ന പെന്‍ഷനല്ലാതെ മറ്റൊരു സഹായവും എവിടെ നിന്നും കിട്ടിയിട്ടില്ല. പോസ്റ്റോഫീസില്‍ വന്ന സഹായധനം പേരു മാറിപ്പോയെന്നും പറഞ്ഞ്‌ തടഞ്ഞു വെച്ചിരിക്കുകയാണു പോലും.
യാത്രപറഞ്ഞിറങ്ങുമ്പോഴും ഫര്‍സീനയും അനിയത്തിയും കൈവീശുന്നുണ്ടായിരുന്നു. പണ്ട്‌, ആകാശത്ത്‌ വിഷംനിറച്ച കുട്ടിവിമാനങ്ങള്‍ പറന്നിറങ്ങിയപ്പോഴും ആനത്തുമ്പിയെന്നു പറഞ്ഞ്‌ കൈവീശിയാര്‍ത്തു ചിരിച്ചിരുന്നതും ആ നിഷ്‌കളങ്കത തന്നെയാവാം.
ഈ യാത്ര വേണ്ടിയിരുന്നില്ലെന്ന്‌ മനസ്സ്‌ പറഞ്ഞു തുടങ്ങിയിരിക്കുന്നു. കോമാളികളെപ്പോലെ ക്യാമറക്കു മുന്‍പില്‍ നിറഞ്ഞു ചിരിക്കാന്‍ വിധിക്കപ്പെട്ടവന്റെ നിസ്സഹായത ഓരോ ഫോട്ടോയിലും നിറഞ്ഞു കിടപ്പില്ലേ.
പറഞ്ഞും കരഞ്ഞും മടുത്ത അമ്മമാരുടെ മുഖത്തേക്ക്‌ നോക്കാനാവുന്നില്ല.
മുതലപ്പാറയിലെ സുജാതയുടെ വീട്ടിലേക്കാണ്‌ പിന്നെ പോയത്‌. സുജാതയുടെ അച്ഛന്‍ പുറത്തിരിപ്പുണ്ടായിരുന്നു. മോള്‍ ഉറക്കമാണ്‌.
ഉണര്‍ത്തേണ്ട.
ഇരുപത്തെട്ട്‌ വയസ്സുണ്ട്‌ സുജാതക്ക്‌. അരക്ക്‌ താഴെ തളര്‍ന്നിരിക്കുകയാണ്‌. മൂന്നാം വയസ്സില്‍ തുടങ്ങിയ പനിയാണ്‌ സുജാതയുടെ ശരീരത്തെ തളര്‍ത്തിക്കളഞ്ഞത്‌. നടക്കാനാവില്ല. എടുത്തുകൊണ്ടുനടക്കണം.
അച്ഛന്‌, മകളുടെ ചികില്‍സക്കായി തുടര്‍ച്ചയായി ലീവെടുത്തതിനാല്‍ മംഗലാപുരം ചെക്ക്‌പോസ്റ്റിലുണ്ടായിരുന്ന ജോലിയും നഷ്‌ടമായി. ഇപ്പോള്‍ രണ്ട്‌ ആണ്‍മക്കള്‍ കൂലിപ്പണിചെയ്‌താണ്‌ കുടുംബം പുലരുന്നത്‌.
വെളിച്ചം അരിച്ചിറങ്ങുന്ന മുറിക്കുള്ളില്‍ കട്ടിയുള്ള കടലാസു വിരിച്ചാണ്‌ സുജാത കിടക്കുന്നത്‌. വാല്‍സല്യം കെടാത്ത കണ്ണും മനസ്സുമായി അവളുടെ അമ്മയും അടുത്തിരിപ്പുണ്ട്‌.
ഗിരീഷ്‌ ക്യാമറയെടുത്തപ്പോള്‍, ഇതാ ഇപ്പോ ഒരു കൂട്ടര്‍ വന്ന്‌ ഫോട്ടോ എടുത്തു പോയതെയുള്ളുവെന്ന്‌ അച്ഛന്‍ പറയുന്നുണ്ടായിരുന്നു.
പലരും വന്നു പോകുന്നു. ഫോട്ടോ എടുക്കുന്നു. ക്യാമറക്കാരന്റെ ഭാവന പൂര്‍ണമാക്കും വിധം ചാഞ്ഞും ചെരിഞ്ഞും പോസ്‌ ചെയ്‌ത്‌... ഇരകള്‍..
എന്നിട്ട്‌, ഇവര്‍ക്ക്‌...
നാമെത്ര ക്രൂരന്‍മാരാണ്‌. അല്ലേ.
നമുക്കിതൊക്കെ ചില കൗതുകമുള്ള കാഴ്‌ചകള്‍ മാത്രം. ഏറിവന്നാല്‍, പാവം എന്നൊന്നു നെടുവീര്‍പ്പിടാം... പിന്നെ മറ്റു നിറമുള്ള കാഴ്‌ചകള്‍ക്കുള്ളില്‍ മാഞ്ഞു പോകുന്ന വെറുമൊരു സ്‌നാപ്പ്‌...
അങ്ങനെ കുറെ സ്‌നാപ്പുകള്‍ തീര്‍ത്ത ഒരു ഫോട്ടോ പ്രദര്‍ശനം മാത്രമായിത്തീരുന്നില്ലേ നമ്മുടെ വികാരപ്രകടനങ്ങള്‍.
അതുകൊണ്ടാണല്ലോ ഇരകള്‍ക്കനുവദിക്കപ്പെട്ട സഹായങ്ങള്‍ പോലും ഉദ്യോഗസ്ഥന്‍മാരുടെയും അധികൃതരുടെയും അവഗണനമൂലം വൈകുന്നതും അര്‍ഹര്‍ക്കു ലഭിക്കാതെ പോകുന്നതും.
അതുകൊണ്ടാണല്ലോ സഹായങ്ങളെല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിപ്പോകുന്നത്‌.
അതുകൊണ്ടാണല്ലോ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഇരകളെ കൊഞ്ഞനം കാട്ടിക്കൊണ്ടിരിക്കുന്നത്‌.
അതുകൊണ്ടാണല്ലോ, ഇന്ത്യക്ക്‌ നീതിക്കനുകൂലമായി വോട്ടു ചെയ്യാന്‍ കഴിയാതെ പോകുന്നത്‌.
സുഹൈല്‍
മുതലപ്പാറയില്‍ തന്നെയാണ്‌ സുഹൈലിന്റെ വീട്‌. പതിനാറു വയസ്സുള്ള സുഹൈലിന്‌ കയ്യിനും കാലിനും തീരെ സ്വാധീനമില്ല. എല്ലാത്തിനും ഉമ്മയുടെ താങ്ങുവേണം.
ആദ്യം ഞരങ്ങി നടക്കാനൊക്കെ കഴിഞ്ഞിരുന്നു സുഹൈലിന്‌. ചികില്‍സയുടെ ഭാഗമായി ഒരു ഓപ്പറേഷന്‍ നടത്തിയതാണ്‌ സുഹൈലിനെ അനങ്ങാന്‍ വയ്യാതാക്കിയത്‌.
വേദനയും ദു:ഖവും തളം കെട്ടി നില്‍പ്പുണ്ടായിരുന്നു, അന്തരീക്ഷത്തില്‍ പോലും. ഞാന്‍ ആകാശത്തേക്ക്‌ നോക്കി, ആനത്തുമ്പികള്‍ പറന്നിറങ്ങുന്നുണ്ടോ. രാക്ഷസത്തുമ്പിയുടെ ഇരമ്പല്‍ കേള്‍ക്കുന്നുണ്ടോ. കുട്ടികള്‍ ആര്‍ത്തുല്ലസിച്ച്‌ കൈവീശി മാനത്തേക്ക്‌ ചാടുന്നുണ്ടോ.
മുഹമ്മദ്‌ കുഞ്ഞി പറഞ്ഞു,
കണ്ടതൊന്നുമല്ല. കാണാനുള്ളതാണ്‌ വേദനകള്‍...
തീക്ഷ്‌ണമായ കാഴ്‌ചകളും അനുഭവങ്ങും അറിവുകളും ഇനിയും ബാക്കിയാണ്‌, കിലോമീറ്ററുകള്‍ക്കുപ്പുറത്തും ഇപ്പുറത്തുമായി...
സമയം വൈകി, ഇരുട്ടിറങ്ങിത്തുടങ്ങിയിരിക്കുന്നു. കാഴ്‌ചകള്‍ക്കിനി വ്യക്തതയുണ്ടാവില്ല. 
ഒപ്പുമരത്തില്‍ എന്റെ ഒപ്പ്.
എന്‍ഡോസള്‍ഫാന്റെ കെടുതികള്‍ ഇനിയും എത്ര തലമുറ അനുഭവിച്ചു തീര്‍ക്കേണ്ടിവരുമാവോ. തുടര്‍ന്നു കൊണ്ടേയിരിക്കുന്ന നിലവിളികള്‍.
പ്രസവിക്കാന്‍ ഭയപ്പെടുന്ന സ്‌ത്രീകള്‍. ചോരക്കുഞ്ഞിനെ മാറോടണച്ചുമ്മ വെക്കുമ്പോഴും ആ ചുണ്ടൊന്നു നനക്കാന്‍ പോലും അമ്മിഞ്ഞപ്പാല്‍ ചുരത്താനാവാത്ത അമ്മമാര്‍. ഇവിടെ ഒരു കുഞ്ഞുപിറക്കുന്നത്‌ വലിയ സന്തോഷമുള്ള കാര്യമല്ലാതാവുന്നത്‌ അതുകൊണ്ടാണ്‌.
നടക്കാനും ഇരിക്കാനും കഴിയാത്തവര്‍. ശരീരം മുഴുവന്‍ വിണ്ടുകീറുന്നവര്‍. ജീവിതം മുഴുവന്‍ ചുട്ടു പൊള്ളുന്നവര്‍...
അരജീവിതം നയിക്കുന്ന പാവങ്ങളുടെ നേര്‍ചിത്രങ്ങള്‍ എന്തുകൊണ്ടാണ്‌ നമ്മുടെ ഉറക്കം കെടുത്താത്തത്‌. വേദന തിന്ന്‌ വിഷപ്പടക്കേണ്ടി വരുന്നവന്റെ ദുര്‍വിധി പറഞ്ഞറിയിക്കാനാവാത്തതാണ്‌. ആ പറയാനാവാത്ത വേദനകളാണ്‌ കാസര്‍കോട്ടെ അമ്മമാര്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നത്‌.
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതു കൊണ്ടു മാത്രം തീരുന്നതല്ല കാസര്‍കോട്ടുകാരുടെ ദുരിതങ്ങള്‍. ഇരകളുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതം ഇനിയും ബാക്കിക്കിടക്കുകയാണല്ലോ.


വര്‍ത്തമാനം ആഴ്ചപ്പതിപ്പ് (2011 മെയ് 01)- page 1

21 comments:

 1. ഇതൊക്കെ കാണാൻ പോകാതിരിക്കുകയാണു ഭേദം.എന്റോസൾഫാൻ ഇരകളുടെ ഒരു പരിസരവാസി എന്ന നിലയിൽ എനിക്കങ്ങനെയേ പറയാൻ കഴിയൂ.
  കുറച്ചു കാലങ്ങളായി ഇവർ പ്രദർശന വസ്തുവാണ്. രാഷ്ട്രീയ നേതാക്കൾ,സാംസ്കാരിക പ്രവർത്തകർ,കേട്ടും അറിഞ്ഞും ക്യാമറയും തൂക്കി വരുന്ന സന്ദർശകർ.
  ചലനശേഷി നഷ്ടപ്പെട്ട പാവങ്ങളെ ഈ വരുന്നവർക്കൊക്കെ പടമെടുക്കാനും, ‘കണ്ടാസ്വാദിക്കാനും’ കുടിലിനു വെളിയിൽ പൊക്കിയെടുത്ത് കൊണ്ടുവന്നു പ്രദർശിപ്പിക്കണം.കുറച്ചു കാലങ്ങളായി ഇതു തുടരുന്നു.മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതും ഒരു പീഡനമാണ്.
  രാവിലെ വല്ലതും കഴിച്ചോ..? മരുന്നു വാങ്ങിയിട്ടുണ്ടോ..? വന്നവരൊന്നും അന്യേഷിച്ചില്ല.ചാനൽ ക്യാമറകൾക്കു മുന്നിൽ കുറെ മുതലക്കണ്ണീരും പൊടിച്ച് തിരിച്ചു പോകുന്നു.

  ReplyDelete
 2. നല്ല പോസ്റ്റ്.
  അവിടേക്ക് പോകേണ്ടിയിരുന്നില്ല എന്ന ആത്മഗതം ശരിയായില്ല. പൊകേണ്ടതും, അറിയേണ്ടതുമായതുകൊണ്ടാണല്ലോ പോയത്.
  ..................

  ഉല്ലസിക്കാന്‍ പോകാന്‍ ധാരാളം വിനോദ കേന്ദ്രങ്ങളും, പുണ്യ സ്ഥലങ്ങളുമുണ്ട്. എന്നാല്‍, സമൂഹ ശരീരത്തിലെ ഒരു പരിക്ക് കണ്ണിന് അരോചകമാകുമെന്നും, കയ്യിന് അറപ്പുതോന്നുമെന്നും തീരുമാനിച്ച് കാണാതേയും തൊടാതേയും കഴുകാതേയും ചീയാനും കൂടുതല്‍ സങ്കീര്‍ണ്ണമായി വ്യാപിക്കാനും അവസരമൊരുക്കി രഹസ്യമായി സൂക്ഷിക്കുന്നത് ക്രൂരതയാകും. പുറത്തേക്ക് കാണിക്കാതെ ഉള്‍വലിയാന്‍ അഗ്രഹിക്കുന്നവരെ വെറുതെവിടുക. എന്നാല്‍, തങ്ങളെ സമൂഹം കാണണമെന്നും, ഈ ദുരന്തം ഇനിയാര്‍ക്കും ഉണ്ടാകരുതെന്നും കരുതി സമൂഹമധ്യേ ഇറങ്ങിവരാന്‍ തയ്യാറാകുന്നവരെ സ്നേഹപൂര്‍വ്വം ആശ്വസിപ്പിക്കാന്‍ സമൂഹം അവരിലേക്ക് ഒഴുകിയെത്തുകതന്നെ വേണം. ‌മുഴുവന്‍ സമൂഹത്തിനുവേണ്ടി കീടനാശിനിയുടെ ദുരന്തഫലങ്ങളുടെ കുരിശു ചുമക്കുന്നവരെ കാണുന്നത് അവര്‍ക്ക് വിഷമമാകുമെന്ന് പ്രഖ്യാപിച്ച് ദുരിതബാധിതരെ കാണാന്‍ അറച്ചു നില്‍ക്കുന്നത് ഭീരുത്വത്തിന്റെ അപലപനീയമായ ന്യായവാദങ്ങള്‍ മാത്രമാണ്. കാണാന്‍ പോകുന്നവരെ പുച്ഛിച്ച് ഈ ഭീരുക്കള്‍ സമൂഹവിരുദ്ധര്‍ കൂടിയാകുന്നു.(ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തുന്ന കഴുകന്മാരുണ്ടായിരിക്കാം.) അവിടെ പോകുന്ന ഏറെപ്പേരും തങ്ങളാലാകുന്ന സാന്ത്വനം രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് ചിത്രകാരന്റെ അനുഭവം. ആ സാന്ത്വനം നല്‍കാന്‍ പോകുന്നവര്‍ക്കും ഈ കാഴ്ച്ചകള്‍ അലോസരമല്ലാതെ, സാഡിസ്റ്റ് സന്തോഷങ്ങളൊന്നും ജനിപ്പിക്കുന്നുണ്ടാകില്ല. താങ്ങള്‍ക്കുണ്ടാകുന്ന അലോസരം ഒരു സാമൂഹ്യജീവിയെന്ന നിലയില്‍ അവഗണിച്ച് ഇവരെ സാന്ത്വനിപീക്കാന്‍ സമൂഹത്തിലെ ഓരോ മനുഷ്യര്‍ക്കും ധാര്‍മ്മികമായ കടപ്പാടുണ്ടെന്ന് അവര്‍ക്ക് ബോധമുണ്ടായിരിക്കും.
  ചിത്രകാരന്റെ പോസ്റ്റ് :“ഒപ്പുമരവും“ ബ്ലോഗര്‍മാരും

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. പ്രസക്തമായ പോസ്റ്റ്!

  ReplyDelete
 5. കാലികപ്രസക്തമായ പോസ്റ്റ്...

  ReplyDelete
 6. സമകാലിക മായ പോസ്റ്റ്‌

  ReplyDelete
 7. സമകാലിക മായ പോസ്റ്റ്‌

  ReplyDelete
 8. നന്നായിട്ടുണ്ട് മുക്താറേ...

  ReplyDelete
 9. കോമാളികളെപ്പോലെ ക്യാമറക്കു മുന്‍പില്‍ നിറഞ്ഞു ചിരിക്കാന്‍ വിധിക്കപ്പെട്ടവന്റെ
  നിസ്സഹായത ഓരോ ഫോട്ടോയിലും നിറഞ്ഞു കിടപ്പില്ലേ....
  ആ ചോദ്യം മനസ് പൊള്ളിക്കുന്നു...

  ReplyDelete
 10. മറ്റാരോ ചെയ്ത പാപങ്ങളുടെ ഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ട നിസ്സഹായര്‍ ...
  നല്ല പോസ്റ്റ്‌ ..
  ചിത്രങ്ങള്‍ ചേര്‍ത്തുള്ള വിവരണത്തിലൂടെ വായനക്കാരന് വേദനയുടെ അനുഭവം..

  നിലവിളികളില്‍ സാന്ത്വനപ്പിക്കാന്‍ അവിടെ ചെന്ന എല്ലാ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍ ..

  ReplyDelete
 11. സാന്ത്വനം വെറും വാക്കുകളിലൊതുക്കുന്നതിനോട് താല്പര്യമില്ല. ഈ ഫോട്ടോയില്‍നിന്നും വിവരണത്തില്‍നിന്നും മനസ്സിലാക്കാവുന്ന കാര്യം എല്ലാവരും സാമ്പത്തികമായി വളരേയധികം കഷ്ടത അനുഭവിക്കുന്നവരാണെന്നാണ്. അവരുടെ അവസ്ഥ സമൂഹത്തെ കാണിക്കുകയും സമൂഹത്തിലെ നല്ല മനസ്സുകള്‍ അവര്‍ക്ക് സഹായം ചെയ്യുകയും ചെയ്താല്‍ നന്നായിരിക്കില്ലേ?..

  എന്റെ മനസ്സില്‍ തോന്നിയ ഒരാശയം ചിത്രകാരന്റെ പോസ്റ്റില്‍ ഞാന്‍ പങ്കുവച്ചിരുന്നു. ഞാന്‍ സംസാരിച്ച UAE ബ്ലോഗര്‍മാര്‍ വളരെ നല്ല പ്രതികരണമാണ് അതിന് നല്‍കിയത്.

  http://chithrakarans.blogspot.com/2011/05/endosulfan-issue-kasargod.html

  നല്ല പോസ്റ്റ്...

  ReplyDelete
 12. കാലികപ്രസക്തമായ പോസ്റ്റ്...

  ReplyDelete
 13. അവസരോചിതമായ പോസ്റ്റ്‌, എന്തുകൊണ്ടും പ്രസക്തം.

  ReplyDelete
 14. സഹ ജീവികളോടുള്ള ഈ അനുഭാവം അഭിനന്ദനം അര്‍ഹിക്കുന്നു ..

  ReplyDelete
 15. പ്രതികരണ ശേഷിയുള്ള ബ്ലോഗ് എഴുത്ത്...!


  ആശംസകള്‍സ്

  ReplyDelete
 16. Good reaction !
  Let the authorties ban all the pesticides, the deadly pesticides for the sake of HUMAN.

  www.viwekam.blogspot.com

  ReplyDelete
 17. നല്ല കാലിക പ്രശക്തമായ ബ്ലോഗ്‌...അഭിനന്ദനങ്ങള്‍..

  www.ettavattam.blogspot.com

  ReplyDelete
 18. പോരാട്ടവീഥിയിലൊപ്പം

  ReplyDelete