Skip to main content

എം എഫ് ഹുസൈന്‍- ഓര്‍മച്ചിത്രം.

ട്ടിലോ ഒമ്പതിലോ പഠിക്കുന്ന സമയത്താണ്‌ എം എഫ്‌ ഹുസൈനെക്കുറിച്ച്‌ ആദ്യം വായിക്കുന്നത്‌. ഒരു വാര്‍ഷികപ്പതിപ്പില്‍ എം എഫ്‌ ഹുസൈന്റെ ചിത്രങ്ങളുടെ ഒരു വായന. അന്ന്‌ കളറിലും ബ്ലാക്‌ ആന്റ്‌ വൈറ്റിലുമുള്ള ചിത്രങ്ങള്‍ വെട്ടിയെടുത്ത്‌ എന്റെ എഴുത്തുവര പുസ്‌തകത്തില്‍ ഒട്ടിച്ചുവെച്ചിരുന്നു.
എം എഫ്‌ ഹുസൈനെപ്പോലെ ഒരു ചിത്രകാരനാവണമെന്നായിരുന്നു അന്നത്തെ ആഗ്രഹം. വെട്ടിയൊട്ടിച്ച ഓരോ ഹുസൈന്‍ ചിത്രം നോക്കി വരക്കുമ്പോഴും ഉള്ളില്‍ ആഗ്രഹം പെരുകിക്കൊണ്ടേയിരുന്നു.
ബോര്‍ഡും ബാനറുമെഴുതിയും ചിത്രം വരച്ചും നടക്കുമ്പോഴും ഉള്ളില്‍ എം എഫ്‌ ഹുസൈനുണ്ടായിരുന്നു. അദ്ദേഹവും ബോംബെയില്‍ കൊമേഴ്‌സ്യല്‍ വര്‍ക്കു ചെയ്‌തലഞ്ഞതാണ്‌ കുറെ.
പിന്നീട്‌ ചിത്രം വര പഠിക്കാന്‍ കോഴിക്കോട്‌ യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍ ചേര്‍ന്നതിന്നു ശേഷമാണ്‌ എം എഫ്‌ ഹുസൈനെയും അദ്ദേഹത്തിന്റെ വര രീതികളെക്കുറിച്ചും കൂടുതല്‍ അറിയാനും പഠിക്കാനുമായത്‌.
കോഴിക്കോട്‌ സെന്‍ട്രല്‍ ലൈബ്രൈറിയില്‍ പോയി എം എഫ്‌ ഹുസൈന്‍ വരച്ച ചിത്രം കണ്ടത്‌ സുഹൃത്ത്‌ അനീസുമൊന്നിച്ചാണ്‌. പിന്നീട്‌ ലൈബ്രറിയില്‍ പോവുമ്പോഴൊക്കെ ആ ചിത്രം കാണും വിധമായിരുന്നു ഇരുന്നിരുന്നത്‌. വായനക്കിടയില്‍ അറിയാതെ ആ ചിത്രത്തിലേക്ക്‌ കണ്ണുപാളും. വളരെ ലളിതമായി വരച്ച ഒരു പെയ്‌ന്റിംഗ്‌. 94 ല്‍ കോഴിക്കോട്‌ കടപ്പുറത്ത്‌ ഉസ്‌താദ്‌ സക്കീര്‍ ഹുസൈനും എം എഫ്‌ ഹുസൈനും കൂടി നടത്തിയ, സംഗീതവും ചിത്രകലയും ചേര്‍ന്ന ജുഗല്‍ബന്ദി ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, ആ ചിത്രം നോക്കിയങ്ങിനെ ഇരിക്കുമ്പോള്‍ ആ വിരലുകള്‍ ചലിക്കുന്നതായും തബലയില്‍ നിന്ന്‌ മധുരസ്വരങ്ങള്‍ പുറപ്പെടുന്നതായും എനിക്ക്‌ തോന്നും. അപ്പോള്‍ ഒരു വെളുത്ത താടി കാറ്റില്‍ പറക്കുകയും നീളമുള്ള ബ്രഷില്‍ നിറങ്ങള്‍ പരക്കുകയും ചെയ്യും.
എം എഫ്‌ ഹുസൈന്‍ പഠന വിഷയമായിരുന്നില്ല. ആധുനിക ചിത്രകലയിലും ഹുസൈന്‍ വന്നിരുന്നില്ല. കെ സി എസ്‌ പണിക്കരില്‍ തീരുന്ന ആധുനികതയേ സിലബസിലുള്ളു.
പക്ഷെ അപ്പോഴും ഹുസൈന്‍ ചിത്രങ്ങള്‍ എന്റെ ചിത്രബുക്കില്‍ നിന്ന്‌ സ്വപ്‌നത്തില്‍ ഇറങ്ങി വരും. കടുത്ത നിറങ്ങളും കട്ടിയുള്ള രേഖകളും ഉണര്‍വിലും ബാക്കികിടക്കും.
പിന്നീടെപ്പോഴോ സ്വപ്‌നവും ലക്ഷ്യവും വഴിമാറിയപ്പോള്‍ പഴയ പുസ്‌തകം ചിതലരിച്ചു.
വര്‍ഷങ്ങള്‍ക്കു ശേഷം സഊദി അറേബ്യയില്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യേണ്ടി വന്നപ്പോഴാണ്‌ വീണ്ടും സ്വപ്‌നത്തില്‍ ഹുസൈന്‍ നിറയുന്നത്‌. പഠനകാലത്ത്‌ നിരവധി വിശ്വചിത്രകാരന്‍മാരുടെ ജീവിതവും വരയും ശൈലിയും പഠിച്ചിട്ടും പഴയ പുസ്‌തകങ്ങള്‍ വില്‍ക്കുന്ന മാനാഞ്ചിറയുടെ റോട്ടുവക്കില്‍ നിന്ന്‌ പഴയ ഗ്രെയിറ്റ്‌ ആര്‍ട്ടിസ്റ്റ്‌ മാഗസിന്റെ കോപ്പികള്‍ വാങ്ങി അതിലെ വിശ്വപ്രസിദ്ധ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടും ബ്രഷും പെയ്‌ന്റുമെടുത്താല്‍ മനസ്സില്‍ ആ വെളുത്ത താടി തെളിയും. ആദ്യമായി വായിക്കുകയും പകര്‍ത്തിവരക്കുകയും ചെയ്‌തത്‌ എം എഫ്‌ ഹുസൈനെ ആയതുകൊണ്ടാവാം ഇങ്ങനെയെന്ന്‌ തോന്നുന്നു.
വര മടുത്ത്‌ പണി നിര്‍ത്തി ഗള്‍ഫില്‍ നിന്നും പോന്നതില്‍പ്പിന്നെ അപ്പൂപ്പന്‍ താടി മനസ്സിലേക്ക്‌ പാറിവന്നിട്ടില്ല.
ആ മഹാനായ കലാകാരന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ വീണ്ടും പഴയ നോട്ട്‌ ബുക്ക്‌ നിവരുന്നു.
ഇന്ത്യന്‍ പാരമ്പര്യത്തില്‍ ആധുനികത ചേര്‍ത്ത്‌ സ്വന്തമായൊരു ശൈലി രൂപപ്പെടുത്താനായതാണ്‌ എം എഫ്‌ ഹുസൈന്‍ എന്ന ചിത്രകാരന്റെ വിജയം. ക്യൂബിക്‌ ശൈലിയിലുള്ള മൂര്‍ത്തമായ അമൂര്‍ത്ത ചിത്രങ്ങളാണ്‌ അദ്ദേഹത്തിന്റേത്‌.
ബോംബെയില്‍ സിനിമാപരസ്യങ്ങള്‍ വരച്ചു നടന്നിരുന്ന ഒരു പക്കാ കൊമേഴ്‌സ്യല്‍ ചിത്രകാരനില്‍ നിന്നും ലോകമാര്‍ക്കറ്റില്‍ വിലയുള്ള ചിത്രകാരനായി ത്തീര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം പലപ്പോഴും അത്‌ഭുതപ്പെടുത്തിയിട്ടുണ്ട്‌. ചിത്രകലക്കായി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്‌. എങ്ങനെയാണ്‌ ഇങ്ങനെ സാധിക്കുന്നത്‌. നീളമുള്ള ബ്രഷും കയ്യില്‍ പിടിച്ച്‌ പുഞ്ചിരിക്കുന്ന മുഖവുമായി ചെരിപ്പിടാത്ത രണ്ടു കാലുകള്‍ അപ്പോള്‍ മുന്നിലൂടെ നടന്നുപോകും. പ്രതാപത്തിലും പഴയ കാലത്തെ മറക്കാതിരിക്കാനാണത്രെ അദ്ദേഹം ചെരുപ്പ്‌ ഒഴിവാക്കിയത്‌. ചെരിപ്പിടാതെ നടന്ന്‌ ശീലമുണ്ട്‌, അന്ന്‌ ചെരിപ്പു വാങ്ങാന്‍ കാശില്ലായിരുന്നു.
കുറഞ്ഞ വരകളും നിറങ്ങളും കൊണ്ട്‌ വലിയ ക്യാന്‍വാസിനേക്കാളും വിശാലമായ ആശയങ്ങളും ചിന്തകളും പകരാന്‍ വളരെ ലളിതമായി അദ്ദേഹത്തിനായി. നിറങ്ങള്‍ പ്രയോഗിക്കുന്നതിലെ സൂക്ഷ്‌മതയും ശ്രദ്ധയും ചിത്രത്തിന്‌ തീക്ഷ്‌ണമായ കാഴ്‌ചാനുഭവങ്ങള്‍ പകരാന്‍ സഹായകമായി. നിരന്തരമായി വരച്ചും പരീക്ഷണങ്ങള്‍ തുടര്‍ന്നുമാണ്‌ ഹുസൈന്‍ രൂപപ്പെടുന്നത്‌. പാരമ്പര്യ ശൈലികള്‍ക്കപ്പുറത്ത്‌ പുതിയ രൂപകങ്ങള്‍ തീര്‍ക്കാനും പരീക്ഷണങ്ങള്‍ നടത്താനും അതിലൂടെ ചിത്രകലയില്‍ സ്വന്തമായ വ്യക്തിത്വം രൂപപ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞതാണ്‌ സമകാലികരായ ചിത്രകാരന്‍മാരില്‍ നിന്നും അദ്ദേഹത്തെ വ്യതിരിക്തനാക്കിയതും ശ്രദ്ധേയനാക്കിയതും. 



ഹുസൈന്‌ സ്വന്തമായ ചില പ്രതീകങ്ങളും ബിംബങ്ങളുമുണ്ടായിരുന്നു. ശക്തിയുടെ പ്രതീകമായ കുതിരകള്‍ ഹുസൈന്‍ ചിത്രങ്ങളില്‍ നിറഞ്ഞുകുതിക്കുന്നുണ്ട്‌. ആ കുതിപ്പിന്റെ ശക്തിയും ഊര്‍ജവും നിറഞ്ഞു കിടപ്പുണ്ട്‌ ഓരോ ചിത്രത്തിലും. അസാധാരണമായ ചലനാത്മകതയായിരുന്നു ആ ചിത്രങ്ങളൊക്കെയും. ഹുസൈന്റെ ജീവിതത്തിലും ആ ഊര്‍ജസ്വലത കാണാം. വാര്‍ധക്യത്തിലും തളരാത്ത ആവേശത്തോടെ നിര്‍ത്താതെ വരച്ചു കൊണ്ടേയിരുന്നു അദ്ദേഹം.
ഭാരതീയ ഇതിഹാസങ്ങളെ ആധുനികതയിലേക്ക്‌ മാറ്റി വരക്കാനുള്ള ശ്രമമാണ്‌ അദ്ദേഹം നടത്തിയത്‌.
ഇന്ത്യന്‍ പിക്കാസോ എന്നറിയപ്പെട്ട ഹുസൈന്റെ വരകളില്‍ പിക്കാസൊയുടെ സാന്നിധ്യമുണ്ടായിരുന്നു. പിക്കാസൊയുടെ ശൈലിയോട്‌ ചേര്‍ന്നു നില്‍ക്കുന്നുണ്ട്‌ അദ്ദേഹത്തിന്റെ പല രചനകളും. പിക്കാസൊയോടൊപ്പം വേദി പങ്കിടാനും ചിത്രപ്രദര്‍ശനം നടത്താനും ഭാഗ്യം കിട്ടിയ ഇന്ത്യയുടെ അഭിമാനമാണ്‌ ഹുസൈന്‍.
ഭാരതീയ ജീവിത രീതിയും പാരമ്പര്യവും കോര്‍ത്തിണക്കി , എക്‌സ്‌പ്രഷനിസവും ഇംപ്രഷനിസവും തുടങ്ങിയ ആധുനിക സങ്കേതങ്ങളെ ഭാരതീയ പാരമ്പര്യം ചോര്‍ത്തിക്കളയാതെ ചിത്രത്തിലേക്ക്‌ സംയോജിപ്പിക്കുകയാണ്‌ ഹുസൈന്‍ ചെയ്‌തത്‌. ചിത്രകലയുടെ കച്ചവട സാധ്യത കൃത്യമായി തിരിച്ചറിയുകയും അതിനനുസരിച്ച്‌ തന്റെ ചിത്രങ്ങളെ പരിഷ്‌കരിക്കുകയും ചെയ്‌തു കൊണ്ടിരുന്നു ഹുസൈന്‍. ഹോളിവുഡ്‌ സുന്ദരികളെ മോഡലുകളാക്കി വരച്ച ചിത്രങ്ങള്‍ ആ കച്ചവട സാധ്യതയെ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി കരുതാനാണ്‌ എനിക്കിഷ്‌ടം.
ചിത്രകലക്ക്‌ ലോകമാര്‍ക്കറ്റിലുള്ള സാധ്യതകളെക്കുറിച്ച്‌ ഇന്ത്യന്‍ ചിത്രകാരന്‍മാര്‍ക്ക്‌ മനസ്സിലാക്കിക്കൊടുത്തത്‌ അദ്ദേഹമായിരുന്നു.
മലയാളത്തെയും കേരളസൗന്ദര്യത്തെയും ഹുസൈന്‍ ക്യാന്‍വാസിലേക്ക്‌ പകര്‍ത്തിയിട്ടുണ്ട്‌. കല്യാണിക്കുട്ടിയുടെ കേരളം എന്ന്‌ പേരിട്ട ഹുസൈന്റെ കേരള ചിത്രങ്ങളുടെ പ്രദര്‍ശനം ഇതുവരെ നടന്നിട്ടില്ലെന്നത്‌ കേരളീയന്റെ ദു:ഖമാണ്‌.
രാജാരവിവര്‍മക്കു ശേഷം ഇന്ത്യന്‍ ചിത്രകലയെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടിയത്‌ ഹുസൈനാണ്‌. ആ വിഖ്യാത ചിത്രകാരന്‍ ആധുനിക ചിത്രകലക്കു ചെയ്‌ത സംഭാവനകള്‍ ചെറുതല്ല. അവിടെയാണ്‌ ഇന്ത്യക്കാര്‍ അഭിമാനിക്കേണ്ടത്‌.
അദ്ദേഹം വരച്ച ചില ചിത്രങ്ങളുടെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം നാടു വിടാനും മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കാനും നിര്‍ബന്ധിതനാവുകയായിരുന്നല്ലോ. ആ ചിത്രങ്ങളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞോ, ക്ഷേത്രങ്ങളോടനുബന്ധമായ നഗ്ന ശില്‍പങ്ങളെ കാണിച്ചോ ന്യായീകരിക്കാവുന്നതാണ്‌. ആ ചിത്രങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാവാന്‍ പാടില്ലായിരുന്നു എന്ന്‌ നിരീക്ഷിക്കുന്നവരുമുണ്ട്‌. പക്ഷേ, അതിന്റെ പേരില്‍ ഇന്ത്യ ആ മഹാനായ ചിത്രകാരനോട്‌ ചെയ്‌തത്‌ ന്യായീകരിക്കാനാവാത്ത തെറ്റാണ്‌. ഇനി ഒരിക്കലും തിരുത്താനാവില്ല. ചരിത്രത്തില്‍ തലതാഴ്‌ത്തി വായിക്കേണ്ട ഒരു ഭാഗമായി ഹുസൈന്‍ ബാക്കിയാവുന്നത്‌ അങ്ങനെയാണ്‌.
വിവാദങ്ങളുടെ രാഷ്‌ട്രീയം തിരിച്ചറിയാതെ അല്ല ആ ചിത്രങ്ങളെ ന്യായീകരിക്കാതിരിക്കുന്നത്‌. ചിത്രകാരന്റെ പേരാണ്‌ വിവാദത്തിനു കാരണമായതെന്ന ചിന്തകള്‍ക്കാണ്‌ പ്രസക്തി. ഹൈന്ദവ ഫാസിസ്റ്റുകളുടെ സാംസ്‌കാരിക ഭീകരതയാണ്‌ ഹുസൈന്‍ വിരുദ്ധ കലാപത്തിലൂടെ വ്യക്തമായത്‌.
ഖത്തറിലെ ജീവിതം പുതിയ ചില പ്രതീക്ഷകള്‍ കൂടി പകരുന്നതായിരുന്നു. ഇസ്‌ലാമിക-അറേബ്യന്‍ സംസ്‌കാരത്തെ നിറങ്ങളിലേക്കും വരകളിലേക്കും പകര്‍ത്താനുള്ള ശ്രമവും ഉണ്ടായിക്കൊണ്ടിരുന്നു. ആ ശ്രമം മുന്നോട്ടു പോയിരുന്നെങ്കില്‍ ഇസ്‌ലാമിക കലയ്‌ക്കത്‌ വലിയ മുതല്‍കൂട്ടായേനെ. ഖത്തറില്‍ നടന്ന പ്രദര്‍ശനത്തിലുണ്ടായിരുന്ന അല്ലാഹ്‌, അല്‍ കഹ്‌ഫ്‌ എന്നീ ചിത്രങ്ങള്‍ അറബിക്‌ കാലിഗ്രഫിയും ആധുനിക ചിത്രകലയും സംയോജിപ്പിച്ചുള്ള വ്യത്യസ്‌തമായ രചനകളായിരുന്നു.
എം എഫ്‌ ഹുസൈന്റെ വിയോഗം ഇന്ത്യന്‍ ചിത്രകലക്കു മാത്രമല്ല, ലോക ചിത്രകലക്കുള്ള നഷ്‌ടമാണ്‌.
ആ വിശ്വചിത്രകാരന്റെ നല്ല നിറങ്ങളും വരകളും അധികമുണ്ടല്ലോ, നമുക്ക്‌ മനസ്സില്‍ സൂക്ഷിക്കാന്‍. 
മഹാനായ ചിത്രകാരന്‌ സ്‌നേഹത്തിന്റെ ആദരാജ്ഞലികള്‍. . 

-വര്‍ത്തമാനം ആഴ്ചപ്പതിപ്പ് - 2011 ജൂണ്‍ 12

വര്‍ത്തമാനം ആഴ്ചപ്പതിപ്പ് - 2011 ജൂണ്‍ 12- page 1

Comments

  1. നന്നായി എഴുതി മുഖ്താര്‍ ഭായ്!
    അറിയാത്ത ഒരു പാട് കാര്യങ്ങളിലേക്ക് ഈ ലേഖനം വെളിച്ചം വീശി...
    നന്ദി.
    !

    ReplyDelete
  2. ഒരു നല്ല വായന സമ്മാനിച്ചതിന് നന്ദിയുണ്ട്, മുക്താര്‍ ഭായ്. അതും ഒരു ലോകോത്തര കലാകാരനെക്കുറിച്ചു. ആശംസകള്‍.

    ReplyDelete
  3. മുഖ്തറിന്റെ വരികൾ അന്തരിച്ച മഹാനായ കലാകാരൻ അർഹിക്കുന്ന ബഹുമാനം ആവിഷ്കരിച്ചു. നന്ദി.

    ReplyDelete
  4. നല്ല ലേഖനം. എം.എഫ് ഹുസൈന് ആദരാഞ്ജലികള്‍....

    ReplyDelete
  5. നല്ല ലേഖനം. മുക്താർ ഭായിയിലെ ചിത്രകലാകാരന് അഭിന്ദനങ്ങൾ....... ആ മഹാനായ ചിത്രകാരന് ആദരാഞലികൾ....

    ReplyDelete
  6. നല്ല ലേഖനം.
    കലാകാരന് മാത്രമേ കലാകാരനെ തിരിച്ചറിയാന്‍ കഴിയൂ എന്ന് തെളിയിക്കപ്പെട്ടു.

    ReplyDelete
  7. നല്ല ലേഖനം... ആശംസകള്‍...

    ReplyDelete
  8. ചരിത്രത്തില്‍ തലതാഴ്‌ത്തി വായിക്കേണ്ട ഒരു ഭാഗമായി ഹുസൈന്‍ ബാക്കിയാവുന്നത്‌ അങ്ങനെയാണ്‌..:(
    ഒരുപാട് നല്ലപങ്കിടലുകളുടെ ഹൃദ്യമായ ലേഖനം..! വിശ്വചിത്രകാരന് താങ്കളിലെ കലാകാരന്‍ നല്‍കുന്ന നല്ലൊരാദരമായി ഈ ഓര്‍മ്മച്ചിത്രം.അഭിനന്ദനങ്ങള്‍.

    ReplyDelete
  9. നന്ദി, ഗൌരവമുള്ള വായനയ്ക്ക് അവസരമൊരുക്കിയതിന്.

    ReplyDelete
  10. മഹാനായ കലാകാരന് ആദരാഞ്ജലികള്‍.

    ReplyDelete
  11. വളരെ നല്ല ഒരു ലേഖനം. ശരിക്കും ആസ്വദിച്ചു.

    ReplyDelete
  12. ആ മഹാ ചിത്രകാരനു ആദരാഞജലികൾ....
    നല്ല പോസ്റ്റ്..ആശംസകൾ

    ReplyDelete
  13. ഇതിവിടെ പ്രത്യക്ഷപ്പെട്ട സമയത്ത് തന്നെ വായിച്ചിരുന്നു.
    ഇഷ്ടപ്പെട്ട ചിലകുറിപ്പുകളോട് മിണ്ടാതെ പോകുന്ന സ്വാഭവമുണ്ട്.
    അതാണ്‌ അന്നോന്നും പറയാതെ പോയത്.
    ചിത്രകലയെക്കുറിച്ച് വെല്യ അറിവൊന്നുമില്ല.
    ഹുസ്സൈനെക്കുറിച്ച് ഒത്തിര്‍കേട്ടിട്ടുണ്ട്.
    വരക്കാനും അവനവനെ നന്നയി വില്‍ക്കാനും അറിയാവുന്ന കലാകാരന്‍ എന്നാണ്‌ അന്നേ തോന്നിയത്.
    കലാകാരന്മാര്‍ക്ക് കുറച്ചേറെ തോന്ന്യാസം കാണീക്കാന്‍ സമൂഹം അനുവദിച്ച് കൊടുക്കണം.
    നമ്മള്‍ അത്രത്തോളം വളര്‍ന്നിട്ടില്ല എന്നാണ്‌ അദ്ദേഹത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്.
    വര വച്ചിട്ടാണ്‌ അദ്ദേഹം പോയത്. അതൊക്കെ വരവ് വയ്ക്കാന്‍ നമ്മളിനിയും സമ്യമെടുക്കുമായിരിക്കും.
    (മെയില്‍ കിട്ടേണ്ട കൂട്ടത്തിലേക്ക് എന്നെയും കൂട്ടിയതിന്‌ പ്രത്യേകം നന്ദി.)

    ReplyDelete
  14. വരയ്ക്കാനും, വരയ്ക്കുന്നവരെയും ചെറുപ്പം മുതലേ
    ഒത്തിരി ഇഷ്ടമായിരുന്നു... എന്നിട്ടും ഹുസ്സൈനെ
    എനിക്കെന്തോ ഇഷ്ടമല്ലായിരുന്നു... അതിനു കാരണം അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുള്ള വിവാദങ്ങള്‍ ആവാം.... ആദ്യമായാണ് ഹുസ്സൈനെക്കുറിച്ച്, അദ്ദേഹത്തിന്‍റെ നല്ല വശങ്ങള്‍ മാത്രം എടുത്തു കാണിച്ചുള്ള ഒരു ലേഖനം ഞാന്‍ വായിക്കുന്നത്...
    ഒരുപാട് വൈകിപ്പോയെങ്കിലും
    അദ്ദേഹത്തോടുണ്ടായിരുന്ന ആ ഇഷ്ടക്കേട് കുറയാന്‍ ഈ വായന കാരണമായി... ഒത്തിരി നന്ദി...
    മഹാനായ ആ ചിത്രകാരന് ആദരാഞ്ജലികള്‍....

    ReplyDelete
  15. ആ ലോകോത്തര കലാകാരനെക്കുറിച്ചു കൂടുതല്‍ അറിവ് പകരുന്ന ലേഖനം , സന്തോഷം മുഖ്താര്‍ ഭായ്.

    ReplyDelete
  16. വൈകി അല്ലെ .... :((

    ReplyDelete
  17. ഹുസ്സൈന്റെ ചില ഒറിജിനൽ ചിത്രങ്ങൾ കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ടെനിയ്ക്ക്.

    ഈ കുറിപ്പ് വളരെ നന്നായി. അഭിനന്ദനങ്ങൾ.

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.