Jul 18, 2011

തലയെണ്ണി തലയെണ്ണിത്തീരും മുന്‍പ്...


പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ തലയെണ്ണിക്കഴിഞ്ഞിരിക്കുന്നു. ഔദ്യോഗികമായി പോക്കുവരവുകണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും നമുക്കറിയാം വരവ്‌ കുറയാനാണ്‌ സാധ്യതകളെന്ന്‌. അതിന്റെ ശതമാനക്കണക്കാണ്‌ ഇനി അറിയാനുള്ളത്‌.
കണക്കുകള്‍ പുറത്തു വരുന്നതോടെ സ്വാഭാവികമായും
പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയിലുള്ള ആശങ്കകളുണരും. അനക്കമില്ലാത്ത ചര്‍ച്ചകളുമുണ്ടായേക്കാം. പറഞ്ഞുമടുത്ത കാരണങ്ങള്‍ ആവര്‍ത്തിച്ചുരുവിടും.
ഇംഗ്ലീഷ്‌ മീഡിയത്തിലേക്കുള്ള ഒലിച്ചുപോക്ക്‌... പൊതുവിദ്യാലങ്ങളിലെ ഗുണനിലവാരത്തകര്‍ച്ച...
ഏറ്റവും പുതിയതായി തലപ്പത്തുള്ളവര്‍ തലപുകഞ്ഞ്‌ കണ്ടെത്തിയ കാരണങ്ങളും.. പെതുവെ ജനസംഖ്യയിലുണ്ടായ കുറവാണത്രെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ കുറവിന്റെ കാരണം!
അങ്ങനെ എത്രയെത്ര കാരണങ്ങള്‍..
എന്നാല്‍ യഥാര്‍ഥ കാരണങ്ങളെ കണ്ടെത്താനോ പരിഹാരമുണ്ടാക്കാനോ ആരും മുതിരാറില്ല.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടേണ്ടത്‌ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനാവശ്യമാണെന്ന തിരിച്ചറിവ്‌ ഇനിയും നമുക്കുണ്ടായിട്ടില്ല. വിവിധ ജാതിയിലും മതത്തിലും പെട്ട മനുഷ്യര്‍ സാഹോദര്യത്തിലും ഐക്യത്തിലും കഴിഞ്ഞിരുന്ന നാടാണ്‌ നമ്മുടേത്‌. പരസ്‌പരം അറിഞ്ഞും സഹായിച്ചും സഹകരിച്ചുമാണ്‌ നാം കഴിഞ്ഞിരുന്നത്‌. വ്യത്യസ്‌ത മതത്തില്‍ പെട്ടവര്‍ക്ക്‌ ഒന്നിച്ചിരുന്ന്‌ പഠിക്കാനും ഉച്ചയൂണും കൂട്ടാനും ഷെയര്‍ചെയ്യാനും മടിയുണ്ടായിരുന്നില്ല. സ്വന്തം വിശ്വാസങ്ങളും വ്യക്തിത്വവും നിലനിര്‍ത്തിക്കൊണ്ട്‌ തന്നെ പരസ്‌പരം ഇടപഴകാനും സ്‌നേഹിക്കാനും നമുക്ക്‌ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന്‌ വളരെ ഭീകരമായ ചേരിതിരിവ്‌ നമ്മുടെ കുട്ടികള്‍ക്കിടയില്‍ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌. വികലമായ വിദ്യാഭ്യാസ കാഴ്‌ചപ്പാടുകളും അന്ധമായ സങ്കുചിത ചിന്തകളും ഭാവിയില്‍ വളരെ അപകടകരമായ സ്ഥിതിയാവും നമ്മുടെ നാട്ടില്‍ ഉണ്ടാക്കുക. പൊതു വിദ്യാഭ്യാസത്തിന്‌ ബദലായി ഉയര്‍ന്നുവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന ഭീകരമായ ആശങ്കയാണത്‌. മതാടിസ്ഥാനത്തിലാണ്‌ അത്തരം സ്ഥാപനങ്ങളിലേറെയും പ്രവര്‍ത്തിക്കുന്നത്‌. മതവും ജാതിയും തിരിച്ച്‌ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ദിനേന പൊട്ടിമുളച്ചു കൊണ്ടിരിക്കുകയാണ്‌. അതിനൊക്കെ അംഗീകാരവും അനുമതിയും നല്‌കി മാറിമാറി വരുന്ന സര്‍ക്കാറുകളും തങ്ങളുടെ ധര്‍മം നിറവേറ്റിക്കൊണ്ടിരിക്കുന്നു.
മുസ്‌ലിം കുട്ടി മുസ്‌ലിം സ്‌കൂളിലും ഹിന്ദുകുട്ടി ഹിന്ദു സ്‌കൂളിലും കൃസ്‌ത്യന്‍ കുട്ടി കൃസ്‌ത്യന്‍ സ്‌കൂളിലും പഠിക്കുന്നു. (അതും കടന്ന്‌ ജാതിയും ഉപജാതിയും തിരിഞ്ഞ്‌ സ്ഥാപനങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു.) തൊട്ടടുത്ത വീട്ടിലെ കുട്ടികള്‍ തങ്ങളുടെ ബസ്സുകാത്ത്‌ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നു. പരസ്‌പരം അറിയാനോ അടുത്തിടപഴകാനോ സാഹചര്യമില്ല, അവസരമില്ല.
വര്‍ഗീയധ്രുവീകരണത്തിന്‌ ആക്കം കൂട്ടുകയും സാമൂഹിക ജീവിതത്തിന്‌ തടസ്സമുണ്ടാക്കുകയുമാണ്‌ ഈ പുതിയ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ഫലമായി ഉണ്ടായിത്തീരുക.
ഏറെ വൈകാതെ ഓരോ മതവിശ്വാസികള്‍ക്കും പ്രത്യേകം ചേരികളും ഗല്ലികളുമൊക്കെ രൂപപ്പെടാതിരിക്കില്ല. അതിരുകളും മതിലുകളും മനസ്സില്‍ മാത്രമല്ല, നമ്മുടെ നാട്ടിലും നിറയാതിരിക്കില്ല.
മനുഷ്യന്‍ കൂടുതല്‍ സ്വാര്‍ഥനും സങ്കുചിതചിന്താഗതിക്കാരനും യാഥാസ്ഥിതികനുമായിത്തീരുന്ന ഇക്കാലത്ത്‌ ഇത്തരം ചിന്തകള്‍ക്ക്‌ ചെവികൊടുക്കാന്‍ ആളെക്കിട്ടില്ലെന്ന തിരിച്ചറിവുണ്ടായിരിക്കെത്തന്നെയാണ്‌ ഈ ആശങ്കകള്‍ പങ്കുവെക്കുന്നത്‌.
പൊതുവിദ്യാലയത്തിലെ വിദ്യാഭ്യാസ രീതി ഫലപ്രദമല്ലെന്നും ഗുണപരമല്ലെന്നും പരാതിപ്പെടുന്നവരുടെ ചിന്താഗതിയനുസരിച്ച്‌ എന്താണ്‌ ഗുണനിലവാരം കൊണ്ടര്‍ഥമാക്കുന്നത്‌ എന്നു കൂടി വ്യക്തമാക്കേണ്ടതുണ്ട്‌.
ദൂരദര്‍ശനും വിക്‌ടേഴ്‌സ്‌ ചാനലും സംപ്രേഷണം ചെയ്‌ത ഹരിതവിദ്യാലയം എന്ന പരിപാടി പൊതുവിദ്യാഭ്യാസരംഗത്തുള്ള ഉണര്‍വും ഉയരവും വെളിപ്പെടുത്തുന്നതായിരുന്നു.
വിദ്യാഭ്യാസത്തിന്റെ നിര്‍വചനവും ലക്ഷ്യവും എന്താണെന്ന്‌ മനസ്സിലാക്കാനാവാത്തതാണ്‌ ഗുണനിലവാരവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ആശങ്കകള്‍ക്ക്‌ കാരണം.
പൊതുവിദ്യാലയത്തോട്‌ താരതമ്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നാം കണ്ടെത്തുന്ന ഗുണമേന്‍മകള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളോട്‌ എത്രത്തോളം നീതിപുലര്‍ത്തുന്നുണ്ടെന്ന്‌ മാത്രം നാമാരും ചിന്തിക്കാറില്ല. തീര്‍ത്തും വികലവും അശാസ്‌ത്രീയവുമായ പാഠ്യപദ്ധതിയും പഠന രീതിയും പിന്തുടരുന്ന ഇത്തരം സ്ഥാപനങ്ങളിലെ കപടമായ നിറപ്പകിട്ടുകള്‍ കണ്ട്‌ അന്ധാളിച്ചിരിക്കുകയാണ്‌ നമ്മള്‍.
വിദ്യാഭ്യാസം മനുഷ്യനെ മനുഷ്യനാക്കുന്ന പ്രക്രിയയാണ്‌. വിദ്യാലയങ്ങളില്‍ നിന്നും മൂല്യവിചാരങ്ങളും ധാര്‍മിക കാഴ്‌ചപ്പാടുകളും രൂപപ്പെടുകയും സാമൂഹിക പ്രതിബദ്ധത വളരുകയും വേണം.
എന്നാല്‍ ഇന്ന്‌ കുറഞ്ഞ സമയം കൊണ്ട്‌ കൂടുതല്‍ പണമുണ്ടാക്കാനുള്ള ഉപാദികളിലേക്കുള്ള കുറുക്കു വഴികള്‍ കണ്ടെത്തലാണ്‌ വിദ്യാഭ്യാസത്തിലൂടെ നടക്കുന്നത്‌.
അതുകൊണ്ടൊക്കെയാണ്‌ നാം പൊതുവിദ്യാലയങ്ങളെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നത്‌.
പൊതുവിദ്യാലയങ്ങളിലെ ഭൗതികസാഹചര്യങ്ങള്‍ ഇന്ന്‌ ഒരു പരിധിവരെ തൃപ്‌തികരമാണ്‌. കുട്ടികളുടെ മാനസികവളര്‍ച്ചയും സര്‍ഗാത്മകമായ ഉയര്‍ച്ചയും പൊതുവിദ്യാലയത്തില്‍ നിന്നും വരുന്ന കുട്ടികളില്‍ മറ്റു കുട്ടികളെ അപേക്ഷിച്ച്‌ കൂടുതലാണെന്ന വസ്‌തുത അംഗീകരിക്കാന്‍ മടിയുള്ളതാണെങ്കിലും വസ്‌തുതയാണ്‌.
പൊതുവിദ്യാലയങ്ങളുടെ നിലനില്‍പ്പിന്റെ ആവശ്യകത തിരിച്ചറിഞ്ഞുള്ളൊരു സമീപനമാണ്‌ ഇനി ഉണ്ടാവേണ്ടത്‌. രക്ഷിതാക്കളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാറിനും അധ്യാപകര്‍ക്കും കഴിയണം. പൊതു വിദ്യാലയങ്ങളിലെ ഭൗതിക ചുറ്റുപാടുകള്‍ എത്രത്തോളം വിപുലമാണെന്ന്‌ പലര്‍ക്കുമറിയില്ല. കാരണം അവരൊന്നും പൊതു വിദ്യാലയങ്ങളില്‍ ചെന്ന്‌ നോക്കിയല്ല കാര്യങ്ങളെ വിലയിരുത്തുന്നത്‌. അതു കൊണ്ടു തന്നെ പൊതുവിദ്യാലയങ്ങളിലെ പഠനാന്തരീക്ഷവും പഠന നിലവാരവും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. പുതിയ പഠനരീതിയും സമീപനവും കൊണ്ടുണ്ടാവുന്ന ഗുണത്തെക്കുറിച്ചും ബോധവല്‍ക്കരണം ഉണ്ടാവണം.
തങ്ങളുടെ ജോലിയുടെ സംരക്ഷണത്തിനായുള്ള പിടച്ചിലുകള്‍ക്കപ്പുറം ആത്മാര്‍ഥമായ സന്നദ്ധസേവനങ്ങള്‍ക്ക്‌ അധ്യാപകര്‍ ഇറങ്ങിപ്പുറപ്പെടണം.
പൊതുസമൂഹത്തിനും ഉത്തരവാദിത്തമുണ്ട്‌. ഉത്തരവാദിത്തങ്ങള്‍ മറന്നുകൊണ്ട്‌ നാമെല്ലാം കുറ്റങ്ങള്‍ കണ്ടെത്താന്‍ മല്‍സരിച്ചു കൊണ്ടിരുന്നാല്‍ പിന്നെ ആരാണ്‌ പെതുവിദ്യാഭ്യാസത്തെ രക്ഷിച്ചെടുക്കുക? 
.
ഫോട്ടോ പാച്ചുവിന്റേത് 'കോച്ചി'യത്

31 comments:

 1. പൊതുസമൂഹത്തിനും ഉത്തരവാദിത്തമുണ്ട്‌. ഉത്തരവാദിത്തങ്ങള്‍ മറന്നുകൊണ്ട്‌ നാമെല്ലാം കുറ്റങ്ങള്‍ കണ്ടെത്താന്‍ മല്‍സരിച്ചു കൊണ്ടിരുന്നാല്‍ പിന്നെ ആരാണ്‌ പെതുവിദ്യാഭ്യാസത്തെ രക്ഷിച്ചെടുക്കുക?

  ReplyDelete
 2. നന്നായിട്ടുണ്ട്!

  ReplyDelete
 3. ഇക്കാര്യത്തില്‍ താങ്കളുടെ ആശങ്കകള്‍ ഞാനും പങ്കു വെയ്ക്കുന്നു.പക്ഷെ നമുക്ക് നഷ്ടപ്പെട്ട സാമൂഹ്യ ജീവിതം തിരിച്ചു കിട്ടാന്‍ എന്ത് വഴി??? ഇന്ന് എല്ലാവരും അവരിലേക്ക് തന്നെ ഒതുങ്ങി കൂടുകയല്ലേ???ആശയവിനിമയം ഇല്ലാണ്ടായല്ലോ..പിന്നെ എന്ത് പൊതു സമൂഹം???ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിചിരിക്കുന്നൂ...

  ReplyDelete
 4. നിങ്ങളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു...ആശങ്കകള്‍ പങ്കു വെക്കുന്നു.. പല മതസ്ഥരായ കൂട്ടുകാരുടെ കൂടെ കളിച്ചു പഠിച്ചു വളര്‍ന്നതിനാല്‍, ആശയപരമായ വിയോജിപ്പ് നിലനില്‍ക്കുമ്പോഴും, മറ്റു മതസ്ഥരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനും ബന്ധങ്ങള്‍ക്ക് മാനുഷിക തലങ്ങള്‍ നല്‍കാനും നമ്മള്‍ ശീലിച്ചിരുന്നു.. പക്ഷെ നമ്മുടെ മക്കള്‍...ഹിന്ദു മുസ്ലിം ക്രിസ്ത്യാനി ടാഗുകള്‍ അവരെ അകറ്റുന്നു...ഒരു തരം ഭയം പോലെ..!

  സര്‍ക്കാര്‍ വിധ്യലയങ്ങളുടെ 'സ്റ്റാന്‍ഡേര്‍ഡ്' പ്രൈവറ്റ് വിദ്യാലയങ്ങളോട് കിട പിടിക്കുന്നതാണെന്ന് തോന്നുന്നില്ല.. കാരണം ഈ 'സ്റ്റാന്‍ഡേര്‍ഡ്' എന്നതിന്റെ 'അര്‍ഥം' (സാധാരണക്കാര്‍ നല്‍കുന്ന) ഒന്ന് വേറെ തന്നെയാണ്.. അത് വെറും അടിസ്ഥാന സൌകര്യങ്ങളെ അല്ല.. മറിച്ചു 'ജനിച്ചു വീഴും മുമ്പ് തന്‍ എന്‍ മകന്‍ ഇംഗ്ലീഷ് പഠിക്കാന്‍..' എന്ന് പറഞ്ഞ കൂട്ടാണ്.
  സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കു സ്റ്റാന്‍ഡേര്‍ഡ് കൂടി എന്ന് പൊതു ജനം എങ്ങനെ തിരിച്ചറിയും..? ആ വിദ്യാലയത്തിലെ അധ്യാപകര്‍ സ്വന്തം മക്കളെ തന്‍ പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ അയക്കാതെ നാട്ടിലെ പേര് കേട്ട ഇംഗ്ലീഷ് മീഡിയം ചേര്‍ത്തിട്ടു, അവരുടെ ജോലി പോകാതിരിക്കാന്‍ മറ്റുള്ളവരുടെ മക്കളെ തങ്ങളുടെ സ്കൂളില്‍ അയക്കാന്‍ കാലുപിടിക്കുന്നതില്‍ എനിക്ക് വ്യക്തിപരമായി അംഗീകരിക്കാന്‍ ആവില്ല..അങ്ങനെ ചെയ്യുക വഴി ആ അധ്യാപകര്‍ തെളിയിക്കുന്നത് 'താന്‍' പഠിപ്പിക്കുന്നതിന്റെ നിലവാരം ശെരിയല്ല എന്ന് തന്നെയാണ്...അതല്ല എങ്കില്‍ സ്വന്തം മക്കളെ അയക്കാനുള്ള ചങ്കൂറ്റം കാണിക്കണം...
  നമ്മുടെ പൊതു വിദ്യാലയങ്ങളിലെ പഠന നിലവാരം ഉയരതിയെ പറ്റു.. കഴിവുറ്റ അധ്യാപകര്‍ ഉണ്ടാകണം.. 'പാവങ്ങളുടെ' മക്കള്‍ക്ക്‌ കഞ്ഞി കുടിക്കാനുള്ള വകയാക്കി മാത്രം കാണുന്ന അവസ്ഥ അധ്യാപകര്‍ hardwork ചെയ്‌താല്‍ മാട്ടിയെടുക്കവുന്നത്തെ ഉള്ളു. പോതുവിധ്യലയങ്ങളിലെ ഇംഗ്ലീഷ് ഭാഷ പഠനത്തിന്റെ നിലവാരം കൂട്ടണം... പ്രൈവറ്റ് വിദ്യാലയങ്ങളോട് കിട പിടിക്കുന്ന അടിസ്ഥാന, നൂതന സൌകര്യങ്ങള്‍ വരണം...

  നമ്മള്‍ എന്തൊക്കെ പറഞ്ഞാലും, നമ്മുടെ നാട്ടില്‍ വിദ്യസമ്പന്നരായ എല്ലാ ചെറുപ്പക്കാര്‍ക്കും അവരുടെ കഴിവും സാമര്ധ്യവും തെളിയിക്കാനുള്ള തൊഴില്‍ അവസരങ്ങള്‍ കുറവാണ്.. മറു നാട്ടില്‍ ജോലി തേടേണ്ട അവസ്ഥയില്‍ ശക്തമായ ഒരു ഇംഗ്ലീഷ് അടിത്തറ അത്യാവശ്യമാണ്... എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം (അനുഭവവും) ! അതല്ലെങ്ങില്‍ നമ്മുടെ നാട്ടില്‍ എല്ലാവര്ക്കും തിരഞ്ഞെടുക്കാന്‍ പാകത്തിന് ജോലി സാധ്യതകള്‍ വേണം... ചിനക്കാര്‍ ഇംഗ്ലീഷില്‍ എത്രെ മോശം ആണ്... പക്ഷെ അവര്‍ക്ക് അവരുടെ നാട് നല്‍കുന്ന തൊഴില്‍ അവസരങ്ങള്‍ വളരെ വലുതാണ്... ഒരു കൊണ്ട് മാതൃഭാഷയെ വിട്ടു കളിക്കേണ്ട ആവശ്യം വരുന്നില്ല..

  ReplyDelete
 5. Nishana യുടെ കമന്റിനൊരു സല്യൂട്ട് :)

  ReplyDelete
 6. ഈ ആശങ്ക സാമൂഹിക ജീവിതം കൊതിക്കുന്ന എല്ലാവരുടെ മനസ്സിലും ഉണ്ട്. ആര്‍ക്കും തനിച്ചു ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥയും. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന സര്‍ക്കാര്‍ വെറും രാഷ്ട്രീയതാല്പര്യത്തെ മാത്രം ഗൌനിക്കുന്നു.
  ഇവിടെ ജോലി സാധ്യത കുറവായത് കൊണ്ടല്ല ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്റെ പിറകെ പോകുന്നത്. അത് വെറുമൊരു ജാടയാ, സംശയമില്ല. ഇവിടെ ഉള്ള ജോലി ചെയ്യാന്‍ പോലും ആരും തയാറല്ല. എല്ലാവര്ക്കും ഇവിടെ നാട്ടില്‍ വൈറ്റ്‌ കൊലരെ പറ്റൂ, അത് കൊണ്ടാ. പുറം നാട്ടില്‍ എന്തും ചെയ്യാന്‍ തയാര്‍.
  പോസ്റ്റ്‌ വളരെ കാലോചിതമായി.

  ReplyDelete
 7. അവസാനമില്ലാത്ത ആശങ്കകള്‍ ..

  ReplyDelete
 8. മലയാളികൾക്ക്‌ മാത്രമായി www.kaivittupoyi.com എന്ന സൈറ്റ്‌ തുടങ്ങേണ്ട കാലമായി..

  ReplyDelete
 9. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് മുഖ്ത്താര്‍ അവതരിപ്പിച്ചത്. ഈ ആശയം കൂടുതല്‍ പേരില്‍ എത്തിക്കണം. അടുത്ത തലമുറയുടെ ക്ഷേമമാണല്ലോ നമ്മള്‍ കണക്കിലെടുക്കേണ്ടത്.

  ReplyDelete
 10. വളരെ പ്രസക്തമായ ഒരു പോസ്റ്റാണിത്. നമ്മുടെ പൊതു വിദ്യാഭ്യാസ സമ്പ്രദായം ഒന്നു കൂടി മെച്ചപ്പെടുത്തി അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. നമ്മളൊക്കെ പഠിച്ചിരുന്ന ആ നല്ല കാലത്തെപ്പറ്റി ഓര്‍ത്തു പോവുകയാണ്. ദൂരദര്‍ശനിലും വിക്റ്റേഴ്സിലും കാണിച്ചിരുന്ന ആ “ഹരിദ വിദ്യാലയം” എന്ന പരിപാടി കണ്ടവര്‍ക്കറിയാം ഇതൊക്കെ.ജനങ്ങളും സര്‍ക്കാരും അല്പം ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയും . ധാരാളം പണവും ലാഭികാന്‍ കഴിയും . ഇന്ന് ഒരു കുട്ടിയെ പഠിപ്പിക്കാന്‍ വേണ്ട ചിലവ് താങ്ങാന്‍ കഴിയുന്നില്ല. എന്നാല്‍ അതു കൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ? അതൊട്ടില്ല താനും. കുറെ ഇറച്ചിക്കോഴികളെ വാര്‍ത്തെടുക്കാന്‍ മാത്രമേ അതുപകരിക്കുന്നുള്ളൂ.സമൂഹത്തിലെ യാതൊരു സംഭവങ്ങളും ഇന്നത്തെ കുട്ടികള്‍ അറിയുന്നില്ല. അതന്വേഷിക്കാന്‍ രക്ഷിതാക്കള്‍ക്കും സമയമില്ല.ഈ വിഷയം ഗൌരവമായെടുത്തു എന്തെങ്കിലും പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു.

  ReplyDelete
 11. ആശങ്കകള്‍ തീരുന്നില്ല...
  എന്നാല്‍ പരിഹരിക്കാന്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങളും കാണുന്നില്ല.

  എങിനീയറിംഗ് - മെഡിസിന്‍ പ്രവേശനത്തില്‍ പ്ലസ്ടുവിന്റെ മാര്‍ക്കു കൂടി പരിഗണിക്കുമ്പോള്‍ സ്റ്റേറ്റ് സിലബസിലെ കുട്ടികള്‍ മുന്നിലേക്കെത്തുമെന്നു കരുതുന്നു. വരും വര്‍ഷങ്ങളിലും ഇങ്ങനെ തന്നെയാണെങ്കില്‍ സ്റ്റേറ്റ് സിലബസ്സിലേക്കു കുട്ടികള്‍ വരാന്‍ സാദ്ധ്യതയുണ്ട്.

  പഠന നിലവാരമെന്നതു ഒരു വിശ്വാസം കൂടിയാണ്. സര്‍ക്കാര്‍ ജോലിക്കാര്‍ തങ്ങളുടെ മക്കളെ എവിടെവിടുന്നു എന്നതു ആ വിശ്വാസത്തിന്റെ സൂചികയാണ്. നല്ലതു വേഗത്തില്‍ കണ്ടെത്താന്‍ കഴിയുന്ന അഭ്യസ്തവിദ്യര്‍ എന്തു ചെയ്യുന്നു എന്നു ഇതര സമൂഹം നോക്കുന്നുണ്ട്. അതിനാര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്കുള്ള പഠന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം. സിലബസുകള്‍ ഏകീകരിക്കണം. അങ്ങനെയൊക്കെ പൊതുവിദ്യാഭ്യാസം വീണ്ടും പഴയ പ്രതാപത്തിലേക്കു കൊണ്ടുവരാനായേക്കും.

  സമരങ്ങള്‍ കൂടിയുണ്ട് സര്‍ക്കാര്‍ സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളേയും മാതാപിതാക്കളുടെ വിശ്വാസത്തേയും പടിയിറക്കിയതിനു പിന്നില്‍. അത്തരം ദുഷ്പ്രവണതകളെ പ്രതിരോധിക്കാന്‍ കൂടി സമൂഹത്തിനു കഴിയണം. എങ്കിലേ ഒരു പുനര്‍ജ്ജനിയുണ്ടാവൂ.

  ReplyDelete
 12. ഈ ആശങ്കകള്‍ക്ക് എതിരെ തലകുത്തി മറിഞ്ഞാലും ഇതൊക്കെ ഇനിയുള്ള കാലം കൂടുക അല്ലാതെ കുരയുകൈല്ല

  ReplyDelete
 13. ആശങ്കകള്‍ തീരുന്നില്ല.
  സംരക്ഷകര്‍ തന്നെയാണ് പലപ്പോഴും കടയ്ക്കല്‍ കത്തി വെയ്ക്കുന്നത്. ഇവിടെയും വ്യത്യാസം ഒന്നുമില്ല.

  ReplyDelete
 14. അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഇല്ലാതെ പഠിപ്പിക്കാന്‍ നില്‍കുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ കീഴില്‍ ഇപ്പോഴും ഉണ്ട് ...അതൊക്കെ നന്നാക്കാനോ എന്തെങ്കിലും ചെയ്യാനോ ആരും തയ്യാറല്ലാ...അല്ല എങ്ങിനെ തയ്യാറാകും കൊഴകലായി കോടികള്‍ കിട്ടുമ്പോള്‍ എന്ത് സര്‍ക്കാര്‍ മേഖല..സ്വന്തം കുടുംബത്തെ തന്നെ കുത്തക മുതലാളിക്ക് തീറെഴുതി കൊടുക്കും ഈ ഇരപ്പാളി രാഷ്ട്രീയക്കാര്‍...

  ReplyDelete
 15. പൊതുവായതെല്ലാം ഉപേക്ഷിക്കുകയല്ലേ . പൊതുഗതാഗതം , പൊതുനിരത്ത്, പൊതു വിദ്യാഭ്യാസം ...

  പൊതുവിദ്യാഭ്യാസത്തിന്റെ ഗുണങ്ങൾ തേടി ഹരിതവിദ്യാലയം വരെ പോകേണ്ടതുണ്ടോ ? ചിലപ്പോഴൊക്കെ പറഞ്ഞു പഠിപ്പിച്ചത് കാട്ടാൻ പണിപ്പെടുന്ന കുട്ടികളെ അതിലും കാണാം .

  ഇപ്പോൾ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു ജോലിയൊന്നു തരപ്പെടാത്ത അഭ്യസ്ഥവിദ്യർ അതിഥി അദ്യാപകരാവുന്ന വിശേഷവുമുണ്ടല്ലോ !

  ReplyDelete
 16. @ Vp Ahmed said..

  ഇംഗ്ലീഷ് പഠിക്കുന്നത് ജാഡയാണെന്ന അഭിപ്രായത്തിനോട് വിയോജിപ്പുണ്ട്.. ചില സന്ദര്‍ഭങ്ങളില്‍ അത് ശെരിയാണ്.. പക്ഷെ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കേണ്ടത് അടിസ്ഥാന ആവശ്യമായ പല ജോലികളും ഉണ്ട്.. അത്തരം ജോലികള്‍ ചെയ്യുന്നത് ഒരു മോശം ഏര്‍പ്പാടാണെന്ന് തോന്നുന്നില്ല.. എത്രയോ സമര്‍ത്ഥരായ വിധ്യാര്തികള്‍ നമുക്ക് ചുറ്റും ഉണ്ട്.. ചിലര്‍ അതി സമര്ധരായിട്ടും , ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തതിനാല്‍ പിന്തള്ളി പോകുന്ന അവസ്ഥ നേരിട്ട് കണ്ടിട്ടുള്ളതിനാല്‍ ഇംഗ്ലീഷ് പഠനത്തെ മൊത്തത്തില്‍ ജാടയായി അടചാക്ഷേപിക്കുന്നതിനോട് യോജിക്കുന്നില്ല .. ഓരോരുത്തരും അവരവര്‍ക്ക് കഴിവുതെളിയിക്കാന്‍ ഉറപ്പുള്ള തൊഴിലുകള്‍ തേടുന്നതാണ് അവരുടെയും സമൂഹത്തിന്റെയും വളര്‍ച്ചക്ക് നല്ലതേ എന്ന് ഞാന്‍ വിശ്വസിക്കുന്നു... ഭാഷ അറിയാത്തതിനാല്‍ പിന്തള്ളി പോകുന്ന അവസ്ഥ ഉണ്ടാകുന്നത് പരിതാപകരം ആണ്...
  വൈറ്റ് കോളര്‍ ജോബ്‌ ആഗ്രഹിക്കുന്നതും അതിനു വേണ്ടി അഹോരാത്രം പരശ്രമിക്കുന്നതും തെറ്റായ കീഴ്വഴക്കം ആണെന്ന് തോന്നുന്നില്ല.. അമേരിക്ക, യൂറോപ്പ് രാജ്യങ്ങളെ പോലെ പ്രൈവറ്റ് മേഘലയെ വെല്ലുവില്‍ക്കാന്‍ സാധിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ മേഘലയിലെ വിദ്യാലയങ്ങളില്‍ എല്ലാ സൌകര്യങ്ങളും വര്‍ദ്ധിപ്പിച്ചേ മതിയാകു.. അത് പട്ടിണി പാവങ്ങള്‍ക്കും വൈറ്റ് കോളര്‍ ജോബ്‌ സ്വപ്നം കാണാനും നേടിയെടുക്കാനും ഉള്ള സാധ്യതകളെ ഒന്ന് കൂടി വേഗത്തിലാകും... പട്ടിണി പാവങ്ങല്‍ക്കെന്താ വൈറ്റ് കോളര്‍ ജോബ്‌ സ്വപ്നം കണ്ടൂടെ എന്നെ ഉദ്യെഷിച്ചിട്ടുള്ളൂ. ഈ വൈറ്റ് കോളര്‍ ജോബ്‌ എന്നാ കോണ്‍സെപ്റ്റ് തന്നെ പണക്കാര്‍ ഉണ്ടാകിയതനെന്ന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം..'തങ്ങളുടെ വീട്ടില്‍ എച്ചില്‍ വാരാനും തോട്ടം പണി ചെയ്യാനും ആളെ കിട്ടാതെ വരുന്ന അമര്‍ഷത്തില്‍ നിന്നും ചിലര്‍ വളര്തുയെടുത്ത 'ഒരു കോണ്‍സെപ്റ്റ്' മാത്രമല്ലേ അത്...??

  പാവങ്ങളും പഠിക്കട്ടെ... അവരും ആഗ്രഹിക്കട്ടെ അന്യന്റെ എച്ചില്‍ പെരുക്കാതെ അന്തസ്സായി ജീവിക്കാന്‍ തങ്ങളുടെ മക്കള്‍ക്കാവനം എന്ന്... നമ്മള്‍ പഠിക്കണം, നമ്മുടെ വീട്ടിലെ ജോലികള്‍ സ്വയം ചെയ്യാന്‍.. {എന്ന് വെച്ച് ഒരു ഡിഗ്രി കിട്ടിയാല്‍ മാതാപിതാക്കളെ കഷ്ട്ടപെടുതിയാലും വേണ്ടില്ല 'സ്റ്റാന്‍ഡേര്‍ഡ്' ഇല്ലാത്ത ജോലികളെ എടുക്കൂ എന്ന വാശിയോടെ ചൊറി പിടിചിരുക്കുന്നതിനോട് യോജിക്കുന്നില്ല...}

  ReplyDelete
 17. വിദ്യ എവിടുന്നു നേടുന്നു എങ്ങിനെ നേടുന്നു എന്നതിലല്ല ഒരു കുട്ടി അതിലൂടെ എന്ത് നേടുന്നു എന്നതിലാണ് കാര്യം ഒരു കുട്ടു മൂത്തവരെ ബഹുമാനിക്കാനും ഇളയവരോട് കരുണ കാണിക്കാനും അറിയാതെ എത്ര വലിയ ഡോക്ടര്‍ ആയിട്ടും കാര്യമുണ്ടോ .പക്ഷെ അവനെയല്ലേ ആളുകള്‍ പടിപ്പുള്ളവന്‍ എന്ന് വിളിച്ചു ആദരിക്കുക... പരസ്പര സ്നേഹവും സഹവര്‍ത്തിത്വവും കണ്ടറിഞ്ഞു ജന നന്മ മനസില്‍ കാണുന്ന ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ നമ്മുടെ വിദ്യാഭ്യാസ രീതിക്ക് സാധിക്കട്ടെ

  ReplyDelete
 18. നല്ല പോസ്റ്റ്‌ . ആ ഫോട്ടോ കണ്ടിട്ട് പേടിയാവുന്നു... സ്കൂളില്‍ പോകുന്ന വഴിയാണോ അത് !! നിഷാന പറഞ്ഞ കാര്യങ്ങളോടും യോജിക്കുന്നു.

  ReplyDelete
 19. വിദ്യാഭ്യാസം എന്ന വാക്കിനു അക്ഷരങ്ങള്‍ക്കും എണ്ണങ്ങള്‍ക്കുമപ്പുറം ചില മൂല്യങ്ങള്‍ കൂടിയുണ്ടെന്നു നാം മനസ്സിലാക്കുന്നില്ല, അല്ലെങ്കില്‍ സൗകര്യാര്‍ത്ഥം മറക്കുന്നു. മക്കള്‍ക്കു ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണം എന്ന രക്ഷിതാവിന്റെ ആഗ്രഹത്തെയാണു ഇംഗ്ലീഷ് മീഡിയം കച്ചവടക്കാര്‍ മുതലാക്കുന്നത്. പൊതുജനങ്ങളുടെ അന്ധമായ ചില മുന്‍വിധികള്‍ക്കൊപ്പം പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചില അധ്യാപകര്‍ കാണിക്കുന്ന അനാസ്ഥയും, പടിപ്പു മുടക്കി സമരം ചെയ്യുക എന്ന സാസ്കാര ശൂന്യമായ സമരമുറയും കൂടിയാവുമ്പോള്‍ ലേഖകന്‍ പറഞ്ഞ ദുരവസ്തയിലേക്കുള്ള പുതു തലമുറയുടെ പ്രയാണം എളുപ്പമാവുന്നു.

  പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയില്ല, അങ്ങനെ അവര്‍ക്കു ജോലി സാധ്യത കുറയുന്നു എന്ന അന്ധവിശ്വാസം ഇന്നും പലരും വച്ചു പുലര്‍ത്തുന്നു എന്നതു വളരെ പരിഹാസ്യമായി തോന്നുന്നു. എല്ലാം സര്‍ക്കാരിലും അധ്യാപകരിലും ഭാരമേല്പ്പിക്കാതെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിടുന്ന കുട്ടിക്കു ചിലവാക്കുന്ന സമയവും, ശ്രദ്ധയും, പണവും ഒരു സാദാ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്തിക്കു നാം ചിലവാക്കാത്തിടത്തോളം ഈയൊരു താരതമ്യം അപഹാസ്യമാണ്. ജപാനും യോറോപ്യന്‍ രാജ്യങ്ങളും പോലെ ഇംഗ്ലീഷ് ഇല്ലാതെ ജീവിക്കാന്‍ ഇന്ത്യക്കാര്‍ക്ക് കഴിയില്ലെന്നതു ന്യായം, പക്ഷെ കേവലം ഒരു മാസത്തെ പരിശ്രമം കൊണ്ട് ഒരു ശരാശരി മലയാളിക്ക് പഠിച്ചെടുക്കാന്‍ കഴിയുന്ന ലോക ഭാഷകളില്‍ ഏറ്റവും ഈസിയായ ഇംഗ്ലീഷ് എന്ന ഒരു ഭാഷക്കു വേണ്ടി, നീണ്ട പത്തു വര്‍ഷങ്ങള്‍ സാമ്പത്തികവും, മക്കളുടെ ബൗദ്ധികവും, സാംസ്കാരികവും, കായികവുമായി എന്തു മാത്രം വിലയാണു നാം നല്‍കുന്നത്?

  സസ്നേഹം
  വഴിപോക്കന്‍

  ReplyDelete
 20. പോസ്റ്റ്‌ നന്നായി.... ആ ഫോട്ടോ എങ്ങനെ ഒപ്പിച്ചു? കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഇതുപോലുള്ള ചില സാഹസിക യാത്രകള്‍ ഞാനും നടത്തിയിട്ടുണ്ട്....

  ReplyDelete
 21. നാട്ടിലെ ഏറ്റവും വലിയ മുതലാളിയുടെ മകനും ദാരിദ്ര്യം മാത്രം വെച്ചുവിളംബാനുണ്ടായിരുന്ന വീട്ടിലെ കുട്ടിയും അടുതടുതിരുന്നു പഠിച്ചിരുന്ന കാലമായിരുന്നു അത്. ഏറനാട്ടില്‍ അന്ന് ഇംഗ്ലിഷ് മീഡിയം സ്കൂളുകള്‍ ഒന്നും കാര്യമായി ഇല്ലാത്തത് കൊണ്ട് നമുക്കൊക്കെ ആ ഭാഗ്യമുണ്ടായി. അത്തരമൊരു ഈഗലിറ്റാറിയന്‍ അവസ്ഥ ഇനി നമ്മുടെ നാട്ടില്‍ വരില്ല. പണക്കാരന്‍ വേറെ പാവപ്പെട്ടവന്‍ വേറെ. അവര്‍ തമ്മില്‍ അറിയാനുള്ള ഉപാധികലായിരുന്ന സാധാരണ സര്‍ക്കാര്‍ വിലാസം പള്ളിക്കൂടങ്ങള്‍ അന്യം നിന്ന് പോവുകയോ വംശ നാശം സംഭവിക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നു. മുഖ്താര്‍ എഴുതിയ ഇതേ കാര്യം അഞ്ചെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മാതൃഭുമിയില്‍ എഴുതിയിരുന്നു. ഇന്ന് അവിടെ നിന്നും വളരെ ബഹു ദൂരം കാര്യങ്ങള്‍ മുന്നോട്ടു (പിന്നോട്ട്) പോയിട്ടുണ്ട്.

  ReplyDelete
 22. ആ ചിത്രം കണ്ടിട്ട് തന്നെ പേടിയാവുന്നു.
  ധീരതക്കുള്ള എക്കാലത്തെയും നല്ല അവാര്‍ഡ് ആ പയ്യന് കൊടുക്കണം.
  വളരെ പ്രസക്തമായ പോസ്റ്റ്‌

  ReplyDelete
 23. പോസ്റ്റ്‌ ഇഷ്ടമായി..നന്നായിട്ടുണ്ട്.. നിഷാനയുടെ കമന്റ്സും അസ്സല്‍..

  ReplyDelete
 24. >>തൊട്ടടുത്ത വീട്ടിലെ കുട്ടികള്‍ തങ്ങളുടെ ബസ്സുകാത്ത്‌ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നു<< എന്നും നമ്മുടെ മുമ്പില്‍ കാണുന്ന കാഴ്ച. ഈ ഒരൊറ്റ വരിയില്‍ നിന്നും പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച മനസിലാക്കാന്‍ പറ്റും.

  ReplyDelete
 25. പൊതുസമൂഹത്തിനും ഉത്തരവാദിത്തമുണ്ട്‌. ഉത്തരവാദിത്തങ്ങള്‍ മറന്നുകൊണ്ട്‌ നാമെല്ലാം കുറ്റങ്ങള്‍ കണ്ടെത്താന്‍ മല്‍സരിച്ചു കൊണ്ടിരുന്നാല്‍ പിന്നെ ആരാണ്‌ പെതുവിദ്യാഭ്യാസത്തെ രക്ഷിച്ചെടുക്കുക?....പ്രസക്തമായ ചോദ്യം

  ReplyDelete
 26. തലയെണ്ണല്‍ ഇനിയില്ല...

  ReplyDelete
 27. വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും......http://punnakaadan.blogspot.com/

  ReplyDelete
 28. good!!
  welcome to my blog
  blosomdreams.blogspot.com
  if u like itfollow and support me1

  ReplyDelete
 29. മലയാളികള്‍ ഇല്ലാത്തതായി ലോകത്ത് മൂന്ന് രാജ്യങ്ങളെ ഉള്ളു എന്നാ വാര്‍ത്ത‍ വായിച്ചിരുന്നു .എങ്ങനെയാണു ഇത്രയധികം ഭാഷകള്‍ വേഗത്തില്‍ പഠിക്കാന്‍ മലയാളികള്‍ക്ക് കഴിയുന്നത്‌ ??പഠിക്കാന്‍ ഏറ്റവും പ്രയാസമേറിയ ഒരു ഭാഷയാണ് മലയാളം എന്നത് ഭാഷ ശാസ്ത്രത്തില്‍ നടന്ന പഠനങ്ങളില്‍ നിന്നും വ്യക്തമാണ് .മലയാളം പഠിച്ച ഒരാള്‍ക്ക് ലോകത്ത് ഇതു ഭാഷയും വഴങ്ങും .ഭാഗ്യവശാല്‍ മലയാളം നമ്മുടെ മാതൃഭാഷ ആയി .വിദ്യാലയങ്ങളില്‍ മലയാളം മാധ്യമമായി പഠിച്ചവര്‍ക്ക് ഇതര ഭാഷകള്‍ അനായാസം പഠിക്കാം ഉപയോഗിക്കാം .അതിനുള്ള മനസു വേണം എന്ന് മാത്രം .
  malayalatthanima.blogsot.in

  ReplyDelete