Sep 28, 2011

സൂക്ഷിക്കുക, ഇവിടെ റോഡുണ്ട്!ഗള്‍ഫിലെ റോഡിന്റെ വീതിയും നമ്മുടെ നാട്ടിലെ റോഡിന്റെ നീളവും സമമാണെന്നാണ് ഒരു ഗള്‍ഫ് സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു വെച്ചത്.
റോഡിന്റെ വീതിയും നീളവുമൊക്കെ അവിടെ നില്‍ക്കട്ടെ നമ്മുടെ നാട്ടിലെ റോഡിലുള്ള കുഴികളുടെ അത്ര ആഴവും വലിപ്പവുമുള്ള ഒരു കുഴിയെങ്കിലും ആ മരുക്കാട്ടിലുണ്ടോടാ എന്നാണ് ഒരു സുഹൃത്ത് അതിനു കൊടുത്ത കമന്റ്.

സഊദിയിലെ
റോഡുകളുടെ വീതിയും വലിപ്പവും കണ്ട് ഞാന്‍ അന്തം വിട്ടുപോയിട്ടുണ്ട്. മരുഭൂമിപോലെ വിശാലമാണ് അവിടുത്തെ റോഡും. എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി റിയാസ്‌ക്കയുടെ ചൂടുനിറച്ച വാനില്‍ പോവുമ്പോഴാണ് വാനിന്റെ ചില്ലിനുള്ളിലൂടെ പരന്നുനീണ്ട് കിടക്കുന്ന റോഡ് കാണുന്നത്. വിശാലമായ മണല്‍ക്കാട്ടിനുള്ളിലൂടെ അതിവിശാലമായ റോഡ്, കഴുകിത്തുടച്ച പോലെ കിടക്കുന്നു.
വഴിയില്‍ ഭക്ഷണം കഴിക്കാന്‍ വാന്‍ നിറുത്തിയിറങ്ങുമ്പോഴും കോഴിതിരിയുന്ന ഹോട്ടലും വലിയ വട്ടപ്പാത്രത്തിന് ചുറ്റുമിരിക്കുന്ന അറബികളും പാത്രത്തില്‍ നിറഞ്ഞുകിടക്കുന്ന കബ്‌സയും കണ്ട് കൗതുകം നിറക്കും മുന്‍പ് നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡിലൂടെ തലങ്ങും വിലങ്ങും നിറഞ്ഞൊഴുകുന്ന വണ്ടികള്‍ നോക്കി നിന്നുപോയിട്ടുണ്ട്.
തലങ്ങും വിലങ്ങും ചുറ്റിപ്പിണര്‍ന്നു കിടക്കുന്ന പിരാന്തന്‍പാലം കയറിയിറങ്ങുമ്പോള്‍ ശ്വാസം വലിച്ചുപോയി. പടച്ചോനെ ഇതൊന്തൊരു പാലമാണ്! അതിനപ്പുറത്ത് ഒരു അടിഭാഗറോഡ് കുഴിച്ചെടുക്കുന്നുണ്ട് തൊഴിലാളികള്‍. അതിനു മുകളിലൂടെ ഇനിയും പാലം വരുമത്രെ. താഴെക്കൂടെയും മുകളിലൂടെയും വാഹനങ്ങള്‍ പറക്കും...
റൂമിനകത്തിരുന്ന് എ സിയുടെ വിടവിലൂടെ പുറത്തെ റോഡും റോഡിനപ്പുറത്തെ വലിയ വീടുകളും ആശ്ചര്യത്തോടെ നോക്കിനില്‍ക്കും. ഇഖാമ കിട്ടിയിട്ടില്ല. പുറത്തിറങ്ങിയാല്‍ പൊലീസ് പൊക്കുമോ?
അറബിച്ചെക്കന്‍മാരുടെ കണ്ണില്‍പെട്ടാല്‍ തടികേടാവുമെന്നാണ് എല്ലാരും പറയുന്നത്.
വീട്ടിലേക്കൊന്ന് ഫോണ്‍ ചെയ്യണമെന്നുണ്ടായിരുന്നു എല്ലാവര്‍ക്കും. എവിടേക്ക് പോകും. എവിടെയാണ് ഫോണ്‍ബൂത്തുണ്ടാവുക.
അര്‍ധരാത്രിയാണ് റൂമിലെത്തിയത്. പിറ്റേന്ന് പണിയില്ലായിരുന്നു. രാവിലെ തുടങ്ങിയതാണ് എ സി വിടവിലൂടെ പുറത്തേക്ക് നോക്കിയുള്ള നില്‍പ്. വല്ല വാഹനവും വരുമ്പോള്‍ ഉള്ളിലേക്ക് നൂഴും. പൊലീസ് വണ്ടി തിരിച്ചറിയാന്‍ പറ്റൂല!
പുറത്ത് നീണ്ടു കിടക്കുകയാണ് റോഡ്. നാലുവരിപ്പാത. നടുക്ക് നിരന്നുയര്‍ന്ന് നില്‍ക്കുന്ന ഈന്തപ്പനകള്‍.
രണ്ടും കല്‍പ്പിച്ചൊന്ന് പുറത്തിറങ്ങി. റമദാനിലെ കത്തുന്ന പകലില്‍ ആളൊഴിഞ്ഞു കിടക്കുന്ന റോഡില്‍ ദിക്കറിയാതെ കുറച്ചു നടന്നു.
കമ്പനി വക വാനിലാണ് ജോലിസ്ഥലത്തേക്കുള്ള യാത്ര. കൊച്ചുകുട്ടിയുടെ കൗതുകത്തോടെ വാനിന്റെ ചില്ലിനോട് ചാരിയിരുന്ന് പുറത്തേക്ക് നോക്കിയിരിക്കും. മരുഭൂമിയില്‍ സുന്ദരമായി റോഡുകള്‍ മാത്രമേയുള്ളു എന്നെനിക്കു തോന്നിയിട്ടുണ്ട്. അങ്ങനെ റോഡിന്റെ സൗന്ദര്യവും നോക്കി നില്‍ക്കുമ്പോഴാവും പാഞ്ഞുവരുന്നൊരു അറബിച്ചെക്കന്റെ കാര്‍ നടുറോഡില്‍ തിരിഞ്ഞു കറങ്ങുന്നത്. അപ്പോള്‍ ഭീതിയോടെ കണ്ണുപൂട്ടും.
മണിക്കൂറുകള്‍ക്കിടയില്‍ കിലോമീറ്ററുകള്‍ പാഞ്ഞെത്താന്‍ കഴിയുന്നത് മിനുസമുള്ള ഈ റോഡുകളുള്ളതുകൊണ്ടാണ്. ഇവിടെ നൂറുകിലോമീറ്ററിനു നമ്മുടെ നാട്ടിലെ പത്തുകിലോമീറ്ററിന്റെ മേനിയേയുള്ളു, നമ്മുടെ നാട്ടില്‍ പത്തു കിലോമീറ്റര്‍ ഓടാനെടുക്കുന്ന സമയം കൊണ്ട് നൂറുകിലോമീറ്റര്‍ ഓടിയെത്താം!
ഞാന്‍ ജോലി ചെയ്തിരുന്ന സ്‌കൂളിലേക്ക് നൂറു കിലോമീറ്റര്‍ അകലെ നിന്നുപോലും കുട്ടികളുണ്ടായിരുന്നു. സഫീറിന്റെയും സിറാജിന്റെയും അലിയുടെയുമൊക്ക കൂടെ പലവട്ടം ഞാന്‍ സ്‌കൂള്‍കുട്ടികളെയെടുക്കാന്‍ പോയിട്ടുണ്ട്. സുബ്ഹി കഴിഞ്ഞിറങ്ങിയാല്‍ ഏഴ്മണിക്ക് സ്‌കൂള്‍ ബെല്ലടിക്കും മുന്‍പേ നൂറ് കിലോമീറ്ററോളം ദൂരെ നിന്നും കുട്ടികളുമായി സഫീര്‍ തിരിച്ചെത്തും. ആറുവരിപ്പാതയിലൂടെ ചീറിപ്പാഞ്ഞു പോകുമ്പോള്‍ ഭീതി തോന്നാറില്ല. റോഡ് അത്രക്കു വിശാലമാണ്.
കൊച്ചു കുട്ടികള്‍ മുതല്‍ ഓരോ വ്യക്തികള്‍ക്കും സ്വന്തമായി കാറുള്ള നാടാണ് സഊദി അറേബ്യ. ഇത്രയധികം വാഹനങ്ങളുണ്ടായിട്ടും തിരക്കില്ലാതെ യാത്ര ചെയ്യാനാവും ഹൈവേകളിലൂടെ. ഗല്ലികളിലേക്കിറങ്ങുമ്പോഴാണ് മല്ലുക്കെട്ടുണ്ടാവുന്നത്. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുമ്പോഴാണ് അപകടങ്ങളുണ്ടാവുന്നത്.
ആദ്യത്തെ മക്ക യാത്രയില്‍ വഴിയില്‍ വണ്ടി കേടായപ്പോള്‍ റോഡരികില്‍ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട് ഒരു രാത്രി. റോഡരികിലായിട്ടും റോഡിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ഒരനക്കവും ഞങ്ങളറിഞ്ഞിരുന്നില്ല. ഏറെ കൗതുകമുള്ളത്, പൊട്ടിപ്പൊളിഞ്ഞ ഒറ്റ റോഡ് പോലും സഊദിയില്‍ ഇല്ലെന്നാണ്.
റോഡപകടങ്ങള്‍ കുറവല്ലാത്ത ഈ നാട്ടില്‍ പക്ഷേ, റോഡിലെ കുഴികാരണം ഒരപകടവും ഇന്നേവരെ ഉണ്ടായിട്ടില്ല. മഴപെയ്താല്‍ അടര്‍ന്നുപോകുന്ന റോഡുകളൊന്നും ഇവിടെയില്ല.
ചെറിയൊരു മഴപെയ്താല്‍ വെള്ളപ്പൊക്കമുണ്ടാവുന്ന നാടാണ് സഊൗദി. അങ്ങനെയൊരു വെള്ളപ്പൊക്കത്തിലൂടെ വണ്ടിയില്‍ ഞങ്ങള്‍ പണി കഴിഞ്ഞ് റൂമിലേക്ക് പോന്നിട്ടുണ്ട്.
അന്ന് കുറെ വാഹനങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. പക്ഷേ ആ വെള്ളപ്പൊക്കത്തിലും അവിടുത്തെ റോഡുകളൊന്നും ഒലിച്ചു പോയിട്ടില്ല.
സമരങ്ങളോ പ്രതിഷേധമോ അപേക്ഷ സമര്‍പ്പണമോ ഒന്നുമില്ലാഞ്ഞിട്ടും സഊദിയിലെ റോഡുകള്‍ വെടിപ്പായിക്കിടക്കുന്നു.  റോഡും വെള്ളവും കരണ്ടും തുടങ്ങി, മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളും സൗകര്യങ്ങളുമൊരുക്കുന്നതിലുള്ള അധികാരികളുടെ ശ്രദ്ധയും സൂക്ഷ്മതയും എന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്.
നാട്ടില്‍ വന്നിറങ്ങി വീട്ടിലേക്കു പോകുമ്പോള്‍ റോഡ് വളരെ ഇടുക്കമുള്ളതായാണ് എനിക്ക് തോന്നിയത്. ഈ ജീപ്പ് എങ്ങനെ ഈ ഇടുങ്ങിയ റോഡിലൂടെ പോകും.
കിലോമീറ്ററിനുള്ളില്‍ പത്തിരുപത് കുണ്ടും കുഴിയും മൂന്നാല് ബ്ലോക്കുകളും കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും ഞാനൊരു വഴിക്കായിരുന്നു. സഊദിയില്‍ ആയിരം കിലേമീറ്റര്‍ യാത്ര ചെയ്താലുണ്ടാവാത്ത ക്ഷീണവും കുഴക്കുമാണ് അഞ്ച് കിലേമീറ്റര്‍ യാത്ര ചെയ്യുമ്പോഴനനുഭവപ്പെടുന്നത്.
മഴക്കാലമായപ്പോഴാണ് കേരളത്തിലെ റോഡൊക്കെ ഒലിച്ചു പോയത്. കുണ്ടും കുഴിയുമില്ലാത്ത ഒറ്റ റോഡും കേരളത്തിലില്ലെന്നു തന്നെ പറയാം.
ഒരു നിലക്ക് കഴിയുമെങ്കില്‍ റോഡിലിറങ്ങാതെ എങ്ങനെ കഴിക്കാമെന്നാണ് മലയാളികള്‍ ആലോചിക്കുന്നത്. തീവണ്ടി യാത്രയാണ് ഇപ്പോള്‍ മന്ത്രിമാര്‍ക്കു പോലും താല്‍പര്യം. സംഗതി കാറൊക്കെ ഉണ്ടെങ്കിലും നാലഞ്ചു കിലേമീറ്റര്‍ കേരളത്തിലെ റോഡിലൂടെ യാത്ര ചെയ്യേണ്ടി വന്നാലുണ്ടാവുന്ന മേനി കടച്ചില്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടാവണം അവരും.
മഴ വരുംവരെ അട്ടത്ത് നോക്കി കുത്തിയിരിക്കും നമ്മുടെ ജനപ്രതിനിധികള്‍. മഴയെത്തി ദുരിതം ദുസ്സഹമാവുമ്പോള്‍ പറയും, മഴയല്ലേ.. മഴ തോരട്ടെ..
അങ്ങനെ എത്ര മഴപെയ്തു തോര്‍ന്നു.
കുരങ്ങന്‍ വീടുണ്ടാക്കുന്നതു പോലെ അതങ്ങനെ നീണ്ടു പോകും, തെരഞ്ഞെടുപ്പ് വരും ഭരണം മാറും.
റോഡ് മാത്രം മാറാതെ.. കുണ്ടും കുഴിയുമായി.. കുണ്ടും കുഴിയും മാത്രമായി.
കോഴിക്കോട്ടങ്ങാടിയില്‍ നിന്നും ഓഫിസിലേക്കു വരുന്ന വഴിക്കാണ് മഴ ചാറിത്തുടങ്ങിയത്. ബസ് കാത്തുനില്‍ക്കുന്ന നേരം കൊണ്ട് നടന്നെത്താമെന്നു കരുതിയാണ് നടത്തം തുടങ്ങിയത്. മഴ പെട്ടെന്നാണ് ശക്തമായത്. റോഡില്‍ വെള്ളം നിറഞ്ഞൊഴുകി. വെള്ളത്തിലൂടെ നീന്തിക്കയറാന്‍ മെനക്കെടുമ്പോഴാണ് വലിയൊരു കുഴിയില്‍ തപ്പിത്തടഞ്ഞ് വീഴാന്‍ പോയത്. ഭാഗ്യത്തിന്‍ വീണില്ല. കൂടെ നടന്നു കുടുങ്ങിയ ഒരാള്‍ പറഞ്ഞു. റോഡിന്റെ നടുവിലൂടെ നടക്കണ്ട, എവ്ടാ കുഴിയുള്ളതെന്ന് ഒരു ഐഡിയയും കിട്ടില്ല. ഇതാ ഈ അരൂക്കൂടെ പോര്..
റോഡിന്റെ നടുവില്‍ നിന്നും അരികിലേക്ക് കയറുമ്പോള്‍ വീണ്ടും ഒരു കുഴിയില്‍ വീണു. എങ്ങനെയാണ് ഓഫീസിലെത്തിയതെന്നറിയില്ല. നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി ഡ്യൂട്ടിക്കു കേറുമ്പോഴും ശരീരത്തില്‍ അവിടിവിടെ നീറ്റലുണ്ടായിരുന്നു.
നാട്ടില്‍ നടുറേഡിലെ കുഴികളില്‍ മഴപെയ്ത് വെള്ളം നിറഞ്ഞപ്പോള്‍ ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് ആ വെള്ളത്തില്‍ ചൂണ്ടയിട്ട് പ്രതിഷേധിച്ചിരുന്നു. ചിലര്‍ റോഡില്‍ വായവെച്ചു. കളിവള്ളമിറക്കി. കുഴികളില്‍ അപായസൂചനകള്‍ നാട്ടിവെച്ചു. ജനങ്ങളുടെ പ്രതിഷേധം മുറക്കു നടക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാന്‍ ഇവിടാരുമില്ല.
റോഡിലെ കുഴിയില്‍ വീണ് നട്ടെല്ല് പൊട്ടിയവരും പരലേകം പൂകിയവരുമൊക്കെ കേരളത്തിലല്ലാതെ മറ്റെവിടെക്കാണും?
നമ്മുടെ പഴയ പൊതുമരാമത്ത് മന്ത്രി മെനക്കെട്ട് കേരളത്തിലെ റോഡുകളിലെ കുഴികളൊക്കെ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. അതൊക്കെ തൂര്‍ത്ത് മോളില് ടാര്‍ തേച്ച് റോഡായറോഡൊക്കെ കുളൂസാക്കാനിരുന്നതുമാണ്. പക്ഷേ, അദ്ദേഹത്തിനതിന് അവതരമുണ്ടായില്ല. റോഡിലെ കുഴിയുടെ എണ്ണമെടുക്കാന്‍ പോലും അഞ്ചുകൊല്ലം തികയുന്നില്ല, പിന്നല്ലേ...
ഏതായാലും പുതിയ വകുപ്പുമന്ത്രിക്കു, പഴയ മന്ത്രി എണ്ണിയതിന്റെ ബാക്കി എണ്ണിയാല്‍ മതിയാവും. എണ്ണലും എണ്ണയിടലുമൊക്കെ അഞ്ചുവര്‍ഷത്തിനുള്ളില്‍ കഴിഞ്ഞു കിട്ടി, ഇത്തിരി ടാറെങ്കിലും കുഴികളില്‍ ഉരുക്കിയൊഴിക്കാന്‍ സാഹചര്യമൊത്താല്‍ അത്രയും ആശ്വാസം.റോഡിങ്ങനെ ചാറ്റല്‍ മഴയില്‍ പറിഞ്ഞുപോകാനുള്ള കാരണങ്ങള്‍ റോഡില്‍ ഇറങ്ങിനടക്കുന്നവര്‍ക്കൊക്കെ അറിയാം. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെയും പാണക്കാട് തങ്ങന്‍മാരുടെയും വീട്ടുപടിക്കലിലൂടെ പോകുന്ന റോഡുണ്ടാക്കിയവര്‍ക്കെങ്കിലും അതറിയാതിരിക്കാന്‍ വഴിയില്ല. കേരളത്തിലെ ഏറ്റവും നല്ല റോഡായി മനോരമ ചാനല്‍ തെരഞ്ഞെടുത്ത റോഡാണിത്. മഴയില്‍ പൊട്ടിപ്പൊളിയാത്ത റോഡു വേണമെങ്കില്‍ കുഞ്ഞാലിക്കുട്ടിമാരുടെയും പാണക്കാട് തങ്ങന്‍മാരുടെയും അയലോക്കത്ത് പുര കേറ്റണമെന്നാണോ?
മലപ്പുറം ജില്ലയിലാണത്രെ ഏറ്റവും നല്ല റോഡുള്ളത്. ഇതു കേട്ടിട്ട് ഞാന്‍ കുത്തിയിരുന്ന് ചിരിച്ചിട്ടുണ്ട്, കുറേ.
മാസത്തില്‍ പത്തിരുപത് വട്ടം യാത്രചെയ്യാന്‍ നിര്‍ബന്ധിതനാവുന്ന വണ്ടൂര്‍- കാളികാവ് റോഡും മലപ്പുറത്തു തന്നെയാണ്. ഈ റോഡിലാണ് അഞ്ചുവര്‍ഷം മുന്‍പ് ഞങ്ങള്‍ ചൂണ്ടയിട്ടത്. ഇന്നവിടെ വലയെറിയാമെന്നായിരിക്കുന്നു.
ഇതാണ് കേരളത്തിലെ മുഴുവന്‍ റോഡുകളുടെയും അവസ്ഥ. 

.
സൗദിടൈംസ് മാഗസിന്‍ 2011  സെപ്തംബര്‍

25 comments:

 1. മലപ്പുറം ജില്ലയിലാണത്രെ ഏറ്റവും നല്ല റോഡുള്ളത്. ഇതു കേട്ടിട്ട് ഞാന്‍ കുത്തിയിരുന്ന് ചിരിച്ചിട്ടുണ്ട്, കുറേ.
  മാസത്തില്‍ പത്തിരുപത് വട്ടം യാത്രചെയ്യാന്‍ നിര്‍ബന്ധിതനാവുന്ന വണ്ടൂര്‍- കാളികാവ് റോഡും മലപ്പുറത്തു തന്നെയാണ്. ഈ റോഡിലാണ് അഞ്ചുവര്‍ഷം മുന്‍പ് ഞങ്ങള്‍ ചൂണ്ടയിട്ടത്. ഇന്നവിടെ വലയെറിയാമെന്നായിരിക്കുന്നു.
  ഇതാണ് കേരളത്തിലെ മുഴുവന്‍ റോഡുകളുടെയും അവസ്ഥ.

  ReplyDelete
 2. ഭരണം മാറും മറിയും...
  മാറാത്തതൊന്നു മാത്രം...
  മന്ത്രിമാര്‍ സഞ്ചരിക്കാത്ത റോഡുകള്‍!

  ReplyDelete
 3. കഴിഞ്ഞ ലീവിന് പോയപ്പോ ഒരു കാര്‍ വാങ്ങി.
  അതു പരമാബദ്ധമായി എന്നിപ്പോള്‍ തോന്നുന്നു.
  ഒരു ട്രാക്ടരായിരുന്നു വാങ്ങേണ്ടിയിരുന്നത്!
  പോയബുദ്ധി ആന പിടിച്ചാലും വരില്ലല്ലോ.

  ReplyDelete
 4. മുഖ്താര്‍ ഭായ് ,
  ആക്ഷേപഹാസ്യം ഒന്നുകൂടെ കൊഴുപ്പിക്കാമായിരുന്നു .

  ReplyDelete
 5. ഞാന്‍ ബഹറൈനി ആണെങ്കിലും ഇത് വായിച്ചപ്പോ .....സൌദിയിലൂടെ യാത്ര പോയ അനുഭുതി ....

  ReplyDelete
 6. വെറുതെ മഴയെയും വെള്ളത്തെയും കുറ്റം പറയുകയാണ് സര്‍ക്കാര്‍. എല്ലാം ഉഡായ്പുകള്‍. എന്റെയൊരു കൂട്ടുകാരന്‍ മുമ്പ് ചെറിയ കോണ്ട്രാക്റ്റ് എടുക്കുന്നുണ്ടായിരുന്നു. അവന്‍ പറഞ്ഞ ഒരു കാര്യം സര്‍ക്കാരിന്റെ പ്രൊസീജര്‍ പ്രകാരം എന്ത് പണിതാലും വളരെ ഈടോടെ നില്‍ക്കുമെന്നാണ്. പക്ഷെ അതിന് ആരും സമ്മതിക്കില്ല. എഞ്ചിജിനീയര്‍ മാരും ഉദ്യോഗസ്ഥരും എല്ലാം വീതിച്ചുകഴിയുമ്പോള്‍ സിമിന്റും കമ്പിയും മണലുമൊന്നും വേണ്ടതിന്റെ പാതി പോലും ഇടാന്‍ കഴിയില്ല എന്നാണ്. ഒരിക്കല്‍ ഒരു കലുങ്ക് പണിയാന്‍ വേണ്ടി 25 ചാക്ക് സിമിന്റ് ഉപയോഗിച്ചതിന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ബില്ല് പാസാക്കാതെ വലച്ചു. അയാള്‍ പറഞ്ഞത് പത്ത് ചാക്ക് സിമിന്റ് മതി ബാക്കി പതിനഞ്ചിന്റെ പൈസ അയാള്‍ക്ക് കൊടുക്കണമെന്നാണ്. റോഡിന്റെ കഥയും വേറൊന്നായിരിക്കയില്ലല്ലോ.

  ReplyDelete
 7. എന്താ മുഖ്യാ റോഡ് നന്നാക്കാത്തേ?? - മഴയല്ലേ മഴ..!

  എന്താ മുഖ്യാ കരണ്ട് പോണേ?? - മഴ വേണ്ടേ മഴ..!

  ReplyDelete
 8. ഒന്നും പറഞ്ഞിട്ട് കാര്യമില്ല, അനുഭവിക്കുക തന്നെ ! :(

  ReplyDelete
 9. എത്ര പറഞ്ഞിട്ടും കാര്യമില്ലാത്ത ഒന്നാണ് നമ്മുടെ റോഡിന്റെ അവസ്ഥ. എന്തു കൊണ്ട് നമ്മുടെ റോഡ് ഇങ്ങനെ ആയിപ്പോയി...? പി.ഡബ്ലു.ഡിയിൽ ജോലി ചെയ്യുന്ന കൊഴുപ്പ് മൂത്ത ച്യാട്ടൻമാർ കൈപ്പണം വാങ്ങി കീശയും വീടും കൊഴുപ്പിക്കുമ്പോൾ പാവപ്പെട്ട വളരെ പാവപ്പെട്ട കോൺട്രാക്ടർമാർ കുറച്ച് ടാറോ മെറ്റലോ കുറച്ചാൽ അതൊരു കുറ്റമാണോ...? (ഇതേക്കുറിച്ച് കമന്റ് എഴുതിത്തുടങ്ങിയാൽ അത് അസഭ്യമായിത്തീരുകയേ ഉള്ളൂ....ഹി..ഹി..)

  ReplyDelete
 10. ഹായ് കൂയ് ഇങ്ങക്ക് സൌദി രാജാവ് വല്ല സമ്മാനോം തന്നാ... ഇങ്ങനെ ഓറെ പൊക്കിപ്പറയാനായിട്ട്...

  ബേജാറാകാണ്ടിരി.മഴ മാറീലെ ഇനിയിപ്പൊ ഓട്ടയടക്കല്‍ക്കാര് എറങ്ങിക്കോളും. മ്മക്ക് പാറപ്പൊടി തിന്നാ കുശാലായിട്ട്. എന്താക്കാനാ..നമ്മള്‍ പൊതുജനം കഴുതകള്‍.

  ReplyDelete
 11. കുണ്ടും കുഴിയുമില്ലാത്ത റോഡുകൾ കാണാൻ മന്ത്രി മന്ദിരങ്ങൾക്ക് സമീപം വീട് വെക്കണം,,, നോക്കട്ടെ,,,

  ReplyDelete
 12. എന്തു ചെയ്യാം,നമുക്ക് കുഴി എണ്ണാന്‍ ആണ് യോഗം..വേറെന്തു പറയാന്‍..ആശംസകള്‍..

  ReplyDelete
 13. പുതിയ വീടിനു പ്ലാന്‍ പാസ്സാകാന്‍ മഴവെള്ള സംഭരണി വേണമെന്ന് പഞ്ചായത്തില്‍ നിന്നും നിര്‍ദേശം, ഞാനാരാ മോന് "തൊട്ടു മുമ്പിലെ റോഡിലുള്ള "മഴവെള്ള സംഭരണി"ഫോട്ടോയെടുത്തു പ്ലാനിനിന്റെ കൂടെ സബ്മിറ്റ് ചെയ്തു !! ഈ വിവരം കൂടുകാരനോട് പറഞ്ഞപ്പോള്‍ അവന്റെ വക പേടിപ്പെടുത്തല്‍ "അവര്‍ പരിശോധനയ്ക്ക് വരുമ്പോള്‍ അത് കണ്ടില്ലേല്‍ പ്രശനമാകും എന്ന് !!
  പിന്നെ "നൂറുകൊല്ലം കഴിഞ്ഞാലും ആ മഴവെള്ള സംഭരണി അവിടെ തന്നെയുണ്ടാകും എന്ന് ആര്‍ക്കാ ആറിയാത്തെ ?

  ReplyDelete
 14. നാട്ടിലെ റോഡിലൂടെയുള്ള യാത്ര പേടിസ്വപ്നം തന്നെ... പക്ഷേ, ബധിര കര്‍ണങ്ങളില്‍ പതിക്കുന്ന പരാതികള്‍....!

  അനുഭവിക്കുക അല്ലാതെയെന്തു ചെയ്യാന്‍...?

  ReplyDelete
 15. റോഡിലേ പോവാനാവുന്നില്ലെങ്കിൽ ട്രെയിനിൽ പോയാൽ പോരേന്നും?
  പിന്നെ നമ്മുടെ റോഡുകൾ
  നന്നാവാത്തതിന്റെ കാരണം പൊതു മുതൽ കട്ടു മുടിയ്ക്കാനുള്ള ഒത്തൊരുമയാണ്..അല്ലാതെ മഴയും കാറ്റും വെയിലുമൊന്നുമല്ല.

  ഈ എഴുത്തിന് അഭിനന്ദനങ്ങൾ....

  ReplyDelete
 16. പോൾ നീരാളി ചിരിച്ചു മരിച്ച കഥയോർമ്മ വരുന്നു!

  പാവം നീരാളികൾ ഈ വഴി വരാതിരിക്കട്ടെ!

  ReplyDelete
 17. ഇത്രയൊക്കെ എഴുതിയാലും നാട്ടിലെ റോഡിനെക്കുറിച്ച്‌ നല്ലത്‌ പറയാന്‍ തോന്നുന്നുണ്ട്‌, ചെന്നൈയില്‍ ഞാന്‍ താമസിക്കുന്ന നങ്കനല്ലൂറ്‍ റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍. ബാക്കി ഊഹിക്കുക.

  ReplyDelete
 18. ഒക്കെ ശരി തന്നെ.
  പക്ഷേ ഇന്നാട്ടില്‍ കുഴിച്ചാല്‍ കിട്ടുന്നത് വെറും വെള്ളമാണെന്നും
  ഞാറ്റുവേല ഉണ്ടെന്നും നല്ല "വേല"അറിയാവുന്ന നേതൃത്വം ഉണ്ടെന്നും
  മറക്കരുത്. ഒപ്പം കേരളത്തിനും ഗള്‍ഫിനും ഇടയില്‍ ഒരു വലിയ കടലിന്റെ വ്യത്യാസമുണ്ടെന്നും
  കേരളത്തിലെ കുഴിയുള്ള റോട്ടിലൂടെ പെണ്ണുങ്ങള്‍ക്ക് വണ്ടി ഓടിച്ച് പോകാമെന്നും (ഒറ്റയ്ക്ക് നടക്കാന്‍ വയ്യെന്നും)
  ഓര്‍മ്മിക്കാവുന്നതാണ്‌.

  ReplyDelete
 19. ഹായ് പൂയ്‌ കൂയ്‌,
  ഇങ്ങള് ഇനി നാട്ടില് നിക്കണ്ട. ദുബായിലേക്ക് വാ. ഞമ്മള് കാണിച്ചുതരാം നല്ല നല്ല റോഡുകള്‍ !

  ReplyDelete
 20. കൊള്ളാമല്ലോ അപ്പൊ നാട്ടില്‍ പോയിട്ട് സൌദിയുമായി താരതമ്യം ചെയ്യുകയാ അല്ലെ ... നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിനെ കൊള്ളാം നമ്മുടെ നാട് നന്നാക്കണമെന്ന് അവിടെ ഭരണത്തിലിരിക്കുന്നവര്‍ക്ക് ആഗ്രഹമില്ല ..പിന്നെ താങ്കളെ പോലുള്ളവര്‍ എന്തിനിങ്ങനെ പരിതപിക്കണം .. ഭരണം മാറിയാലും എന്തൊക്കെ മാറിയാലും പൊതു ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മാറില്ല ... അനുഭവിക്കുക തന്നെ...

  ReplyDelete
 21. അപ്പം കണ്ണൂര് മാത്രമല്ല ഈ റോഡ്‌ പ്രശ്നം !!!
  സമാധാനമായി...
  മീറ്റ്‌ നു കണ്ടത്തില്‍ സന്തോഷം ...
  എന്റെ പോസ്റ്റ്‌ വായിച്ചിരുന്നോ??

  http://ranipriyaa.blogspot.com/2011/09/blog-post.html

  ReplyDelete
 22. പാവം കോണ്ട്രാക്റ്റരന്മാർ. അവരെങ്കിലും പണക്കാരാവട്ടെ. റോഡ് പണി നടക്കുമ്പോൾ നമുക്ക് വെറും കാഴ്ച്ചക്കാരായി റോഡിന്റെ ഓരം ചേർന്ന് പോകാം. അല്ലെങ്കിൽ നമുക്ക് ഇങ്ങനെ എഴുതിയും പറഞ്ഞും കളിക്കാം. റോഡാകുന്ന സ്ഥലത്ത് നമുക്ക് കുളിക്കാം.(വളരെ നല്ല പ്രസക്തിയുള്ള പോസ്റ്റ്)ആശംസകൾ...........

  ReplyDelete
 23. നന്നായി റോഡ്‌ പുരാണം

  ReplyDelete
 24. നാട്ടിൽ കൂടിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും രിയാദിലെ പിരാന്തൻ പാലം മറന്നില്ലല്ലെ... കേട്ടിട്ട് അതിൽ കുടുങ്ങിയ മട്ടുണ്ട് :)

  ReplyDelete
 25. സൌദിയിലെ രാജ വീഥികളെക്കാളും എനിക്കിഷ്ടം നാട്ടിലെ തകര്‍ന്ന റോഡുകള്‍ ആണ്. അതിന്റെ പാര്‍ശ്വങ്ങളില്‍ എത്രയെത്ര ചെടികളും,പൂക്കളും വളരുന്നു. എത്ര തരപക്ഷി കള്‍ നമ്മുടെ യാത്ര നോക്കി ഇരിക്കുന്നു. ശാന് മായ യാത്രയാണ് എപ്പോഴും എനിക്ക് സുഖം തരുന്നത്. സൌദിയില്‍ നൂറു കിലോമീറ്റര്‍ അമ്പതു മിനിട്ട് കൊണ്ട് ഓടിയെത്തുന്നു.എന്റെ ഭാര്യ വീട്ടിലേക്കു നൂറു കിലോമീറ്റര്‍ ദൂരം ഉണ്ട്. ഞങ്ങള്‍ മൂന്നു മണിക്കൂര്‍ എടുക്കാറുണ്ട്,നാട്ടില്‍ .ജീവിതത്തിനു വേഗത കൂടിയതാണ് എല്ലാ അസ്വാസ്ത്യത്തിനും കാരണം.

  ReplyDelete