Skip to main content

എഴുത്തില്‍ മരുന്ദ് ചേര്‍ക്കുമ്പോള്‍

പരന്ന വായനയും തീക്ഷ്ണമായ ജീവിതാനുഭവങ്ങളുമാണ് എന്‍ വി പുഷ്പരാജന്‍ എന്ന എഴുത്തുകാരന്റെ കരുത്ത്. വാക്കുകളെ ചെത്തിമിനുക്കി കവിത പണിയുകയാണ് കഥാകൃത്ത്. വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ആശയത്തെക്കാള്‍ സുന്ദരമാണ് വാക്കുകള്‍ അടുക്കിവെച്ചതിന്റെ വായനാരസം. അതിനേക്കാള്‍ ആസ്വാദ്യകരമാണ് വരികള്‍ക്കിടയില്‍ പറയാതെ പറഞ്ഞ കഥകളും കവിതകളും.
പണ്ടു പണ്ടൊരു രാജ്യത്ത് എന്ന നോവല്‍ അത്ര രസത്തില്‍ വായിച്ചു പോകാവുന്ന കഥയല്ല, കഥകളല്ല.  തീക്ഷ്ണമായ ജീവിതങ്ങളാണ് നോവലില്‍ നിറഞ്ഞു കിടക്കുന്നത്. പാരമ്പര്യ നോവല്‍ സങ്കല്‍പങ്ങളനുസരിച്ച് ഇതൊരു നോവലാവണമെന്നില്ല. അവര്‍ക്ക്, പതിനേഴ് അധ്യായങ്ങളുള്ള ഈ നോവലിനെ പതിനേഴ് കഥകളായും കാണാം. ആ കഥകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരിടനിലക്കാരനായി കഥാനായകനെ സങ്കല്‍പിക്കുകയുമാവാം.
എനിക്കും ഇതൊരു നോവലായല്ല അനുഭവപ്പെട്ടതെന്നു തോന്നുന്നു. അത് അക്കാദമിക്കായ നോവല്‍ നിര്‍വചനങ്ങളുടെ അടിസ്ഥാനത്തിലല്ല. കഥകള്‍ക്കുള്ളില്‍ കഥകള്‍ നിറച്ചു വെച്ച കുറെ കഥകളായാണ് എനിക്കീ നോവല്‍ അനുഭവപ്പെട്ടത്. കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഓടി വന്ന്, വന്നതുപോലെ മറഞ്ഞു പോയ്‌ക്കൊണ്ടിരുന്നിട്ടും ഒന്നും മനസ്സില്‍ മായാതെ... ഓരോ കഥാപാത്രങ്ങളും മനസ്സിനെ അലോസരപ്പെടുത്തിയും മനസ്സില്‍ ചൊറിഞ്ഞു മാന്തിയും അങ്ങനെ ബാക്കിയാവുന്നു. ഓരോ അധ്യായവും, ഓരോ കഥയും വായിച്ചു കഴിഞ്ഞ് കുറച്ചു നേരം കണ്ണടച്ചിരുന്ന് മനസ്സിനെ ഏകാഗ്രമാക്കിയാണ് അടുത്ത അധ്യായം (കഥ) എനിക്കു വായിക്കാനായത്. ഇടക്ക് ആളൊഴിഞ്ഞ ഒറ്റമുറിയില്‍ ഞാനിത്തിരി നടന്നു. എന്നിട്ടും ഒറ്റയിരുപ്പില്‍ ഞാനീ നോവല്‍ വായിച്ചു തീര്‍ത്തു. ഇതൊരു ചെറിയ നോവലായതു കൊണ്ടല്ല അതു സാധിച്ചത്. പുഷ്പരാജന്റെ എഴുത്ത് എന്നെ വായിപ്പിക്കുകയായിരുന്നു. 


പനിയുടെ സുഖക്ഷീണവും മരുന്നിന്റെ മണവുമുള്ള ഒരുച്ചയുറക്കത്തില്‍ കണ്ട ദുസ്വപ്നമാണ് ഈ നോവല്‍ എന്ന് നോവലിസ്റ്റ് തന്നെ പറയുന്നുണ്ട്. അതു ശരിയാണ്. ദുസ്വപ്നങ്ങള്‍ പലപ്പോഴും മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും. ഇതിലെ ചില കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. ചിലപ്പോള്‍ വല്ലാത്ത അമര്‍ശം നിറയുന്നുണ്ട്. ഉണര്‍ന്നെണീറ്റിട്ടും കണ്ണില്‍ പറ്റിക്കിടക്കുന്ന ദുസ്വപ്നങ്ങളായി..
വളരെ നീട്ടിപ്പരത്തി പറയാവുന്ന കഥാസന്ദര്‍ഭങ്ങള്‍ നിരവധിയുണ്ടായിട്ടും ഒതുക്കാവുന്നിടത്തോളം ഒതുക്കി അര്‍ഥതലങ്ങളെ വിശാലമാക്കാനാണ് കഥാകൃത്ത് ശ്രമിച്ചിരിക്കുന്നത്. 
വളച്ചുകെട്ടി കഥപറയുക എന്നത് പുഷ്പരാജന്റെ രീതിയാണ്. പക്ഷേ, ഈ വളച്ചു കെട്ടലിലും വായന വിരസമാവാതെ കൂടുതല്‍ അനുഭവേദ്യമാക്കിത്തീര്‍ക്കാന്‍ കഴിയുക എന്നത് നല്ല എഴുത്തുകാരന്റെ ഗുണമാണ്.
സാഹിത്യത്തില്‍ അത്ര സുപരിചിതമല്ലാത്ത ഒരു പശ്ചാത്തലമൊന്നുമല്ല ഈ നോവലിലുള്ളത്. വിശപ്പും വിഷാദവും വേദനയും വിരഹയും പ്രണയവും രതിയും ലഹരിയും പ്രതികാരവുമെല്ലാം നിറഞ്ഞു പെയ്യുന്ന കഥയാണ് പണ്ടു പണ്ടൊരു രാജ്യത്ത്. പക്ഷേ ഈ കഥയെ വ്യത്യസ്തമാക്കുന്നത് ഇതിലെ ഭാഷയും ഇതെഴുതിയ രീതിയുമാണ്.
ഒരു കുറ്റാന്വേഷണകഥ ഈ നോവലില്‍ മറഞ്ഞുകിടപ്പുണ്ട്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവുജീവിതം നയിക്കുന്ന ജോസഫിന്റെ കഥയാണിതെന്ന് ഒറ്റവാക്കില്‍ പറയാം. അദ്ദേഹം ചാക്രിപ്പാറ എന്ന ഗ്രാമത്തിലേക്ക് പുറപ്പെടുന്നതു മുതലാണ് കഥ തുടങ്ങുന്നത്. പിന്നെ ചാക്രിപ്പാറ എന്ന ഗ്രാമം കഥാനായകന്റെ ജീവിതത്തില്‍ ഇടപെട്ടു തുടങ്ങുമ്പോഴാണ് ചാക്രിപ്പാറയിലെ ജീവിതങ്ങള്‍ കഥയില്‍ നിറയുന്നത്. പച്ചയായ ജീവിത സന്ദര്‍ഭങ്ങള്‍ മാത്രമേ കഥകളിലുള്ളു. പച്ചയായ എഴുത്തും. ഭാഷയിലും ജീവിതത്തിലും മായം കലര്‍ത്താന്‍ എഴുത്തുകാരന്‍ മെനക്കെട്ടിട്ടില്ല. അതു കൊണ്ട് തന്നെയാണ് ഓരോ വരിയും അറിഞ്ഞനുഭവിക്കാനാവുന്നത്. 

ചാക്രിപ്പാറയിലെ മണ്ണും കാറ്റും മനുഷ്യരും നമുക്കുമുന്നില്‍ നിറയുന്നു. കുന്നും ഇറക്കവും കയറിയിറങ്ങുന്നു. മരുന്ദ് മണക്കുന്നു. മഴപെയ്യുന്നു. മഴയത്ത് കൂറ്റന്‍ അയനിമരത്തിന്റെ ചോട്ടില്‍ ജയനും ഉഷയും പ്രണയിക്കുന്നു. പഴംതുണിപോലെ നീണ്ടു കിടക്കുന്ന കാലുമായി സുകുമാരന്‍ പുലമ്പുന്നു. മഞ്ഞ നിറം പൂണ്ട കണ്ണുമായി മണികണ്ഠന്‍ മരുന്ദ് ചോദിക്കുന്നു. പുഴുപ്പല്ല് പുറത്തു കാട്ടി ചിരിച്ചു ചിരിച്ചു രാധ ആടിയാടി നടന്നു പോകുന്നു. കിണറിനരികില്‍ കണ്ണപ്പന്‍ പാച്ചിച്ചു കിടക്കുന്നു. ജിമ്മി അയാള്‍ക്കു കാവലിരിക്കുന്നു. ചുന്നരന്‍ അമ്മിണിയെ അടിക്കാനോങ്ങുന്നു. അവള്‍ അയാളെ ഉന്തി മറിച്ചിട്ട് കുടിലിനു പുറത്തേക്കു ചാടുന്നു. ചങ്കരന്‍കാണി എന്ന പേരപ്പന്‍ വരുന്നു... നിസാര്‍, ചൊക്ലിയന്‍, മൂട്ടുകാണി, വീണന്‍, ചെറുക്കന്‍ കാണി, ചാന്തന്‍, സുമ, സരസം, സൈലന്‍, പ്രേമലത, മുത്തു, മോഹന്‍രാജ്, കൊങ്ങിണി...
ഗൗരി ജോസഫിന്റെ ചെവിയില്‍ പാട്ടു മൂളുന്നു.
ഉഷ മരുന്ദുമായി അടുത്തിരിപ്പുണ്ട്.
കഥ നിറച്ചും കഥാപാത്രങ്ങളാണ്. ഇത്രയേറെ കഥാപാത്രങ്ങള്‍ വന്നുപോയിട്ടും അവയൊന്നും കഥയില്‍ അധികമാവുന്നില്ല. ഓരോ കഥാപാത്രവും വ്യക്തിത്വത്തിലും സ്വഭാവത്തിലും വേറിട്ടു നില്‍ക്കുകയും ചെയ്യുന്നു.
 

നോവലിന്റെ പേര് മറ്റെന്തെങ്കിലുമായിരുന്നെങ്കില്‍ എന്നെനിക്ക് തോന്നിയിട്ടുണ്ട്. ജോസഫ് ഉഷയുടെ മകള്‍ സുമക്ക് കഥപറഞ്ഞുകൊടുക്കുന്ന നേരത്ത് സുമ, തന്റെ പിതാമഹനില്‍ നിന്നും കേട്ട ഒരു പഴയ കഥ ഓര്‍ത്തെടുക്കുകയായിരുന്നു. ചാക്രിപ്പാറയുമായി ബന്ധപ്പെട്ട ഒരു പഴയ കഥ, ഒരു മിത്തായോ ഐതിഹ്യമായോ കടന്നുവരുന്ന ആ കഥയാവാം ഇങ്ങനെയൊരു പേരിനു കാരണം. പക്ഷേ, ഇത് നോവലിന്റെ മൊത്തം കഥയുമായി പൊരുത്തപ്പെടാതെ കിടക്കുന്ന പോലെ തോന്നുന്നുണ്ട്. പേര് ഈ നോവലിന്റെ വായനക്ക് തടസ്സമാവുമോ എന്ന ഭയവും എനിക്കില്ലാതില്ല.
ഈ നോവലില്‍ കവിതയുറ്റുന്ന ഒരുപാട് ഇടങ്ങളുണ്ട്. ഭാഷാപ്രയോഗത്തിന്റെ സൗന്ദര്യത്തിനപ്പുറം ആശയങ്ങളെ ഒളിപ്പിച്ചു വെച്ച് വായനയില്‍ മരുന്ദ് ചേര്‍ത്ത വാക്കുകള്‍.
പ്രണയവും രതിയും ലഹരിയും അശ്ലീലമായേക്കാവുന്ന സമയത്തും എഴുത്തില്‍ സംയമനം പാലിക്കാന്‍ എഴുത്തുകാരനു കഴിഞ്ഞിട്ടുണ്ട്. ആ കയ്യൊതുക്കത്തില്‍ കഥാകൃത്ത് പരാജയപ്പെട്ടിരുന്നെങ്കില്‍ ഇത് ലക്ഷണമൊത്ത ഒരു പൈങ്കിളിക്കഥ ആയിപ്പോകുമായിരുന്നു. 


ആ എഴുത്തു മിടുക്ക് കഥയില്‍ പരയിടത്തും നമുക്ക് കാണാം.
ഓലകൊണ്ടും ഓലയുടെ ഇല കൊണ്ടും മേഞ്ഞ കൊച്ചു കുടിലുകള്‍ മണ്ണിലിറക്കിവെച്ച ഏറുമാടം പോലെ തോന്നിച്ചു./വഴിയല്ലാത്ത ഒരു വഴിയിലൂടെ സോമന്‍ മുന്നിലും ജേസഫ് പിന്നിലുമായി നടന്നു./വെളുത്ത മഴ മണ്ണില്‍ വീണ് തവിട്ടു നിറം കൊണ്ടു./ അതിന്റെ ഏതാനും പേജുകള്‍ രക്തം പുരണ്ടിരുന്നു/ നടക്കാത്ത മോഹങ്ങളും നടക്കാനിരിക്കുന്ന മോഹങ്ങളും ഒരിക്കലും തീരാതെ ബാക്കി കിടന്നു. ഉറക്കം വരാത്ത രാവുകളില്‍ ചാക്രിപ്പാറയുടെ കൊച്ചു വഴികളിലൂടെ മോഹങ്ങള്‍ അലഞ്ഞു നടന്നു. /അങ്ങകലെ ചക്രവാളസീമയില്‍ അസ്തമയത്തിന്റെ ചുവപ്പു രാശി. പൊടുന്നനെ ജോസഫ് അസ്വസ്ഥനായി.. അയാളുടെ ഓര്‍മകളില്‍, ഉയിരകന്ന ഗൗരിയുടെ ഉടല്‍ രക്തം പുരണ്ടു കിടന്നു./ അപ്പോള്‍ അമ്മന്‍ കോവിലിനു താഴെ, ചാക്രിപ്പാറയിലേക്ക് ഒരു രാത്രി കൂടി ഇറങ്ങി വന്നു.
മരണത്തെ മാറത്തലച്ചുള്ള ഒരു അലറിക്കരച്ചിലിനപ്പുറത്ത് വരച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടെ കഥ വിജയിക്കുന്നു, കഥാകൃത്തും.
ഉഷയുടെ മരുന്ദിനു പുറമെ കോമളം നല്‍കിയ മരുന്ദും സേവിച്ചു രസം കയറിയപ്പോള്‍ പേരപ്പനൊരു മോഹം. അയാള്‍ തടാകത്തില്‍ കുളിക്കാനിറങ്ങി. കയറിയില്ല. കയറ്റുകയായിരുന്നു. ഉടുത്തിരുന്ന ഒറ്റമുണ്ട് അഴിഞ്ഞു പോയിരുന്നു. പള്ള വല്ലാതെ വീര്‍ത്തിരുന്നു.
മലയാള സാഹിത്യത്തില്‍ ഏറെയൊന്നും കടന്നുവന്നിട്ടില്ലാത്ത തിരുവനന്തപുരത്തിലെ ഉള്‍നാടന്‍ ഗ്രാമീണ ഭാഷയാണ് ഈ നോവലില്‍ ഉപയോഗിച്ചിട്ടുള്ളത്. ചാക്രിപ്പാറ അത്തരമൊരു ഗ്രാമമാണ്. അവിടെ മരുന്ദ്(വാറ്റുചാരായം) വിറ്റു ജീവിക്കുന്ന ഉഷയുടെയും ആ ഗ്രാമത്തില്‍ കല്പണിക്കാരന്‍ സോമനു പിന്നാലെ ജോലിക്കായെത്തുന്ന ജോസഫിന്റെയും കഥയാണ് പ്രധാനമായും ഈ നോവല്‍. ചാക്രിപ്പാറയിലെ ഒളിയും മറയുമില്ലാത്ത പച്ചമനുഷ്യരുടെ കഥ. ശരിയും ശരികേടുമറിയാത്ത നേരും നെറിയുമറിയാത്ത ജീവിതങ്ങള്‍. ലഹരിയും പ്രണയവും രതിയുമില്ലെങ്കില്‍ ചാക്രിപ്പാറയില്‍ ജീവിതമില്ല. കഥയില്ല. ഒന്നുമില്ല.


ഒരുനാള്‍ നിദ്രയില്‍ ചുന്നരന്‍ ഒരു കിനാവു കണ്ടു. മരുന്ദ് കൊണ്ടുള്ള ഒരു തടാകം. അതില്‍ താന്‍ വലിയ മീനായി കുടിച്ചും നീന്തിയും, കുടിച്ചും നീന്തിയും... ആ ഹാ!’
ഈ നോവല്‍ ഒരു സ്ത്രീപക്ഷ രചനയാണെന്ന് പറയാനാണെനിക്കിഷ്ടം. ഇതിലെ സ്ത്രീകഥാപാത്രങ്ങളുടെ പക്ഷം ചേര്‍ന്നാണ് എപ്പോഴും കഥാകൃത്ത് കഥപറയുന്നത്. ഉഷയുടെയും കോമളത്തിന്റെയും കൊങ്ങിണിയുടെയും അമ്മിണിയുടെയുമൊക്കെ ജീവിതങ്ങള്‍ തന്നെ ഉദാഹരണം.
തീവ്രമായ കുറെ ജീവിതകഥകള്‍ നിറഞ്ഞു കിടക്കുന്ന ഒരു കഥാസാമാഹാരമായി ഈ നോവലിനെ കാണാനെനിക്കു തോന്നുന്നത് അതു കൊണ്ടൊക്കെയാണ്.
.

എന്‍ വി പുഷ്പരാജന്റെ പണ്ടുപണ്ടൊരു രാജ്യത്ത് എന്ന പുസ്തകത്തിനായി എഴുതിയ ആമുഖക്കുറിപ്പ്.

രേഖാചിത്രങ്ങള്‍: പുസ്തകത്തിനായി ഞാന്‍ വരച്ചത്
............................................................................................................
 

  
എന്‍ വി പുഷ്പരാജന്‍
തിരുവനന്തപുരം സ്വദേശിയായ പുഷ്പരാജന്‍ ഇപ്പോള്‍ തിരൂരില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. ജീവന്റെ അടയാളങ്ങള്‍ എന്ന പേരില്‍ മറ്റൊരു നോവല്‍ എഴുതിയിട്ടുണ്ട്. എം ടി വാസുദേവന്‍ നായരാണ് ആ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതിക്കൊണ്ടിരിക്കുന്നു. പണ്ടുപണ്ടൊരു രാജ്യത്ത് എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ ഇറങ്ങിയിട്ടുള്ളത്. കാളികാവിലെ അല്‍‌വാന്‍ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
50 രൂപയാണ് വില. 

പുഷ്പരാജന്റെ ഫോണ്‍ 9388498489
അല്‍‌വാന്‍ പബ്ലിക്കേഷന്‍സ് 9747635791

Comments

  1. നന്നായിട്ടുണ്ട് മാഷെ. ചിത്രങ്ങളും കുറിപ്പും.

    ReplyDelete
  2. ഈ സംരംഭത്തെ ഞാന്‍ അഭിനന്ദിക്കുന്നു. പെട്ടെന്ന് ആരും ശ്രദ്ധിക്കാന്‍ ഇടയില്ലാത്ത ഒരു കൃതി ബ്ലോഗ്‌ വായനക്കാര്‍ക്ക് പരിചയ പ്പെടുത്തിയ
    തിനു. ദിനം പ്രതി നൂറു കണക്കിന് ബ്ലോഗ്ഗുകള്‍ കണ്ടു പോകുന്നു.അവയുടെയെല്ലാം പൊതുവായ ഒരു സ്വഭാവം അത് മലയാള ഭാഷയില്‍ എഴുതുന്നു എന്നതൊഴിച്ചാല്‍ വായിക്കുന്നത് കൊണ്ട് പ്രത്യേകിച്ചൊന്നും കിട്ടാനില്ല.ഈ ആസ്വാദനം കൊണ്ട് ഒരു മലയാള പുസ്തകത്തെ പരിചയപ്പെടാന്‍ കഴിഞ്ഞല്ലോ. അഭിനന്ദനങ്ങള്‍ .നല്ല ബ്ലോഗ്ഗുകളെ പ്രോത്സാഹിപ്പിക്കുക.

    ReplyDelete
  3. നമ്മള്‍ വലിയ വലിയ എഴുത്തുകാരെ നോക്കുമ്പോള്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്ന ചെറിയ, എന്നാല്‍ കാമ്പുള്ള എഴുത്തുകാരെ കാണാതെ പോകലാണ്‌ പതിവ്‌. അങ്ങനെയുള്ള ഒരാളെ പരിചയപ്പെടുത്തുന്നതിലൂടെ മഹത്തായൊരു കാര്യമാണ്‌ മുക്താര്‍ ചെയ്തിരിക്കുന്നത്‌. നന്ദി.

    ReplyDelete
  4. കെട്ടിട നിമ്മാന തൊഴിലാളി...
    വാക്കുകള്‍ കൊണ്ട് വായനയുടെ ഗോപുരം നിര്‍മ്മിക്കുന്ന ഈ സുഹൃത്തിനെ ഹൃദ്യമായി എത്തിച്ചു തന്ന മുഖ്താറിയനിസം
    അഭിനന്ദന മര്‍ഹിക്കുന്നു...!

    ReplyDelete
  5. വളരെ നന്നായി ഈ പരിചയപ്പെടുത്തൽ. ഈ പ്രോത്സാഹനം വലിയ കാര്യമാണ്. പുസ്തകം പ്രസാധകർ അയച്ചു തരുമായിരിയ്ക്കും അല്ലേ?

    അഭിനന്ദനങ്ങൾ, കേട്ടൊ. ഈ കുറിപ്പിന്.

    ReplyDelete
  6. പുസ്തകം വായിച്ചിട്ട് പറയാട്ടോ. അത് കിട്ടുമോ എന്നു നോക്കട്ടെ

    ReplyDelete
  7. നന്നായി മുഖ്‌താറേ.. ഇത് പുസ്തകവിചാരത്തില്‍ ചേര്‍ക്കാമോ ? അങ്ങിനെയെങ്കില്‍ പുസ്തകത്തിന്റെ ഒരു കവര്‍ പേജ് ചിത്രം കൂടെ നല്‍കുക. ഒരു മെയില്‍ വഴി അറിയിക്കാമോ?

    ReplyDelete
  8. ഇക്കാ ഈ വിലയിരുത്തല്‍ നന്നായി ഒരു വിലപ്പെട്ടത് തന്നെ യായി ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  9. നന്നായിട്ടുണ്ട് ചിത്രങ്ങള്‍

    ReplyDelete
  10. നല്ല പരിചയപ്പെടുത്തല്‍ ...:)

    ReplyDelete
  11. ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി .
    അഭിനന്ദനങ്ങള്‍ !!!

    ReplyDelete
  12. പുസ്തകം വാങ്ങാന്‍ ശ്രമിക്കുന്നു

    ReplyDelete
  13. ഈ എഴുത്ത്കാരനെയും പുസ്തകത്തെയും പരിചയപ്പെടുത്തിയതിനു മുഖ്താറിനു നന്ദി.

    ആദ്യമായാണ്‌ ഞാന്‍ ഇതിലെ വരുന്നത്. എന്റെ റോസാപ്പൂക്കളില്‍ ഒന്ന് വന്നു പോകുമല്ലോ

    ReplyDelete
  14. ചിത്രങ്ങളും കുറിപ്പും മനോഹരമായി. എഴുത്തുകാരനേയും നോവലിനേയും പരിചയപ്പെടാന്‍ സാധിച്ചു.
    നന്ദി മുഖ്താര്‍.

    ReplyDelete
  15. പരിചയപ്പെടുത്തലിനു നന്ദി മുക്താര്‍ ഭായി. ആമുഖം ഗംഭീരമായി. പുസ്തകം എന്നെങ്കിലും കയ്യില്‍ വന്നെത്തും എന്ന് പ്രതീക്ഷിക്കുന്നു. മഴ പോലെ പ്രവാസലോകത്ത്‌ പുസ്തകങ്ങളും കാണാ കാഴ്ച്ചയാണല്ലോ.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.