Dec 20, 2011

മഞ്ഞീല്

.ദേശാഭിമാനി വാരിക(2011 ഡിസംബര്‍ 18 )യില്‍ പ്രസിദ്ധീകരിച്ച കഥ.


 
 ..............................................................................................................................................
 മഞ്ഞീല്

ഞങ്ങളന്ന് ചെലമ്പില്‍ കുന്നിലാണ് താമസം. കുന്നെന്ന് പറഞ്ഞാല്‍ വലിയ കുന്നൊന്നുമല്ല. നാലു വീടാണ് അവിടെ തൊട്ടടുത്തായി കൂട്ടുകൂടി നിന്നിരുന്നത്, ഒറ്റ വീടുപോലെ. കുറച്ചപ്പുറത്ത് മാറി രണ്ടു വീടുകളും. അതിനപ്പുറം മലയാണ്. അവിടെയാണ് ശരിക്കും കുന്ന്. കുന്ന് കയറിയാല്‍ ചോലയാണ്. ചോലയില്‍ മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകും. അപ്പോള്‍ കുളിയും അലക്കുമൊക്കെ അവിടെയാണ്. അതിനപ്പുറത്താണ് കടിഞ്ചീരിയന്‍ മല. പുല്ലങ്കോട് എസ്റ്റേറ്റിന്റെ ഭാഗമാണത്. ആനയുടെ എരമ്പല്‍ കേള്‍ക്കാം മുകളില്‍ നിന്നും.
വീടിനുമുന്നില്‍ പരന്നു കിടക്കുന്ന വയലാണ്. വയല്‍ ചെന്നുമുട്ടുന്നത് കരമ്പത്തോട്ടിലാണ്. കരമ്പത്തോട്ടിനിപ്പുറമാണ് കണ്ടിക്കുളം. കണ്ടിക്കുളത്തിനിപ്പുറവും കരമ്പത്തോടിനപ്പുറവും നിറയെ കൈതമരമാണ്. കൈതമരത്തിനുള്ളില്‍ കാട്ടുകോഴികളുണ്ടാവും. തോട്ടിലും കുളത്തിലും നിറയെ മീനാണ്. പാടത്ത് കൊക്കുകള്‍ നിസ്‌കരിക്കുന്നുണ്ടാവും.
പാടത്തിനു നടുക്ക് കാവല്‍ പുരയുണ്ട്. രാത്രി പന്നി വന്ന് കൃഷിയൊക്കെ ഉഴുതുമറിക്കും. പന്നിയെ ആട്ടാനാണ് കാവല്‍പുരയില്‍ ചൂട്ടും കത്തിച്ച് തകരപ്പെട്ടിയില്‍ ക്ടും ക്ടുംന്നും മുട്ടി കൊപ്പന്‍ കുട്ടി ഇരിക്കുന്നത്. അവരുടേതാണ് പാടത്തിന്റെ പകുതിമുക്കാലും.
അനിയന്‍മാര്‍ക്ക് രണ്ടാള്‍ക്കും രാത്രിയാണ് മദ്‌റസ. അടുത്ത വീട്ടിലെ കുട്ടികളുമുണ്ട്. ഇശാ കഴിഞ്ഞാണ് മദ്‌റസ വിടുക. അയല്‍വാസിയായ അബ്ബാസാക്കാന്റെ കൂടെയാണ് കുട്ടികള്‍ മദ്‌റസ വിട്ട്‌വരിക. അബ്ബാസാക്കാക്ക് അങ്ങാടിയില്‍ സൈക്കിളു നന്നാക്കുന്ന പീടികയുണ്ട്.
ഉപ്പാക്ക് അന്ന് വണ്ടൂരിലെങ്ങാണ്ടൊരു മദ്‌റസയിലായിരുന്നു പണി. അവിടെ ഉസ്താദാണ്. ആഴ്ചയിലൊരിക്കലെ വരൂ. വ്യാഴാഴ്ച വന്നാല്‍ ശനിയാഴ്ച രാവിലെ പോകും.
മണ്ണുകൊണ്ട് കട്ടവാര്‍ത്തുണ്ടാക്കിയ പുരയാണ്.
പഴയൊരു വീട് വാങ്ങിയതാണ്. ഇടച്ചുമരൊന്നുമില്ലായിരുന്നു. നാട്ടിലെ കുറച്ച് ചെറുപ്പക്കാര്‍ ഷാജിയുടെ നേതൃത്വത്തില്‍ ഒരു രാത്രിയില്‍ കട്ട വാര്‍ത്തു. മണ്ണു കുഴച്ചു. പെട്ടിയില്‍ നിറച്ചു. തേങ്ങയും ചീനാപ്പറങ്കിയുമിട്ടരച്ച ചമ്മന്തിയും കപ്പയും കട്ടന്‍ചായയുമുണ്ടായിരുന്നു. നേരം വെളുക്കുവോളം കട്ട വാര്‍ത്തു. കട്ടയുണങ്ങിയപ്പോള്‍ ഇടച്ചുമര് കെട്ടിയത് ഉപ്പയാണ്. ഉമ്മ മണ്ണ് കുഴച്ച് തേമ്പി.
മുകളില്‍ ഓട്. താഴെ കരിതേച്ച് മിനുക്കിയത്. ആ കുന്നിന്‍ മുകളിലുള്ള മുഴുവന്‍ വീടുകളും അങ്ങനെത്തന്നെ. കരണ്ട് ഇല്ല. ഒന്നും രണ്ടും പോസ്റ്റ് പോര. പാടത്തിനക്കരെ വരെ കരണ്ടുണ്ട്.
വഴിയുമില്ല. നീണ്ടുകിടക്കുന്ന പാടവരമ്പാണു വഴി.
വീടിന്റെ ചായ്പ്പില്‍ ചാരിയൊരു തിണ്ടുണ്ട്. ഒരു അരച്ചുമര്. അതിന്‍മേല്‍ സിമന്റ് തേച്ചുരച്ച് മിനുസപ്പെടുത്തിയിരുന്നു ഉമ്മ. ഇരുട്ടു കേറിയാല്‍ ചോറും കൂട്ടാനും വെച്ച് മഗ്‌രിബും നിസ്‌കരിച്ച് അയലോക്കത്തുള്ളവരൊക്കെ ഇറങ്ങി വരും. കുട്ടികള്‍ മദ്‌റസ വിട്ടു വരുന്നതു വരെ ആ തിണ്ടിലിരുന്ന് സൊറയാണ്.
അങ്ങനെ സൊറച്ചിരിക്കുമ്പോഴാണ് പഴയ കഥകള്‍ കേള്‍ക്കാനാവുക. രസമുള്ളതും കൗതുകമുള്ളതും പേടിപ്പിക്കുന്നതുമായ കഥകള്‍ പറയും പലരും.
കുറച്ച് മുന്‍പ് ഈ കുന്നില്‍ ഒരു വീടേ ഉണ്ടായിരുന്നുള്ളു. സമീറിന്റെ വീട്. അന്ന് ആ കുന്ന് നിറയെ ജിന്നും പ്രേതങ്ങളുമായിരുന്നത്രെ. രാത്രി ആയാലാണ് ജിന്നിറങ്ങുക. ഓളിയിടുന്ന ഒച്ച കേള്‍ക്കും. മറഞ്ഞിരുന്ന് പേടിപ്പിക്കും. തൊട്ടിലില്‍ കിടത്തിയ കുട്ടിയെ എടുത്ത് നിലത്ത് കിടത്തും.
അടുക്കളയില്‍ പപ്പടം പൊരിച്ചു കൊണ്ടിരിക്കുകയായിരുന്നു സമീറിന്റെ ഉമ്മ. വെടുപ്പോതിനുള്ളിലൂടെ ഒരു കൈ നീണ്ടുവരുന്നു. ചീനച്ചട്ടിയില്‍ നിന്നും തിളച്ച എണ്ണയെടുത്ത് ആ കയ്യിലേക്കങ്ങ് ഒഴിച്ചു കൊടുത്തത്രെ. വലിയൊരു അലര്‍ച്ച അകന്നകന്നു പോകുന്നത് കേട്ടു. ചൂട്ടു കത്തിച്ചു നോക്കിയിട്ടും ആളെയാരെയും കണ്ടില്ല.
ഇടക്ക് ചാത്തനേറുമുണ്ടാവും.
പുരപ്പുറത്തേക്ക് ചരക്കല്ല് വീഴുന്ന ഒച്ച കേള്‍ക്കും. എവിടെ നിന്ന് വരുന്നുവെന്ന് പോലും അറിയൂല.
പാടവരമ്പിലൂടെ പൊട്ടിച്ചൂട്ട് കത്തിയാളിപ്പോകാറുണ്ടായിരുന്നത്രെ അന്നൊക്കെ.
വീടും ആളും കൂടിയതു കൊണ്ടാവാം ജിന്നുകളെ ഇപ്പോള്‍ കാണാറില്ല.  ചാത്തനേറും പൊട്ടിച്ചൂട്ടുമില്ല.
രാത്രി, എല്ലാരും ഉറക്കമായാല്‍ വെടുപ്പോതിനുള്ളിലൂടെ ടോര്‍ച്ചടിച്ച് ഒളിഞ്ഞുനോക്കാന്‍ മറഞ്ഞുനടക്കുന്ന ഒരു ചെകുത്താനുണ്ട്. ഏറെ മെനക്കെട്ട് കാത്തിരുന്നിട്ടും കയ്യില്‍ കിട്ടിയിട്ടില്ല.
കയ്യില്‍ കിട്ടിയാല്‍ ഓന്റെ മയ്യത്തായിരിക്കുമെന്നാണ് കുന്നിലെ ആണും പെണ്ണും പറയുന്നത്. ആളെപ്പിടിക്കാന്‍ ഒളിഞ്ഞിരിക്കുന്നവരില്‍ തന്നെ ആ ഹിമാറ് ഉണ്ടെന്നാണ് പെണ്ണുങ്ങള്‍ പറയുന്നത്.
കിടന്നുറങ്ങുമ്പോള്‍ വെടുപ്പോതുകളില്‍ തുണി തിരുകി മറയ്ക്കാന്‍ ആരും മറക്കാറില്ല. ഏതു നേരത്താണ് മഞ്ഞവെളിച്ചം ഔറത്ത് വെളിവാക്കാനെത്തുകയെന്നറിയില്ലല്ലോ.
സമീറിന്റെ ഉമ്മ തന്നെയാണ് പറഞ്ഞത്, കറുത്ത മനുഷ്യനെക്കുറിച്ച്.
കുന്നിനിപ്പറത്തൂടെ കരമ്പത്തോട് കടന്ന് റബര്‍മരങ്ങള്‍ക്കിടയിലൂടെ ഒരു വഴിയുണ്ട്. അതിലൂടെ പോയാല്‍ മാളിയേക്കലിലേക്കൊരു എളുപ്പവഴിയുണ്ട്. സമീറിന്റെയും എന്റെയും ഉമ്മമാരുടെ വീട് മാളിയേക്കലാണ്. ആ വഴിയിലെ റബര്‍ മരങ്ങള്‍ക്കിടയില്‍ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട് കറുത്ത മനുഷ്യന്‍. സമീറിന്റെ ഉമ്മ കണ്ടിട്ടുണ്ടത്രെ! വേറെയും പെണ്ണുങ്ങള്‍ കണ്ടിട്ടുണ്ടത്രെ! കറുത്ത് ഭീമാകാരനായ ഒരാള്‍. ഔറത്ത് മറച്ചിട്ടില്ല.
അയാളെ കണ്ട് പേടിച്ചാണത്രെ തെക്കുംപുറത്തെ ഉമ്മുവിന് പനി വന്നത്. ആ പനി മൂത്താണല്ലോ അവള്‍ മരിച്ചത്.
മലയില്‍ വിറകിന് പോയ പെണ്ണുങ്ങളെ അയാള്‍ കടന്ന് പിടിച്ചതും ഒരു പെണ്ണ് കയ്യിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടിയതും വെട്ടുകൊണ്ട് അയാള്‍ കിടന്ന് പിടച്ചതും പെണ്ണുങ്ങള്‍ ഓടി രക്ഷപ്പെട്ടതും വിവരമറിഞ്ഞ് ആണുങ്ങള്‍ പാഞ്ഞു ചെന്നപ്പോഴേക്കും അയാള്‍ കഴിച്ചിലായതും പെണ്ണുമ്മയാണ് പറഞ്ഞത്.
വെട്ടുകൊണ്ട് നിലത്തുറ്റി വീണ ചോരത്തുള്ളികള്‍ പോലും അപ്രത്യക്ഷമായിരുന്നത്രെ!
കറുത്ത മനുഷ്യനെ പിടികൂടാന്‍ രാവും പകലും വടിയും കത്തിയുമായി ആണുങ്ങള്‍  ആ കുന്നുമുഴുവന്‍ തെരഞ്ഞിട്ടും അങ്ങനെ ഒരാളെ കണ്ടെത്താനായില്ല. കുറെ നാള്‍ കുറെ പേര്‍ പണിയും ഉറക്കവുമൊഴിച്ച് കാത്തുനിന്നു. എന്നിട്ടും അയാളുടെ നിഴലു പോലും കണ്ടുകിട്ടിയില്ല.   
മുകളില്‍ സമീറിന്റെ വീട്. ഇപ്പുറത്ത് അബ്ബാസാക്കാന്റെ  വീട്. അപ്പുറത്ത് അബ്ബാസാക്കാന്റെ അനിയന്റെ വീട്. നടുക്കാണ് ഞങ്ങളുടെ വീട്.
സമീറിന്റെ വീട്ടില്‍ റേഡിയോ ഉണ്ട്. അവന്റെ പെങ്ങള്‍ ഉമ്മുവിന്റേതാണ് റേഡിയോ. ഉമ്മു ടൈലറാണ്. തെരക്കേടില്ലാത്ത അടിയൊക്കെ കിട്ടാറുണ്ട്. ചിലപ്പോള്‍ എല്ലാവരും മുകളില്‍ കേറി റേഡിയോയില്‍ സിനിമാശബ്ദരേഖ കേള്‍ക്കും. പിന്നെയാണ് ടേപ്പ് റിക്കാര്‍ഡര്‍ വരുന്നത്. സമീറിന്റെ അമ്മാവന്‍ കൊണ്ടുകൊടുത്തതാണെന്നു തോന്നുന്നു, ഗള്‍ഫില്‍ നിന്നും. ബാറ്ററിപ്പെട്ടിക്കായിരുന്നു പാട്ട്. ബാറ്ററിയില്‍ ചാര്‍ജ് കഴിയുമ്പോള്‍ അങ്ങാടിയില്‍ പോയി ചാര്‍ജ് നിറച്ചുകൊണ്ടു വരണം.
കണ്ണുപൊട്ടന്‍ പാട്ടിന്റെ കേസറ്റ് കൊണ്ടു വരും സമീര്‍. രാത്രി വൈകുവോളം എല്ലാരും വട്ടത്തിലിരുന്ന് അതുകേള്‍ക്കും. സമീറിന്റെ ഉമ്മ അപ്പോള്‍ അരിയിടിക്കുന്നുണ്ടാവും.
പാടവരമ്പത്തിരുന്ന് അപ്പോഴും പോക്കാച്ചിത്തവളകള്‍ പ്രേക്രേം പ്രേക്രോം ന്ന് ഒച്ചയിടുന്നുണ്ടാവും. പില്‍ക്കാകുഞ്ഞന്‍മാര്‍ ചെവി തുളക്കുന്നുണ്ടാവും.  സമീറിന്റെ പൈക്കള്‍ ഒച്ചയില്ലാതെ അമറുന്നുണ്ടാവും.
കരമ്പത്തോട്ടില്‍ വെള്ളമൊഴുകുന്ന ഒച്ച കേള്‍ക്കാം, ചായ്പ്പിലെ തിണ്ടിലിരുന്നാല്‍. തണുത്ത കാറ്റ് അടിച്ചുവീശിക്കൊണ്ടേയിരിക്കും.
മഴക്കാലമായാല്‍ പാടം നിറയെ വെള്ളമായിരിക്കും. കുന്നിറങ്ങി അങ്ങോട്ടു പോകുന്നതുപോലാകില്ല തിരിച്ചു വരുമ്പോള്‍. വഴികാണില്ല. തുണിയും ബുക്കുമൊക്കെ കവറിലാക്കി നീന്തേണ്ടി വരും ഇക്കരേക്ക്. നീന്തമറിയാത്തവര്‍ വരമ്പു വഴി തപ്പിപ്പിടിച്ച് നടക്കും. കുത്തനെ ഒഴുകുന്ന വെള്ളത്തില്‍ ഒലിച്ചിറങ്ങാതെ വെള്ളത്തെ ഉഴുതുമാറ്റി മുന്നേറണം. ഇടക്ക് അറിയാതെ അറ്റങ്ങലാഴിയില്‍ വീണുപോകും. നീര്‍ക്കോലികള്‍ നീന്തിനീങ്ങുന്നുണ്ടാവും. തേങ്ങയും അടക്കയുമൊക്കെ ഒലിച്ചു വരും.
പാടം കേറുന്നിടത്ത് ഉമ്മമാര്‍ കാത്തു നില്‍പ്പുണ്ടാവും, കനത്തമഴയിലും വിയര്‍ക്കുന്ന മനസ്സുമായി. കയറിച്ചെല്ലുമ്പോള്‍ ചേറുള്ള കുട്ടികളെ നേഞ്ചോട് ചേര്‍ത്ത് തട്ടം കൊണ്ട് തലതോര്‍ത്തും.
വെള്ളം കുന്നിറങ്ങുന്ന നേരത്താണ് മീന്‍കേറുക. കരമ്പത്തോട്ടില്‍ നിന്നും പാടത്തേക്ക് മീനുകള്‍ പുളച്ച് കേറും. സുബഹിന്റെ നേരത്താണത് സംഭവിക്കുക. അതിരാവിലെ എഴുന്നേറ്റ് വെട്ടുകത്തിയുമായി പോവണം. പാടത്തേക്ക് പാഞ്ഞുകേറുമ്പോള്‍ മണ്ട നോക്കി വെട്ടണം.
ഒരു കണ്ടത്തില്‍ നിന്നും മറ്റേ കണ്ടത്തിലേക്ക് വെള്ള മൊഴുകുന്ന അറ്റങ്ങലാഴിയിലും മീന്‍ കേറ്റമുണ്ടാവും. അവിടെ കൂടുവല വെക്കാം. രാത്രി വൈകി വെള്ളമൊന്നു താഴ്ന്നാല്‍ കൂടുവല വെക്കാം. രാവിലെ വന്നെടുക്കുമ്പോഴേക്കും വല നിറഞ്ഞിട്ടുണ്ടാവും. കുത്തുവല കുത്തുന്നതും രാത്രിയാണ്. വീട്ടില്‍ കുത്തുവലയുണ്ട്. എനിക്ക് താങ്ങാന്‍ കഴിയൂല. ഉപ്പയുള്ള ദിവസമാണെങ്കില്‍ ഉപ്പ വലയെടുത്തിറങ്ങും. ഞാനും ഒപ്പം പോവും. വല കുത്തി ഉപ്പ വെള്ളത്തില്‍ നില്‍ക്കും. ഞാന്‍ ടോര്‍ച്ചുമായി തോട്ടിന്‍ കരയിലും. പാള മുറിച്ച് കുമ്പിളു കുത്തി അതിലാണ് മീനെ ഇടുക. പരലുകളെ കിട്ടൂ. വലിയതൊന്നും കുത്തുവലയില്‍ കിട്ടൂല. എന്നാലും അന്തിച്ചോറ്റിന് ഒരു പസര്‍മയുള്ള വെള്ളം കൂട്ടാലോ.
തോട്ടു വക്കിലിരുന്ന് വെള്ളം കുറയുന്നുണ്ടോന്ന് നോക്കണം. വെള്ളത്തിന്റെ അതിരു നോക്കി ഒരു കോലു കുത്തി വെക്കണം. അപ്പോള്‍ അറിയാം കുറയുണ്ടോ ഇല്ലേ എന്ന്. വെള്ളം കുറയുന്നുണ്ടെങ്കിലേ മീന്‍ കിട്ടൂ. മലയില്‍ മഴ പെയ്താല്‍ മതി. തോട്ടില്‍ വെള്ളം കൂടും.
കുറച്ചു പെരലെങ്കിലും കിട്ടാതിരിക്കില്ല.
ഒന്നുരണ്ടു വിരലുകള്‍ വലയില്‍ തൊടുവിച്ച് ബാക്കി വിരലുകള്‍ കൊണ്ട് വളച്ചു കെട്ടിയ മുളയലക് അമര്‍ത്തിയാണ് വലകുത്തുക. വലയില്‍ വല്ലതും തടഞ്ഞാല്‍ മുകളില്‍ വെച്ച വിരല്‍ തരിക്കും. അപ്പോള്‍ കൈ താഴ്ത്തി വലയുടെ അടിയില്‍ പരതും ഉപ്പ. മീനാണെന്നു തോന്നിയാലെ വല പൊക്കൂ.
അഞ്ചാറ് പെരലുകള്‍ കിട്ടീട്ടുണ്ട്. വെള്ളമിറക്കം സാവകാശമാണ്. അപ്പോഴാണ് ഉപ്പയുടെ വിരലൊന്ന് തരിച്ചത്. ഉപ്പ കൈ താഴ്ത്തി വലക്കടിയില്‍ പിടിച്ചൊന്നു ഞരടി നോക്കി.
പെട്ടെന്ന് കൈ വലിക്കുകയും വല പൊക്കി കരയിലേക്കിടുകയും ചെയ്തു, ഉപ്പ. കരയില്‍ നിന്നും കുറച്ച് മണ്ണുമാന്തി കൈയില്‍ തേച്ച് വെള്ളത്തില്‍ മുക്കി ആഞ്ഞുരച്ചു.
ഏത് ഹിമാറാ ഈ അന്തിപ്പാതിരാക്ക് തോട്ടില്‍ തൂറണത്!.
ഉപ്പ വലയെടുത്ത് വീണ്ടും കുത്തി.
അന്ന് പിന്നെയൊന്നും കിട്ടിയില്ല. മലയില്‍ മഴപെയ്യുന്നുണ്ടെന്നു തോന്നുന്നു. വെള്ളം ഏറുകയാണ്.
അതിരാവിലെ വന്ന് അതിനു പകരം വീട്ടി. നല്ല മുഴുത്ത അഞ്ചാറ് മുജ്ജും കോയാട്ടിയും കിട്ടി.
വല്ല്യുപ്പാക്ക് നീറീന്‍ വലിയ ഇഷ്ടമാണ്. ആയ കാലത്ത് എന്നും പുഴയില്‍ ചൂണ്ടയിടാന്‍ പോകുമായിരുന്നു. നല്ല മീനും കിട്ടും. രാത്രി വളരെ വൈകും തിരിച്ചു വരുമ്പോള്‍. എത്ര വൈകിയാലും ആ പിടിച്ചു കൊണ്ടു വരുന്ന മീന്‍ നന്നാക്കി വെച്ചിട്ടേ വല്ലിപ്പ ചോറു തിന്നുമായിരുന്നുള്ളു.
ഇപ്പോള്‍ വല്ല്യുപ്പ കിടപ്പിലാണ്. ഇപ്പോഴും പുഴമീന്‍ മണമുള്ള കറിയുണ്ടേല്‍ വല്ല്യുപ്പാക്ക് സന്തോഷമാണ്. മീന്‍ കിട്ടുന്ന ദിവസം രാവിലെ സ്‌കൂളില്‍ പോകുമ്പോള്‍ നല്ല കണ്ടം നോക്കിയെടുത്ത് ഇത്തിരി ചാറും ഒരു പാത്രത്തിലാക്കിത്തരും ഉമ്മ. സ്‌കൂളിലേക്ക് പോവുമ്പോള്‍ തറവാടു വഴിപോയി അതവിടെ ഏല്പ്പിക്കണം.
അങ്ങനെയൊരു മഴക്കാലം കഴിഞ്ഞ് കന്ന് പൂട്ട് നടക്കുമ്പോഴാണ് ഉപ്പ ഗള്‍ഫിലേക്ക് പോകുന്നത്. ഉംറവിസക്കാണ് യാത്ര. ~ഒക്കെ ഭാഗ്യം പോലെ വരും. നിയമവിരുദ്ധമാണ് ഉംറ വിസക്കു പോയി ജോലിയെടുത്ത് നില്‍ക്കുന്നത്. അറബിപ്പോലീസ് എപ്പോഴും പിടിക്കാം. എപ്പോഴും തിരിച്ചു വരാം. എന്നാലും ഒക്കെ ഒരു പ്രതീക്ഷയാണ്. എത്രകാലം അറബിപ്പോലീസിന്റെ കണ്ണുവെട്ടിച്ചു നടക്കാമോ അത്രയും കാലം അവിടെ നില്‍ക്കാം.
അടുത്ത മഴയില്‍ വലകുത്താന്‍ പോകാന്‍ ഉപ്പയുണ്ടായിരുന്നില്ല. ഞാനും സമീറും ബാബുവും ചൂണ്ടയുമായി കണ്ടിക്കുളത്തിന്റെ വക്കത്ത് കുത്തിയിരുന്നു. അപ്പഴപ്പഴത്തെ കറിക്കുള്ള വക ചൂണ്ടയിലും കിട്ടിയിരുന്നു. ആരല്, കോട്ടി, പരല്, കോയാട്ടി, മുജ്ജ്... മഞ്ഞീലും ആമയുമൊക്കെ കുറെയുണ്ടത്രെ കുളത്തില്‍. ഞങ്ങള്‍ക്കാര്‍ക്കും കിട്ടീട്ടില്ല. ബാബുവിന്റെ എളാപ്പ ഇടക്ക് വരും ചൂണ്ടയുമായി. അയാള്‍ക്ക് കിട്ടീട്ടുണ്ട്, മഞ്ഞീലും ആമയുമൊക്കെ.
കെണി വെച്ച് കുളക്കോഴിയെ പിടിക്കാറുണ്ട് അയാള്‍. കുളക്കോഴിയെ പിടിക്കാന്‍ പലരും വരാറുണ്ട്. കണ്ടികുളത്തില്‍ ചൂണ്ടയിട്ടിരിക്കുമ്പോള്‍ കുളക്കോഴികളുടെ ശബ്ദം കേള്‍ക്കാം.
തോട്ടില്‍ പൊത്തിനുള്ളിലാവും മീനുകള്‍. പൊത്തിനുള്ളിലേക്ക് ചൂണ്ട കടത്തിയിട്ടു കൊടുക്കണം. നല്ല കട്ടിയും കനവുമുള്ള മീനുകള്‍ നെരനെരയായി കൊത്തി വലിക്കും.
തോട്ടില്‍ വെള്ളം പറ്റെ കുറയുന്ന നേരത്ത് ചെറകെട്ടി തേകിയാല്‍ മീനിന്റെ കന്നിമാസമാണ്.
വെള്ളം തേകിക്കളഞ്ഞ് മീനുകള്‍ പൊറുക്കി ബക്കറ്റില്‍ നിറച്ചാല്‍ മതി.
തോടിന്റെ താഴെ ഭാഗം തേകിയറുത്ത് കിട്ടിയത് നിറയെ പെരലുകളാണ്. ഒന്നു രണ്ട് കോട്ടിയും ഒരു കോയാട്ടിയും രണ്ട് മുജ്ജും...
കോട്ടി കുത്തും. അതിന്റെ തലയുടെ അപ്പുറവും ഇപ്പുറവും നല്ല കൂര്‍പ്പുള്ള മുള്ളാണ്.
ഞാനും അനിയനും മൂത്താപ്പാന്റെ മകന്‍ ചെറിയാപ്പുവും സമീറും ബാബുവുമുണ്ട്. സ്‌കൂളില്ലാത്ത ദിവസം ചെറിയാപ്പു ഞങ്ങളുടെ കൂടെയുണ്ടാവും. ചൂണ്ടയിട്ടും കോരിയും മീന്‍പിടിച്ച് പാടത്തും തോട്ടിലും കുളത്തിലുമൊക്കെയായി.
പാട്ടയും ബക്കറ്റുമായി തോട്ടില്‍ വെള്ളം ബാക്കിയുള്ള സ്ഥലവും നോക്കി മുകളിലേക്ക് നടന്നു.
കുറെ നടന്ന് കേറിയിട്ടാണ് വെള്ളം കെട്ടി നില്‍ക്കുന്ന ഒരു കുഴി കണ്ടത്. ചെറ കെട്ടി വെള്ളം മുക്കിയൊഴിച്ചു. ചേറില്‍ കിടന്ന് പിടക്കുന്നു മീനുകള്‍. കോയാട്ടികളുടെ മഹാസമ്മേളനമാണോ ഇവിടെ?
പൊത്തില്‍ കയ്യിട്ടു നോക്കിയതു ഞാനാണ്. പൊത്തിനുള്ളിലും മീനുകള്‍ പുളക്കുന്നു. വലിയ രണ്ടു ബക്കറ്റു നിറച്ചും മീനുകള്‍.
കോയാട്ടിയും മുജ്ജുമാണ് കൂടുതലും.
നാല് ഓരിയാക്കി.
പടച്ചോനെ, ഉമ്മ തലയില്‍ കൈ വെച്ചു. ജനിച്ചിട്ടിത്ര മീനുകളെ കണ്ടിട്ടില്ല!
ചെറിയാപ്പുവിന്റെ ഓരിയിലേക്ക് ഉമ്മ കുറച്ചൂടെ ഇട്ടു കൊടുത്തു. അവന്‍ തറവാട്ടിലാണ് താമസം. അവിടെയാണ് കൂടുതല്‍ ആളുകളുള്ളത്. വല്ല്യുപ്പയും അവിടെയാണ്.
ഉമ്മ അന്ന് മീന്‍ നന്നാക്കിക്കുഴങ്ങി.
നാലഞ്ച് ദിവസത്തിന് ആ കുന്നിലെ വീട്ടിലു മുഴുവന്‍ മീന്‍മണമായിരുന്നു.
ആ വര്‍ഷമാണ് ഞാന്‍ പത്താംക്ലാസില്‍ പരീക്ഷ എഴുതിയത്. റിസല്‍റ്റ് അറിയുന്ന ദിവസം ഞങ്ങള്‍ തറവാട്ടിലായിരുന്നു. അവിടെ അടുത്തൊരു വീട്ടില്‍ പത്രം വരുന്നുണ്ട്. എമ്മാന്തരത്തിന് ഞാനും കഴിച്ചിലായിട്ടുണ്ട്.
എന്നെ ഉള്‍ക്കൊള്ളാന്‍ തക്ക വലിയ കോളെജുകളൊന്നുമില്ലാത്തതിനാല്‍ വണ്ടൂരിലെ വിളംബരം ആര്‍ട്‌സില്‍ ബോര്‍ഡും ബാനറുമൊക്കെ എഴുതാന്‍ പോവുകയായിരുന്നു ഞാന്‍.
അടുത്ത മഴക്കാലമായപ്പോഴേക്കും ഉപ്പ തിരിച്ചു വന്നു. കള്ളനും പോലീസും കളിക്കാന്‍ ഉപ്പ മിടുക്കനായിരുന്നില്ല. ഉപ്പയെ അറബിപ്പോലീസ് പിടിച്ച് കേറ്റി വിട്ടിരിക്കുന്നു.
മഴ പെയ്ത് തോര്‍ന്ന് മാനം തെളിഞ്ഞ നേരത്ത് ചൂണ്ടയുമായി ഞങ്ങള്‍ കണ്ടിക്കുളത്തിലേക്കു പോയി. ഉപ്പയും ഞാനും ബാബുവിന്റെ എളാപ്പയുമാണുള്ളത്. ബാബുവിന്റെ എളാപ്പ വലിയ മീന്‍ പിടുത്തക്കാരനാണ്.
കുറെ നേരമിരുന്നിട്ടും ഒരനക്കവുമില്ല. ഉപ്പാന്റെ ചൂണ്ട ഒന്നു രണ്ടു വട്ടം വലിച്ചുകൊണ്ടു പോയെങ്കിലും ഒന്നും പിടി തന്നില്ല. എന്റെ ചൂണ്ട ഒന്ന് മണത്തു നോക്കുന്നു പോലുമില്ല. ഉപ്പാക്കൊരു മുജ്ജുംകുട്ടിയെക്കിട്ടി. ബാബുവിന്റെ എളാപ്പാക്ക് രണ്ടുമൂന്ന് പെരലുകളും ഒരു ആരല്‍കുട്ടിയും കിട്ടിയിട്ടുണ്ട്. ഞാന്‍ ചൂണ്ടയനങ്ങുന്നതും നോക്കിയിരുന്നു.
അനങ്ങിയോ ഇല്ല, തോന്നിയതാണ്. മഴക്കോളുണ്ട്. ഇരുട്ടു മൂടുന്നുണ്ട്. മഴ പെയ്യുമോ. ഉപ്പയും ബാബുവിന്റെ എളാപ്പയും മല്‍സരിച്ചു പുകക്കുന്നുണ്ട്.
അവര്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
മുണ്ടല്ലിം. മുണ്ടിയാലെങ്കനെ മീന്‍കൊത്തും.!
പെട്ടെന്നാണൊക്കെ സംഭവിച്ചത്. എന്റെ ചൂണ്ടയൊന്നനങ്ങി. ഞാന്‍ ചൂണ്ട കയ്യിലെടുത്തു. കുറച്ച് അയച്ചു കൊടുക്കണം. എന്നിട്ട് പെട്ടെന്ന് വലിക്കണം.
പക്ഷേ അതിനൊന്നും നേരമില്ലായിരുന്നു. ചൂണ്ട എന്നെയാണ് വലിച്ചത്. ഞാന്‍ കുളത്തിലേക്ക് വീഴാന്‍ പോയി.
ഉപ്പായെ വിളിച്ചു.
ഉപ്പ ഓടി വന്നു. ചൂണ്ട വാങ്ങി വലിച്ചു. ഉപ്പാക്ക് താങ്ങാനാവുന്നില്ല. പടച്ചോനെ ആമയാണോ. അല്ല, വല്ല പാമ്പുമാണോ. വല്ലാത്തൊരു പുളച്ച് മറിയല്‍. കുളം കലങ്ങി. ബാബുവിന്റെ എളാപ്പ വന്ന് ചൂണ്ട വാങ്ങി ആഞ്ഞു വലിച്ചു. ചൂണ്ടപ്പറ പൊട്ടി. ഞാനാകെ പേടിച്ചു വിറക്കുന്നുണ്ട്. മഴചാറുന്നുണ്ട്. ഉപ്പയും ബേജാറായിട്ടുണ്ട്.
ബാബുവിന്റെ എളാപ്പ ഒക്കെ ഉറപ്പിച്ച മട്ടാണ്. പൊട്ടിയ ഈര്‍പ്പയുടെ അറ്റം പിടിച്ച് ഒറ്റ വലി. കുളം കലങ്ങി മറിഞ്ഞു. ഭയങ്കര ശബ്ദത്തോടെ വെള്ളം തെറുപ്പിച്ച് പാറയിലേക്ക് ചൂണ്ട വലിച്ചിട്ടു.
ഹല്ലോ!
പാമ്പ്!
വലിയൊരു പാമ്പ് തലയുയര്‍ത്തി ഊതുന്നു..
എനിക്ക് ശ്വാസം മുട്ടി.
പാമ്പ് കുളത്തിലേക്ക് തന്നെ ഒലിച്ചിറങ്ങുകയാണ്.
ബാബുവിന്റെ എളാപ്പ എന്റെ തുണിയഴിച്ചു പാമ്പിനു മുകളിലേക്കിട്ടു.
പാമ്പിനെ തുണിക്കുള്ളില്‍ ചുരുട്ടിയെടുത്ത് പാറയില്‍ ആഞ്ഞടിച്ചു.
ഹൗ! ചത്തു.
ഇപ്പഴാണ് ശ്വാസം നേരെ ആയത്. എന്റെ തുണി ഇനി ഒന്നിനും പറ്റൂല.
സാധനം രണ്ട് രണ്ടെര കിലേ കാണും.
എളാപ്പ പറഞ്ഞു.
ഉപ്പ അയാളുടെ കണ്ണിലേക്കു നോക്കി.
മഞ്ഞീലാ.. ഇത്ര വല്യ മഞ്ഞീല് കൊളത്തില്ണ്ടായ്‌നോ..
മഞ്ഞീലോ..
മഴ പെയ്തു.
മീനിനെ തോളിലിട്ടാണ് ഉപ്പ നടന്നത്.
എന്റെ വലിപ്പമുണ്ട്.
നീളത്തില്‍ വെച്ച് തോലുരിച്ച് കഷ്ണം കഷ്ണമാക്കി. തോലുരിയുമ്പോള്‍ ഉപ്പ തോല്‍ മുറിയാതെ നോക്കി. നീളത്തില്‍, മണ്ണുതേച്ച ചുമരില്‍ ആ തോല്‍ ഒട്ടിച്ചുവെച്ചു. അതുണക്കി വെക്കണം. നല്ല മരുന്നാണത്രെ. ശ്വാസം മുട്ടലിന് മഞ്ഞീലിന്റെ തോല് മുറിച്ചിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതിയത്രെ.
നല്ല കുറുന്നനെ ഇത്തിരി കറിയുണ്ടാക്കി. കുറച്ച് കഷ്ണം പൊരിച്ചു.
അയലോക്കത്തേക്കൊക്കെ മൂന്നാലു കഷ്ണത്തോടെത്തന്നെ കറി കൊടുത്തു.
വിശാലമായിത്തന്നെ ചോറു തിന്നു. നല്ല രസമുണ്ട് കറിയും പൊരിച്ചതും. എല്ലില്ലാത്ത ഇറച്ചി. നല്ല കണ്ടം കണ്ടമായി.
വല്ല്യുപ്പാക്ക് കുറച്ച് മാറ്റി വെച്ചു. നല്ല കഷ്ണം നോക്കിത്തന്നെ. രാവിലെ കൊണ്ടുപോയിക്കൊടുക്കാം.
വല്ല്യുപ്പാക്ക് സന്തോഷാവും.
മീന്‍പിടിച്ച കഥയും പറയണം.
മീന്‍പിടിക്കുന്ന കഥ വല്ല്യുപ്പാക്ക് എന്നും ആവേശമായിരുന്നു. വല്ല്യുപ്പാക്കും പറയാനുണ്ടാവും അത്തരം കഥകള്‍ ഒരുപാട്.
ഭക്ഷണമൊക്കെ കഴിച്ച് കിടക്കുമ്പോള്‍ സമയം ഏറെ ആയിരുന്നു.
ഉറങ്ങിയിട്ടില്ല. പുറത്ത് മഴയുണ്ട്.
വാതിലില്‍ ഒരു മുട്ട്.
കുട്ടിപ്പാക്കാ..
താത്താ..
ഒറങ്ങ്യോ...
ചാടിപ്പിടന്നെഴുന്നേറ്റു.
ആ രാ പടച്ചോനെ ഇന്നേരത്ത്..
വാതില്‍ തുറന്നത് ഉമ്മയാണ്.
ചെറക്കക്കാരെ നാണിയാണ്.
കുടയും ചൂടി.
ഉമ്മയുടെ തൊണ്ട വരണ്ടിട്ടുണ്ട്.
ഇപ്പാക്ക് തീരെ സുഖല്ല. ഇങ്ങളോട് കുടീക്ക് വരാന്‍ പറഞ്ഞു.
തറവാട്ടു വീടിന്റെ അടുത്താണ് നാണിയുടെ വീട്. വല്ല്യുപ്പാക്ക് അസുഖം കൂടുതലാണെന്ന്.
വേഗം മാറ്റി ഇറങ്ങി.
നല്ല മഴയുണ്ട്.
ചെന്നുകേറുമ്പോള്‍ എല്ലാവരും വല്ല്യുപ്പാക്ക് ചുറ്റുമുണ്ട്. എളാപ്പ ചെവിയില്‍ കലിമ ചെല്ലിക്കൊടുക്കുന്നുണ്ട്. ഒപ്പം ചുണ്ടില്‍ വെള്ളം നനക്കുന്നുണ്ട്.
മഴ കനക്കുകയാണ്.
പുറത്ത് ആരോ കുട ചോദിക്കുന്നു. പള്ളിയില്‍ പോകണം. കട്ടിലു കൊണ്ടുവരണം. മോല്യാരോട് വിവരം പറയണം.
അപ്പോള്‍ എന്റെ ഉള്ളില്‍ ഒരു മഞ്ഞീല്‍ കിടന്നു പിടക്കുന്നുണ്ടായിരുന്നു. ബാബുവിന്റെ എളാപ്പ എന്റെ തുണിയഴിച്ച് അതിനെ വരിഞ്ഞു പിടിച്ച് പാറയില്‍ അടിച്ച് കൊല്ലുകയാണ്.
അകത്തു നിന്നും ആരോ ഒന്നു തേങ്ങി.
എളാപ്പ വെള്ളപ്പാത്രം അകത്തേക്ക് വെച്ചു. ആരോ വെള്ളത്തുണി കൊണ്ട് വല്ലുപ്പയുടെ മുഖം മറച്ചു.
ഞാന്‍ പുറത്തിറങ്ങി. തണുത്ത കാറ്റ് വീശുന്നു. കാറ്റിന് മീന്‍മണമുണ്ടോ.. ചെലമ്പില്‍കുന്നില്‍ നിന്നാവുമോ ഈ കാറ്റു വരുന്നത്...
.

25 comments:

 1. .ദേശാഭിമാനി വാരിക(2011 ഡിസംബര്‍ 18 )യില്‍ പ്രസിദ്ധീകരിച്ച കഥ.

  ReplyDelete
 2. കിടിലന്‍, കിടിലന്‍. വളരെ ആസ്വദിച്ചു തന്നെ വായിച്ചു. വലയും ഉപ്പയുടെ മീന്‍ പിടുത്തവുമെല്ലാം എന്‍റെ ചെറുപ്പ കാലത്തേക്ക് ഒരു എത്തി നോട്ടം പോലെ തോന്നി. ഗ്രാമീണാന്തരീക്ഷത്തില്‍ പ്രേത കഥ പറഞ്ഞതും ഭംഗിയായി.
  വളരെ ഇഷ്ടപ്പെട്ടു. ഇങ്ങനെയുള്ള കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. ശ്രീ മുക്താര്‍ ,,
  ഇതാണ് എഴുത്ത് ...
  ഓരോ വരി വായിക്കുമ്പോഴും ഓരോ ചിത്രങ്ങള്‍ മനസ്സില്‍ വിരിയുന്ന എഴുത്ത് .

  ഒരു ഗ്രാമത്തിന്റെ നിഷ്കളങ്ക ഭംഗിയെ , ഗ്രാമീണരെ , ചുറ്റുപാടുകളെ ഒക്കെ ഇത്ര ഭംഗിയായി വരച്ചിട്ട എഴുത്ത്സുന്ദരം .

  ആശംസകള്‍

  ReplyDelete
 4. ഹായ്‌... പൂയ്‌ കൂയ്‌ ....
  ഇപ്പോള്‍ മഞ്ഞീല്.
  രണ്ടു സദ്യയും കെങ്കേമം.

  ReplyDelete
 5. ഗ്രാമത്തിന്റെ നിഷ്കളങ്കത ഓരോ വരികളിലും നിറഞ്ഞു നില്‍ക്കുന്നു. മീന്‍ പിടുത്തത്തിന്റെ ഓര്‍മ്മകള്‍ മഴക്കാലത്ത്തെക്ക് കൊണ്ട് പോയി. ഒരുപാടിഷ്ടപ്പെട്ടു..ഇക്കാനെ അഭിനന്ദിക്കാന്‍ ഞാനാരുമല്ല. എങ്കിലും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..

  ReplyDelete
 6. പഴയ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടു പോയതിനു നന്ദി.

  ReplyDelete
 7. മുക്താര്‍ ,പെരിയ പെരിയ മഞ്ഞീല കഥ

  ReplyDelete
 8. മുക്താര്‍ എന്റെ കണ്ണില്‍ കണ്ട സ്ഥലങ്ങളിലൂടെ ഞാന്‍ എന്റെ ബാല്യത്തില്‍ കേട്ട് പേടിച്ചതും അത്ഭുതവും ആകാംഷയും നിറഞ്ഞതുമായ കഥ പറഞ്ഞപ്പോള്‍
  ഒരു സിനിമ കഴിഞ്ഞി രണ്ഗുന്ന പ്രതീതി
  നന്നായി അവതരിപ്പിച്ചു ആശംസകള്‍

  ReplyDelete
 9. വായിച്ചു രസിച്ചു

  ReplyDelete
 10. അഭിനന്ദനങ്ങൾ,
  മുൻപ് വായിച്ചിരുന്നു,

  ReplyDelete
 11. മുജ്ജും ,കോയാട്ടിയും പാടത്തെ അറ്റങ്ങലായിയും വളരെ ഉഷാറായി..വല്യുപ്പയും ,പോക്കാന്‍ നാണി ക്കയു,പൊടിയാട്ട്കുണ്ടില്‍ ബീരാങ്കയുമൊക്കെ എന്‍റെ പുരന്‍റെ മുമ്പിലൂടെ ചൂണ്ടയിട്ട് തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ പിന്നാലെ നടന്ന് കോമ്പലകോത്ത മീനിനെ കാണാന്‍ തെരക്കൂട്ടും ...കഥ വല്ലാത്ത അനുഭവമായി.അടുത്തറിഞ്ഞ കഥാപാത്രങ്ങളും കളിച്ചുനടന്ന സ്ഥലങ്ങളുമായതിനാല്‍ കുട്ടിക്കാലം ഓര്‍മ്മയില്‍ നിര്‍ത്തമാടി..കണ്‍ഗ്രാജ്....

  ReplyDelete
 12. മഞ്ഞീല്‍ എന്നല്ല ഞങ്ങള്‍ പറയുന്നത്. മല്‍ഞ്ഞീന്‍ എന്നാണു. പണ്ട് ഞാന്‍ ഇതിനെ കയ്യില്‍ കിട്ടിയിട്ട് വലിച്ച് വീക്കി കുളത്തില്‍ നിന്ന് ഓടിക്കയറിയിട്ടുണ്ട്. ഇപ്പോള്‍ പലരും ഇത് മരുന്നിനു വേണ്ടി കിട്ടാന്‍ പരക്കം പാഞ്ഞു നടക്കുന്നത് ഞാന്‍ ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കണ്ടിരുന്നു.
  കഥ ഇഷ്ടായി.

  ReplyDelete
 13. ഞാന്‍ മുയ്മനും കയ്ച്ചു ഈ "മഞ്ഞീല്"
  ഉസാറായി കോയാ ,,തുടക്കം കുറച്ചു സ്റ്റേറ്റ് മെന്റ്സ് പോലെ തോന്നി ..പിന്നെ നന്നായി വന്നു ..
  നല്ല കുറെ ചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവന്നു .
  അഭിനന്ദനങ്ങള്‍

  ReplyDelete
 14. ഈ ഭാഷ ശരിക്കും മനസ്സിലായില്ല മഞ്ഞീല് ആദ്യമായി കേള്‍ക്കുകയാ. ഓരോ ഗ്രാമപ്രദേശത്തും ഓരോ ഭാഷയാണ്. കാലഘട്ടത്തിന്‍റ ചരിത്രമാണ് കഥയെന്ന് ഏതോ എഴുത്തുകാരന്‍ പറഞ്ഞത് ഓര്‍മ്മ വന്നു. നല്ല കഥ

  ReplyDelete
 15. കൊള്ളാം കഥ..പശ്ചാത്തലവും കാലഘ്ട്ടവും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

  ReplyDelete
 16. മനോഹരമായി എഴുതി. അഭിനന്ദനങ്ങള്‍

  ReplyDelete
 17. തനി ഒരു ഗ്രാമീണകഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ മുക്താർ.

  പിന്നെ ദേശാഭിമാനിയിൽ വന്നതിന് പ്രത്യ്യേക അഭിനന്ദനങ്ങളും നേർന്നുകൊള്ളുന്നൂ

  ReplyDelete
 18. ഇന്നിപ്പോൾ അത്തരമൊരു ഗ്രാമാന്തരീക്ഷം നമ്മുടെ മലയാളക്കരയിൽ എവിടെയെങ്കിലും കാണുമോ....!
  എന്റെ കുട്ടിക്കാലത്തിലേക്ക് കൊണ്ടു പോയ കഥ.
  ആശംസകൾ...

  ReplyDelete
 19. കൊള്ളാം.അഭിനന്ദനങ്ങള്‍...

  ReplyDelete
 20. നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
  ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
  ലിങ്ക് ഇട്ടതു താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

  ReplyDelete
 21. ..ഒരു ഗ്രാമത്തിന്റെ ഭംഗിവളരെ മനോഹരമായി വായനക്കാരില്‍ എത്തിക്കാന്‍ താങ്കളുടെ എഴുത്തിന് കഴിഞ്ഞിരിക്കുന്നു.. എന്തോ വായിച്ചു കഴിഞ്ഞപ്പോള്‍ മീനിന്റെ ഗന്ധമുള്ള കാറ്റ് വീശിയ പോലെ.

  ReplyDelete
 22. പ്രിയ മുക്താര്‍,കഥ നന്നായി.കഥയെക്കാള്‍ ഹൃദ്യം ആഖ്യാന ഭംഗിയാണ്.പ്രാദേശിക ഭാഷയുടെ വഴക്കം..ഈ മീന്‍ പേരുകള്‍ ഞങ്ങളുടെ നാട്ടുകാര്‍ക്ക് മനസ്സിലാകില്ല. ശ്രദ്ധിച്ചു എഴുതൂ...ഭാവുകങ്ങള്‍!

  ReplyDelete
 23. എനിക്ക് കുറച്ചു മാത്രം മനസ്സിലാകുന്ന ഭാഷ രീതി...
  അത് കൊണ്ടു തന്നെ വളരെ ശ്രദ്ധിച്ചു വായിച്ചു...
  ഒരു ദേശത്തിന്റെ കഥ പോലെ ആസ്വദിച്ചു ഈ ഗ്രാമത്തിന്റെ
  കഥ...ഒരായിരം കാര്യങ്ങള്‍..ഒരായിരം അറിവുകള്‍...
  പറഞ്ഞാല്‍ തീരാത്ത അത്ര എനിക്ക് പറയണം എന്നുണ്ട്..
  ഈ എഴുത്ത് ഭംഗി..കലര്‍പ്പില്ലാത്ത ആഖ്യാന രീതി..
  മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍ മുഖ്താര്‍.....

  ReplyDelete
 24. മഞ്ഞീല് ഞാന്‍ ആദ്യം കേള്‍ക്കുകയാണ് - ഞങ്ങളുടെ നാട്ടിലെമുയ്യ്‌ എന്ന മീനാണെന്നു തോന്നുന്നു . വല്യുപ്പാടെ മയ്യത്ത് തഴുകിവന്ന മീന്‍ മണവും ഉപ്പ് രസവുമുള്ള ഒരു കാറ്റ് ഇതിലെ കടന്നു പോയപോലെ തോന്നി..

  ReplyDelete