Mar 15, 2012

വാങ്ങിത്തീര്‍ക്കരുത് ജീവിതംഎത്രപെട്ടെന്നാണ് ഒരു വര്‍ഷം കൊഴിഞ്ഞു പോയത്, വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൂരം.
പുതുവര്‍ഷം എന്നും പുതിയ പ്രതീക്ഷകളുടേതാണ്. എടുത്താല്‍ പൊങ്ങാത്ത സ്വപ്നങ്ങളിനിയും ബാക്കി കിടപ്പുണ്ട്. കഴിഞ്ഞ വര്‍ഷാരംഭത്തില്‍ മനസ്സില്‍ കുറിച്ചുവെച്ച പുതു പ്രതിജ്ഞകള്‍, അതങ്ങനെത്തന്നെ വേവാതെ കിടപ്പുണ്ട്. ഇനിയും പുതിയ ചില കണക്കുകൂട്ടലുകളും തീരുമാനങ്ങളും... ഒക്കെ പരിധിക്കുപുറത്താവുന്നത് എന്നുമുതലാണെന്ന് മാത്രം അറിയുന്നില്ല.

ആഘോഷങ്ങള്‍ക്കും അതൃപ്പങ്ങള്‍ക്കുമപ്പുറം എന്ത് ബാക്കിയെന്ന കണക്കെടുപ്പിനാകും പ്രസക്തി. ലാഭ ചേദങ്ങള്‍ വിലയിരുത്തി വേണമല്ലോ പുതിയ തീരുമാനങ്ങളെടുക്കാന്‍.
തിരിഞ്ഞുനോട്ടം നമ്മില്‍ നിന്നു തന്നെ തുടങ്ങണമല്ലോ. ജീവിതത്തിലും ശീലങ്ങളിലും കാതലായ ചില മാറ്റങ്ങള്‍ വരുത്താന്‍ നാം നിര്‍ബന്ധിതരായിത്തീരുന്നത് അപ്പോഴാണ്. നമ്മെക്കുറിച്ച് സ്വയം വിലയിരുത്താനുള്ള കഴിവു നേടുമ്പോഴാണ് അയാള്‍ വിജയത്തിലെത്തുന്നത്. അത് ഭൗതികമായാലും ആത്മീയമായാലും ശരി.
പലര്‍ക്കും പല തിരുത്തുകളാവും വേണ്ടി വരിക. പ്രശ്‌നങ്ങളും പരിഹാരങ്ങളും ഭിന്നമായിരിക്കാം. സ്വന്തം കഴിവുകളെക്കുറിച്ച് ബോധ്യമുള്ളതുപോലെ സ്വന്തം പരിമിതികളെക്കുറിച്ചും നമുക്ക് തിരിച്ചറിവുണ്ടാവണം. നമ്മുടെ ജീവിതം എങ്ങനെ ആയിത്തീരണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഇച്ഛാശക്തിയും നാം തിരിച്ചുപിടിക്കേണ്ടതുണ്ട്.
നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തീരുമാനിക്കാനുള്ള അധികാരം നമുക്കുള്ളതാണ്. ഈ അധികാരങ്ങളും സ്വാതന്ത്ര്യവുമെല്ലാം മറ്റുള്ളവര്‍ക്ക് അടിയറവെക്കുമ്പോഴാണ് നാ പരാജിതരാവുന്നത്. അങ്ങനെയാണ് ജീവിതം വഴിമുട്ടുന്നതും ആത്മഹത്യയിലേക്ക് വഴി തുറക്കുന്നതും.
ജീവിതച്ചെലവുകള്‍ ഭീകരമായാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. തൊടുന്നതിനെല്ലാം പൊള്ളുന്നവില. അതിനനുസരിച്ച് വരുമാനം ഉയരുന്നുമില്ല. അപ്പുറവുമിപ്പുറവുമെത്തിക്കാന്‍ പെടാപാട് പെടുകയാണ് സാധാരണക്കാരന്‍. വരവിനൊത്ത് ചെലവിനെ ക്രമീകരിക്കാന്‍ ഇനിയും വൈകിക്കൂടാ. കൃത്യമായ ഒരു കുടുംബ ബജറ്റ് നമുക്കാവശ്യമാണ്. കണക്കു കൂട്ടി ജീവിക്കുക പ്രയാസമുള്ള കാര്യമാണ്, എന്നാല്‍ കണക്കു തെറ്റി ജീവിക്കുന്നതിനേക്കാള്‍ എളുപ്പവും സമാധാനപരവുമാണത്.
അമിത ചെലവുകളും അനാവശ്യ ചെലവുകളും വരാതെ നോക്കണം. ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം. ലളിത ജീവിതത്തിന്റെ സുഖം തിരിച്ചറിയണം.
ജീവിതത്തെക്കുറിച്ച് ഉദാത്തമായൊരു കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ധാരണകളും കാഴ്ചപ്പാടുകളും വീക്ഷണങ്ങളുമില്ലാതെ, നാം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഉദാത്തമായ ചിന്തകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും പ്രസക്തിയില്ലാതായിക്കൊണ്ടിരിക്കുന്നു. സാങ്കേതികമായി വളര്‍ച്ച പ്രാപിക്കുമ്പോഴും മാനസികമായി കൂടുതല്‍ ഇകഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരസ്യങ്ങളിലെ നുണകള്‍ സത്യമായിത്തീരുകയും മാനുഷിക പ്രതിബദ്ധതയും ധാര്‍മികമായ ഉണര്‍വുമുള്ളവന്റെ വാക്കുകള്‍ നുണയായിത്തീരുകയും ചെയ്യുന്നത് അതുകൊണ്ടാണ്. മാനസികമായ ഉയര്‍ച്ചയും ഉണര്‍ച്ചയുമുണ്ടാവുമ്പോഴാണ് നമുക്ക് സത്യാസത്യങ്ങളെ വേര്‍തിരിക്കാനാവുന്നത്. ആ വേര്‍തിരിവിനുള്ള കഴിവില്ലായ്മയുടെ ഫലമാണ്, നമ്മുടെ ചെറിയ ജീവിതത്തിന് പാകമാവാതെ ഒഴിഞ്ഞു കിടക്കുന്ന ചത്തമുറികള്‍ ഏച്ചുകെട്ടി വലിയ വീടുകള്‍ നാം പണിതുകൊണ്ടിരിക്കുന്നത്. നമുക്ക് ജീവിതത്തിലൊരിക്കലും ഉപകാരപ്പെടാത്ത വസ്തുക്കള്‍ വാങ്ങി കൂട്ടിവെക്കുന്നത്.
മുന്‍കാലങ്ങള്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോള്‍ അവശ്യ സാധനങ്ങളുടെ കുറിപ്പും കയ്യിലുണ്ടായിരുന്നു. നമ്മുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന്, ഷോപ്പിംഗ് മാളുകളിലേക്ക് നാം കുറിപ്പും കൊണ്ട് കയറിപ്പോകാറില്ല. കണ്ണില്‍ കാണുന്നതൊക്കെ വാങ്ങുക എന്നതാണ് ഇന്നിന്റെ ശീലം. അതില്‍ ആവശ്യമുള്ളതും ആവശ്യമില്ലാത്തതും കാണും.
മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ ഉപഭോഗാസക്തിയുള്ളവനായിക്കൊണ്ടിരിക്കുകയാണ്. ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം ഇക്കാര്യത്തിലുണ്ട്. സിനിമയും സീരിയലും പരസ്യവും റിയാലിറ്റി ഷോകള്‍ വരെ ഈ ഉപഭോഗപ്രേമത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഷോപ്പിംഗ് ഇന്നൊരു ഫാഷനാന്.
ആര്‍ഭാട പൂര്‍വമായ ജീവിതമാണ് നമ്മുടെ സ്വപ്നം. പണമുള്ളവന്‍ കാണിക്കുന്ന തോന്ന്യാസങ്ങളെ മുഴുവന്‍ അനുകരിക്കാനും നിലവിട്ട് ജീവിക്കാനും നാം തയ്യാറാവുന്നു. കൊക്കിലൊതുങ്ങാത്തത്് കൊത്തിക്കൊണ്ടിരിക്കുന്നു. വരവിലൊതുങ്ങാതാവുമ്പോള്‍ കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങുന്നു. കടം തിരിച്ചുനല്‍കാന്‍ വീണ്ടും കടം വാങ്ങുന്നു. എങ്ങനെ ഇതൊക്കെ വീട്ടുമെന്ന ചിന്തപോലും ഈ പൊങ്ങച്ചക്കാര്‍ക്കുണ്ടാവുന്നില്ല.
ഇവിടെ ആവശ്യങ്ങള്‍ നിര്‍ണയിക്കുകയും ചെലവുകള്‍ ക്രമീകരിക്കുകയും ചെയ്യുകയെന്നത് വലിയൊരു ശ്രമമായിത്തീരുന്നത് അതുകൊണ്ടൊക്കെ തന്നെയാണ്.

ചെലവും വരവും ഒപ്പിക്കാനാവാത്തവര്‍ കടക്കെണിയില്‍ കുടുങ്ങുമെന്നത് സത്യം. പണം കടം കിട്ടാന്‍ ഇന്ന് പ്രയാസമില്ല,. പലിശക്ക് കടം കൊടുക്കുന്ന കേന്ദ്രങ്ങള്‍ നാട്ടിന്‍പുറത്തു പോലും വളര്‍ന്നുകൊണ്ടിരിക്കുന്നു. വട്ടിപ്പലിശക്കാരനും അണ്ണാച്ചിയുമെല്ലാം ദിവസവും രാവിലെ വന്ന് ഇങ്ങോട്ട് ചോദിക്കുന്നു, അല്ല, സുഹൃത്തെ ഒന്നും വേണ്ടേ...
പണ്ടവുമായി വന്നാല്‍ ഒരു സെക്കന്റുകൊണ്ട് പണവുമായിപ്പോകാമെന്ന പരസ്യങ്ങള്‍ നമ്മെ പ്രലോഭിച്ചു കൊണ്ടിരിക്കുന്നു. വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിനാ പണത്തിന് നട്ടം തിരിയുന്നതെന്ന് മോഹന്‍ലാലു പോലും ചോദിക്കുന്നു, പിന്നെന്താ.
വല്ലാതെ വീര്‍പ്പുമുട്ടുമ്പോഴാണ് കടം വാങ്ങിത്തുടങ്ങുന്നത്. പിന്നെ പെരുക്കമായി. മുതലും പലിശയും പലിശേടെ പലിശയും.. കിടന്നാല്‍ ഉറക്കം വരുന്നില്ല. പുറത്തിറങ്ങാന്‍ വയ്യ. വാതില്‍ തുറക്കാന്‍ വയ്യ...
ആകെ പിടുത്തം വിട്ടുപോകുന്ന അവസ്ഥ.
എങ്ങനെ വന്നു ഇത്രയും കടമെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല.
പിന്നെ....
ലെക്കും ലെവലുമില്ലാത്ത ജീവിതം ഒടുക്കം ഏതെങ്കിലും ഒരു വളവില്‍ ഒടുങ്ങാറാണ് പതിവ്.
ആവശ്യങ്ങളെ നിര്‍ണയിക്കുകയും വരവുചെലവുകളെ ക്രമീകരിക്കുകയും ചെയ്യാനായാല്‍ സാ മ്പത്തിക പ്രശ്‌നങ്ങളെ പുല്ലുപോ ലെ നേരിടാന്‍ നമുക്കാവും.
 .
പുടവ മാസിക, 2012 ഫെബ്രുവരി

9 comments:

 1. “ലെക്കും ലെവലുമില്ലാത്ത ജീവിതം ഒടുക്കം ഏതെങ്കിലും ഒരു വളവില്‍ ഒടുങ്ങാറാണ് പതിവ്.” സത്യം. പറഞ്ഞതെല്ലാം നല്ല കാര്യങ്ങള്‍

  ReplyDelete
 2. ആശംസകള്‍ മുഖ്താര്‍ , നന്നായിരിക്കുന്നു, പുടവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് അല്ലെ..

  ReplyDelete
 3. അതെ പലരുടെയും നഗ്ന സത്യം അത് തന്നെ ആണ് bhayee

  ReplyDelete
 4. ചിന്തിപ്പിക്കുന്ന,ചിന്തിപ്പിക്കേണ്ടുന്ന പോസ്റ്റ്‌..

  ReplyDelete
 5. പ്രസക്തമായ ലേഖനം. വരവ് അറിയാതെയുള്ള ചെലവ് പലപ്പോഴും ഒരു കുടുംബത്തെ ഒന്നടങ്കം എത്തിക്കുന്നത്, ഒരു കൂട്ട ആത്മഹത്യയിലെക്കായിരിക്കും.

  ReplyDelete
 6. ഈ ലേഖനം പരമാവധി ആള്‍ക്കാര്‍ വായിക്കട്ടെ. മനസ്സിലാക്കട്ടെ

  ReplyDelete
 7. ചെലവും വരവും ഒപ്പിക്കാനാവാത്തവര്‍ കടക്കെണിയില്‍ കുടുങ്ങുമെന്നത് സത്യം.

  സത്യം തന്നെ

  ആശംസകള്‍

  ReplyDelete
 8. മുഖ്ദാര്‍ സാഹിബിന്റെ നല്ല ഒരു ലേഖനം, നന്മ ആശംസിക്കുന്നു

  ReplyDelete