Skip to main content

മഴയുടെ സ്‌കൂള്‍ക്കാലം




മഴയെ ക്ലാസില്‍ നിന്നും 
പുറത്താക്കിയ ടീച്ചറേ..
ടീച്ചര്‍ മഴ കൊണ്ടിട്ടുണ്ടോ...


മഴ. കൊടൂര മഴ..
മഴയുടെ വരവു തന്നെ കുളിരാണ്, ഇപ്പഴും.
സ്‌കൂളില്‍ പോയിത്തുടങ്ങും മുന്‍പേ മഴയുണ്ടായിരുന്നെങ്കിലും മഴയുമായി കൂട്ടുകൂടുന്നത് സ്‌കൂള്‍ കാലത്താണ്. കുടയെടുക്കാതെ സ്‌കൂളില്‍ പോകുന്ന ദിനങ്ങളില്‍ ഓര്‍ക്കാപ്പുറത്ത് പെയ്യുന്ന മഴയില്‍ നനഞ്ഞൊലിച്ച് വീട്ടില്‍ കേറിച്ചെല്ലുമ്പോള്‍ ഉമ്മ വഴക്കു പറയും. 
തല തോത്ത്. പനി പുടിച്ചും.
ഒറ്റ മടക്കുപോലുമില്ലാത്ത, തുണിയുടെ നീളന്‍ കുടയായിരുന്നു, എല്‍ പി ക്കാലത്ത് ഉണ്ടായിരുന്നത്. ചെറിയ ഓട്ടകളിലൂടെ മഴച്ചാറ്റല്‍ പെയ്യും. ചിലപ്പോള്‍ ഇറ്റിറ്റി വീഴും. ചിലപ്പോള്‍ കാറ്റ് വന്ന് കുടയെ ആമ്പലം മറിക്കും. നല്ല രസമാണ്. കാറ്റും മഴയും നനച്ചും തെളിച്ചും.. 
ടാറിടാത്ത റോഡില്‍ കുഴികളില്‍ വെള്ളം നിറയും. റോഡ് ചളിപിളിയാകും. നടക്കുമ്പോള്‍ ചെളിതെറിക്കാതിരിക്കാന്‍ ഹയാവ് ചെരുപ്പിന്റെ വാറിലുള്ളിലൂടെ റബര്‍ബാന്റിട്ട് വള്ളിച്ചെരുപ്പുണ്ടാക്കും. ചളിയില്‍ കാലു പൂണ്ട് ചെരിപ്പിന്റെ വാറ് ഈരിത്തെറിക്കും. ചുവന്ന മണ്‍ പുള്ളികള്‍ പുറത്ത് ചിത്രം വരക്കും. കെട്ടിക്കിടക്കുന്ന ചുവന്ന വെള്ളം ചെങ്ങായ്മാരുടെ മേലേക്ക് കാലുകൊണ്ട് തട്ടിത്തെറുപ്പിക്കും. ആകെ കച്ചറയാകും.
എല്‍ പി സ്‌കൂളില്‍ ക്ലാസുകള്‍ക്ക് അരച്ചുമരാണ്. ചുമരിലു മോളിലൂടെ മഴ ക്ലാസിനകത്തേക്ക് പെയ്യും. ക്ലാസിനു നടുവിലേക്ക് എല്ലാരും കൂടി നില്‍ക്കും. ആ കൂടിനില്‍പ്പില്‍ അടുത്തു നില്‍ക്കുന്നവനെ തൊണ്ടും മാന്തും പിച്ചും...
മാസ്റ്റേ.. ഇവന്‍..
കുട്ടികള്‍ ആര്‍ക്കും.
ക്ലാസിന്റെ മോന്തായത്തില്‍ എല്ലാം നോക്കി ഒരു കൂമന്‍ ഇരിപ്പുണ്ടാവും. പകലുമുഴുവന്‍ അതവിടെ ഉണ്ടാവും. ചിലപ്പോള്‍ ഒന്നു രണ്ടു ആവലുകളും കലതൂക്കിയിട്ട് കിടക്കുന്നുണ്ടാവും.
മഴ പെയ്താല്‍ കളിക്കാനിറങ്ങാന്‍ അയക്കൂല, മാഷമ്മാര്. വരാന്തയില്‍ നിന്ന് മഴ കാണാം. മഴയെ തൊടാം. കയ്യിലെടുത്ത് കണ്ണില്‍ കുളിരു ചേര്‍ക്കാം. കാലുകൊണ്ട് തട്ടിത്തെറുപ്പിക്കാം. 
ബുക്കിലെ പേജ് പറിച്ച് തോണിയുണ്ടാക്കി വരാന്തയോട് ചാരി ഒലിക്കുന്ന വെള്ളത്തിലേക്കിടാം. പെണ്‍കുട്ടികള്‍ വരാന്തയില്‍ പടിഞ്ഞിരുന്ന് കൊത്തക്കല്ല് കളിക്കുന്നുണ്ടാവും. ബേക്കിലൂടെ ചെന്ന് കല്ലുവാരി എറിയും. 
ഈ ചെറ്ക്കമ്മാര്. ഞങ്ങള് മാസ്റ്റോട് പറയുട്ടോ...
അവര്‍ മൂക്ക് വിറപ്പിക്കും.
വീട്ടിലേക്ക് പോവുമ്പോളാണ് മഴയുമായി ചെങ്ങാത്തരം കൂടുക. കുടയുണ്ടേലും ഇല്ലെങ്കിലും മഴനനയും. ബുക്കുകള്‍ അധികമില്ല. കീറിമാലാച്ചിയായ മലയാളം, അറബി ബുക്കുകളും വിണ്ടുകീറിയ സ്ലേറ്റും പ്ലാസ്റ്റിക്ക് കവറിലിട്ട് മഴയത്തങ്ങനെ..
ഹായ്.
മഴ ഇരുട്ടുകൂടി വരുന്നതു കണ്ടാല്‍ സ്‌കൂള്‍ നേരത്തെ വിടും.
മഴ വര്‌നീന് മുമ്പ് പെരീലെത്തണം.
 ടീച്ചര്‍ പറയും.
പെണ്‍കുട്ടികള്‍ പായും. ഞങ്ങള്‍ ആക്കം പോലെ കളിച്ചും കച്ചറകൂടിയും ഇടക്ക,് എന്തേ ഇത്ര വൈകുന്നതെന്ന് മാനത്തു നോക്കിയും നടക്കും. ചെറിയ തുള്ളികളായി തലയിലേക്ക് പെയ്തു തുടങ്ങുമ്പോള്‍ ആഹ്ലാദത്തില്‍ ചാടും. 
സ്‌കൂളിനു മുന്നിലെ ചേട്ടന്‍മാരെ പറമ്പിലേക്ക് നൂഴ്ന്നു കേറി മാങ്ങ പൊറുക്കും. മാങ്ങയും കടിച്ചീമ്പി മഴ നനഞ്ഞ് നടക്കും. മാങ്ങ തിന്ന് കഴിഞ്ഞാല്‍ ചെങ്ങായിയേട് അണ്ടിക്ക് കൂട്ടു പോകോന്ന് ചോദിച്ച് വലിച്ചെറിയും.
വീടിനു മുന്നിലൂടെയുള്ള റോഡ് ചുവന്നു കിടക്കും. വെള്ളം നിറഞ്ഞ് പുഴയാകും. റോഡില്‍ വളുക്കി വീണ് ട്രൗസറിന്റെ മൂട് കീറും. 
സിയന്ന ബസ്സും മങ്കര ബസ്സും ആ പുഴയിലൂടെയാണ് പാഞ്ഞുപോകുന്നത്. വീടിന്റെ ഉള്ളിലേക്ക് ചെളിതെറിക്കും. റോഡുവക്കിലുള്ള വീടുകളുടെയെല്ലാം ചുമരില്‍ ബസ്സുകള്‍ ചുമന്ന മണ്ണുതേച്ചു. 
ചെളിതെറുപ്പിച്ച് പാഞ്ഞുപോകുന്ന മങ്കരയും സിയന്നയും ബീരാക്കാന്റെ വീടിനു മുന്നില്‍ കിതക്കും. അവിടെ ചളിപിളിയാണ്. ചക്രം മണ്ണില്‍ ഉരുളും. സുല്‍പ്രിയടിക്കും. ഞങ്ങള്‍ പാഞ്ഞുചെല്ലും. മല്ലന്‍മാരായ നാട്ടുകാര്‍ ചേര്‍ന്ന് ബസ്സിനെ ഉന്തിക്കയറ്റും. വലിയ ഒച്ചയില്‍ ഹോണടിച്ച് ബസ്സുകള്‍ പാഞ്ഞുപോകും. 
സ്‌കൂള്‍ വിട്ട് വരുമ്പോള്‍ കട്ടന്‍ചായയും അരി വറുത്തതുമുണ്ടാവും. കട്ടന്‍ചായയില്‍ അറിവറുത്തതിട്ട് മഴയും നോക്കി കുടിക്കും. ചിലപ്പോള്‍ ചക്കക്കുരു ചുട്ട് തിന്നും. അണ്ടി ചുട്ടു തിന്നും. മഴ പെയ്യുമ്പോള്‍ എന്തെങ്കിലുമിങ്ങനെ കറുമുറെ വായിലുണ്ടാവണം.
മഴ കൊണ്ട് കൊണ്ട് ചീരാപ്പു പിടിക്കും. പനി തുടങ്ങും. 
ജനലിലൂടെ മഴയും നോക്കി പുതച്ചു കിടക്കാന്‍ നല്ല രസമാണ്. മനസ്സ് അപ്പേഴും ആ മഴയില്‍ അര്‍മാദിച്ചു നടപ്പുണ്ടാവും.
സ്‌കൂള്‍ വിട്ട് വന്നാല്‍ പറമ്പില്‍ രസമുള്ള കളികളാണ്. കുറ്റിപ്പൊരകള്‍ കെട്ടിയിട്ടുണ്ട് അവിടെ. മൂത്താപ്പാന്റെ മക്കളും അയലോക്കത്തെ കുട്ടികളും ചേര്‍ന്ന് ഭയങ്ക കളികളാണ്. പെരും കളികള്‍. പറമ്പില്‍ തലങ്ങും വിലങ്ങും ചാലുകളാണ്. ചാലുകള്‍ നിറയെ വെള്ളമാണ്. കുളത്തില്‍ നിന്ന് ചാലിലേക്ക് വെള്ളം കയറാനും ഇറങ്ങാനും വഴിയുണ്ട്. അതു വഴി മീനുകളും കയറിയിറങ്ങും. തട്ടം കൊണ്ട് കോരി മീന്‍ പിടിക്കും. പരലുകളും കണ്ണാന്‍ചൂട്ടികളുമാണ് കിട്ടുക. വലിയ ചില്ലു ഭരണിയില്‍ വെള്ളം നിറച്ച് അതിലിടും. കുളത്തിലേക്ക് തുപ്പി മീനുകള്‍ തുപ്പലം കൊത്താനെത്തുന്നത് നോക്കിയിരിക്കും.
യു പി ഹൈസ്‌കൂള്‍ കാലത്തെ മഴക്ക് വേറൊരു മുഖമായിരുന്നു. ബസ്സുകേറിവേണം സ്‌കൂളില്‍ പോകാന്‍. പുസ്തകം കുറേയുണ്ട്, ടെസ്റ്റും നോട്ടുമായി. ഒന്നും നനയാന്‍ പാടില്ല. അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂളിലാണ് ചേര്‍ത്തിരിക്കുന്നത്. പുല്ലങ്കോട് ഹൈസ്‌കൂളുണ്ട്. ഗവണ്‍മെന്റാണ.് അന്ന് എന്നും സമരമാണവിടെ. ഇടക്കിടക്ക് സ്‌കൂളുണ്ടാവില്ല. ഞങ്ങള്‍ ബസ്സു കാത്തുനില്‍ക്കുമ്പോള്‍ സമരം കാരണം പുല്ലങ്കോട് സ്‌കൂളില്‍ നിന്നും മടങ്ങി വരുന്ന കുട്ടികളെ കാണാം. അവരോട് കടുത്ത അസൂയ തോന്നും. അടക്കാകുണ്ട് മാനേജ്‌മെന്റ് സ്‌കൂളാണ്. സമരമൊന്നും ഉണ്ടാവില്ല. പഠിപ്പോടു പഠിപ്പാണ്. ഡീസന്റായി വേണം ക്ലാസിലെത്താന്‍. 
ബസ് കാത്തു നില്‍ക്കുമ്പോഴേ മഴ വരും. പീടികക്കോലായിലേക്ക് കയറി നില്‍ക്കും. സ്‌കൂളിനു മുന്നില്‍ ചെന്ന് ബസ്സിറങ്ങാം. മഴ നനയാതെ സ്‌കൂളിലെത്താം. 
ഉച്ചക്ക് ചോറു തിന്നാന്‍ അടുത്ത പറമ്പിലേക്കാണ് പോവാറ്. പാത്രം കഴുകാന്‍ അടുത്തുള്ള തോട്ടിലേക്ക് പോകും. തോട്ടില്‍ നിന്ന് കണ്ണാന്‍ചൂട്ടികളെ പിടിക്കും. പാത്രം തോട്ടിലിട്ട് മല്‍സരിക്കും. ആരുടെ പാത്രമാണ് മുന്നിലെത്തുന്നത്. കുട്ടികള്‍ ആര്‍ത്ത് പിന്നാലെ പായും. തോട് പുഴയില്‍ ചേരും മുന്‍പ് തിരിച്ചെടുക്കണം. ഒരു പ്രാവശ്യം എന്റെ പാത്രം ഒരു ചുഴിയില്‍ കുടുങ്ങി തുറന്നു പോയി. വെള്ളം നിറഞ്ഞ് പാത്രം താഴ്ന്നു പോയി. നല്ല ആഴമുള്ള സ്ഥലമാണ്. പാത്രം പോയി. വീട്ടില്‍ ചെന്നപ്പോള്‍ നല്ല വഴക്കു കിട്ടി.
മഴ പെയ്താല്‍ ക്ലാസിനകത്തിരുന്ന് തിന്നും. ഇറയത്ത് പെയ്യുന്ന മഴയില്‍ പാത്രം കഴുകും. 
മഴ വെള്ളം പാത്രത്തിലാക്കി അടച്ച് ചെവിചേര്‍ത്ത് നോക്കിയാല്‍ മഴ പെയ്യുന്ന ഒച്ച കേള്‍ക്കാം. തോട്ടിലെ വെള്ളം പാത്രത്തില്‍ നിറച്ച് ചെവിയോര്‍ത്താല്‍ കുത്തിയൊലിക്കുന്ന തോടിന്റെ ഒച്ച കേള്‍ക്കാം. നിങ്ങള്‍ നോക്കിയിട്ടുണ്ടോ.
കിണറ്റിലെ വെള്ളമാണെങ്കിലോ.. കിണറിന്റെ ആഴമറിയാം...
അനക്ക് പിരാന്താ 
ചെങ്ങായ്മാര് പറയും.



സ്‌കൂളു വിട്ടാല്‍ പിന്നെ മഴയിലേക്കാണ്. കാളികാവു നിന്നേ അന്നേരത്ത് ബസ്സുള്ളു. മൂന്നാല് കിലോമീറ്റര്‍ നടക്കണം. മഴ നനഞ്ഞ് മഴ നനഞ്ഞ്...
നനഞ്ഞ കുട്ടികളെ ബസ്സില്‍ കേറ്റില്ല. വീടു വരെ നടക്കും. മങ്ങുണ്ടിലൂടെ വേണം പോകാന്‍. മങ്കുണ്ടില്‍ ജിന്നുണ്ടെന്നാണ് പറയുന്നത്. ഉറക്കെ സംസാരിച്ചും പാട്ടുപാടിയും മങ്ങുണ്ടിലൂടെ ഞങ്ങള്‍ പായും.
പുസ്തകവും നനഞ്ഞിട്ടുണ്ടാവും. യൂണിഫോം ഉണങ്ങില്ല. പുസ്തകവും യൂണിഫോമും അടുപ്പിനു മുകളിലെ വിറകിനു മുകളില്‍ വിരിച്ചിടും. പിറ്റേന്ന് സ്‌കൂളില്‍ പോകുമ്പോള്‍ ആകെ പുകമണമാവും. ബുക്കിനും യൂണിഫോമിനും എനിക്കും... ക്ലാസില്‍ നിറയെ പുകമണമായിരിക്കും. വെളുത്ത കുപ്പായങ്ങള്‍ കരിമ്പനടിക്കും. മഷി കുടഞ്ഞ പോലെ ചെറിയ കറുത്ത കുത്തുകള്‍ കുപ്പായമാകെ പരക്കും. 
എടവണ്ണ ഓര്‍ഫനേജില്‍ പഠിക്കുന്ന കാലത്ത് മഴ അറിഞ്ഞിട്ടേയില്ല. അന്ന് ഉള്ളിലെന്നും വേനലായിരുന്നു. മഴ പെയ്യുമ്പോള്‍ ഓട്ടിന്‍പുറത്തൂടെ ഒഴുകിവരുന്ന വെള്ളത്തിനു താഴെ നിന്ന് കുളിക്കുമ്പോഴും ഉള്ളിലെ വേനല്‍ ആറിയിരുന്നില്ല.
രാത്രി പെയ്ത മഴയുടെ നനവിലൂടെയാണ് അന്ന് വെളിച്ചം വെക്കും മുന്‍പേ ഞങ്ങളെയും കൊണ്ട് വാര്‍ഡന്‍ പുഴയിലേക്ക് പോയത്. മഴ കാരണം കരണ്ടില്ലാത്തതിനാല്‍ പൈപ്പില്‍ വെള്ളമില്ലായിരുന്നു. കുളിച്ച് വുദുവെടുത്ത് തിരിച്ചു പോരണം. 
തിരിച്ചു പോരുമ്പോള്‍ ഒരു കുട്ടിയുടെ കുറവ്. അവിടെയൊന്നും കാണാനില്ല. അവന്‍ വന്നിട്ടുണ്ടോ എന്നും ഉറപ്പില്ല. എല്ലാരും വേഗം തിരിച്ചു പോന്നു. റൂമിലും അവനെ കാണാനില്ല. ഞങ്ങല്‍ സുബ്ഹി നിസ്‌കരിച്ച് പുറത്തിറങ്ങിയപ്പോഴേക്കും പുഴക്കരയിലേക്ക് പോയിരുന്നു വാര്‍ഡന്‍മാരും മുതിര്‍ന്ന കുട്ടികളും. 
കടവില്‍ അഴിച്ചുവെച്ച ചെരിപ്പും തുണിയും കുപ്പായവുമുണ്ടായിരുന്നു.
തോണിക്കാര്‍ വന്ന് തെരച്ചില്‍ തുടങ്ങിയിരുന്നു. 
അരമണുക്കൂറിനുള്ളില്‍ വെള്ളത്തിനു താഴെ ഒരു പാറ മടയില്‍ തടഞ്ഞുകിടക്കുന്ന അവനെ കിട്ടി. അവന്റെ സഹോദരന്‍ ഒച്ചയില്ലാതെ കരഞ്ഞു, ഞങ്ങളും. 
ഒഴാഴ്ച മുന്‍പ് അവനെ കിട്ടിയ അതേ സ്ഥലത്ത് ഞാനും താഴ്ന്നതാണ്. നിലയില്ലാത്ത ആഴമാണവിടെ. വെള്ളത്തില്‍ ആഴുന്ന എന്നെ കണ്ട് കുട്ടികള്‍ ആര്‍ത്തു. അസൈനാര്‍ വെള്ളത്തിലേക്കെടുത്തു ചാടി. വാര്‍ഡന്‍ തുണിയഴിച്ച് അവനിട്ടുകൊടുത്തു. ഒരു കയ്യില്‍ എന്നെയും മറു കയ്യില്‍ തുണിയിലും പിടിച്ച് അവന്‍ പൊങ്ങി. വാര്‍ഡന്‍ രണ്ടാളെയും വലിച്ച് പാറപ്പുറത്തേക്കിട്ടു. അതെ, അതേ സ്ഥലത്താണ് അവന്‍...
ഒരു മഴയുള്ള ദിവസമാണ് മലയില്‍ ഉരുളുപൊട്ടി പുഴ നിറഞ്ഞൊഴുകിയത്. ഞാന്‍ കണ്ടിട്ടില്ല. എന്ന് എല്ലാവരുടെയും സംസാരം അതായിരുന്നു. ആരൊക്കെയോ മരിച്ചിട്ടുണ്ട്. ചിലരെ കാണാനില്ല.
ചെലമ്പില്‍ കുന്നിലേക്ക് താമസം മാറിയത് ആ സമയത്താണ്. അവിടെ പാട വക്കത്താണ് വീട്. വീടു കഴിഞ്ഞാല്‍ റബര്‍ എസ്റ്റേറ്റാണ്. അതിനും മുകളില്‍ മലയാണ്.
മഴ പെയ്താല്‍ പാടം പുഴയാകും. പാടവരമ്പിലൂടെ നടന്നു വേണം കുന്നിലെത്താന്‍. മറ്റു വഴികളില്ല. മഴ പെയ്താല്‍ പാടവു വരമ്പും കാണില്ല. തപ്പിത്തടഞ്ഞ് നടക്കണം. ഇടക്ക് പാടത്തേക്ക് വീഴും. നീന്താനറിയുന്നവര്‍ക്ക് നീന്താം. വസ്ത്രങ്ങളും ബുക്കും പ്ലാസ്റ്റിക് കവറില്‍ കെട്ടി തലയില്‍ വെച്ചാണ് പാടം കടക്കുന്നത്. നീര്‍ക്കോലികളും തവളകളും നീന്തിത്തുടിക്കുന്നുണ്ടാവും.
തോട്ടില്‍ മീനിറങ്ങും. ഉപ്പയുടെ കൂടെ വലകുത്താന്‍ പോകും. കണ്ടിക്കുളത്തില്‍ ചൂണ്ടയിടാന്‍ പോകും. 
പഠിക്കാന്‍ വലിയ ഉല്‍സാഹമൊന്നും ഇല്ലായിരുന്നു. ക്ലാസില്‍ നിന്നും കേള്‍ക്കുന്നത് തലയില്‍ കേറുന്നത് കിട്ടും. വീട്ടില്‍ വന്നാല്‍ വായിക്കുന്ന ഏര്‍പ്പൊടൊന്നും ഇല്ലായിരുന്നു. ഉള്ള സമയം ബുക്കായ ബുക്കു മുഴുവന്‍ ചിത്രം വരച്ചിരിക്കും. ഒരുക്കൂട്ടി വെച്ച പൈസ കൊണ്ട് ഒരു പാക്ക് കളര്‍പെന്നുകള്‍ വാങ്ങിയിരുന്നു.
കഥാപുസ്തകങ്ങള്‍ വായിക്കും. അതെവിടന്നെങ്കിലും സംഘടിപ്പിക്കും. വായിക്കാന്‍ മടിയില്ലായിരുന്നു. പാഠപുസ്തകങ്ങളോടായിരുന്നു അലര്‍ജി. മറ്റെന്ത് കിട്ടിയാലും കുത്തിയിരുന്ന് വായിക്കും. സ്‌കൂളില്‍ ലൈബ്രറിയുണ്ട്. ഫീസില്‍ ലൈബ്രറിഫീസും വാങ്ങിക്കാറുണ്ട്. പക്ഷേ ലൈബ്രറിയില്‍ നിന്ന് പുസ്തകമൊന്നും കിട്ടില്ല. 
പഴയത് പെറുക്കി വിറ്റും മറ്റുമായി കിട്ടുന്ന പൈസ ഒരുക്കൂട്ടി വെച്ച് കഥാപുസ്തകങ്ങള്‍  വാങ്ങും. ഏതെന്നൊന്നുമില്ല. കിട്ടുന്നതെന്തും വായിക്കും. രാത്രി ഉറക്കൊഴിച്ച് വിളക്ക് കത്തിച്ചു വെച്ചു വായിക്കും.
വെളക്കൂതാന്‍ മറക്കണ്ടാട്ടോ
ഉമ്മ ഇടക്ക് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും.
പാടത്ത് ഇറങ്ങുന്ന പന്നികളെ ആട്ടാന്‍ പാട്ടകൊട്ടിയിരിക്കുന്ന കാവല്‍ പുരയില്‍ ചെന്നിരുന്ന് വായിക്കും. പാടത്ത് മഴ പെയ്യുന്നത് നോക്കിയിരിക്കും. കൊക്കുകള്‍ പറന്നിറങ്ങും. തവളകള്‍ കരയും.
കഥാബുക്കുകള്‍ വായിച്ച് ഉമ്മറത്തെ തിണ്ടില്‍ ഇരിക്കുമ്പോള്‍ മാത്രം ഞാന്‍ മഴ പെയ്യുന്നത് അറിയാറില്ല, തോരുന്നതും.
പരീക്ഷയടുപ്പിച്ചാണ് വായന. കുത്തിയിരുന്ന് വായിക്കും. അപ്പോള്‍ തോന്നും അന്നന്ന് പഠിക്കേണ്ടത് അന്നന്ന് പഠിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന്..
മഴക്കാലത്ത് എസ്റ്റേറ്റിനു മുകളിലൂടെ ഒഴുകുന്ന ചോലയില്‍ തെളിഞ്ഞ വെള്ളം നിറയും. അവിടെയാണ് കുളി. കഴുത്തറ്റം വെള്ളത്തില്‍ മണിക്കൂറുകലോളം ഇറങ്ങിക്കിടക്കും.
എര്‌മേ നീച്ച് പോ അവ്ട്ന്ന്..
കുളിക്കാന്‍ വരുന്ന പെണ്ണുങ്ങള്‍ ആട്ടും.
മഴയില്‍ നനഞ്ഞ് നനഞ്ഞ് അലിഞ്ഞ് ചേരാന്‍ കൊതിച്ചിട്ടുണ്ട്. മഴയൊരിക്കലും പുറത്തല്ല പെയ്തിരുന്നത്, അകത്തായിരുന്നു. 
സ്‌കൂള്‍ കാലത്തെ മഴയുടെ കുളിരും മണവും മുതിര്‍ന്ന മഴക്കില്ലാതായിരിക്കുന്നു. ഞാന്‍ മുതിര്‍ന്ന പ്പോള്‍ മഴയും മുതിര്‍ന്നു പോയി. കുട്ടിക്കാലത്തിന്റെ നിഷ്‌കളങ്കത വഴിയില്‍ കളഞ്ഞാണല്ലോ നാം വളരുന്നത്. 
കളിച്ചു പൂതികെടും മുമ്പേ പൂട്ടു കഴിഞ്ഞ് സ്‌കൂളു തുറക്കുമ്പോള്‍ തോന്നുന്ന നീരസം കെട്ടഴിഞ്ഞ് വീഴുന്ന മഴയിലാണ് ഒഴുക്കിക്കളഞ്ഞിരുന്നത്. ജൂണില്‍ സ്‌കൂളു തുറക്കുന്നു എന്നതല്ല മഴ വരുന്നു എന്നതുതന്നെയാണ് എനിക്ക് പ്രധാനം. കുട്ടിക്കാലത്തെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു മഴ.



മഴക്കും കുട്ടികളെയാണിഷ്ടമെന്നു തോന്നുന്നു. 'റെയിന്‍ റെയിന്‍ ഗോ എവേ' പാടുന്ന കുട്ടികളെയല്ല. 'മഴ ചറ പറ പെയ്യുന്നു' എന്നു പാടി ആര്‍ത്തിരമ്പി മഴയില്‍ മഴയായി അലിഞ്ഞു ചേരുന്ന കുട്ടികളെ.
പക്ഷേ, എന്തു ചെയ്യാം. ഇന്ന് മഴയെ ക്ലാസില്‍ നിന്നും പുറത്താക്കിയിരിക്കുകയാണല്ലോ. സ്‌കൂള്‍ ബസ്സിലും വീട്ടിനകത്തും മഴക്ക് പ്രവേശനമില്ല. കമ്പ്യൂട്ടര്‍ ഗെയിമിനകത്ത് പോലും മഴ ഒളിഞ്ഞുപെയ്യാറില്ല.
കുട്ടികള്‍ മഴകൊള്ളാനിറങ്ങാത്തതുകൊണ്ടാവാം, മഴയും പിണക്കത്തിലാണ്.

.


Comments

  1. നന്നായി. ഇഷ്ടത്തോടെ വായിച്ചു

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്...ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലത്തേ കുറിച് ഓര്‍ത്തുപോയി ...

    ReplyDelete
  3. ഇന്ന് മുതിര്‍ന്ന മഴ കാണാന്‍ ടിവിയും യു ട്യൂബും !
    അതൊന്നും എനിക്ക് വേണ്ട., എല്ലാം ഇന്നലെ കഴിഞ്ഞ പോലെ മനസ്സിലുണ്ട്.
    അതിനെ ഉണര്‍ത്താന്‍ ഇത് പോലെയൊന്ന് വായിച്ചാല്‍ മാത്രം മതി!

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.