Skip to main content

മണല്‍ക്കാറ്റു വീശുന്ന പ്രവാസപ്പെരുന്നാളുകള്‍




പത്താമത്തെ നോമ്പിനാണ് സൗദിയിലേക്ക് വിമാനം കേറുന്നത്. പെരുന്നാള്‍ കഴിഞ്ഞിട്ട് പോയാല്‍ മതിയെന്നായിരുന്നു ആഗ്രഹം. പറ്റില്ല, പെട്ടെന്ന് എത്തണമെന്ന്അറബി പറഞ്ഞിട്ടുണ്ടത്രെ. സ്‌കൂളിലാണ് പണി. അവിടെ വെക്കേഷനാണ്. സ്‌കൂള്‍ തുറക്കും മുന്‍പ് കുറെ പണി തീരാനുണ്ട് പോലും.
ഗള്‍ഫിലേക്കല്ലേ.. ആദ്യത്തെ പോക്കാണ്. പോക്കുറച്ചപ്പോഴോ മനസ്സില്‍ ഒരു കൊട്ട സ്വപ്നങ്ങള്‍ നിറച്ചുവെച്ചിട്ടുണ്ട്. ഉപ്പയുടെ കുറച്ച് കടങ്ങല്‍ വീട്ടണം (ഉപ്പയുടെ കടം മക്കളുടെ കൂടെ കടമാണല്ലോ). അഞ്ച് സെന്റ് സ്ഥലം വാങ്ങണം. ഒരു കൊച്ചു വീടു വെക്കണം (ആ സ്വപ്നം ഇനിയും ബാക്കി). ഒരു ചെറിയ വരുമാന മാര്‍ഗം നാട്ടിലുണ്ടാക്കി തിരിച്ചു പോരണം. സ്വപ്നങ്ങള്‍ എന്തും കാണാമല്ലോ. നല്ല പണിയാണെന്നാണ് വിസ ശരിയാക്കിത്തന്ന റിയാസ്‌ക്ക പറഞ്ഞത്. വിസക്ക് പണമൊന്നും വേണ്ട, ടിക്കറ്റിന്റെ കായി മാത്രം ഉണ്ടാക്കിയാല്‍ മതിയെന്നു പറഞ്ഞപ്പോഴാണ് പോകാന്‍ കെട്ടുമുറുക്കിയത്.
റിയാദിലാണ് സ്‌കൂളുകള്‍. ചെന്നു രണ്ടു ദിവസം കഴിഞ്ഞാണ് പണി തുടങ്ങിയത്. ആദ്യം കയറ്റിറക്കായിരുന്നു. ഒരു സ്‌കൂളില്‍ നിന്നും മേശകളും കസേരകളും ലോറിയില്‍ കേറ്റി മറ്റൊരു സ്‌കൂളില്‍ കൊണ്ടുപോയി ഇറക്കുക. നോമ്പ് തലയില്‍ കേറി. കൊടൂര ചൂടും. നാല്‍പത് ഡിഗ്രി കടന്നിരിക്കുന്നു ചൂട്. നോമ്പ് കല്ലത്തായെന്നു പറഞ്ഞാല്‍ മതി. അസറിന് പളളിയില്‍ പോയത് നമസ്‌കരിക്കാനായിരുന്നില്ല. പുറത്തെ, തണുത്ത വെള്ളം കിട്ടുന്ന പൈപ്പില്‍ മുഖം കഴുകി. ആരും കാണാതെ സൂത്രത്തില്‍ ചങ്ക് നനച്ചു. പടച്ചോനേ പൊറുക്കണേ..!
രണ്ടു ദിവസം നീണ്ടു നിന്നു കയറ്റിറക്ക്. പിന്നെ സിമ്മിംഗ്പൂളിന് കുഴിയെടുക്കലും മണ്ണ് നിറക്കലുമൊക്കെയായിരുന്നു പണി. സ്‌കൂളിന് മുന്നില്‍ മലപോലെ തട്ടിയിട്ട മണ്ണ് അര്‍ബാന(കൈപിടിയുള്ള മുച്ചക്ര ഉന്തുവണ്ടി)യില്‍ നിറച്ച് കുഴിയില്‍ തട്ടണം. കുറച്ചു നേരം മണ്ണു നിറക്കും, കുറച്ചു നേരം കൊണ്ടു പോയി തട്ടും. അങ്ങനെ മാറിമാറി ചെയ്യും. കയ്യില്‍തമ്പു പൊട്ടി.
ഞങ്ങള്‍ മലയാളികള്‍ അഞ്ചുപേരുണ്ട്. എല്ലാവരും ഒന്നിച്ച് വന്നതാണ്. അവരൊല്ലാം ഡ്രൈവര്‍മാരാണ്. ഞാന്‍ ആര്‍ട്ടിസ്റ്റും.
ഡ്രൈവര്‍ പണിയെന്നു പറഞ്ഞിട്ടിതിപ്പോ അര്‍ബാനന്റെ ഡ്രൈവറായല്ലോ..
ഒരുത്തന്‍ പറഞ്ഞു.
ഉം.. നിന്റെ ചിത്രം വര ഇങ്ങനെയാ.. സൗദിയില്‍ മണ്ണിലാ വര..
അവന്‍ എന്നോട് പറഞ്ഞു. ഞങ്ങള്‍ ചിരിച്ചു. അല്ലാതെന്തു ചെയ്യാന്‍. ഭാഷ തിരിഞ്ഞു വരുന്നേയുള്ളു.
രാവിലെ എട്ടുമണിക്ക് വാഹനവുമായി മുദീര്‍ വരും. അസറ് ബാങ്ക് കൊടുക്കുന്നതു വരെ പണിയാണ്. ക്ലീനിംഗ്, കയറ്റിറക്ക്, പെയിന്റിംഗ്, മണ്ണിടല്‍.. പണിക്കൊരു മുട്ടുമില്ല. നോമ്പു തുറ അടുത്തുള്ള പള്ളിയിലാണ്.  ഇശാ കഴിഞ്ഞാല്‍ പിന്നെയും മുദീര്‍ വണ്ടിയുമായി വരും. പിന്നെ രണ്ട് മൂന്ന് മണിവരെ പണിയാണ്. കിടക്കാനും ഇരിക്കാനും നേരമില്ല. ജന്‍മത്തില്‍ എടുക്കാത്തപണികളാണ്.
പെരുന്നാള്‍ കലക്കണമെന്ന് എല്ലാവരും കൂടി തീരുമാനിച്ചതാണ്. ബിരിയാണിയും പായസവുമുണ്ടാക്കണം. പെരുന്നാള്‍ തലേന്ന് പണി തീരുമ്പോള്‍ രണ്ട് മണി കഴിഞ്ഞിരുന്നു. ബത്ത്ഹയില്‍ പോയി അരിയും സാമാനങ്ങലും വാങ്ങിവരുമ്പോള്‍ സുബ്ഹി ബാങ്കിന് അധികം സമയമില്ല. ഞങ്ങള്‍ റൂമിലെത്തുമ്പോള്‍ റൂമിനു മുന്നില്‍ സ്‌കൂളിന്റെ അസിസ്റ്റന്റ് എച്ച്. എം ഞങ്ങളെ കാത്തുനില്‍പ്പുണ്ടായിരുന്നു.
സാധനങ്ങള്‍ അകത്തേക്ക് വെക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.
അത് വെച്ചിട്ട് എല്ലാവരും വരിം.
ഞങ്ങല്‍ ചെന്നു.
സ്‌കൂളിന്റെ പരസ്യമുള്ള ബ്രോഷറുകളും ചോക്ലേറ്റുകളും ഭംഗിയുള്ള ചെറിയ പെട്ടികളില്‍ നിറച്ചത് ഞങ്ങള്‍ തന്നെയാണ്. അതെല്ലാം എടുത്ത് കാറില്‍ വെച്ചു. ഞങ്ങളെയും കാറില്‍ കേറ്റി.
ഞങ്ങള്‍ കുളിച്ചിട്ടില്ലെന്ന് പറഞ്ഞുനോക്കി. കുളിക്കുകയൊന്നും വേണ്ടെന്ന് അയാല്‍ പറഞ്ഞു.
ഞങ്ങളെ അടുത്തുള്ള രണ്ടു മൂന്നു പള്ളികളിലേക്കാണ് അയാള്‍ കൊണ്ടു പോയത്. പള്ളിക്കു മുന്നില്‍ ഒരു മേശയിട്ട് അതില്‍ സമ്മാനപ്പൊതികള്‍ നിരത്തി. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് വരുന്നവര്‍ക്ക് വിതരണംചെയ്യാനുള്ളതാണത്.
സുബ്ഹി നമസ്‌കാരം കഴിഞ്ഞാല്‍ പിന്നെഅധിക സമയമില്ല, അവിടെ പെരുന്നാള്‍ നിസ്‌കാരത്തിന്.
ഞങ്ങള്‍ ജോലിക്ക് പോയപ്പോള്‍ അണിഞ്ഞിരുന്ന വസ്ത്രം പോലും മാറിയിട്ടില്ല. മുശിഞ്ഞ് വിയര്‍പ്പ് നാറുന്നുണ്ട്.
ഫ്‌ളൂറസെന്റ് പച്ച കളറുള്ള ഓരോ ബനിയന്‍ തന്നു അയാള്‍. ഇതണിഞ്ഞു വേണം നില്‍ക്കാന്‍. ബനിയനില്‍ സ്‌കൂളിന്റെ പേരും എംബ്ലവും വലുതായി പ്രിന്റ് ചെയ്തിട്ടുണ്ട്.
പള്ളിക്ക് പുറത്ത് സമ്മാനപ്പൊതികള്‍ നിരത്തിയ മേശക്കരികിലായി നിന്നാണ് പെരുന്നാള്‍ നമസ്‌കരിച്ചത്.
തിളങ്ങുന്ന തൂവെള്ള വസ്ത്രങ്ങള്‍ നിരന്നു. അത്തറ് വാരിയൊഴിച്ചാണ് അറബികള്‍ വന്നിരിക്കുന്നത്. അവര്‍ കെട്ടിപ്പിടിച്ച് പരസ്പരം ആശംസകള്‍ നേരുന്നു. ഉമ്മ നല്‍കുന്നു. സന്തോഷം പങ്കു വെക്കുന്നു.
എനിക്ക് വീട്ടിലേക്ക് ഓര്‍മ പോയി.
ഭാര്യക്കും മോള്‍ക്കും മോനും പുതിയ ഡ്രസ്സ് വാങ്ങിയിട്ടുണ്ട്. പെരുന്നാള്‍ നമസ്‌കാരത്തിന് പോകുമെന്ന് ഇന്നലെ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞിരുന്നു.
നിങ്ങള്‍ക്ക് പുതിയത് എടുത്തോ എന്ന് അവള്‍ ചോദിക്കുകയും ചെയ്തു.
പാവം.
ഞാന്‍ കൊണ്ടു വന്നതില്‍ ഇതുവരെ എടുക്കാത്തതുണ്ടെന്നും അത് പെരുന്നാള്‍ ദിനം ഇടാമെന്നും പറഞ്ഞു.
ഉമ്മയും ഉപ്പയും..
എല്ലാവരും ഉപ്പയുടെ വീട്ടിലായിരിക്കും. വര്‍ഷങ്ങളായി തറവാട്ടിലാണ് പെരുന്നാള്‍ആഘോഷം. ഉപ്പയുടെ ഏട്ടനും അനിയന്‍മാരും പെങ്ങളും അവരുടെ ഇണകളും കുട്ടികളും വല്ല്യൂമ്മയും. എന്തു രസമാണീ പെരുന്നാളുകള്‍. ഉപ്പയോ എളാപ്പയോ ബിരിയാണി വെക്കുന്നുണ്ടാവും. കുഞ്ഞാമമാര്‍ വാട്ടം പിടിച്ച് ഉള്ളി തൊലിച്ച് അടുപ്പില്‍ വിറക് നീക്കി നില്‍പ്പുണ്ടാവും.
നമസ്‌കാരം കഴിഞ്ഞ് വന്നാല്‍ വട്ടത്തില്‍ ഇരുന്ന്...
പത്ത് റിയാലിന്റെ മൊബൈലി കാര്‍ഡ് വാങ്ങിയിട്ടുണ്ട്. നമസ്‌കാരം കഴിഞ്ഞിട്ട് വിളിക്കണം.
അവളെ കാണാന്‍ വല്ലാത്ത കൊതി തോന്നി. നാശിമോള്‍ നല്ല കരച്ചിലായിരുന്നു, ഞാന്‍ പോരുമ്പോള്‍. നിച്ചുമോന് ഒന്നും മനസ്സിലായിട്ടില്ല.
നമസ്‌കാരവും സമ്മാന വിതരണവും കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ കണ്ണില്‍ ഉറക്കം നിറഞ്ഞിരുന്നു.
വീട്ടിലേക്കു വിളിച്ചു.
നിസ്‌കാരം കഴിഞ്ഞോ.
അവള്‍ ചോദിച്ചു.
ഏത് ഡ്രസ്സാ ഇട്ടത്..
എനിക്ക് കരച്ചില്‍ വന്നു.
സംസാരിച്ച് പൂതി തീരും മുന്‍പേ പൈസ തീര്‍ന്നു.
എല്ലാവരും കിടന്നു. കണ്ണു നിറയുന്നു. വെറുതെ...
വേണ്ടിയിരുന്നില്ല, ഇങ്ങനെയൊരു യാത്ര.
ഉണര്‍ന്നപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. വേഗം ചോറുണ്ടാക്കി.
ബിരിയാണിയാണ് കരുതിയിരുന്നത്. സിറാജ് മേസ്തിരിയാണ്. പാത്രത്തില്‍ എണ്ണയൊഴിച്ച് ഉള്ളിയിട്ട് ഇളക്കുന്നത് സഫീറാണ്.
ആയിട്ടില്ല. ഉള്ളി നല്ലോണം വേവട്ടേ എന്ന് സിറാജ് പറഞ്ഞുകൊണ്ടിരുന്നു. സഫീറ് ഇളക്കി കൊണ്ടും.
ഒടുക്കം ഉള്ളി കരിഞ്ഞു. വെള്ളമെഴിച്ചപ്പോള്‍ കരുവാളിച്ച നിറം. പൊകാളിയ മണം.
വെള്ളം ഒഴിവാക്കി പാത്രം കഴുകി. പിന്നെയും എണ്ണയൊഴിച്ച് ഉള്ളിയരിഞ്ഞിട്ടു. അപ്പോഴാണ് സിറാജിന്റെയും അലിയുടെയും നാട്ടുകാരന്‍ വന്നത്. അവന്റെ ഉപ്പ നാട്ടിലെ വലിയ വെപ്പുകാരനാണ്. നാലഞ്ച് മാസത്തിലധികമായി അവന്‍ സൗദിയിലുണ്ട്. എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ ഡ്രൈവറാണ്.
അവന്‍ അടുക്കള ഏറ്റെടുത്തു.
നെയ്‌ച്ചോറും കോഴിക്കറിയും റെഡിയായി.
സുഹൃത്തിന്റെ ജേഷ്ടന്‍ കൊണ്ടുത്തന്ന മക്രോണി സേമ്യമാണെന്ന്കരുതിയാണ് പായസമുണ്ടാക്കാനൊരുങ്ങിയത്. പാല്‍ പിരിഞ്ഞിട്ടും വേവാത്ത സേമ്യം എന്ത് സേമ്യമെന്ന് ജേഷ്ഠനെ വിളിച്ച് ചോദിച്ചപ്പോഴാണ് അത് മക്രോണിയായിരുന്നു എന്നറിയുന്നത്. ചിരിച്ച് ചിരിച്ച് വഷളായത് ഞാനാണ്. ഞാനായിരുന്നു പായസം ഇളക്കിക്കൊണ്ടിരുന്നത്.
അതു കുടിക്കാന്‍ പറ്റിയില്ല. മുകളില്‍ പാറി നിന്നിരുന്ന അണ്ടിപ്പരിപ്പും മുന്തിരിയും എടുത്തു തിന്നു.
പുറത്ത് മണല്‍ക്കാറ്റ് വീശുന്നുണ്ടായിരുന്നു.
ചോറു തിന്ന് പിന്നെയും കിടന്നു.
ഉറങ്ങി ഉറങ്ങി പെരുന്നാള്‍ കഴിഞ്ഞു.

..............
പിന്നെയും ഒരു മാസം കഴിഞ്ഞു, ഒക്കെ ഒന്ന് റെയിലുമ്മെ കേറാന്‍.
പിന്നത്തെ നോമ്പായപ്പോള്‍ പകലുറക്കവും രാത്രി പണിയുമായിരുന്നു.
പെരുന്നാളിന്റെ തലേന്ന് നേരത്തെ പണി നിര്‍ത്തി.
പെരുന്നാളിന്റെ അന്ന്, നേരത്തെ എഴുന്നേറ്റ് കുളിച്ച് മാറ്റി പള്ളിയില്‍ പോയി.
ബിരിയാണിയുണ്ടാക്കി.
ഭക്ഷണം കഴിച്ച് കുറച്ച് ഉറങ്ങി.
പിന്നെ എഴുന്നേറ്റ് അസീസിയയിലേക്ക് പോയി. അവിടെ ഇസ്‌ലാഹി സെന്റര്‍ മലയാളിക്കുട്ടികള്‍ക്കായി നടത്തുന്ന മദ്‌റസയുണ്ട്. മദ്‌റസയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന  ഒരു 'കാരാക്കൂസ് കമ്പനി'യുണ്ട്. റഹീംക്ക, ശിഹാബ്ക്ക, റസാഖ് മദനി, ബഷീര്‍ ഒളവണ്ണ, സിറാജ് മൗലവി, സാജിദ് കൊച്ചി... പിന്നെ മദ്‌റസയില്‍ പഠിക്കുന്ന രണ്ട് മൂന്ന് കുട്ടികലുടെ രക്ഷിതാക്കളും..
എല്ലാവരും കൂടി ദമ്മാമിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ട്. ദമ്മാമില്‍ കടലുണ്ട്. ദമ്മാമില്‍ നിന്ന് ബഹ്‌റൈനിലേക്ക് കടലിലൂടെ നിര്‍മിക്കിച്ച ഹലാക്കിന്റെ പാലമുണ്ട്. പാലം കണ്ടു. അന്തം വിട്ടു. പകുതിവരെ പോകാം. അവിടെ ഒരു പാര്‍ക്കുണ്ട്. പാര്‍ക്കിനപ്പുറം ചെക്ക്‌പോസ്റ്റാണ്.
വലിയ മണല്‍കുന്നില്‍ അറബിച്ചെക്കന്‍മാര്‍ വണ്ടി കയറ്റിക്കറക്കുന്നത് കണ്ടു.
നഗരത്തിലെ വലിയ പാര്‍ക്കില്‍ മാനം നേക്കിക്കിടന്നു. വെടി പറഞ്ഞു. കമ്പവലി നടത്തി. പാട്ടു പാടി.
ഭക്ഷണമുണ്ടാക്കാന്‍ ഗ്യാസും സാധനങ്ങളുമൊക്കെ വണ്ടിയില്‍ കേറ്റിയിരുന്നു. പക്ഷേ അതൊന്നും നടന്നില്ല.
ബഷീര്‍ ഒളവണ്ണയാണ് ലീഡര്‍. അവന്റെ ചരക്കുവാനുമുണ്ട്. മൂന്നാല് കാറുകള്‍ വേറെയും.
കടലില്‍ ചെന്ന് എരുമകളെപ്പോലെ കിടന്നു. കുത്തിമറിഞ്ഞു. എല്ലാവരും കുട്ടികളായി. തോളില്‍ കൈവെച്ച് വണ്ടി വിട്ടു കളിച്ചു. പന്ത് തട്ടിക്കളിച്ചു. നിലവിട്ട് അര്‍മാദിച്ചു.
കടലില്‍ ഒരു കയറുകൊണ്ട് അതിരിട്ടിട്ടുണ്ട്. പ്ലാസ്റ്റിക് പന്തുകള്‍ നിരനിരയായി പൊങ്ങിക്കിടക്കുന്നു. അതിനപ്പുറത്തേക്ക് പോകാന്‍ പാടില്ല. കപ്പലും ബോട്ടുമൊക്കെ പോകുന്ന സ്ഥലമാണ്. ആഴമേറും. അപകട മേഖലയാണ്.
കളിച്ച് കളിച്ച് പന്ത് കയറിനപ്പുറം കടന്നു. കൂടെ ഉണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥി പന്തെടുക്കാന്‍ ചെന്നു. പന്ത് അകന്നകന്ന് പോകുകയാണ്. പിടുത്തം കൊടുത്തില്ല. അവന്‍ നടന്ന് നടന്ന് കയറിനപ്പുറത്തേക്ക് മറിഞ്ഞു. ആണ്ടു പോകുകയാണ്. നീന്തലറിയില്ല. അടുത്തു നിന്നിരുന്ന എന്റെ നേരെ അവന്‍ കൈ നീട്ടി. ഞാനവന്റെ കയ്യിന് പിടിച്ചത് ഓര്‍മയുണ്ട്. ഞാന്‍ വെള്ളത്തിന് അടിയിലേക്ക് താഴ്ന്നു. അടി കാണുന്നില്ല. മുകളിലേക്ക് പൊങ്ങാനും കഴിയുന്നില്ല. വിദ്യാര്‍ത്ഥി എന്റെ പുറത്ത് കേറിയിരിക്കുകയാണ്. ശ്വാസം മുട്ടി. അവനെ വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്തോറും അലനെന്നെ വലിഞ്ഞു മുറുക്കുന്നു. ഞാന്‍ പിടച്ചു.
കഴിഞ്ഞു, എല്ലാം കഴിഞ്ഞു. ഞാനുറപ്പിച്ചു. ഇനി രക്ഷയില്ല. എല്ലാ നിയന്ത്രണവും വിട്ടു. താഴേക്ക് താഴ്ന്ന് താഴ്ന്ന് പോകുകയാണ്. അവന്‍ തലക്ക് മുകളില്‍ കിടന്ന് പിടക്കുന്നുണ്ട്.
ഞാന്‍ കലിമ ചൊല്ലി.
പ്രാര്‍ത്ഥിച്ചു.
അവളെയും കുട്ടികളെയും ഓര്‍ത്തു. ഉമ്മയെയും ഉപ്പയെയും ഓര്‍ത്തു. അനിയന്‍മാരെ ഓര്‍ത്തു.
അവരിപ്പോള്‍ തറവാട്ടില്‍ പെരുന്നാള്‍ച്ചോറ് തിന്നുകയാവും. കടലിലേക്ക് ഇറങ്ങും മുന്‍പ് വീട്ടിലേക്ക് വിളിച്ചിരുന്നു. അവള്‍ കരഞ്ഞുതുടങ്ങിയിരുന്നു.
ഞാന്‍ പോവുകയാണ്. കണ്ണുനീര്‍ വെള്ളത്തില്‍ പടര്‍ന്നു.
ഇതാവും എന്റെ വിധി. അതിനാവും ഇവിടേക്ക് ഇങ്ങനെയൊരു യാത്രയുണ്ടായത്. ഇതിനാവും ഇത്രയും അര്‍മാദിച്ചത്. സന്തോഷിച്ചത്.
അല്ലാ...
ലാഇലാഹ ഇല്ലല്ലാ..
പെട്ടെന്ന് തലയിലെ ഭാരമൊഴിഞ്ഞു. ആരോ എന്റെ മുടിക്ക് പിടിച്ച് വലിക്കുന്നു. തീരെ കനമില്ലാതെ ഞാന്‍ പൊങ്ങി.
ശ്വാസം കൊടുങ്കാറ്റുപോലെയാണ് വലിച്ചു കേറ്റിയത്.
അല്‍ഹംദുലില്ലാ..
തിരിച്ചു പോരുമ്പോഴും കണ്ണിലും കരളിലും മരണത്തിന്റെ ആഴം മമമമബാക്കിയുണ്ടായിരുന്നു.
.

പുടവ മാസിക, ഓഗസ്റ്റ് 2012



എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ പെരുന്നാള്‍ ആശംസകള്‍.

Comments

  1. ഇകഥ അല്പം തമാശയയിട്ടാ (അനുഭവം കൊണ്ട്) ആദ്യത്തിൽ തോന്നിയതെങ്കിലും അവസാനത്തിൽ എനിക്കും ശ്വാസം മുട്ടി പോയി. പടച്ച തമ്പുരാൻ കാത്തു!

    അന്റെതാ ഇഞ്ചെതാ ചൊപ്പെന്നു ചോദിക്കുന്ന,ജന്നത്തുൽ ഫിർദൌസ് പഞ്ഞിയിൽ മുക്കി ചെവിയിൽ തിരുകിയ,പുത്തനുടുപ്പിൻ മണം ഇന്നും മൂക്കിൻ തുമ്പിൽ നിന്നും പോകാത്ത ആ കാലമോർത്തു പുത്തനുടുത്തിട്ടെന്തിനാ എന്നു വിചാരിച്ച് പഴയതിൽ നല്ലതൊരെണ്ണം ഇസ്ഥിരി പോലുമിടാതെ അണിഞ്ഞു ഖുത്തുബ കഴിഞ്ഞു തിരിച്ചെത്തി, ഇതിൽ പറഞ്ഞതു പോലെ എന്തെങ്കിലും തിന്നെന്നു വരുത്തി കിടന്നുറങ്ങുന്ന മണൽകാട്ടിലെ പെരുന്നാൾ!
    നാട്ടിലായിരുന്നെങ്കിൽ,,,,കുട്ടികളുടെ,,,!!
    പെരുന്നാൾ ആശംസകളോടെ....

    ReplyDelete
  2. ഇതാണോ തമാശ കഥ, പ്രവാസിയുടെ നെഞ്ചിലെ പൊള്ളല്‍ അപ്പാടെ ഒപ്പി വച്ചിരിക്കുന്ന ഈ ചെറിയ കഥയിലെ അനുഭവം അവസാനം വരെ ഒറ്റ സ്വാസതിലാണ് വായിച്ചു തീര്‍ത്തത് ,

    വളരെ നന്നായിരിക്കുന്നു

    ReplyDelete
  3. അവസാനമായപ്പോഴേയ്ക്കും ആകാംക്ഷകൊണ്ട് തിക്കുമുട്ടലായിപ്പോയി.

    ReplyDelete
  4. പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  5. ശ്വാസം വിലങ്ങി........

    ReplyDelete
  6. വീട്ടുകാരും കൂട്ടുകാരും നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ തന്റെ പെരുന്നാളും നല്ല ഓര്‍മ്മകളുമായി പുതപ്പിനുള്ളിലേക്ക് വലിയുന്ന പ്രവാസി ഒരു സ്ഥിരം കാഴ്ചയാണ്. ഈ അനുഭവം അതിനേക്കാള്‍ ആര്‍ദ്രമായി.
    പ്രിയ മുഖ്താര്‍ താങ്കളുടെ അനുഗ്രഹീത തൂലിക എന്നും ജ്വലിച്ചു തന്നെ നില്‍ക്കട്ടെ. ഈദ് ആശംസകള്‍.

    ReplyDelete
  7. സംസാരിച്ച് പൂതി തീരും മുന്‍പേ പൈസ തീര്‍ന്നു. ::)


    നിങ്ങള്‍ എന്തിനു സൗദി വിട്ടു പോയി എന്ന് ഈ പോസ്റ്റു മുഴുവന്‍ വായിച്ചിട്ടും എനിക്ക് മനസ്സിലായില്ല. :)

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.