Oct 27, 2012

മുടിയര്‍


ഒന്ന്
.ഞാന്‍ അരി കഴുകി, തിളക്കുന്ന വെള്ളത്തിലേക്കിട്ടു. ഭക്ഷണം റൂമില്‍ തന്നെയാണ് ഉണ്ടാക്കാറ്. സുലൈമാന്‍ കറിക്കുള്ള പച്ചക്കറികള്‍ മുറിക്കുന്നുണ്ട്. റൂമിനു മുകളില്‍ ചെറിയതോതില്‍ പച്ചക്കറിക്കൃഷി നടത്തുന്നുണ്ട് ഞങ്ങള്‍.
ബാങ്കു വിളിച്ചപ്പോള്‍ അടുത്തുള്ള പള്ളിയിലേക്ക് പുറപ്പെട്ടു. സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ കഴിഞ്ഞ് പൂട്ടിയതിനാല്‍ കുറച്ചു ദിവസമായി ഞാന്‍ നാട്ടിലായിരുന്നു. ഇന്ന് വന്നിട്ടേയുള്ളു.
പള്ളിയിലേക്ക് പോകാനിറങ്ങിയപ്പോഴാണ് സുലൈമാന്‍ പറഞ്ഞത്, അവനിപ്പോ പള്ളിയില്‍ പോകാറില്ലെന്ന്. റൂമില്‍ വെച്ചാണ് നിസ്‌കാരം.
'ഒരാഴ്ച മുന്‍പാണത്, നിങ്ങള് പോയീന്റെ രണ്ടാമത്തെ ദിവസം. സുബ്ഹി നിസ്‌കരിച്ച് പൊറത്തിറങ്ങാന്‍ നേരം ഒരു താടിക്കാരന്‍ വന്നെന്നെ പിന്നില്‍ നിന്നും തോണ്ടി. ഇയ്യ് മറ്റേ ഗ്രൂപ്പാണോ... കാര്യം മനസ്സിലാവാതെ ഞാന്‍ വാ പൊളിച്ചു നിന്നു പോയി. മറ്റൊരുത്തന്‍ വന്ന് കോളറിനു പിടിച്ചു വലിച്ചു. ഇയ്യല്ലെ ഞങ്ങളെ പോസ്റ്ററ് കീറീത്... വേറെ രണ്ടാളുകള്‍ വന്ന് പിടിച്ചുമാറ്റിയില്ലായിരുന്നെങ്കി അടി കിട്ടേണ്ടതായിരുന്നു. അന്ന് ഉച്ചക്ക് വീണ്ടും പള്ളിയില്‍ പ്രശ്‌നമുണ്ടായി. രണ്ടു വിഭാഗവും തമ്മില്‍ പൊരിഞ്ഞ അടി. രണ്ടുപേരെ മാരകമായ പരിക്കുകളോടെ മെഡിക്കല്‍കൊളെജില്‍ അഡ്മിറ്റാക്കേണ്ടി വന്നു.' സുലൈമാന്‍ പറഞ്ഞു.
ഞങ്ങള്‍ പള്ളിയിലേക്ക് കേറുമ്പോള്‍ ഒരു താടിക്കാരന്‍ സുലൈമാനോട് പറഞ്ഞു..
'ഏ.. ഇയ്യ് ഇയാളെ ഗ്രൂപ്പാണല്ലേ...'
നിസ്‌കാരം കഴിഞ്ഞപ്പോള്‍ രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. വീണ്ടും ആരോ പോസ്റ്റര്‍ കീറിയിരിക്കുന്നു.
'എന്താ ചെയ്യ. പള്ളീലും സമാധാനല്ലാണ്ടായി. മനസ്സറിഞ്ഞൊന്ന് പ്രാര്‍ഥിക്കാന്‍ പോലും ഇടല്ലാതായി.' ഞാന്‍ പറഞ്ഞു.
സുലൈമാന്‍ ഒന്നും മിണ്ടിയില്ല.

രണ്ട്
. ശരീഫ് എ സംഘടനാപ്രവര്‍ത്തകനാണ്. വെറും എയല്ല. ഉഗ്രവാദി എ, എ 2. ഫിറോസ് ബിയും. വെറും ബിയല്ല. ഉഗ്രവാദി ബി. ബി 2 (എസ്). രണ്ടു പേരും രണ്ട് മാസമായി ഒന്നിച്ച് ഞങ്ങളുടെ അടുത്തുള്ള മുറിയിലാണ് താമസിക്കുന്നത്. രണ്ടുപേരുടെയും ആശയവും ആദര്‍ശവും ഒരു നിലക്കും യോജിച്ചുപോകുന്നതല്ല. രണ്ടാളും ഒന്നിച്ചുണ്ണുന്നത് കണ്ടിട്ടുണ്ട്,  ഒന്നു രണ്ടു വട്ടം. പക്ഷേ ഒരു വട്ടം പോലും ഒന്നിച്ച് നിസ്‌കരിക്കുന്നത് കണ്ടിട്ടില്ല.
'ഇങ്ങള് തട്ടിപ്പ് കൂട്ടരല്ലെ. ഉള്പ്പില്ലാതെ ആള്‍ക്കാരെ ചൂഷണം ചെയ്യാങ്ങള്.. ഒരു മുടീം കൊണ്ട് എറങ്ങീക്കാണിപ്പോ. എല്ലാ അടവും തോറ്റപ്പോ പുതിയ അടവായിട്ടെറങ്ങീക്കാല്ലേ..' ഫിറോസ് പറയും.
'ഇങ്ങളില്ലത്ര നല്ല ടീമ്. ജിന്നിനെ അട്ച്ചിറക്കാന്നും പറഞ്ഞ് ഇണ്ടാക്ക്ണ പുലിവാലൊന്നും ഞങ്ങളറീണില്ലാന്ന് കരുതണ്ട.' ശരീഫും വിട്ടുകൊടുക്കില്ല.
പറഞ്ഞ് പറഞ്ഞ് അടിയുടെ വക്കിലെത്തി നില്‍ക്കുമ്പോഴാണ് കമാല്‍ കയറി വന്നത്. ഭാഗ്യം, അല്ലെങ്കില്‍ കാണാമായിരുന്നു.
നഗരത്തില്‍ പുതുതായി വന്നവരാണ് രണ്ടാളും. ശരീഫ് ഒരു ട്രാന്‍സിലേഷന്‍ കോഴ്‌സിനു വന്നതാണ്. ഫിറോസ് ഒരു ഐ ടി വിദഗ്ധനാണ്. പുതിയ ഐ ടി സംരംഭവുമായി കുറച്ചുകാലം ഇവിടെയുണ്ടാവും.
കമാലാണ് അവര്‍ക്ക് രണ്ടുപേര്‍ക്കും ഈ റൂമൊപ്പിച്ചു കൊടുത്തത്. കമാല്‍ കുറെ കാലമായി നഗരത്തിലുണ്ട്. തൊട്ടടുത്തു തന്നെയാണ് അവന്റെ റൂമും. ആളൊരു അര കലാകാരനാണ്. ചിത്രം വരക്കും. പാട്ടുപാടും. പരസ്യ ബോര്‍ഡ് നിര്‍മാണമാണ് പണി. കീഴില്‍ രണ്ട് മൂന്ന് പണിക്കാര്‍ വേറെയുമുണ്ട്. രണ്ടു പേരുടെയും പരിചയക്കാരനാണവന്‍. ബോര്‍ഡുണ്ടാക്കാന്‍ വന്നുള്ള പരിചയമാണ്. ആള്‍ ഈമാനും ഇസ്‌ലാമുമൊന്നും ഇല്ലാത്ത പാര്‍ട്ടിയാണ്. എ ആയാലും ബി ആയാലും  സി ആയാലും ഡി ആയാലും ഇ ആയാലും ഒക്കെ ഒരു പോലെയാണ് കമാലിന്.
രണ്ടാളെയും ഒന്ന് മെരുക്കാന്‍ കരുതിക്കൂട്ടി ചെയ്ത ഒരു പണിയാണിതെന്ന് കമാല്‍ സമ്മതിച്ചു.
പിറ്റേന്ന് രണ്ടാള്‍ക്കും ഒഴിവായിരുന്നു. ശരീഫ് നേരത്തെ എഴുന്നേറ്റ് പുറത്തുപോയി. അവന്റെ ആത്മീയ ആചാര്യനായ പി എ വി ശൈഖിന്റെ ആത്മീയ പ്രചാരണ യാത്രക്ക് അവിടെ അടുത്തൊരു സ്വീകരണ പരിപാടിയുണ്ടായിരുന്നു. പി എ വി ശൈഖ് കേരളത്തിലാണ് ജനിച്ചതെങ്കിലും വളര്‍ന്നതും വലുതായതും വിദേശത്തായിരുന്നു. വിദേശ വാസത്തിനിടക്കാണ് അദ്ദേഹത്തിന് തിരുകേശം ലഭിക്കുന്നത്. തിരുകേശം സൂക്ഷിക്കാന്‍ നഗരത്തില്‍ ഒരു വലിയ പള്ളി പണിയുന്നുണ്ടത്രെ. വിദേശ വാസം മതിയാക്കി നാട്ടില്‍ തുടരാനാണ് ശൈഖ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഫിറോസിനും അന്ന് ഒരു പരിപാടിയുണ്ടായിരുന്നു. ഒരു പഠന ക്ലാസ്. ജിന്നുബാധയും രോഗവും ചികല്‍സയുമായി ബന്ധപ്പെട്ട ക്ലാസാണ്. രോഗങ്ങള്‍ പിശാചുബാധകൊണ്ടുണ്ടാവുന്നതാണെന്നും അതിന് ഖുര്‍ആനിക ചികില്‍സയാണ് മരുന്നെന്നുമാണ് അവരുടെ പുതിയ വിഷയം. ജിന്നുകേറിയാല്‍ അടിച്ചിറക്കും, അടിച്ചിറക്കണം!
'ജിന്നുകള്‍ നമുക്ക് സഹായം ചെയ്യും. ഉപദ്രവിക്കും. പേടിക്കണം. സൂക്ഷിക്കണം.'  ഫിറോസ് പറയും.
'എല്ലായിടത്തും ജിന്നുണ്ട്. ജിന്ന് പൂച്ചയായും പാമ്പായും ചിലപ്പോള്‍ മനുഷ്യനായും വരും. വൈകുന്നേരം പുറത്തിറങ്ങരുത്. വൈകുന്നേരത്താണ് ജിന്നുകള്‍ പുറത്തിറങ്ങുന്നത്.' 
ശരീഫിന് ചിരിയാണ് വരുന്നത്, എനിക്കും. ഫിറോസ് ഗൗരവത്തിലാണ്. ഒഴിഞ്ഞ റൂമിലേക്ക് നോക്കി അവന്‍ സലാം പറയും. ജിന്നുകളോടാണ്. എല്ലായിടത്തും ജിന്നുണ്ട്, റൂമിനകത്തും. മുസ്‌ലിം ജിന്നുകളോടാണ് സലാം. ജിന്നുകള്‍ക്കുമുണ്ട് ജാതിയും മതവും. വളരെ സൂക്ഷിച്ചാണ് വാതിലടക്കുന്നത്. അടക്കുമ്പോള്‍ ജിന്നുകള്‍ കുടുങ്ങിപ്പോകരുത്. 
മൂന്ന്
. ഈ കെട്ടിടത്തില്‍ ആറു റൂമുകളാണുള്ളത്. ഒരു റൂമില്‍ രണ്ടാള്‍ക്കു വീതം താമസിക്കാം. വാടക ഷെയര്‍ ചെയ്യാനുള്ള സൗകര്യത്തിനു കൂടിയാണിത്. ശരീഫും  ഫിറോസും ഒരു റൂമില്. ഞാനും സുലൈമാനും ഒരു റൂമില്‍. കമാല്‍ ഒറ്റക്കാണ് ഒരു റൂമില്‍. കമാലിന്റെ കൂടെ പണിയെടുക്കുന്ന രണ്ടാളുകളാണ് മറ്റൊരു റൂമില്‍. സെക്‌സ് തെറാപ്പിസ്റ്റായ അഹ്മദിന്റെ ചികില്‍സാലയമാണ്  ഒരു റൂം. ഒരു മണിക്കൂറുകൊണ്ട് ശീഘ്രസ്ഖലനം മാറ്റാം എന്നാണയാളുടെ പരസ്യവാചകം. ദിവസവും ഒരുപാട് ആളുകള്‍ വരുന്നുണ്ടവിടെ. ഒരു റൂമില്‍ ആളില്ല. കഴിഞ്ഞ ആഴ്ച വരെ അവിടെ രണ്ടു വിദ്യാര്‍ഥികള്‍ താമസിച്ചിരുന്നു. സത്യത്തില്‍ ആറു റൂമെന്ന് പറഞ്ഞുകൂട. വലിയൊരു ഹാള്‍ ആറു ഭാഗമാക്കി തിരിച്ചതുപോലെ. ഒരു റൂമില്‍ നടക്കുന്നത് മറ്റൊരു റൂമില്‍ വിളിച്ചറിയിക്കേണ്ടതില്ല. സെക്‌സ് തെറാപ്പിസ്റ്റിന്റെ മുറി മാത്രമാണ് കുറച്ച് അടച്ചൊറപ്പുള്ളത്. അതൊരു മുറി തന്നെയാണ്.
ഞാന്‍ തൊട്ടടുത്തുള്ള ഒരു യു.പി. സ്‌കൂളില്‍ അധ്യാപകനാണ്.
സുലൈമാന്‍ ഒരു പുതുമുസ്‌ലിമാണ്. ഇസ്‌ലാമിനെ അറിഞ്ഞനുഭവിച്ചു തുടങ്ങുന്നേയുള്ളു. ശരീഫും ഫിറോസും  രാവിലെ സുലൈമാനെ വന്നു വിളിച്ചിരുന്നു. കൂടെ പോരാന്‍. അവന്‍ പോയില്ല. എന്നെ അവരൊന്നും വിളിക്കാറില്ല. ഞാന്‍ വഴികേടിലാണെന്നാണ് അവരു പറയുന്നത്.
'അയാള്‍ ഭൗതിക വാദിയാണ്. മതവിരുദ്ധനാണ്. സൂക്ഷിക്കണം.'
അവര്‍ സുലൈമാനെ കാണുമ്പോഴൊക്കെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു..

നാല്
. സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വന്ന ഉടനെ കമാല്‍ അടുക്കളയില്‍ കേറി ചായക്ക് കോപ്പുകൂട്ടി. അപ്പോള്‍ മുജീബും കേറി വന്നു. അവന്‍ ബി അനുഭാവിയാണ്. അടുത്തുതന്നെയാണ് വീട്.
'ബി യുടെ ആശയാദര്‍ശങ്ങളോടെനിക്ക് ആഭിമുഖ്യം തോന്നിയിട്ടുണ്ട്.' സുലൈമാന്‍ പറഞ്ഞു.
'കേരളത്തിലെ മുസ്‌ലിം ചരിത്രത്തില്‍ ഏറെ പ്രസക്തമായ ഇടമുണ്ട് ബി പ്രസ്ഥാനത്തിന്. അന്ധവിശ്വാസത്തിലും അനാചാരത്തിലും മുങ്ങിക്കിടന്നിരുന്ന മുസ്‌ലിംകളെ നേര്‍വെളിച്ചത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നത് ബി പ്രസ്ഥാനമാണ്. അന്ന് ബികളെ എതിര്‍ത്തവര്‍ പോലും ഇന്ന് അവര്‍ കാണിച്ചു കൊടുത്ത വഴിയിലൂടെയാണ്  നടന്ന് മുന്നേറുന്നത്.' മുജീബിന് നാലു നാവ്.
'ഉം.. എല്ലാരും ആ വഴി നടന്നപ്പോ ഇവര് വഴിമാറി നടന്നു തൊടങ്ങി അല്ലേ.. ഇപ്പൊ എന്തായി.. ഇങ്ങളെ വിഭാഗത്തിലിപ്പൊ എത്ര ഗ്രൂപ്പാ.. ജിന്നു കൂട്യോര്. ജിന്ന് കൂടാത്തോര്, സംഘടനന്നെ ഇല്ലാത്തോല്, തീവ്രവാദികള്, മിത വാദികള്...' കമാലിന്റെ സംസാരത്തിനു മുന്നില്‍ മുജീബ് തലതാഴ്ത്തി.
'എന്താ ചെയ്യാ.. കുറുന്തോട്ടിക്ക് വാതം പിടിച്ചാ എന്താ കാട്ടാ..' ഞാന്‍ ചോദിച്ചു.
'സുലൈമാനെ പഞ്ചാര എവ്‌ടെ'
കമാല്‍ വിളിച്ചു ചോദിക്കുന്നു. സുലൈമാനും ഞാനും അടുക്കളയിലേക്ക് ചെന്നു. അടുക്കളയെന്ന് പറയാനൊന്നും ഇല്ല. റൂമിന്റെ ഒരു ഇറക്ക് ഒരു തുണികൊണ്ട് മറച്ച്.
കമാല്‍ ചായ ഗ്ലാസുകളിലേക്ക് പകര്‍ന്നു.


അഞ്ച്
. സുലൈമാനെ അറബി പഠിപ്പിക്കലാണ് രാവിലെ എന്റെ ജോലി. അക്ഷരങ്ങള്‍ ഏകദേശം പഠിച്ചിട്ടുണ്ട്. കൂട്ടി വായിക്കുമ്പോള്‍ തട്ടിത്തടവുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കഴിയില്ലെങ്കിലും സുലൈമാന്‍ പരിഭാഷയും വിശദീകരണവുമൊക്കെ വായിക്കും. ഖുര്‍ആന്‍ വിവരണങ്ങളുടെ വലിയൊരു ശേഖരം  തന്നെ റൂമിലുണ്ട്.
അറബി പഠനവും ഖുര്‍ആന്‍ പഠനവും കഴിഞ്ഞാല്‍ കുറച്ച് നടക്കും. ആ നടത്തത്തിനിടക്കാണ് അബ്ദുസ്സലാമിനെ കണ്ടത്.
നീണ്ട താടിയും വെളുത്ത തൊപ്പിയും നീളന്‍ കുപ്പായവും പുഞ്ചിരിക്കുന്ന മുഖവുമായി അബ്ദുസ്സലാം എതിരെ വരുന്നു. സലാം പറയുന്നു.
'കുറെ ആയല്ലോ കണ്ടിട്ട്.' ഞാന്‍ ചോദിച്ചു.
മറുപടി ഒരു പുഞ്ചിരിയിലൊതുക്കി. പിന്നെ പതുക്കെ അവന്‍ ചോദിച്ചു.
'മാഷേ നിങ്ങള്‍ വരുന്നോ, നാളെ ഒരു കച്ചോടത്തിന് പോണ്ണ്ട്.'
'ഇല്ല.' ഞാന്‍ ചിരിച്ചു.
'നിങ്ങളെ ആടുവളര്‍ത്തല്‍ പദ്ധതി എന്തായി?' ഞാന്‍ ചോദിച്ചു.
'അതുടനെ ശരിയാവും. കുറച്ചു സ്ഥലം വാങ്ങിയിട്ടുണ്ട്.'
'അതു ശരിയായാല്‍ കുറച്ചു ദിവസം ഞാനും നിങ്ങളെ കൂടെ കൂടാം. ന്തേയ്.'
'ആയ്‌ക്കേട്ടെ.'
സുലൈമാന് ഒന്നും പിടികിട്ടിയില്ല. കച്ചോടവും ആടുവളര്‍ത്തലും..
'മാഷ് ഇതുവരെ ഇങ്ങനെയൊരു കൂട്ടുകച്ചവടത്തെക്കുറിച്ച് സൂചിപ്പിക്കുക പോലും ഉണ്ടായിട്ടില്ലല്ലോ.' എന്നാണവന്‍ ചോദിച്ചത്.
അബ്ദുസ്സലാം കേരള മുസ്‌ലിംകള്‍ക്കിടയിലെ പുതിയൊരു ധാരയുടെ വക്താവാണ്. സംഘടയില്ലാസംഘത്തിലെ അംഗം. അവര്‍ പറയുന്നത് സംഘടനതന്നെ മതവിരുദ്ധമാണെന്നാണ്. കച്ചവടവും കാലി മേയ്ക്കലുമില്ലാതെ ഒരാള്‍ പൂര്‍ണമുസ്‌ലിമാവില്ല പോലും. എല്ലാ പ്രവാചകന്‍മാരും കാലികളെ മേച്ചിട്ടുണ്ട്. മുഹമ്മദ് നബിയും ആടുകളെ മേച്ച് നടന്നിട്ടുണ്ട്. കച്ചവടവും പ്രവാചകന്റെ ഉപജീവന മാര്‍ഗമായിരുന്നു. എന്നാല്‍ അതൊന്നും വെറും ഉപജീവനമാര്‍ഗമല്ലെന്നും ജീവിതത്തിന്റെ അന്തസത്തയും അര്‍ഥവും തിരിച്ചറിയാനുള്ള മാര്‍ഗമാണെന്നുമാണ് ഇവരുടെ വാദം.
എതിരെ വന്നൊരു വൃദ്ധന്‍ സലാം പറഞ്ഞു, പുഞ്ചിരിച്ചു.
ഒരു മുസ്‌ലിം നിര്‍ബന്ധമായും കുറച്ചു നാളെങ്കിലും കച്ചവടക്കാരനായിരിക്കണമെന്നാണ് അവരുടെ കാഴ്ചപ്പാട്. അങ്ങനെ അബ്ദുസ്സലാമിന്റെ കൂടെ ഞാനും ഒരു ദിവസം കച്ചവടത്തിന് പോയി. കോഴിക്കോട് മുട്ടായിത്തെരുവില്‍ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും അത്തറുകുപ്പികളുമായി ഞങ്ങള്‍ നല്ല കച്ചവടം നടത്തി. വ്യത്യസ്തമായ ഒരനുഭവം തന്നെയായിരുന്നു അത്. പക്ഷേ വൈകുന്നേരം രണ്ടാളെയും സാധനങ്ങളടക്കം പോലീസ് പൊക്കി. ഞാന്‍ ഞങ്ങളുടെ ഉദ്ദേശ്യശുദ്ധി അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. വളരെ അത്ഭുതത്തോടെ അദ്ദേഹം ഞങ്ങളെ നോക്കി. സാധനങ്ങള്‍ അവിടെ വെച്ച് ഞങ്ങളോട് പോയ്‌ക്കോളാന്‍ പറഞ്ഞു. ഞങ്ങള്‍ പോരുമ്പോള്‍ അയാള്‍ പറയുന്നുണ്ടായിരുന്നു, ഓരോരോ പിരാന്തുകള്‍.
റോഡുവക്കില്‍ രണ്ടു തെരുവു കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. അവര്‍ക്കിടയില്‍ മുശിഞ്ഞൊരു പുതപ്പുചുറ്റി ഒരു സ്ത്രീരൂപം കിടക്കുന്നുണ്ട്. കുട്ടികള്‍ ഇടക്കു അവരുടെ മേലേക്ക് പാഞ്ഞുകയറുന്നുണ്ട്.
'ആടുമേക്കാന്‍ കൂട്ടമായുള്ള ഒരു പദ്ധതി തയ്യാറാക്കുന്നുണ്ടെന്നാണ് സലാം എന്നോട് പറഞ്ഞത്. അതിന്നായി ഇത്തരം കാഴ്ചപ്പാടുള്ളവരെല്ലാം ഒരു ഭാഗത്ത് ഒന്നിച്ചു താമസിക്കുകയും ആടുവളര്‍ത്തുകയും ചെയ്യുക. ആടിനെമേച്ചും വളര്‍ത്തിയും കച്ചവടം ചെയ്തും ഇസ്‌ലാമാവുക.'
സുലൈമാന് പൂര്‍ണമായി മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. ഇതൊന്നും അത്ര പെട്ടെന്നു മനസ്സിലാവുന്ന കാര്യങ്ങളല്ലല്ലോ.

ആറ്
. ഒരാള്‍ രാവിലെ എന്നെ കാണാന്‍ വന്നു.
ഇബ്‌റാഹീം. അവന്‍ സ്വയം പരിചയപ്പെടുത്തി. ഒരു പള്ളിയുടെ പിരിവിന് വന്നതാണ്. നാട്ടില്‍ ഒരു പുതിയ പള്ളികൂടി വരുന്നു. ഒരു അറബി സഹായിക്കാമെന്നേറ്റിട്ടുണ്ട്. പക്ഷേ അതുകൊണ്ടു മാത്രം ആവില്ല.
'ഇപ്പോ തന്നെ മൂന്ന് പള്ളികളില്ലേ നമ്മുടെ നാട്ടില്. ഇനിപ്പോ എന്തിനാ പുതിയൊരു പള്ളി..' ഞാന്‍ ചോദിച്ചു പോയി.
'ഞമ്മക്കൊരു പള്ളി വേണ്ടേ.. അതൊക്കെ മറ്റോലെ പള്ള്യല്ലേ..' വന്നയാള്‍ പറഞ്ഞു.
ഞമ്മക്ക്...! ഉള്ള പള്ളീല് തന്നെ നിസ്‌കരിക്കാന്‍ ആളില്ല.
'അത്‌പ്പോ.. പള്ളിക്ക് പള്ള്യന്നെ വേണ്ടേ മാഷേ.'
'വേണം. പക്ഷേ, ഇതൊരു അനാവശ്യമല്ലേ എന്നൊരു തോന്നല്‍.' എന്റെ തോന്നല്‍ ഞാന്‍ പറഞ്ഞു.
'പള്ളിയുണ്ടാക്കുന്നത് അനാവശ്യമോ.'
'പള്ളിയുണ്ടാക്കുന്നത് അനാവശ്യമല്ല. പക്ഷേ ആവശ്യമില്ലാത്ത സ്ഥലത്ത് അത് അനാവശ്യം തന്നെ.'
'അതു പിന്നെ..'
നമ്മുടെ നാട്ടിലിപ്പോള്‍ പള്ളികള്‍ക്ക് പഞ്ഞമില്ല. പള്ളിയില്ലാത്തതിനാല്‍ ഇവിടെ ആരും നിസ്‌കരിക്കാതിരിക്കുന്നുമില്ല. എന്നാണെനിക്ക് പറയാന്‍ തോന്നിയത്. അതു തന്നെ പറയുകയും ചെയ്തു.
യുവാവ് എന്റെ കണ്ണിലേക്ക് നോക്കി.
നിങ്ങള്‍ക്ക് സമൂഹത്തിന് ഉപകാരപ്പെടുന്ന മറ്റൊന്തെങ്കിലും ചെയ്തുകൂടെയെന്ന് ഞാന്‍ ചോദിച്ചു. 
സുലൈമാന്‍ അയാള്‍ക്ക് നാരങ്ങവെള്ളം കൊണ്ടു വന്നു കൊടുത്തു. യുവാവിന് നല്ല ദാഹമുണ്ടായിരുന്നു.
'അങ്ങനെയൊരു സംവിധാനമൊരുക്കാന്‍ നിങ്ങള്‍ തയ്യാറായെങ്കില്‍ ഒരു ലക്ഷം രൂപ ഞാനതിലേക്ക് സംഭാവന നല്‍കാം.' ഞാന്‍ പറഞ്ഞു.
അവന്‍ ആലോചനാപൂര്‍വം എഴുന്നേറ്റു.
അതിനു പിന്നാലെയാണ് ഒരാള്‍ മഹല്ലുകമ്മറ്റിയുടെ കത്തുമായി പിരിവിനു വന്നത്. അഹമ്മദ്ക്ക. മകളുടെ വിവാഹത്തിനുള്ള സഹായം.
ഇയാള്‍ സഹായത്തിന് യോഗ്യനാണെന്നും  ഇയാളെ സഹായിക്കണമെന്നുമാണ് മഹല്ലു പ്രസിഡന്റ് ഒപ്പിട്ട കത്തില്‍ പറയുന്നത്.
അഹമ്മദ്ക്ക അവശനായിരുന്നു. വൃദ്ധനും.
എനിക്ക് സഹിച്ചില്ല. കത്തില്‍ പ്രസിഡന്റിന്റെ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നു. ഞാന്‍ അഹമ്മദ്ക്കയോട്് കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ ശേഷം പ്രസിഡന്റിനെ വിളിച്ചു.
'നിങ്ങളുതന്നെയാണോ കത്തുകൊടുത്തത്.'
'അതെ, ഞാന്‍ തന്നാ.. ന്തേയ്. ആള് അര്‍ഹതള്ള ആളാ..'
'നാണമില്ലല്ലോ നിങ്ങള്‍ക്ക്. ഒരു കത്തും കൊടുത്ത് ആളെ തെണ്ടാന്‍ വിടാന്‍. കത്തെഴുതിക്കൊടുത്ത് തെണ്ടാന്‍ വിടലാണോ മഹല്ലിന്റെ പണി..'
മറുതലക്കല്‍ മിണ്ടാട്ടം മുട്ടി.

ഏഴ്
. ഞാനും സുലൈമാനും രണ്ടു ദിവസം കഴിഞ്ഞ് അഹമ്മദ്ക്കയുടെ വീട്ടില്‍ പോയി. അവസ്ഥകള്‍ ദയനീയമായിരുന്നു. മകളെ സ്ത്രീധനമില്ലാതെ വിവാഹം ചെയ്യാന്‍ സുലൈമാന്‍ തയ്യാറായി.
അദ്ദേഹം നന്ദി പൂര്‍വം കണ്ണുനിറച്ചു.
രണ്ടുമാസം കഴിഞ്ഞ് ഇബ്‌റാഹീം വീണ്ടും വന്നു. അവന്റെ കൂടെ വേറെ മൂന്നു യുവാക്കള്‍ കൂടിയുണ്ടായിരുന്നു. യൂസുഫ്, മൂസാ, ഹാറൂണ്‍.
'ഞങ്ങള്‍ കൊറച്ച് യുവാക്കള് ചേര്‍ന്ന് ഒര് കൂട്ടായ്മണ്ടാക്കി. അതിന്റെ കീഴില് ഒരു സകാത്ത് സെല്ലും പലിശരഹിത വായ്പാപദ്ധതിയും സാമൂഹികക്ഷേമ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആലോചിക്ക്ണ്ണ്ട്.'
ഞാന്‍ വാക്കുനല്‍കിയ പണം ആ യുവാക്കളെ ഏല്‍പിച്ചു. എനിക്ക് സന്തോഷമടക്കാനായില്ല.
എട്ട്
. പാലിയേറ്റീവ് കെയറിന്റെ ഹോം കെയറു കഴിഞ്ഞു വരുമ്പോള്‍ കൂടെ നാസര്‍മാഷുമുണ്ടായിരുന്നു, കമാലും.
'അല്ല മാഷെ നിങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനൊക്കെ ഉശാറായി നടക്കിണില്ലേ..'
കമാല്‍ വക നാസര്‍ മാഷിക്കിട്ടൊരു കൊട്ടാണത്.
നാസര്‍ മാഷ് സി പ്രവര്‍ത്തകനാണ്്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. തോറ്റു.
സി ഒരു മുസ്‌ലിം സംഘടനയല്ലെന്നും ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെന്നുമാണ് കമാല്‍ പറയുന്നത്. ഭരണമില്ലാതെ പൂര്‍ണമാവാത്ത ഇസ്‌ലാം!
'അല്ല, ഇങ്ങളെ പറഞ്ഞിട്ട് കാര്യല്ല. എല്ലാരും കണക്കാ. ഒക്കെ കുണ്ടന്‍കേറ്റിലെ തവളകളാ. കെണറ്റിന്നൊന്ന് കരക്ക് കേറി നോക്കണ്ടേ. കാറ്റും ബീപ്പും തട്ടാന്‍. മാനം കാണാന്‍. പരന്നു കിടക്കണ ഭൂമി കാണാന്‍.'
നാസര്‍ മാഷ് ചിരിച്ചു.
മാഷൊരു മാന്യനാണ്!

ഒന്‍പത്
. അതിനിടയില്‍ ആദര്‍ശവിരുദ്ധ പ്രവര്‍ത്തനത്തിനും അന്ധവിശ്വാസ പ്രചണത്തിനുമായി ബി പ്രസ്ഥാനത്തില്‍ പുറത്താക്കല്‍ നടപടികളുണ്ടായി. ആദര്‍ശ വിശദീകരണങ്ങളും മറുപടി യോഗങ്ങളും പൊടിപൊടിച്ചു.
ഫിറോസിന് മറ്റൊരു റൂം ശരിയായി. ശരീഫ് കുറച്ചു ദിവസമായി നല്ല തിരക്കിലാണ്, തിരുകേശപ്പള്ളിയുടെ പണി തുടങ്ങിയിട്ടുണ്ട്.

പത്ത്
. ദിവസങ്ങളെത്ര പെട്ടെന്നാണ് പായുന്നത്.
ആണുങ്ങളായ ആണുങ്ങളൊക്കെ താടി നീട്ടി വളര്‍ത്തി മീശമുറിച്ച് സുന്നത്തായി. പെണ്ണുങ്ങള്‍ കണ്ണിനുപോലും വലയിട്ടു, കയ്യിന് സോക്‌സും..
അടച്ചുപൂട്ടിയ പൊതുവിദ്യാലയത്തിന് അപ്പുറവും ഇപ്പുറവുമായി മുസ്‌ലിം സ്‌കൂളും ഹിന്ദു സ്‌കൂളും കൃസ്ത്യന്‍ സ്‌കൂളും വലുതായി.
ഓണസദ്യയും ക്രിസ്മസ് കേക്കും ഹറാമായി. അമുസ്‌ലിംകള്‍ തൊട്ടുകൂടാത്തവരായി. മതിലുകള്‍ക്ക് വലുപ്പം കൂടി. ഇസ്‌ലാം കാര്യവും ഈമാന്‍കാര്യവും കിതാബുകളില്‍ ഉറങ്ങി.
സുന്നത്തിനായുള്ള വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ഫറദുകള്‍ മറന്നു. അങ്ങനെ ഇസ്‌ലാം താടിയും തലപ്പാവും മാത്രമായ നേരത്താണ് അയാള്‍ വന്നത്.

പതിനൊന്ന്
. നഗരത്തിനപ്പുറത്ത് ഒഴിഞ്ഞൊരിടത്താണ് തിരുകേശപ്പള്ളി ഉയരുന്നത്. ചുറ്റും വിശാലമായ പറമ്പില്‍ നിറയെ പണികളാണ്. പള്ളിയോടൊപ്പം കച്ചവടസ്ഥാപനങ്ങളും കെട്ടിട സമുച്ചയങ്ങളും വലുതായിക്കൊണ്ടിരുന്നു. പുതിയൊരു നഗരം രൂപപ്പെട്ടു. ജനമൊഴുക്ക് തുടങ്ങി. ആളും അനക്കവുമായി. ലോകത്തിന്റെ നടു ഇവിടേക്ക് മാറ്റപ്പെട്ട പോലെ. ലോകത്തിന്റെ ഏതേത് കോണുകളില്‍ നിന്നാണ് ജനങ്ങള്‍ വരുന്നത്. നാനാജാതിയിലും മതത്തിലും പെട്ടവര്‍. വലിയൊരു ബിസിനസ് ടൂറിസ്റ്റ് കേന്ദ്രമായി പള്ളിയും പരിസരവും മാറാന്‍ അധികം ദിവസം വേണ്ടി വന്നില്ല.
സംഗതി കുശാലായി വരവെയാണ് അശുഭകരമായ ഒരു കാഴ്ച പള്ളിയോടടുത്തായി ഒരൊഴിഞ്ഞ മൂലയില്‍ ഉയര്‍ന്നു വന്നത്. ഒരു ചെറ്റക്കുടില്‍. പള്ളിയുടെ ഏതു ഭാഗത്തു നിന്നു നോക്കിയാലും ആ കുടില്‍ കാണാം. വല്ലാത്തൊരു കഷ്ടം തന്നെ. ചുറ്റുവട്ടത്തുള്ള മുഴുവന്‍ സ്ഥലവും കമ്മിറ്റി കാലേക്കൂട്ടി വാങ്ങിയിട്ടുള്ളതാണ്. ഈ മൂന്ന് സെന്റ് സ്ഥലം മാത്രം എങ്ങനെ കൈവിട്ടുപോയി എന്ന് അവരെല്ലാം ചിന്തിക്കാതിരുന്നില്ല. ഒരു സാധുവായ വൃദ്ധനാണ് അവിടെ താമസിക്കുന്നത്. നാട്ടിലെ ദരിദ്രരായ അഞ്ചാറു പേരാണ് അദ്ദേഹത്തിന്റെ കൂട്ട്.
പള്ളിയുടെ മിനാരത്തിലിരുന്ന് രണ്ട് കഴുകന്‍മാര്‍ ചുവന്ന കണ്ണുകളോടെ ആ കുടിലിലേക്ക്  നോക്കി. അവിടെ കുടിലിനു ചുറ്റും നാലഞ്ച് പ്രാവുകള്‍ പറന്ന് രസിക്കുന്നുണ്ടായിരുന്നു.
പള്ളിക്കാര്‍ മാന്യമായിത്തന്നെ അദ്ദേഹത്തെ ചെന്നു കണ്ടു. എത്ര വിലപറഞ്ഞിട്ടും അയാളാ സ്ഥലം വില്‍ക്കാന്‍ തയ്യാറായില്ല. അടുക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഭീഷണിപ്പെടുത്തി നോക്കി. അതിലും അദ്ദേഹം വഴങ്ങിയില്ല.
വല്ലാത്തൊരു വല്ല്യടങ്ങേറായിപ്പോയല്ലോ ഇതെന്ന് പറഞ്ഞ് അവര്‍ തല്‍ക്കാലം തിരിച്ചുപോന്നു. അതിനു പിന്നാലെ പിന്നെയും പിന്നെയും ആളുകള്‍ മാറി മാറി വന്നു. രാഷ്ട്രീയ സാംസ്‌കാരിക കലാരംഗത്തുള്ളവര്‍ ഇടപെട്ടു. പക്ഷേ അദ്ദേഹം അടുക്കുന്നില്ല.
'ഇന്യെന്തു ചെയ്യും.!'
ഞാനും സുലൈമാനും കമാലും ആ വൃദ്ധന്റെ കൂട്ടത്തിലെത്തിച്ചേരുകയായിരുന്നു. ആ നാലു യുവാക്കളും ഞങ്ങളോടൊപ്പം ചേര്‍ന്നിട്ടുണ്ട്.
'എല്ലാ കാഫിറുകളും ഒണ്ടല്ലോ'
ഒരാള്‍ പറഞ്ഞു.


പന്ത്രണ്ട്
. ഒരു ചൊവ്വാഴ്ച. ഉച്ചക്ക് പള്ളിയില്‍ നിസ്‌കാരം നടക്കുന്ന അതേ സമയത്തു തന്നെയാണ് പള്ളിക്കടുത്തുള്ള ആ കുടിലിനു മുന്നില്‍ വൃദ്ധനു പിന്നില്‍ നിന്ന് ഞങ്ങള്‍ നിസ്‌കരിച്ചത്. പരസ്യമായി. കൂട്ടമായി. എല്ലാവരും അതു കണ്ടു.
ഞങ്ങള്‍ നിസ്‌കാരം കഴിഞ്ഞ് എഴുന്നേല്‍ക്കും മുന്‍പേ പോലീസെത്തിയിരുന്നു. പോലീസുകാര്‍ രേഖകള്‍ പരിശോധിച്ചു. എല്ലാ രേഖകളും ശരിയാണ്. ആ മൂന്നു സെന്റ് കയ്യേറിയതല്ല. നടപടിയെടുക്കാന്‍ നിയമമില്ല. പോലീസ് തിരിച്ചു പോയി.
പക്ഷേ ആള്‍ക്കൂട്ടം പിരിഞ്ഞു പോകാന്‍ തയ്യാറല്ലായിരുന്നു.
'ഇവിടെ ഇത്ര വലിയൊരു പള്ളിയുണ്ടായിട്ട് അതിനു തൊട്ടടുത്ത് ഒരു കുടിലുകെട്ടി നിസ്‌കരിക്കേ. എന്താങ്ങളെ വിചാരം.'
ഒരാള്‍ ആധാരം തട്ടിപ്പറിച്ചു.
'മുഹമ്മദ്..!'
അതായിരുന്നു ആ വൃദ്ധന്റെ പേര്.
ആളുകള്‍ ഇളകി. ഒരാള്‍ അദ്ദേഹത്തിന്റെ തലപ്പാവ് വലിച്ചു. തോളറ്റം ഇറങ്ങിക്കിടക്കുന്ന മുടി പുറത്തേക്ക് ചാടി.
നാലഞ്ചാളുകള്‍ വൃദ്ധനെ വലിച്ചിഴച്ചു. രണ്ടുമൂന്നു പേര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ തല പകുതി മുണ്ഡനം ചെയ്തു. കൂടെയുള്ളവരെ എല്ലാവരും കൂടി തല്ലിച്ചതച്ചു.
അപ്പോള്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത കാറില്‍ പി എ വി ശൈഖ് പള്ളിയിലേക്ക് കയറിപ്പോയി. മുസ്‌ലിം സംഘടനകളും നേതാക്കളും പലവിധ പരിപാടികളുമായി തിരക്കിലായിരുന്നു.
പെട്ടെന്ന് ആകാശം ചുവന്നു.
കഴുകന്‍മാര്‍ പ്രാവുകളെ ഉന്നം പിടിച്ച് പറന്നു.
.

  (ശബാബ് വാരിക- 2012 ഒക്ടോബര്‍ 26)http://shababweekly.net/
http://shababweekly.net/downloads/shabab/2012/october_26.pdf

26 comments:

 1. ദൂരെ മാറിനിന്ന് പാവക്കൂത്ത് കാണുന്ന കഥാകാരന്‍., ഇന്നിന്‍റെ നേര്‍ക്കാഴ്ചകള്‍ വരച്ചുകാട്ടി കഥാകാരന്‍ നിന്ന് ചിരിക്കുന്നു. തികച്ചും കാലികം. നല്ല കഥ. അയത്നലളിതമായ ആഖ്യാനം. അഭിനന്ദനങ്ങള്‍ ......

  ReplyDelete
 2. വാർത്തകളും ചിത്രങ്ങളും കാണുന്നവർക്ക് എല്ലാം ഒരു തമാശപോലെ മാത്രം, നന്നായി വരച്ചുകാട്ടി.

  ReplyDelete
 3. 'ഉം.. എല്ലാരും ആ വഴി നടന്നപ്പോ ഇവര് വഴിമാറി നടന്നു തൊടങ്ങി അല്ലേ.. ഇപ്പൊ എന്തായി.. ഇങ്ങളെ വിഭാഗത്തിലിപ്പൊ എത്ര ഗ്രൂപ്പാ.. ജിന്നു കൂട്യോര്. ജിന്ന് കൂടാത്തോര്, സംഘടനന്നെ ഇല്ലാത്തോല്, തീവ്രവാദികള്, മിത വാദികള്...' കമാലിന്റെ സംസാരത്തിനു മുന്നില്‍ മുജീബ് തലതാഴ്ത്തി.
  'എന്താ ചെയ്യാ.. കുറുന്തോട്ടിക്ക് വാതം പിടിച്ചാ എന്താ കാട്ടാ..' ഞാന്‍ ചോദിച്ചു.


  അ വിഭാഗം ബി വിഭാഗം സി വിഭാഗം മറ്റേ പാർട്ടിക്കാര് ആ പാർട്ടിക്കാര് ഈ പാർട്ടിക്കാര് ഞമ്മന്റോര് ഓലടോര്.... ന്റെ ദവേ ഇതീന്നൊക്കെ എന്നാ മ്മടെ നാട് രക്ഷപ്പെട്വാ? നന്നായെഴുതീ ട്ടോ. ആശംസകൾ.

  ReplyDelete
 4. ഇങ്ങള് എന്‍റെ ഗ്രൂപ്പിലേക്ക് ബരീന്‍

  (നേരത്തെ വായിച്ചതാ, മുക്താര്‍ )

  ReplyDelete
 5. വായിച്ചു. വളരെ ഇഷ്ടപെട്ടു. തുറന്നെഴുത്തിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു.

  ReplyDelete
 6. കഥയും ചിത്രങ്ങളും മനോഹരമായിരിക്കുന്നു മുഖ്താര്‍. ഇപ്പോള്‍ ഈ വാരികയിലാണോ? ചിത്രങ്ങള്‍ ഉള്‍പ്പെടെ കഥ അവിടെ പ്രസിദ്ധീകരിച്ചത് കൊണ്ട് ചോദിച്ചതാണ്. ചന്ദ്രികയില്‍ എന്നാണ് അവസാനം സൂചിപ്പിച്ചിരുന്നത്.

  ReplyDelete
 7. @Manoraj, ചന്ദ്രികയില്‍ തന്നെയുണ്ട്.
  ഈ വാരികയിലാണ് ഞാന്‍ എഴുതി വളര്‍ന്നത്.
  എന്റെ ആദ്യ കളരി ഇവിടെയായിരുന്നു.
  നന്ദി.

  ReplyDelete
 8. Firos. K.P, MalappuramOctober 28, 2012 at 7:19 AM

  സ്വന്തം പല്ലില്‍കുത്തി മറ്റുള്ളവരെ മണപ്പിക്കാന്‍ നടക്കുന്ന കൂലി എഴുത്തുകാരാ. നിനക്ക് പടച്ചവന്‍ തന്നോളൂം. മുഹമ്മദ് നബി സല്ലള്ളാഹുഅലൈവസല്ലമിനെയും ശൈകുന കാന്തപുരം ഉസ്താദിനെയും അവഹേളിച്ച് കെട്ടുകഥ ഉണ്ടാക്കി ആളാവണ്ട.

  ReplyDelete
 9. nalla katha. nannayi eyuthi mukthar. ithil areyum avahelichitilla. karyam nere paranju. thurann eyuthiyathin nandi. muslimkalkkidayile valiyoru vibagathinte vikaraman e katha. shabab ith engane koduthu enn manasilavunnilla. shabab athmavimarsanamayi ithile chila paramarsangale eduthu ennad valiya karyaman. e katha nalla charchak thudakamavate.

  ReplyDelete
 10. ചെണ്ടയ്ക്ക് രണ്ടുവശത്തുനിന്നും അടി കിട്ടുമോ

  അപാരധൈര്യം തന്നെ

  ReplyDelete
 11. podaa himaaree.. ante oru onakka katha,

  ReplyDelete


 12. ..
  ‎(ദൈവം )
  നൊന്തു പെറ്റെന്നെ മുലയൂട്ടി ലാളിക്കു...
  മമ്മയില്‍ ദൈവമുന്ടാവാം
  അന്തിയോളം പണി ചെയ്തു പോറ്റുന്നൊരെന്‍
  അച്ഛനില്‍ ദൈവമുണ്ടാവാം
  പിച്ച വെക്കുന്നോരെന്‍ കൈപിടിച്ചക്ഷരം
  എഴുതിച്ച ഗുരുവിലും ദൈവമുണ്ടാം
  അതിഥിയെ സ്വീകരി ച്ചാദരിക്കുന്നൊരെന്‍
  സുഹൃത്തിലും ദൈവമുണ്ടാവാം !
  എന്തിനെന്‍ ഹൃദയത്തിനുള്ളിന്റെയുള്ളില്‍
  വിശുദ്ധിയിലും ദൈവമുണ്ട് സത്യം
  ചെരിപ്പുറങ്ങളില്‍ അശരണര്‍ക്കിടയിലും
  ചിരി മറന്നലയും വിശപ്പിന്‍റെ വിളിയിലും ദൈവമുന്ടാം !!!
  പള്ളിയില്‍,ക്ഷേത്രത്തില്‍, അള്‍താരയില്‍ ,
  പണപ്പെട്ടിയില്‍ ദൈവത്തെ കാണുകില്ലാ ..!!!

  ReplyDelete
 13. ഇത് പ്രസിദ്ധീകരിച്ചു അല്ലെ?എന്നിട്ടും ഇവിടെ
  വളരെ കുറചു ഗ്രൂപുകളെ എത്തിയുള്ളോ?

  കുറച്ചു പേര്‍ക്ക് ലിങ്ക് അയച്ചു കൊടുത്താല്‍
  അജിത്‌ ചേട്ടന്‍ പറഞ്ഞ പോലെ കാണാം
  ഇവിടെ വലിയ ചെണ്ട മേളം...

  അകം പൊള്ള ആയ ചെണ്ടകള്‍ അങ്ങനെ
  മുഴങ്ങുന്നത്
  കേള്‍ക്കാം നമുക്ക്...

  മുക്താര്‍ അഭിനന്ദനങ്ങള്‍..കഥയുടെ അവസാനത്തെ
  ഭാഗം വായിച്ചപ്പോള്‍ ശരീരത്തിനും മനസ്സിനും ചാട്ടവാര്‍
  അടി കൊണ്ട വേദന...കണ്ണ് തുറന്നു കാണേണ്ട സത്യങ്ങളെ
  കണ്ണടച്ച് നിന്ന് കാണേണ്ട നിസ്സഹായത......

  ReplyDelete
 14. 'നാണമില്ലല്ലോ നിങ്ങള്‍ക്ക്. ഒരു കത്തും കൊടുത്ത് ആളെ തെണ്ടാന്‍ വിടാന്‍. കത്തെഴുതിക്കൊടുത്ത് തെണ്ടാന്‍ വിടലാണോ മഹല്ലിന്റെ പണി..'
  മറുതലക്കല്‍ മിണ്ടാട്ടം മുട്ടി.

  -
  ഇസ്‌ലാം കാര്യവും ഈമാന്‍കാര്യവും കിതാബുകളില്‍ ഉറങ്ങി.
  സുന്നത്തിനായുള്ള വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ഫറദുകള്‍ മറന്നു. അങ്ങനെ ഇസ്‌ലാം താടിയും തലപ്പാവും മാത്രമായ നേരത്താണ് അയാള്‍ വന്നത്.

  ----കാര്യങ്ങളെ തീക്ഷ്ണമായി തന്നെ പറഞ്ഞു...
  വരയും നന്നായിരിക്കുന്നു...  ReplyDelete
 15. mukthar....i have heard about but fierst time i am reading ur work...hats of for ur brilliants and bravery...

  ReplyDelete
 16. mukthar ,i have heard about u ..but first time i am reading ur work..hats of to ur brilliance and bravery..deepa narendran

  ReplyDelete
 17. നന്നായിട്ടുണ്ട് ..ശബാബിന് പത്തു വയസ്സ് കുറഞ്ഞെന്നു തോന്നി :-)

  ReplyDelete
 18. കഥ "എം" ഗ്രൂപ്പിന്റെ വാരികയില് കണ്ടിരുന്നു.

  സമുദായത്തിന്റെ മേലുള്ള പുതപ്പ് വലിച്ചു മാറ്റിയ കഥാകാരൻ കീഴെ കിടന്നുറങ്ങുനവരെല്ലാം നഗ്നരാണെന്ന് നമ്മോട് വിളിച്ച് പറഞ്ഞിരിക്കുന്നു. ആ പുതപ്പ് വലിച്ചു ചുറ്റി നഗ്നത മറക്കാനുള്ള കഥാകൃത്തിന്റെ ശ്രമവും വരികൾക്കിടയില് കാണുന്നു!

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. കേരളത്തിലെ മുസ്ലിം സമുദായത്തെ കുറിച്ച് കൃത്യമായ കാഴ്ച്ചയാണ് ഈ കഥയിലൂടെ താങ്കൾ അവതരിപ്പിച്ചിരിക്കുന്നത്.

  അഭിനന്ദനങ്ങൾ

  ReplyDelete
 21. കേരളത്തിലെ ചില മുസ്ലിം സംഘടനകള്‍ക്കുള്ളില്‍ മുല്ലപ്പൂ വിപ്ലവത്തിന് സമയമായി..!

  എഴുത്തിനു ആശംസകള്‍..!!

  ReplyDelete
 22. Good target, insulting your opposite party without touching here and there, or without saying their proper names. But ts is very much understood that where are you pointing to. Bearing in your mind that we are not just born yesterday. Please note that if you are backbiting/ insulting to any person or any society whether they are muslim, Christian, Hindu etc., you have to ready to face the punishment from Al Mighty God hereafter. All this is not the way of Prophet Mohammed's (PBUH) teaching. You are breaching our beloved prophet's teachings. The people will read it, laugh and enjoy but don't forget that there is a day of judgement.
  حافظوا قبل ان تحاسبوا

  ReplyDelete
 23. ആഖ്യാനവും, ചിത്രങ്ങളും അതി മനോഹരം ...എല്ലാ ആശംസകളും നേരുന്നു ....വൃദ്ധനോടൊപ്പം നിസ്ക്കരിച്ച പ്രതീതി ജനിപ്പിച്ചു ...നന്ദി ...വേറിട്ട വായനയായിരുന്നു ....ആശയവും , ആശയക്കുഴപ്പങ്ങളും നന്നായി കോറിയിട്ടു ...

  ReplyDelete
 24. അഭിനന്ദനങ്ങള്‍, മുക്താര്‍. ഭംഗിയായി എഴുതി.

  ReplyDelete
 25. ippo mathranu vayichath....! nannayittundu....nanmayullidathalle daivam....ellam onnuthanne....patachon anugrahikkatte....blog vasamayi varunnatheyullu....ente kavithakalum vayich vallathum parayoo...

  ReplyDelete
 26. ഓണസദ്യയും ക്രിസ്മസ് കേക്കും ഹറാമായി....Yesterday like Onam ,X'mas etc I ate Vishu Sadya also.I saw there most of those team who made them "Haram" years ago !!!

  ReplyDelete