Apr 22, 2013

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍


അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും.
കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ .
തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുകച്ചോടങ്ങള്‍. പഴയ സാധനങ്ങള്‍ പെറുക്കി വിറ്റ് കിട്ടുന്ന ചില്ലറക്ക് വീട്ടുകാരറിയാതെയുള്ള സിനിമ കാണല്‍. രണ്ടു മാസം തീരുന്നതറിയില്ലായിരുന്നു. ഇന്നിപ്പോള്‍ അവധിക്കാലം പേരിലേയുള്ളു. കുട്ടികള്‍ക്കൊന്നും അവധിയില്ല. (കുട്ടികളേ ഇല്ലാതായിട്ടുണ്ടെന്ന് തോന്നുന്നു. കുട്ടികളെയൊക്കെ മുതിര്‍ന്നവരാക്കാനുള്ള പെടാപാടിലാണല്ലോ രക്ഷിതാക്കളത്രയും).
അവധിക്കാലം ക്രിയാത്മകമാക്കണം ഉപയോഗപ്രദമാക്കണമെന്നൊക്കെയാണ് പറയുന്നത്. എന്നിട്ട് അവധിക്കാല ക്യാമ്പുകളും ക്ലാസുകളും പഠിപ്പിക്കലും പഠിക്കലും തന്നെ. അവധിക്കാലത്തെ വലിയൊരു ബിസിനസ് സംരംഭമായി മാറിയിരിക്കുന്നു അവധിക്കാല ക്യാമ്പുകള്‍. ഈ അവധിക്കാല ക്യാമ്പുകളില്‍ നിന്ന് കുട്ടികള്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് ആരും വിലയിരുത്തുന്നില്ല.
കളികള്‍ കുട്ടികളിലുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ ഗുണങ്ങളെക്കുറിച്ച് പല രക്ഷിതാക്കളും (ചില അധ്യാപകരും) ഇന്നും ബോധവാന്‍മാരല്ല. കുട്ടികള്‍ കളിച്ചു വളരേണ്ടവരാണ്. കളി അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്കും ഉണര്‍വിനും ആവശ്യമാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ. കായികവും ബൗദ്ധികവുമായ ആരോഗ്യ പ്രക്രിയയാണ് കളികള്‍.
കളികളിലൂടെ അവര്‍ കൂട്ടുകൂടാനും പരസ്പരം മാനിക്കാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും പഠിക്കുന്നുണ്ട്. പ്രകൃതിയെ അറിയാനും പരിസ്ഥിതിയുമായി ചങ്ങാത്തം കൂടാനും മണ്ണിനെയും മരത്തെയും സ്‌നേഹിക്കാനും അവര്‍ പഠിക്കുന്നുണ്ട്.
കളികള്‍ ഏറെയും സംഘമായുള്ളതായതിനാല്‍ കൂട്ടായിരിക്കുന്നതിന്റെ ശക്തി അനുഭവിച്ചറിയാനാവും. തനിക്കുള്ളത് മറ്റുള്ളവര്‍ക്ക് പകുത്തു നല്‍കാനും മറ്റുള്ളവരുടെ വേദനകളും വിഷമങ്ങളും തിരിച്ചറിയാനും കളികള്‍ സഹായകമാവുന്നുണ്ട്. മാനുഷിക ബന്ധങ്ങളെ സുദൃഢമാക്കുകയും സാമൂഹിക ബാധ്യതകളെക്കുറിച്ച് ബോധവാനാവുകയും സാമൂഹിക പ്രതിബദ്ധത വളര്‍ത്തുകയും ചെയ്യുന്നുണ്ട് കളികള്‍.


കളികളില്‍ ഒരാള്‍ ജയിക്കുകയും കുറേ പേര്‍ തോല്‍ക്കുകയും ചെയ്യുന്നതിനാല്‍ കുട്ടികള്‍ തോറ്റു പഠിക്കുന്നു. എല്ലായിടത്തും ജയിച്ചുമാത്രം ശീലിച്ച കുട്ടികള്‍ക്ക് ചെറിയ പരാജയത്തെപ്പോലും തരണം ചെയ്യാനുള്ള ശക്തി ഇല്ലാതായിരിക്കുന്നു. തോല്‍വി വിജയത്തിലേക്കുള്ള വാശി നിറക്കാനുള്ളതാണെന്നും കഠിന പ്രയത്‌നത്തിന് ശക്തി പകരുന്നതാണെന്നും പഠിപ്പിക്കുന്നു. നിരീക്ഷിക്കാനും മനസ്സിലാക്കാനും അന്വേഷിക്കാനും തിരിച്ചറിയാനും കളികള്‍ പരിശീലിപ്പിക്കുന്നു. കളികള്‍ വെറും കളികളല്ലെന്നും കളിയില്‍ കാര്യമുണ്ടെന്നും മനസ്സിലാക്കേണ്ടത് കുട്ടികള്‍ക്ക് വീടിനു പുറത്തെ കാറ്റും മണ്ണും നിഷേധിച്ച മുതിര്‍ന്നവരാണ്.
അവധിക്കാലത്തെ വിരുന്നു പോക്കുകള്‍ കുടുംബ ബന്ധങ്ങളെ ഊഷ്മളമാക്കാന്‍ സഹായകമായിരുന്നു. സ്‌നേഹം, കൊണ്ടും കൊടുത്തും ബന്ധങ്ങള്‍ അറിഞ്ഞും അടുപ്പിച്ചും, വിരുന്നു വരവുകളും പോക്കുകളും. ഇന്ന് വിരുന്നു പോകുന്നതും വരുന്നതും നമുക്കിഷ്ടമല്ല. മറ്റുള്ളവരെ ഉള്‍ക്കൊള്ളാനും പരിഗണിക്കാനും കഴിയാതായിരിക്കുന്നു. വയറുകള്‍ വലുതാവുകയും മനസ്സുകള്‍ ചെറുതാവുകയും ചെയ്തിരിക്കുന്നു.
ബന്ധുവീടുകളിലേക്കാണെങ്കിലും കുട്ടികളെ വിരുന്നിനയക്കാന്‍ ഭയമുള്ള കാലവുമാണ്. ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലം. അടുത്ത ബന്ധുക്കളില്‍ നിന്നാണ് കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക പീഡനങ്ങളധികവും ഉണ്ടാവുന്നതെന്ന തിരിച്ചറിവും വിരുന്നുകള്‍ക്ക് കുട്ടികളെ വിടാന്‍ രക്ഷിതാക്കളെ തടയുന്നുണ്ട്. എന്നാലും അവധിക്കാലത്ത് കുട്ടികളെയും കൂട്ടി ബന്ധു വീടുകളിലൊരു സന്ദര്‍ശനം നല്ലതാണ്. അതു വഴി കുടുംബ ബന്ധങ്ങളുടെ ആഴവും അളവും സന്തോഷവും സുരക്ഷിതത്വവും കുട്ടികള്‍ അനുഭവിച്ചറിയട്ടെ.
കുടുംബ സമേതമുള്ള യാത്രകള്‍ക്കും സമയം കണ്ടെത്തേണ്ടതുണ്ട്. രോഗികളെ സന്ദര്‍ശിക്കാനും ജീവകാരുണ്യ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ഒഴിവുകാലം നിമിത്തമാവട്ടെ. ധാര്‍മികമായ അറിവുകള്‍ നേടാനും ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനും കുട്ടികളെ പ്രാപ്തരാക്കാന്‍ അവധിക്കാലം ഉപയോഗപ്പെടട്ടെ.
പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള വായനക്കും സര്‍ഗാത്മത കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും അവസരമൊരുക്കി കൊടുക്കാന്‍ അവധിക്കാലത്ത് രക്ഷിതാക്കള്‍ക്ക് കഴിയണം.
മണ്ണില്‍ കളിച്ചു വളരേണ്ടവരാണ് കുട്ടികള്‍. മണ്ണില്‍ തൊടുന്നതിലൂടെയും മഴ കൊള്ളുന്നതിലൂടെയും കുട്ടികളുടെ മനസ്സിലും ശരീരത്തിലും സംഭവിക്കുന്ന ജൈവിക പ്രതിഫലനങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മണ്ണറിഞ്ഞ് വളരട്ടെ കുട്ടികള്‍.
പാഠപുസ്തകത്തിനും സിലബസിനുമപ്പുറത്തെ ലോകം കാണാനും തൊടാനുമുള്ള അവസരമാവട്ടെ നമ്മുടെ കുട്ടികളുടെ അവധിക്കാലം. പൂവും പൂമ്പാറ്റയും തുമ്പിയും കിളികളും മരങ്ങളും പുഴകളുമുള്ള ഒരു ലോകം തിരിച്ചു പിടിക്കാന്‍ ഓരോ അവധിക്കാലങ്ങളും പ്രചോദനമാവട്ടെ..
.

5 comments:

 1. പാഠപുസ്തകത്തിനും സിലബസിനുമപ്പുറത്തെ ലോകം കാണാനും തൊടാനുമുള്ള അവസരമാവട്ടെ നമ്മുടെ കുട്ടികളുടെ അവധിക്കാലം. പൂവും പൂമ്പാറ്റയും തുമ്പിയും കിളികളും മരങ്ങളും പുഴകളുമുള്ള ഒരു ലോകം തിരിച്ചു പിടിക്കാന്‍ ഓരോ അവധിക്കാലങ്ങളും പ്രചോദനമാവട്ടെ..

  ReplyDelete
 2. അന്നത്തെഅവധിക്കാലങ്ങള്‍ കാരക്കമിട്ടായിയുടെ, കോല്മിട്ടായിയുടെ മധുരം. കണ്ണിമാങ്ങയച്ചാറിന്റെ രസമുള്ളപുളി, കുട്ടിയും കോലും കളിയുടെ താളമേളങ്ങള്‍ ,
  കൊച്ചംകുത്തിയുടെ വെറിക്കൂട്ടുകള്‍ കോട്ടിക്കുഴിക്കളിയുടെ കൈവഴക്കങ്ങള്‍ .
  അങ്ങിനെ അങ്ങിനെ ആ കാലത്തിലെക്കൊന്നു തിരിച്ചു പോകാനായെങ്കില്‍ ഹാവൂ.. എന്ത് രസമായേനെ..!
  വെറുതെ മോഹിക്കാനല്ലാതെ...! പ്രതിവിധിയില്ലാത്ത നിയോഗങ്ങള്‍.. ഓര്‍ക്കുമ്പോള്‍ എവിടെയൊക്കെയോ... വിണ്ടുകീറുന്ന പ്രതീതി ഉള്ളിലെവിടെയോ ചോരകിനിയുന്നപോലെ..
  പക്ഷേ ഇന്നത്തെ അവധിക്കാലകളികള്‍ എല്ലാം ഒരു മുറിക്കുള്ളില്‍ കംപ്യൂട്ടറിനു മുന്നില്‍ ഒതുങ്ങുന്നു ..പാവം പുതുതലമുറ.

  ReplyDelete
 3. നല്ല ലേഖനം
  പക്ഷെ ഇപ്പോള്‍ ആര്‍ക്കും “തോറ്റു പഠിക്കേണ്ട”
  ജയിക്കാനാണ് പഠിപ്പിക്കുന്നത്. ജയത്തിന് എന്തുവഴി തേടിയാലും തെറ്റില്ലയെന്ന് ഒരു മനോഭാവവും വളര്‍ന്നുവരുന്നു

  ReplyDelete
 4. നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നതെന്തോ അതിനെ കുറിച്ച് ഒരോര്‍മ്മപ്പെടുത്തല്‍..

  ReplyDelete
 5. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്....

  entemmo.... you really took me back to 40 years!

  ReplyDelete