Skip to main content

സ്‌കൂള്‍ തുറക്കുകയാണ് വീണ്ടും




നമ്മുടെ കുട്ടികളെ ഏത് വിദ്യാഭ്യാസമാണ് രക്ഷപ്പെടുത്തുക ?

''ഞാനിതൊരിക്കലും നിന്നോട് പറയാറില്ലെങ്കിലും എന്റെ അമ്മേ...
ഈ ഇരുട്ടിനെ ഞാന്‍ വല്ലാതെ ഭയപ്പെടുന്നു
ആള്‍ക്കൂട്ടത്തിലെന്നെ ഒറ്റക്ക് വിട്ട് നീ പോയ്ക്കളയരുതേ എന്റെ അമ്മേ...
തിരിച്ചു വീട്ടിലെത്താന്‍ തന്നെ എനിക്കു കഴിഞ്ഞില്ലെന്നുവരും ഒരു പക്ഷേ,
ഞാന്‍ അത്രക്കൊരു ചീത്ത കുട്ടിയാണോ എന്റെ അമ്മേ...''
താരേ സമീന്‍ പര്‍(മണ്ണില്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍) എന്ന സിനിമയിലെ ഒരു ഗാനമാണിത്. ഡിസ്‌ലെക്‌സിയ എന്ന പഠനവൈകല്യം ബാധിച്ച എട്ടു വയസ്സുകാരന്‍ ഇഷാന്‍ അവസ്തിയുടെ ദയനീയമായ മാനസികാവസ്ഥയും വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും ഈ കഥാപാത്രം തുടരെ നേരിടുന്ന ദുഃഖാനുഭവങ്ങളുമാണ് 2008ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ പ്രമേയം. ഇഷാനെ ബാധിച്ചിരിക്കുന്ന, അത്ര ഗൗരവതരമല്ലെങ്കിലും ശ്രദ്ധിക്കപ്പെടേണ്ട പഠന സംബന്ധിയായ വൈകല്യത്തെ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കോ കൂട്ടുകാര്‍ക്കോ സ്വന്തം മാതാപിതാക്കള്‍ക്കു പോലുമോ കഴിയുന്നില്ല; അവരതിന് ശ്രമിക്കുന്നുമില്ല. വായിക്കാന്‍ ശ്രമിക്കുന്ന ഇഷാന് അക്ഷരങ്ങള്‍ തിളങ്ങി നൃത്തം ചെയ്യുന്നതുപോലെയാണ് തോന്നുന്നത്. പുറം ലോകത്തെ, വിരിഞ്ഞു നില്ക്കുന്ന പൂക്കളുടെ നിറങ്ങളെയും കുളത്തില്‍ നീന്തിക്കളിക്കുന്ന കുഞ്ഞുമീനുകളെയും കുരച്ചുകൊണ്ടോടുന്ന പട്ടികളെയും ആകാശത്തു പാറിപ്പറക്കുന്ന പട്ടങ്ങളെയും സാകൂതം ശ്രദ്ധിക്കുന്ന വിസ്മയക്കണ്ണുകള്‍ കൊണ്ട് അധ്യാപകന്‍ ക്ലാസ്സിലെ ബ്ലാക്ക്‌ബോര്‍ഡിലെഴുതുന്ന അക്ഷരങ്ങളെ ഇഷാന് തിരിച്ചറിയാനാവുന്നില്ല. നോട്ടുബുക്കിലേക്കു പകര്‍ത്തിയെഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. അക്ഷരങ്ങളും അക്കങ്ങളും ഉറുമ്പുകളും ചിലന്തികളുമായി കൂട്ടം കൂട്ടമായി ഇഷാനെ ആക്രമിക്കാനെത്തുന്നു. ഇഷാന് പഠിക്കാന്‍ കഴിയുന്നില്ല. എല്ലാവരും അവനെ മന്ദബുദ്ധിയായി കാണുമ്പോഴും ഇഷാന്‍, മീന്‍ പിടിച്ചും ചിത്രം വരച്ചും പ്രകൃതിയെ നിരീക്ഷിച്ചും ഒരു കുട്ടിയായിത്തീരുന്നു.
എവിടെയും ഇഷാനെക്കുറിച്ചുള്ള പരാതികള്‍ മാത്രമാണ് രക്ഷിതാക്കള്‍ക്ക് കേള്‍ക്കാനുള്ളത്.  ടെന്നീസും ക്രിക്കറ്റും നന്നായി കളിക്കുകയും എപ്പോഴും ക്ലാസ്സില്‍ എ ഗ്രേഡോടെ പാസ്സാകുകയും ചെയ്യുന്ന മൂത്ത മകന്‍ യോഹാനെപ്പോലെ എന്തുകൊണ്ട് ഇഷാനും ആയിത്തീരുന്നില്ല എന്നാണ് അച്ഛന്‍ നന്ദകിഷോര്‍ അവസ്തിക്ക് മനസ്സിലാകാത്തത്. തന്റെ ഇളയ മകന്‍ അനുസരണയില്ലാത്തവനും കുഴിമടിയനുമാണെന്ന ധാരണയിലാണയാള്‍ എത്തിപ്പെടുന്നത്. അങ്ങനെയാണ് ഇഷാനെ ദൂരെയുള്ള ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ക്കുന്നത്. ചിത്ര രചനയിലും ഉപകരണങ്ങളുണ്ടാക്കുന്നതിലുമൊക്കെ പ്രത്യേക അഭിരുചിയും കഴിവും പ്രകടിപ്പിക്കുന്ന ഇഷാന്‍ സാഹചര്യങ്ങളുടെ നിഷേധാത്മക സമ്മര്‍ദത്താല്‍ ആ കഴിവുകളെല്ലാം മറക്കാന്‍ തുടങ്ങുന്നു. അവന്‍ ഇരുട്ടിലേക്ക് കുതറി മാറുകയും ഇരുട്ടില്‍ ഭീതിയോടെ ഒളിച്ചിരിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. തീര്‍ത്തും 'അനാഥ'നായിത്തീര്‍ന്ന ഇഷാന്‍അവസ്തിയെ തിരിച്ചറിയുന്നത് രാംശങ്കര്‍ നികുംഭ് എന്ന താല്ക്കാലിക അധ്യാപകനാണ്. ചിത്രകലാ അധ്യാപകനായ നികുംഭിന്റെ മനശ്ശാസ്ത്രപരമായ ഇടപെടലുകള്‍ ഇഷാനെ ഇരുട്ടറയില്‍ നിന്നും വീണ്ടും പുറത്തെ വെളിച്ചത്തിലേക്ക്, പുറത്തെ വിസ്മയ ലോകത്തിലേക്ക് നയിക്കുന്നു.
യാഥാസ്ഥിതികമായ പഠനരീതികളെയും പാഠ്യപദ്ധതികളെയും ചോദ്യം ചെയ്യുകയും ഒപ്പം കുട്ടികളെ അറിഞ്ഞ് അവരിലുള്ള കഴിവുകളെ പുറത്തെടുത്ത് വിദ്യാഭ്യാസം സര്‍ഗാത്മകമായ ഒരു കലയായി മാറ്റുന്നതെങ്ങനെയെന്നും ഈ സിനിമ കാട്ടിത്തരുന്നുണ്ട്. പരമ്പരാഗത പഠന രീതികളില്‍ നിന്നും മാറി ശിശു കേന്ദ്രീകൃതവും വിശാലവുമായ പുതിയൊരു പഠനരീതിയുടെ വിജയവും അതിന്റെ ആവശ്യകതയും ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു ഈ സിനിമ.
ഡാവിഞ്ചിക്കും ഐന്‍സ്റ്റിനും ചര്‍ച്ചിലിനുമൊക്കെയുണ്ടായിരുന്ന അസുഖമാണ് ഡിസ്‌ലെക്‌സിയ. ഇത് മന്ദബുദ്ധിക്കുണ്ടാകുന്ന രോഗമല്ല. ചെറുപ്പത്തിലേ വേണ്ട വിധം ചികിത്സ ലഭിച്ചില്ലെങ്കില്‍ ഈ രോഗം ബാധിച്ച കുട്ടികള്‍ വളരെ വലിയ മാനസിക തകര്‍ച്ചയിലേക്ക് വീഴാനിടയായേക്കും. ഇ ത്തരം രോഗാവസ്ഥയുള്ള കുട്ടികളെ തിരിച്ചറിയുകയും അവരെ മന്ദബുദ്ധികളാക്കിത്തീര്‍ക്കാതെ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടതെന്നും ചിത്രം ഓര്‍മപ്പെടുത്തുന്നു.

രക്ഷിതാക്കളുടെ മോഹങ്ങള്‍

കുട്ടികളെക്കുറിച്ച് രക്ഷിതാക്കളുടെ സ്വപ്‌നങ്ങള്‍ക്കും മോഹങ്ങള്‍ക്കും അതിരില്ല. അവര്‍ പഠിച്ച് വലിയ ആളാവണം. അവരുടെ പഠനത്തിനായി എത്ര പണവും ചെലവഴിക്കാം. എന്തും വാങ്ങിക്കൊടുക്കാം. പല രക്ഷിതാക്കളും തങ്ങളുടെ ജീവിതത്തില്‍ പൂര്‍ത്തിയാക്കാനാവാത്ത സ്വപ്‌നങ്ങള്‍ പൂവണിയുന്നതിനായുള്ള അവസരമായി മക്കളെ കാണുന്നു. മക്കളെ 'ഒരു നിലയിലെത്തിക്കാന്‍' കഷ്ടപ്പെടുന്നു. കുട്ടികളുടെ മാനസിക നിലയോ, അഭിരുചികളോ ഇവിടെ മാനിക്കപ്പെടുകയോ വിലക്കെടുക്കുകയോ ചെയ്യാറില്ല. അതിനായി മുലകുടി മാറ്റും മുമ്പ് പീഡനമാരംഭിക്കുന്നു. എല്‍ കെ ജി, യു കെ ജി അതിനും മുമ്പ് വേറെന്തോ ഒരു 'കെ ജി' കൂടി തുടങ്ങിയിട്ടുണ്ട് പലയിടത്തും. (ഒരിടത്ത് എല്‍ കെ ജി അഡ്മിഷന് എന്‍ട്രന്‍സ് നടത്തിയതായും കേട്ടു. എല്‍ കെ ജി എന്‍ട്രന്‍സ് കോച്ചിംഗിന് പ്രത്യേക സെന്ററുകള്‍ അധികം വൈകാതെ നമ്മുടെയെല്ലാം വീടിനടുത്ത് തുടങ്ങിക്കൂടായ്കയില്ല.)
ഡോക്ടറും എന്‍ജിനീയറുമാകാത്തവന്‍ ഒന്നിനും കൊള്ളാത്തവനായി കരുതുന്ന സാമൂഹിക ചുറ്റുപാടില്‍ കുട്ടികള്‍, കൂടുതല്‍ പീഡിപ്പിക്കപ്പെടുകയും അവരുടെ 'കുട്ടിത്തം' ഇളം പ്രായത്തിലെ നഷ്ടപ്പെടുകയും ചെയ്യുന്നു. കൊച്ചുകുട്ടികളെ നാം മുതിര്‍ന്നവരാക്കിത്തീര്‍ക്കാന്‍ പാടുപെടുന്നു. നമ്മുടെ പഠനരീതിയും പരിശീലനങ്ങളും അത്തരത്തിലുള്ളതാണ്. കുട്ടിയുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ തൊട്ടറിയാത്ത പഠന രീതി കുട്ടികളിലുണ്ടാക്കിത്തീര്‍ക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

സ്വപ്‌നം കണ്ടോളൂ, പക്ഷേ..
ഓരോ രക്ഷിതാവിനും തന്റെ മക്കളെക്കുറിച്ച് സ്വപ്‌നങ്ങള്‍ കാണാനുള്ള അധികാരവും അവകാശവുമുണ്ട്. പക്ഷേ, അതു കുട്ടികളുടെ മാനസികമായ അവസ്ഥ പരിഗണിച്ചാവണം. കുട്ടികളുടെ അഭിരുചികള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും പ്രാധാന്യം കൊടുത്തെങ്കില്‍ മാത്രമേ അവരുടെ പഠനം കാര്യക്ഷമമാവുകയും അവരുടെ ജീവിതം സര്‍ഗാത്മകമാവുകയും ചെയ്യൂ. അങ്ങനെയല്ലെങ്കില്‍  അവര്‍ കൂടുതല്‍ അന്തര്‍മുഖരോ ക്രിമിനലുകളോ ആയിത്തീരാനുള്ള സാധ്യതയെ മനശ്ശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കളിയിലെ കാര്യം
കുട്ടികള്‍ കളിച്ചുവളരേണ്ടവരാണ്. മണ്ണപ്പം ചുട്ടും പട്ടം പറത്തിയും വട്ടുരുട്ടിയും ഓടിയും ചാടിയും ഒളിച്ചുകളിച്ചും വളരേണ്ട കുട്ടികളെ കെട്ടിയിട്ട് കൂട്ടിലാക്കി തളച്ചിടുന്നത് ക്രൂരതയല്ലെ. കളിയിലൂടെ കുട്ടികള്‍ നേടുന്ന ഒരുപാട് ഗുണങ്ങളുണ്ട്. അവര്‍ പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്,  ഓരോ തവണ മണ്ണപ്പം ചുടുമ്പോഴും. മഴയിലിറങ്ങി ചെളിവെള്ളം തെറുപ്പിച്ച് കളിക്കുമ്പോള്‍ മഴയെക്കുറിച്ച് ആയിരം ക്ലാസു കേട്ടതിനേക്കാള്‍, നൂറു പുസ്തകങ്ങള്‍ വായിച്ചതിനേക്കാള്‍ അറിവാണവന് ലഭിക്കുന്നത്.
കൂട്ടുകൂടി കളിക്കുമ്പോള്‍, ഒന്നാവുന്നതിന്റെ മഹത്വവും ഒന്നിച്ചു കൂടുന്നതിന്റെ സന്തോഷവും കൂട്ടായ്മയുടെ ശക്തിയുമാണ് തിരിച്ചറിയുന്നത്. കളികള്‍ മിക്കതും ടീമുകള്‍ തിരിഞ്ഞുള്ളതാണ്. അഞ്ചും പത്തും കുട്ടികള്‍ ചേര്‍ന്ന ഓരോ ടീമും ഒത്തുപിടിച്ച് ഒന്നായി ഒരുമയുള്ളവരായി ശക്തരാവുന്നു. പരസ്പരം അറിയാനും ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും കളികള്‍ പഠിപ്പിക്കുന്നു. പരസ്പരം സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ അസൂയക്കും കുശുമ്പിനും മറ്റു ദുര്‍ഗുണങ്ങള്‍ക്കും ഇടമില്ലാതാവുന്നു. മറ്റുള്ളവരുടെ സന്തോഷത്തോടൊപ്പം സന്തോഷിക്കാനും ദുഃഖത്തോടൊപ്പം ദുഃഖിക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് കുട്ടികളെ കളികള്‍ ഉയര്‍ത്തുന്നു.  അതിലൂടെ പരസ്പര സഹായത്തിന്റെയും സഹാനുഭൂതിയുടെയും കരുണയുടെയും സദ്ഗുണങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ നിന്നും അവരറിയാതെ പുറത്തേക്കൊഴുകും. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? കൊച്ചു കുട്ടികള്‍ അവര്‍ക്ക് പഴമോ പലഹാരമോ കിട്ടിയാല്‍ അവരത് തന്റെ കളിക്കൂട്ടുകാരുമായി പങ്കുവെക്കുന്നത്.
കളികള്‍ കുട്ടികളെ തോല്ക്കാന്‍ പഠിപ്പിക്കുന്നു. കളിയില്‍ ഒരാളേ ജയിക്കുകയുള്ളൂ. അല്ലെങ്കില്‍ ഒരു ടീം. കൂടുതല്‍ പേരും തോല്ക്കുന്നു. ആ തോല്‌വികള്‍ അവരെ കൂടുതല്‍ ഉത്‌സാഹിതരാക്കുകയും കൂടുതല്‍ പരിശ്രമങ്ങള്‍ക്ക് പ്രചോദിപ്പിക്കുകയും ചെയ്യുന്നു. തോല്‌വിയെ വിജയത്തിന്റെ ചവിട്ടു പടിയായി കാണാന്‍ കളികള്‍ കുട്ടികളെ പ്രാപ്തരാക്കുന്നു. ഭാവിയില്‍ ജീവിതത്തിലുണ്ടായേക്കാവുന്ന പരാജയങ്ങളെയും തോല്‌വികളെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള പരിശീലനമാണ് കൊച്ചുന്നാളിലെ ഈ തോല്‌വികള്‍ നല്കുന്നത്.
കളിപ്പാട്ടങ്ങളും കളിയുപകരണങ്ങളും നിറങ്ങളും പൂക്കളും പഴങ്ങളും എല്ലാം കുട്ടിയുടെ സ്വഭാവരൂപീകരണത്തെ സ്വാധീനിക്കുന്നുണ്ട്. വീടിന്റെ ചുറ്റുപാടും രക്ഷിതാക്കളുടെയും കൂട്ടുകാരുടെയും അധ്യാപകരുടെയും സമീപനങ്ങളും എന്തിനേറെ, അവന്‍ കിടന്നുറങ്ങുന്ന റൂമിലെ ചുമരുകളിലെ നിറങ്ങള്‍ പോലും അവന്റെ മാനസിക വളര്‍ച്ചയില്‍ ഇടപെടുന്നുണ്ടെന്നതാണ് സത്യം. കുട്ടികളുടെ മനസ്സ് ജിജ്ഞാസയുടേതാണ്. എല്ലാം അറിയാനുള്ള ആഗ്രഹം. അതുകൊണ്ടാണവര്‍ 'ആവശ്യമില്ലാത്ത' ചോദ്യങ്ങള്‍ ചോദിച്ച് നമ്മെ കുഴക്കുന്നത്. ഒരു കളിപ്പാട്ടം കിട്ടിയാല്‍ അതു തച്ചുപൊളിച്ച് അതിനുള്ളിലെന്താണെന്ന് നോക്കുന്നത്...

നഴ്‌സറിയിലേക്ക്

കുട്ടി ഒന്ന് എഴുന്നേറ്റ് തുടങ്ങിയാല്‍ മതി, അവനെ നഴ്‌സറിയിലേക്കയക്കാന്‍ രക്ഷിതാക്കളുടെ ബദ്ധപ്പാട് തുടങ്ങി. പണ്ട് ബാലവാടികളും അംഗന്‍വാടികളുമുണ്ടായിരുന്നു. നാലും അഞ്ചും വയസ്സായ കുട്ടികള്‍ പാടിയും കളിച്ചും ഊഞ്ഞാലാടിയും ഉപ്പുമാവ് തിന്ന് രസിച്ചിരുന്ന 'ബാലവാടി'ക ള്‍...! ഇന്ന് നാട്ടിന്‍ പുറങ്ങളില്‍ അംഗന്‍വാടികളുണ്ട്. പക്ഷേ, നമ്മുടെ കുട്ടികള്‍ക്ക് 'പഠിക്കാന്‍' അതു പോര. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ നെരനെരാ കിടക്കുകയല്ലേ. ഏറ്റവും കൂടുതല്‍ ഡൊണേഷനും ഫീസും ആവശ്യപ്പെടുന്ന ഇംഗ്ലീഷ് മീഡിയത്തിലാണ് കുട്ടികളെ പറഞ്ഞയക്കാന്‍ നമുക്ക് പൂതി. കുട്ടികളുടെ ഭാവി നോക്കണ്ടെ എന്നാണ് ചോദ്യം. എന്നാല്‍ അതൊന്നുമല്ല സത്യം. അവിടുത്തെ പഠനനിലവാരമോ കുട്ടികളുടെ ഭാവിയോ അല്ല, അതിലുപരി പൊങ്ങച്ചത്തിന്റെയും ദുരഭിമാനത്തിന്റെയും ഇരകളാവുകയാണ് നമ്മുടെ കുട്ടികള്‍. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് നമ്മുടെ കുട്ടികള്‍ പഠിക്കുന്നതെന്ന് പറയുന്നത് അഭിമാനമായി നാം കരുതുന്നു. കല്യാണപ്പുരകളിലും ആഘോഷ സദസ്സുകളിലും പൊങ്ങച്ചം പറയാന്‍ എന്തെങ്കിലും വേണ്ടേ. പ്രപഞ്ചത്തിന്റെ സൗന്ദര്യം നുകര്‍ന്ന്, പ്രകൃതിയെ അറിഞ്ഞ്, പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്നുനടക്കേണ്ട പ്രായത്തിലാണ് അവരെ 'കുരുക്കിട്ടു' (ടൈ) വളര്‍ത്തുന്നത്.  മണ്ണ് പുരളാതെ, കാറ്റേല്ക്കാതെ, വെയിലു കൊള്ളാതെ, മഴ നനയാതെ വീട്ടില്‍ നിന്ന് ബസ്സിലേക്കും ബസ്സില്‍ നിന്ന് സ്‌കൂളിലേക്കും, തിരിച്ച് സ്‌കൂളില്‍ നിന്ന് ബസ്സിലേക്കും ബസ്സില്‍ നിന്ന് വീട്ടിലേക്കും ചക്രമായി തിരിയുന്ന വിരസതയുടെ ദിനങ്ങള്‍... പഠനമുറിയില്‍ തളച്ചിട്ട രാത്രികള്‍, ഒഴിവുദിനങ്ങളില്ലാത്ത കുട്ടികള്‍.. ട്യൂഷന്‍ ക്ലാസ്സുകള്‍...
നോക്കൂ... ഇവരുടെ കുട്ടിക്കാലം പിന്നീടൊരിക്കല്‍ നമുക്ക് തിരിച്ചുകൊടുക്കാനാവുമോ...?

വീണ്ടെടുക്കേണ്ടത്
മൂന്നാം വയസ്സിലും നാലാം വയസ്സിലുമൊക്കെ കുട്ടികളെ വിദ്യാലയത്തിലെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടുന്നത് ശരിയാണോ? അഞ്ചു വയസ്സുവരെയെങ്കിലും കുട്ടികള്‍ കളിച്ചു നടക്കട്ടെ എന്നാണ് കുട്ടികളുടെ മനസ്സറിയുന്നവരുടെ മതം. ഈ നേരത്തെയുള്ള കെട്ടിയിടല്‍ കുട്ടികളുടെ മനസ്സിലുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ഭീകരമാണ്. അതവരുടെ ചിന്താശേഷിയെയും മാനസിക വളര്‍ച്ചയെയും മുരടിപ്പിക്കുന്നു. സ്വന്തമായി അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നതിലും ചിന്താമണ്ഡലം വിപുലപ്പെടുത്തുന്നതിനുമുള്ള സാധ്യതകളെയാണ് നാം ഇല്ലാതാക്കുന്നത്.
ആവശ്യത്തിലധികം മാര്‍ക്കുണ്ടാവും, വായ നിറച്ചും ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞെന്നുമിരിക്കും. പക്ഷേ, ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാനും പരാജയങ്ങളെ സധൈര്യം നേരിടാനുമുള്ള ചങ്കൂറ്റം അവനുണ്ടാവുമോ. കച്ചവടവത്കരിക്കപ്പെട്ട ലോകത്ത് ബന്ധങ്ങളെക്കാളും പണത്തിന് വിലകല്പിക്കുന്നവനായി അവന്‍ മാറിയാല്‍, പ്രതികരണ ശേഷിയില്ലാതെ അധര്‍മങ്ങള്‍ക്കും അധാര്‍മികതകള്‍ക്കും കീഴ്‌പ്പെട്ട് അടിമയായി ജീവിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവനായാല്‍ ആരെ കുറ്റം പറയും...?!  കുട്ടികളെ വീടിനും നാടിനും കൊള്ളാത്തവരാക്കി, കോട്ടും ടൈയും കെട്ടി പ്രദര്‍ശന വസ്തുവാക്കുന്നതാണോ മഹത്തായ വിദ്യാഭ്യാസം. കൈനിറയെ നോട്ടുകെട്ടുകള്‍ നേടലല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. മാനുഷിക മൂല്യങ്ങളുടെ വീണ്ടെടുപ്പാവണം വിദ്യാഭ്യാസം.

വീടാണ് വിദ്യാലയം
ഒരു കുട്ടിയുടെ ആത്യന്തികവും മഹത്തായതുമായ പഠനകേന്ദ്രമാണ് വീട്. ആദ്യത്തെ പാഠശാല അമ്മയുടെ മടിത്തട്ടാണെന്ന് നാം ചൊല്ലി നടക്കാറുണ്ട്. കുട്ടികളുടെ പഠനം തുടങ്ങുന്നതവിടെ നിന്നാണ്. നല്ല വാക്കുകളുടെ, നല്ല ശീലങ്ങളുടെ, നല്ല ഗുണങ്ങളുടെ പാഠങ്ങള്‍ പകര്‍ന്നു നല്‌കേണ്ടത് അമ്മയുടെ മടിത്തട്ടാണ്. ഇന്ന് എത്ര കുട്ടികള്‍ക്ക് അമ്മയുടെ മടിത്തട്ട് പാഠശാലയാണ്. വീടാണ് കുട്ടിയുടെ സംസ്‌കാരം രൂപീകരിക്കുന്നത്. കൂടുതല്‍ സമയവും കുട്ടി ചെലവഴിക്കുന്നത് വീട്ടിലാണല്ലോ. സ്‌കൂളിലും മദ്‌റസയിലും അവന് കിട്ടുന്നത് വളരെ തുച്ഛമായ ചില അറിവുകളാണ്. അതില്‍ തന്നെ ഏറെയും അവന് ഒരിക്കലും ഉപകാരപ്പെടാത്തതുമാണ്.

ഇംഗ്ലീഷ് മീഡിയം

ഇംഗ്ലീഷ് മീഡിയം സ്‌കൂളിള്‍ നിന്നും ഉന്നതമായ വിദ്യാഭ്യാസമാണ് ലഭിക്കുന്നതെന്നും കാലഘട്ടത്തിന്റെ ആവശ്യമാണ് ഇംഗ്ലീഷ് മീഡിയങ്ങളെന്നും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാര്യക്ഷമമായ പഠനം നടക്കുന്നില്ല എന്നൊക്കെയാണ് നമ്മുടെ തോന്നലുകള്‍. ഇത് എത്രമാത്രം ശരിയാണ്. പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയെയും ഏറ്റവും മോശപ്പെട്ടതെന്നു നാം പറയുന്ന സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയെയും നിരീക്ഷിക്കുക. പ്രായോഗിക ജീവിതത്തില്‍ ഇവരിലാരാണ് വിജയിക്കുക. തീര്‍ച്ചയായും, ഇംഗ്ലീഷ് മീഡിയത്തിലെ 'ബ്രോയിലര്‍ തല' അമ്പേ പരാജയപ്പെടും. വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം വിവരത്തിന്റെയും വിവേകത്തിന്റെയും വീണ്ടെടുപ്പാണെങ്കില്‍ തീര്‍ച്ചയായും ഗവ. സ്‌കൂളില്‍ പഠിക്കുന്ന കുട്ടി തന്നെ ആത്യന്തിക വിജയി. ഇംഗ്ലീഷ് മീഡിയക്കാരന്‍ താല്ക്കാലിക വിജയി മാത്രം.
സത്യസന്ധമായ നിരീക്ഷണത്തില്‍, ഇംഗ്ലീഷ് മീഡിയങ്ങള്‍ക്ക് പുറത്തു നിന്നു കാണുമ്പോഴുള്ള മോടിയൊന്നും അകത്ത് ചെന്നാല്‍ കാണില്ല. ഇംഗ്ലീഷും മലയാളവും അറിയാത്ത സങ്കരയിനങ്ങളെയാണ് ഇംഗ്ലീഷ് മീഡിയങ്ങള്‍ വിരിയിച്ചെടുക്കുന്നത്. വേണ്ടത്ര പരിശീലനമോ ട്രെയിനിംഗോ ഇല്ലാത്ത അധ്യാപകരാണ് കൂടുതലും. അതിനേക്കാള്‍ ഗൗരവത്തിലെടുക്കേണ്ട കാര്യമാണ് അവിടെനിന്നും പകര്‍ന്നു നല്കുന്ന സംസ്‌കാരം. തികച്ചും പാശ്ചാത്യ സംസ്‌കാരമാണ് മിക്ക ഇംഗ്ലീഷ് മീഡിയങ്ങളിലും കുട്ടികള്‍ക്കു പകര്‍ന്നു നല്കുന്നത്. പെണ്‍കുട്ടികള്‍ തലമറയ്ക്കാന്‍ പാടില്ലെന്നും മുട്ടിനു താഴെ ഇറക്കമുള്ള പാവാട പറ്റില്ലെന്നും നിര്‍ബന്ധമുള്ള വിദ്യാലയങ്ങളിലേക്കാണല്ലോ മുസ്‌ലിം”'സ്പിരിറ്റ്' കൊണ്ടു നടക്കുന്നവര്‍ക്കു പോലും കുട്ടികളെ പറഞ്ഞയക്കാന്‍ താത്പര്യം.
മുസ്‌ലിം സംഘടനകളും വ്യക്തികളും നടത്തുന്ന ഇംഗ്ലീഷ് സ്‌കൂളുകളും ഇതിന് അപവാദമല്ലെന്നതാണ് ദുഃഖകരം. പേരിന് മതപഠനമൊക്കെയുണ്ടാവും. ആ പിരീഡ് കഴിഞ്ഞാല്‍ മതവുമില്ല, സംസ്‌കാരവുമില്ല. മുസ് ലിം സംഘടനകളും മറ്റുള്ളവരും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 'വ്യതിരിക്തത' എവിടെയാണ്?
കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ് അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകര്‍. കഴിവും പ്രാപ്തിയുമുള്ള എത്ര പേര്‍ ഈ കുറഞ്ഞ ശമ്പളത്തിന് 'സേവനം' ചെയ്യും.  ഇവിടെ പഠിപ്പിക്കുന്ന സിലബസുകളുടെ ഗുണമേന്‍മയും പഠന വിധേയമാക്കേണ്ടതാണ്. വേണ്ടത്ര പഠനങ്ങളോ ഗവേഷണങ്ങളോ പരിഷ്‌കരണങ്ങളോ നടത്തി തയ്യാറാക്കിയ പാഠപുസ്തകങ്ങളല്ല ഇത്തരം സ്ഥാപനങ്ങളിലേറെയും പഠിപ്പിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ആരും ശ്രമിക്കാറില്ല. തീര്‍ത്തും പ്രാകൃതവും അപരിഷ്‌കൃതവുമായ പഠന സമ്പ്രദായവും പാഠന രീതിയും പിന്തുടരുന്ന ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ മാനസിക വളര്‍ച്ച മുരടിക്കുകയും ചിന്താശേഷി നഷ്ടപ്പെടുകയും ചെയ്യുക സ്വാഭാവികം.

സ്‌കൂളിന്റെ മതം

ആദ്യമൊക്കെ സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ ബസ്സു കാത്തു നിന്നിരുന്നത് നാട്ടിലെ ബസ് സ്റ്റോപ്പിലായിരുന്നു. മതവും ജാതിയും നോക്കാതെ വരി നിന്ന് തിക്കിത്തിരക്കി ഒരേ ബസ്സില്‍. അന്ന് ബസ്സിനും ജാതിയും മതവുമില്ലായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ ബസ് സ്റ്റോപ്പുകള്‍ക്കപ്പുറവും ഇപ്പുറവുമായി രണ്ടും മൂന്നും സംഘങ്ങളായാണ് കുട്ടികളുടെ ബസ് കാത്തുനില്‍പ്പ്. മതം തിരിഞ്ഞാണ് നില്‍പ്പ്. അവര്‍ക്ക് മുമ്പില്‍ വന്നു നില്‍ക്കുന്ന ബസ്സിനും മതമുണ്ട്. അവര്‍ പോകുന്ന സ്‌കൂളിനും മതമുണ്ട്. ഹിന്ദു കുട്ടികള്‍ ഹിന്ദു സ്‌കൂളിലേക്കും മുസ്‌ലിം കുട്ടികള്‍ മുസ്‌ലിം സ്‌കൂളിലേക്കും ക്രിസ്ത്യന്‍ കുട്ടികള്‍ ക്രിസ്ത്യന്‍ സ്‌കൂളിലേക്കുമാണ് പോകുന്നത്. വലിയ മതിലുകള്‍ കെട്ടി വേര്‍ത്തിരിക്കുകയാണ് സ്‌കൂളുകള്‍. അതവരുടെ നിലനിര്‍പ്പിനും താല്‍പര്യ സംരക്ഷണത്തിനും ആവശ്യവുമാണ്. ആ മതിലുകള്‍ കുട്ടികളുടെ മനസ്സില്‍ തീര്‍ക്കുന്ന മുറിവുകള്‍ നമ്മള്‍ കാണാതെ പോകുന്നു. കുട്ടികള്‍ക്കിടയില്‍ വിഭാഗീയ ചിന്തകളും വൈരവും നിറക്കാന്‍ ഈ മതം തിരിച്ചുള്ള ഇരിപ്പുകള്‍ കാരണമാവുന്നുണ്ട്. ജനാധിപത്യത്തിന് കരുത്ത് നല്‍കുന്ന പ്രക്രിയയല്ല ഇത്. മതപരമായ വിടവുകള്‍ വലുതാവുകയും പ്രത്യേക കോളനികളായി സമൂഹം കീറിമാറ്റപ്പെടുകയും ചെയ്യുന്ന കാലം വിദൂരമല്ലെന്ന ഓര്‍മപ്പെടുത്തലാണ് ഇത്തരം മതസ്ഥാപനങ്ങളുടെ വളര്‍ച്ചയും വികാസവും കാണിക്കുന്നത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ ഗുണ നിലവാരവും വ്യതിരിക്തതയും എന്താണെന്ന് ആരും വിലയിരുത്താറില്ല.
പൊതുവിദ്യാലയങ്ങളുടെ നിലനില്‍പ്പിനായി പ്രയത്‌നിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ വക്താക്കളാവുകയും പൊതുവിദ്യായലയങ്ങളുടെ തകര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ദു:ഖകരമായ അവസ്ഥയാണ് ഇന്നുള്ളത്. മദ്രസകള്‍ കേന്ദ്രീകരിച്ചാണ് പൊതുവിദ്യാലയങ്ങളുടെ തുടക്കമായ പള്ളിക്കൂടങ്ങള്‍ ഉണ്ടായതെന്ന് മറക്കാതിരിക്കേണ്ടത് മദ്രസകളില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളു തുടങ്ങുന്ന കമ്മിറ്റിക്കാരാണ്. വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കാനും നാട്ടിലെ മത സാമൂഹിക ഐക്യം തകര്‍ക്കാനും ഈ ഇടപെടലുകള്‍ കാരണമാകുമെങ്കില്‍ അതിന്റെ ഗൗരവം തിരിച്ചറിയാന്‍ മഹല്ലു നേതൃത്വത്തിനും പണ്ഡിതന്‍മാര്‍ക്കുമാവേണ്ടതുണ്ട്. മദ്രസകള്‍ കേന്ദ്രീകരിച്ച് നടത്താവുന്ന ബദല്‍ സംവിധാനങ്ങളും ജനോപകാരപ്രദമായ പദ്ധതികളും ഒരുപാടുണ്ടെന്ന് തിരിച്ചറിയുകയും നാടും സമൂഹവും ആഗ്രഹിക്കുന്ന പദ്ധതികള്‍ക്ക് മദ്രസ കെട്ടിടങ്ങളെ ഉപയോഗപ്പെടുത്താന്‍ ശ്രമമുണ്ടാവുകയും ചെയ്താല്‍ അതാവും നല്ലത്.

ഇംഗ്ലീഷ് പഠിക്കാം
ഇംഗ്ലീഷ് ലോകഭാഷയാണ്. ഇംഗ്ലീഷ് ഭാഷ പഠിക്കേണ്ടത് ഇന്നിന്റെ അത്യാവശ്യമാണ്. ചെറുപ്പം മുതലേ കുട്ടികളെ ഇംഗ്ലീഷ് പഠിക്കാന്‍ പ്രേരിപ്പിക്കുകയും അതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ ശീലിപ്പിക്കുകയും വേണം. പക്ഷേ, ഈ ഭാഷ പഠിത്തം മാതൃഭാഷെയ മറന്നുകൊണ്ടും ഉദാത്തമായ നമ്മുടെ സംസ്‌കാരത്തെ അവഗണിച്ചുകൊണ്ടുമായിക്കൂട. ഇംഗ്ലീഷ് പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം മാത്രമാണ് ശരണമെന്നത് നമ്മുടെ മൂഢ വിശ്വാസമാണ്. മലയാളം മീഡിയത്തില്‍ പഠിച്ചാലും ഇംഗ്ലീഷു പഠിക്കാം. ഇവിടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നവരും ഇംഗ്ലീഷ് സംസാരിക്കുന്നവരുമെല്ലാം ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവരല്ലല്ലോ. ഇംഗ്ലീഷ് മീഡിയങ്ങളല്ല, ഇംഗ്ലീഷ് ഭാഷയാണ് വേണ്ടത്. മലയാളം മീഡിയത്തിലും ഇംഗ്ലീഷ് പഠിക്കാനുള്ള പ്രായോഗിക രീതികള്‍ പുതിയ പാഠ്യപദ്ധതിയിലുണ്ട്.
ഇംഗ്ലീഷ് പഠിക്കലല്ലല്ലോ വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം. സംസ്‌കാരത്തിന്റെ വീണ്ടെടുപ്പാണ് ലക്ഷ്യമെന്ന് മറന്നുപോയതാണ് അപചയങ്ങളുടെ കാതലായ കാരണം.

പൊതു വിദ്യാഭ്യാസം
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെ നിരവധി ആരോപണങ്ങള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ശരിയായ നിരീക്ഷണങ്ങളില്‍ ഇതില്‍ മിക്കതും അസത്യങ്ങളാണെന്ന് തിരിച്ചറിയും. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന- അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തിലും പ്രാദേശിക തലത്തിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്. പുതിയ പാഠ്യപദ്ധതിയും പഠനരീതിയും കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും പ്രായോഗിക തലത്തിലെ വികാസത്തിനും പര്യാപ്തവുമാണ്. കുട്ടികളുടെ മനസ്സറിഞ്ഞുള്ള പഠനരീതിയും സിലബസുമാണ് ഇന്നുള്ളത്. നിസ്സാരമായ ചില അപാകതകള്‍ പെരുപ്പിച്ച് കാട്ടി പൊതു സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള സ്വകാര്യ-കച്ചവടസ്ഥാപനങ്ങളുടെ ശ്രമങ്ങള്‍ക്ക് അറിഞ്ഞും അറിയാതെയും ചില മാധ്യമങ്ങള്‍ കൂട്ടുനില്ക്കുന്നതാണ് രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്ക പെരുകാന്‍ കാരണം.
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനസൗകര്യങ്ങളും പഠനരീതികളും കണ്ടറിയാന്‍ നമ്മുടെ ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂള്‍ ഒന്നു സന്ദര്‍ശിച്ചു നോക്കിയാല്‍ മതി. പുറത്തുനിന്നും കേള്‍ക്കുന്നതല്ല സത്യമെന്ന് തിരിച്ചറിയും. പൊതു വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയങ്ങളിലേക്ക് പറഞ്ഞയക്കുന്നതും തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരം അധ്യാപകരാണ് ആദ്യം വീണ്ടുവിചാരം നടത്തേണ്ടത്.
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പ് ജനാധിപത്യത്തിന്റെ നിലനില്പിന്നാവശ്യമാണ്. വിദ്യാഭ്യാസം കച്ചവട വത്കരിക്കുമ്പോള്‍ ദരിദ്രരുടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം കൂടിയാണ് നഷ്ടപ്പെടുന്നത്. അതോടൊപ്പം ചോര്‍ന്നുപോകുന്നത് വിദ്യാഭ്യാസത്തിന്റെ മഹത്തായ ലക്ഷ്യങ്ങളും മൂല്യങ്ങളുമാണ്.
ശിശു കേന്ദ്രീകൃതവും കാലികവുമായ പഠന രീതിയും പാഠ്യപദ്ധതിയുമാണ് പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്. കുട്ടികളുടെ സര്‍ഗാത്മകതകളെ ഉണര്‍ത്തുന്നതും കഴിവുകളെ അംഗീകരിക്കുന്നതുമായ പഠന സമ്പ്രദായത്തിലൂടെ കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ സമഗ്ര വളര്‍ച്ചയാണ് ലക്ഷ്യം വെക്കുന്നത്.

ഒടുക്കം
നമ്മുടെ കുട്ടികളെ ആധുനിക വിദ്യാഭ്യാസം വിഷാദ രോഗത്തിലേക്കും മാനസിക സംഘര്‍ഷത്തിലേക്കുമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. പ്രതികരണശേഷി നഷ്ടപ്പെട്ട പുതുയുവത്വം അധാര്‍മികതയിലേക്കും അസാംസ്‌കാരികതയിലേക്കും കൂപ്പുകുത്തുന്നു. സദാചാരങ്ങള്‍ക്ക് വിലയില്ലാതാകുന്നു. ബദല്‍ വിദ്യാഭ്യാസത്തിന്റെയും സ്‌പെഷല്‍ സ്‌കൂളുകളുടെയും പ്രസക്തിയാണ് പുതിയലോകം വിളിച്ചു പറയുന്നത്. ഇംഗ്ലീഷ് മീഡിയങ്ങള്‍ അടച്ചുപൂട്ടി ബദല്‍ വിദ്യാഭ്യാസ രൂപങ്ങളും സ്‌പെഷല്‍ സ്‌കൂളുകളും ആരംഭിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.
ഒരോ വ്യക്തികളുടെയും അഭിരുചികളും മാനസിക നിലയും ബുദ്ധിവികാസവും വ്യത്യസ്തമാണെന്നിരിക്കെ നമ്മള്‍ ഏതു മാനദണ്ഡമുപയോഗിച്ചാണ് മൂല്യനിര്‍ണയം നടത്തിക്കൊണ്ടിരിക്കുന്നത്.
മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്നതാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസ വകുപ്പും തിരിച്ചറിഞ്ഞാല്‍ രക്ഷപ്പെടുന്നത് നമ്മുടെ കുട്ടികളാവും.
ഞാന്‍ അത്രക്കൊരു ചീത്ത കുട്ടിയാണോ എന്റെ അമ്മേ എന്ന് നമ്മുടെ കുട്ടികള്‍ പാടുന്നത് നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

.
ചന്ദ്രിക ആഴ്ചപ്പതിപ്പ് (2013 മെയ് 18-24)
.

Comments

  1. മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്നതാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസ വകുപ്പും തിരിച്ചറിഞ്ഞാല്‍ രക്ഷപ്പെടുന്നത് നമ്മുടെ കുട്ടികളാവും.
    ഞാന്‍ അത്രക്കൊരു ചീത്ത കുട്ടിയാണോ എന്റെ അമ്മേ എന്ന് നമ്മുടെ കുട്ടികള്‍ പാടുന്നത് നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

    ReplyDelete
  2. വളരെ വിശദവും , വ്യക്തവും ഉപകാരപ്രദവും

    ReplyDelete
  3. മനോഹരവും കാര്യമാത്രപ്രസക്തവും പ്രാവര്‍ത്തികമാക്കേണ്ട നിര്‍ദേശങ്ങളടങ്ങിയതുമായൊരു ലേഖനം

    താങ്ക്സ്

    ReplyDelete
  4. "ഹിന്ദു കുട്ടികള്‍ ഹിന്ദു സ്‌കൂളിലേക്കും മുസ്‌ലിം കുട്ടികള്‍ മുസ്‌ലിം സ്‌കൂളിലേക്കും ക്രിസ്ത്യന്‍ കുട്ടികള്‍ ക്രിസ്ത്യന്‍ സ്‌കൂളിലേക്കുമാണ് പോകുന്നത്. വലിയ മതിലുകള്‍ കെട്ടി വേര്‍ത്തിരിക്കുകയാണ് സ്‌കൂളുകള്‍. അതവരുടെ നിലനിര്‍പ്പിനും താല്‍പര്യ സംരക്ഷണത്തിനും ആവശ്യവുമാണ്. ആ മതിലുകള്‍ കുട്ടികളുടെ മനസ്സില്‍ തീര്‍ക്കുന്ന മുറിവുകള്‍ നമ്മള്‍ കാണാതെ പോകുന്നു. കുട്ടികള്‍ക്കിടയില്‍ വിഭാഗീയ ചിന്തകളും വൈരവും നിറക്കാന്‍ ഈ മതം തിരിച്ചുള്ള ഇരിപ്പുകള്‍ കാരണമാവുന്നുണ്ട്. ജനാധിപത്യത്തിന് കരുത്ത് നല്‍കുന്ന പ്രക്രിയയല്ല ഇത്. മതപരമായ വിടവുകള്‍ വലുതാവുകയും പ്രത്യേക കോളനികളായി സമൂഹം കീറിമാറ്റപ്പെടുകയും ചെയ്യുന്ന കാലം വിദൂരമല്ലെന്ന ഓര്‍മപ്പെടുത്തലാണ് ഇത്തരം മതസ്ഥാപനങ്ങളുടെ വളര്‍ച്ചയും വികാസവും കാണിക്കുന്നത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ ഗുണ നിലവാരവും വ്യതിരിക്തതയും എന്താണെന്ന് ആരും വിലയിരുത്താറില്ല."
    ഈ ഖണ്ഡികക്കൊരു അടിവരയിടട്ടെ .കാര്യങ്ങൾ നന്നായി പറഞ്ഞു മുഖ്താർജീ

    കാര്യങ്ങൾ നന്നായി പറഞ്ഞു മുഖ്താർജീ

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.