Skip to main content

കൊട്ടന്‍ചുക്കാദി


സ്‌കൂളടച്ച് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ ഉമ്മ കുട്ടികളെയും കൂട്ടി സീയെന്നക്കോ മങ്കരക്കോ കാത്തുനില്‍ക്കും, പൊടിപാറുന്ന റോട്ടുവക്കത്ത്. രണ്ടു ബസ്സുകളേ അന്ന് മാളിയേക്കലേക്ക് ഉണ്ടായിരുന്നുള്ളു. അവിടെയാണ് ഉമ്മയുടെ വീട്. മഴക്കാലത്ത് ചെളിപിളിയായി കിടക്കുന്ന റോഡാണ്. കടുത്ത വേനലില്‍ ചുവന്ന പൊടിക്കാറ്റാവും റോഡ്. 
ഉമ്മയുടെ വീട്ടിലേക്ക് പോകാനിറങ്ങുമ്പോള്‍ തന്നെ മൂക്കില്‍ കൊട്ടന്‍ചുക്കാദി തൈലത്തിന്റെ മണമടിക്കും. ഉമ്മയുടെ ബാപ്പാക്ക് കൊട്ടന്‍ചുക്കാദിയുടെ മണമാണ്. 
ഞങ്ങള്‍ വന്നെന്നറിഞ്ഞാല്‍ മാളിയേക്കലങ്ങാടിയിലെ ചായപ്പീടികയില്‍ നിന്ന് മുട്ടപ്പവും വാങ്ങി കോന്തലയില്‍ കെട്ടിയാവും വല്ല്യുമ്മ വരിക. പൈക്കളെ തീറ്റാനോ പുല്ലരിയാനോ പോയതായിരിക്കും. മൂത്തമ്മയുടെ മക്കളാരെങ്കിലും ചെന്നു പറയും. 
ഇമ്മും കുട്ട്യാളും വന്ന്ക്ക്ണ്..
മുട്ടപ്പവും പാല്‍ച്ചായയും കുടിച്ചിട്ടാണ് കളിക്കാനിറങ്ങുക.
ബാപ്പയുടെ ലോകം കോലായയാണ്. കോലായയിലാണ് ബാപ്പയുടെ ഇരിപ്പും കിടപ്പുമെല്ലാം. കട്ടിലിനു ചാരിയുള്ള ജനല്‍പ്പടിയില്‍ കുഴമ്പും അരിഷ്ടവും കഷായവുമൊക്കെയാണ്. വീട്ടിലെത്തിയാല്‍ ബാപ്പ കയ്യിലും കാലിലും കുഴമ്പു പുരട്ടുന്നത് കാണാം. ഞങ്ങളെ കണ്ടാല്‍ ബാപ്പ വിളിക്കും, കാലില്‍ തൈലം തേച്ചുഴിഞ്ഞുകൊടുക്കാന്‍.
ഉഴിഞ്ഞു കൊടുത്താല്‍ അരപ്പട്ടയില്‍ നിന്ന് കൊട്ടനുറുപ്പിക എടുത്തു തരും. 
മുട്ടായി മാങ്ങിക്കോണ്ടിം...
ബാപ്പ കോലായിലെത്തിയാല്‍ ഉമ്മ പറയും, ഒച്ച കൊറക്കിം ബാപ്പ വന്ന്ക്ക്ണ്..
ബാപ്പ ഞങ്ങള്‍ കുട്ടികളോട് അടുത്തിടപഴകാറില്ല. കണ്ടാല്‍ കാര്യം പറയും. ഞങ്ങള്‍ വിരുന്നു വന്നതാണെന്നൊന്നും തോന്നില്ല ബാപ്പയുടെ പെരുമാറ്റം കണ്ടാല്‍. കാലങ്ങളായി ഞങ്ങള്‍ അവിടത്തന്നെയുണ്ടെന്നതു പോലെ. 
കോലായില്‍ തന്നെയാണ് ബാപ്പ തിന്നാനിരിക്കുന്നതും.  ഒരു മേശയും സ്റ്റൂളും അതിനായി മാത്രം അവിടെ ഉണ്ടായിരുന്നു. വലിയ കുണ്ടം പാത്രം നിറയെ ചോറു തിന്നും. 
ഹാജിയാരാണ്. കപ്പലില്‍ ഹജ്ജിനു പോയ ആളാണ്. പക്ഷേ, വല്ല്യുപ്പ ആ ഹജ്ജ് യാത്രയുടെ രസമൊന്നും പറഞ്ഞു തരില്ല. പറഞ്ഞ് പറഞ്ഞ് കൂലി കളയണ്ട എന്നു കരുതിയാവും. നിസ്‌കാരം വിട്ടുള്ള കളിയില്ല. ബാപ്പ പള്ളിയിലേക്ക് പോകുന്നതു കാണുമ്പോഴാണ് കുട്ടികള്‍ പിന്നെ ഒച്ച വെക്കുക.
ചിലപ്പോള്‍ തോന്നും, ബാപ്പ അടുത്ത വീട്ടിലെ താസക്കാരനാണെന്ന്. കോലായക്കിപ്പുറത്തേക്ക് ബാപ്പ കയറി വരുന്നത് വല്ലപ്പോഴുമേ ഞാന്‍ കണ്ടിട്ടുള്ളു. ബാപ്പാക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. കണക്കു കൂട്ടാനും നോക്കാനുമറിയില്ലായിരുന്നു. അമ്മാവന്‍മാരും വല്ല്യുമ്മയുമൊക്കെയാണ് കണക്കു നോക്കിയിരുന്നത്. വല്ല്യുപ്പ ആരോടും കണക്കു പറയുന്നതും ഞാന്‍ കണ്ടിട്ടില്ല. ബാപ്പ കണക്കുനോക്കി ജീവിക്കുന്ന ആളായിരുന്നില്ല.
വല്ല സാധനങ്ങളും വാങ്ങാന്‍ പൈസ തന്ന് ഞങ്ങളെ പറഞ്ഞയച്ചാല്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമായിരുന്നു. തരുന്നതില്‍ നിന്ന് എത്ര ഇസ്‌ക്കിയാലും ബാപ്പ അറിയില്ല. 
ഇന്നാ ഇസ്‌ക്കൂളില് പോവുമ്പോ മുട്ടായി മാങ്ങിക്കോണ്ടിം എന്ന് പറഞ്ഞ് പിന്നെയും തരും പൈസ.
ഒരുപാട് പാടവും പറമ്പുമുണ്ടായിരുന്നു ബാപ്പാക്ക്. പാടത്തും പറമ്പിലും പണിക്കാരെ തെളിച്ച് നടക്കുമ്പോള്‍ ബാപ്പാക്ക് ചേറിന്റെ മണമാവും. പാടത്ത് പണി നടക്കുമ്പോള്‍ പണിക്കാര്‍ക്ക് കഞ്ഞിയും കൊണ്ട് പോകുന്നവരുടെ കൂടെ ഞങ്ങള്‍ കുട്ടികളും കൂടും. നെല്ല് വിളഞ്ഞാല്‍ കിളികളെ ആട്ടാന്‍ പോകും. തപ്പുകൊട്ടി ഒച്ചയുണ്ടാക്കിയാണ് കതിരു കൊത്താനെത്തുന്ന തത്തകളെ ആട്ടിപ്പായിക്കേണ്ടത്. 
പണിക്കാരുടെ മുമ്പിലെത്തിയാല്‍ ബാപ്പ രാജാവാണ്. പണിക്കാരും പണിക്കാരത്തികളും ബാപ്പയുടെ വാക്കുകള്‍ക്കായി ചെവി വട്ടം പിടിച്ച് നില്‍ക്കും.
ബാപ്പയുടെ പിന്നില്‍ കയ്യും വീശി പറമ്പിലും പാടത്തും അങ്ങനെ നടക്കാന്‍ നല്ല രസമാണ്. കൊയ്യുന്ന കാലത്ത് ചേറില്‍ മീന്‍ പുളക്കും. മീന്‍ പിടിക്കാന്‍ ഞങ്ങള്‍ ചേറിലിറങ്ങും. ചേറില്‍ പൂണ്ട കാലുകള്‍ ആണ്ടുപോകും. ചെറുമിപ്പെണ്ണുങ്ങളുടെ മുണ്ടിന് പിടിക്കും വീഴാതിരിക്കാന്‍.
ഈ മാപ്പളക്കുട്ടിന്റൊര് കാര്യം.. നെലത്ത് നിക്ക് കുട്ട്യേ... ന്റെ മുണ്ടയൂം... 
പറമ്പില്‍ തെങ്ങും കവുങ്ങുമാണ്. പിലാവും മൂച്ചിയും ഇഷ്ടം പോലെ. പറങ്കിമൂച്ചികള്‍ നിറച്ചും കായ്ച്ചു നില്‍ക്കും. മാങ്ങയും ചക്കയും തിന്ന് തിന്ന് തൂറ്റലു പിടിക്കും. ചക്കയും മാങ്ങയുമൊക്കെ ബാപ്പ പറിച്ചു തരും. അല്ലെങ്കില്‍ പണിക്കാരോട് പറയും, ഓല്‍ക്ക് എന്താ മാണ്ട്യാച്ചാ പറിച്ച് കൊട്ക്ക്..
പറമ്പില്‍ നടുക്കായി ഒരു കുളമുണ്ട്. നിറയെ മീനുണ്ട്. അതിനേക്കാളേറെ അട്ടകളും. അട്ടക്കുളം എന്നാണ് ഞങ്ങള്‍ ആ കുളത്തിന് പേരിട്ടിരിക്കുന്നത് തന്നെ. ആ കുളത്തിലിറങ്ങി ബാപ്പ മീന്‍ പിടിക്കും. മീന്‍ കൊല്ലിക്കുരു അരച്ചു കലക്കിയാല്‍ മീനുകള്‍ ബോധം കെട്ട് പൊന്തിവരും. പിന്നെ പെറുക്കികൂട്ടിയാല്‍ മതി.
മീന്‍ പെറുക്കിയിടുന്നതിനിടെ കാലില്‍ പറ്റിക്കിടക്കുന്ന അട്ടകളെ ബാപ്പ പറിച്ചിടുന്നതു കാണാം.
പണിക്കിടയിലും ബാങ്ക് കൊടുക്കുന്നത് കേട്ടാല്‍ തോട്ടില്‍ നിന്ന് വുളുവെടുത്ത് പാറയില്‍ മുണ്ട് വിരിച്ച് നിസ്‌ക്കരിക്കും ബാപ്പ. കറുത്ത ശരീരമായിരുന്നു ബാപ്പയുടേത്. കഠിനാധ്വാനത്തിന്റെ കരുത്ത് സൂര്യവെളിച്ചത്തില്‍ തിളങ്ങുന്നതു കാണാം നിസ്‌കരിക്കുമ്പോള്‍.  
കൊയ്ത്തു കഴിഞ്ഞാല്‍ വീട്ടുമുറ്റത്തിട്ടാണ് കറ്റതല്ലുക. പണിക്കാരത്തികളുടെ തിരക്കാവും അന്ന്. വീട്ടുമുറ്റത്ത് കറ്റകള്‍ കൂട്ടിയിടും. പിന്നെ ആ വൈക്കോല്‍ കൂനയിലാവും ഞങ്ങളുടെ ഒളിച്ചുകളികള്‍. ഞാനും മൂത്തമ്മമാരുടെ കുട്ടികളും സാറ്റ് കളിക്കും. വൈക്കോലില്‍ കുത്തിമറിഞ്ഞ് ശരീരമാകെ ചൊറിയും. 
ബാപ്പ ഒക്കെ നോക്കിനില്‍ക്കും. കയ്യില്‍ കുത്തിനടക്കാന്‍ പാകത്തിനൊരു വടിയുണ്ടാവും. ശരീരത്തിന്റെ ഒരു ഭാഗമെന്ന പോലെ ഒരു നായയും. ബാപ്പ അകത്തുണ്ടെങ്കില്‍ നായ കോലായക്കു മുന്‍പിലെ തിണ്ടില്‍ ചുരുണ്ടു കിടപ്പുണ്ടാവും. പാടത്തേക്കും പറമ്പിലേക്കും ഇറങ്ങുമ്പോള്‍ അവനും കൂടെയിറങ്ങും. പള്ളിയിലേക്കു പോകുമ്പോള്‍ മാത്രം അവന്‍ വാലാട്ടി നില്‍ക്കും. ബാപ്പ പോകുന്നതു വരെ. പിന്നെ വീടിനുചുറ്റും ഒരു ഉലാത്തലാണ്.
ധാരാളം കന്നുകാലികളുണ്ടായിരുന്നു വീട്ടില്‍.
പൈക്കളെ കുളിപ്പിക്കാന്‍ കൊണ്ടുപോവുന്നത് ബാപ്പയാണ്. പള്ളിയും കഴിഞ്ഞാണ് പുഴ. പുഴയില്‍ മൂക്കുമാത്രം പുറത്തേക്കിട്ട് പൈക്കള്‍ കിടക്കും. വള്ളി പറിച്ച് ബാപ്പ പൈക്കളെ ഉരച്ച് കുളിപ്പിക്കും. ഞങ്ങളും കൂടും കുളിപ്പിക്കാന്‍. വള്ളി പറിച്ച് ഉരക്കും. പൈക്കളുടെ പുറത്ത് കടിച്ചു കിടക്കുന്ന ഉണ്ണികളെ പറിച്ചുകളയും. 
ഉമ്മയുടെ വീട്ടില്‍ പോകുന്നതിലുള്ള ആകെയുള്ള എടങ്ങേറ് അവിടെ കക്കൂസ് ഇല്ലായിരുന്നു എന്നതാണ്. താഴെ പരന്നു കിടക്കുന്ന റബര്‍ തോട്ടത്തില്‍ പോയിരുന്നായിരുന്നു കാര്യം നടത്തിയിരുന്നത്. ഞങ്ങളുടെ എടങ്ങേറ് കണ്ടിട്ടാവാം ബാപ്പ രണ്ടു പണിക്കാരെയും കൂട്ടി വന്ന് ഒരു കുഴിയെടുത്ത് പനംപാത്തിയിട്ട് ഓലകൊണ്ട് മറച്ച് ഒരു കക്കൂസുണ്ടാക്കി.
പൈക്കളെ തീറ്റാന്‍ പോവുന്നത് വല്ല്യുമ്മയോ മൂത്തമ്മയുടെ മക്കളോ ആവും. ഞങ്ങളും അവരുടെ കൂടെ പോവും. തൊടിയില്‍ പഴുത്തു നില്‍ക്കുന്ന പാണല്‍പഴം പറിച്ച് തിന്ന് പള്ളനിറക്കും. ചോരക്കട്ടപ്പഴം തിന്ന് തൊള്ള ചോക്കും. നിറയെ കായ്ച്ചു നില്‍ക്കുന്ന ഒരു നെല്ലിക്ക മരമുണ്ടായിരുന്നു. മരമൊന്നു കുലുക്കിയാല്‍ തന്നെ കുലുകുലെ താഴേക്കു ചാടും. നെല്ലിക്ക തിന്ന് വെള്ളം കുടിച്ച് മധുരം നിറക്കും. 
റബറു വെട്ടുന്നയാള്‍ പാലൂറ്റാനും ഷീറ്റടിക്കാനുമൊന്നും നില്‍ക്കില്ല. പാലൂറ്റുന്നതും ഷീറ്റാക്കുന്നതും സീറ്റടിക്കുന്നതുമൊക്കെ വല്ല്യുമ്മയോ കുഞ്ഞിമ്മുവോ ആണ്. പാലൂറ്റാന്‍ ഞങ്ങളും കൂടും. ചിരട്ടയില്‍ ഊറിക്കൂടിയ പാല് വിരലുകൊണ്ട് തുടച്ച് ബക്കറ്റിലേക്ക് ഊറ്റും. വിരലില്‍ ഒട്ടുപാല്‍ ഒട്ടി മണക്കും. ഷീറ്റുണ്ടാക്കുന്ന പാത്രത്തിലേക്ക് പാല്‍ പാര്‍ന്ന് ആസിഡ് അളന്നു കൂട്ടി പാളക്കഷ്ണം കൊണ്ട് ഇളക്കി വടിച്ച് പതകളഞ്ഞ് ഉണക്കാന്‍ വെക്കും. എല്ലാം ദൂരെ നിന്ന് ബാപ്പ വീക്ഷിക്കുന്നുണ്ടാവും. 
വൈകുന്നേരം കട്ടിയുള്ള ഷീറ്റ് ഇളക്കിയെടുത്ത് അടിക്കാന്‍ കൊണ്ടു പോവും. ഷീറ്റു നിറച്ച പാത്രം കുഞ്ഞിമ്മു തലയില്‍ വെക്കും. റബര്‍ മണമുള്ള വെള്ളം കുഞ്ഞിമ്മുവിന്റെ മാക്‌സിയിലേക്ക് ഉറ്റി വീഴുന്നുണ്ടാവും. കുഞ്ഞിമ്മു ഷീറ്റെടുത്ത് മെഷീനിലേക്ക് വെക്കും. മെഷീന്‍ തിരിച്ചുകൊടുക്കാനാണ് ഞങ്ങള്‍ പോകുന്നത്. തിരിക്കാന്‍ ഞാനും അനിയനും തിരക്കുകൂടും.
കട്ടിയുള്ള ഷീറ്റ് അമര്‍ന്ന് അമര്‍ന്ന് ബലം വെക്കും. നെടുകെയുള്ള നേര്‍ത്ത വരകളുള്ള ഡിസൈന്‍കൂടി പതിപ്പിച്ച് ഓരോ ഷീറ്റും അട്ടിവെക്കും. 
മൂത്തമ്മയുടെ മകളാണ് കുഞ്ഞിമ്മു. ഞാന്‍ കുഞ്ഞിമ്മുവിന്റെ ഉമ്മയെ കണ്ടിട്ടില്ല. എനിക്ക് ഓര്‍മ വെക്കും മുന്‍പെ അവര്‍ മരിച്ചിരുന്നു. കുഞ്ഞിമ്മു മൂത്തമ്മയുടെ മകളായല്ല, ഉമ്മയുടെ അനിയത്തിയായിട്ടാണ് ഞങ്ങള്‍ക്ക് തോന്നാറ്. ഉമ്മയില്ലാത്ത കുട്ടിയല്ലെ, ബാപ്പാക്ക് കുഞ്ഞിമ്മുവിനോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു, വല്ല്യുമ്മാക്കും.
വീട്ടിനു മുകളിലും താഴെയുമായി രണ്ടു കിണറുകളുണ്ട്. വേനല്‍ കനക്കും മുമ്പേ മുകളിലെ കിണറു വറ്റും. താഴത്തെ കിണര്‍ അപ്പോഴും നിറഞ്ഞു കിടപ്പുണ്ടാവും. കിണറിനടുത്തായി ഒരു നാരങ്ങ മരമുണ്ടായിരുന്നു. ആ വെള്ളത്തിനും നാരങ്ങയുടെ മണമാണെന്ന് തോന്നാറുണ്ട്. അവിടെ നിന്നാണ് ബാപ്പ കുളിക്കുന്നത്. എന്നിട്ടും ബാപ്പാക്ക് കൊട്ടന്‍ചുക്കാദിയുടെ മണം തന്നെ. 
കുറച്ചപ്പുറത്തായി ഒരു കുളമുണ്ട്. അലക്കാന്‍ നല്ലത് കുളത്തില്‍ പോകുന്നതാണെന്നാണ് പെണ്ണുങ്ങള്‍ പറയുന്നത്. കുളത്തിലേക്ക് പോകുന്നത് കുട്ടികള്‍ക്കും ഇഷ്ടമായിരുന്നു. നിറയെ പെണ്ണുങ്ങളുണ്ടാവും കുളത്തില്‍. കുളത്തിനടുത്തൂടെയുള്ള വരമ്പിലൂടെ ആണുങ്ങളാരെങ്ങിലും വരുന്നുണ്ടെങ്കില്‍, കൂവി ശബ്ദമുണ്ടാക്കിയാണ് വരിക. അതു കുളത്തിലിറങ്ങിയ പെണ്ണുങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. അവര്‍ കൂവല്‍ കേട്ടാല്‍ തുണി നേരെയാക്കും. മാറും തലയും മറക്കും. ചിലര്‍ ആഴത്തിലേക്ക് ഊളിയിടും. ആഴം കുറഞ്ഞ ഭാഗത്ത് ഞങ്ങള്‍ അപ്പോഴും കാലിട്ടടിച്ച് കളിക്കും.
കുളത്തിലേക്ക് കുട്ടികളെയും കൂട്ടി പോകുന്നത് ബാപ്പക്ക് ഇഷ്ടമായിരുന്നില്ല. ബാപ്പ കാണാതെയാണ് ഞങ്ങള്‍ പെണ്ണുങ്ങളുടെ കൂടെ കൂടുന്നത്. 
മൂത്തമ്മയുടെ വീട് ഏറെ ദൂരെയല്ല. മൂത്തമ്മയുടെ വീട്ടില്‍ പോയി നില്‍ക്കുന്നതായിരുന്നു ഞങ്ങള്‍ക്കിഷ്ടം. അവിടെയാണ് കളിക്കാന്‍ കുട്ടികള്‍ ഏറെയുള്ളത്. മൂത്തമ്മയുടെ മക്കളും അവരുടെ അയലോക്കത്തെ കുട്ടികളും. എന്തു രസമായിരുന്നു. 
മൂത്തമ്മയുടെ മകന്‍ കുഞ്ഞുട്ടി അങ്ങാടിയിലേക്ക് വരുമ്പോള്‍ ഞങ്ങളവന്റെ കൂടെ കൂടലാണ്. 
കോലായിലെ കട്ടിലിന്‍മേല്‍ ചിമ്മിനിവിളക്ക് കത്തിച്ചുവെച്ച് വട്ടത്തിലിരുന്ന് ഞങ്ങള്‍ അരിപ്പോം തിരിപ്പോം കളിക്കും. അക്കിത്തിക്കുത്താന കളിക്കും. 
കടങ്കഥ പറയും. ഞാന്‍ അന്നേ ഭയങ്കര നുണയനായിരുന്നു. വലിയ വലിയ നുണക്കഥകള്‍ മെനഞ്ഞുണ്ടാക്കി കുട്ടികളെ പൊട്ടീസാക്കും. അവരതൊക്കെ വിശ്വസിക്കും.
കൂടുതലും കള്ളന്‍മാരുടെ കഥകളാണ് ഉണ്ടാക്കുക. കള്ളന്‍ വന്നതും കട്ടോണ്ടു പോയതും പൊലീസു പിടിച്ചതും. കഥാപാത്രങ്ങളൊക്കെ അവര്‍ക്ക് സുപരിചിതരായിരിക്കും. അതുകൊണ്ടു തന്നെ അവര്‍ക്കതില്‍ താല്‍പര്യവും കൂടും. 
രാത്രി നെരക്കനെ പായയിട്ടാണ് കിടക്കുക. വര്‍ത്താനം പറഞ്ഞ് കിടന്ന് ഏറെ വൈകും ഉറങ്ങാന്‍. രാത്രി ജിന്നുകളുടെ കഥയാണ് പറയുക. ജിന്നിനെ കണ്ടത്. ജിന്നിനോട് സലാം പറഞ്ഞത്. ജിന്നു കേറിയ പെണ്ണ്. മോല്യാര് ആ ജിന്നിനെ അടിച്ചിറക്കണത് കണ്ടത്.
ഇഞ്ഞ് മതി. വര്‍ത്താനം നിര്‍ത്തി ഒറങ്ങാന്‍ നോക്കിം.
മൂത്തമ്മ പറയും.
എല്ലാവരും ഉറങ്ങിയാലും ഞാന്‍ ഓരോന്ന് ആലോചിച്ച് ഉറക്കം വരാതെ കിടക്കും കുറേ നേരം. അപ്പോള്‍, പുറത്തു നിന്ന് ഒരു നായയുടെ കുര കേള്‍ക്കും. ആ കുരക്കുന്നത് ബാപ്പയുടെ നായയല്ലേ എന്ന് തോന്നും. അപ്പോള്‍ ബാപ്പയുടെ സാന്നിധ്യം പോലെ കൊട്ടന്‍ചുക്കാദി മണക്കും.
പകല്‍ പൈക്കളെ തീറ്റാന്‍ പോകും. അയലോക്കത്തെ കുട്ടികളുമുണ്ടാവും. പൈക്കളെ മേയാന്‍ വിട്ട് വല്ല മരത്തിന്റെ ചോട്ടിലും ഇരിക്കും. മാങ്ങയോ നെല്ലിക്കയോ കടിച്ച് വര്‍ത്താനം തുടങ്ങും. പുതിയ പുതിയ നുണക്കഥകള്‍ മെനഞ്ഞുണ്ടാക്കി എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് മാത്രം ഞാന്‍ പിടിച്ചെടുക്കും. ഓരോ നുണക്കഥയും വിജയകരമായി പറഞ്ഞവസാനിക്കുമ്പോള്‍ ഞാനൊരു വലിയ സംഭവമാണല്ലോ എന്ന് എനിക്ക് തോന്നും. 
അവസാനം, ഉമ്മ ഞങ്ങളെ കൊണ്ടുപോകാന്‍ വരുമ്പോഴാവും ഒക്കെ പൊളിയുക. 
എന്തൊര് നൊണ പറച്ചിലാദ്. ഞാന്‍ ബാപ്പാനോട് പറയണോ..
ഉമ്മ ചോദിക്കും. ബാപ്പാനോട് പറഞ്ഞാലും എനിക്കൊന്നുമില്ല. എനിക്ക് ബാപ്പയെ പേടിയായിരുന്നില്ല. ബാപ്പ ഒരിക്കലും ഞങ്ങളെ തല്ലിയിട്ടില്ല. ഒന്ന് ഒച്ചയിട്ടിട്ടു പോലുമില്ല.
പിന്നെ ഞാന്‍ സത്യം പറഞ്ഞാലും അവര്‍ വിശ്വസിക്കാതായി.
ഇജ്ജ് പൊയ്ക്കാ നൊണ പറയാതെ.. അന്റൊരു ബഡായി. വിടല്‍ മൊയ്തു..!
ചിലര്‍ പറയും, ഓന്‍ പറഞ്ഞോട്ടെടീ.. നൊണയാണെങ്കിലും കേക്കാന്‍ രസണ്ട്.. ഇജ്ജ് പറയെടാ..
ഒരു വിരുന്നുകാലത്താണ് ഞങ്ങള്‍ അമ്മായി എന്നു വിളിക്കുന്ന മൂത്തമ്മയുടെ മകള്‍ മരിച്ചത്. വയറിനുള്ളില്‍ മുഴയായിരുന്നു. വീര്‍ത്ത വയറുമായി അവള്‍ ഞങ്ങളുടെ കൂടെ കളിക്കാറുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം വേദനയേറി ആസ്പത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ഞങ്ങള്‍ അപ്പോഴും നല്ല കളിയിലായിരുന്നു. ഒരു കെട്ട് മരുന്നുകളുമായി അവളിപ്പോള്‍ തിരിച്ചുവരുമെന്നും പ്രതീക്ഷിച്ച് നില്‍ക്കെയാണ് ഒരു ജീപ്പില്‍ വെളുത്ത തുണി പൊതിഞ്ഞ് അവള്‍ വന്നിറങ്ങിയത്. കോലായില്‍ ഒരു കട്ടിലില്‍ ഒന്നും മിണ്ടാതെ അവള്‍ കിടന്നു.
ബാപ്പ തന്റെ കട്ടിലില്‍ ഇരിപ്പുണ്ടായിരുന്നു. നനഞ്ഞ കണ്ണുമായി. 
ബാപ്പാക്ക് സുഖമില്ലാതായപ്പോള്‍ ഞാന്‍ കോഴിക്കോടാണ്. പഠിക്കാന്‍ പോയി പണിയൊക്കെയായി നില്‍പ്പാണ്. 
ഒരു ഒഴിവുദിനം മണ്ടിപ്പാഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഉമ്മ പറഞ്ഞു, 
ബാപ്പാക്ക് തീരെ സുഖല്ല. ഇജ്ജൊന്ന് അവ്‌ടെ പോയി നോക്ക്.
എനിക്ക് നേരമില്ലായിരുന്നു.
അടുത്താഴ്ച വരുമ്പോ പോവാം.
ഞാന്‍ കോഴിക്കോടെത്തി രണ്ടാമത്തെ ദിവസം താമസ സ്ഥലത്തിനടുത്ത വീട്ടിലേക്ക് ഫോണ്‍ വന്നു.
ബാപ്പ മരിച്ചു, ഇന്ന് രാവിലെ, വൈന്നേരം എട്ക്കും.
ചെന്നു കയറുമ്പോള്‍ ബാപ്പയുടെ നായ വഴിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇടക്ക് എണീറ്റ് വീടിന് ചുറ്റും ഓടുകയും, പിന്നെ കോലായക്ക് മുന്നില്‍ വന്ന് നിന്ന് മോങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. പൈക്കളെല്ലാം കരയുന്നുണ്ടെന്ന് തോന്നി. ദയനീയമായിരുന്നു അവയുടെ നില്‍പ്പ്. ഒന്നും തിന്നാന്‍ കൂട്ടാക്കാതെ തല അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ച്.
കോലായില്‍ ബാപ്പ അതേ കട്ടിലില്‍ കിടക്കുകയായിരുന്നു ഞാന്‍ കയറിച്ചെല്ലുമ്പോഴും. മരിച്ചെന്നു തോന്നിയില്ല. കണ്ണടച്ചു കിടക്കുന്ന പോലെ. പള്ളിയിലെത്തും വരെ നായയും പിന്നിലുണ്ടായിരുന്നു. നിസ്‌കാരം കഴിഞ്ഞ് പള്ളിത്തൊടിയിലേക്ക് കയറുമ്പോള്‍ തൊടിക്കപ്പുറത്ത് അവന്‍ നില്‍ക്കുന്നതു കണ്ടു.
പള്ളിത്തൊടിയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ വീടിന് കൊട്ടന്‍ചുക്കാദിയുടെ മണമായിരുന്നു. ബാപ്പ കോലായിരിപ്പുണ്ടെന്ന് തോന്നി. പക്ഷേ, കോലായക്ക് മുന്നില്‍ ചുരുണ്ടു കൂടി അവന്‍ കിടപ്പില്ലല്ലോ എന്ന് പെട്ടെന്നാണ് ഓര്‍ത്തത്..

ചന്ദ്രിക വാരാന്തപ്പതിപ്പ് (2013 ജൂലൈ 28)
.




Comments

  1. പള്ളിത്തൊടിയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ വീടിന് കൊട്ടന്‍ചുക്കാദിയുടെ മണമായിരുന്നു. ബാപ്പ കോലായിരിപ്പുണ്ടെന്ന് തോന്നി. പക്ഷേ, കോലായക്ക് മുന്നില്‍ ചുരുണ്ടു കൂടി അവന്‍ കിടപ്പില്ലല്ലോ എന്ന് പെട്ടെന്നാണ് ഓര്‍ത്തത്..

    ReplyDelete
  2. Kottan chukaadi brings memories

    ReplyDelete
  3. ഓർമ്മകൾക്ക് ഒരു കൊട്ടന്‍ചുക്കാദി മണം

    ReplyDelete
  4. ഓര്‍മ്മകളുടെ കൊട്ടന്‍ ചുക്കാദി മണം.ഹൃദ്യമായി എഴുതി

    ReplyDelete
  5. മനോഹരമായ ഒരു കാലത്തെ മനോഹരമായിത്തന്നെ അവതരിപ്പിച്ചു.
    ..കറുത്ത ശരീരമായിരുന്നു ബാപ്പയുടേത്. കഠിനാധ്വാനത്തിന്റെ കരുത്ത് സൂര്യവെളിച്ചത്തില്‍ തിളങ്ങുന്നതു കാണാം നിസ്‌കരിക്കുമ്പോള്‍ ...
    ഈ വരികളില്‍ ഒരു കര്‍ഷകന്റെ മനസ്സും പകല്‍ പോലെ സുവ്യക്തമായി തെളിയിച്ചു..
    ..പൈക്കളെല്ലാം കരയുന്നുണ്ടെന്ന് തോന്നി. ദയനീയമായിരുന്നു അവയുടെ നില്‍പ്പ്. ഒന്നും തിന്നാന്‍ കൂട്ടാക്കാതെ തല അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ച്..
    സൂക്ഷ്മമായ കഥാപാശ്ചാതലങ്ങള്‍ ..
    എല്ലാം വളരെ ഹൃദ്യമായി.

    ReplyDelete
  6. നല്ല അവതരണം. ഒരു സംശയം ബാക്കി. ഇതിലെ ബാപ്പ ഉമ്മാന്റെ ബാപ്പയല്ലെ,വല്ലിപ്പ?

    ReplyDelete
  7. ഓരോരോ ഓര്‍മ്മകള്‍ക്കും ഓരോരോ ഗന്ധമാണ്.

    എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത ഓര്‍മ്മകള്‍ ..സുഗന്ധങ്ങള്‍

    ReplyDelete
  8. നമുക്കെല്ലാം എന്തൊക്കെ പഠിക്കാൻ ഉണ്ടായിരുന്നു ഇവരിൽ നിന്നെല്ലാം,
    ഇന്ന് അവയെല്ലാം ഓർമകൾ മാത്രം

    ReplyDelete
  9. കൊട്ടൻ ചുക്കാദി മണമുള്ള ഓർമ്മകൾ....
    ആശംസകൾ...

    ReplyDelete
  10. ഓരോ മണവും സുഖവും നൊമ്പരവുമുള്ള ഓര്‍മകള്‍ ഉണര്‍ത്തുന്നു ... നല്ല അവതരണം മുഖ്താര്‍ ...!

    ReplyDelete
  11. കോട്ടന്‍ ചുക്കാദി മണം പരന്നൊഴുകിയ ഓര്‍മ്മകള്‍.
    നന്നായിട്ടുണ്ട്.

    ReplyDelete
  12. നല്ല അവതരണം

    ReplyDelete
  13. " ഓര്‍മകള്‍ക്കില്ല ചാവും ചിതകളും
    ഊന്നുകോലും ജരാനരാ ദുഖവും.."

    ചന്ദന തൈലത്തിന്റെ മണമാണ് എന്റെ ബാല്യകാലസ്മരണകള്‍ക്ക് . കുറിപ്പ് നന്നായി .

    ReplyDelete
  14. പറഞ്ഞുതീരാത്ത ഓര്‍മ്മകള്‍ ...

    ReplyDelete
  15. ഓര്‍മ്മ ചിത്രങ്ങള്‍ നന്നായി...നല്ല കോയിക്കോടന്‍ ഭാഷ...

    ReplyDelete
  16. wonderful...memories are precious..Should have told that BAPPA is VALYUPPA...got confused..any way enjoyed your narration..

    Nostalgic..

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.