Sep 22, 2013

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറക്കണോ?
പതിനെട്ട് അത്ര വലിയ പ്രായമാണോ 
മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് 

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്ന് കുറക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംസംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അതിന്നായി കോഴിക്കോട്ട് യോഗം ചേര്‍ന്നെന്നും പ്രത്യേക സമിതി രൂപവത്ക്കരിച്ചെന്നുമാണ് പുതിയ വാര്‍ത്ത. ഇത്തരമൊരു വാര്‍ത്ത ഏറെ ആശങ്ക വളര്‍ത്തിയിരിക്കുക സമുദായത്തിനകത്തെ പെണ്‍കുട്ടികളുടെ മനസ്സില്‍ തന്നെയാവും. 
മുസ്‌ലിം പെണ്‍കുട്ടികളുടെ മാത്രമല്ല, മുസ്‌ലിം സമുദായത്തിന്റെ തന്നെ മാനസിക ഉന്നമനത്തിന് തടയിടുന്ന തീരുമാനമാണിത്. വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ ഉന്നതിയിലേക്ക് കുതിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ മനസ്സും വിചാരവും മനസ്സിലാക്കാനാവാത്ത നേതൃത്വം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകുമെന്നത് മറക്കരുത്. മുസ്‌ലിം സമുദായത്തിന്റെ പൊതുധാരണകള്‍ പോലും വകവെക്കാതെ നേതൃത്വം കാണിക്കുന്ന അവിവേകങ്ങള്‍ ഈയിടെയായി പലനിലക്കും സമുദായത്തിന് ദോശം വരുത്തുന്നുണ്ട്. വ്യത്കിപരമായ ഗുണങ്ങള്‍ക്കും സംഘടനാ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഒരു മതത്തിന്റെ മഹനീയ ദര്‍ശനങ്ങളെ അപകീര്‍ത്തിപ്പെടുത്തരുത്. സാമൂഹികമായി ഉണര്‍വുള്ള ഒരു ബഹുമത സമൂഹത്തില്‍ ലയിച്ചാണ് മുസ്‌ലിം സമുദായം ജീവിക്കുന്നതെന്ന കാര്യമെങ്കിലും മുസ്‌ലിം സംഘടനകള്‍ മനസ്സിലാക്കേണ്ടിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറച്ചാല്‍ മുസ്‌ലിംസമുദായത്തിലെ എല്ലാ പ്രതിസന്ധികളും അവസാനിച്ചെന്ന മട്ടിലാണ് ചിലരുടെ ആവേശം.
വിവാഹപ്രായം ആപേക്ഷികമാണെന്ന നിലപാടാണ് സത്യസന്ധം. കേരളത്തിലെ സാമൂഹിക ജീവിത ചുറ്റുപാടനുസരിച്ച് ഇന്ന് പതിനെട്ടിലും മാനസിക ശാരീരിക പക്വത കൈവരിക്കുന്നില്ല, പെണ്‍കുട്ടികള്‍. ജീവിതത്തിന്റെ തീക്ഷ്ണഭാവങ്ങളെ ഉള്‍ക്കൊള്ളാനും കുടുംബ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെ സമചിത്തതയോടെ സമീപിക്കാനും അതുവഴി ദാമ്പത്യ ജീവിതം ആനന്ദകരമാക്കിത്തീര്‍ക്കാനുമുള്ള തിരിച്ചറിവ് നേടാത്ത പ്രായത്തിലുള്ള വിവാഹങ്ങള്‍ സമൂഹത്തിലുണ്ടാക്കിയിട്ടുള്ള സംഘര്‍ഷങ്ങളെക്കുറിച്ച് പഠിക്കാനാണ് മുസ്‌ലിംസംഘടനകള്‍ ആദ്യമൊരു സമിതിയെ നിശ്ചയിക്കേണ്ടിയിരുന്നത്. 
വിവാഹത്തെക്കുറിച്ച് ഉന്നതവും മഹിതവുമായ കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്ന മതമാണ് ഇസ്‌ലാം. മാനസികവും ശാരീരികവുമായ പക്വതയാണ് വിവാഹപ്രായമായി ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ദാമ്പത്യജീവിതത്തിന്റെ ആനന്ദവും കുടുംബ ജീവിതത്തിന്റെ ഊഷ്മളതയും കണ്ടെത്താനും കൊള്ളക്കൊടുക്കലുകളിലൂടെ അതിന് മധുരം പകരാനും കഴിയുന്ന പക്വത കൈവരിക്കുമ്പോഴാണ് ആണും പെണ്ണും വിവാഹത്തിനു പാകപ്പെടുന്നത്. ഈ പാകപ്പെടലിനു മുമ്പുള്ള ആവേശങ്ങളൊക്കെ അപകടകരമാണ്. ദാമ്പത്യ ജീവിത്തിലെ സംഘര്‍ഷങ്ങളും അസ്വാരസ്യങ്ങളും സര്‍വസാധാരണമായിരിക്കുന്നത് ഈ പാകപ്പെടലിന്റെ അപാകതയാണ്. 
പെണ്‍കുട്ടികളുടെ നേരത്തെയുള്ള വിവാഹം അവരുടെ മനസ്സിലും ശരീരത്തിലുമുണ്ടാക്കുന്ന പരിക്കുകളെക്കുറിച്ചെങ്കിലും ഈ നേതാക്കള്‍ക്ക് ബോധമുണ്ടാവണം. പെണ്‍കുട്ടികളില്‍ ജീവിത- ലൈംഗിക വിരക്തിക്കു വരെ നേരത്തെയുള്ള വിവാഹങ്ങള്‍ കാരണമാകുന്നുണ്ട്. വിവാഹം കുട്ടിക്കളിയല്ലെന്നും അതിന്റെ കാര്യഗൗരവം ഏറെ വ്യാപ്തമാണെന്നും തിരിച്ചറിവില്ലാത്തവര്‍ ഇന്ന് മുസ്‌ലിം നേതൃത്വത്തിലുണ്ടെന്ന് തോന്നുന്നില്ല.
വിവാഹമോചനങ്ങളും കുടുംബ പ്രശ്‌നങ്ങളും മുസ്‌ലിംകുടുംബ ജീവിതത്തിലും ഭീകരമായി ഏറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുസ്‌ലിം സംഘടനാ നേതാക്കള്‍ ഇങ്ങനെയൊരു ആവശ്യത്തിന് കൂടിയിരിക്കാന്‍ അവസരം കണ്ടെത്തിയതെന്ന കാര്യം ഒരു മുസ്‌ലിമെന്ന നിലയില്‍ എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. 
പതിനെട്ടു വയസ്സിനു മുമ്പേ പെണ്‍കുട്ടികളെ കെട്ടിച്ചു വിടാനുള്ള രക്ഷിതാക്കളുടെ തിടുക്കത്തെ നിരുല്‍സാഹപ്പെടുത്തുന്ന ബോധവത്ക്കരണങ്ങളായിരുന്നു സംഘടനകള്‍ ഏറ്റെടുക്കേണ്ടിയിരുന്നത്. വിവാഹപ്രായമെത്തിയ ആണിനും പെണ്ണിനും ഭാവി ജീവിതത്തിനാവശ്യമായ ഉള്‍ക്കരുത്തും തിരിച്ചറിവുകളും പകരാനും അതുവഴി മുസ്‌ലിം വീടകങ്ങളില്‍ സമാധാനജീവിതം കൊണ്ടുവരാനും വേണ്ട പ്രായോഗിക പദ്ധതികളെക്കുറിച്ചായിരുന്നു നേതാക്കള്‍ കൂടിയിരുന്ന് ചിന്തിക്കേണ്ടിയിരുന്നത്. സ്ത്രീധനമെന്ന പിശാച് പാവപ്പെട്ട മുസ്‌ലിം പെണ്‍കുട്ടികളുടെ സ്വപ്നത്തിലും ജീവിതത്തിലും നിറക്കുന്ന കൂരിരുള്‍ മായ്ക്കാന്‍ എന്തുചെയ്യാനാവുമെന്നായിരുന്നു അവര്‍ ആലോചിക്കേണ്ടിയിരുന്നത്. 
മുസ്‌ലിം പുരോഗമന പ്രസ്ഥാനങ്ങളെന്ന് മേനി നടിക്കുന്നവരും ഈ യോഗത്തില്‍ പങ്കാളികളായിരുന്നുവെന്നത് ഖേദകരമാണ്. മുസ്‌ലിം സംഘടനകള്‍ കൂടുതല്‍ യാഥാസ്ഥിതികമായിക്കൊണ്ടിരിക്കുകയാണോ?
കാലത്തെയും ചുറ്റുപാടിനെയും തിരിച്ചറിയാത്ത നേതൃത്വത്തിന് വിജയമുണ്ടാവില്ലെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്. നേതൃത്വത്തിനും സംഘടനകള്‍ക്കും വരുന്ന പിഴവുകള്‍ക്ക് മറുപടി പറയേണ്ടി വരുക ഒരു സമുദായമാണെന്ന് മറക്കരുത്.
പെണ്‍കുട്ടികളെ പഠിക്കാന്‍ പ്രേരിപ്പിക്കുകയും സ്വത്വം കണ്ടെത്താന്‍ പ്രചോദിപ്പിക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്. മുസ്‌ലിം ചരിത്രത്തിലെ ധീരവനിതകളുടെ ചരിത്രം അവരെ പഠിപ്പിക്കേണ്ടതുണ്ട്. ഉണര്‍വും ഉശിരുമുള്ള പെണ്‍കുട്ടികളായി അവര്‍ വളരട്ടെ.
വിവാഹക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് സ്വയം തീരുമാനിക്കാനുള്ള അവകാശം ഇസ്‌ലാം വകവെച്ചു കൊടുത്തിട്ടുണ്ട്. അവളുടെ ഇഷ്ടമില്ലാതെ നടത്തുന്ന വിവാഹം സാധുവാകില്ലെന്നു പഠിപ്പിച്ച മതമാണ് ഇസ്‌ലാം. അതുകൊണ്ടു തന്നെ സംഘടനകളുടെ ആവശ്യത്തെ മുസ്‌ലിം പെണ്‍കുട്ടികള്‍ അംഗീകരിക്കുമെന്നു തോന്നുന്നില്ല. 
കോഴിക്കോട്ട് നടന്ന വിവാദ വിവാഹത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായതെന്നാണ് പറയുന്നത്. 
ആര്‍ക്ക് തെറ്റ് സംഭവിച്ചാലും അവര്‍ ശിക്ഷക്ക് അര്‍ഹരാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും, പിന്നീട് തെറ്റ് കണ്ടെത്തുമ്പോള്‍ നിയമത്തെ പഴിക്കുകയും ചെയ്യുന്നത് മുസ്‌ലിമിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല. രാജ്യത്തിന്റെ നിയമങ്ങളെ മാനിക്കലാണ് മതം. നിശ്ചിത പ്രായമെത്തും മുന്‍പുള്ള വിവാഹത്തിന് നേതൃത്വം നല്‍കുന്നവരെ മാത്രമല്ല സ്ത്രീധനം വാങ്ങിയും കൊടുത്തുമുള്ള വിവാഹത്തിന് കാര്‍മികത്വം നല്‍കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 20ഉം ആണ്‍കുട്ടികളുടെത് 25ഉം ആക്കി ഉയര്‍ത്തണമെന്നാണ് കാലത്തെ തിരിച്ചറിയുന്ന മുസ്‌ലിം സംഘടനകള്‍ വാദിക്കേണ്ടിയിരുന്നത്. അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ മുസ്‌ലിം സംഘടനകള്‍ക്കും ബാധകമാണ്. 
പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി നിജപ്പെടുത്തിയ സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ മുസ്‌ലിം സമുദായത്തിനകത്ത് നിലനില്‍ക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാരം കണ്ടെത്താനുമാണ് യോഗം ചേര്‍ന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത ചില സംഘടനാ പ്രതിനിധികള്‍ പറയുന്നുണ്ട്. നിശ്ചിത പ്രായമെത്തും മുന്‍പ് വിവാഹം നടത്തുന്നതിനെ നിരുത്സാഹപ്പെടുത്താനും സമുദായത്തെ ബോധവത്ക്കരിക്കാനുമാണ് യോഗത്തിലുണ്ടായ പൊതുധാരണയെന്നും അവര്‍ പറയുന്നു. 
ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുറച്ചൂടെ ആലോചനയും സൂക്ഷ്മതയും ആവശ്യമായിരുന്നു. വഴിവിട്ടജീവിതവും അവിഹിതലൈംഗിക അധിക്രമങ്ങളും യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ആണ്‍കുട്ടികളുടെ വിവാഹപ്രായം 18ആക്കണമെന്ന് 2008ല്‍ ലോ കമ്മീഷന്റെ ശുപാര്‍ശ വന്നിരുന്നു. അന്നതിനെ ചിരിച്ചുതള്ളിയവരാണ് മലയാളികള്‍. ഇന്ന് മുസ്‌ലിംസംഘടനകളുടെ ഈ ആവേശത്തെയും മലയാളികള്‍ ചിരിച്ചുതള്ളും, കേരളത്തിലെ ഉത്ബുദ്ധരായ മുസ്‌ലിം മനസ്സും.11 comments:

 1. മുസ്‌ലിം പെണ്‍കുട്ടികളുടെ മാത്രമല്ല, മുസ്‌ലിം സമുദായത്തിന്റെ തന്നെ മാനസിക ഉന്നമനത്തിന് തടയിടുന്ന തീരുമാനമാണിത്. വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ ഉന്നതിയിലേക്ക് കുതിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ മനസ്സും വിചാരവും മനസ്സിലാക്കാനാവാത്ത നേതൃത്വം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകുമെന്നത് മറക്കരുത്.

  ReplyDelete
 2. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ചുകൊണ്ടു പറയട്ടെ. മുസ്ലിം ലീഗിൽ മുസ്ലിം എന്നൊരു വാക്കുണ്ടെങ്കിലും അത് ഒരു മതേതര പ്രസ്ഥാനമാണെന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. അതിൽ കുറച്ച് വാസ്തവമുണ്ട്താനും. അങ്ങനെയൊരു പ്രസ്ഥാനം ഇങ്ങനത്തെ നിലപാടുകളുമായി വരുന്നത് ദു:ഖകരം തന്നെ. മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ലീഗും അതിലെ പല നേതാക്കൾ അവരുടെ നിലയ്ക്കും പലതും ചെയ്തിട്ടുണ്ട്. ആ നേതാക്കൾ ചരിത്രത്തിൽ ഇടൻ നേടിയിട്ടുള്ളവരുമാണ്. മുസ്ലിം സമുദായം ഇന്നുവരെ നേടിയിട്ടുള്ള പുരോഗതികളെ പിന്നോട്ടടിപിക്കുന്ന സമീപനങ്ങൾ ലീഗ് സ്വികരിക്കുമ്പോൾ അത് ലീഗിലെ തന്നെ നല്ലൊരു പങ്ക് ഇഷ്ടപ്പെടുന്നുണ്ടാകില്ല. ഈ പറയുന്ന യോഗത്തിലൊക്കെ സംബന്ധിച്ചവരുടെ മക്കളെപ്പോലും അവർ പ്രായപൂർത്തിയാകാതെ കെട്ടിക്കാൻ തയ്യാറാകില്ല. കാരണം മുസ്ലിം സമുദായം ആർജ്ജിച്ച പുരോഗമന ലീഗ് നേതാക്കളെയും സ്വാധീനിച്ചിട്ടുള്ളതാണ്. ഇതിപ്പോൾ ഏതോ തല്പര ക്ഷികൾ ലീഗിനെ തെറ്റായ മാർഗ്ഗങ്ങളിലേയ്ക്ക് നയിക്കുകയാകാം. സ്വപ്നം കണ്ടും കളിച്ചുചിരിച്ചും നടക്കേണ്ട പ്രായത്തിൽ ആണായാലും പെണ്ണായാലും വിവാഹിതരാകുന്നത് കഷ്ടമാണ്.

  ReplyDelete
 3. ശരിയായ വീക്ഷണം. സമുദായ നേതാക്കൾ എന്നവകാശപ്പെടുന്നവർ ചിന്തിക്കട്ടെ..

  ReplyDelete
 4. ലോകത്തില്‍ 90% രാജ്യങ്ങളിലും 18-ല്‍ താഴെയാണ് വിവാഹപ്രായം. ജനസംഖ്യാവര്‍ദ്ധനവിനേയും കൂടി മനസ്സില്‍ കണ്ടാണ് ദേശീയനയം രൂപപ്പെടുത്തിയതെന്ന് തോന്നുന്നു. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വിവാഹപ്രായം ചൈനയിലാണെന്നതുകൂടി ചേര്‍ത്ത് ചിന്തിക്കുക!

  ReplyDelete
 5. ഞാൻ ഒരു മുസ്ലിം അല്ല ,അതിനാൽ മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയും അല്ല ,എങ്കിലും എഴുപത്തെട്ടിൽ നിലവിൽ വന്ന ഒരു നിയമം ,പെട്ടെന്ന് ശരിഅത്ത് ന് എതിരാണ് എന്ന് വാദിയ്ക്കുന്നതിലെ യുക്തി എന്തോ എനിക്ക് മനസിലായില്ല ..അടുത്ത നാളുകളായി വിദ്യാഭ്യാസപരമായും മറ്റും മുന്നേറുന്ന മുസ്ലിം പെണ്‍കുട്ടികൾ നമ്മൾ കാണുന്നതാണ് .വിവാഹത്തിന് ശേഷം പഠിക്കാൻ പോകാം എന്നത് ഒരു മുട്ടത്താപ്പ് ന്യായം ആണ് എന്ന് പറയുന്നവർക്ക് തന്നെ അറിയാം ഈ സംഘടനകൾ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങൾ വേറെ എത്ര ..സ്ത്രീധനം ,അറബി കല്യാണം ,മൈസൂർ കല്യാണം മുതലായവ ..എന്തൊക്കെ ആയാലും യുവജന എം എസ് എഫ് ,ജമാ അത്തെ ,സ്ത്രീ സംഘടനകൾ തുടങ്ങിയവ എടുത്ത നിലപാട് ശ്ലാഘനീയം .

  ReplyDelete
 6. പതിനാറു വയസ് പോയിട്ടു പതിനെട്ടു കൂടി കൂട്ടണം എന്നാണ് എന്റെ അഭിപ്രായം..

  ReplyDelete
 7. Some political bigwigs support it because if the case against them reappears, the clause in IPC regarding "having sex with a girl under 18" will be weakened, if this becomes the law.

  ReplyDelete
 8. വിദ്യാഭ്യാസം നേടിയ സ്ത്രീകളെ മുസ്ലീം പുരുഷകേസരികൾ ഭയപ്പെടുന്നുണ്ടോ...?

  ReplyDelete