മഞ്ഞുകാലം
മുകളില്‍ നിഴല്‍ വിരിച്ച്
മഞ്ഞിനെ വരയന്‍ കുതിരകളാക്കുന്ന
പൈന്‍ മരങ്ങള്‍!
- ഡോണ മയൂര
.
ഇറച്ചിക്കറിയില്‍ ചതച്ചിടാതെ പോകുന്ന ഇഞ്ചിക്കഷ്ണങ്ങളും ഡിസംബര്‍ കാലത്തെ മഞ്ഞിന്‍പുലര്‍ച്ചകളും കാണുമ്പോള്‍ അസൈനാര്‍ക്കയെ ഓര്‍മവരും, എനിക്കും. മൂന്നുമാസം ഭ്രാന്തിലും ഒമ്പതുമാസം സമനിലയിലും ജീവിച്ച അസൈനാര്‍ക്കയെ.
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ മഞ്ഞുകാലം എന്ന കഥയിലെ അസൈനാര്‍ക്കയെ. മഞ്ഞിന്റെ തണുപ്പ് എന്നെ അസ്വസ്ഥപ്പെടുത്തിത്തുടങ്ങിയത് ആ കഥ വായിച്ചതില്‍ പിന്നെയാണ്.
'മഞ്ഞുകാലം വരുന്നതോടെ സ്ഥിതിയാകെ മാറും. അസൈനാര്‍ക്കക്ക് ഭ്രാന്തിളകുന്ന കാലമാണിത്. പലര്‍ക്കും ആശ്വാസമോ, നഷ്ടബോധമോ അങ്ങനെ എന്തൊക്കെയോ തോന്നും.
മഞ്ഞുകാലം ആരംഭിക്കുന്ന ഒരു പാതിരാവിലാണ് അയാള്‍ തന്റെ കൂര വിട്ടിറങ്ങുക. ആര്‍ക്കും തടയാനോ തടുക്കാനോ ആവാത്ത ഒരു യാത്രക്കെന്നപോലെ അസൈനാര്‍ക്ക പഴമയുടെ നാറ്റം വമിക്കുന്ന തന്റെ പെട്ടിയില്‍നിന്ന് ഒരു കോട്ടും തൊപ്പിയുമണിഞ്ഞു പുറത്തിറങ്ങും. അയാള്‍ ഊന്നുവടിയുപേക്ഷിക്കും. സ്വതേ നിവര്‍ന്ന ആ നെഞ്ച് കുറച്ചുകൂടി നിവര്‍ന്നു പരക്കും. പാതിരാവിന്റെ മഞ്ഞാര്‍ന്ന വയല്‍വരമ്പിന്റെ കണ്ണെത്താഭൂമി. അതിനു നടുവില്‍നിന്ന് അയാള്‍ കൈകൊട്ടിയുണര്‍ത്തും.
ബാ, ബാ, ബാ....
ബാ, ബാ, ബാ.....
അപ്പോള്‍ എങ്ങുനിന്നെന്നില്ലാതെ അയാളുടെ ചുറ്റും നിരവധി പട്ടിക്കുഞ്ഞുങ്ങള്‍ വന്നെത്തും. ഓരോ പട്ടിക്കുഞ്ഞിന്റെ കഴുത്തിലും ഭാണ്ഡത്തില്‍ നിന്നെടുത്ത തുകലിന്റെ പട്ടയണിയിക്കും. അയാള്‍ വയല്‍ക്കൂട്ടത്തിന്റെ നടുവില്‍ തീ പൂട്ടും.
കൊച്ചുമക്കളെപ്പോലെ തീകായാന്‍ പട്ടിക്കൂട്ടങ്ങള്‍ അയാളോട് പറ്റിച്ചേര്‍ന്നിരിക്കും.
അയാള്‍ പട്ടിക്കുഞ്ഞുങ്ങള്‍ക്ക് പാട്ടു പാടിക്കൊടുക്കും.
ബാ, ബാ, ബാ...
ബാ, ബാ, ബാ....
ഇടക്ക് നിവര്‍ന്നെഴുന്നേറ്റ് തനിയെ വട്ടം കറങ്ങി കൈകൊട്ടിവിളിക്കും.
ഈ ഒച്ചകേട്ട് ഞങ്ങള്‍ ഞങ്ങളുടെ കുടിലുകളില്‍നിന്ന് പരസ്പരം പറയും. അസൈനാര്‍ക്കക്ക് സൂക്കേടായി. അപൂര്‍വം ചിലര്‍ പറയുക മഞ്ഞുകാലം വന്നല്ലോ എന്നാവും.'
.
കുട്ടിക്കാലത്താണ് മഞ്ഞുകാലം തണുപ്പായി ആസ്വദിച്ചിരുന്നത്. മദ്രസയിലേക്ക് പോവുന്ന നേരത്ത് മഴച്ചാറ്റല്‍പോലെ മഞ്ഞുപെയ്യുന്നുണ്ടാവും. മഞ്ഞ് കൊള്ളരുതെന്ന് പറഞ്ഞ് ഉമ്മ തലയില്‍ ടവ്വല്‍ കെട്ടിത്തരും. ഉമ്മയുടെ കണ്‍മുന്നില്‍ നിന്ന് മാഞ്ഞാല്‍ ടവ്വലെടുത്ത് കയ്യില്‍ ചുരുട്ടും. തണുപ്പ് തലയിലേക്കുറ്റി അരിച്ചിറങ്ങുന്നത് അറിയും. അതൊരു വല്ലാത്ത സുഖമാണ്. കൂടെ മദ്രസയിലേക്ക് പോരുന്ന അയല്‍വാസിക്കുട്ടികള്‍ പറയും. ഓന് പിരാന്താ...
പിന്നെ മൂക്കില്‍ മഞ്ഞുരുക്കം തുടങ്ങും. മൂക്ക് നീട്ടിത്തുടച്ച് പിന്നെയും മഞ്ഞുകൊള്ളും.
വഴിയരികില്‍ വേലിപ്പടര്‍പ്പുകള്‍ക്കുമേലെ തുളുമ്പിയുറ്റാന്‍ നില്‍ക്കുന്ന, പുല്‍നാമ്പുകളിലെ കൊഴുത്ത വെള്ളത്തുള്ളി പറിച്ച് കണ്ണില്‍ തണുപ്പുറ്റിക്കും. സ്ലൈറ്റ് മായ്ക്കാന്‍ വെള്ളത്തണ്ട് പറിക്കുമ്പോള്‍ മരം മഞ്ഞ് പെയ്യുന്നുണ്ടാവും.
തണുപ്പില്‍ മൂടിപ്പുതച്ച് കിടന്നുറങ്ങാന്‍ ഇഷ്ടം തോന്നാത്തവരുണ്ടാവുമോ.. അരിമണി വറുത്തതും കട്ടന്‍ചായയും കുടിച്ച് ജനല്‍പഴുതിലൂടെ ഒളിച്ചുകയറുന്ന തണുപ്പിനെ പ്രണയിച്ച്.. ആദ്യത്തെ പ്രണയം മഴയോടായിരുന്നോ മഞ്ഞിനോടായിരുന്നോ എന്നറിഞ്ഞുകൂട. പക്ഷേ മനസ്സില്‍ ഇപ്പോഴും മഞ്ഞ് പെയ്യുന്നുണ്ട്, കുട്ടിക്കാലത്തെ ആ മഞ്ഞുകാലക്കുളിര് വീശുമ്പോള്‍.
കൗമാരത്തില്‍, പ്രണയത്തിന്റെ നിറവും രുചിയും മണവുമാണ് മഞ്ഞുകാലം. കരഞ്ഞുകലങ്ങിയ വര്‍ഷത്തിനും വിയര്‍ത്തുകുഴഞ്ഞ വേനലിനും നടുക്ക് ഉന്‍മാദത്തിന്റെ ലഹരി നിറക്കാറുണ്ട് പലപ്പോഴും മഞ്ഞിന്‍ തണുപ്പ്. (ആനകള്‍ക്ക് മദപ്പാടിളകുന്ന കാലവും മഞ്ഞുകാലത്തോടു ചേര്‍ന്നാണത്രെ.) അതുകൊണ്ടാവുമോ മഞ്ഞുകാലത്തെ പുലര്‍ച്ചകളിലിപ്പോഴും അസൈനാര്‍ക്കയുടെ ഊന്നുവടിയുടെ ശബ്ദവും കേട്ട് ഉറക്കമുണരുന്നത്.
മഞ്ഞുകാലാനുഭവങ്ങള്‍ ദേശത്തിന്റെ അതിരുകള്‍ക്കനുസരിച്ച് വ്യത്യസ്തമാണ്. ഗ്രാമത്തിലെയും നഗരത്തിലെയും മഞ്ഞുകാലമല്ല കാട്ടിനകത്ത്. മഞ്ഞുപെയ്യുന്ന കാട്ടില്‍ പകലുണ്ടാവില്ല. ഗ്രാമത്തിന്റെ മഞ്ഞുകാലത്തിന് മറച്ചുകെട്ടിയുണ്ടാക്കിയ മക്കാനിയിലെ ചൂടുള്ള കട്ടന്‍ചായയുടെ മണമാവും. നഗരത്തിലെ മഞ്ഞിന്റെ കാഠിന്യമറിയണമെങ്കില്‍ തെരുവില്‍ കിടക്കുന്നവരോട് ചോദിക്കണം. സ്വന്തമായി വീടില്ലാത്ത, ശരീരം മുഴുവന്‍ പുതക്കാന്‍ ഒരു തുണിപോലുമില്ലാത്തവന്റെ മഞ്ഞുകാല തെരുവുജീവിതം വലിയ ഗതികേടുതന്നെയാവും. ചട്ടപ്പെട്ടികള്‍ പൊളിച്ച് പുതപ്പുണ്ടാക്കുന്ന വിദ്യ അവര്‍ അപ്പോഴാണ് പഠിക്കുക.
.
കുട്ടിക്കാലത്ത് മുന്നില്‍ പരന്ന വയലും പിന്നില്‍ കടുത്ത റബര്‍ മരങ്ങളുമുള്ള ചെലമ്പില്‍ കുന്നിലാണ് ഏറ്റവും ആസ്വാദ്യകരമായ മഞ്ഞുകാലം ഞാനനുഭവിച്ചിട്ടുള്ളത്. മണ്ണുതേച്ച വീട്ടില്‍ പുല്‍പ്പായയിലേക്ക് താഴെനിന്ന് തണുപ്പ് അരിച്ച് ഉള്ളിലേക്ക് നൂഴ്ന്നുകയറും. തുടകള്‍ക്കിടയില്‍ കൈകള്‍ തിരുകി തലയടക്കം പുതപ്പിനുള്ളില്‍ പൂഴ്ത്തി അങ്ങനെ കിടക്കും. പിന്നിലെ റബര്‍ക്കാട് തണുത്തുറച്ച മഞ്ഞുകട്ടയാണെന്ന് തോന്നും. മുന്നിലെ വയലില്‍ മഞ്ഞൊലിച്ചിറങ്ങുന്നത് കുളിരുള്ള കാഴ്ചയാണ്. രാവിലെ എഴുന്നേറ്റ് കരിയിലകള്‍ കൂട്ടിയിട്ട് തീകായാന്‍ അയല്‍വാസികളെല്ലാവരുമുണ്ടാവും. ചക്കക്കുരുവോ, പറങ്കിമാങ്ങയില്‍ നിന്ന് പിരിച്ചെടുത്ത അണ്ടിയോ ആ തീയിലിട്ട് ചുട്ട് തിന്നുന്നുണ്ടാവും ചുറ്റുമിരിക്കുന്നവര്‍.
മരുഭൂമിയിലെ മഞ്ഞുകാലത്തിന് ഉപ്പിലിട്ട ശരീരത്തിന്റെ ഗന്ധമാവും.
സൗദി അറേബ്യയിലെ ഒരു മഞ്ഞുകാലം ഇപ്പോഴും മനസ്സില്‍ തണുത്തുപെയ്യുന്നുണ്ട്. അതിരാവിലെ എഴുന്നേറ്റ് റിയാദിലെ ശിഫയില്‍ ദിറാബ് റോഡിനോട് ചാരി ഖുര്‍ത്തുബ മദ്രസ. കൊടുംതണുപ്പില്‍ കുറച്ചുനാള്‍ അവിടെ ഹാരിസ് (സെക്യൂരിറ്റി) ആയിരുന്നു ഞാന്‍. ഏഴുമണിക്കാണ് ക്ലാസ് തുടങ്ങുക. അതിനും മുന്‍പ് അവിടെയെത്തി ഗേറ്റ് തുറക്കണം. കോടമൂടി വഴികാണില്ല. കാറില്‍ കൊണ്ടിറക്കുന്ന കുട്ടികളെ കൈപിടിച്ച് ഗേറ്റിനുള്ളിലേക്ക് കയറ്റിവിടണം. മദ്രസ വിടുന്നതുവരെ ഗേറ്റിനുപുറത്തുണ്ടാവണം. അധ്യാപകരുടെ പുറത്തെ ആവശ്യങ്ങള്‍ക്ക് ചെവിയോര്‍ത്തിരിക്കണം. രണ്ടു കുപ്പായവും പാന്റും അതിനു മുകളില്‍ നീളന്‍ കോട്ടുമിട്ടിട്ടുണ്ടാവും. കാലുമുഴുവന്‍ മറയുന്ന മട്ടില്‍ ഷൂ. ഒരു തരി തണുപ്പ് ശരീരത്തില്‍ തട്ടാതെ. എന്നിട്ടും ശരീരം വിറക്കുന്നുണ്ടാവും. പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ടാവും. ഹാരിസിന് ഇരിക്കാനുള്ള ഇടുങ്ങിയ മുറിയില്‍ ഹീറ്റര്‍ ചുവന്നു കത്തുന്നുണ്ടാവും. പുറത്ത് അപ്പോഴും സൂര്യനസ്തമിച്ചാലെന്ന പോലെ കോടമൂടിയിട്ടുണ്ടാവും. എത്രവലിയ ചൂടും സഹിക്കാം, പക്ഷേ ഈ തണുപ്പ്.. തണുപ്പിനിത്ര തണുപ്പോ..!
.
അനുഭവിക്കുന്നവന്റെ മാനസിക വികാസത്തിന്റെയും ചിന്താവളര്‍ച്ചയുടെയും കാഴ്ചാവ്യാപ്തിയുടെയും വായനാവലുപ്പത്തിന്റെയും അടിസ്ഥാനത്തില്‍ മഞ്ഞുകാലത്തിന് വിവിധ ഭാവങ്ങള്‍ വരാം. മനസ്സു തണുപ്പിക്കുന്ന ഒരു കുളിര്‍തെന്നലാവാം ചിലര്‍ക്ക് മഞ്ഞുകാലം. നിഗൂഢതകളുടെ കോടമൂടലാവാം ചിലര്‍ക്ക്. പ്രണയത്തിന്റെയും വിരഹത്തിന്റെയും കാത്തിരിപ്പിന്റെയും സുഖവും വേദനയുമാകാം.
കഥയിലും നോവലിലും കവിതയിലും സിനിമയിലും പലഭാവത്തില്‍ മഞ്ഞുകാലം കടന്നു വന്നിട്ടുണ്ട്. അര്‍ത്ഥഗംഭീരമായ ഒരു കവിതയാണ് എനിക്കെന്നും മഞ്ഞുകാലം.
എം.ടിയുടെ മഞ്ഞില്‍ കനത്ത മൗനവും നിശ്ശബ്ദതയുമാണുള്ളത്. മഞ്ഞുകാലം മൗനത്തിന്റെ ആനന്ദമാണെന്ന് തോന്നിയിട്ടുണ്ട് ആ പുസ്തകം വായിക്കുന്നതിന് മുമ്പും ശേഷവും. കാത്തിരിപ്പിന്റെ തീവ്രതയും പ്രണയത്തിന്റെ തണുപ്പും എം.ടിയുടെ മഞ്ഞില്‍ കാണാം. കാത്തിരിപ്പിന്റെ സുഖമാണ് എംടിയുടെ മഞ്ഞ്.
എനിക്കിഷ്ടം ഓര്‍ഹന്‍ പാമുക്കിന്റെ മഞ്ഞ് ആണ്.
നീണ്ട ജര്‍മന്‍ പ്രവാസത്തിനു ശേഷം കാ എന്ന കവി കാര്‍സിലേക്ക് നീങ്ങുന്നത് ഇസ്തന്‍ബൂളിലെ സ്‌നേഹിതന്റെ ആവശ്യപ്രകാരമാണ്. കായുടെ പ്രചോദനം പഴയ കാമുകി വിധവയായി കാര്‍സിലുണ്ടെന്ന അറിവാണ്. എന്നാല്‍, തലമറക്കാന്‍ അനുവദിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യപ്പെട്ട പെണ്‍കുട്ടികളെക്കുറിച്ചുള്ള അന്വേഷണമായിരുന്നു കാ എന്ന പത്രപ്രവര്‍ത്തകന്റെ ലക്ഷ്യം.
കാര്‍സ് എന്ന പട്ടണത്തിലേക്കുള്ള മഞ്ഞുകാലത്തെ യാത്രയോടെയാണ് പാമുക്കിന്റെ മഞ്ഞ് തുടങ്ങുന്നത്. വായനയുടെ തുടക്കം മുതല്‍ മനസ്സില്‍ മഞ്ഞ് പെയ്ത് തുടങ്ങും.
തുര്‍ക്കിയിലെ രാഷ്ട്രീയമാണ് നോവലിന്റെ പ്രമേയം.
മലയാളസാഹിത്യത്തിലെ ആധുനിക കഥാകൃത്തുക്കളില്‍ പ്രമുഖനായ യു.പി. ജയരാജിന്റെ അടിയന്തരാവസ്ഥയോടുള്ള ഏറ്റവും രൂക്ഷമായ പ്രതികരണം എന്ന് വിശേഷിപ്പിക്കാവുന്ന കഥക്കും 'മഞ്ഞ്' എന്നാണ് തലക്കെട്ട്.
'പുറത്തു കൊടും ശൈത്യമുണ്ട്. മഞ്ഞുണ്ട്. ശവംതീനികളായ ഡിറ്റന്റ്റസ് പക്ഷികളുണ്ട്. എങ്കിലും വെല്ലുവിളികളെ ഒരു നായാട്ടുകാരന്റെ ധൈര്യത്തോടെ നേരിടുകയും പരാജയങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാന്തിയാഗോ എന്ന മുക്കുവന്റെ പൗരുഷവും കൂസലില്ലായ്മയും നിറഞ്ഞ ധീരമായ പുഞ്ചിരി ഞങ്ങളുടെ ഉള്ളില്‍ പിന്നെയും പൊട്ടിച്ചിതറുകയാണ്.'
.
കാലം തെറ്റിയ കാലമാണിതെന്ന് ആളുകള്‍ പറയുന്നു. വര്‍ഷവും വേനലും മഞ്ഞുകാലവും ഇന്നുമുണ്ടോ? അതോ, തിരക്കുപിടിച്ച കാലത്ത് നമ്മള്‍ക്കിതൊന്നും അനുഭവപ്പെടാതെ പോവുകയാണോ..
(പുതിയ എഴുത്തില്‍ കാലത്തിനും കാലാവസ്ഥക്കുമൊന്നും പ്രസക്തിയില്ല. ഭാഷകൊണ്ട് വേനലും വര്‍ഷവും മഞ്ഞുകാലവും തീര്‍ക്കുന്നവരാണ് സമകാലിക എഴുത്തുകാര്‍ എന്ന് അവര്‍ അഹങ്കാരം പറയുന്നതാണോ?)
മഞ്ഞുകാലം വരുന്നതും പോവുന്നതും കാണിച്ചുതരാന്‍ നമ്മോടൊപ്പം ഒരു അസൈനാര്‍ക്കയില്ലാത്തതുകൊണ്ടാണോ.. കാലത്തെയും ഋതുഭേദങ്ങളെയും ഓര്‍മ്മപ്പെടുത്തി ഒരു ഭ്രാന്തന്‍ നമുക്കിടയില്‍ എന്നും ഉണ്ടായിരുന്നെങ്കില്‍..
'മഞ്ഞുകാലം തീരുന്നത് ഞങ്ങളറിയുക പുലര്‍ച്ചയിലെ ആ ഊന്നുവടിയൊച്ച കേട്ടാണ്. ഭ്രാന്ത് മാറുന്നതോടെ അയാള്‍ പട്ടിക്കുഞ്ഞുങ്ങളെ പാടെ ഉപേക്ഷിക്കും (അപ്പോഴേക്കും അവ ഏറെക്കുറെ വളര്‍ന്നിരിക്കും). കാക്കകള്‍ പിന്നെ അസൈനാറുപ്പാപ്പയുടെ നാലയലത്തു വരില്ല.
വടിയൊച്ച കേട്ടു പുലര്‍ച്ചെ ഞങ്ങള്‍ പരസ്പരം പറയും.
അസൈനാര്‍ക്കക്ക് സൂക്കേട് മാറി.
ചിലര്‍ പറയും.
മഞ്ഞുകാലം കഴിഞ്ഞു.'
.
ചന്ദ്രിക വാരാന്തപ്പതിപ്പ്
sunday 2013 december 15
'മഞ്ഞുകാലം തീരുന്നത് ഞങ്ങളറിയുക പുലര്‍ച്ചയിലെ ആ ഊന്നുവടിയൊച്ച കേട്ടാണ്. ഭ്രാന്ത് മാറുന്നതോടെ അയാള്‍ പട്ടിക്കുഞ്ഞുങ്ങളെ പാടെ ഉപേക്ഷിക്കും (അപ്പോഴേക്കും അവ ഏറെക്കുറെ വളര്‍ന്നിരിക്കും). കാക്കകള്‍ പിന്നെ അസൈനാറുപ്പാപ്പയുടെ നാലയലത്തു വരില്ല.
ReplyDeleteവടിയൊച്ച കേട്ടു പുലര്‍ച്ചെ ഞങ്ങള്‍ പരസ്പരം പറയും.
അസൈനാര്‍ക്കക്ക് സൂക്കേട് മാറി.
ചിലര്‍ പറയും.
മഞ്ഞുകാലം കഴിഞ്ഞു.'
ഇളമഞ്ഞ് പൊതിഞ്ഞതുപോല്‍...!!
ReplyDeletefelt like getting wet in the morning mist..loved it..:)
ReplyDeleteഅതെ, ഇളം മഞ്ഞുള്ള പ്രഭാതത്തിൽ ഒരു ഗ്രാമ സവാരി നടത്തിയ അനുഭൂതി...
ReplyDelete