
. i l l u s t r a t e d f e a t u r e . b y . m u k t h a r u d a r a m p o y i l .
ചാപ്ലിന്‍ സിനിമകള്‍ നമ്മെ ഒരുപാട് ചിരിപ്പിച്ചു, അതിലേറെ കരയിപ്പിക്കുകയും ചെയ്തു. നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി വാദിക്കുന്ന ചിത്രങ്ങളായിരുന്നു ചാപ്ലിന്റേത്. കൃത്യമായ രാഷ്ട്രീയം ചാപ്ലിന്‍ സിനിമകളിലുണ്ടായിരുന്നു. ഫാസിസത്തിനും യുദ്ധത്തിനുമെതിരെ ശക്തമായ പ്രതികരണങ്ങള്‍ അതിലടങ്ങിയിരുന്നു. വെറുമൊരു തമാശപ്പടമായിരുന്നില്ല ചാപ്ലിന്‍ ചിത്രങ്ങളൊന്നും.
ചാര്‍ളി ചാപ്ലിന്‍ ഓര്‍മയായിട്ട് ഡിസംബര്‍ 25ന് 36 വര്‍ഷം

കരഞ്ഞു ചിരിച്ച ദിനങ്ങള്‍
കറുപ്പിലും വെളുപ്പിലും
വരയും എഴുത്തും
മുഖ്താര്‍ ഉദരംപൊയില്‍
മറ്റു ജീവികളെ അപേക്ഷിച്ച് ഏറ്റവുമധികം ക്ലേശവും ദു:ഖവും അനുഭവിക്കുന്നതുകൊണ്ടാവാം മനുഷ്യന്‍ ചിരി കണ്ടുപിടിച്ചത്.
- ഫ്രെഡറിക് വില്‍ഹെം നീത്‌ഷേ
ചാര്‍ളി ചാപ്ലിന് ഇങ്ങനെ മനസ്സുതുറന്നു ചിരിപ്പിക്കാനായാത് ചെറുപ്പകാലത്ത് അനുഭവിച്ചു തീര്‍ത്ത ദുരിതങ്ങളുടെ കയ്പ്പ് ഉള്ളില്‍ വേവാതെ കിടക്കുന്നതുകൊണ്ടാവാം. ഓരോ ചിരിക്ക് പിന്നിലും വലിയ ദു:ഖങ്ങളുടെ വേദന ഒളിഞ്ഞിരിപ്പുണ്ടെന്ന് പഠിപ്പിച്ചതും ചാര്‍ളി ചാപ്ലിനാവുമോ.
കുട്ടിക്കാലത്തെ ഒരനുഭവം ചാപ്ലിന്‍ ഓര്‍ക്കുന്നുണ്ട്.
''ആയിടക്ക് വല്ലാത്തൊരു സംഭവമുണ്ടായി. തെരുവിന്റെ അങ്ങേയറ്റത്ത് ഒരു അറവുശാലയുണ്ടായിരുന്നു. കശാപ്പു ചെയ്യാനുള്ള ആടിനെ ഞങ്ങളുടെ വീടിന് മുന്നിലൂടെ കൂട്ടത്തോടെ കൊണ്ടുപോകും. ഒരിക്കല്‍ ഒരാട് ഈ കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട് തെരുവിലൂടെ ഓടിപ്പോയി. ആളുകള്‍ക്ക് വലിയ തമാശ തോന്നി. ചിലരതിനെ പിടിക്കാന്‍ നോക്കി. മറ്റു ചിലര്‍ ഓട്ടത്തിനിടയില്‍ മറിഞ്ഞുവീണു. ആടിന്റെ ഓട്ടവും വെപ്രാളവും എല്ലാം കണ്ട് ഞാനും ആര്‍ത്ത്ചിരിച്ചു. ആകപ്പാടെ നല്ല രസം.
ഓടുവിലവര്‍ ആടിനെ പിടികൂടി കശാപ്പുശാലയിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് ആ രംഗത്തിലെ ദുരന്തം എനിക്ക് ബോധ്യപ്പെട്ടത്. എനിക്ക് സങ്കടം വന്നു. ഞാന്‍ വീട്ടിനുള്ളിലേക്ക് ഓടിപ്പോയി. 'അവരതിനെ പിടിച്ചു. ഇപ്പോ അവരതിനെ കൊല്ലും.' പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ അമ്മയോട് പറഞ്ഞു.''
ആടിനെ പിന്തുടര്‍ന്നോടിക്കുന്ന ദുരന്ത ഹാസ്യരംഗം ചാപ്ലിന്റെ മനസ്സിനെ അലോസരപ്പെടുത്തിയിരുന്നു. ചാപ്ലിന്റെ സിനിമകളിലെല്ലാം ഈ ഹാസ്യത്തിന്റെ തുടര്‍ച്ചകള്‍ കാണാം.
Comments
Post a Comment