Skip to main content

കച്ചവടക്കാരിയായ ഖദീജ


നി ങ്ങള്‍ ഹിറാ ഗുഹ കണ്ടിട്ടുണ്ടോ? 
നൂര്‍ പര്‍വതത്തിന്റെ മുകളിലേക്ക് കുത്തനെ കയറിയിട്ടുണ്ടോ? 
മക്കയില്‍ പോയപ്പോള്‍ നൂര്‍മല കാണാന്‍ പോയി. ഹിറ കാണേണ്ടവര്‍ക്ക് പര്‍വതം കയറാമെന്ന് പറഞ്ഞു. ഞാനും സുഹൃത്ത് അലിയും കയറാന്‍ തന്നെ നിശ്ചയിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സാഹസമായിരുന്നുവത്. മുട്ടുകാല്‍ കഴച്ചു. ശരീരം വിറച്ചു. മുകളിലേക്ക് കല്ലുവെച്ച് നിര്‍മിച്ച വഴിയില്‍ പല തവണ ഇരുന്ന് ക്ഷീണം തീര്‍ത്തു... കരുതിയിരുന്ന വെള്ളം മുഴുവന്‍ കുടിച്ചു വറ്റിച്ചു.
മുകളിലെത്തി ഹിറയിലേക്ക് നൂഴ്ന്നപ്പോള്‍ മനസ്സില്‍ മുഴുവന്‍ ഖദീജയായിരുന്നു. ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ(റ).
പ്രവാചകന്‍ വിവാഹം കഴിക്കുമ്പോള്‍ ബീവി ഖദീജാക്ക് 40 വയസ്സ്. പ്രവാചകര്‍ക്ക് 25. നാല്‍പതാം വയസ്സിലാണ് മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിക്കുന്നത്. ഹിറാ ഗുഹയില്‍ ധ്യാനത്തിലായിരിക്കെ ജിബ്‌രീലിന്റെ വരവ്. ഖുര്‍ആന്‍ അവതരണത്തിന്റെ തുടക്കം. അന്ന് ഖദീജാക്ക് 55 വയസുകാണും. 
ഹിറാ ഗുഹയിലിരിക്കുന്ന പ്രവാചകര്‍ക്ക് വെള്ളവും ഭക്ഷണവുമായി കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വീട്ടില്‍ നിന്ന് ഒട്ടകപ്പുറത്തേറി നൂര്‍ പര്‍വതത്തിന്റെ ചോട്ടിലെത്തുകയും ഒട്ടകത്തെ താഴെ നിര്‍ത്തി പര്‍വത മുകളിലേക്ക് നടന്നു കയറുകയും ചെയ്യുന്ന ഖദീജ(റ)യെ അല്ലാതെ മറ്റാരെ ഓര്‍മ വരും ആ മലകയറ്റത്തിന്റെ ക്ഷീണത്തിനിടക്ക്. 
ബീവി ഖദീജയുടെ ആ മനക്കരുത്തും സ്ഥൈര്യവും എന്നും അത്ഭുതമാണ് മനസ്സില്‍ നിറക്കാറ്. 
പെണ്‍കുട്ടികള്‍ ജനിക്കുന്നത് മാനക്കേടായി കാണുകയും അവരെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തിരുന്ന ജാഹിലിയ്യത്തില്‍ നിന്നാണ് ഖദീജ വരുന്നത്. എന്നിട്ടും അപാരമായ വ്യക്തിവിശേഷണങ്ങള്‍ കൊണ്ട് ധന്യയായിരുന്നു അവര്‍. ജീവിതാനുഭവങ്ങളില്‍ നിന്ന് ആര്‍ജിച്ചെടുത്ത കരുത്താവാമത്.
മക്കയിലെ പ്രമുഖ കച്ചവടക്കാരിയായിരുന്നു ഖുവൈലിദ് ബിന്‍ അസദിന്റെയും ഫാത്തിമ ബിന്‍ത് സായിദിന്റെയും മകളായ ഖദീജ. 
ഇന്നത്തെ സാമൂഹിക ചുറ്റുപാടല്ലല്ലോ അന്നുണ്ടായിരുന്നത്. ഒരു കച്ചവടസ്ഥാപനം തുടങ്ങി അവിടെയിരുന്ന് കച്ചവടം നടത്തുന്ന രീതി അന്നില്ലായിരുന്നു. ആളുകള്‍ കൂടുന്നിടത്തേക്ക് കച്ചവടച്ചരക്കുകളുമായി ചെന്ന് കച്ചവടം ചെയ്യുന്ന രീതിയാണ് നിലനിന്നിരുന്നത്. വലിയ ഖാഫില സംഘങ്ങളായാണ് കച്ചവട സംഘം പുറപ്പെടുക. ദിവസങ്ങള്‍ നീണ്ട യാത്ര. 
യമന്‍, ശാം തുടങ്ങിയ നാടുകളിലേക്ക് വന്‍ ഖാഫില സംഘങ്ങളെയാണ് ഖദീജ ബീവി അയച്ചിരുന്നത്. കച്ചവടത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മേല്‍നോട്ടവും അവര്‍ നേരിട്ടായിരുന്നു നിര്‍വഹിച്ചിരുന്നത്. കച്ചവടച്ചരക്കുകള്‍ ശേഖരിക്കുന്നതിലും കച്ചവട സംഘത്തെ അയക്കുന്നതിലും സംഘത്തിലേക്ക് ആവശ്യമായ ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിലും ഖദീജ നേരിട്ട് ഇടപെട്ടിരുന്നു. 
ഈ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം നന്നേ കുറവായ കാലത്താണ് ഖദീജ അറിയപ്പെടുന്ന വര്‍ത്തക പ്രമുഖയായത്. സ്വന്തമായി കച്ചവടം ചെയ്യുന്നതിന് പുറമേ പണമിറക്കി കൂട്ടുകച്ചവടം ചെയ്യുന്ന പതിവും അവര്‍ക്കുണ്ടായിരുന്നു. ഒരു കച്ചവടസ്ഥാപനം തുടങ്ങി അവിടെയിരുന്ന് കച്ചവടം നടത്തുന്ന പോലെ എളുപ്പമല്ല കച്ചവട സംഘങ്ങളെ അയച്ചുള്ള വാണിഭം. പണമിറക്കാനുള്ള സാമ്പത്തിക സ്ഥിതി മാത്രം പോര. ബുദ്ധിപൂര്‍വമായ ഇടപെടലുകള്‍ വേണം. കച്ചവട സാധ്യതകള്‍ മനസ്സിലാക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടെത്തണം. ചരക്കുകളില്‍ വൈവിധ്യം ഉറപ്പുവരുത്തണം. ഉപഭോക്താക്കളുടെ മനസ്സറിയണം. ചരക്കുമായി പോകുന്ന നാട്ടിലെ സാമൂഹിക സാമ്പത്തിക സ്ഥിതികള്‍ മനസ്സിലാക്കണം. എല്ലാം മുന്‍കൂട്ടി അറിയാനും അതിനനുസരിച്ച് ചരക്കുകള്‍ ശേഖരിക്കാനും സംഘത്തെ രൂപപ്പെടുത്താനും കഴിയണം. 


ഒരു സ്ത്രീക്ക് വിജയകരമായി ഇടപെടാന്‍ പ്രയാസമുള്ള സാമൂഹികാവസ്ഥയിലാണ് ഖദീജയുടെ വിജയ വളര്‍ച്ച.
തികഞ്ഞ സാമൂഹിക ബോധം ആവശ്യമായിരുന്നു. നാട്ടിലും മറുനാട്ടിലും നടക്കുന്ന സംഭവ വികാസങ്ങള്‍ മനസ്സിലാക്കണം. കച്ചവട സംഘത്തിലേക്ക് വിശ്വസ്തരായ തൊഴിലാളികളെ കണ്ടെത്താന്‍ പൊതുജനത്തെക്കുറിച്ചുള്ള അറിവുണ്ടാവണം. 
അല്‍അമീനായ മുഹമ്മദിനെ തന്റെ കച്ചവട സംഘത്തിലേക്ക് ക്ഷണിക്കുന്നത് നാട്ടുകാരെക്കുറിച്ചും അവിടത്തെ സാമൂഹിക ജീവിതത്തെക്കുറിച്ചും അറിവുള്ളതുകൊണ്ടാണല്ലോ...
തന്റെ അടിമയായ മൈസറ മുഖേനയാണ് ഖദീജ ബീവി മുഹമ്മദിനെ തന്റെ കച്ചവട സഹായിയായി ലഭിക്കാനുള്ള താല്‍പര്യം അറിയിക്കുന്നത്. ഖദീജക്ക് മാത്രം സാധ്യമായ ഒരു തെരഞ്ഞെടുപ്പായിരുന്നുവത്. ആ ആവശ്യം വളരെ സന്തോഷത്തോടെയാണ് പ്രവാചകന്‍ സ്വീകരിച്ചത്. ഖദീജ ആരാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നല്ലോ... ആ സമയം തന്നെ ശാമിലേക്കുള്ള കച്ചവട സംഘത്തില്‍ നബി തിരുമേനി അംഗമാവുകയും ചെയ്തു. 
നമുക്ക് അറിയുന്ന കഥയാണ്. ആ കച്ചവടത്തില്‍ ഖദീജക്ക് ഇരട്ടിലാഭമായിരുന്നു. മുഹമ്മദിന്റെ സത്യസന്ധതയും കച്ചവടത്തിലുള്ള മിടുക്കും ലാഭത്തിന്റെ വര്‍ദ്ധനവിന് കാരണമായി. മുഹമ്മദില്‍ ഖജീദാബീവിക്ക് മുഹബ്ബത്ത് വരുന്നത് അതോടെയാണല്ലോ... മൈസറ തന്റെ കച്ചവടയാത്രാനുഭവം യജമാനക്ക് വിവരിച്ചു കൊടുക്കുന്നുണ്ട്. മുഹമ്മദിന്റെ മദ്ഹുകള്‍ ഏറെയുണ്ടായിരുന്നു മൈസറക്ക് പറയാന്‍. ഉത്കൃഷ്ടമായ ഒരാദരവ് നിറഞ്ഞ അനുരാഗമായി അത് വളര്‍ന്നു. ഖദീജ തന്റെ പിതൃസഹോദരനെ വിട്ട് കല്യാണാലോചന നടത്തുകയായിരുന്നു. 
പ്രവാചകനെ വിവാഹം കഴിക്കുന്നതിന് മുമ്പ് രണ്ടു തവണ ഖദീജാ ബീവിയുടെ വിവാഹം കഴിഞ്ഞിരുന്നു. രണ്ടു ഭര്‍ത്താക്കന്‍മാരും മരണപ്പെടുകയായിരുന്നു. വിധവയും തന്നേക്കാള്‍ പ്രായവുമുള്ള ഖദീജയെ വിവാഹം കഴിക്കാന്‍ പ്രവാചകന്‍ തയ്യാറായത് അവരുടെ സമ്പത്ത് കണ്ടുകൊണ്ടായിരുന്നില്ല. അവരുടെ വ്യക്തിത്വ വിശുദ്ധിയും മഹിമയും തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു. 
വിവാഹശേഷവും ഖദീജ തന്റെ കച്ചവടം തുടര്‍ന്നിരുന്നു. അവരുടെ സാന്നിധ്യവും സമ്പത്തും പ്രവാചകനും ഇസ്‌ലാമിനും ഏറെ സഹായകമായിട്ടുണ്ട്. 


മുസ്‌ലിം സ്ത്രീകള്‍ക്ക് എന്നും ഉത്തമ മാതൃകയാണ് ഖദീജ ബീവി. ഖദീജയും പ്രവാചകരും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിന്റെ അതിമധുരം ചരിത്രത്തില്‍ സുന്ദരമായ അധ്യായങ്ങളാണ്. 
സ്വന്തം കഴിവും സമ്പത്തുമുപയോഗിച്ച് കച്ചവടം ചെയ്യാനും സാമൂഹിക ഇടപെടലുകള്‍ നടത്താനും അതു വഴി സമ്പാദിക്കാനും ജാഹിലിയ്യ കാലത്തും ഒരു സ്ത്രീക്ക് കഴിയുമെങ്കില്‍, ആ ജീവിതം സ്ത്രീ സമൂഹത്തിന് നല്‍കുന്ന സന്ദേശം ചെറുതല്ല. കഴിവും പ്രാപ്തിയുമുള്ള സ്ത്രീകള്‍ക്ക് സ്വന്തമായി ജോലി സാധ്യതകള്‍ കണ്ടെത്താനും കുടുംബ- ദാമ്പത്യ ജീവിതത്തിലെ ബാധ്യകള്‍ നിര്‍വഹിക്കുന്നതോടൊപ്പം തന്നെ സാമ്പത്തിക വളര്‍ച്ചക്കാവശ്യമായ വഴികള്‍ കണ്ടെത്താനും പ്രചോദനം പകരുന്നതു കൂടിയാണ് ഖദീജയുടെ ജീവിതം. 
പ്രവാചകന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളായിരുന്നു ഖദീജയുമൊത്തുള്ള ജീവിതമെന്ന് ചരിത്രത്തില്‍ കാണാം. അപാരമായ പക്വതയും ബുദ്ധികൂര്‍മതയുമായിരുന്നു അവരുടെ പ്രത്യേകത. അവസരത്തിനൊത്ത് ഉയരാനും ഇടപെടാനുമുള്ള കഴിവ് ഉജ്വലമായിരുന്നു. പ്രവാചകര്‍ക്ക് താങ്ങും തണലുമായി ഒരു ജീവിതം. 
ഒരു കച്ചവടക്കാരി എന്ന തലത്തിലും തന്റെ സാമൂഹിക ഇടപെടലുകളില്‍ നിന്നും തനിക്കുണ്ടായിട്ടുള്ള അനുഭവങ്ങളും അറിവുകളുമാകാം ഉന്നതമായ വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍ ഖദീജ ബീവിയെ സഹായിച്ചത് എന്ന് നിരീക്ഷിക്കുന്നത് തെറ്റാവുമോ? 
അതല്ലാതെ, അസാധാരണമായ മനക്കരുത്തും തന്റേടവും ഇഛാശക്തിയും എവിടെ നിന്നാണ്, എങ്ങനെയാണ് അവര്‍ ആര്‍ജിച്ചെടുത്തത്?
നൂര്‍ പര്‍വതത്തിന്റെ മുകളില്‍ കയറി ഹിറാ ഗുഹയിലേക്ക് നൂഴ്ന്ന് കയറുമ്പോള്‍, മുകളില്‍ പരന്നു കിടക്കുന്ന ആകാശത്ത് നോക്കി നില്‍ക്കുമ്പോള്‍, താഴെ തീപ്പെട്ടികള്‍ അടുക്കിവെച്ചപോലെ കെട്ടിടങ്ങള്‍ മലര്‍ന്നു കിടക്കുന്ന മക്കയിലേക്ക് നോക്കുമ്പോള്‍... ശാമിലേക്ക് പോകുന്ന ഒരു ഖാഫില സംഘത്തെ നിങ്ങള്‍ക്ക് കാണാനാകുന്നുണ്ടോ. അത് ഖദീജയുടെ കച്ചവടസംഘമാണ്. അതില്‍ മുഹമ്മദ് എന്ന ചെറുപ്പക്കാന്‍ ഒരു കച്ചവടക്കാരനായി ഇരിപ്പുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍  ഖദീജ ഇടം നേടുന്നത് അന്നുമുതലാണ്. പക്ഷേ ഖദീജ അതിനുമുമ്പും മക്കയിലുണ്ടായിരുന്നു; വെറുമൊരു കച്ചവടക്കാരിയായി.        

.........................
pudava monthly - august 2014



Comments

  1. വിസ്മയകരമായ ചരിത്രം

    ReplyDelete
  2. നല്ല എഴുത്ത്‌ വിശമങ്ങള്‍ സഹിക്കാന്‍ നമ്മുടെ ഉമ്മമാര്‍്ക്ക് സഹോദരിമാര്‍ക്ക് ഖദീജ ബീവിയുടെ ചരിത്രം ഓര്‍ത്താല്‍മതി.

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.