Jul 18, 2010

കടലാസുതോണികള്‍ എവിടെപ്പോയി?


കനത്ത ഇടിയില്‍ കരണ്ട്‌ പോയപ്പോഴാണ്‌ കൊച്ചുമകന്‍ കമ്പ്യൂട്ടറിനുള്ളില്‍ നിന്നും ഇറങ്ങിവന്നത്‌.
``ശ്ശോ... നശിച്ച റൈന്‍...''


വല്യുമ്മ മഴയും നോക്കിയിരിക്കുകയായിരുന്നു.
``മഴയുടെ ചന്തമൊക്കെ പോയി''
പണ്ട്‌, മഴയുടെ വരവ്‌ കുളിര്‍മയുടെ ആരവമായിരുന്നു. തൊടിയിലും പാടത്തും നിറഞ്ഞൊഴുകുന്ന വെള്ളം. ചൂണ്ടയുമായിറങ്ങുന്ന കുട്ടികള്‍. ഇറയത്തേക്കിറ്റി വീഴുന്ന വെള്ളത്തുള്ളികള്‍ കയ്യിലൊതുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കാലം. കടലാസുതോണികളുടെ നിറഞ്ഞൊഴുക്ക്‌.
``എന്താ ഗ്രാന്‍മാ യീ കടലാസുതോണി?''
ഇംഗ്ലീഷ്‌ മീഡിയം കൊച്ചുമകന്റെ ജിജ്ഞാസ.


പഴയൊരു വീക്കിലിയുടെ പേജു കീറി വല്യുമ്മ കടലാസുതോണിയുണ്ടാക്കി...
``ഹൗ..ഹൗ.. ദാറ്റീസ്‌ പേപ്പര്‍ ഷിപ്പ്‌...ഹൗ!''
കൊച്ചുമകന്റെ ഇംഗ്ലീഷ്‌ വല്യുമ്മക്ക്‌ തിരിഞ്ഞില്ല.


അവര്‍ അതുമായി മഴയിലേക്കിറങ്ങി. കുത്തിയൊലിച്ചുവരുന്ന ഇറവെള്ളത്തില്‍ കടലാസുതോണി ഉലഞ്ഞുലഞ്ഞ്‌...കൊച്ചുമകന്‍ അപ്പോള്‍ വാതിലിന്നപ്പുറം നിന്ന്‌ വിളിച്ചുകൂവുന്നുണ്ടായിരുന്നു.
``മമ്മീ...ദാ ഗ്രാന്‍മാ... റൈന്‍ കൊള്ളുന്നു. ഗ്രാന്‍മാ... റൈന്‍ കൊണ്ടാല്‍ പനി പിടിക്കും.''


കുത്തിയൊലിച്ചുവന്ന ചപ്പുചവറുകള്‍ കടലാസുതോണിയെ മുക്കിക്കളഞ്ഞു. പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ കൂമ്പാരം റോഡരികിലൂടെ ഒലിച്ചിറങ്ങി വെള്ളം തടഞ്ഞുവെച്ചു. ഭക്ഷണാവശിഷ്‌ടങ്ങളും, കോഴിയുടെ..... വല്ലാത്ത ദുര്‍ഗന്ധം.


``എങ്ങനാ പനി വരാണ്ടിരിക്ക... ഒക്കെ മനുഷ്യമ്മാരെ ചെയ്‌തികളോണ്ടെന്ന്യാ... നോക്ക്‌, ചപ്പുചവറുകളുടെ കൂമ്പാരം. വൃത്തികെട്ട ചുറ്റുപാട്‌... ചപ്പുചവറുകള്‍ എവിടാ വലിച്ചെറിയേണ്ടതെന്ന്‌ നമുക്കറിയൂല. വൃത്തീംല, വെടിപ്പൂംല... കൊതുകുകള്‌ മുട്ടയിട്ടങ്ങനെ പെര്‌കല്ലെ... മഴയെന്ത്‌ പിഴച്ചു...''


കരണ്ട്‌ വന്നു.
``ഈ ഗ്രാന്‍മാക്ക്‌ ഒന്നുമറിയൂല..'' കൊച്ചുമകന്‍ കമ്പ്യൂട്ടറിനുള്ളിലേക്ക്‌ കയറിപ്പോയി.


``ഗ്രാന്‍മാ വാ... നല്ല സുന്ദരന്‍ റൈന്‍ ഞാന്‍ കമ്പ്യൂട്ടറില്‌ കാണിച്ചുതരാം...''


കുടയെടുത്ത്‌ വല്യുമ്മ പുറത്തേക്കിറങ്ങി... വെള്ളം തടഞ്ഞുവെച്ച മാലിന്യക്കൂമ്പാരം നീക്കി.


തിരിച്ചുനടക്കാനൊരുങ്ങുമ്പോള്‍ അതാ കുത്തിയൊലിച്ചുവരുന്ന കുറെ കടലാസുതോണികള്‍. പല വര്‍ണങ്ങളില്‍.
ഒന്ന്‌ എത്തിപ്പിടിച്ചു.
ങ്ങേ! പ്ലാസ്റ്റിക്‌കൊണ്ട്‌ നിര്‍മിച്ച കളിത്തോണികള്‍!
ഏതോ ഒരു കുത്തക കമ്പനിയുടെ പേരും കൊത്തിവെച്ചിരിക്കുന്നു...


അതാ പിന്നെയും കുത്തിയൊലിച്ചുവരുന്നു....


വല്യുമ്മ അകത്തേക്കു കയറുമ്പോള്‍, ഭീകരരൂപം പൂണ്ട കൊതുകുകള്‍ മഴവെള്ളത്തില്‍നിന്നും ആര്‍ത്തലച്ചുവരുന്നതായി അവര്‍ക്കുതോന്നി. അവര്‍ വാതിലും ജനലും കൊട്ടിയടച്ചു. 


മരുമകള്‍ ചാനലുകളില്‍ നിന്നും ചാനലുകളിലേക്കുള്ള `തീര്‍ഥ'യാത്രയിലാണ്‌.സീരിയലുകളും റിയാലിറ്റി ഷോകളും ക്രൈം'സ്റ്റോറി'കളും ബിക്കിനിക്കാഴ്ചകളും മാറി മാറി വരുന്നതിനിടയില്‍  ആശുപത്രിവരാന്തയിലെ നിറഞ്ഞുനില്‍ക്കുന്ന ആള്‍ക്കൂട്ടം അവര്‍ കണ്ടു. 

നീരസത്തോടെ മരുമകള്‍ ചാനല്‍ മാറ്റുമ്പോള്‍ ശക്തമായ ഒരിടിപൊട്ടി. 

പുറത്ത്‌ മഴ ആര്‍ത്തലച്ചുപെയ്‌തുകൊണ്ടിരിക്കുന്നു.
.
രണ്ടു വര്‍ഷം മുന്‍പ് മഴക്കാലത്ത് 'പുടവ' മാസികയില്‍ എഴുതിയത്.

20 comments:

 1. ആദ്യ അഭിപ്രായം എന്റേതാണൊ... എങ്കിൽ ദൈവ നാമത്തിൽ ഇതാ തുടങ്ങിയിരിക്കുന്നു..ആഹാ ഇന്നത്തെ ഒരു മഴ ആസ്വദിച്ചു നിറയെ അവശിഷ്ട്ടങ്ങളോക്കെ വെള്ളത്തെ വഴിതടഞ്ഞ ആ പറംബും റോഡും എല്ലാം. കടലാസു തോണിയെ ഓർമ്മകളിലേക്ക് കൊണ്ടു പോയ പ്ലാസ്റ്റിക് തോണിയും എല്ലാം കൂടി ഇന്നത്തെ തല മുറയുടെ ഒരു മഴക്കാലം... കമ്പ്യൂട്ടറിൽ മഴ കാണിക്കുന്ന കൊച്ചു മകനും എല്ലാം കൂടി കേമായിരിക്കുണൂട്ടോ

  ReplyDelete
 2. കടലാസുതോണികള്‍ എവിടെപ്പോയി..
  പൂവും പൂമ്പാറ്റകളും എവിടെപ്പോവി..
  പുഴയും കുളവും എവിടെപ്പോയി...
  മരവും മലയും എവിടേപ്പോയി...
  .........................................!!!!

  ReplyDelete
 3. കുട്ടിക്കാലത്ത് മഴയുള്ള സമയത്ത് കടലാസ് തോണിഇറക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ഇഷ്ടമുണ്ടായിരുന്നത് വീടിന്‍റെ മൂലയില്‍ മൂടിപുതച്ച് ഇരിക്കുന്നതായിരുന്നു.

  കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞാന്‍ മഴയത്തേക്കൊന്നു ഇറങ്ങി നിന്നു. പിറകെ എന്‍റെ മോളും ഓടി വന്നപ്പോള്‍ ഞാന്‍ അവള്‍ മഴ നനയണ്ട എന്നു കരുതി അകത്തേക്ക് തന്നെ കയറി. പനി എനിക്ക് വന്നാലും കുഴപ്പമില്ല മോള്‍ക്ക് പനിച്ചാലോ എന്ന പേടി.

  ----------------------------------------------------
  മുക്താറെ പഹയാ വേണ്ടാത്ത കാര്യങ്ങളൊക്കെ പറഞ്ഞ് നാടിനെ ഓര്‍മപ്പെടുത്താതെ,, എങ്ങിനയെങ്കിലും കുറച്ച് മാസങ്ങള്‍ കൂടി ഇവിടെ പിടിച്ച് നില്‍ക്കട്ടെ...

  ReplyDelete
 4. മഴ ഒരു സുഗമുള്ള കാഴ്ചയാണ്
  അതിനെക്കാളേറെ മഴകൊളളുക ഒരു ആനന്തമാണ്
  മഴയില്‍ നനഞ്ഞു നടക്കുവാന്‍ ഇപ്പോള്‍ ആഗ്രഹമുണ്ട്
  പണ്ട് ഒരുപാട് നടന്നിട്ടുണ്ട് കോളേജില്‍ പഠിക്കുമ്പോള്‍
  കുടപിടികാതെ മഴകൊണ്ട്‌ ഒരുപാട് ചെത്തിനടന്നിട്ടുണ്ട്.
  മുഖ്താര്‍ക്ക ... മഴ ദിനാംശംസകള്‍....
  --

  ReplyDelete
 5. ``എങ്ങനാ പനി വരാണ്ടിരിക്ക... ഒക്കെ മനുഷ്യമ്മാരെ ചെയ്‌തികളോണ്ടെന്ന്യാ... നോക്ക്‌, ചപ്പുചവറുകളുടെ കൂമ്പാരം. വൃത്തികെട്ട ചുറ്റുപാട്‌... ചപ്പുചവറുകള്‍ എവിടാ വലിച്ചെറിയേണ്ടതെന്ന്‌ നമുക്കറിയൂല. വൃത്തീംല, വെടിപ്പൂംല... കൊതുകുകള്‌ മുട്ടയിട്ടങ്ങനെ പെര്‌കല്ലെ... മഴയെന്ത്‌ പിഴച്ചു...''

  ReplyDelete
 6. മുത്തശ്ശിക്കറിയില്ല കാലം തെറ്റിവരുന്ന കലികാലത്തിനെ
  മുത്തശ്ശി ഇന്നും (എന്നും) മഴയെ സ്നേഹിക്കുന്നു. കടലാസ് വള്ളത്തിനെയും.
  പാവം മുത്തശ്ശിമാർ… റ്റി. വി . ചാനൽ മാറ്റാനറിയാത്ത മുത്തശ്ശിമാർ.

  ReplyDelete
 7. അത് കേട്ട്/ കണ്ട് വല്ല്യുമ്മ പിന്നെ ഞെട്ടി അല്ലെ
  കഥ നന്നായി ട്ടൊ.

  ReplyDelete
 8. ശരിയാ മലയാളിക്ക്(ഞാന്‍ ഉള്‍പടെ) അനുകരണം ഒത്തിരി കൂടുതല്‍ ആണല്ലോ
  പൈതൃകത്തെ മറക്കുന്ന അനുകരണം പൊട്ടത്തരമാണെന്ന് ഒരു നാള്‍ നാം തിരിച്ചറിയും ... തീര്‍ച്ച

  ReplyDelete
 9. "റൈന്‍ കൊണ്ടാല്‍ പനി പിടിക്കും" എന്നല്ല
  ഫിവര്‍ വരും ഫിവര്‍
  ഞാന്‍ ടെല്ലിയില്ലാന്നു വേണ്ട

  ReplyDelete
 10. തിരിച്ചുനടക്കാനൊരുങ്ങുമ്പോള്‍ അതാ കുത്തിയൊലിച്ചുവരുന്ന കുറെ കടലാസുതോണികള്‍. പല വര്‍ണങ്ങളില്‍.
  ഒന്ന്‌ എത്തിപ്പിടിച്ചു.
  ങ്ങേ! പ്ലാസ്റ്റിക്‌കൊണ്ട്‌ നിര്‍മിച്ച കളിത്തോണികള്‍!
  ഏതോ ഒരു കുത്തക കമ്പനിയുടെ പേരും കൊത്തിവെച്ചിരിക്കുന്നു...

  അതാ പിന്നെയും കുത്തിയൊലിച്ചുവരുന്നു............................Beautiful മുഖ്‌താര്‍

  ReplyDelete
 11. ഒരു കുഞ്ഞു കഥയിലൂടെ ഒരു വലിയ സന്ദേശം! നന്നായിരിക്കുന്നു

  ReplyDelete
 12. സംഭവം അടിപൊളി,
  പക്ഷെ മഴയത് കൊതുക് വരുമോ? മഴ പെയ്തു കഴിഞ്ഞിട്ടേ കൊതുക് ശല്യം ഉണ്ടാകൂ എന്നാണെന്റെ അറിവ് ....

  മഴയത്തെ കുറിച്ചൊക്കെ നന്നായി ഒര്മിപിചിരിക്കുന്നു, കൊതിപ്പിചിരിക്കുന്നു..

  ReplyDelete
 13. വല്ലുമ്മാക്ക് മഴയെക്കുറിച്ചുള്ള ബുലോക കവിതകളുടെ ലിങ്ക് കൊടുക്കാം. അതല്ലെങ്കിൽ യൂട്യൂബിൽ മഴ കാണാം. വെള്ളത്തിൽ നനയാത്ത പ്ലാസ്റ്റിക് വഞ്ചികൾ ബാത്ത് ടബ്ബിൽ ഒഴുക്കാം. ആധുനിക കാലത്ത് ഇത്രയും സൌകര്യങ്ങളുള്ളപ്പോൾ എന്തിനാ പഹയാ വെറുതെ മഴ കൊണ്ട് പനി പിടിക്കാൻ നോക്കുന്നെ!

  ReplyDelete
 14. നല്ല ആശയം...തേണിയുടെ വരവിലെ ക്രിയാത്മകത..ഭാവുകങ്ങള്‍...

  ReplyDelete
 15. മഴ മഴ മഴ….
  ഇവിടെ ഗൾഫിൽ ഐസ് മഴ കണ്ടിട്ടുണ്ട്… പുറത്തിറങ്ങാൻ പേടിതോന്നും.. വല്ല ഐസ് ബ്ളോക്ക് തലയിൽ വീണാലോ…! ഇനി നാട്ടിൽ ചെന്നാൽ ചുകപ്പ് മഴ, പച്ചമഴ, നീല മഴ… അങ്ങിനെ എന്തെല്ലാം കെമിക്കൽ മഴകള്!! അടുത്താണ് മീൻ മഴ വരെ കേട്ടത്…

  ന്നാലും.. നാട്ടിലെത്തിയാൽ മഴ കൊള്ളാത്തവരാര.. അതിന്റെ ഹരം എഴുതിയാ കിട്ടോ…?

  പുതിയ തലമുറക്ക് ഇഷ്ടമില്ലാത്തതിനാലല്ല, അവർക്കതിനുള്ള സൌകര്യം നഷ്ടപെട്ടതിനാലാണ്. അതിനുത്തരവാദികൾ ഈ നമ്മൾ തന്നെയാണ്. പുതിയ തലമുറയെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം? പുതിയ തലമുറക്ക് എന്തെല്ലാം നഷ്ടം.. തുമ്പയും പൂമ്പാറ്റയും വെള്ളത്തണ്ടും മഴയും തോടും നെറ്റിമാനും ചൂണ്ടയും 'കടു' കുത്തിയാലുള്ള വേദനയുമെല്ലാം… ഇന്നെവിടെയാണ് കുറുന്തോട്ടിയും കൂരിയുമെല്ലാം.. അതിന്റെ ചൂടനുഭവിച്ചവരത് മറക്കുമോ!!

  ReplyDelete
 16. മുഖ്ത്താറെ... മഴക്കാലം ഓര്‍മ്മക്കാലം കൂടിയാണ്.... പുതിയ തലമുറയ്ക്ക് കൂടി അതു കിട്ടട്ടെ.... എന്റെ അഭിനന്ദനങ്ങള്‍

  ReplyDelete
 17. ഇഷ്ടപ്പെട്ടു

  ReplyDelete
 18. ഈ കഥ വായിച്ചപ്പോൾ എന്റെ മനസ്സിൽ നിന്ന് മാഞ്ഞ് തുടങ്ങിയ മഴകാല ചിന്തയിലേക്ക് ഒരു നിമിഷം വലിച്ച് കൊണ്ട് പോയി

  ReplyDelete