Jul 12, 2011

മെനുകാര്‍ഡിലെ കവിതകള്‍


ഇന്ത്യന്‍ കോഫീ ഹൗസില്‍ സപ്ലയറാണ്‌ പ്രകാശന്‍ പോത്തുണ്ടി എന്ന കവി. പണികഴിഞ്ഞ്‌ ക്ഷീണിച്ച്‌ കിടക്കുമ്പോഴാണ്‌ മനസ്സില്‍ നിറയുന്ന വിപ്ലവചിന്തകള്‍ കവിതയായ്‌ പെയ്‌തു തുടങ്ങിയത്‌. ജോലിക്കിടയിലുള്ള വിരസതയകറ്റാനാണ്‌ മനസ്സില്‍ തോന്നിയ അക്ഷരങ്ങള്‍ ചേര്‍ത്തു വെക്കാന്‍ തുടങ്ങിയത്‌. 
                              ഇനിയൊരിക്കലും
                              തീന്‍മേശക്കരികിലിരുന്ന്‌
                              മെനുകാര്‍ഡ്‌
                              തിരിച്ചും മറിച്ചും നോക്കി
                              മിനക്കെടേണ്ടതില്ല
                              കണ്ണീരും ചോരയും
                              നന്നായി
                              ആറ്റിക്കുറുക്കിയാല്‍
                              നല്ല ചൂടും ചൂരുമുള്ള
                              കാപ്പിയും ചായയുമാകും
                              കണ്ണുകള്‍
                              ചൂഴ്‌ന്നെടുത്തെണ്ണയിലിട്ടാല്‍
                              ബുള്‍സെയിന്‍ റെഡി
                              മിക്‌സിയില്‍ പൊടിച്ച
                              കിനാവിന്റെ പൊടി
                              പറ്റിയ ചേരുവയാകും.
                              വെന്തകരങ്ങള്‍ കൊണ്ട്‌
                              നിറമുള്ള കട്‌ലെറ്റും
                              വിയര്‍പ്പു തിളപ്പിച്ചാല്‍
                              വിശപ്പിക്കുന്ന രസവുമാക്കാം.
                              തലച്ചോറില്‍
                              നെയ്യൊഴിച്ചാല്‍
                              നല്ല ചൂടുള്ള
                              നെയ്‌ച്ചേറാകും.
                              ഊരിയെടുത്ത
                              വാരിയെല്ലുകള്‍
                              കൊത്തി നുറുക്കി
                              വേവിച്ചെടുത്താല്‍
                              ഒന്നാന്തരം സൂപ്പു തയ്യാര്‍
                              ഇനി മുതല്‍
                              മെനു കാര്‍ഡിലെ
                              കറുത്ത അക്ഷരങ്ങള്‍ക്കിടയില്‍ നിന്നും
                              വായിച്ചെടുക്കാവുന്നത്‌
                              നമ്മളെത്തന്നെയായിരിക്കും.                                                             (മെനുകാര്‍ഡ്‌/പ്രകാശന്‍ പോത്തുണ്ടി)
 
ചെറുപ്പം മുതലെ വിപ്ലവത്തില്‍ കമ്പം കേറിയാണ്‌ സജീവരാഷ്‌ട്രീയത്തിലേക്ക്‌ വരുന്നത്‌. പി ഡി സിക്ക്‌ പഠിക്കുമ്പോള്‍ കോളെജിലെ ഇടതുപക്ഷവിദ്യാര്‍ഥി സംഘത്തിലെ മുന്നളിപ്പോരാളികളില്‍ ഒരാളായിരുന്നു പ്രകാശന്‍. അന്ന്‌ ശക്തനായ ഒരു പ്രാസംഗികനായി ഷൈന്‍ ചെയ്‌തു നടക്കുമ്പോഴാണ്‌ കോളെജ്‌ മാഗസിനിലേക്ക്‌ ഒരു ലേഖനമെഴുതി, എഴുത്തു തുടങ്ങുന്നത്‌. അതും വിപ്ലവവും വിദ്യാര്‍ഥി രാഷ്‌ട്രീയവും വെച്ചുള്ള ഒരു കളിയായിരുന്നു. പലരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. അതൊരു പ്രചോദനമായിരുന്നു.
പക്ഷെ, എഴുത്തും പഠനവും മുന്നോട്ടു കൊണ്ടുപോകാനായില്ല. വീട്ടിലെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. അപ്പോഴാണ്‌ കോഫീ ഹൗസില്‍ പണി ശരിയാവുന്നത്‌. വീട്ടില്‍ വിഷപ്പു പുകയുകയും കണ്ണീരു കത്തുകയും ചെയ്‌തു തുടങ്ങിയപ്പോഴാണ്‌ പഠനം നിറുത്തി ജോലിക്ക്‌ പുറപ്പെട്ടത്‌. ആദ്യം എല്ലാവരെയും പോലെ പാത്രം കഴുകലും മേശതുടക്കലുമൊക്കെയായിരുന്നു പണി.
പണികഴിഞ്ഞ്‌ ക്ഷീണിച്ച്‌ കിടക്കുമ്പോഴാണ്‌ മനസ്സില്‍ നിറയുന്ന വിപ്ലവചിന്തകള്‍ കവിതയായ്‌ പെയ്‌തു തുടങ്ങിയത്‌. ജോലിക്കിടയിലുള്ള വിരസതയകറ്റാനാണ്‌ മനസ്സില്‍ തോന്നിയ അക്ഷരങ്ങള്‍ ചേര്‍ത്തു വെക്കാന്‍ തുടങ്ങിയത്‌. നോട്ടു ബുക്കില്‍ കവിതകള്‍ നിറഞ്ഞു. അതില്‍ നിന്നും ചിലത്‌ മാറ്റിപ്പണിത്‌ ആനുകാലികങ്ങളിലേക്കയച്ചു. പലതും അച്ചടിച്ചു വന്നു.
അച്ചടിച്ച കവിതകളെല്ലാം ചേര്‍ത്തൊരു പുസ്‌തകമെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിച്ചത്‌ നന്‍മണ്ട കൃഷ്‌ണപ്പിള്ള പഠന കേന്ദ്രമായിരുന്നു.
അതിനു ശേഷം വീണ്ടും പ്രകാശന്റെ കവിത വളര്‍ന്നു. രണ്ടാം സമാഹാരത്തിലെ കവിതകള്‍ സമകാലിക സാഹചര്യങ്ങളെ വിശകലനം ചെയ്‌തും വിലയിരുത്തിയും രൂപപ്പെട്ടിട്ടുള്ളതാണ്‌.
പ്രണയവും പുഴയും മഴയുമെല്ലാം നിറയുന്നുണ്ട്‌ രണ്ടാം ബുക്കില്‍. സാമൂഹിക വിശകലനത്തിന്റെയും അഗാധമായ ചിന്തയുടെയും ആക്ഷേപഹാസ്യത്തിന്റെയും പ്രതിഫലനങ്ങള്‍ പ്രകാശന്റെ കവിതകളില്‍ കാണാം. പുതിയ കാലത്തെ അടയാളപ്പെടുത്താനുള്ള ശ്രമം കൂടി ഈ കവിതകളിലുണ്ട്‌.
കൂടുതലായി വായിക്കുന്ന ആളൊന്നുമല്ല പ്രകാശന്‍. വായനയും എഴുത്തും കൂടെക്കൊണ്ടു നടക്കാനാവുന്ന സാഹചര്യവുമില്ല പ്രകാശന്‌. എഴുതാതിരിക്കാനാവാത്ത സമയത്ത്‌ മാത്രമാണ്‌ പ്രകാശന്‍ എഴുതുന്നത്‌. അതുകൊണ്ടാവാം പ്രകാശന്റെ കവിതകളില്‍ പതിരില്ലാതാവുന്നതും.
കവിതയുറ്റുന്ന മനസ്സുമായാണ്‌ പ്രകാശന്‍ നടക്കുന്നത്‌. മനസ്സും ശരീരവും ഇടതുപക്ഷത്തോടു ചേര്‍ന്നു നില്‍ക്കുന്നതു കൊണ്ടാവാം പ്രകാശന്റെ കവിതകളില്‍ ഇടതുപക്ഷരാഷ്‌ട്രീയം കടന്നു വരുന്നത്‌. ആദ്യ കവിതാ സമാഹാരമായ പ്രതിരോധ വഴികളില്‍ വിപ്ലവത്തിന്റെ കത്തുന്ന രാഷ്‌ട്രീയമാണുള്ളത്‌.
ഇടതുപക്ഷ രാഷ്‌ട്രീയ കവിതകള്‍ എന്ന്‌ പറഞ്ഞ്‌ ആ കവിതകളെയും കവിയെയും അരികിലേക്ക്‌ മാറ്റാനുള്ള ശ്രമമാണ്‌ ഉണ്ടായത്‌. എന്നാല്‍ വൈവിധ്യമുള്ള വിഷയങ്ങളുടെ തീക്ഷ്‌ണതകളുമായി വയല്‍പ്പച്ച എന്ന കവിതാസമാഹാത്തിലൂടെ പ്രകാശന്‍ വീണ്ടും വന്നിരിക്കുകയാണ്‌. വിപ്ലവാത്മകമായ മനസ്സുള്ള കവിയാണ്‌ പ്രകാശന്‍.
തീക്ഷ്‌ണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു വന്ന എഴുത്തുകാരനായതു കൊണ്ടാവാം സാധാരണക്കാരന്റെ വികാരവും വിചാരവും ഭാഷയും പ്രകാശന്റെ കവിതകളില്‍ നിറയുന്നത്‌.
പ്രകൃതിയെക്കുറിച്ചുള്ള ആശങ്കകള്‍ മിക്ക കവിതകളിലും കാണാം. സാമൂഹികാവബോധമുള്ള, മാനുഷിക പ്രതിബദ്ധതയുള്ള വരികളാണ്‌ പ്രകാശന്റേത്‌. പുഴയും മഴയുമൊക്കെ അത്തരം ആധികളാണ്‌ പ്രകാശന്‌.

നാട്ടുവഴിക്കുമീതേ                          
മഴച്ചില്ലകള്‍ പൂക്കും                              
നനഞ്ഞൊട്ടിയ കുപ്പായത്തിനു 
മീതെ
പുസ്‌തകക്കെട്ടമരും.                         
മരം പറ്റി മരം പറ്റി                             
ഓടി                          
വീടെത്താതെ                        
കിതക്കും                               
അടുപ്പിന്റെ                         
ചൂടില്‍                            
കുളിരിറക്കുമ്പോള്‍
ജനലഴിക്കപ്പുറം
മഴപ്പൂവുകളൊഴുകും
രാവേറെയാകുമ്പോള്‍
പനിക്കുളിരുവന്നെന്നെ                           
പൊതിയും                             
ഞാന്‍                             
കമ്പിളിപ്പുതപ്പില്‍                           
ചുട്ടു പഴുക്കും                         
പുറത്തപ്പൊഴും                           
മഴചില്ലകള്‍
പൂത്തുകൊണ്ടോയിരിക്കും.                       
(രാപ്പനി)

രാപ്പനിയെ ഗൃഹാതുരമായ ഓര്‍മയാക്കുന്നതിലൂടെ കവിത വായക്കാരന്റെ വികാരമാവുന്നു.
                            
കരിമ്പനയുടെ
തണലുപറ്റി 
നടക്കാറുണ്ട്‌ 
മുത്തിയമ്മയുടെ
പച്ച കുത്തിയ
കൈത്തണ്ടയില്‍ 
തൂങ്ങി.            കഫക്കട്ടകള്‍                                                                                           കാണെക്കാണെ                                                                                          നിറയുന്ന
കോളാമ്പിയില്‍

ചുവപ്പു രാശി
കലരും വരെ.
കഫകുറുകലില്‍  കുരുങ്ങിപ്പോയ                                                           
കവളപ്പാറ കൊമ്പന്റെ                                                            പാട്ടിനൊപ്പം                                                            അറ്റമെത്താതെ                                                            കിതക്കാറുണ്ട്‌                                                             ഞാനുമച്ഛനും.                                                            വറ്റിത്തീരും                                                           
കണ്ണീരും ചോരക്കുമിടയില്‍                                                             എല്ലുന്തിപ്പോയ                                                             എന്റെമ്മയുടെ                                                           
കൈവെള്ളയിലെ ചൂട്‌                                                             നിറയാറുണ്ട്‌                                                             മൂര്‍ധാവിലെപ്പഴും.                                                            കഴുക്കോലില്‍                                                           മുട്ടുന്ന                                                            ചിമ്മിനിയുടെ                                                           
കരിമ്പുക പോലെ                                                            ഓര്‍മകളിപ്പൊഴും                                                                              ദിക്കെത്താതെ                                                                            കിതക്കുന്നു.                                                            
(നൊസ്റ്റാള്‍ജിയ)

ഓര്‍മകളില്‍ നിറയുന്ന വേദനനകള്‍ ദിക്കെത്താതെ കിതക്കുന്നു കവിതയില്‍.
സമകാലിക ഇടതുപക്ഷത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട്‌ `നീ തന്നെ' എന്ന കവിതയില്‍.


നാട്ടു വഴിയുടെ                             
നെറ്റിയില്‍                              
ആദ്യമായ്‌                               
ചുവന്ന കൊടികുത്തിയത്‌                              
നീയാണ്‌.                              
കൊടിക്കു കൂട്ടായി                              
യൗവനത്തെ                              
പകുത്തു വെച്ചതും                              
നീ തന്നെ.                             
ജീവിതം                              
കൊടിയാണെന്ന്‌                              
ശഠിച്ച്‌                               
പെറ്റവയറിന്റെ                              
നിലവിളികള്‍ക്കപ്പുറത്തേക്ക്‌                              
നടന്നു മറഞ്ഞതും                              
നീ തന്നെ.                              
പിന്നീട്‌                              
പുഴക്കും മഴക്കുമപ്പുറം                              
കൊടി വളര്‍ന്നപ്പോള്‍                              
കൊടിക്കു വേണ്ടിയുള്ള                              
കലമ്പല്‍                              
കളം നിറഞ്ഞപ്പോള്‍                              
ആദ്യമായ്‌                               
കൊടിത്തണലിനപ്പുറത്തേക്ക്‌                              
കൂട്ടം തെറ്റിയതും                              
നീ തന്നെ.                              
ഒടുക്കം                              
കൊടി പറഞ്ഞകഥയില്‍                              
ഒറ്റുകാരന്റെ നിറപ്പകര്‍ച്ചയായ്‌                               
നീലിച്ചതും                              
നീ തന്നെ... 


ഞെക്കിപ്പിഴിഞ്ഞെടുത്തതോ ഉടച്ച്‌ വാര്‍ത്തെടുത്തതോ അല്ല പ്രകാശനിലെ പ്രതിഭ. ഉള്ളിന്റെയുള്ളില്‍ പതഞ്ഞുണരുന്ന വികാരമാണത്‌. അതുകൊണ്ടാണ്‌ `അച്ഛന്റെ കവിതകള്‍' പോലുള്ള രചനകള്‍ പ്രകാശനില്‍ നിന്നുണ്ടാവുന്നത്‌. 

പുതു മഴ പിറ്റേന്ന്‌  
അച്ഛനെഴുതാറുണ്ട് 
കവിതകള്‍. 
മണ്‍ വെട്ടിയും                                                                                         മഴക്കുളിരുമായ് 
നനഞ്ഞ  
മണ്ണിന്റെ 
നഗ്നതയില്‍. 
കിതപ്പിന്റെ  
നാട്ടു താളത്തില്‍  
വിയര്‍പ്പിന്റെ 
മഷിത്തുള്ളിയില്‍. 
മണ്‍വെട്ടിയുടെ                                                           സീല്‍ക്കാരങ്ങള്‍ക്കായ്‌                                                           മണ്ണടരുകള്‍                                                                                          കാത്തിരിക്കുമ്പോള്‍
വിത്ത്‌
തിരയാറുണ്ട്‌
മണ്ണിന്റെ
ഗര്‍ഭ പാത്രങ്ങളെ.  
വിരിയാറുണ്ട്‌                                                          
വൃത്തിയും വൃത്തവുമൊത്ത  
പച്ചില കവിതകള്‍.  
തളിരിലച്ചിരികളില്‍ 
പൊതിയാറുണ്ട്
പുലരി മഞ്ഞിന്റെ                                                          
പ്രണയ നിശ്വാസങ്ങള്‍.                                                           നിറയാറുണ്ടടുക്കളയില്‍                                                             അമ്മക്കൊരാശ്വാസമായ്‌ 
അച്ഛന്റെ കവിതകള്‍.                                                          
(അച്ഛന്റെ കവിതകള്‍)
 
അക്കാദമിക്കായ വിശകലനങ്ങള്‍ക്കപ്പുറത്ത്‌ ജീവിതത്തോടൊട്ടി നില്‍ക്കുന്ന എഴുത്താണ്‌ പ്രാകാശന്റെ കവികതള്‍. അതുകൊണ്ടാണ്‌ പ്രകാശന്‌ കവിതയും ജീവിതവും ഒന്നാവുന്നത്‌.

അഡ്വ. മഞ്ചേരി സുന്ദര്‍ രാജ്‌ , മുനീര്‍ അഗ്രഗാമി, സുജിത്‌ കുട്ടനാരി തുടങ്ങിയവരുടെ സഹായ സഹകരണങ്ങള്‍, വളര്‍ച്ചയിലെന്നും ഹൃദയത്തില്‍ സൂക്ഷിക്കേണ്ടതാണ്‌. സൗഹൃദക്കൂട്ടായ്‌മയിലൂടെയാണ്‌ പ്രാകശന്റെ പുസ്‌തകം പുറത്തിറങ്ങിയത്‌. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നല്‍കുന്ന പിന്തുണയും പ്രോല്‍സാഹനവുമാണ്‌ പ്രകാശന്റെ ശക്തി. ഒന്നര മാസം കൊണ്ട്‌ മുഴുവന്‍ കോപ്പികളും വിറ്റഴിക്കാനായത്‌ കേരള കോര്‍പ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയന്റെ സഹകരണത്തോടെയാണ്‌.
കോഴിക്കോട്‌ കല്ലായ്‌ റോഡിലെ ആരാധനാ ബില്‍ഡിംഗിലുള്ള ഇന്ത്യന്‍ കോഫീ ഹൗസില്‍ സപ്ലയറാണ്‌ പ്രകാശന്‍ പോത്തുണ്ടി എന്ന കവി. പതിനൊന്നു വര്‍ഷമായി പ്രകാശന്‍ കോഫീ ഹൗസില്‍ ജോലിക്കാരനാണ്‌. പാലക്കാട്‌ ജില്ലയിലെ നെന്‍മാറക്കടുത്ത്‌ പോത്തുണ്ടിയില്‍ കൃഷ്‌ണന്റെയും സരോജനിയുടെയും മകനാണ്‌. റീനയാണ്‌ ഭാര്യ. 


പ്രകാശനെ വിളിക്കാം >> 0091-9947171715
.
(വര്‍ത്തമാനം ആഴ്ചപ്പതിപ്പ് 2011 ജൂലൈ 10)


19 comments:

 1. മഴച്ചില്ലകള്‍ പൂത്തുകൊണ്ടേയിരിക്കും... !

  ReplyDelete
 2. ഇനിയും കവിതകൾ പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. നന്നായി ഈ പരിചയപ്പെടുത്തൽ!

  ReplyDelete
 4. വളരെ നനടി മുക്താര്‍
  തീ തുപ്പുന്ന ഒരു കവിയെയും
  അദ്ദേഹത്തിന്റെ രചനകളെയും
  പരിചയപ്പെടുത്തിയതിന്

  മുഖ്താരിനെ ഈ വഴിക്കൊന്നും കാണുന്നില്ലാലോ
  എന്ത് വഴി മറന്നു പോയോ

  ReplyDelete
 5. മൂക്കിൻ തുമ്പത്തെ കറുത്ത മുത്ത്

  ReplyDelete
 6. രുചികരമായ കവിതകൾ എന്നു പറയാമൊ..
  കവിക്കും കവിയെ പരിചയപ്പെടൂത്തിയ ഭായിക്കും എല്ലാ ആശംസകളൂം

  ReplyDelete
 7. ആ നടപ്പിനും നോട്ടത്തിനും ഒക്കെ കവിത്വമുണ്ട്. ദോശക്കും കവിതയുടെ രുചിയായിരിക്കും. ഉദ്യമം നന്നായി. അഭിനന്ദനങ്ങള്‍.

  ReplyDelete
 8. തലച്ചോറില്‍
  നെയ്യൊഴിച്ചാല്‍
  നല്ല ചൂടുള്ള
  നെയ്‌ച്ചേറാകും...

  nalla varikal hayi kooyi poyyi ee parichayappedutthalinu nandi

  ReplyDelete
 9. congrts prakashan and thanks mukthaar

  ReplyDelete
 10. പ്രകാശനെന്ന പ്രതിഭയെ പരിചയപ്പെടുത്തിയതിനു നന്ദി.പ്രകാശനും ഒപ്പം താങ്കൾക്കും അഭിവാദ്യങ്ങൾ..
  കവിതകളെല്ലാം ഒരുപാടിഷ്ടമായി..

  ReplyDelete
 11. മുക്താര്‍ ഭായ്, ഈ പരിചയപ്പെടുത്തല്‍ ഉചിതമായി..വിയര്‍പ്പിന്റെ വീര്യമുള്ള , തീ തുപ്പുന്ന വരികളാണ് ഈ കവിയുടേത്, ആശംസകള്‍ കവിക്കും പരിചയപ്പെടുത്തിയ ഭായിക്കും...

  ReplyDelete
 12. ഈ പരിച്ചയപ്പെടുത്തലിനു നന്ദി.

  ReplyDelete
 13. ഐസിഎച്ചിലെ കാപ്പീന്റെ സീക്രട്ട്‌ പ്രകാശന്‍ ഒന്നു പറഞ്ഞുതരുമോ?

  ReplyDelete
 14. കവിയെയും അദ്ദേഹത്തിന്റെ രചനകളെയും
  പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി... വിപ്ലവചിന്തകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ആ കവിക്ക്‌ എല്ലാ ആശംസകളും ...

  ReplyDelete
 15. മധുരമയം സ്വാദിഷ്ടം ഈ കവിത.

  ReplyDelete
 16. നന്ദി വീണ്ടും വരാം ...

  ReplyDelete
 17. നന്ദി.
  ഈ പകരലിനും പകര്‍ത്തലിനും ...

  ReplyDelete
 18. ഞെക്കിപ്പിഴിഞ്ഞെടുത്തതോ ഉടച്ച്‌ വാര്‍ത്തെടുത്തതോ ഒന്നും കൂടുതല്‍ നിലനില്‍ക്കില്ലല്ലോ ഇക്കാ.

  ReplyDelete
 19. ഹൊ.. ഇപ്പഴാണ് ശ്രദ്ധിച്ചത്... കോഫി ഹൌസ്..എത്രയോ കാലം അവിടെന്നായിരുന്നു ലഞ്ച്! മുഖ്താറിന് വർത്തമാനത്തിൽ നിന്നും അടുത്താണല്ലൊ.., കോഫിഹൌസിൽ നിന്ന് തിന്നാലും പോരാ, ഇങ്ങിനെയൊക്കെ ഉപദ്രവിക്കുകയും വേണം.. :)

  ReplyDelete