Jan 4, 2012

ചെറിയ വായനയുടെ വലുപ്പങ്ങള്‍

മുകുന്ദന്‍
വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ ഏറുമ്പോഴും സാഹിത്യരചനകള്‍ക്ക് വായനക്കാര്‍ കുറയുന്നുണ്ടെന്ന ആശങ്കയില്‍ നിന്നാണ് ഹരിതം ബുക്‌സ് 2010 ലഘുനോവല്‍ വര്‍ഷമായി ആചരിച്ചത്. വലിയ നോവലുകള്‍ വായിക്കാനുള്ള ക്ഷമയും മാനസികാവസ്ഥയും മലയാളിക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന നിരീക്ഷണമാണ് സാഹിത്യ വായനയെ തിരിച്ചു പിടിക്കാനുള്ള ഉപാധി കൂടിയായിക്കണ്ട് ലഘുനോവലുകളുടെ പ്രസാധനത്തിനായി ഒരു വര്‍ഷത്തെ മാറ്റിവെച്ചത്. പുതിയതും പഴയതുമായ എഴുത്തുകാരുടെ 63 ലഘുനോവലുകളാണ് ഹരിതം പുറത്തിറക്കിയത്. വായന സങ്കീര്‍ണമായ ഒരു കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന ആശങ്കയോടെയാണ് ലഘുനോവലുകള്‍ ആരംഭിക്കുന്നത്. നോവലിനും കഥക്കുമിടയിലൂടെയുള്ള സുന്ദരമായ യാത്രകളാണ് ഓരോ ലഘുനോവലും സമ്മാനിക്കുന്നത്. ഒറ്റയിരുപ്പിന് വായിക്കാനാവുന്ന ഈ പുസ്തകങ്ങള്‍ മലയാള സാഹിത്യത്തിന്റെ ഒരു ഓരത്തെയല്ല പ്രകടമാക്കുന്നത്. എഴുത്തിലും വായനയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന നവീനതയെയും അഭിരുചിമാറ്റങ്ങളെയുമാണ്.
എം മുകുന്ദന്റെ മൂന്ന് ലഘു നോവലുകള്‍ ഇതില്‍ വളരെ ശ്രദ്ധേയമാണ്. കണ്ണന്‍ നമ്പ്യാര്‍ ഡല്‍ഹിയില്‍, ഗ്രീന്‍ഹില്‍ കോണ്‍വെന്റ്, സഞ്ചാരി പറഞ്ഞ കഥ എന്നിവയാണ് അവ.
മലയാള നോവല്‍ സാഹിത്യത്തിന് ദിശാബോധം നല്‍കിയ തികച്ചും വ്യത്യസ്തമായ നോവലാണ് 'കണ്ണന്‍നമ്പ്യാര്‍ ഡല്‍ഹിയില്‍'. കറുത്തഹാസ്യത്തിലൂടെ നഗരത്തിന്റെ വിരസമായ ജീവിതത്തെയാണ് ഈ നോവല്‍ വരച്ചുകാട്ടുന്നത്. നഗരത്തിന്റെ തിരക്കിനും വിരസതക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന ജനതക്കിടയില്‍ കൗതുകമായി വന്നെത്തുന്ന ഗ്രാമീണതയുടെ ആശ്വാസമാണ് ഈ കഥ. കണ്ണന്‍നമ്പ്യാരുടെ പശുവാകാനുള്ള കഴിവ്, ദല്‍ഹിയിലെ വരണ്ട ദിനങ്ങളില്‍ നിന്നും നാട്ടിലെത്തിയ മകന്‍ തിരിച്ചറിയുന്നിടത്ത് തുടങ്ങുന്നു കഥ. നഗരത്തിലെ ആവര്‍ത്തന ദിനക്രമങ്ങളുടെ മനംമടുപ്പിലും വെറുപ്പിലും ചടച്ചുപോയ മനസ്സില്‍ പുതിയ സ്വപ്‌നവും പ്രതീക്ഷയും നിറയ്ക്കുകയായിരുന്നു ആ തിരിച്ചറിവ്. മകന്‍ തിരിച്ചുപോകുമ്പോള്‍ അച്ഛനെയും കൂടെക്കൂട്ടുകയാണ്. ദല്‍ഹിയിലെ നഗര ജീവിതത്തിന്റെ മനംമടുപ്പിലേക്ക് കൗതുകവും ആശ്ചര്യവുമായി ഇടക്കിടെ നമ്പ്യാര്‍ പശുവായി ഇറങ്ങി വന്നു. പശു സംസാരവിഷയമായി. വളരെ വ്യത്യസ്തമായ വായനാനുഭവമാണ് ഈ കൊച്ചു നോവല്‍.


ലഘുനോവലുകള്‍
എം മുകുന്ദന്‍
കണ്ണന്‍ നമ്പ്യാര്‍ ദല്‍ഹിയില്‍
വില: 37 രൂപ, പേജ്: 50
ഗ്രീന്‍ഹില്‍ കോണ്‍വെന്റ്
വില: 28 രൂപ, പേജ്: 34
സഞ്ചാരി പറഞ്ഞ കഥ
വില: 28 രൂപ പേജ്: 34
ഹരിതം & നീലാംബരി ബുക്‌സ്,
കോഴിക്കോട്‌

മലയാള സാഹിത്യത്തില്‍ പരിചിതമല്ലാത്ത കഥാപാത്രങ്ങളിലൂടെ പിടിതരാത്ത മാനസിക വ്യതിചലനങ്ങളുടെയും വ്യതിയാനങ്ങളുടെയും അര്‍ഥങ്ങള്‍ തേടുന്ന കഥയാണ് 'ഗ്രീന്‍ഹില്‍ കോണ്‍വെന്റ'്. ഗ്രീന്‍ഹില്‍ കോണ്‍വെന്റിലെ, തന്റെ വിദ്യാര്‍ഥിയായിരുന്ന ഡംപീസിംഗിനെക്കുറിച്ച് പത്രത്തില്‍ വന്ന ഒരു വാര്‍ത്ത വായിക്കാനിടയായ ചരിത്രാധ്യാപകനായ ചാര്‍ലസ് ഡി മിത്തിന്റെ ചിന്തകളും ഓര്‍മകളും കഥപറയുകയാണ് ഈ നോവലില്‍. അന്തര്‍മുഖനും വിഷാദഹൃദയനുമായിരുന്ന ഡംപീസിംഗിനെങ്ങനെ ഒരു കൊലപാതകിയാകാന്‍ കഴിഞ്ഞുവെന്ന കുഴക്കുന്ന ആലോചനകളാണ് നോവല്‍ പങ്കുവെക്കുന്നത്. തിരിച്ചറിയാനും ഉള്‍ക്കൊള്ളാനുമാകാത്ത മനശ്ശാസ്ത്ര തലത്തെ അടയാളപ്പെടുത്തുകയാണിവിടെ. തിരിച്ചറിയാനാവാത്ത ആന്തരിക സംഘര്‍ഷങ്ങള്‍ അനുഭവിക്കാനാവുന്നുണ്ട് വായനയില്‍.
മയ്യഴിയും മാല്‍ഗുഡിയും പോലെ മറ്റൊരു ദേശത്തെ മലയാളസാഹിത്യത്തില്‍ പ്രതിഷ്ഠിക്കുകയാണ് 'സഞ്ചാരി പറഞ്ഞ കഥ'യിലൂടെ മുകുന്ദന്‍. സഞ്ചാരി, തന്റെ ദേശാടനത്തിന്റെ വഴിയില്‍ ആ ദേശത്ത് എത്തിച്ചേരുന്നതും, യാദൃഛികമായുണ്ടാവുന്ന ഒരനുഭവത്തിലൂടെ ആ ദേശത്തിന്റെ ഭാഗമായിത്തീരുന്നതുമാണ് കഥ. ഉടുമ്പ്രം ദേശത്തില്‍ ഭീതിയായി പടര്‍ന്ന ഭാര്‍ഗവന്റെ ക്രൂരകൃത്യങ്ങളില്‍ പ്രതികരിക്കാനും പ്രതിഷേധിക്കാനുമാവാത്ത പ്രദേശവാസികള്‍ക്ക് പ്രതീക്ഷയും ആശ്വാസവുമായാണ് സഞ്ചാരി വന്നുചേരുന്നത്. പക്ഷേ പ്രദേശവാസികളുടെ വിശ്വാസമായ മാരിയമ്മപോലും കണ്ണുതുറക്കാത്ത നിരാശയില്‍ സഞ്ചാരി തിരിച്ചു നടക്കുന്നിടത്ത് നോവല്‍ അവസാനിക്കുമ്പോള്‍, ഉടുമ്പ്രം ദേശം വേദനയായി വായനയില്‍ ബാക്കിക്കിടക്കുന്നു.
മലയാളനോവലിന്റെ പ്രതിപാദനത്തിലും പ്രതിപാദ്യത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച എഴുത്തുകാരനാണ് എം മുകുന്ദന്‍. എം മുകുന്ദന്റെ എഴുത്തിന്റെ തീവ്രതയനുഭവിക്കാനാവുന്ന മൂന്ന് ലഘുനോവലുകളാണിവ. വലുപ്പത്തില്‍ ചെറുതെങ്കിലും വായനയില്‍ വലുതാവുന്ന നോവലുകള്‍.                

.

15 comments:

 1. മലയാളനോവലിന്റെ പ്രതിപാദനത്തിലും പ്രതിപാദ്യത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച എഴുത്തുകാരനാണ് എം മുകുന്ദന്‍. എം മുകുന്ദന്റെ എഴുത്തിന്റെ തീവ്രതയനുഭവിക്കാനാവുന്ന മൂന്ന് ലഘുനോവലുകളാണിവ. വലുപ്പത്തില്‍ ചെറുതെങ്കിലും വായനയില്‍ വലുതാവുന്ന നോവലുകള്‍.

  ReplyDelete
 2. പുതുവത്സരാശംസകൾ

  ReplyDelete
 3. എന്തായാലും വലിയ പുസ്ത്കങ്ങള്‍ എന്നെ പേടിപ്പിക്കാറില്ല.
  പുതിയ പുസ്തകങ്ങള്‍ കാട്ടിതന്നതിനു
  പ്രത്യേകം പുതുവത്സരാശംസകള്‍

  ReplyDelete
 4. ബാല്യകാലസഖി...കള്ളന്‍ പവിത്രന്‍...പ്രതിമയും രാജകുമാരിയും..പാണ്ഡവപുരം. സഖറിയായുടെ നോവല്ലകള്‍
  സമൃദ്ധമാണ് നമ്മുടെ ചെറുനോവല്‍ ശാഖ.
  മുകുന്ദന്റെ സംഭാവനകള്‍ പരിചയപ്പെടുത്തിയതിനു നന്ദി...

  ReplyDelete
 5. അറിയാത്ത പുസ്തകങ്ങളിലേക്ക് എത്തിച്ചതിന് നന്ദി മുഖ്‌താര്‍...

  ReplyDelete
 6. മുകുന്ദന്‍ കഥകള്‍ ചിലതൊക്കെ വായിച്ചിട്ടുണ്ടെങ്കിലും ഇത് വയിക്കാത്ത പുസ്തകങ്ങള്‍ ആണ്... ഇത് പരിചയപ്പെടുത്തിയതില്‍ നന്ദി. പുതുവല്‍സരാശംസകള്‍ ...

  ReplyDelete
 7. നന്നായി ഈ പരിചയപ്പെടുത്തല്‍.ആശംസകള്‍...

  ReplyDelete
 8. വായിച്ചിട്ടില്ലാത്ത പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയതില്‍ സന്തോഷം.. എന്നാലും @ "വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ ഏറുമ്പോഴും സാഹിത്യരചനകള്‍ക്ക് വായനക്കാര്‍ കുറയുന്നുണ്ടെന്ന ആശങ്കയില്‍ നിന്നാണ് ഹരിതം ബുക്‌സ് 2010 ലഘുനോവല്‍ വര്‍ഷമായി ആചരിച്ചത്. വലിയ നോവലുകള്‍ വായിക്കാനുള്ള ക്ഷമയും മാനസികാവസ്ഥയും മലയാളിക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന നിരീക്ഷണമാണ്...." എന്ന് കരുതുന്നില്ല. വലിപ്പവും കട്ടിയും നോക്കാതെ കാമ്പുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ മലയാളത്തിലും ഇപ്പോഴും ആളുണ്ട് എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണല്ലോ മുകുന്ദന്റെ തന്നെ പുതിയ 'ഡല്‍ഹി ഗാഥകള്‍'. ബെന്യാമിന്റെ ആടുജീവിതവും മഞ്ഞവെയില്‍ മരണങ്ങള്‍ ഉം തുടങ്ങി അന്യ ഭാഷ നോവലുകളായ ഹരിപോര്ട്ടര്‍, ആല്‍കെമിസ്റ്റ് , ഡാവിഞ്ചികോഡ് വരെ എത്രയോ പുസ്തകങ്ങളുടെ ആയിരക്കണക്കിന് കോപ്പികള്‍ എത്ര പെട്ടെന്നാ മലയാളികള്‍ വായിച്ചു തീര്‍ത്തത്. അതല്ലെങ്കില്‍ മലയാളികളുടെ പുതിയ ട്രെന്‍ഡ് ആയ സെന്‍സേഷനല്‍ ന്റെ പിറകെ പോക്കിന്റെ ഭാഗമായി ഇതിനെയും കാണേണ്ടി വരുമോ??

  ReplyDelete
 9. ഈ പരിചയപ്പെടുത്തലിനു നന്ദി

  ReplyDelete
 10. പരിചയപ്പെടുത്തല്‍ നന്നായി.പുതുവത്സരാശംസകൾ

  ReplyDelete
 11. മുകുന്ദന്‍ ഹരമായിരുന്നു, അന്നൊക്കെ. തേടിപ്പിടിച്ചു വായിച്ചിട്ടുമുണ്ട്. നന്നായി പരിചയപ്പെടുത്തല്‍.

  ReplyDelete
 12. നന്നായി. നന്ദി.

  ReplyDelete
 13. വലുപ്പത്തില്‍ ചെറുതെങ്കിലും വായനയില്‍ വലുതാവുന്ന നോവലുകള്‍.....

  ReplyDelete
 14. ചില പുതിയ പുസ്തകങ്ങള്‍ കാണാനായതില്‍ സന്തോഷം .

  ReplyDelete
 15. പരിചയപ്പെടുതലിനു നന്ദി.

  ReplyDelete