Apr 18, 2012

മലപ്പുറത്തിന്റെ വായനയില്‍ ഒരു സ്ത്രീയുടെ ഇടപെടലുകള്‍

രുഗ്മിണി
സ്ത്രീകള്‍ അധികമൊന്നും കടന്നുവരാത്ത മേഖലയാണ് പുസ്തക വില്പന. എന്നാല്‍ മലപ്പുറം കുന്നുമ്മലുള്ള പുസ്തകസരസ്സെന്ന പുസ്തകശാല കഴിഞ്ഞ ഇരുപത് വര്‍ഷമായി നടത്തുന്നത് ഒരു സ്ത്രീയാണ്. ആനക്കയം സ്വദേശിനി രുഗ്മിണി. മലപ്പുറത്തെ ആദ്യ പുസ്തകശാലകളിലൊന്നാണ് കുന്നുമ്മലുള്ള പുസ്തകസരസ്സ്. 1992 മാര്‍ച്ചില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീറാണ് ഈ പുസ്തകശാല ഉദ്ഘാടനം ചെയ്തത്. രുഗ്മിണിയുടെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് തുടങ്ങിയതാണ് പുസ്തകശാല. ഭര്‍ത്താവ് ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ തനിച്ചാവുന്ന രുഗ്മിണി പുസ്തകശാലയില്‍ ഇരിക്കാന്‍ തയ്യാറായി. ആദ്യം അതൊരു ആശ്വാസമായിരുന്നു. പുസ്തകങ്ങളോടുള്ള ഇഷ്ടവും വായനയിലുള്ള താല്‍പര്യവും ഏറിയപ്പോള്‍ അതൊരു ആവേശമായി. ഒരു വര്‍ഷം കഴിയും മുന്‍പേ പുസ്തകസരസ്സ് രുഗ്മിണി സ്വന്തമാക്കി. സഹായവും പ്രേല്‍സാഹനവുമായി ഡി.ഡി ഓഫീസില്‍ ക്ലാര്‍ക്കായിരുന്ന ചന്ദ്രശേഖരന്‍ കൂടെനിന്നു.


20 വര്‍ഷമായി മലപ്പുറത്തിന്റെ വളര്‍ച്ച കണ്ടും കേട്ടും രുഗ്മിണി തന്റെ പുസ്തകശാലയിലുണ്ട്. അന്ന് മലപ്പുറം ഇത്ര വികസിച്ചിട്ടില്ല. വികസനം വന്നത് വളരെ പെട്ടെന്നായിരുന്നല്ലോ. റോഡ് വീതി കുറവായിരുന്നു. മെയിന്‍ റോഡിലേക്കിറങ്ങി വരുന്ന ചെറുറോഡുകള്‍ അന്ന് ചെറിയ നടവഴികളായിരുന്നു. റോഡുകളെ സജീവമാക്കിയിരുന്നത് മലപ്പുറം കോളജിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ കൂട്ടമായിരുന്നു. മലപ്പുറം കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും കലക്‌ട്രേറ്റിലെ ജോലിക്കാരും പുസ്തകസരസ്സിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു.
 ബഷീറിന്റെയും ഒ.വി.വിജയന്റെയും തകഴിയുടെയും എം ടിയുടെയും ആനന്ദിന്റെയും മുകുന്ദന്റെയുമൊക്കെ പുസ്തകങ്ങള്‍ ചോദിച്ച് ആളുകള്‍ വന്നു. അടുത്തൊന്നും നല്ല പുസ്തകങ്ങള്‍ കിട്ടുന്ന ഇടങ്ങള്‍ വേറെ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പുസ്തകം വാങ്ങാന്‍ അടുത്ത പ്രദേശങ്ങളില്‍ നിന്നും വായനാപ്രേമികള്‍ ഇവിടെയെത്തി. സാധാരണക്കാരായ ധാരാളം നല്ല വായനക്കാര്‍ അന്നുണ്ടായിരുന്നു. 
വെറുമൊരു പുസ്തക വില്‍പനക്കാരി എന്നതിലപ്പുറം നല്ലൊരു വായനക്കാരി കൂടിയാണ് രുഗ്മിണി. എം.ടിയുടെ പുസ്തകങ്ങളാണ് ഇഷ്ടമെങ്കിലും കയ്യില്‍ കിട്ടുന്നതെന്തും വായിക്കും. നല്ല പുസ്തകങ്ങളെക്കുറിച്ച ആധികാരികമായ അറിവുതന്നെ രുഗ്മിണിക്കുണ്ട്. സാഹിത്യത്തിലും സംസ്‌കാരത്തിലും വരുന്ന മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന രുഗ്മിണി വായനയില്‍ വന്നിട്ടുള്ള മാറ്റങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നുണ്ട്. വായനകുറഞ്ഞിട്ടുണ്ടെന്നു മാത്രമല്ല അഭിരുചികളിലുള്ള മാറ്റവും ശ്രദ്ധിക്കേണ്ടതാണെന്നവര്‍ പറയുന്നു. ഇടക്കാലത്ത,് ജീവിതവിജയം നേടാനുള്ള കുറുക്കുവഴികള്‍ അന്വേഷിക്കുന്ന വായനകള്‍ക്കായിരുന്നു പ്രാധാന്യം. ഇപ്പോള്‍ ജീവിതകഥകള്‍ക്കാണു വായനക്കാര്‍. കള്ളന്റെയും ലൈംഗിക തൊഴിലാളിയുടെയും ആത്മകഥകള്‍ പോലുള്ള കൃതികള്‍ നന്നായി വിറ്റുപോകും. വിജ്ഞാന പുസ്‌കകങ്ങള്‍ക്ക് വായനക്കാര്‍ കൂടുന്നുണ്ട്. സര്‍ഗാത്മക വായന കുറയുകയും പരീക്ഷകള്‍ക്കായുള്ള വായന വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും ഇപ്പോഴും നല്ല പുസ്തകങ്ങള്‍ തേടിവരുന്നവര്‍ കുറവല്ലെന്നും നല്ല വായന ഇല്ലാതാകില്ലെന്നും അവര്‍ പറയുന്നു. ആത്മീയ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരേറുന്നുണ്ട്. ഖുര്‍ആന്‍ വിവരണവും മറ്റു വേദ പുസ്തകങ്ങളും വാങ്ങാന്‍ ആളുവരുന്നുണ്ട്. മുസ്‌ലിം സമുദായത്തില്‍പെട്ടവരാണ് ഇത്തരം ഗ്രന്ഥങ്ങളുടെ ആവശ്യക്കാരില്‍ കൂടുതലും. ഹൈന്ദവ- കൃസ്ത്യന്‍ മതഗ്രന്ഥങ്ങളും തേടിയെത്തുന്നത് കൂടുതല്‍ മുസ്‌ലിംകളാണ്. ഭാവി തലമുറക്കുകൂടി ഉപയോഗപ്പെടുന്ന വിലപിടിപ്പുള്ളതും പ്രീപബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ പ്രസിദ്ധീകരിക്കുന്നതുമായ മഹദ് ഗ്രന്ഥങ്ങള്‍ വാങ്ങുന്നവരും ഇന്ന് കൂടുതലാണ്. രുഗ്മിണിക്ക് രണ്ടു പെണ്‍മക്കളാണ്്. സ്‌നിഗ്ദ്ധ, സ്മിത. അധ്യാപികമാരായ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. ചന്ദ്രശേഖരന്‍ മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു.

ഒരു നാടിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ ഇടപെടലുകള്‍ നടത്താന്‍ പുസ്തകശാലകള്‍ക്കാവും. മലപ്പുറത്തിന്റെ സാംസ്‌കാരിക ഭൂമിയില്‍ ഈ പുസ്തകശാലക്കുള്ള പ്രസക്തിയും അതുതന്നെയാണ്. ഇത് വെറുമൊരു കച്ചവടമായിട്ടല്ല എക്കണോമിക്‌സില്‍ ബിരുദമുള്ള രുഗ്മിണി കാണുന്നത്. ഒരു സാംസ്‌കാരിക പ്രവര്‍ത്തനമായിട്ടു തന്നെയാണ്.


10 comments:

 1. പ്രസ് ക്ലബിന് മുന്നിലുള്ള കടയല്ലേ?

  ReplyDelete
 2. ഇതൊരു വേറിട്ട സാമ്സ്കാരിക പ്രവര്‍ത്തനം തന്നെ.. അന്യം നിന്ന് കൊണ്ടിരിക്കുന്ന ഒരു വായനാ സംസ്കാരത്തെ പിടിച്ചു നിര്‍ത്താന്‍ ഇത് പോലെയുള്ള രുക്മിനിമാര്‍ ഇനിയും ഉണ്ടാവട്ടെ.. ആശംസകളോടെ..

  ReplyDelete
 3. ദിവിടെ ഇങ്ങനെയൊരു കട ഒണ്ടായിരുന്നല്ലോ..
  ഇനി മലപ്പുറം വരുമ്പോള്‍ തീര്‍ച്ചയായും വാച്ചാം..

  ReplyDelete
 4. നന്ദി.രുഗ്മിണിയെ പരിചയപ്പെടുത്തിയത്തിന്

  ReplyDelete
 5. ഇനി മലപ്പുറത്തു വരുമ്പോൾ നേക്കാം....

  ReplyDelete
 6. ഞാന്‍ പുസ്തകങ്ങള്‍ കാശ് കൊടുത്ത് വാങ്ങി വായിച്ചത് വല്ല മ ച വാരികകള്‍ മാത്രമായതിനാല്‍ അതൊന്നും നോക്കാറില്ലായിരുന്നു.
  അതോണ്ട ഈ പരിചയപ്പെടുത്തല്‍ നന്നായി ട്ടോ. ഇനിയിപ്പോ അതിലെ നടക്കുമ്പോ നോക്കാലോ

  ReplyDelete
 7. നല്ല പരിചയപ്പെടുത്തലിന് ആശംസകള്‍

  ReplyDelete
 8. ഈ പരിചയപ്പെടുത്തൽ നന്നായി. അഭിനന്ദനങ്ങൾ.

  ReplyDelete
 9. രുഗ്മിണിയെ പരിചയപ്പെടുത്തിയത്തിന് നന്ദി.
  ഇവിടെ ഇങ്ങിനെ കണ്ടതില്‍ സന്തോഷമായിട്ടോ.
  കുറെയേറെ വായിക്കാനുണ്ടല്ലോ :-) മുഖ്താറിയനിസം കാലത്തെ അതിജീവിക്കട്ടെ എന്നാശംസിച്ചുകൊള്ളുന്നു.

  ReplyDelete