May 7, 2012

ഇംഗ്ലീഷ് എഴുത്തുകാരി. 14 വയസ്സ്.

ഇംഗ്ലീഷ് എഴുത്തിലൂടെ രാജ്യാന്തര പ്രശസ്തിയിലേക്കുയരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഐശ്വര്യ ടി അനീഷിനെക്കുറിച്ച്.

തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് ഐശ്വര്യ. പതിനാലു വയസ്സുള്ള ഈ പെണ്‍കുട്ടി രാജ്യാന്തരപ്രശസ്തിയിലേക്കുയരുകയാണ്. കൊച്ചുപ്രായത്തിനിടക്ക് നാനൂറിലധികം കവിതകളും മൂന്ന്‌നോവലുകളും നൂറിലധികം ലേഖനങ്ങളും എഴുതിയിട്ടുണ്ട് ഇവള്‍. ഒക്കെ ഇംഗ്ലീഷില്‍. ഇന്ത്യക്ക് പുറത്ത് സ്വന്തമായി വായനക്കാരുള്ള ഓണ്‍ലൈന്‍ എഴുത്തുകാരി. മുതിര്‍ന്ന ഇംഗ്ലീഷ് എഴുത്തുകാരോടൊപ്പം വെബിലും ഇംഗ്ലീഷ് മാഗസിനുകളിലും ശ്രദ്ധേയമായ സ്ഥാനം. 
കുട്ടിത്തമായി എഴുതിത്തള്ളാന്‍ പറ്റാത്ത ചിന്തകളും കാഴ്ചകളും കാഴ്ചപ്പാടുകളുമാണ് ഈ കൊച്ചു എഴുത്തുകാരിയുടെ രചനകളില്‍ മുഴുവനും. സാമൂഹിക പ്രശ്‌നങ്ങളെ തന്റേതായ വീക്ഷണകോണിലൂടെ അവള്‍ സമീപിക്കുന്നുണ്ട്. തന്റെ അനുഭവങ്ങളെയും കാഴ്ചകളെയും ലളിത സുന്ദരമായി അവള്‍ കാവ്യവല്‍ക്കരിക്കുന്നു. ശത്കവും സുന്ദരവുമായ രചനകള്‍. പോയം ഹണ്ടര്‍ സൈറ്റില്‍ എഴുതിയ ഏഴില്‍ അഞ്ചു കവിതകളും ടോപ് 500 പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. ഇംഗ്ലീഷിലെ മുതിര്‍ന്ന എഴുത്തുകാരുടെ രചനകളെ പിന്തള്ളിയാണ് ഈ അംഗീകാരം.
അലഹബാദിലെ പ്രമുഖ പുസ്തകപ്രസാധക കമ്പനിയായ സൈബര്‍ വിറ്റാണ് ഐശ്വര്യയുടെ കവിതാ സമാഹാരം പുറത്തിറക്കിയിരിക്കുന്നത്.
ദി ക്രസന്റ്‌സമൈല്‍ എന്ന ഈ സമാഹാരത്തില്‍ 41 കവിതകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്കയിലെ കാസാ ഡെ സ്‌നാപ്ഡ്രഗണ്‍ പബ്ലിഷിംഗ് ഹൗസിലെ ചീഫ് എഡിറ്റര്‍ ജാനറ്റ് കെ ബ്രണ്ണനാണ് സൈബര്‍ വിറ്റ് മേധാവി കരുണേഷിന് ഐശ്വര്യയെ പരിചയപ്പെടുത്തുന്നത്. ഓണ്‍ലൈനില്‍ കവിതകള്‍ വായിച്ചാണ് കരുണേഷ് അവരുടെ പുസ്തകമിറക്കാന്‍ തയ്യാറായത്. പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ചിത്രകാരി കൂടിയായ ഐശ്വര്യ തന്നെ.
ഇംഗ്ലീഷ് എഴുത്തുകാരായ മാര്‍ക്ക് ലാന്റ്‌സ് ബര്‍ക്ക്, ജിമ്മിഷാലോ, ജാനറ്റ് കെ ബ്രണ്ണന്‍, ലൂയിസ് ലെവി എന്നിവര്‍ക്കു പുറമെ സച്ചിദാനന്ദനും ഡോ. എന്‍ വി വിശ്വരാജനും സമാഹാരത്തില്‍ ആമുഖക്കുറിപ്പുകളെഴുതിയിട്ടുണ്ട്. 
ഐശ്വര്യയുടെ രചനകള്‍ വായിച്ച ജര്‍മന്‍ പത്രപ്രവര്‍ത്തക ഹറാച്ചി ബി സ്റ്റെയിന്‍ ഐശ്വര്യയെ കാണാന്‍ അവളുടെ വീട്ടില്‍ വന്നു. ഒരാഴ്ച കൂടെതാമസിച്ചാണ് അവര്‍ മടങ്ങിപ്പോയത്. ഫ്രാന്‍സില്‍ നിന്നുള്ള ഇമ്മാനുവല്‍, തിബൗഡ് എന്നീ ഭാഷാഗവേഷകരും ഐശ്വര്യയെ കാണാനെത്തിയിരുന്നു. ബംഗ്ലാദേശ് എഴുത്തുകാരന്‍ ബാസിം അല്‍ അഊദ ഐശ്വര്യയുടെ കവിതകള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തി.
മെക്‌സിക്കോയിലെ ഒരു പബ്ലിഷിംഗ് കമ്പനി പുസ്തകമിറക്കാന്‍ തയ്യാറായിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ഒരു പബ്ലിഷിംഗ് കമ്പനി പുറത്തിറക്കുന്ന കഥകളുടെ സമാഹാരം അച്ചടിയിലാണ്.
ഹരിപ്പാടിനടുത്ത് ആറാട്ടുപുഴ മംഗലത്ത് മാവനാല്‍പുതുവല്‍ വീട്ടില്‍ അനീഷ് രാജിന്റെയും താരാഭായിയുടെയും മകളാണ് ഐശ്വര്യ. തീരഗ്രാമത്തിന്റെ പച്ചപ്പില്‍ നിന്ന് ഓണ്‍ലൈന്‍ എഴുത്തിന്റെ സാധ്യതകളെ ഗുണപരമായി ഉപയോഗപ്പെടുത്തി ലോക സാഹിത്യത്തിലേക്ക് കടന്നുകയറുകയാണ് ഈ മിടുക്കി. 
നഴ്‌സറിക്ലാസില്‍ പഠിക്കുമ്പോള്‍ നേരം വൈകി വന്ന തിന് പുറത്തുപോകാന്‍ അധ്യാപിക ഇംഗ്ലീഷില്‍ പറഞ്ഞത് മനസ്സിലാവാതെ നിന്ന തന്നെ കുട്ടികള്‍ പരിഹസിച്ച് ചിരിച്ചു. മാനസികമായി തളര്‍ന്ന ഐശ്വര്യ വീട്ടില്‍ വന്ന് കുറെ കരഞ്ഞു. ഇംഗ്ലീഷ് അറിയാത്തതിനാലാണ് താന്‍ പരിഹസിക്കപ്പെട്ടതെന്ന തിരിച്ചറിവ് എങ്ങനെയും ഇംഗ്ലീഷ് പഠിക്കുക എന്ന വാശിയായി വളര്‍ന്നു. കാര്‍ട്ടൂണുകള്‍ കണ്ടും അതിലെ സംസാരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചും അവ അനുകരിച്ചും കൊച്ചു പുസ്തകങ്ങള്‍ വായിച്ചും ഐശ്വര്യ ചെറുപ്രായത്തിലേ ഇംഗ്ലീഷ് ഭാഷയെ കീഴടക്കുകയായിരുന്നു. ഇന്റര്‍നെറ്റ് സൗഹൃദങ്ങളെയും വായനയെയും തന്റെ ഭാഷാശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ അറിവുകളും അനുഭവങ്ങളും ആര്‍ജിക്കുന്നതിനും അവള്‍ ഉപയോഗപ്പെടുത്തി. കുറച്ചു കാലം സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിലും പോയി. ഭാഷയെ വശപ്പെടുത്തിയെടുത്തപ്പോള്‍ എഴുത്ത് അനായാസമായി. വാക്കുകള്‍ക്ക് മുട്ടില്ലാതായി. 
മൂന്നാമത്തെ വയസ്സിലാണ് ആദ്യ കവിത എഴുതുന്നത്. മലയാളത്തിലൊരു പൂമ്പാറ്റക്കവിത. ലോസ്റ്റ്ഇന്‍ വിന്റര്‍ എന്ന ആദ്യ നോവലെഴുതുമ്പോള്‍ ഏഴ് വയസ്സ്.
സാമൂഹിക പ്രശ്‌നങ്ങളെ അധികരിച്ചെഴുതിയ ദ 9.30 ട്രെയിന്‍ ടു ഹെവന്‍, തീവ്രവാദം വിഷയമാക്കി എഴുതിയ ടിന്‍സണ്‍ ഡൗണ്‍ എന്നിവയാണ് മറ്റു നോവലുകള്‍. 
യുനസ്‌കോയും ശാന്തിഗിരി ആശ്രമവും സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ലോര്‍ഡ് മോംഗ്ടണ്‍ യാതെരു മുന്നറിയിപ്പുമില്ലാതെയാണ് ഐശ്വര്യയുടെ കവിതകളെക്കുറിച്ച് സംസാരിച്ചത്. ഐശ്വര്യ അദ്ദേഹവുമായി ഇപ്പോഴും ഓണ്‍ലൈനില്‍ ശാസ്ത്രീയ സംവാദങ്ങള്‍ നടത്താറുണ്ട്. അതേ സെമിനാറില്‍ ഐശ്വര്യയുടെ പ്രഭാഷണം കേട്ട മിഡില്‍ ഈസ്റ്റ് ഗാന്ധിയന്‍ മുബാറക്, തനിക്കു കിട്ടിയ മെമന്റോ അവള്‍ക്ക് സമ്മാനിക്കുകയുണ്ടായി. തനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഐശ്വര്യ ഇതിനെ കാണുന്നു. 
അമേരിക്കന്‍ സുഹൃത്തായ 82കാരന്‍ ലൂയി ലെവിയാണ് ഐശ്വര്യയുടെ എഴുത്തുകളുടെ ആദ്യ വായനക്കാരന്‍. തെറ്റുകള്‍ തിരുത്തി എഴുത്തുകള്‍ സുന്ദരമാക്കാന്‍ അദ്ദേഹം സഹായിക്കുന്നു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഐശ്വര്യ മുന്‍രാഷ്ട്രപതി അബ്ദുല്‍ കലാമിനൊരു കത്തെഴുതി. കൂടെ തന്റെ കവിതകളും വെച്ചു. അദ്ദേഹം മറുപടി അയച്ചു. വിശദമായിത്തന്നെ. എങ്ങനെ എഴുതണം. എന്തെഴുതണം. എന്ത് വായിക്കണം. എന്തൊക്കെ ശ്രദ്ധിക്കണം. ആ കത്ത് അവള്‍ക്ക് ആത്മവിശ്വാസവും  ദിശാബോധവും പകരുന്നതായിരുന്നു. ആ കത്ത് ഐശ്വര്യയെ വല്ലാതെ സ്വാധീനിച്ചു. എഴുത്തിലും നടപ്പിലും. ഒരു ബഹിരാകാശ ഗവേഷക ആയിത്തീരണമെന്ന ആഗ്രഹം പോലും ആ പ്രചോദനത്തില്‍ നിന്നുണ്ടായതാണ്.
വീട്ടില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് നടത്തുന്നുണ്ട് ഐശ്വര്യ. തന്നേക്കാള്‍ പ്രായമുള്ളവരും ഉയര്‍ന്ന ഉദ്യോഗസ്ഥരും അവളുടെ വിദ്യാര്‍ഥികളാണ്. ഇംഗ്ലീഷിനു പുറമെ ഹിന്ദിയും സ്പാനിഷും  ഫ്രഞ്ചും ഇറ്റാലിയനും ജര്‍മനും റഷ്യനും തമിഴും അറിയാം. കൂടുതല്‍ പഠനത്തിന് ഓണ്‍ലൈന്‍ സൗഹൃദത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 
 ലയണ്‍സ് എക്‌സലന്‍സ് അവാര്‍ഡിനു പുറമെ പ്രായം കുറഞ്ഞ എഴുത്തുകാര്‍ക്കുള്ള അന്തര്‍ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ഐശ്വര്യയെത്തേടി വന്നിട്ടുണ്ട്. അമേരിക്കന്‍ കോണ്‍സിലേറ്റ് ചെന്നൈയില്‍ നടത്തിയ ബ്രേവ് ന്യൂ വോയ്‌സ് ഓഫ് ചെന്നൈ 2010 മല്‍സരത്തില്‍ ഒന്നാം സ്ഥാനവും ഐശ്വര്യക്കായിരുന്നു.  അമേരിക്കയില്‍ പ്രസിദ്ധീകരിക്കുന്ന ആഴ്ചവട്ടത്തില്‍ കോളമിസ്റ്റാണ് ഈ എഴുത്തുകാരി.
www.poemhunter.com, www.triond.com/users/Aiswarya+T+Anish എന്നീ വെബ്‌സൈറ്റുകളിലാണ് ഐശ്വര്യ എഴുതിക്കൊണ്ടിരിക്കുന്നത്.  www.JBStillwater.com  എന്ന സൈറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗസ്റ്റ് എഴുത്തുകാരിയാണ് ഐശ്വര്യ. 
ഐശ്വര്യയുടെ ഫോണ്‍: 9526694624. ഇ മെയില്‍: aiswarya.t.anish@hotmail.com 
.
വര്‍ത്തമാനം ആഴ്ചപ്പതിപ്പ് ( ഏപ്രില്‍ 29)

8 comments:

 1. ഇങ്ങനെ ഒരു പ്രതിഭയെ പരിചയപ്പെടുത്തിയതിനു നന്ദി നോക്കട്ടെ അവരുടെ എഴുത്തുകള്‍....

  ReplyDelete
 2. പ്രതിഭാശാലിയായ കുട്ടി കവിയെ പരിചയ പ്പെടുത്തിയതിന് നന്ദി ആശംസകള്‍ നേരുന്നു ഈ കുട്ടികവിക്കും പ്രാര്‍ത്ഥനയോടെ ഒരു കുഞ്ഞു മയില്‍പീലി

  ReplyDelete
 3. നന്നായിട്ടുണ്ട്. ഇത് മറ്റാര്‍ക്കും തോന്നാത്ത ഒരു കാര്യമാണ്. അവലോകനം ഗംഭീരമായിരിക്കുന്നു. എഴുത്തിന്‍റെ ലോകത്ത് പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 4. നഴ്‌സറിക്ലാസില്‍ പഠിക്കുമ്പോള്‍ നേരം വൈകി വന്ന തിന് പുറത്തുപോകാന്‍ അധ്യാപിക ഇംഗ്ലീഷില്‍ പറഞ്ഞത് മനസ്സിലാവാതെ നിന്ന തന്നെ കുട്ടികള്‍ പരിഹസിച്ച് ചിരിച്ചു. മാനസികമായി തളര്‍ന്ന ഐശ്വര്യ വീട്ടില്‍ വന്ന് കുറെ കരഞ്ഞു. ഇംഗ്ലീഷ് അറിയാത്തതിനാലാണ് താന്‍ പരിഹസിക്കപ്പെട്ടതെന്ന തിരിച്ചറിവ് എങ്ങനെയും ഇംഗ്ലീഷ് പഠിക്കുക എന്ന വാശിയായി വളര്‍ന്നു. കാര്‍ട്ടൂണുകള്‍ കണ്ടും അതിലെ സംസാരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചും അവ അനുകരിച്ചും കൊച്ചു പുസ്തകങ്ങള്‍ വായിച്ചും ഐശ്വര്യ ചെറുപ്രായത്തിലേ ഇംഗ്ലീഷ് ഭാഷയെ കീഴടക്കുകയായിരുന്നു.---ഗംഭീരം.പരിച്ചയപെടുത്തലിനു നന്ദി.

  ReplyDelete
 5. വളരെ നന്നായി പരിചയപെടുത്തി. നന്ദി.

  ReplyDelete